മൂന്നാം ഘട്ടം – ക്യാമ്പയിൻ 9 – സൂറത്തു-ന്നൂര്‍ – ആയത്ത് 21 മുതൽ 29 വരെ

വിഭാഗം – 3

24:21

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ وَمَن يَتَّبِعْ خُطُوَٰتِ ٱلشَّيْطَـٰنِ فَإِنَّهُۥ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنكَرِ ۚ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ ٱللَّهَ يُزَكِّى مَن يَشَآءُ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٢١﴿
  • ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങള്‍ പിശാചിന്റെ കാലടികളെ [മാര്‍ഗ്ഗങ്ങളെ] പിന്‍പറ്റരുത്! ആരെങ്കിലും, പിശാചിന്റെ കാലടികളെ പിന്‍പറ്റുന്നതായാല്‍, നിശ്ചയമായും അവന്‍ (അവരോട്) നീചവൃത്തിക്കും, ദുരാചാരത്തിനും ഉപദേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദയയും, അവന്റെ കാരുണ്യവും നിങ്ങളില്‍ ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളില്‍നിന്ന് ഒരാളും തന്നെ ഒരിക്കലും പരിശുദ്ധപ്പെടുമായിരുന്നില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധപ്പെടുത്തുന്നു. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റി നടക്കരുത്, തുടരരുത് خُطُوَاتِ الشَّيْطَانِ പിശാചിന്റെ കാലടികളെ وَمَن يَتَّبِعْ ആരെങ്കിലും പിന്‍പറ്റുന്നതായാല്‍ خُطُوَاتِ الشَّيْطَانِ പിശാചിന്റെ കാലടികളെ فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ يَأْمُرُ ഉപദേശിക്കും, കല്‍പിക്കും, നിര്‍ദ്ദേശിക്കും بِالْفَحْشَاءِ നീചപ്രവൃത്തിക്കു, ദുഷ്ടവൃത്തിക്കു وَالْمُنكَرِ ദുരാചാരത്തിനും, വെറുക്കപ്പെട്ട കാര്യത്തിനും وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍ وَرَحْمَتُهُ അവന്റെ കാരുണ്യവും مَا زَكَىٰ പരിശുദ്ധപ്പെടുകയില്ലായിരുന്നു مِنكُم നിങ്ങളില്‍നിന്നു مِّنْ أَحَدٍ ഒരാളും തന്നെ أَبَدًا ഒരിക്കലും, എന്നും وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يُزَكِّي അവന്‍ പരിശുദ്ധപ്പെടുത്തുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّـهُ അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണു عَلِيمٌ അറിയുന്നവനുമാണ്

സത്യവിശ്വാസികള്‍ ദുര്‍വൃത്തികളില്‍ അകപ്പെട്ടുകാണുവാന്‍ ആഗ്രഹിക്കുന്നതും, അതിനുവേണ്ടി വിവിധ മാര്‍ഗ്ഗേണ പരിശ്രമങ്ങള്‍ നടത്തുന്നതും പിശാചിന്റെ ജോലിയാണ്. അത്തരക്കാരായ മനുഷ്യരൂപികള്‍ അവന്റെ അനുയായികളുമാകുന്നു. പിശാചിന്റെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന അനുയായികളോട് അവന്‍ നിഷിദ്ധവും നികൃഷ്ടവുമായതല്ലാതെ ഉപദേശിക്കുകയില്ല. പിശാചിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നു് പറയേണ്ടതില്ല. (സൂ: ഹജ്ജ് : 4ല്‍) അല്ലാഹു പ്രസ്താവിച്ചതുപോലെ, അവന്‍ അവനെ വഴിതെറ്റിക്കുകയും നരകത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുക. ആകയാല്‍, പിശാചിന്റെ മാര്‍ഗ്ഗം ഒരിക്കലും പിന്‍പറ്റിപ്പോകരുതെന്നു് അല്ലാഹു സത്യവിശ്വാസികളെ വിളിച്ച് ഉപദേശിക്കുകയാണ്. അല്ലാഹുവിന്റെ കൃപാകടാക്ഷത്തെയും, അനുഗ്രഹ വര്‍ഷങ്ങളെയും അടിക്കടി എടുത്തുപറഞ്ഞ്‌ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കുന്നത് സത്യവിശ്വാസികള്‍ക്ക് ആവേശവും, മനസ്സമാധാനവും നല്‍കുന്നു. അവിശ്വാസികള്‍ക്ക്‌ അത് താക്കീതുമാകുന്നു.

