മൂന്നാം ഘട്ടം – ക്യാമ്പയിൻ 10 – സൂറത്തു-ന്നൂര്‍ – ആയത്ത് 30 മുതൽ 40 വരെ

24:30

  • قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَـٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرٌۢ بِمَا يَصْنَعُونَ ﴾٣٠﴿
  • (നബിയേ!) സത്യവിശ്വാസികളോട്: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അത് അവര്‍ക്ക് വളരെ വെടിപ്പായിട്ടുള്ളതാകുന്നു. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്.
  • قُل പറയുക لِّلْمُؤْمِنِينَ സത്യവിശ്വാസികളോടു يَغُضُّوا അവര്‍ താഴ്ത്തുവാന്‍, അവര്‍ താഴ്ത്തട്ടെ مِنْ أَبْصَارِهِمْ അവരുടെ ദൃഷ്ടികളെ, ദൃഷ്ടിയില്‍ നിന്നു وَيَحْفَظُوا അവര്‍ സൂക്ഷിക്കുകയും, കാത്തുകൊള്ളുകയും فُرُوجَهُمْ അവരുടെ ഗുഹ്യസ്ഥാനങ്ങളെ ذَٰلِكَ അതു أَزْكَىٰ വളരെ വെടിപ്പായതാണ്, പരിശുദ്ധമായതാണ് لَهُمْ അവര്‍ക്കു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ് بِمَا يَصْنَعُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

24:31

  • وَقُل لِّلْمُؤْمِنَـٰتِ يَغْضُضْنَ مِنْ أَبْصَـٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَـٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴾٣١﴿
  • സത്യവിശ്വാസികളായ സ്ത്രീകളോടും: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി – അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ – വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ. അവര്‍ തങ്ങളുടെ ഭംഗി (താഴെ പറയുന്നവര്‍ക്കല്ലാതെ) വെളിപ്പെടുത്തുകയും ചെയ്യരുത്; അവരുടെ ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ. തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്. നിങ്ങളെല്ലാവരും – ഹേ, സത്യവിശ്വാസികളേ – അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.
  • وَقُل لِّلْمُؤْمِنَاتِ സത്യവിശ്വാസികളായ സ്ത്രീകളോടും പറയുക يَغْضُضْنَ അവര്‍ താഴ്ത്തുവാന്‍, താഴ്ത്തട്ടെ مِنْ أَبْصَارِهِنَّ അവരുടെ ദൃഷ്ടികളെ وَيَحْفَظْنَ അവര്‍ സൂക്ഷിക്കുകയും فُرُوجَهُنَّ അവരുടെ ഗുഹ്യസ്ഥാനങ്ങളെ وَلَا يُبْدِينَ അവര്‍ വെളിപ്പെടുത്താതിരിക്കുവാനും, വെളിപ്പെടുത്തുകയും ചെയ്യരുതു زِينَتَهُنَّ അവരുടെ ഭംഗിയെ, അലങ്കാരത്തെ, സൗന്ദര്യത്തെ إِلَّا مَا ظَهَرَ പ്രത്യക്ഷമാകുന്നതല്ലാതെ, വെളിവാകുന്നതല്ലാതെ مِنْهَا അതില്‍നിന്നു وَلْيَضْرِبْنَ അവര്‍ ആക്കുകയും ചെയ്യട്ടെ بِخُمُرِهِنَّ അവരുടെ മക്കനകളെ, ശിരോവസ്ത്രങ്ങളെ عَلَىٰ جُيُوبِهِنَّ അവരുടെ മാര്‍വ്വിടങ്ങളില്‍ കൂടി وَلَا يُبْدِينَ അവര്‍ വെളിവാക്കരുത് زِينَتَهُنَّ അവരുടെ ഭംഗി إِلَّا لِبُعُولَتِهِنَّ അവരുടെ ഭര്‍ത്താക്കള്‍ക്കല്ലാതെ أَوْ آبَائِهِنَّ അല്ലെങ്കില്‍ പിതാക്കള്‍ക്കു أَوْ آبَاءِ بُعُولَتِهِنَّ അല്ലെങ്കില്‍ അവരുടെ ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കു أَوْ أَبْنَائِهِنَّ അല്ലെങ്കില്‍ അവരുടെ പുത്രന്‍മാര്‍ക്കു أَوْ أَبْنَاءِ بُعُولَتِهِنَّ അല്ലെങ്കില്‍ ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കു أَوْ إِخْوَانِهِنَّ അല്ലെങ്കില്‍ സഹോദരന്‍മാര്‍ക്കു أَوْ بَنِي إِخْوَانِهِنَّ അല്ലെങ്കില്‍ സഹോദര പുത്രന്‍മാര്‍ക്കു أَوْ بَنِي أَخَوَاتِهِنَّ അല്ലെങ്കില്‍ സഹോദരികളുടെ പുത്രന്‍മാര്‍ക്കു أَوْ نِسَائِهِنَّ അല്ലെങ്കില്‍ അവരുടെ സ്ത്രീകള്‍ക്കു أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കു أَيْمَانُهُنَّ അവരുടെ വലങ്കൈകള്‍ أَوِ التَّابِعِينَ അല്ലെങ്കില്‍ അനുചരന്‍മാര്‍ക്കു, പിന്‍പറ്റി നടക്കുന്നവര്‍ക്കു (ഭൃത്യന്‍മാര്‍ക്കു) غَيْرِ أُولِي الْإِرْبَةِ മോഹമുള്ളവരല്ലാത്ത, ആവശ്യമുള്ളവരല്ലാത്ത مِنَ الرِّجَالِ പുരുഷന്‍മാരില്‍നിന്നു أَوِ الطِّفْلِ അല്ലെങ്കില്‍ കുട്ടികള്‍ക്കു الَّذِينَ لَمْ يَظْهَرُوا മനസ്സിലായിട്ടില്ലാത്തവരായ, തെളിവായിട്ടില്ലാത്ത عَلَىٰ عَوْرَاتِ രഹസ്യങ്ങളെപ്പറ്റി, ഗുഹ്യസ്ഥാനങ്ങളെപ്പറ്റി النِّسَاءِ സ്ത്രീകളുടെ وَلَا يَضْرِبْنَ അവര്‍ അടിക്കയും ചെയ്യരുതു, കൊട്ടരുതു بِأَرْجُلِهِنَّ അവരുടെ കാലുകളെ لِيُعْلَمَ അറിയപ്പെടുവാന്‍വേണ്ടി مَا يُخْفِينَ അവര്‍ മറച്ചുവെക്കുന്നതു مِن زِينَتِهِنَّ അവരുടെ അലങ്കാരത്തില്‍നിന്നു وَتُوبُوا നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, ഖേദിച്ചുമടങ്ങുവിന്‍ إِلَى اللَّـهِ അല്ലാഹുവിങ്കലേക്ക്‌ جَمِيعًا എല്ലാവരും أَيُّهَ الْمُؤْمِنُونَ ഹേ സത്യവിശ്വാസികളേ لَعَلَّكُمْ تُفْلِحُونَ നിങ്ങള്‍ക്കു വിജയം ലഭിച്ചേക്കാം, നിങ്ങള്‍ വിജയിക്കുവാന്‍വേണ്ടി

അനാവശ്യത്തിലേക്കും, അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക; പ്രഥമനോട്ടത്തില്‍ തനിക്ക് കാണുവാന്‍ പാടില്ലാത്ത ആളോ, വസ്തുവോ ആണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നീട് തുടര്‍ന്നുകൊണ്ട് നോക്കാതിരിക്കുക എന്നൊക്കെയാണ്, ദൃഷ്ടിതാഴ്ത്തുക (غض البصر) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം. അബ്ദുല്ലാഹില്‍ ബജലീ (رضي الله عنه) പറയുന്നു: ‘പെട്ടെന്നുള്ള (അവിചാരിതമായ നോട്ടത്തെപ്പറ്റി ഞാന്‍ നബി (صلّى الله عليه وسلّم) യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.’ (മുസ്‌ലിം). അലി (رضي الله عنه) യോട് നബി (صلّى الله عليه وسلّم) ഇപ്രകാരം പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്നു: ‘അലീ! നോക്കിയതിനെത്തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം: ആദ്യത്തേത് നിനക്ക് ആവാം. പിന്നത്തേതു നിനക്ക് പാടില്ല.’ (يَا عَلِيُّ لا تُتْبِعْ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ – ابوداود)

നോട്ടത്തെ നിയന്ത്രിക്കുവാന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുവാനുംകൂടി കല്‍പിച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു. നോട്ടത്തില്‍നിന്നാണ് വ്യഭിചാരത്തിന് പ്രചോദനമുണ്ടായിത്തീരുന്നതെന്നും, വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന ഏത് കാര്യവും കാത്തുകൊള്ളേണ്ടതുണ്ടെന്നും അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നബി (صلّى الله عليه وسلّم) അരുളിച്ചെയ്തതായി അബൂഹുറൈറ (رضي الله عنه) ഇപ്രകാരം ഉദ്ധരിക്കുന്നു: ‘… കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കിത്തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു; (رواه مسلم والبخاري نحوه). വികാരവിചാരങ്ങളോടുകൂടി സംസാരിക്കുന്നതും, സംസാരം കേള്‍ക്കുന്നതുമെല്ലാംതന്നെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഹദീസില്‍ നിന്നു വ്യക്തമാണ്. ദൃഷ്ടിയെ നിയന്ത്രിക്കണമെന്ന് പുരുഷന്‍മാരോടും സ്ത്രീകളോടും വെവ്വേറെ കല്‍പിച്ചതും പ്രത്യേകം ശ്രദ്ധേയമാകുന്നു. ഏതൊരു കാരണത്തെ മുന്‍നിറുത്തിയാണോ നോട്ടം നിയന്ത്രിക്കപ്പെട്ടിട്ടുള്ളതെങ്കില്‍, അക്കാര്യത്തില്‍ സ്ത്രീയും പുരുഷനും വ്യത്യാസമില്ലല്ലോ.

അബ്ദുല്ലാഹിബ്നു ഉമ്മിമക്ക്തൂം (رضي الله عنه) അന്ധനായ ഒരു സഹാബിയായിരുന്നു. അദ്ദേഹം കടന്നുവരുമ്പോള്‍, നബി (صلّى الله عليه وسلّم) തിരുമേനിയുടെ പത്നിമാരായ ഉമ്മുസല്‍മ (رضي الله عنها)യോടും, മൈമൂനാ (رضي الله عنها)യോടും മാറി നില്‍ക്കുവാന്‍ തിരുമേനി (صلّى الله عليه وسلّم) കല്‍പിക്കുകയുണ്ടായി. ‘അദ്ദേഹം അന്ധനല്ലേ, ഞങ്ങളെ കാണുകയില്ലല്ലോ!’ എന്ന് അവര്‍ പറഞ്ഞപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) ഇപ്രകാരമാണ് അവരോട് പറഞ്ഞത്: ‘എന്നാല്‍ നിങ്ങള്‍ രണ്ടുപേരും അന്ധകളാണോ? നിങ്ങള്‍ അദ്ദേഹത്തെ കാണുകയില്ലേ!’ (അബൂദാവൂദ്; തിര്‍മദീ). നോട്ടം മുതലായ കാര്യങ്ങള്‍ പുരുഷന്‍മാരുടെ ഭാഗത്തുനിന്നു മാത്രം വിരോധിക്കപ്പെട്ടതായും, സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പുരുഷന്‍മാരെ നോക്കുന്നതിനും മറ്റും വിരോധമില്ലെന്നും ഒരു ധാരണ മിക്കവരിലും കടന്നുകൂടിയതായി കാണാം. ഇത് തീരെ അബദ്ധമാണെന്നും, ലൈംഗിക നിയന്ത്രണാര്‍ത്ഥം നിയമിക്കപ്പെട്ട ഇത്തരം കാര്യങ്ങളില്‍ സ്ത്രീയും പുരുഷനും സമമാണെന്നും ഈ ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബിവചനങ്ങളില്‍നിന്നും സ്പഷ്ടമാകുന്നു.

وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا (അവരുടെ ഭംഗിയില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ വെളിവാക്കരുത്) എന്ന് പറഞ്ഞുവല്ലോ. زِينَة (സീനത്ത്) എന്ന പദത്തിനാണ് ‘ഭംഗി’ എന്ന് അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്. ഈ പദത്തിന് ‘സൗന്ദര്യം, അലങ്കാരം, ഭംഗി, അഴക്’ എന്നൊക്കെ അര്‍ത്ഥം പറയാം. ശാരീരികമായ ഭംഗി മാത്രമല്ല, ആഭരണം, സുറുമ, ചായം, മുതലായ ഉപകരണങ്ങള്‍ മൂലമോ വസ്ത്രാലങ്കാരങ്ങള്‍കൊണ്ടോ ഉണ്ടാകുന്ന ഭംഗിയും ഇതില്‍ ഉള്‍പ്പെടുമെന്നത്രെ ആയത്തിന്റെ നാനാവശങ്ങളും നോക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്. കുപ്പായത്തിന്റെ മാര്‍വ്വിടത്തില്‍കൂടി പ്രത്യക്ഷപ്പെടുന്ന ഭാഗവും, കഴുത്തു, തോള്‍, മുടി എന്നിവയും കാണപ്പെടാതിരിക്കുവാനായി മാര്‍വ്വിടത്തില്‍കൂടി തല മക്കന തൂക്കിയിടണം (وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ) എന്ന് പറയുമ്പോള്‍ ശരീരത്തിന്റെ ഭാഗങ്ങള്‍ ‘സീനത്തി’ല്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാകുന്നു. കാലില്‍ ധരിക്കുന്ന തള മുതലായ ആഭരണങ്ങളുടെ കിലുക്കം കേള്‍ക്കുവാന്‍ വേണ്ടി കാല്‍കൊട്ടരുത് (…وَلَا يَضْرِبْنَ بِأَرْجُلِهِنَّ) എന്ന് പറയുമ്പോള്‍, ആഭരണത്തിലും ‘സീനത്തു’ണ്ടെന്ന് വന്നു. നമസ്കാരവേളയില്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനും മറ്റും ഉപദേശിച്ചുകൊണ്ട് ‘എല്ലാ നമസ്കാരവേളയിലും നിങ്ങള്‍ നിങ്ങളുടെ ‘സീനത്തു’ എടുത്തുകൊള്ളണം’ (خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ) എന്നാണ് ഒരിടത്ത് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇതില്‍നിന്നെല്ലാം ഈ സംഗതി ശരിക്കും മനസ്സിലാക്കാമല്ലോ.