24:22

  • وَلَا يَأْتَلِ أُو۟لُوا۟ ٱلْفَضْلِ مِنكُمْ وَٱلسَّعَةِ أَن يُؤْتُوٓا۟ أُو۟لِى ٱلْقُرْبَىٰ وَٱلْمَسَـٰكِينَ وَٱلْمُهَـٰجِرِينَ فِى سَبِيلِ ٱللَّهِ ۖ وَلْيَعْفُوا۟ وَلْيَصْفَحُوٓا۟ ۗ أَلَا تُحِبُّونَ أَن يَغْفِرَ ٱللَّهُ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٢٢﴿
  • നിങ്ങളില്‍ ശ്രേഷ്ഠതയും, നിവൃത്തിയുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും, സാധുക്കള്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ‘ഹിജ്ര’ [നാടുവിട്ട്] പോന്നിട്ടുള്ളവര്‍ക്കും തങ്ങള്‍ കൊടുത്തുവരുന്നതിന് സത്യം ചെയ്ത് മുടക്കുണ്ടാക്കരുത്! അവര്‍ മാപ്പ് നല്‍കുകയും, വിട്ടുകൊടുക്കുകയും ചെയ്യട്ടെ! നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?! അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • وَلَا يَأْتَلِ സത്യം ചെയ്യരുതു, വീഴ്ച വരുത്തരുതു, (സത്യം ചെയ്തു മുടക്കമുണ്ടാക്കരുതു) أُولُو الْفَضْلِ ശ്രേഷ്ഠതയുള്ളവര്‍ مِنكُمْ നിങ്ങളില്‍ നിന്നു وَالسَّعَةِ നിവൃത്തിയും, കഴിവും أَن يُؤْتُوا കൊടുക്കുന്നതിനു أُولِي الْقُرْبَىٰ കുടുംബബന്ധമുള്ളവര്‍ക്കു وَالْمَسَاكِينَ സാധുക്കള്‍ക്കും وَالْمُهَاجِرِينَ ഹിജ്റ വന്നവര്‍ക്കും, നാടുവിട്ടുപോന്നവര്‍ക്കും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَلْيَعْفُوا അവര്‍ മാപ്പു നല്‍കട്ടെ وَلْيَصْفَحُوا വിട്ടുകൊടുക്കുകയും ചെയ്യട്ടെ أَلَا تُحِبُّونَ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ, ആഗ്രഹിക്കുന്നില്ലേ أَن يَغْفِرَ اللَّـهُ അല്ലാഹു പൊറുത്തുതരുന്നതിനെ, പൊറുത്തുതരുവാന്‍ لَكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹുവാകട്ടെ غَفُورٌ പൊറുക്കുന്നവനാകുന്നു رَّحِيمٌ കരുണാനിധിയുമാകുന്നു

യോഗ്യതയും, കഴിവുമുള്ള ആളുകള്‍ കുടുംബങ്ങളെയും, സാധുജനങ്ങളെയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ത്യാഗംചെയ്ത് ബുദ്ധിമുട്ടനുഭവിക്കുന്നവരെയും സഹായിക്കേണ്ടതാകുന്നു. അവര്‍ക്ക് സഹായം നല്‍കപ്പെടേണ്ടതിന് അവര്‍ക്കുള്ള അര്‍ഹത അവരുടെ കുടുംബബന്ധം, സാധുത്വം, ത്യാഗം എന്നിവ തന്നെയാണ്. വല്ല തെറ്റുകുറ്റവും അവര്‍ ചെയ്തുപോയെന്നുവെച്ച് അതു മുടക്കുവാണോ, മേലില്‍ വല്ല സഹായവും നല്‍കുകയില്ലെന്നു് നിശ്ചയിക്കുവാനോ പാടുള്ളതല്ല. അവരുടെ പക്കല്‍വന്ന അബദ്ധങ്ങള്‍ അവര്‍ക്ക് മാപ്പ് ചെയ്തുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് വേണ്ടത് എന്നാണ് ഈ വചനം ഉപദേശിക്കുന്നത്. ‘ശ്രേഷ്ഠതയും നിവൃത്തിയും ഉള്ളവര്‍’ എന്നു് പറഞ്ഞതുകൊണ്ട് കേവലം വലിയ ധനവാന്‍മാരും പ്രമാണികളും മാത്രമേ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യേണ്ടതുള്ളു എന്നു് ധരിക്കേണ്ടതില്ല. എല്ലാവരും അവനവന്റെ കഴിവും ഹിതവുമനുസരിച്ച് ബാധ്യസ്ഥര്‍ തന്നെ. പക്ഷേ, കഴിവും ത്രാണിയുമുള്ളവര്‍ അത് ചെയ്യാതിരിക്കുന്നതും, ചെയ്തുകൊണ്ടിരിക്കുന്ന ഉപകാരം എന്തെങ്കിലും കാരണത്തെച്ചൊല്ലി മുടക്കിക്കളയുന്നതും പാടില്ലെന്ന വസ്തുത പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.

ആയത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക: ‘നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?!’ എന്ന ചോദ്യം വളരെ അര്‍ത്ഥവത്താണ്. അതുപോലെ നിങ്ങള്‍ അവര്‍ക്കും വിട്ടുപൊറുത്തു കൊടുക്കേണ്ടതുണ്ട്, നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറില്ലെങ്കില്‍, നിങ്ങള്‍ക്കു് അല്ലാഹുവിന്റെ പക്കല്‍ നിന്ന് വിട്ടുവീഴ്ച ലഭിക്കുവാന്‍ അവകാശമുണ്ടോ?! ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്ത് തരേണ്ടതിനായി നിങ്ങള്‍ അവര്‍ക്കും മാപ്പ് നല്‍കേണ്ടിയിരിക്കുന്നു എന്നു് സാരം. ഈ വചനം അവതരിച്ച സന്ദര്‍ഭം ഏതാണെന്ന് ആയിശാ (رضي الله عنها) യുടെ മേലുദ്ധരിച്ച നീണ്ട ഹദീസില്‍നിന്നു് വ്യക്തമാണ്. ആയിശാ (رضي الله عنها) യെപ്പറ്റി അപരാധം പറയുന്നതില്‍ കാര്യമായ ഒരു പങ്ക് വഹിച്ചത് നിമിത്തം മിസ്ത്വഹ് (رضي الله عنه)ന് ഇനി മേലില്‍ തന്റെ സഹായം തുടരുകയില്ലെന്ന് അബൂബക്കര്‍ (رضي الله عنه) സത്യം ചെയ്യുകയുണ്ടായല്ലോ. أَلَا تُحِبُّونَ أَن يَغْفِرَ اللَّـهُ لَكُمْ (അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?!) എന്നവാക്യം കേട്ടാല്‍, പിന്നെയുണ്ടോ അബൂബക്കര്‍ (رضي الله عنه) താമസിക്കുന്നു? അദ്ദേഹം ചെയ്തതെന്താണെന്നു് പ്രസ്തുത ഹദീസിന്റെ ബാക്കി ഭാഗത്തില്‍ ആയിശാ (رضي الله عنها) വിവരിക്കുന്നത് കാണുക. അവര്‍ പറയുന്നു;-

‘അദ്ദേഹം ഉടനെ പറഞ്ഞു: ‘ഇല്ലാതെ! അല്ലാഹുതന്നെയാണ് സത്യം! അല്ലാഹു എനിക്കു് പൊറുത്തുതരുവാന്‍ നിശ്ചയമായും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.’ അങ്ങനെ, മിസ്ത്വഹിന് അദ്ദേഹം കൊടുത്തുവന്നിരുന്ന ചിലവുകളെല്ലാം വീണ്ടും കൊടുക്കുകയും, ‘അവനില്‍നിന്നു ഞാനിത് ഒരിക്കലും എടുത്തുകളയുന്നതല്ല’ എന്നു് സത്യം ചെയ്തു പറയുകയും ചെയ്തു.’

ആയിശാ (رضي الله عنها) തുടരുന്നു: ‘റസൂല്‍ (صلّى الله عليه وسلّم) എന്റെ കാര്യത്തെക്കുറിച്ചു (മറ്റൊരു പത്നിയായ) സൈനബ (رضي الله عنها)യോട് അന്വേഷണം നടത്തുകയുണ്ടായി. തിരുമേനി (صلّى الله عليه وسلّم) ചോദിച്ചു: (സൈനബ!) ആയിശായെക്കുറിച്ച്) തനിക്കെന്താണറിയുക? താനെന്താണ്‌ കണ്ടിട്ടുള്ളത്?’ അവര്‍ പറഞ്ഞത്: ‘അല്ലാഹുവിന്റെ റസൂലേ! ഞാന്‍ കേള്‍വിയും കാഴ്ചയും (കണ്ണും ചെവിയും) കാത്തുവരികയാണ്; അല്ലാഹുവിനെത്തന്നെയാണ! അവരെപ്പറ്റി ഞാന്‍ ഗുണമല്ലാതെ ഒന്നും അറിഞ്ഞിട്ടില്ല’ എന്നായിരുന്നു. ഇവരായിരുന്നു നബി (صلّى الله عليه وسلّم) യുടെ ഭാര്യമാരില്‍ എന്നോടു കിടനടിച്ചു വന്നിരുന്ന ഭാര്യ. അല്ലാഹു അവരുടെ സൂക്ഷ്മബോധം നിമിത്തം, അവരെ കാത്തുരക്ഷിച്ചു. എന്നാല്‍, അവരുടെ സഹോദരി ഹംനഃ (حمنة-رضي الله عنها) യാകട്ടെ, അവര്‍ക്കുവേണ്ടി (സൈനബക്കുവേണ്ടി എനിക്കെതിരെ) സമരം നടത്തുകയുമായിരുന്നു. അതിനാല്‍, ഈ കെട്ടുകഥയാല്‍ നാശംഭവിച്ചവരില്‍ അവരും അകപ്പെട്ടു. [ഹദീസ് ഇവിടെ അവസാനിച്ചു.]

മിസ്ത്വഹ് (رضي الله عنه) ന്റെ പക്കല്‍ ഇങ്ങിനെ ഒരു അബദ്ധം വന്നിട്ടുണ്ടെങ്കിലും, അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നാടും വീടും ത്യജിച്ചുപോന്ന മുഹാജിറുകളില്‍പെട്ട മാന്യനാണെന്ന ഒരു പ്രശംസ ഈ ആയത്തില്‍ അടങ്ങിയിട്ടുള്ളത് കാണാം. അതുപോലെത്തന്നെ, അതില്‍ പങ്കെടുത്ത മറ്റു മുസ്‌ലിംകളോടും മേലില്‍ വെറുപ്പൊന്നും കരുതാതെ, വിട്ടുവീഴ്ചയോടെ വര്‍ത്തിക്കണമെന്നുള്ള ഉപദേശവും അതിലുണ്ട്.