‘ഭംഗിയില്‍ നിന്നു പ്രത്യക്ഷമാകുന്ന ഭാഗം’ (مَا ظَهَرَ مِنْهَا) വെളിവാക്കുന്നതിനു വിരോധമില്ലെന്നു ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഏതാണ് ഈ ഭാഗം? പലരും പല വിധത്തില്‍ ഇത് വ്യാഖ്യാനിക്കാറുണ്ടെങ്കിലും – ആയത്തില്‍നിന്നു പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും, പ്രസ്തുത വ്യാഖ്യാനങ്ങളുടെ ആകെ സാരവും മുമ്പില്‍വെച്ചു നോക്കുമ്പോള്‍ – സാധാരണ നിലക്ക് മറക്കുവാന്‍ പ്രയാസപ്പെട്ട ഭാഗങ്ങളാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്നു കാണാം. നടക്കുമ്പോഴും, ജോലികള്‍ എടുക്കുമ്പോഴുമെല്ലാം മുന്‍കൈകളും, മുഖവും മറക്കുന്നത് വിഷമമാണെന്ന് പറയേണ്ടതില്ല. ഇത് കൊണ്ടാണ് മിക്ക പണ്ഡിതന്‍മാരും ഇവിടെ കൈപടങ്ങളും മുഖവും ഒഴികെ’ എന്ന് വ്യഖ്യാനം നല്‍കുന്നത്. സ്ത്രീക്ക് പ്രായപൂര്‍ത്തി വന്നാല്‍ പിന്നെ അവളുടെ മുന്‍കൈകളും മുഖവുമല്ലാതെ വെളിപ്പെടുത്തുന്നത് നന്നല്ലെന്നു കാണിക്കുന്ന ഒരു നബിവചനം അബൂദാവൂദ് (رحمه الله) നിവേദനം ചെയ്തിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാകുന്നു: സഹാബികളും താബിഇകളുമായ പല മഹാന്‍മാരില്‍നിന്നും മേപ്പടി വ്യാഖ്യാനം നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഏതായാലും, മറക്കുവാന്‍ വിഷമമില്ലാത്ത തള, വള, അരഞ്ഞാണ്‍, കണ്ഠാഭരണങ്ങള്‍ മുതലായവ അന്യപുരുഷന്‍മാര്‍ക്കിടയില്‍ വെളിപ്പെടുത്തുന്നതും സൗന്ദര്യത്തെ ദ്വിഗുണീകരിച്ചു കാണിക്കുകയോ, ശരീരാകൃതിയെ ചിത്രീകരിച്ച് കാണിക്കുകയോ ചെയ്യുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് പുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നതും പാടില്ലാത്തതാകുന്നു. ശരീരം കണ്ടാല്‍ ഒരുപക്ഷേ അറപ്പ് തോന്നിപ്പോയേക്കുന്ന സ്ത്രീകള്‍, വസ്ത്രാഭരണങ്ങള്‍ മൂലം കാമ്യമായ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന വസ്തുത ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ് – 60-ാം വചനത്തില്‍ വരുന്നതുപോലെ – കിഴവികളായ സ്ത്രീകള്‍പോലും അവരുടെ ഭംഗികളെ വെളിപ്പെടുത്താതെ മറക്കുകയാണ് നല്ലതെന്ന് അല്ലാഹു പ്രത്യേകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. മേല്‍പറഞ്ഞ എല്ലാത്തരം ഭംഗികളെയും മറക്കുവാന്‍ വേണ്ടിയാണ്, സ്ത്രീകള്‍ അന്യര്‍ക്കിടയില്‍ പ്രവേശിക്കുമ്പോള്‍ ‘ജില്‍ ബാബ്’ (ശരീരം പൊതുവില്‍ മറക്കുന്ന വലിയ വസ്ത്രം) ധരിക്കണമെന്നും കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിനെപ്പറ്റി സൂ: അഹ്സാബ് 59-ല്‍ കൂടുതല്‍ വിവരം കാണാം. إن شاء الله

ഏതെങ്കിലും ന്യായത്തെയോ വ്യാഖ്യാനത്തെയോ അടിസ്ഥാനമാക്കി പര്‍ദ്ദാ നിയമത്തില്‍നിന്ന് കഴിയുന്നതും ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നതിനു പകരം ഖുര്‍ആന്റെയും ഹദീസിന്റെയും വ്യക്തമായ താല്‍പര്യങ്ങളെ കഴിവതും നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. ഖുര്‍ആന്‍ വചനം അവതരിച്ച വര്‍ത്തമാനം അറിയേണ്ടുന്ന താമസം മാത്രം – അപ്പോഴേക്കും മുഹാജിറുകളായ സ്ത്രീകള്‍ അവരുടെ വസ്ത്രങ്ങള്‍ എടുത്ത് കീറലുണ്ടാക്കി മുഖമക്കനയായി ഉപയോഗിച്ചിരുന്നുവെന്ന് ആയിശാ (رضي الله عنها) അവരെപ്പറ്റി പ്രശംസിച്ചു പറയുകയുണ്ടായിട്ടുണ്ട്. (رواه البخاري وغيره). നേരെമറിച്ച് ഇന്ന് നമ്മുടെ നിലയോ? മുഖമക്ക്ന ധരിക്കുന്നതുതന്നെ പലര്‍ക്കും ഒരു പോരായ്മയായിത്തീര്‍ന്നിരിക്കുകയാണ്. വേറൊരു വശത്ത് അവരെക്കൊണ്ട് അത് വര്‍ജ്ജിപ്പിക്കുവാനുമുള്ള ന്യായവാദങ്ങളും സംരംഭങ്ങളും നടമാടിക്കൊണ്ടിരിക്കയും ചെയ്യുന്നു.!

സ്ത്രീകളുടെ ഭംഗി കാണിക്കപ്പെടുന്നതിനു വിരോധമില്ലാത്തവരുടെ കൂട്ടത്തില്‍ ഒന്നാമത്തേത് ഭര്‍ത്താക്കള്‍ തന്നെ. വാസ്തവത്തില്‍ സ്ത്രീകളുടെ എല്ലാത്തരം ഭംഗിയും ഭര്‍ത്താക്കള്‍ക്കുകാണുവാന്‍ വേണ്ടിയുള്ളതാണ്. എന്നിരിക്കെ, ഭാര്യഭാര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം ഇവിടെ പ്രത്യേക നിബന്ധനകളൊന്നും പറയേണ്ടതായിട്ടില്ല. ഇമാം അഹ്മദ് (رحمه الله) മുതലായ പല മഹാന്‍മാരും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. احْفَظْ عَوْرَتَكَ إِلا مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِينُكَ (നിന്റെ ഭാര്യയോ നിന്റെ അടിമസ്ത്രീയോ അല്ലാത്തവരില്‍നിന്ന് നിന്റെ ഔറത്തു – ഗോപ്യസ്ഥാനം – സൂക്ഷിച്ചു കൊള്ളുക). പിതാക്കള്‍ തുടങ്ങി സഹോദരി പുത്രന്‍മാര്‍വരേക്കും ആയത്തില്‍ പ്രസ്താവിക്കപ്പെട്ടവരെല്ലാം محارم (വിവാഹബന്ധം പാടില്ലാത്ത ബന്ധുകുടുംബങ്ങള്‍) എന്ന പേരില്‍ അറിയപ്പെടുന്നവരാകുന്നു. ഇവരാകട്ടെ, അല്‍പം ചില നിബന്ധനകള്‍ക്ക് വിധേയരാകുന്നു. മുട്ടുകാല്‍ മുതല്‍ പൊക്കിള്‍ വരെയുള്ള ഭാഗങ്ങള്‍ ഇവരില്‍നിന്നും മറക്കേണ്ടതുണ്ട്. ഇതില്‍ അഭിപ്രായവ്യത്യാസമില്ലാത്തതാകുന്നു. സ്വഭാവദൂഷ്യം കൊണ്ടോ മറ്റോ ഇവരില്‍ ഏതെങ്കിലും ആളുകളെക്കുറിച്ചു വല്ല ആശങ്കക്കും അവകാശമുണ്ടെങ്കിലല്ലാതെ, ഇവരില്‍നിന്ന് സ്ത്രീകള്‍ അകന്നുനില്‍ക്കുകയോ, സൗന്ദര്യാലങ്കാരങ്ങള്‍ മറച്ചുവെക്കുകയോ ചെയ്യേണ്ടതില്ല. പിതൃവ്യനും (എളാപ്പയും മൂത്താപ്പയും), അമ്മാമനും ആയത്തില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല. എങ്കിലും, അവര്‍ പര്‍ദ്ദയില്‍നിന്നു ഒഴിവാക്കപ്പെട്ടവരാണെന്ന് ഹദീസുകളാല്‍ അറിയപ്പെട്ടതാകുന്നു. മാതാപിതാക്കളുടെ സ്ഥാനം കല്‍പിക്കപ്പെടുന്നവരാണല്ലോ അവര്‍. സഹോദരസഹോദരിമാരുടെ മക്കളെ പര്‍ദ്ദയില്‍നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് ഈ രണ്ട് കൂട്ടരെപ്പറ്റി എടുത്തു പറയാതെതന്നെ കാര്യം മനസ്സിലാക്കാവുന്നതാണ്.

ഒഴിവാക്കപ്പെട്ടവരില്‍ ‘തങ്ങളുടെ സ്ത്രീകള്‍’ (نِسَائِهِنَّ) എന്ന് പറഞ്ഞത് മുസ്ലിം സ്ത്രീകളെ ഉദ്ദേശിച്ചാണെന്നാണ് (*) മുന്‍ഗാമികളായ പണ്ഡിതന്‍മാരില്‍ ഭൂരിഭാഗവും പ്രസ്താവിച്ചിട്ടുള്ളത്. മറ്റു പല പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്‌ എല്ലാ സ്ത്രീകളും – മുസ്‌ലിം സ്ത്രീകളും അല്ലാത്തവരും – അതില്‍ ഉള്‍പ്പെടുമെന്നാണ്. الله أعلم .കൂടുതല്‍ സൂക്ഷ്മത ഒന്നാമത്തെ അഭിപ്രായം പാലിക്കുന്നതിലാണെന്ന് പറയേണ്ടതില്ല. ഇതനുസരിച്ച് വിമതസ്ഥരായ സ്ത്രീകളില്‍നിന്ന് മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ ഭംഗിയെ മറച്ചുവെക്കേണ്ടതാകുന്നു. സ്ത്രീകളുമായി അടുത്ത് പെരുമാറി അവരുടെ സ്ഥിതിഗതികളെയും സൗന്ദര്യത്തെയും കുറിച്ചു അന്യപുരുഷന്‍മാരെ അറിയിക്കുവാനും മറ്റും ഇടവന്നേക്കുമെന്നതാണ്, വിമതസ്ഥരായ സ്ത്രീകളെ സംബന്ധിച്ച് പര്‍ദ്ദ ബാധകമാണെന്ന് പറയുന്നതിന്റെ രഹസ്യം. ഈ ന്യായം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചും പറയാമെങ്കിലും, സത്യവിശ്വാസിനികളായ സ്ത്രീകള്‍ക്കു ഇത്തരം കൃത്യങ്ങള്‍ വിരോധിക്കപ്പെട്ടതാണെന്ന ബോധം ഉണ്ടായിരിക്കുമല്ലോ. പ്രസ്തുത ബോധമില്ലാത്തവരാണെന്ന് കാണപ്പെടുന്ന മുസ്‌ലിം സ്ത്രീകളെയും സൂക്ഷിക്കേണ്ടതുണ്ടുതാനും.


(*). ‘തങ്ങളുടെ’ എന്ന സര്‍വ്വനാമം പ്രതിനിധീകരിക്കുന്നത് ‘സത്യവിശ്വാസിനികളായ സ്ത്രീകളെ’ ആണെന്നത് പ്രസ്താവ്യമാണ്. (يغنى ان مرجع الضمير في نسائهن الى المؤمنات ___)


നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:-
لا تُبَاشِرُ الْمَرْأَةُ الْمَرْأَةَ فَتَنْعَتَهَا لِزَوْجِهَا كَأَنَّهُ يَنْظُرُ إِلَيْهَا – متفق عليه

(സാരം: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി അടുത്തിടപെട്ട് അവള്‍ തന്റെ ഭര്‍ത്താവിന് അവളെപ്പറ്റി- അവന്‍ അവളെ നോക്കി മനസ്സിലാക്കുന്നതുപോലെ – വിവരിച്ചുകൊടുക്കരുത്. (ബു; മു). ഉമര്‍ (رضي الله عنه) അബൂഉബൈദഃ (رضي الله عنه)ക്ക് എഴുതിയ ഒരെഴുത്തില്‍ ഇപ്രകാരം ഉണ്ടായിരുന്നതായി നിവേദനം ചെയ്യപ്പെടുന്നു: ‘നിങ്ങളുടെ ആ ഭാഗത്ത് ശിര്‍ക്കിന്റെ ആള്‍ക്കാരില്‍പ്പെട്ട സ്ത്രീകള്‍ മുസ്‌ലിം സ്ത്രീകളൊന്നിച്ചു കുളിപ്പുരകളില്‍ പ്രവേശിക്കുന്നതായി എനിക്ക് വിവരം കിട്ടിയിരിക്കുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീ അവളുടെ ഔറത്ത് (മറക്കേണ്ടുന്ന സ്ഥാനം) അവളുടെ മതക്കാര്‍ക്കല്ലാതെ കാണുവാന്‍ അനുവദിച്ചുകൂടാത്തതാണ്.’ (حكاه ابن كثير عن سعيد بن منصور في سننه). താബീഈങ്ങളില്‍പ്പെട്ട മുജാഹിദ് (رحمه الله) മുതലായവരില്‍നിന്നും, അമുസ്‌ലിം സ്ത്രീകള്‍ക്ക് മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യം കാണിച്ചുകൂടാത്തതാണെന്ന് കാണിക്കുന്ന രിവായത്തുകള്‍ കാണാം.

مَا مَلَكَتْ أَيْمَانُهُنَّ (വലങ്കൈ ഉടമപ്പെടുത്തിയവര്‍) എന്ന് പറഞ്ഞത് അടിമകളെപ്പറ്റിയാകുന്നു. ഈ പ്രയോഗത്തെക്കുറിച്ചു സൂ: മുഅ്മിനൂന്‍ 6-ന്റെ വിവരണത്തിലും, അതിനുശേഷമുള്ള 2-ാം വ്യാഖ്യാനക്കുറിപ്പിലും പ്രസ്താവിച്ചത് ഇവിടെ ഓര്‍ക്കുക. വാര്‍ദ്ധക്യം നിമിത്തമോ, ശാരീരികമോ, മാനസികമോ ആയ കാരണങ്ങള്‍ കൊണ്ടോ വികാരവിചാരങ്ങളില്ലാത്തവരും, എന്തെങ്കിലും ഭക്ഷണസാധനമോ മറ്റോ കിട്ടിയതുകൊണ്ട് തൃപ്തിയടയുന്ന ഭൃത്യന്‍മാര്‍ മുതലായവരുമാണ് التَّابِعِينَ غَيْرِ أُولِي الْإِرْبَةِ (ലൈംഗിക മോഹമില്ലാത്ത അനുചരന്‍മാര്‍) എന്ന് പറഞ്ഞതിന്റെ താല്‍പര്യം. ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള ബോധവും താല്‍പര്യവും എത്തിക്കഴിഞ്ഞിട്ടില്ലാത്ത കുട്ടികളാണ് അവസാനമായി ഒഴിവാക്കപ്പെട്ടിട്ടുള്ളവര്‍. ഇവരെല്ലാം ഒഴിവാക്കപ്പെട്ടവരില്‍ അന്തര്‍ഭവിച്ച തത്വം സ്പഷ്ടമാണല്ലോ.