ആയിശാ (رضي الله عنها)യെക്കുറിച്ചു വ്യഭിചാരാരോപണം നടത്തിയവരെ സംബന്ധിച്ചു കഴിഞ്ഞ ആയത്തുകളില്‍ പല താക്കീതുകളും അടങ്ങിയതായി കാണാം. അവയുടെ ചുരുക്കം ഇതാണ്: 1. ചെറിയ തോതിലാകട്ടെ, വലിയ തോതിലാകട്ടെ പങ്കെടുത്തവര്‍ക്ക് അവരവരുടെ തോതനുസരിച്ചുള്ള ശിക്ഷയുണ്ട്. (11-ാം വചനം). 2. സത്യവിശ്വാസികള്‍ തമ്മതമ്മില്‍ സദ്‌വിചാരം വിചാരിക്കുകയും, അസൂയക്കാര്‍ പറഞ്ഞതു കളവാണെന്ന്‍ വെക്കുകയും ചെയ്യേണ്ടതായിരുന്നു. (12-ാം വചനം). 3. നാലു സാക്ഷികളെ അവര്‍ കൊണ്ടുവരേണ്ടതായിരുന്നു. അതില്ലാത്തത്തിനാല്‍ അവര്‍ കള്ളവാദികളാണെന്നാണ് വിധിക്കപ്പെടുക. (13-ാം വചനം). 4. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, അതികഠിന ശിക്ഷ തല്‍ക്ഷണം തന്നെ ലഭിക്കുമായിരുന്നു. (14-ാം വചനം). 5. ശരിക്ക് അറിവില്ലാത്തകാര്യം പറഞ്ഞു പ്രചരിപ്പിക്കുയും അത് നിസ്സാരമായി ഗണിക്കുകയുമാണവര്‍. (15-ാം വചനം). 6. ഇതു പറയുവാന്‍ കൊള്ളാത്തതാണ്, ഇതു നുണയാണ് എന്ന് പറഞ്ഞു തള്ളിക്കളയേണ്ടിയിരുന്നു. (16-ാം വചനം). 7. സത്യവിശ്വാസികളാണെങ്കില്‍ മേലില്‍ ഇങ്ങിനെ ചെയ്യാതിരിക്കുവാന്‍ വേണ്ടുന്ന ഉപദേശവും ലക്ഷ്യവും നല്‍കുന്നു. (17,18 വചനങ്ങള്‍). 8. സത്യവിശ്വാസികളില്‍ നീചവൃത്തി പ്രചരിച്ചു കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും വമ്പിച്ച ശിക്ഷയുണ്ട്. (19-ാം വചനം). 9. അല്ലാഹുവിന്റെ അനുഗ്രഹമില്ലെങ്കില്‍ കാണാമായിരുന്നു. (20-ാം വചനം). 10. അത് പിശാചിന്റെ മാര്‍ഗ്ഗം പിന്‍പറ്റലാണ്. (21-ാം വചനം). അതേ സമയത്ത് ഈ (22-ാം) വചനത്തില്‍, ആരോപണത്തിന് പാത്രമായവരുടെ ഭാഗത്തുനിന്ന് അവര്‍ക്ക് വിട്ടുകൊടുപ്പാനും, സഹായസഹകരണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുവാനും ഉപദേശിക്കുകയും, അത് തങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍നിന്നുള്ള മാപ്പും പൊറുതിയും ലഭിക്കുവാന്‍ കാരണമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ ആയത്തുകളില്‍ പ്രധാന സംസാരവിഷയം ആയിശാ (رضي الله عنها) യുടെ സംഭവമായിരുന്നുവല്ലോ. തുടര്‍ന്നുള്ള വചനങ്ങളില്‍, ഗുണവതികളായ സത്യവിശ്വാസിനികളെപ്പറ്റി അപരാധം പറഞ്ഞുണ്ടാക്കുന്ന എല്ലാവരെക്കുറിച്ചും പൊതുവില്‍ താക്കീതു ചെയ്യുന്നു:-

24:23

  • إِنَّ ٱلَّذِينَ يَرْمُونَ ٱلْمُحْصَنَـٰتِ ٱلْغَـٰفِلَـٰتِ ٱلْمُؤْمِنَـٰتِ لُعِنُوا۟ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَلَهُمْ عَذَابٌ عَظِيمٌ ﴾٢٣﴿
  • നിശ്ചയമായും, പതിവ്രതകളായ, ശുദ്ധഹൃദയരായ, സത്യവിശ്വാസിനികളായ സ്ത്രീകളെപ്പറ്റി ആരോപണം ചെയ്യുന്നവര്‍, ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; വമ്പിച്ച ശിക്ഷയും അവര്‍ക്കുണ്ട്:-
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَرْمُونَ അവര്‍ ആരോപണം ചെയ്യും الْمُحْصَنَاتِ പതിവ്രതകളായ (ചാരിത്ര്യം രക്ഷിക്കപ്പെട്ട) الْغَافِلَاتِ സ്ത്രീകളെ (ദുര്‍ന്നടപ്പുകളില്‍) ശ്രദ്ധയില്ലാത്ത (ശുദ്ധഗതിക്കാരായ) الْمُؤْمِنَاتِ സത്യവിശ്വാസിനികളായ لُعِنُوا അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു, ശപിക്കപ്പെടുന്നതാണ് فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരലോകത്തിലും وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ

24:24

  • يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا۟ يَعْمَلُونَ ﴾٢٤﴿
  • തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെ നാവുകളും, അവരുടെ കൈകളും, അവരുടെ കാലുകളും അവരുടെ മേല്‍ സാക്ഷി പറയുന്ന ദിവസം (-അന്നാണത്)!
  • يَوْمَ تَشْهَدُ സാക്ഷി പറയുന്ന ദിവസം عَلَيْهِمْ അവരുടെ മേല്‍ أَلْسِنَتُهُمْ അവരുടെ നാവുകള്‍ وَأَيْدِيهِمْ അവരുടെ കൈകളും وَأَرْجُلُهُم അവരുടെ കാലുകളും بِمَا كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.

24:25

  • يَوْمَئِذٍ يُوَفِّيهِمُ ٱللَّهُ دِينَهُمُ ٱلْحَقَّ وَيَعْلَمُونَ أَنَّ ٱللَّهَ هُوَ ٱلْحَقُّ ٱلْمُبِينُ ﴾٢٥﴿
  • അന്നത്തെ ദിവസം, അല്ലാഹു അവര്‍ക്ക് അവരുട യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റിക്കൊടുക്കുന്നതാകുന്നു; അവര്‍ക്ക് അറിയാറാവുകയും ചെയ്യും: നിശ്ചയമായും അല്ലാഹു തന്നെയാണ്, യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നവനും, സ്പഷ്ടമായുള്ളവനും എന്ന്.
  • يَوْمَئِذٍ അന്നത്തെ ദിവസം يُوَفِّيهِمُ അവര്‍ക്കു നിറവേറ്റിക്കൊടുക്കും, തികച്ചുകൊടുക്കും اللَّـهُ അല്ലാഹു دِينَهُمُ അവരുടെ പ്രതിഫലം, പ്രതിഫലനടപടിയെ الْحَقَّ യഥാര്‍ത്ഥമായ, ന്യായമായ وَيَعْلَمُونَ അവര്‍ അറിയുകയും ചെയ്യും أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നു هُوَ അവന്‍ തന്നെ الْحَقُّ യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നവന്‍, സ്ഥിരമായുള്ളവന്‍ الْمُبِينُ സ്പഷ്ടമായവാന്‍

ദുര്‍വൃത്തികളില്‍ വാസനയും താല്‍പര്യവുമില്ലാതെ, അതിനെപ്പറ്റി അശ്രദ്ധരായി കഴിഞ്ഞുകൂടുന്ന ശുദ്ധഗതിക്കാരായ സ്ത്രീകളെയാണ് الْغَافِلَات (അല്‍-ഗാഫിലാത്ത്) എന്ന വാക്കുകൊണ്ടുദ്ദേശ്യം. ഇങ്ങിനെയുള്ളവരല്ലാത്ത സ്ത്രീകളെപ്പറ്റി ആരോപണങ്ങള്‍ നടത്താമെന്ന് ഇതിനര്‍ത്ഥമില്ല. പക്ഷെ, സല്‍സ്വഭാവികളും സത്യവിശ്വാസിനികളുമായുള്ളവരെക്കുറിച്ച് പറയുന്ന അപവാദങ്ങളാണ് ഏറ്റവും കടുത്തത്‌ എന്ന് സാരം. നബി (صلّى الله عليه وسلّم)യില്‍ നിന്ന് അബൂഹുറൈറ (رضي الله عنه) ഇപ്രകാരം പ്രസ്താവിക്കുന്നു:-

اجْتَنِبُوا السَّبْعَ الْمُوبِقَاتِ قِيلَ يَا رَسُولَ اللَّهِ وَمَا هُنَّ قَالَ الشِّرْكُ بِاللَّهِ وَالسِّحْرُ وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَأَكْلُ الرِّبَا وَأَكْلُ مَالِ الْيَتِيمِ وَالتَّوَلِّي يَوْمَ الزَّحْفِ وَقَذْفُ الْمُحْصِنَاتِ الْغَافِلَاتِ الْمُؤْمِنَاتِ : الشيخان

സാരം: നിങ്ങള്‍ വിനാശകരങ്ങളായ ഏഴ് പാപങ്ങള്‍ വര്‍ജ്ജിക്കുവിന്‍!’ എന്ന് തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു. അവ ഏതാണെന്നു ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനോട് പങ്കുചേര്‍ക്കലും (ശിര്‍ക്കും), മാരണം ചെയ്യലും, അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ നീതിന്യായ പ്രകാരമല്ലാതെ കൊലചെയ്യലും, പലിശ മുതല്‍ തിന്നലും (ഉപയോഗിക്കലും), അനാഥയുടെ സ്വത്ത് തിന്നലും, പടപൊരുതുന്ന ദിവസം അതില്‍നിന്ന് പിന്‍മാറിപ്പോരലും, പതിവ്രതകളും ശുദ്ധഹൃദയകളും സത്യവിശ്വാസിനികളുമായ സ്ത്രീകളെ വ്യഭിചാരാരോപണം ചെയ്യലുമാകുന്നു. (ബു; മു).