അവിചാരിതമായോ സൂക്ഷ്മക്കുറവുകൊണ്ടോ ഇരുഭാഗത്തുനിന്നും ഉണ്ടായേക്കുന്ന, ക്രമക്കേടുകളോ പൊതുവായും, കല്‍പിച്ചുകൂട്ടി ചെയ്യുന്ന തെറ്റുകളെ പ്രത്യേകിച്ചും സൂക്ഷിക്കണമെന്നു ആദ്യത്തെ ആയത്തിന്റെ അവസാനത്തില്‍ ഓര്‍മ്മപ്പെടുത്തി. രണ്ടാമത്തെ ആയത്തിന്റെ അന്ത്യത്തില്‍, അവയില്‍നിന്നെല്ലാം ഖേദിച്ചു മടങ്ങുവാനും, പാപമോചനം തേടുവാനും – ‘സത്യവിശ്വാസികളേ’ എന്ന് സംബോധനചെയ്തുകൊണ്ട് – ഉപദേശിക്കുന്നു. ഇങ്ങിനെ ചെയ്‌താല്‍ വിജയം കൈവരുമെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ കാരുണ്യം എത്ര മഹത്തായത്‌! ചാരിത്രശുദ്ധിക്ക് ഭംഗം വരുത്തുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചശേഷം, ചാരിത്ര്യസംരക്ഷണത്തിനും, സമുദായത്തിന്റെ നിലനില്‍പിനും ഏകമാര്‍ഗ്ഗമായ വിവാഹത്തിലേക്ക് അടുത്ത വചനം സത്യവിശ്വാസികളെ ക്ഷണിക്കുന്നു;-

24:32

  • وَأَنكِحُوا۟ ٱلْأَيَـٰمَىٰ مِنكُمْ وَٱلصَّـٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ إِن يَكُونُوا۟ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ ﴾٣٢﴿
  • നിങ്ങളില്‍നിന്നുള്ള അവിവാഹിതര്‍ക്കും, നിങ്ങളുടെ അടിമകളില്‍നിന്നും അടിമ സ്ത്രീകളില്‍നിന്നുമുള്ള നല്ല ആളുകള്‍ക്കും നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുവിന്‍. അവര്‍ ദരിദ്രന്‍മാരായിരിക്കുന്ന പക്ഷം, അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു ധന്യത നല്‍കുന്നതാകുന്നു. അല്ലാഹു, വിശാലനും സര്‍വ്വജ്ഞനുമാകുന്നു.
  • وَأَنكِحُوا നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കുവിന്‍, വിവാഹം ചെയ്യിക്കുവിന്‍ الْأَيَامَىٰ അവിവാഹിതര്‍ക്കു مِنكُمْ നിങ്ങളില്‍നിന്നുള്ള وَالصَّالِحِينَ നല്ല ആളുകള്‍ക്കും مِنْ عِبَادِكُمْ നിങ്ങളുടെ അടിമകളില്‍ നിന്നുള്ള وَإِمَائِكُمْ നിങ്ങളുടെ അടിമസ്ത്രീകളില്‍നിന്നും إِن يَكُونُوا അവര്‍ ആയിരുന്നാല്‍ فُقَرَاءَ ദരിദ്രന്‍മാര്‍ يُغْنِهِمُ اللَّـهُ അല്ലാഹു അവര്‍ക്കു ധന്യത (ഐശ്വര്യം) നല്‍കും مِن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍ وَاللَّـهُ وَاسِعٌ അല്ലാഹു വിശാലനാകുന്നു عَلِيمٌ സര്‍വ്വജ്ഞനാകുന്നു.

‘അവിവാഹിതര്‍’ (الْأَيَامَىٰ) എന്ന് പറഞ്ഞതില്‍, വിവാഹം നിലവിലില്ലാത്ത എല്ലാ സ്ത്രീപുരുഷന്‍മാരും – മുമ്പ് വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ശരി – ഉള്‍പ്പെടുന്നു. അടിമകളെപ്പറ്റി തുടര്‍ന്നു പറഞ്ഞിട്ടുള്ളതു കൊണ്ട്, സ്വതന്ത്രരായ അവിവാഹിതരാണ് ഈ വാക്കുകൊണ്ടുദ്ദേശ്യമെന്ന് വ്യക്തമാണ്. അടിമകളായ സ്ത്രീപുരുഷന്മാരെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, അവരിലുള്ള ‘നല്ല ആളുകള്‍ക്ക്’ (وَالصَّالِحِينَ) എന്ന് വിശേഷിപ്പിച്ചിരിക്കുന്നതുകൊണ്ട് നല്ലവരല്ലാത്ത അടിമകള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കണമെന്നില്ലെന്നുവരുന്നു. ഇവിടെ ‘നല്ല ആളുകള്‍’ എന്ന വിശേഷണത്തിന്റെ താല്‍പര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായം കാണാം. വിവാഹം കഴിച്ചുകൊടുപ്പാന്‍ ആവശ്യമായ ഗുണങ്ങളുള്ളവര്‍, അഥവാ അതിന് അര്‍ഹരായവര്‍ എന്നും, മതപരമായും സ്വഭാവപരമായും വേണ്ടുന്ന നന്‍മയുള്ളവര്‍ എന്നും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ ഈ രണ്ടു തരത്തിലുള്ള നന്‍മകളും പരിഗണിക്കപ്പെടേണ്ടതും, രണ്ടും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നവയുമാണ്.

عَبْد (അബ്ദ) ന്റെ ബഹുവചനമാണ് عِباد (ഇബാദ്) അടിമയായ പുരുഷന്‍മാര്‍ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. أمَة (അമത്ത്) ന്റെ ബഹുവചനമാണ് إماء (ഇമാഉ്). അടിമയായ സ്ത്രീകള്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. ചില സന്ദര്‍ഭങ്ങളില്‍ ‘ദാസന്‍, ദാസി, മനുഷ്യന്‍, സ്ത്രീ’ എന്നീ അര്‍ത്ഥത്തില്‍ അവ ഉപയോഗിക്കപ്പെട്ടേക്കുമെങ്കിലും സാധാരണ നിലക്ക് ഉപയോഗിക്കപ്പെടാറുള്ള അര്‍ത്ഥം ആദ്യം പറഞ്ഞതാകുന്നു. ഖുര്‍ആനിലും ഹദീസിലും ഈ അര്‍ത്ഥത്തില്‍തന്നെയാണ് ഈ പദങ്ങള്‍ ഉപയോഗിക്കപ്പെടാറുള്ളതും. പക്ഷേ ചിലപ്പോള്‍ അല്ലാഹുവിന്റെ അടിമ എന്ന ഉദ്ദേശത്തിലും, ചിലപ്പോള്‍ അല്ലാഹു അല്ലാത്തവരുടെ അടിമ എന്ന ഉദ്ദേശ്യത്തിലുമായിരിക്കും. സന്ദര്‍ഭത്തില്‍നിന്ന് ഇത് മനസ്സിലാക്കുവാനും കഴിയും. വിവാഹകാര്യങ്ങളെയും പര്‍ദ്ദാ മുതലായ വിഷയങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഈ അര്‍ത്ഥത്തില്‍ മാത്രമാണ് രണ്ട് പദങ്ങളും ഉപയോഗിക്കപ്പെടുന്നത്. ഇസ്‌ലാമില്‍ അടിമത്തം എന്നൊന്നില്ലതന്നെ എന്ന് വാദിക്കുന്ന ചിലര്‍, ഈ പദങ്ങള്‍ക്ക് അവരുടെ സൗകര്യത്തിന്നു വേണ്ടി ‘ഭൃത്യന്‍, ഭൃത്യ, ദാസന്‍, ദാസി’ എന്നൊക്കെ ഇവിടങ്ങളില്‍ അര്‍ത്ഥം കൊടുത്ത് വ്യാഖ്യാനിക്കുന്നതില്‍ ആശ്ചര്യപ്പെടുവാനില്ലല്ലോ. (കൂടുതല്‍ വിവരങ്ങള്‍ക്ക് സൂ: മുഅ്മിനൂന് ശേഷമുള്ള 2-10 വ്യാഖ്യാനക്കുറിപ്പു നോക്കുക.)

അവിവാഹിതര്‍ വിവാഹം കഴിക്കണമെന്ന് പറയാതെ, നിങ്ങള്‍ അവര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കണമെന്നാണല്ലോ അല്ലാഹു പറഞ്ഞത്. ഇത് പ്രത്യേകം ഗൗനിക്കപ്പെടേണ്ടതാകുന്നു. മുസ്‌ലിംകളായ രക്ഷിതാക്കള്‍, കുടുംബത്തലവന്‍മാര്‍, നാട്ടുമൂപ്പന്മാര്‍, ഭരണകര്‍ത്താക്കള്‍ പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ ബാധ്യതയും കടപ്പാടും ഉണ്ടെന്നു ഇതു് കാണിക്കുന്നു. നടാടത്തെ വിവാഹത്തില്‍ ഈ ബാധ്യത വിശേഷിച്ചും ശക്തിപ്പെട്ടതാകുന്നു. അതുപോലെത്തന്നെ, പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കാര്യവും കൂടുതല്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. അടിമകളെക്കുറിച്ചു പറഞ്ഞപ്പോള്‍ ‘അവരിലുള്ള നല്ല ആളുകള്‍ക്ക്’ എന്നു പ്രത്യേകിപ്പിച്ച് പറഞ്ഞതുപോലെ, സ്വതന്ത്രന്മാരെപ്പറ്റി ഒന്നുംതന്നെ വിശേഷിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവിവാഹിതരായ എല്ലാ സ്വതന്ത്രന്‍മാരുടെ വിവാഹകാര്യവും ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്നു വരുന്നു. മതനിഷ്ഠയും, സ്വഭാവഗുണവുമുള്ളവരെ വിവാഹത്തിന് തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളത് വാസ്തവംതന്നെ. പക്ഷേ, അല്ലാത്തവരെയും തീരെ പുറംതള്ളിക്കളയരുതെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടുന്നത്.

അവര്‍ ദരിദ്രന്‍മാരാകുന്നപക്ഷം, അല്ലാഹു തന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ധന്യത നല്‍കും (إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّـهُ مِن فَضْلِهِ) എന്നു് തുടങ്ങിയ വാക്യം വളരെ അര്‍ത്ഥഗര്‍ഭമായതും, സത്യവിശ്വാസികള്‍ക്ക് പ്രോത്സാഹനവും മനസ്സമാധാനവും നല്‍കുന്നതുമാകുന്നു. വിവാഹം ചെയ്‌വാനും, ചെയ്യിക്കുവാനും, ചെയ്തുകൊടുപ്പാനും – എല്ലാംതന്നെ – ദാരിദ്ര്യം ഒരു തടസ്സമായി സാധാരണ കരുതപ്പെടുന്നു. അത്രയുമല്ല, വിവാഹം കഴിച്ചതു മുതല്‍ ഭാര്യാഭര്‍ത്താക്കളുടെ അഹോവൃത്തിക്കുള്ള ഒരു മാര്‍ഗ്ഗം – സമ്പത്തോ തൊഴിലോ – മുന്‍കൂട്ടി കണ്ടുവെച്ചിട്ടുവേണം വിവാഹം നടത്തുവാന്‍ എന്നും, അല്ലാത്തപക്ഷം അത് ആപല്‍ക്കരവും അനഭിലഷണീയവുമാണ് എന്നുമൊക്കെ പലരും കരുതുകയും, ഘോഷിക്കുകയും ചെയ്യാറുണ്ട്. അങ്ങിനെയുള്ളവര്‍ക്ക് – അവര്‍ സത്യവിശ്വാസികളാണെങ്കില്‍ – ഈ വാക്യം തക്ക മറുപടി നല്‍കുന്നു. ദാരിദ്ര്യത്തെ ഇത്ര വലിയ ഭയങ്കരമായി കരുതുവാന്‍ കാരണം, ഒന്നുകില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലും വാഗ്ദാനത്തിലും വേണ്ടത്ര വിശ്വാസമില്ലായ്മയോ, അല്ലെങ്കില്‍ മനുഷ്യന്റെ ജീവിതോദ്ദേശ്യം സമ്പത്തും സൗഖ്യജീവിതവുമാണെന്ന ധാരണയോ ആയിരിക്കാം. മാമൂലുകള്‍ക്കും നാട്ടാചാരങ്ങള്‍ക്കും ഈ ധാരണയില്‍ പ്രത്യേകം പങ്കുണ്ടായിരിക്കും. വാസ്തവത്തില്‍, വിവാഹം കഴിക്കാതിരുന്നാല്‍ അതുകൊണ്ടുണ്ടാകുന്ന വിവിധതരം നാശങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, വിവാഹം കഴിച്ചിട്ട് ദാരിദ്ര്യംമൂലം ഉളവായേക്കുന്ന വിഷമങ്ങള്‍ കേവലം നിസ്സാരങ്ങളാണെന്നു കാണാം. സാമ്പത്തികനില നന്നായിക്കഴിഞ്ഞാല്‍ ജീവിതോദ്ദേശ്യം സഫലമായെന്നു കരുതുന്നവരുടെ ദൃഷ്ടിയില്‍, ധാര്‍മ്മികമൂല്യങ്ങള്‍ എത്രതന്നെ തകരാറിലായാലും വിരോധമുണ്ടാകുകയില്ലല്ലോ. എന്നാല്‍, ഇസ്‌ലാമിക ദൃഷ്ട്യാ കാര്യം മറിച്ചാണുള്ളത്. ലൈംഗികമായ അരാജകത്വത്തെക്കാള്‍, പട്ടിണിയുടെ കാഠിന്യത്തെ മുസ്‌ലിംകള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല.

കുടുംബം പുലര്‍ത്തുവാനുള്ള വസ്തുവകകകള്‍ ഇരിക്കട്ടെ, ഒരു ഇരുമ്പിന്റെ മോതിരം പോലും മഹ്ര്‍ (വിവാഹമൂല്യം) കൊടുപ്പാന്‍ സാധിക്കായ്ക നിമിത്തം സ്വന്തം നഗ്നത മറക്കുവാന്‍ ഉപയോഗിച്ച ഉടുതുണിയുടെ പകുതിഭാഗം മഹ്റിനായി മുറിച്ചു കൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഒരു ദരിദ്രന് – ഇങ്ങിനെയുള്ള ദരിദ്രന്‍മാര്‍ ഇന്ന് നമ്മുടെ ഇടയിലുണ്ടോ എന്ന് സംശയമാണ് – അയാള്‍ക്ക് മനപ്പാഠമുണ്ടായിരുന്ന ചില ഖുര്‍ആന്‍ വാക്യങ്ങള്‍ പഠിപ്പിച്ചുകൊടുത്താല്‍ മതിയെന്ന നിശ്ചയത്തിന്‍ മേലാണ്, നബി (صلّى الله عليه وسلّم) ഒരു സ്ത്രീയെ വിവാഹം കഴിപ്പിച്ചുകൊടുത്തത്. ഈ സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിട്ടുള്ള ഒരു പ്രസിദ്ധ സംഭവമത്രെ. ഇത്രയും ദരിദ്രനായ താന്‍ എങ്ങിനെ ഇവളുടെ ദിനവൃത്തി കഴിച്ചുകൂട്ടുമെന്ന്‍ നബി (صلّى الله عليه وسلّم) തിരുമേനി അദ്ദേഹത്തോടു അന്വേഷിക്കുകയോ, ആ ദരിദ്രരായ ദമ്പതിമാര്‍ പട്ടിണിമൂലം നശിച്ചുപോകയോ ചെയ്തതായി അറിയപ്പെടുന്നില്ല. എന്നാല്‍, വിവാഹത്തിന്റെ ഉദ്ദേശ്യം ചാരിത്ര സംരക്ഷണമായിരിക്കണം. ഓരോരുത്തനും തന്റെ കഴിവനുസരിച്ച് ഏതെങ്കിലും ഉപജീവനമാര്‍ഗ്ഗങ്ങള്‍ ആരായുകയും വേണം. കഴിവിനപ്പുറമുള്ളതില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യണം. ഇങ്ങിനെയുള്ളവര്‍ക്ക് വിവാഹം ചെയ്‌വാന്‍ ദാരിദ്ര്യം തടസ്സമായിരിക്കയില്ല. നബി (صلّى الله عليه وسلّم) പറയുന്നത് നോക്കുക:-

ثَلاثَةٌ حَقٌّ عَلَى اللَّهِ عَوْنُهُمُ : وَالنَّاكِحُ يُرِيدُ الْعَفَافَ، وَالْمُكَاتَبُ يُرِيدُ الأَدَاءَ،الْمُجَاهِدُ فِي سَبِيلِ اللَّهِ – أحمد والترمذي زالنسائي وابن ماجة

(സാരം: മൂന്നു കൂട്ടരേ സഹായിക്കുന്നത് അല്ലാഹുവിന്റെമേല്‍ ബാധ്യതയുള്ളതാണ്. ചാരിത്ര ശുദ്ധിയെ ഉദ്ദേശിച്ചു വിവാഹം കഴിക്കുന്നവനും, (മോചനമൂല്യം) കൊടുത്തുതീര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു സ്വാതന്ത്ര്യക്കച്ചീട്ടെഴുത്തുന്ന അടിമയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പടയെടുക്കുന്നവനും). അബൂബക്കര്‍ (رضي الله عنه) ഇപ്രകാരം പറഞ്ഞതായി ഇബ്നു അബീഹാതീം (رضي الله عنه) ഉദ്ധരിക്കുന്നു: ‘അല്ലാഹു നിങ്ങളോട് വിവാഹത്തെക്കുറിച്ചു കല്‍പിച്ചതില്‍ നിങ്ങള്‍ അവനെ അനുസരിക്കുവിന്‍. എന്നാല്‍, ധന്യതയെ (ഐശ്വര്യത്തെ)ക്കുറിച്ച് അവന്‍ നിങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളത് അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നതാണ്.’ (أَطِيعُوا اللَّهَ فِيمَا أَمَرَكُمْ بِهِ مِنَ النِّكَاحِ ؛ يُنْجِزْ لَكُمْ مَا وَعَدَكُمْ مِنَ الْغِنَى – ابن أبي حاتم)

ഇത്രയും പറഞ്ഞതുകൊണ്ട്, ദരിദ്രനായ ഒരാള്‍ വിവാഹം കഴിച്ചാലുടനെ അയാള്‍ ധനികനായിത്തീരുമെന്ന് ധരിക്കേണ്ടതില്ല. ഏതെങ്കിലും വിധേന അത്യാവശ്യം കഴിച്ചുകൂട്ടുവാനുള്ള ഒരു മാര്‍ഗ്ഗം അല്ലാഹു അവന് തുറന്നു കൊടുക്കും, വിവാഹം കഴിച്ചതുകൊണ്ട്‌ അവന്‍ എന്നേക്കും ദരിദ്രനായി കഷ്ടപ്പെടേണ്ടിവരുമെന്ന ആശങ്ക ഒരിക്കലും ഉണ്ടാവരുത് എന്ന് സമാധാനിപ്പിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. വിവാഹം കഴിച്ചതിനുശേഷം ദാരിദ്ര്യം നീങ്ങി സുഖജീവിതം അനുഭവിക്കുന്നവരെയും, വിവാഹം കഴിക്കാതിരുന്നിട്ടും ദാരിദ്ര്യം വേറിട്ടുപോകാത്തവരെയും, സമ്പല്‍സമൃദ്ധിയില്‍ ആറാടികൊണ്ടിരിക്കെ നടത്തപ്പെട്ട വിവാഹത്തിനുശേഷം പട്ടിണിപ്പരിശകളായിത്തീര്‍ന്ന ഭാര്യാഭര്‍ത്താക്കളെയും നാം കാണാറുള്ളതാണ്. നബി (صلّى الله عليه وسلّم) പറഞ്ഞതെത്ര വാസ്തവം! അവിടുന്ന് പറയുന്നു:-

لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ – متفق

സാരം: ധനം എന്നത് വിഭവങ്ങളുടെ ആധിക്യം കൊണ്ടുള്ളതല്ല. പക്ഷേ, മനസ്സിന്റെ ധന്യതയാണ്‌ ധനം. (ബു; മു). ധാരാളം സമ്പാദ്യവും, മറ്റു സുഖസൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും പല കാര്യത്തിനും അന്യന്മാരെ ആശ്രയിച്ചുകൊണ്ടും, മനസ്സുഖമില്ലാതെയും കഴിഞ്ഞുകൂടുന്ന ധനികന്‍മാരെക്കാള്‍ ഭാഗ്യവാന്‍മാര്‍, അല്‍പമാത്രമുള്ളതില്‍ സംതൃപ്തിയോടെ കഴിഞ്ഞുകൂടുന്നവരാണെന്ന് പറയേണ്ടതില്ല. എനി, വിവാഹം കഴിക്കുവാന്‍ സാധിക്കാതെ വരുന്നവരെപ്പറ്റി അല്ലാഹു പറയുന്നു:-

24:33

  • وَلْيَسْتَعْفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱلَّذِينَ يَبْتَغُونَ ٱلْكِتَـٰبَ مِمَّا مَلَكَتْ أَيْمَـٰنُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا ۖ وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِىٓ ءَاتَىٰكُمْ ۚ وَلَا تُكْرِهُوا۟ فَتَيَـٰتِكُمْ عَلَى ٱلْبِغَآءِ إِنْ أَرَدْنَ تَحَصُّنًا لِّتَبْتَغُوا۟ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَمَن يُكْرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعْدِ إِكْرَٰهِهِنَّ غَفُورٌ رَّحِيمٌ ﴾٣٣﴿
  • വിവാഹം (ചെയ്യുവാനുള്ള സൗകര്യം) ലഭിക്കാത്തവര്‍ – അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു ധന്യത നല്‍കുന്നതുവരെ – ചാരിത്ര്യം സംരക്ഷിക്കുവാന്‍ ശ്രമിച്ചു കൊള്ളട്ടെ! നിങ്ങളുടെ വലങ്കൈകള്‍ ഉടമയാക്കിയവരില്‍ (സ്വാതന്ത്ര്യക്കച്ചീട്ട്) എഴുതിക്കൊടുപ്പാനാവശ്യപ്പെടുന്നവര്‍ – അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കു അറിയാമെങ്കില്‍ – നിങ്ങളവര്‍ക്കു എഴുതിക്കൊടുത്തുകൊള്ളുവിന്‍. നിങ്ങള്‍ക്ക് അല്ലാഹു തന്നിട്ടുള്ളതായ അവന്റെ സ്വത്തില്‍നിന്നും നിങ്ങള്‍ അവര്‍ക്കു കൊടു(ത്തു സഹായി)ക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ (അടിമകളായ) യുവതികളെ – അവര്‍ ചാരിത്ര്യശുദ്ധിയെ ഉദ്ദേശിക്കുന്നപക്ഷം – നിങ്ങള്‍ക്കു ഐഹിക ജീവിത വിഭവം ലഭിക്കുവാനായി തോന്നിയവാസവൃത്തിക്കു നിര്‍ബ്ബന്ധിക്കരുത്. ആരെങ്കിലും, അവരെ (അതിനു) നിര്‍ബ്ബന്ധിച്ചു ചെയ്യിക്കുന്നതായാല്‍, അവരെ നിര്‍ബ്ബന്ധിച്ചതിനുശേഷം അല്ലാഹു നിശ്ചയമായും (ആ നിര്‍ബ്ബന്ധിക്കപ്പെട്ട സ്ത്രീകള്‍ക്കു) പൊറുത്തുകൊടുക്കുന്നവനും, കരുണചെയ്യുന്നവനുമാകുന്നു.
  • وَلْيَسْتَعْفِفِ ചാരിത്യ്രം സംരക്ഷിച്ചുകൊള്ളട്ടെ, മാനം കാത്തുകൊള്ളട്ടെ الَّذِينَ لَا يَجِدُونَ ലഭിക്കാത്തവര്‍ نِكَاحًا വിവാഹത്തെ, (വിവാഹത്തിനുള്ള വക) حَتَّىٰ يُغْنِيَهُمُ അവര്‍ക്കു ധന്യത നല്‍കുന്നതുവരെ, അവര്‍ക്കു ഐശ്വര്യം കൊടുക്കുന്നതുവരെ اللَّـهُ അല്ലാഹു مِن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍ وَالَّذِينَ يَبْتَغُونَ ആവശ്യപ്പെടുന്നവര്‍ الْكِتَابَ എഴുത്തു, എഴുതികൊടുക്കുവാന്‍ مِمَّا مَلَكَتْ ഉടമയാക്കിയവരില്‍നിന്നു أَيْمَانُكُمْ നിങ്ങളുടെ വലങ്കൈകള്‍ فَكَاتِبُوهُمْ നിങ്ങളവര്‍ക്കു എഴുതി (കച്ചീട്ടെഴുതി) ക്കൊടുക്കുവിന്‍ إِنْ عَلِمْتُمْ നിങ്ങള്‍ക്കറിയാമെങ്കില്‍, നിങ്ങളറിഞ്ഞാല്‍ فِيهِمْ അവരില്‍ خَيْرًا നന്‍മ, വല്ലനന്മയും (ഉള്ളതായി) وَآتُوهُم അവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍ مِّن مَّالِ اللَّـهِ അല്ലാഹുവിന്റെ സ്വത്തില്‍നിന്നു الَّذِي آتَاكُمْ അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ളതായ وَلَا تُكْرِهُوا നിങ്ങള്‍ നിര്‍ബ്ബന്ധിക്കരുതു, നിര്‍ബ്ബന്ധപൂര്‍വ്വം ചെയ്യിക്കരുതു فَتَيَاتِكُمْ നിങ്ങളുടെ യുവതികളെ (അടിമകളെ) عَلَى الْبِغَاءِ തോന്നിയവാസവൃത്തിക്കു, തെമ്മാടിത്വത്തിനു إِنْ أَرَدْنَ അവര്‍ ഉദ്ദേശിക്കുന്നപക്ഷം تَحَصُّنًا ചാരിത്രശുദ്ധി, പാതിവൃത്യം, മാനസംരക്ഷണം لِّتَبْتَغُوا നിങ്ങള്‍ക്കു ലഭിക്കുവാനായി, നിങ്ങള്‍ തേടുന്നതിനായി عَرَضَ الْحَيَاةِ ജീവിതത്തിന്റെ വിഭവത്തെ (വസ്തുക്കളെ) الدُّنْيَا ഐഹികമായ, ഇഹത്തിലെ وَمَن يُكْرِههُّنَّ ആരെങ്കിലും അവരെ നിര്‍ബ്ബന്ധിക്കുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു مِن بَعْدِ إِكْرَاهِهِنَّ അവരെ നിര്‍ബ്ബന്ധിച്ചതിനു ശേഷം غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണചെയ്യുന്നവനാണ്

24:34

  • وَلَقَدْ أَنزَلْنَآ إِلَيْكُمْ ءَايَـٰتٍ مُّبَيِّنَـٰتٍ وَمَثَلًا مِّنَ ٱلَّذِينَ خَلَوْا۟ مِن قَبْلِكُمْ وَمَوْعِظَةً لِّلْمُتَّقِينَ ﴾٣٤﴿
  • തീര്‍ച്ചയായും, (നിങ്ങള്‍ക്കാവശ്യമായതു) വ്യക്തമാക്കിത്തരുന്ന പല ലക്ഷ്യങ്ങളും, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവരില്‍നിന്നുള്ള ഉദാഹരണ (പാഠ)വും, ഭയഭക്തരായ ആളുകള്‍ക്കു (വേണ്ടുന്ന) ഉപദേശവും നാം നിങ്ങള്‍ക്കു ഇറക്കിത്തന്നിട്ടുണ്ട്.
  • وَلَقَدْ أَنزَلْنَا തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു إِلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളിലേക്കു آيَاتٍ പല ദൃഷ്ടാന്തങ്ങളെ مُّبَيِّنَاتٍ വ്യക്തമാക്കിത്തരുന്ന, വ്യക്തങ്ങളായ وَمَثَلًا ഉദാഹരണവും, ഉപമയും مِّنَ الَّذِينَ خَلَوْا കഴിഞ്ഞുപോയവരില്‍ നിന്നു مِن قَبْلِكُمْ നിങ്ങള്‍ക്കുമുമ്പ് وَمَوْعِظَةً ഉപദേശവും, സദുപദേശവും لِّلْمُتَّقِينَ ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവര്‍ക്കു

ആദ്യത്തെ ആയത്തില്‍ പ്രധാനമായും അഞ്ച് കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്: 1). വിവാഹം കഴിപ്പാന്‍ സാധിക്കാതെ വരുന്നവര്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു അതിന് സാധ്യത ഉണ്ടാകുന്നതുവരെ ക്ഷമ കൈകൊണ്ട് തങ്ങളുടെ ചാരിത്രശുദ്ധിക്ക് കളങ്കം വരുത്താതെ സൂക്ഷിക്കേണ്ടതാകുന്നു. ‘വിവാഹത്തിനു സൗകര്യം ലഭിക്കാത്തവര്‍’ (الَّذِينَ لَا يَجِدُونَ نِكَاحًا) എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, ‘മഹ്ര്‍’ കൊടുപ്പാന്‍ കഴിയാത്തവരാണെന്നാണ് പൊതുവില്‍ പറയപ്പെടുന്നത്. മഹ്ര്‍ കൊടുപ്പാന്‍ കഴിയുമെന്നിരുന്നാല്‍ തന്നെയും, മറ്റു കാരണങ്ങളാല്‍ വിവാഹം ചെയ്‌വാന്‍ തരപ്പെടാതെ വന്നേക്കാമെന്ന് പറയേണ്ടതില്ല. അങ്ങിനെയുള്ളവര്‍ക്കും ഈ ഉപദേശം ബാധകമാണ്. ചാരിത്ര ശുദ്ധിക്ക് ഭംഗം നേരിട്ടേക്കുമോ എന്ന് സ്വയം ഭയപ്പെടുന്നവര്‍ക്ക്‌ നബി (صلّى الله عليه وسلّم) നല്‍കുന്ന ഉപദേശം ഇപ്രകാരമാകുന്നു:

يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ- متفق

സാരം: ഹേ, യുവാക്കളുടെ കൂട്ടമേ! നിങ്ങളില്‍ ആര്‍ക്ക് വിവാഹം ചെയ്‌വാന്‍ കഴിവുണ്ടോ അവന്‍ വിവാഹം ചെയ്തുകൊള്ളട്ടെ. കാരണം, അത് (വിരോധിക്കപ്പെട്ട നോട്ടത്തില്‍ നിന്ന്) ദൃഷ്ടിയെ താഴ്ത്തിക്കളയുന്നതും, ഗുഹ്യസ്ഥാനത്തെ കാത്തുരക്ഷിക്കുന്നതുമാകുന്നു. ആര്‍ക്കെങ്കിലും, കഴിവില്ലാതെ വരുന്നപക്ഷം, അവന്‍ നോമ്പ് പിടിച്ചുകൊള്ളട്ടെ. എന്നാല്‍ അത് അവന് രക്ഷാമാര്‍ഗ്ഗമായിരിക്കും. (ബു; മു). സൂറത്തുന്നിസാഅ് 25ല്‍ സ്വതന്ത്രകളായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ കഴിവില്ലാത്തവര്‍ അടിമസ്ത്രീകളെ വിവാഹം കഴിച്ചുകൊള്ളുവാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതും സാധിക്കാതെ വരുമ്പോഴത്തെ സ്ഥിതിയാണ് ഇവിടെ പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കാം. വിവാഹത്തിന് ആവശ്യം നേരിടുകയും, ഒരു വിധത്തിലും അതു സാധ്യമാകാതെ വരികയും ചെയ്യുന്നവരോട് ക്ഷമ കൈകൊള്ളുവാന്‍ കല്‍പിക്കുന്നതോടൊപ്പം, അങ്ങിനെ ചെയ്‌താല്‍ അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് അവര്‍ക്കത് വഴിയെ സാധ്യമായേക്കുമെന്നു ഒരു വാഗ്ദാനവും കൂടി ഈ ആയത്തില്‍ അടങ്ങിയിരിക്കുന്നു.

2) സ്വതന്ത്രരാകുവാന്‍ ആഗ്രഹിക്കുന്ന അടിമകള്‍ ഒരു നിശ്ചിത കാലത്തില്‍ ഒരു നിശ്ചിത സംഖ്യ മോചനമൂല്യമായി കൊടുത്തുതീര്‍ക്കുന്ന പക്ഷം സ്വാതന്ത്ര്യം നല്‍കാമെന്നു യജമാനനും അടിമയും തമ്മില്‍ ചെയ്യുന്ന കരാറിനു مكاتبة (സ്വാതന്ത്ര്യക്കച്ചീട്ട്) എന്നു പറയുന്നു. ഒരു അടിമ ഈ ആവശ്യം ഉന്നയിച്ചാല്‍, അത് ചെയ്തുകൊടുക്കണമെന്നാണ് ഈ ആയത്ത് ശാസിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ അടിമത്തം ഇല്ലാതാക്കി അടിമകളെ സ്വതന്ത്രരാക്കി വിടുവാന്‍ ഇതുപോലെ വേറെയും പലപല സന്ദര്‍ഭങ്ങളും, നിയമങ്ങളും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തില്‍ പിടിച്ച് അടിമയാക്കപ്പെട്ടവരും നിയമാനുസൃതമായ മറ്റു രൂപത്തില്‍ കൈവശത്തിലിരിക്കുന്ന അടിമകളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ‘അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കറിയാമെങ്കില്‍’ (إِنْ عَلِمْتُمْ فِيهِمْ خَيْرًا) എന്ന നിബന്ധന കേവലം വിപുലാര്‍ത്ഥത്തിലുള്ളതാകുന്നു. കൊടുത്തുവീട്ടാന്‍ നിശ്ചയിച്ച സംഖ്യ അടച്ചു തീര്‍ക്കുവാനുള്ള സന്നദ്ധതയും സൗകര്യവും മാത്രമല്ല, സ്വാതന്ത്ര്യക്കച്ചീട്ട് ആവശ്യപ്പെടുന്നവന്റെ പൊതുനന്മയും കൂടി അതില്‍ പരിഗണിക്കേണ്ടതുണ്ട്.

3) അങ്ങിനെയുള്ള അടിമകള്‍ക്ക് അവരുടെ കച്ചീട്ടിലെ നിശ്ചയപ്രകാരം മോചിതരാകുന്നത്തിനും, അവരുടെ വിഷമതകള്‍ തീര്‍ക്കുന്നതിനും ധനസഹായം ചെയ്യുമെന്ന് യജമാനന്‍മാരടക്കം കഴിവുള്ള എല്ലാവരോടും തുടര്‍ന്നു കല്‍പിക്കുന്നു. നിശ്ചയിച്ച സംഖ്യയില്‍ ഇളവുചെയ്തും ജോലികള്‍ സൗകര്യപ്പെടുത്തിക്കൊടുത്തും മറ്റും യജമാനന്‍മാര്‍ക്ക് ഈ കല്‍പന സ്വീകരിക്കാവുന്നതാണ്. സ്വത്തുക്കളെല്ലാം വാസ്തവത്തില്‍ അല്ലാഹുവിന്റെതാകുന്നു. അവന്‍ ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുവാനായി അത് ചിലരുടെ കൈകളില്‍ അനാമത്ത് വെച്ചിരിക്കുകയാണ്. കൈവശക്കാരന്റെ ഇഷ്ടത്തിനൊത്ത്‌ മാത്രം ചിലവാക്കുവാനുള്ളതല്ല. സാക്ഷാല്‍ ഉടമസ്ഥനായ അല്ലാഹു കല്‍പിക്കുന്ന പ്രകാരം അത് വിനിയോഗിക്കേണ്ടതുണ്ട്. അങ്ങനെ അവര്‍ ചെയ്യുന്ന പക്ഷം അല്ലാഹു തക്കതായ പ്രതിഫലം കൊടുക്കുകയും, വീണ്ടും പകരം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും. ആകയാല്‍ സ്വത്ത് കൈവശമുള്ളവര്‍ അവരെ സഹായിക്കുന്നതില്‍ പിന്നോക്കം വെക്കുവാന്‍ പാടില്ല എന്നൊക്കെയാണ് مَّالِ اللَّـهِ الَّذِي آتَاكُمْ (അല്ലാഹു നിങ്ങള്‍ക്ക് തന്നിട്ടുള്ള അവന്റെ സ്വത്ത്) എന്ന പ്രയോഗത്തില്‍ അടങ്ങിയ സൂചനകള്‍.

4) അടിമ സ്ത്രീകള്‍ ചാരിത്രദൂഷ്യം ചെയ്‌വാന്‍ ഇഷ്ടപ്പെടാതിരിക്കെത്തന്നെ, അവര്‍ മൂലം ഐഹികമായ വരുമാനങ്ങള്‍ കരസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി വ്യഭിചാരം പോലെയുള്ള നീചവൃത്തികള്‍ ചെയ്‌വാന്‍ ചില യജമാനന്‍മാര്‍ അവരുടെ അടിമകളെ നിര്‍ബ്ബന്ധിക്കരുത്. പ്രസ്തുത സ്ത്രീകള്‍ സ്വയംതന്നെ അതിന് അനുകൂലികളാണെങ്കില്‍ അതിന് നിര്‍ബ്ബന്ധിക്കാമെന്നോ, അനുവദിക്കാമെന്നോ ഇതില്‍നിന്ന് വ്യംഗ്യാര്‍ത്ഥം ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ഐഹികലാഭം ഉദ്ദേശിക്കുന്നില്ലെങ്കില്‍ അങ്ങിനെ ചെയ്യാമെന്നും അര്‍ത്ഥമില്ല. വ്യഭിചാരാദി ദുര്‍വൃത്തികളെ കഴിയുന്നത്ര തടയുന്നത് ഓരോ മുസ്ലിമിന്റെയും കടമയാണ്. എന്നിരിക്കെ അതിന് നിര്‍ബ്ബന്ധിക്കുന്നതു പോകട്ടെ, മനസ്സുകൊണ്ട് അനുകൂലിക്കാന്‍പോലും പാടില്ലാത്തതാണ്. അവനവന്റെ ഉത്തരവാദിത്വത്തിലും, ചൊല്പടിയിലും ഇരിക്കുന്ന സ്ത്രീകളെ അതിനു നിര്‍ബ്ബന്ധിക്കുക അതും തുച്ഛമായ ഭൗതിക വരുമാനം മോഹിച്ചു കൊണ്ടായിരിക്കുക, ഇതിലേറെ നിന്ദ്യവും, നികൃഷ്ടവുമായ മനസ്ഥിതി മറ്റെന്താണ്?! ഇതാണ് ഇവിടെ അക്ഷേപത്തിന് വിഷയമായിരിക്കുന്നത്. ഈ ആക്ഷേപം ഈ രൂപത്തില്‍ അവതരിക്കുവാന്‍ കാരണം ‘ജാഹിലിയ്യാ’ കാലത്ത് (ഇസ്ലാമിന്ന്‍ മുമ്പ്) ചില യജമാനന്‍മാര്‍ അവരുടെ അടിമകളെ ഇപ്രകാരം വ്യഭിചാരശാല നടത്തുവാന്‍ നിര്‍ബ്ബന്ധിച്ചിരുന്നതാകുന്നു. പലരും അങ്ങിനെ ചെയ്തിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. കപടവിശ്വാസികളില്‍ തലവനായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് തന്റെ രണ്ട് അടിമ സ്ത്രീകളെ അതിന്ന്‍ നിര്‍ബ്ബന്ധിക്കുകയും അവര്‍ നബി (صلّى الله عليه وسلّم) യോട് സങ്കടം ബോധിപ്പിക്കുകയും, അതിനെത്തുടര്‍ന്ന് ഈ വചനം അവതരിക്കുകയും ചെയ്തു എന്ന് മുസ്‌ലിം (رحمه الله) അബൂദാവൂദ് (رحمه الله) മുതലായവര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍നിന്ന് ആയത്തിന്റെ ഉദ്ദേശ്യം കൂടുതല്‍ സ്പഷ്ടമാകുന്നതാണല്ലോ.

5) നിഷ്ഠൂരബുദ്ധികളായ യജമാനന്‍മാരുടെ നിര്‍ബ്ബന്ധം മൂലം ആ പാവങ്ങള്‍ വല്ല നീചപ്രവൃത്തിയും ചെയ്തുപോകുന്ന പക്ഷം, അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുമെന്നും, അവന്‍ കരുണാനിധിയാണെന്നും അല്ലാഹു അവര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു. ഒഴിഞ്ഞുമാറാന്‍ സാധിക്കാത്ത വിധമുള്ള നിര്‍ബ്ബന്ധങ്ങള്‍ക്ക് വിധേയമായി ചെയ്യപ്പെടുന്ന തെറ്റുകുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുകയില്ല എന്നത് അല്ലാഹു നമുക്ക് നല്‍കിയിട്ടുള്ള ഒരു അനുഗ്രഹമത്രെ.

ഇങ്ങിനെ, നമ്മുടെ നന്മക്കും വിജയത്തിനും ആവശ്യമായ എല്ലാ നിയമനിര്‍ദ്ദേശങ്ങളും, ലക്ഷ്യദൃഷ്ടാന്തങ്ങളും, ഉദാഹരണ പാഠങ്ങളും, സദുപദേശങ്ങളും ഈ ഖുര്‍ആന്‍ മുഖേന അല്ലാഹു വിവരിച്ചു തന്നിരിക്കുന്നു. അതിമഹത്തായ ഈ അനുഗ്രഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ് 34-ാം വചനം ചെയ്യുന്നത്.

തുടര്‍ന്നുകൊണ്ട് അല്ലാഹു അവന്റെ പ്രകാശത്തിന് ഒരു ഉപമ വിവരിക്കുന്നു. ഓരോ മനുഷ്യനും തന്റെ ഈമാന്‍, ബുദ്ധി, ചിന്താശക്തി, അറിവ് എന്നിവയുടെ തോതനുസരിച്ച് – അകംകണ്ണുകൊണ്ടും പുറംകണ്ണുകൊണ്ടും – കണ്ടറിയാന്‍ കഴിയുന്ന നിത്യവും അനര്‍ഘവുമായ ആ പ്രാകാശത്തിന്റെ ഉദാഹരണചിത്രം ഹൃദയസാന്നിദ്ധ്യത്തോടുകൂടി ചിന്തിച്ചു വായിക്കുക:-