കൈകാലുകളും, നാവും സാക്ഷി പറയുന്ന ദിവസമെന്ന് പറഞ്ഞത് ഖിയാമത്തുനാളാണെന്ന് വ്യക്തമാണ്. കൈകാലുകളും, നാവും സാക്ഷി പറയുക എന്നതിന് ഒരുതരം ശാസ്ത്രീയമായ വ്യാഖ്യാനം – അല്ലെങ്കില്‍ ന്യായീകരണം – ചില ആളുകള്‍ നല്‍കിക്കാണാറുണ്ട്‌. വാസ്തവത്തില്‍ ഇത് ഖുര്‍ആനെയും അല്ലാഹുവിന്റെ കഴിവിനെയും തരാംതാഴ്ത്തലാണെന്ന് പറയേണ്ടിയിരിക്കുന്നു. മനുഷ്യന്‍ സംസാരിക്കുന്നതിന്റെ ഒരു പ്രതികരണം – അല്ലെങ്കില്‍ എന്തോ ഒരു അവശിഷ്ടം – നാവില്‍ ശേഷിക്കുന്നു, അതുപോലെത്തന്നെ, കൈകാലുകളാല്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഒരുതരം ഛായ അവയിലും പതിയും, അല്ലെങ്കില്‍ മനുഷ്യപ്രവര്‍ത്തങ്ങളുടെ ചില അടയാളങ്ങള്‍ മറ്റു വസ്തുക്കളില്‍ രേഖപ്പെടും. അനന്തരം അവയെ പിന്നീട് റേഡിയോ വഴിയായും, കേമറ വഴിയായും (ഛായാപടങ്ങളായും ഛായാശബ്ദങ്ങളായുംകൊണ്ട്) പരലോകത്ത് പ്രദര്‍ശിപ്പിക്കപ്പെടും, എന്നിങ്ങിനെയുള്ള ഒരുതരം സമീപനമാണ് അവര്‍ നടത്തിക്കാണുന്നത്. പരലോകത്തെ ഇഹലോകത്തോട് താരതമ്യപ്പെടുത്തുകയും, ഭൗതിക കാഴ്ചപ്പാടുകളുടെ മാനദണ്ഡം വെച്ചുകൊണ്ടുമാത്രം എല്ലാറ്റിനെയും അനുമാനിക്കുകയും പാരത്രിക സംഭവങ്ങള്‍ക്ക് ശാസ്ത്രീയാനുവാദം അന്വേഷിക്കുകയും ചെയ്യുന്നതില്‍നിന്നാണ് ഇത്തരം സമീപനങ്ങള്‍ ഉടലെടുക്കുന്നത്. രണ്ടു ലോകത്തെയും പ്രകൃതി ശാസ്ത്രങ്ങളും, നടപടിക്രമങ്ങളും തമ്മില്‍ സംയോജിപ്പിച്ച് ചിത്രീകരിക്കുന്നത് ഒരിക്കലും ന്യായമല്ല, യുക്തവുമല്ല – അബദ്ധം മാത്രമാണ്.

യാതൊരു വ്യാഖ്യാനത്തിനും വകയില്ലാതെ, തുറന്ന ഭാഷയില്‍തന്നെ അല്ലാഹു ഈ വിഷയം വിവരിച്ചിട്ടുള്ളത് നോക്കുക:-

الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم : سورة يس : ٦٥

അര്‍ത്ഥം: അന്നു നാം അവരുടെ വായകളില്‍ മുദ്രവെക്കും. അവരുടെ കൈകള്‍ നമ്മോട് സംസാരിക്കയും, അവരുടെ കാലുകള്‍ സാക്ഷി പറയുകയും ചെയ്യുന്നതുമാണ്. (യാസീന്‍: 65).

وَقَالُوا لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوا أَنطَقَنَا اللَّـهُ الَّذِي أَنطَقَ كُلَّ شَيْءٍ…سورة فصلت : ٢١

അവര്‍ അവരുടെ തോലികളോട് പറയും: ‘നിങ്ങള്‍ എന്തിനായിട്ടാണ് ഞങ്ങള്‍ക്കെതിരില്‍ സാക്ഷ്യം വഹിച്ചത്?’ അവ പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ചവനായ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കുകയാണ്.’ (ഫുസ്സ്വിലത്ത്). യാതൊരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാതെ സ്വയം തന്നെ സ്പഷ്ടമായ ഇത്തരം ആയത്തുകളെയും നബി വചനങ്ങളെയും വളച്ചുതിരിച്ചു വ്യാഖ്യാനിക്കുവാന്‍ മുതിരുന്നത് ഗുണത്തിലധികം ദോഷമായിരിക്കും വരുത്തുക. അല്ലാഹുവിന്റെ കഴിവും, പരലോക സംഭവങ്ങളും നമ്മുടെ ഊഹത്തിനതീതമാണെന്ന് അവര്‍ ഓര്‍ക്കേണ്ടതുണ്ട്.