വിഭാഗം – 5

24:35

  • ٱللَّهُ نُورُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَـٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَـٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ﴾٣٥﴿
  • അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമ (വിളക്കു വെക്കുവാനുള്ള) ഒരു മാടംപോലെയാകുന്നു; അതില്‍ ഒരു വിളക്കുണ്ട്; വിളക്കാകട്ടെ, ഒരു സ്ഫടികത്തിലാകുന്നു; സ്ഫടികമാകട്ടെ, അതൊരു രത്നമയമായ (പ്രശോഭിത) നക്ഷത്രംപോലെയിരിക്കുന്നു! അനുഗ്രഹീതമായ ഒരു വൃക്ഷത്തില്‍ നിന്നു് – പൗരസ്ത്യവുമല്ല, പാശ്ചാത്യവുമല്ലാത്ത ഒലീവുവൃക്ഷത്തില്‍നിന്നു(ള്ള എണ്ണയാല്‍) – അതു കത്തിക്കപ്പെടുന്നു; അതിന്റെ [വൃക്ഷത്തിന്റെ] എണ്ണ – അതിനെ തീ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍പോലും -(സ്വയം) വെളിച്ചം നല്‍കുമാറാകുന്നതാണ്!-
    (അങ്ങിനെ) പ്രകാശത്തിനുമേല്‍ പ്രകാശം! അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശത്തിലേക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു. അല്ലാഹു ജനങ്ങള്‍ക്കു ഉപമകളെ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയുന്നവനുമാണ്‌.
  • اللَّـهُ അല്ലാഹു نُورُ السَّمَاوَاتِ ആകാശങ്ങളുടെ പ്രകാശമാകുന്നു وَالْأَرْضِ ഭൂമിയുടെയും مَثَلُ نُورِهِ അവന്റെ പ്രകാശത്തിന്റെ ഉപമ كَمِشْكَاةٍ ഒരു മാടം (ചുമര്‍ പൊത്തു) പോലെയാണ് فِيهَا അതിലുണ്ടു مِصْبَاحٌ ഒരു വിളക്കു الْمِصْبَاحُ വിളക്കു فِي زُجَاجَةٍ ഒരു സ്ഫടികത്തിലാണ്, പളുങ്കിലാണ് الزُّجَاجَةُ പളുങ്കു كَأَنَّهَا كَوْكَبٌ അതു ഒരു നക്ഷത്രംപോലെയിരിക്കുന്നു دُرِّيٌّ രത്നമയമായ, രത്നം പോലെയുള്ള, മുത്തുമയമായ يُوقَدُ അതു കത്തിക്കപ്പെടുന്നു مِن شَجَرَةٍ ഒരു മരത്തില്‍നിന്നു, ഒരു വൃക്ഷത്താല്‍ مُّبَارَكَةٍ അനുഗ്രഹീതമായ زَيْتُونَةٍ അതായതു ഒരു സൈത്തൂന്‍ (ഒലീവു) മരത്തില്‍നിന്നു لَّا شَرْقِيَّةٍ പൗരസ്ത്യമല്ലാത്ത, കിഴക്കുള്ളതല്ലാത്ത وَلَا غَرْبِيَّةٍ പാശ്ചാത്യവുമല്ലാത്ത, പടിഞ്ഞാറുള്ളതുമല്ലാത്ത يَكَادُ ആകുമാറാകും زَيْتُهَا അതിന്റെ എണ്ണ يُضِيءُ വെളിച്ചം നല്‍കും, ശോഭിക്കു(മാറാകും) وَلَوْ لَمْ تَمْسَسْهُ അതിനെ സ്പര്‍ശിച്ചിട്ടില്ലെങ്കിലും نَارٌ തീ, അഗ്നി نُّورٌ പ്രകാശം عَلَىٰ نُورٍ പ്രകാശത്തിനുമേല്‍, പ്രകാശത്തില്‍ കൂടി يَهْدِي اللَّـهُ അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു لِنُورِهِ അവന്റെ പ്രകാശത്തിലേക്കു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَضْرِبُ اللَّـهُ അല്ലാഹു വിവരിച്ചുകൊടുക്കയും ചെയ്യുന്നു الْأَمْثَالَ ഉപമകളെ, ഉദാഹരണങ്ങളെ لِلنَّاسِ ജനങ്ങള്‍ക്കു, മനുഷ്യര്‍ക്കു وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്

24:36

  • فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا ٱسْمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلْغُدُوِّ وَٱلْـَٔاصَالِ ﴾٣٦﴿
  • ചില വീടുകളിലാകുന്നു, അതു്; അവ ഉയര്‍ത്തപ്പെടുവാനും, അവയില്‍വെച്ച് തന്റെ നാമം സ്മരിക്കപ്പെടുവാനും അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു (-അങ്ങിനെയുള്ള വീടുകളിലാണ് ആ വിളക്കുള്ളത്) അവയില്‍ വെച്ച് രാവിലെയും, സന്ധ്യാസമയങ്ങളിലും അവന് മഹത്വപ്രകീര്‍ത്തനം [തസ്ബീഹ്] ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു; –
  • فِي بُيُوتٍ ചില വീടുകളിലാണ് أَذِنَ اللَّـهُ അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു أَن تُرْفَعَ അവ ഉയര്‍ത്തപ്പെടുവാന്‍ وَيُذْكَرَ സ്മരിക്കപ്പെടുവാനും, കീര്‍ത്തനം ചെയ്യപ്പെടുവാനും فِيهَا അവയില്‍വെച്ചു اسْمُهُ തന്റെ നാമം يُسَبِّحُ തസ്ബീഹ് (മഹത്വപ്രകീര്‍ത്തനം) ചെയ്യപ്പെടുന്നു لَهُ അവന്നു فِيهَا അവയില്‍വെച്ചു بِالْغُدُوِّ രാവിലെ, കാലത്തു وَالْآصَالِ സന്ധ്യാസമയങ്ങളിലും, വൈകുന്നേരവും

24:37

  • رِجَالٌ لَّا تُلْهِيهِمْ تِجَـٰرَةٌ وَلَا بَيْعٌ عَن ذِكْرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ ٱلْقُلُوبُ وَٱلْأَبْصَـٰرُ ﴾٣٧﴿
  • ചില ആളുകള്‍; അല്ലാഹുവിന്റെ സ്മരണ, നമസ്കാരം നിലനിറുത്തല്‍, സക്കാത്ത് കൊടുക്കല്‍ എന്നിവയില്‍ നിന്ന് കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ, അവരെ മിനക്കെടുത്തുകയില്ല! (അങ്ങിനെയുള്ളവരാണ് തസ്ബീഹ് നടത്തുന്നത്;)- ഹൃദയങ്ങളും, ദൃഷ്ടികളും അവതാളത്തിലായിപ്പോകുന്ന ഒരു ദിവസത്തെ [ഖിയാമത്തുനാളിനെ] അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു-;
  • رِجَالٌ ചില പുരുഷന്‍മാര്‍, ആളുകള്‍ لَّا تُلْهِيهِمْ അവരെ മിനക്കെടുത്തുക (ശ്രദ്ധവിടുത്തുക)യില്ല تِجَارَةٌ കച്ചവടം (ആകട്ടെ) وَلَا بَيْعٌ വ്യാപാരവും ഇല്ല, വ്യാപാരമാകട്ടെ (ഇല്ല) عَن ذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയില്‍നിന്നു وَإِقَامِ الصَّلَاةِ നമസ്കാരം നിലനിറുത്തുന്നതില്‍നിന്നും وَإِيتَاءِ الزَّكَاةِ സകാത്തു കൊടുക്കുന്നതില്‍ നിന്നും يَخَافُونَ അവര്‍ ഭയപ്പെടുന്നു يَوْمًا ഒരു ദിവസത്തെ تَتَقَلَّبُ അവതാളത്തിലാകുന്നു, മറിഞ്ഞുപോകുന്നു فِيهِ അതില്‍ الْقُلُوبُ ഹൃദയങ്ങള്‍ وَالْأَبْصَارُ ദൃഷ്ടികളും, കണ്ണുകളും

24:38

  • لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا عَمِلُوا۟ وَيَزِيدَهُم مِّن فَضْلِهِۦ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ ﴾٣٨﴿
  • അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നല്ലതിന് അല്ലാഹു അവര്‍ക്കു പ്രതിഫലം നല്‍കുവാനും, അവന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്കു വര്‍ദ്ധിപ്പിച്ചു കൊടുക്കുവാനും വേണ്ടിയത്രെ (അവരതു ചെയ്യുന്നത്). അല്ലാഹുവാകട്ടെ, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ കണക്കില്ലാതെ കൊടുത്തരുളുന്നതാകുന്നു.
  • لِيَجْزِيَهُمُ അവര്‍ക്കു പ്രതിഫലം നല്‍കുവാന്‍വേണ്ടി اللَّـهُ അല്ലാഹു أَحْسَنَ വളരെ നല്ലതിന്നു مَا عَمِلُوا അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ وَيَزِيدَهُم അവര്‍ക്കു അവന്‍ വര്‍ദ്ധിപ്പിക്കുവാനും مِّن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍, അനുഗ്രഹത്തില്‍നിന്നു وَاللَّـهُ അല്ലാഹു يَرْزُقُ അവന്‍ കൊടുത്തരുളുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു بِغَيْرِ حِسَابٍ കണക്കില്ലാതെ

مِشْكَاة (മാടം) കൊണ്ട് ഉദ്ദേശ്യം ചുവരുകളിലും മറ്റും തിരിവിളക്കുകള്‍ വെക്കുന്നതിന് ഉണ്ടാക്കപ്പെടുന്ന പൊത്താകുന്നു. പരിഷ്കരിച്ച മണ്ണെണ്ണ വിളക്കുകളും, വൈദ്യുത വിളക്കുകളുമെല്ലാം നടപ്പില്‍ വരുന്നതിനു മുമ്പ്, കാറ്റുമൂലം വിളക്ക് കെട്ടുപോകാതിരിപ്പാനും, വെളിച്ചം ശരിക്ക് കാണുവാനുമായിരുന്നു ഇവ ഉണ്ടാക്കപ്പെട്ടിരുന്നത്. ‘പൗരസ്ത്യവും, പാശ്ചാത്യവുമല്ലാത്ത’ – അല്ലെങ്കില്‍ കിഴക്കും പടിഞ്ഞാറുമുള്ളതല്ലാത്ത ‘ഒലീവ്’ (زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ) എന്ന് പറഞ്ഞതിനെ പണ്ഡിതന്‍മാര്‍ പലതരത്തില്‍ വ്യാഖ്യാനിച്ചു കാണുന്നു. പൗരസ്ത്യവും പാശ്ചാത്യവുമല്ലാത്ത സീനാ പ്രദേശങ്ങളില്‍ വളരുന്നത്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വെയില്‍ കൊള്ളാവുന്ന സ്ഥലത്തുള്ളത്, സാധാരണ നാടുകളിലൊന്നും കാണപ്പെടാത്ത തരത്തിലുള്ളത്, എന്നിങ്ങിനെ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടുകാണാം. ഏതഭിപ്രായം എടുത്താലും ശരി, അസാധാരണവും ഉയര്‍ന്ന ജാതിയുമായ ഒരു തരം സൈത്തൂന്‍ (ഒലീവ് മരത്തില്‍) നിന്ന് എടുക്കപ്പെടുന്ന വിശേഷതരം എണ്ണകൊണ്ടാണ് ആ വിളക്ക് കത്തിക്കപ്പെടുന്നത് എന്ന് സാരമാകുന്നു. ‘ഉയര്‍ത്തപ്പെടുവാനും തന്റെ നാമം സ്മരിക്കപ്പെടുവാനും അല്ലാഹു അനുവാദം നല്‍കിയ വീടുകള്‍’ എന്ന് പറഞ്ഞത് അല്ലാഹുവിന്റെ പള്ളികളാണ്. അവ വന്ദിക്കപ്പെടേണ്ടതും, അല്ലാഹുവിന്റെ ‘ദിക്റി’നു വേണ്ടി സ്ഥാപിക്കപ്പെട്ടതുമാണല്ലോ.

ഹൃദയമുള്ളവര്‍ക്ക് ചിന്തിക്കുവാനും, കണ്ണുള്ളവര്‍ക്ക് കാണുവാനും, കാതുള്ളവര്‍ക്ക് കേള്‍ക്കുവാനും സത്യാന്വേഷികള്‍ക്ക് കാര്യം മനസ്സിലാക്കുവാനും, ഭാഗ്യവാന്‍മാര്‍ക്ക് വിജയം സിദ്ധിക്കുവാനും മതിയായ പ്രകൃതിദൃഷ്ടാന്തങ്ങള്‍, ദിവ്യലക്ഷ്യങ്ങള്‍, വേദപ്രമാണങ്ങള്‍, പ്രവാചകാദ്ധ്യാപനങ്ങള്‍ ആദിയായവ മുഖേന ആകാശഭൂമിയിലുള്ളവര്‍ക്കെല്ലാം സത്യപ്രകാശം നല്‍കിയവന്‍ അല്ലാഹുവത്രെ. ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്ന് സന്മ്മാര്‍ഗ്ഗത്തിലേക്കും, ദൗര്‍ഭാഗ്യത്തില്‍നിന്ന് സൗഭാഗ്യത്തിലേക്കും, പരാജയത്തില്‍നിന്ന് വിജയത്തിലേക്കും, അജ്ഞാനാന്ധകാരത്തില്‍ നിന്ന് വിജ്ഞാന  വെളിച്ചത്തിലേക്കും, പരിഭ്രമത്തില്‍നിന്ന് ശാന്തിയിലേക്കും, ദൗര്‍ഭാഗ്യത്തില്‍നിന്ന് സൗഭാഗ്യത്തിലേക്കും, പരിഭ്രമത്തില്‍നിന്ന് ശാന്തിയിലേക്കും വെളിച്ചം നല്‍കുന്ന പ്രകാശം അല്ലാഹുവിന്റേതത്രെ. ശരീരത്തിനും, ആത്മാവിനും, മനസ്സിനും, കണ്ണിനും വെളിച്ചം നല്‍കുന്നതും ആ പ്രകാശം തന്നെ. സകലചരാചരങ്ങള്‍ക്കും അതതിന്റെ ആകൃതവും പ്രാകൃതവുമായ സവിശേഷതകളിലേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വെളിച്ചവും അവനില്‍നിന്നുതന്നെ. സൂര്യനും, സൂര്യനെ വെല്ലുന്ന കോടാനുകോടി നക്ഷത്രലോകങ്ങള്‍ക്കും വെളിച്ചം നല്‍കുന്നതും, പരമാണുവിലെ പരമരഹസ്യത്തിലേക്ക് വെളിച്ചം കാട്ടുന്നതും അതേ പ്രകാശം ഒന്നുതന്നെ. അതെ, അഖിലാണ്ഡവും, അഖില വസ്തുക്കളും ആ പ്രകാശത്തിനാല്‍ മാത്രം പ്രകാശിതമാകുന്നു. എവിടെ, എന്ത്, എങ്ങിനെ, അന്ധകാരമയമല്ലാതിരിക്കുന്നുവോ അവിടെ, അത്, അപ്രകാരം പ്രകാശമയമാകുന്നത് ആ പ്രകാശത്താല്‍ മാത്രമായിരിക്കും. എല്ലാം അല്ലാഹുവിന്റെ പ്രകാശം! അവനത്രെ ആകാശഭൂമികളുടെ പ്രകാശം! اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ

അളന്നോ, മറ്റോ കണക്കാക്കാവതല്ല, അവന്റെ പ്രകാശം. അതിന്റെ പ്രഭയും പ്രഭാവവും ഭാവനക്കതീതമാകുന്നു. ക്ളിപ്തത്തിന് ഒരിക്കലും അത് വിധേയമല്ല. ബുദ്ധിക്കോ യുക്തിക്കോ അതിനെ തിട്ടപ്പെടുത്തുകയും സാധ്യമല്ല. ഖുര്‍ആന്റെ അവതരണകാലത്തെ പരിതസ്ഥിതികളെ കണക്കിലെടുത്തുകൊണ്ട്, പരിമിതവും സുപരിചിതവുമായ ചില വസ്തുക്കളോട് ഉദാഹരിച്ചുകൊണ്ട് ഒരു ഉപമ പറയുകയാണെങ്കില്‍ – അഥവാ ഓരോരുവന്റെ മനസ്സാന്നിദ്ധ്യത്തിന്റെയും, മനോവികാസത്തിന്റെയും തോതനുസരിച്ച് ഗ്രഹിക്കാവുന്ന ഒരു ചിത്രീകരണം നല്‍കുകയാണെങ്കില്‍ – അതിനെ വിളക്കു വെച്ചിട്ടുള്ള ഒരു മാടത്തോട് ഉപമിക്കാവുന്നതാണ്. مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ

വിളക്ക് മാടത്തിലായതുകൊണ്ട് കാറ്റിനാലോ മറ്റോ കെട്ടുപോകയില്ല, അതിന്റെ വെളിച്ചനാളം ചരിഞ്ഞും വളഞ്ഞുംകൊണ്ടിരിക്കയുമില്ല. വേണ്ട സ്ഥലത്തേക്കു നേര്‍ക്കുനേരെ, ശോഭയോടെ, പ്രകാശം നല്‍കിക്കൊണ്ടിരിക്കും. എന്നാല്‍, മാടം കേവലം സാധാരണ മാടമല്ല. കാരണം, അതിലെ വിളക്ക് ഒരു പ്രത്യേക തരം വിളക്കാകുന്നു. ആ വിളക്ക് ഒരു സ്ഫടികത്തിലാണുള്ളത്. الْمِصْبَاحُ فِي زُجَاجَةٍ. അതിനാല്‍, വിളക്കിന് ഭദ്രതയും, ശോഭയും, അഴകും – എല്ലാം തന്നെ – ഒരുപോലെ ഒത്തിണങ്ങിയിരിക്കുകയാണ്. ഈ സ്ഫടികമാകട്ടെ, സാധാരണമായ പളുങ്കോ, ചിമ്മിനിയോ അല്ല; മിന്നിത്തിളങ്ങി പ്രശോഭിതമായികൊണ്ടിരിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു! الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ. അത് സ്വയംതന്നെ അത്രമേല്‍ ശോഭാപൂരിതമത്രെ. എന്നിരിക്കെ, അതില്‍ വിളക്കു കൂടി ഉണ്ടായാലുള്ള അവസ്ഥ പറയേണ്ടതുണ്ടോ?!