മുന്‍ ആയത്തുകളിലെ പ്രതിപാദ്യവിഷയങ്ങളില്‍ പലതിനും നിദാനമായിക്കരുതപ്പെടാവുന്ന ഒരു തത്വം അടുത്ത ആയത്തില്‍ അല്ലാഹു വിവരിക്കുന്നു:-

24:26

  • ٱلْخَبِيثَـٰتُ لِلْخَبِيثِينَ وَٱلْخَبِيثُونَ لِلْخَبِيثَـٰتِ ۖ وَٱلطَّيِّبَـٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَـٰتِ ۚ أُو۟لَـٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَ ۖ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٢٦﴿
  • ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു; ശുദ്ധകളായ സ്ത്രീകള്‍ ശുദ്ധരായ പുരുഷന്‍മാര്‍ക്കും, ശുദ്ധരായ പുരുഷന്‍മാര്‍ ശുദ്ധകളായ സ്ത്രീകള്‍ക്കുമാകുന്നു. (ശുദ്ധന്മാരായ) അക്കൂട്ടര്‍ (ദുഷ്ടന്‍മാരായ) ഇവര്‍ പറഞ്ഞുവരുന്നതില്‍ [ആരോപണങ്ങളില്‍] നിന്ന് ഒഴിവാക്കപ്പെട്ടവരാണ്; അവര്‍ക്ക് പാപമോചനവും, മാന്യമായ ഉപജീവനും ഉണ്ടായിരിക്കും.
  • الْخَبِيثَاتُ ദുഷിച്ച സ്ത്രീകള്‍, ചീത്ത സ്ത്രീകള്‍ لِلْخَبِيثِينَ ദുഷിച്ച പുരുഷന്‍മാര്‍ക്കാണ് وَالْخَبِيثُونَ ദുഷിച്ച പുരുഷന്‍മാര്‍ لِلْخَبِيثَاتِ ദുഷിച്ച സ്ത്രീകള്‍ക്കുമാണ് وَالطَّيِّبَاتُ നല്ല (ശുദ്ധരായ) സ്ത്രീകള്‍ لِلطَّيِّبِينَ നല്ല പുരുഷന്‍മാര്‍ക്കും وَالطَّيِّبُونَ നല്ല പുരുഷന്‍മാര്‍ لِلطَّيِّبَاتِ നല്ല സ്ത്രീകള്‍ക്കും ആകുന്നു أُولَـٰئِكَ അക്കൂട്ടര്‍ مُبَرَّءُونَ ഒഴിവാക്കപ്പെട്ട (ദൂരപ്പെട്ട) വരാണ് مِمَّا يَقُولُونَ അവര്‍ പറയുന്നതില്‍ നിന്നു لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം, പൊറുതി وَرِزْقٌ ആഹാരവും, ഉപജീവനവും كَرِيمٌ മാന്യമായ, ഉദാരമായ

3-ാം വചനത്തില്‍ ചൂണ്ടിക്കാണിച്ച ഒരു തത്വം ഇവിടെ കൂടുതല്‍ വ്യക്തമാക്കുകയാണ്. നബി (صلّى الله عليه وسلّم)യെ പ്പോലെയുള്ള പരിശുദ്ധ പുരുഷന്‍മാര്‍ക്ക് യോജിക്കുന്നത് ആയിശാ (رضي الله عنها) യെപ്പോലുള്ള പരിശുദ്ധകളും, ആയിശാ (رضي الله عنها) യെപ്പോലുള്ള ഗുണവതികള്‍ക്ക് യോജിക്കുന്നത് നബി (صلّى الله عليه وسلّم) തിരുമേനിയെപ്പോലെയുള്ള സല്‍ഗുണവാന്‍മാരും തന്നെയാണ്. ഇപ്രകാരം തന്നെയാണ് ഇതിന്റെ വിപരീത നിലയും. ഒരുവനെപ്പറ്റി മനസ്സിലാക്കുവാന്‍ അവന്റെ ഇണയും തുണയും നോക്കിയാല്‍ മതിയാകും. ഓരോരുത്തരും തനിക്ക് നല്ല ഇണയും തുണയും ലഭിക്കുവാന്‍ യത്നിക്കേണ്ടതുണ്ടെന്നും, ചീത്ത ആളുകളുമായുള്ള സമ്പര്‍ക്കവും, കൂട്ടുകെട്ടും സൂക്ഷിക്കേണ്ടതുണ്ടെന്നും ഇതില്‍ നിന്നു മനസ്സിലാക്കേണ്ടതാകുന്നു. സജ്ജനങ്ങളെപ്പറ്റി അപരാധവും, അപവാദവും പറഞ്ഞു പ്രചരിപ്പിക്കുവാനുള്ള വാസന ദുര്‍ജ്ജനങ്ങള്‍ക്ക് മാത്രമായിരിക്കും. നേരെമറിച്ച് അവരിലുള്ള നന്‍മകളും മേന്മകളും കണ്ടറിഞ്ഞ് അവയെ പ്രശംസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നല്ല ആളുകളുടെ സ്വഭാവവുമാണ്, ആകയാല്‍ ദുര്‍ജ്ജനാരോപണങ്ങളില്‍നിന്ന് സജ്ജനങ്ങള്‍ സ്വാഭാവേന പരിശുദ്ധരായിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ഒരാളെപ്പറ്റി അപരാധം പറയപ്പെടുന്നത് കേള്‍ക്കുമ്പോള്‍ അത് പറയുന്നവനെയും, പറയപ്പെടുന്നവനെയും പരിശോധിക്കേണ്ടതുണ്ട്. നല്ല മനുഷ്യനെപ്പറ്റി ദുഷ്ടമനുഷ്യനാണ് അത് പറയുന്നതെങ്കില്‍ അതിനു വില കല്പിക്കേണ്ടതില്ല തന്നെ.