വിളക്കു കത്തിക്കുവാന്‍ ഉപയോഗിച്ച എണ്ണയാകട്ടെ, ഏറ്റവും വിശേഷപ്പെട്ട ഒലീവെണ്ണ. സാധാരണ ഒലീവു വൃക്ഷത്തില്‍ നിന്നുള്ളതല്ല. പരിശുദ്ധ താഴ്വരയില്‍ (بِالْوَادِي الْمُقَدَّس) വളരുന്നതും, സീനാമലയില്‍നിന്ന് ഉല്‍പാദിക്കുന്നതും (وَشَخَرَة تَخْرُجُ مِنْ طُورِ سِينَاءِ). സകലഅംശങ്ങളും ഉപയോഗപ്രദവുമായ ഒരു സവിശേഷ വൃക്ഷമാണത്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലോ കിഴക്കന്‍ പ്രദേശങ്ങളിലോ ഒന്നുംതന്നെ അത്തരം വൃക്ഷം കാണപ്പെടുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, ആ വിളക്ക് കത്തിക്കപ്പെടുന്നത് – അഥവാ അതിനുള്ള എണ്ണ എടുക്കുന്നതു – പൗരസ്ത്യവും പാശ്ചാത്യവുമല്ലാത്ത അനുഗ്രഹീതമായ ഒലീവുവൃക്ഷത്തില്‍നിന്നാകുന്നു. يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ. സാധാരണ എണ്ണ വിളക്കുകളും വാതകവിളക്കുകളും കത്തിക്കുവാന്‍ തീ കൂടാതെ കഴിയുകയില്ല. വൈദ്യുത വിളക്കാകട്ടെ – എണ്ണയും തീയും ആവശ്യമില്ലെങ്കിലും – അതിനും രണ്ട് വസ്തുക്കള്‍ തമ്മില്‍ സംബന്ധിക്കേണ്ടതുണ്ട്. (*). നമ്മുടെ വിളക്ക് ഇക്കാര്യത്തിലും വ്യത്യസ്തമാണ്. അതിലെ എണ്ണ തീ സ്പര്‍ശിച്ചില്ലെങ്കില്‍പോലും, സ്വയം തന്നെ വെളിച്ചം നല്‍കുമാറാകുന്നതാണ്! يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ആകയാല്‍ അതു മറ്റുള്ളതിനെ കരിച്ചുകളയുകയില്ല, വായുകിട്ടാത്തപക്ഷം ശോഭിക്കാതിരിക്കുകയുമില്ല. കാരണം, അത് സാധാരണമായ തീ വെളിച്ചമല്ല – പ്രകാശത്തിന്‍മേല്‍ പ്രകാശമാണ്! نُّورٌ عَلَىٰ نُورٍ


(*). അഥവാ ജനനശക്തിയും ഹനനശക്തിയും കൂടി (الإيجابية والسلبية അല്ലെങ്കില്‍ Positive & Negative) സമ്മേളിക്കേണ്ടതുണ്ട്.


ആകാശങ്ങളും, ഭൂമിയുമെല്ലാം പ്രശോഭിതമാക്കിയ ആ പ്രകാശത്തെ – യാഥാര്‍ത്ഥ്യവും, വണ്ണവലിപ്പവും ഭാവനകൊണ്ട് നിര്‍ണ്ണയിക്കുക സാധ്യമല്ലാത്ത ആ മഹത്തായ പ്രകാശത്തെ – അതിന്റെ ശരിക്കുശരിയും, സസൂക്ഷ്മവുമായ രൂപത്തില്‍ മനസ്സിലാക്കുവാന്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് സാധിക്കുക?! അല്ലാഹുവിന്റെ അനുഗ്രഹവും മാര്‍ഗ്ഗദര്‍ശനവും ആര്‍ക്ക് ലഭിക്കുന്നുവോ അവര്‍ക്ക് മാത്രമേ അത് ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളു. അതെ, അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശത്തിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു! يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ. ഈ മഹാ പ്രകാശത്തെപ്പറ്റി ഉപമാരൂപത്തില്‍ ചിത്രീകരിച്ചു കാണിക്കപ്പെടുവാന്‍ മാത്രമേ മനുഷ്യബുദ്ധി പ്രാപ്തമാകുകയുള്ളു. അതുകൊണ്ട് മനുഷ്യനു ചിന്തിച്ചു മനസിലാക്കുവാനായി ഖുര്‍ആനില്‍ ധാരാളം ഉപമകളും ഉദാഹരണങ്ങളും അല്ലാഹു വിവരിച്ചു കൊടുക്കുന്നു. وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ. മനുഷ്യരുടെ എല്ലാ സ്ഥിതിഗതികളുമടക്കം സകല കാര്യങ്ങളും അല്ലാഹു അറിയുന്നവനാണ്. وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ. ആര്‍ക്കെല്ലാമാണ്‌ അവന്റെ മാര്‍ഗ്ഗദര്‍ശനം ഉപയോഗപ്പെടുക, ആരെല്ലാമാണ് അതിനെ നിരസിച്ചു കളയുക, ആരെല്ലാമാണ് അതുമൂലം വിജയികളായിത്തീരുക എന്നിവയും അവന്‍ അറിയുന്നു.

ഇവിടെ വിളക്കുമാടത്തോട് സാദൃശ്യപ്പെടുത്തപ്പെട്ടിട്ടുള്ളത് സത്യവിശ്വാസികളുടെ ഹൃദയവും, വിളക്കിനോട് ഉപമിക്കപ്പെട്ടിരിക്കുന്നത് ഖുര്‍ആന്റെ മാര്‍ഗ്ഗദര്‍ശനവുമാണെന്നാണ് ഇബ്നു അബ്ബാസ് (رضي الله عنه), ഉബയ്യുബ്നു കഅ്ബ് (رضي الله عنه) മുതലായവര്‍ പറഞ്ഞിട്ടുള്ളത്. ഈ അടിസ്ഥാനത്തില്‍, മുന്‍ഗാമികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇമാം ഇബ്നു ജരീര്‍ (رحمه الله) ഈ ഉപമയെ വിവരിച്ചു കാണാം. അതിന്റെ ചുരുക്കസാരം ഇപ്രകാരം മനസ്സിലാക്കാം: ‘സ്ഫടികം പോലെ തെളിഞ്ഞും, കറപിടിക്കാതെയും സത്യവിശ്വാസിയുടെ നെഞ്ഞിനകത്ത് നിലകൊള്ളുന്ന പ്രശോഭിതമായ ഹൃദയം – അതിന്റെ നേരായ ചിന്താഗതിയും, ബോധപൂര്‍വ്വകമായ വിശ്വാസദാര്‍ഢ്യവും നിമിത്തം – സ്വയംതന്നെ നേര്‍മാര്‍ഗ്ഗത്തിന്റെ പ്രകാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. അതോടുകൂടി, വ്യക്തങ്ങളായ തെളിവുകളും ലക്ഷ്യങ്ങളുമാകുന്ന ഖുര്‍ആന്റെ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ പ്രകാശമയമായിത്തീരുന്നു. അതെ പ്രകാശത്തിന്നുമേല്‍ പ്രകാശവും, സന്‍മാര്‍ഗ്ഗത്തിനുമേല്‍ സന്‍മാര്‍ഗ്ഗവും!’ ഈ ചിത്രീകരണം തുടര്‍ന്നുള്ള ആയത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്നതാണെന്നു കാണാം.

മേല്‍ വിവരിച്ച വിളക്ക് സ്ഥിതിചെയ്യുന്നതും, പ്രകാശം പരത്തികൊണ്ടിരിക്കുന്നതുമായ സ്ഥലം ഏതാണ്? ‘അല്ലാഹുവിന്റെ വീടുകള്‍’ (بُيُوتُ اللَّـهِ) എന്ന പേരുകൊണ്ട് ബഹുമാനിക്കപ്പെട്ട പള്ളികളാണത്. അവ നിര്‍മ്മിക്കപ്പെടുവാനും, വന്ദിക്കപ്പെടുവാനും, തന്റെ നാമം അതില്‍വെച്ചു കീര്‍ത്തിക്കപ്പെടുവാനും, ഓര്‍മ്മിക്കപ്പെടുവാനും തന്റെ ആരാധനാകര്‍മ്മങ്ങള്‍ മുഖേന അലങ്കരിച്ച് ഉന്നതപ്പെടുത്തുവാനും അല്ലാഹു ഉത്തരവിട്ടിരിക്കുന്നു. ‘അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചുകൊണ്ട് ആരെങ്കിലും ഒരു പള്ളി സ്ഥാപിക്കുന്നതായാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ അതുപോലെയുള്ളതൊന്ന് അല്ലാഹു നിര്‍മ്മിച്ചു കൊടുക്കുന്നതാണ്.’ എന്ന് നബി (صلّى الله عليه وسلّم) തിരുമേനിയും അരുളിച്ചെയ്തിരിക്കുന്നു. (*). അങ്ങനെ, ഉയര്‍ത്തപ്പെടുവാനും, അല്ലാഹുവിന്റെ നാമം കീര്‍ത്തിക്കപ്പെടുവാനും അല്ലാഹു അനുമതി കൊടുത്തിട്ടുള്ള ഭവനങ്ങളിലാണ് അതുള്ളത്. فِي بُيُوتٍ أَذِنَ اللَّـهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ.


(*). ഹദീസ് ഇതാണ്: مَنْ بَنَى مَسْجِدًا ، يبتغي به وجه الله بَنَى اللَّهُ لَهُ مِثْلَهُ فِي الْجَنَّةِ


പ്രസ്തുത പള്ളികളാകട്ടെ, ജനപ്പെരുമാറ്റമില്ലാതെ ശൂന്യമായിക്കിടക്കുന്നവയല്ല; വെള്ളിയാഴ്ചയിലോ, മറ്റോ മാത്രം തുറക്കപ്പെടുന്നവയുമല്ല; വിളക്കിന്റെ പ്രകാശം നിത്യവും തന്നെ അവിടെ ആസ്വദിക്കപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും – സദായ്പ്പോഴും – അതില്‍വെച്ചു അല്ലാഹുവിന്റെ സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നുണ്ട്. يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ. ഈ വിശുദ്ധ കീര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളോ അവര്‍ക്ക് വേറെ ജോലികളൊന്നും ഇല്ലാത്തതുകൊണ്ട് അതിനു മിനക്കെട്ടിരിക്കുകയല്ല. അവര്‍ക്ക് മക്കളും കുടുംബങ്ങളുമുണ്ട്. അവര്‍ക്കുവേണ്ടി – തങ്ങള്‍ക്കുവേണ്ടിത്തന്നെയും – കച്ചവടം, വ്യാപാരം മുതലായ ജോലിത്തിരക്കുകളും അവര്‍ക്കുണ്ട്. ‘ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും അല്ലാഹുവിന്റെ സ്മരണയില്‍നിന്ന് നിങ്ങളെ മിനക്കെടുത്തിക്കളയരുത്.’ എന്നും (സൂ: മുനാഫിഖൂന്‍ 9). മറ്റുമുള്ള തിരുവചനങ്ങളെ തികച്ചും, അവര്‍ അനുസരിച്ചു വരുകയാണ്. ആകയാല്‍ കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ, അല്ലാഹുവിന്റെ സ്മരണയില്‍നിന്നും, നമസ്കാരം നിലനിറുത്തുന്നതില്‍നിന്നും, സകാത്തു കൊടുക്കുന്നതില്‍നിന്നും മിനക്കെടുത്താതെ – മുടക്കിക്കളയാത്ത – ആളുകളാണ് അവര്‍. رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ.

അവര്‍ അല്ലാഹുവിന്റെ സ്മരണയിലും, നമസ്കാരാദി പുണ്യകര്‍മ്മങ്ങളിലും വ്യാപൃതരാകുവാനും, ദാനധര്‍മ്മങ്ങളില്‍ താല്‍പര്യമുള്ളവരായിരിക്കുവാനും കാരണമെന്ത്? കേവലം ചില ആചാരങ്ങളെന്ന നിലക്കോ, ജനമദ്ധ്യെ പേര് ലഭിക്കുവാനോ ഒന്നുമല്ല അവരങ്ങിനെ ചെയ്യുന്നത്. ഒരു ദിവസം വരുവാനുണ്ട്: അന്ന് മനുഷ്യന്റെ സകലകര്‍മ്മങ്ങളെപ്പറ്റിയും അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടും, അവരവര്‍ ചെയ്ത സല്‍ക്കര്‍മ്മങ്ങളല്ലാതെ അന്ന് ആര്‍ക്കും ഉപയോഗപ്പെടുകയില്ല, എന്നൊക്കെ അവര്‍ക്ക് ബോധമുണ്ട്. ആ ദിവസത്തിന്റെ ഭയങ്കരത നിമിത്തം ഹൃദയങ്ങളും ദൃഷ്ടികളുമെല്ലാം പേടിച്ചു വിറച്ചു നിലതെറ്റി അവതാളപ്പെട്ടുപോകുന്നതാണ്. ആ ദിവസത്തെ അവര്‍ ഭയപ്പെടുകയാണ്. يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ. ഇതാണ് അതിനു കാരണം. എന്നാല്‍ വെറും ഭയം നിമിത്തം അവരങ്ങിനെ ചെയ്തുവരുവാന്‍ നിര്‍ബ്ബന്ധിതരായിത്തീര്‍ന്നുവെന്നല്ലാതെ, മറ്റൊരു കാര്യലാഭവും അവര്‍ക്കതു മൂലം പ്രതീക്ഷിക്കുവാനില്ലേ? നിശ്ചയമായും ഉണ്ട്: അന്നത്തെ ദിവസം ശിക്ഷയില്‍നിന്ന് ഒഴിവായിക്കിട്ടുക മാത്രമല്ല, വമ്പിച്ച പ്രതിഫലവും അവര്‍ക്ക് ലഭിക്കുന്നതാണ്. അതവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവര്‍ പ്രവര്‍ത്തിക്കുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുവാനും, അവന്റെ വകയായി അവന്റെ അനുഗ്രഹം വര്‍ദ്ധിപ്പിച്ചു കൊടുക്കുവാനും വേണ്ടിയാണ് അവര്‍ അതനുഷ്ഠിക്കുന്നത്. لِيَجْزِيَهُمُ اللَّـهُ أَحْسَنَ مَا عَمِلُوا وَيَزِيدَهُم مِّن فَضْلِهِ. അതിനാല്‍, ആ ദിവസത്തിന്റെ ഭയം മാത്രമല്ല, ആവേശവും, പ്രതീക്ഷയും കൂടിയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്.

അല്ലാഹുവാകട്ടെ, അവന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് കണക്കില്ലാതെ നല്‍കുന്നതുമാകുന്നു. وَاللَّـهُ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ. എന്നിരിക്കെ, അവര്‍ക്ക് അവന്റെ പക്കല്‍നിന്ന് എന്തുതന്നെ പ്രതീക്ഷിച്ചുകൂടാ? അല്ലാഹുവേ! നിന്റെ കണക്കറ്റ അനുഗ്രഹത്താല്‍, ഞങ്ങളുടെ മേല്‍ ദയവുണ്ടായി, ഞങ്ങളെയെല്ലാം നിന്റെ ഇത്തരം സദ്‌വൃത്തരായ അടിയാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിത്തരേണമേ! آمين

കഴിഞ്ഞ ആയത്തുകളില്‍ പ്രസ്താവിച്ചിരുന്നത് അല്ലാഹുവിന്റെ മാര്‍ഗ്ഗദര്‍ശനമാകുന്ന പ്രകാശത്തിന്റെയും, ആ പ്രകാശത്തിന്റെ വെളിച്ചത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് സല്‍ഭാഗ്യം പ്രാപിച്ചവരുടെയും ഉപമയായിരുന്നു. അടുത്ത വചനങ്ങളില്‍ അതിന്റെ മറുവശത്തെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്.

24:39

  • وَٱلَّذِينَ كَفَرُوٓا۟ أَعْمَـٰلُهُمْ كَسَرَابٍۭ بِقِيعَةٍ يَحْسَبُهُ ٱلظَّمْـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمْ يَجِدْهُ شَيْـًٔا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥ ۗ وَٱللَّهُ سَرِيعُ ٱلْحِسَابِ ﴾٣٩﴿
  • അവിശ്വസിച്ചിട്ടുള്ളവരാകട്ടെ, അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ കാനല്‍ (ജലം) പോലെയാകുന്നു: ദാഹിച്ചവന്‍, അതു വെള്ളമാണെന്നു ധരിക്കുന്നു; അങ്ങനെ, അവന്‍ അതിന്നടുത്തു ചെല്ലുമ്പോള്‍ അതിനെ യാതൊരു വസ്തുവായും കണ്ടെത്തുകയില്ല; അവന്‍ അതിനടുത്ത് അല്ലാഹുവിനെ കണ്ടെത്തുന്നതാണ്; അപ്പോള്‍ അവന്റെ വിചാരണ അവന്‍ [അല്ലാഹു] തികച്ചും നടത്തുന്നതാകുന്നു. അല്ലാഹു വിചാരണ വേഗം കഴിക്കുന്നവനത്രെ.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരാകട്ടെ أَعْمَالُهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ كَسَرَابٍ ഒരു കാനല്‍ (കാനല്‍ജലം) പോലെയാണ് بِقِيعَةٍ മരുഭൂമിയിലുള്ള يَحْسَبُهُ അതിനെ കണക്കാക്കുന്നു, ധരിക്കുന്നു الظَّمْآنُ ദാഹിച്ചവന്‍ مَاءً വെള്ളമാണെന്നു حَتَّىٰ إِذَا جَاءَهُ അങ്ങനെ അവന്‍ അതിന്നടുത്തു ചെന്നാല്‍, ചെല്ലുമ്പോള്‍ لَمْ يَجِدْهُ അതിനെ അവന്‍ കണ്ടെത്തുകയില്ല شَيْئًا ഒരു വസ്തുവായും, ഒരു സാധനമായും وَوَجَدَ അവന്‍ കണ്ടെത്തുകയും ചെയ്യും اللَّـهَ അല്ലാഹുവിനെ عِندَهُ അതിനടുത്ത فَوَفَّاهُ അപ്പോള്‍ (എന്നിട്ടു) അവന്‍ അവന്നു നിറവേറ്റികൊടുക്കും (തികച്ചും നടത്തും) حِسَابَهُ അവന്റെ വിചാരണ وَاللَّـهُ അല്ലാഹു سَرِيعُ الْحِسَابِ വിചാരണ വേഗം കഴിക്കുന്നവനാണ്‌, വേഗം വിചാരണചെയ്യുന്നവനാണ്

24:40

  • أَوْ كَظُلُمَـٰتٍ فِى بَحْرٍ لُّجِّىٍّ يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ مِّن فَوْقِهِۦ سَحَابٌ ۚ ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ ﴾٤٠﴿
  • അല്ലെങ്കില്‍, (അവരുടെ കര്‍മ്മങ്ങള്‍) ആഴമേറിയ ഒരു സമുദ്രത്തിലെ അന്ധകാരങ്ങളെപ്പോലെയാകുന്നു: അതിനെ [ആ സമുദ്രത്തെ] തിരമാല മൂടിക്കൊണ്ടിരിക്കുന്നു; അതിനുമീതെയും തിരമാലയുണ്ട്; അതിനുമീതെ കാര്‍മേഘവും! – (അങ്ങിനെ) ഒന്നിനുമീതെ ഒന്നായിക്കൊണ്ടുള്ള (വിവിധ) അന്ധകാരങ്ങള്‍! തന്റെ കൈകള്‍ പുറത്തുകാട്ടിയാല്‍ അവന് അതു കാണുമാറാകയില്ല (അത്രയും വമ്പിച്ചഇരുട്ട്)! അല്ലാഹു ആര്‍ക്ക് പ്രകാശം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടില്ലയോ, അവന് യാതൊരു പ്രകാശവും ഇല്ലതന്നെ.
  • أَوْ അല്ലെങ്കില്‍ كَظُلُمَاتٍ ചില അന്ധകാരങ്ങളെ (ഇരുട്ടുകളെ) പ്പോലെയാണ് فِي بَحْرٍ ഒരു സമുദ്രത്തിലെ لُّجِّيٍّ ആഴമേറിയ يَغْشَاهُ അതിനെ മൂടുന്നു مَوْجٌ തിരമാല مِّن فَوْقِهِ അതിനു മീതെയുമുണ്ടു مَوْجٌ തിരമാല مِّن فَوْقِهِ അതിനുമീതെയുണ്ടു سَحَابٌ കാര്‍മേഘം ظُلُمَاتٌ അന്ധകാരങ്ങള്‍, ഇരുട്ടുകള്‍ بَعْضُهَا അവയില്‍ ചിലതു فَوْقَ بَعْضٍ ചിലതിനു മീതെയാണ് (ഒന്നൊന്നിനു മീതെയാണ്) إِذَا أَخْرَجَ അവന്‍ പുറത്തുകാട്ടിയാല്‍ يَدَهُ തന്റെ കൈ لَمْ يَكَدْ ആകാറാവുകയില്ല يَرَاهَا അവനതു കാണു(മാറു) وَمَن ആര്‍, ഏതൊരാള്‍ لَّمْ يَجْعَلِ اللَّـهُ അല്ലാഹു ഏര്‍പ്പെടുത്തിക്കൊടുത്തില്ല لَهُ അവനു نُورًا പ്രകാശം فَمَا لَهُ എന്നാല്‍ അവന്നില്ല مِن نُّورٍ യാതൊരു പ്രകാശവും

അല്ലാഹുവിന്റെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ സ്വീകരിക്കാത്ത അവിശ്വാസികള്‍ ഈ ലോകത്തുവെച്ചു ചെയ്യുന്ന കര്‍മ്മങ്ങള്‍, അവരുടെ അവിശ്വാസം നിമിത്തം ഫലശൂന്യമായിരിക്കുമെന്നു ഈ ഉദാഹരണങ്ങള്‍മൂലം അല്ലാഹു വെളിപ്പെടുത്തുന്നു. രണ്ട് ഉദാഹരണങ്ങളാണ് ഇവിടെ പറഞ്ഞത്. ഒന്നാമത്തേത്: ദാഹിച്ചു വലഞ്ഞ ഒരാള്‍ വെള്ളത്തിന്ന് ആര്‍ത്തിയോടെ, ഒഴിഞ്ഞ സമതല പ്രദേശത്തേക്ക് നോക്കുമ്പോള്‍, അകലെ വെയിലില്‍ മിനുങ്ങിക്കാണുന്ന കാനല്‍ ഒരു ജലാശയമാണെന്ന് വിചാരിച്ച് മുന്നോട്ടുചെന്നു നോക്കുമ്പോള്‍ അവിടെ യാതൊന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. അതുപോലെ, പരലോകത്തുവെച്ച് ഏറ്റവും വിഷമം പിടിച്ച ആ സന്ദിഗ്ദ്ധഘട്ടത്തില്‍ തന്റെ കര്‍മ്മങ്ങള്‍കൊണ്ട് താന്‍ പ്രതീക്ഷിച്ചിരുന്ന യാതൊരു പ്രയോജനവും ലഭിക്കാതെ വരുമെന്നു സാരം. മറ്റൊരു സ്ഥലത്ത് അവരെപ്പറ്റി അല്ലാഹു പറയുന്നു:

وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَل فَجَعَلْنَاهُ هَبَاء مَنْثُورًا – الفرقان

സാരം: അവര്‍ വല്ല കര്‍മ്മവും പ്രവര്‍ത്തിച്ചിട്ടുള്ളതിലേക്ക് ചെന്നു് നാം അതിനെ വിതറപ്പെട്ട ധൂളിയാക്കിക്കളയുന്നതാണ്.). ചെയ്ത കര്‍മ്മങ്ങള്‍ പാഴായിപ്പോകുന്നതുകൊണ്ടും കാര്യം അവസാനിക്കുന്നില്ല. കര്‍മ്മഫലം അനുഭവിക്കേണ്ടുന്ന സ്ഥാനത്തു അല്ലാഹുവിന്റെ വിചാരണയും, ശിക്ഷയും അഭിമുഖീകരിക്കേണ്ടിവരികയും ചെയ്യും. തങ്ങളുടെ ചെയ്തികളില്‍ ഒന്നൊഴിയാതെ, സകലത്തെക്കുറിച്ചും അല്ലാഹു പൂര്‍ണ്ണവും വിശദവുമായി വിചാരണ നടത്തുകയും, അനന്തരം തക്കശിക്ഷ കല്‍പിക്കുകയും ചെയ്യും. വിചാരണ ചെയ്യപ്പെടുന്നവരുടെ ആധിക്യമോ, വിസ്തരിച്ച് വിശദീകരിച്ചുകൊണ്ടുള്ള അതിന്റെ സ്വഭാവമോ ഒന്നുംതന്നെ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല. ഒന്നു് മറ്റൊന്നിന് തടസ്സമായിത്തീരുന്നതുമല്ല. എല്ലാം വേഗത്തില്‍ വിചാരണ കഴിക്കുന്നതാകുന്നു. ഇതിനെക്കുറിച്ചു കൂടുതല്‍ വിവരം സൂ: മആരിജ് മുതലായ ചില സൂറത്തുകളില്‍ വരുന്നതാണ്. إن شاء الله

രണ്ടാമത്തെ ഉപമ മിക്കവാറും അവിശ്വാസികളുടെ ഈ ജീവിതത്തിലെ അവസ്ഥയെയാണ് കാണിക്കുന്നത്. അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനങ്ങളൊന്നും വകവെക്കായ്ക നിമിത്തം അവന്റെ പ്രകാശം ആസ്വദിക്കുവാന്‍ കഴിയാതെ അവര്‍ വമ്പിച്ച അന്ധകാരത്തില്‍ കഴിഞ്ഞു കൂടുകയാണ്. കാര്‍മേഘത്തോളം വരുന്ന ഉയരത്തില്‍ മേല്‍ക്കുമേല്‍ തിരമാലകളും അതിനുമീതെ കാര്‍മേഘവും കൂടി ഇരുളടഞ്ഞ ഒരു വമ്പിച്ച മഹാ സമുദ്രത്തില്‍ പെട്ടവരെപ്പോലെ , വിവിധ അന്ധകാരങ്ങളില്‍ മുഴുകിക്കൊണ്ടാണവര്‍ കഴിഞ്ഞുകൂടുന്നത്. വിശ്വാസത്തിലും അന്ധകാരം, വാക്കിലും അന്ധകാരം, പ്രവൃത്തിയിലും അന്ധകാരം, ഇങ്ങിനെ ഒരു വശത്ത്. സത്യം ചിന്തിക്കുവാന്‍ കഴിയാതെയും, കണ്ടുംകേട്ടും കാര്യം ഗ്രഹിക്കാതെയും ഇരിക്കത്തക്കവണ്ണം, അവരുടെ ഹൃദയത്തിന്നും, കണ്ണിന്നും, കാതിന്നും ബാധിച്ച അന്ധകാരങ്ങള്‍ വേറൊരു വശത്തും. ലക്ഷ്യദൃഷ്ടാന്തങ്ങള്‍ ഗ്രാഹ്യമാകാതിരിക്കുക, ഉപദേശങ്ങള്‍ ഫലപ്പെടാതിരിക്കുക, ജ്ഞാനബോധമില്ലാതിരിക്കുക മുതലായവ മറ്റൊരു വശത്തും! എല്ലാംകൂടി അന്ധകാരത്തിനുമേല്‍ അന്ധകാരം! (ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ).

സത്യവിശ്വാസികളുടെ ഹൃദയങ്ങളെ പ്രകാശത്തോടും, അവിശ്വാസികളുടെ ഹൃദയങ്ങളെ അന്ധകാരത്തോടും ഉപമിച്ചശേഷം തൗഹീദിനെ സ്ഥാപിക്കുന്ന ചില ദൃഷ്ടാന്തങ്ങളെ തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നു:-