വ്യഭിചാരത്തെയും, വ്യഭിചാരാരോപണത്തെയും കുറിച്ച് പലതും വിവരിച്ചശേഷം, അവയ്ക്ക് കാരണമായി തീരുന്ന ചില കാര്യങ്ങളെക്കുറിച്ച് തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നു. ഉചിതമല്ലാത്ത പ്രവേശനത്തില്‍നിന്നും, അഭിലഷണീയമല്ലാത്ത കാഴ്ചയില്‍ നിന്നുമാണല്ലോ നീചപ്രവൃത്തികളുടെ ഉല്‍ഭവം. അതിനാല്‍, നിത്യജീവിതത്തില്‍ മനുഷ്യന്‍ പരസ്പരം ആചരിക്കേണ്ടുന്ന ചില മര്യാദകളെ – അവക്ക് വളരെയധികം പ്രാധാന്യം കല്‍പിച്ചു കൊണ്ട് – അല്ലാഹു നമ്മെ പഠിപ്പിക്കുന്നത് നോക്കുക:-

വിഭാഗം – 4

24:27

  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴾٢٧﴿
  • ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ വീടുകളല്ലാത്ത വീടുകളില്‍, (പ്രവേശനത്തിനു) അനുമതി ചോദിക്കുകയും, അവയുടെ ആള്‍ക്കാര്‍ക്ക് സലാം പറയുകയും ചെയ്യുവോളം, നിങ്ങള്‍ പ്രവേശിക്കരുത്! ആയത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കും; നിങ്ങള്‍ ഓര്‍മ്മവെക്കുവാന്‍ വേണ്ടിയാണ് (ഇത്).
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുതു بُيُوتًا വീടുകളില്‍ غَيْرَ بُيُوتِكُمْ നിങ്ങളുടെ വീടുകളല്ലാത്ത حَتَّىٰ تَسْتَأْنِسُوا നിങ്ങള്‍ അനുമതി (സമ്മതം) ചോദിക്കുവോളം (ചോദിക്കാതെ) وَتُسَلِّمُوا നിങ്ങള്‍ സലാം പറയുകയും عَلَىٰ أَهْلِهَا അവയുടെ ആള്‍ക്കാര്‍ക്കു (വീട്ടുകാര്‍ക്കു) ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണകരമാണ് لَعَلَّكُمْ تَذَكَّرُونَ നിങ്ങള്‍ ഓര്‍മ്മ വെക്കുവാന്‍വേണ്ടി, നിങ്ങള്‍ ചിന്തിച്ചേക്കാം

24:28

  • فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ ۖ هُوَ أَزْكَىٰ لَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ ﴾٢٨﴿
  • എനി, നിങ്ങള്‍ അവിടെ ഒരാളെയും കണ്ടെത്താത്ത പക്ഷം, നിങ്ങള്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുവരേക്കും നിങ്ങളതില്‍ പ്രവേശിക്കരുത്! നിങ്ങളോട്: ”മടങ്ങിപ്പോയിക്കൊള്ളുക’ എന്ന്‍ പറയപ്പെടുന്നപക്ഷം നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍! അതാണ്‌ നിങ്ങള്‍ക്കു വളരെ വെടിപ്പായിട്ടുള്ളത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.
  • فَإِن لَّمْ تَجِدُوا എനി നിങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ فِيهَا അവിടെ, അതില്‍ أَحَدًا ഒരാളെയും فَلَا تَدْخُلُوهَا എന്നാല്‍ നിങ്ങള്‍ അതില്‍ പ്രവേശിക്കരുതു حَتَّىٰ يُؤْذَنَ അനുമതി (സമ്മതം) നല്‍കപ്പെടുന്നതുവരെ (നല്‍കപ്പെടാതെ) لَكُمْ നിങ്ങള്‍ക്കു وَإِن قِيلَ പറയപ്പെട്ടാല്‍ لَكُمُ നിങ്ങളോടു ارْجِعُوا മടങ്ങുവിന്‍ (എന്നു) فَارْجِعُوا എന്നാല്‍ മടങ്ങുവിന്‍ هُوَ أَزْكَىٰ അതു വളരെ വെടിപ്പായതാണ്, പരിശുദ്ധമാണ് لَكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി عَلِيمٌ അറിയുന്നവനാണ്

24:29

  • لَّيْسَ عَلَيْكُمْ جُنَاحٌ أَن تَدْخُلُوا۟ بُيُوتًا غَيْرَ مَسْكُونَةٍ فِيهَا مَتَـٰعٌ لَّكُمْ ۚ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ ﴾٢٩﴿
  • ആള്‍ പാര്‍പ്പില്ലാത്ത – നിങ്ങള്‍ക്ക് ഉപയോഗമുള്ള വീടുകളില്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് തെറ്റില്ല. നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ മറച്ചുവെക്കുന്നതും അല്ലാഹു അറിയും.
  • لَّيْسَ ഇല്ല عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെമേല്‍ جُنَاحٌ തെറ്റു, കുറ്റം أَن تَدْخُلُوا നിങ്ങള്‍ പ്രവേശിക്കല്‍, പ്രവേശിക്കുന്നതിനു بُيُوتًا വീടുകളില്‍ غَيْرَ مَسْكُونَةٍ ആള്‍ പാര്‍പ്പില്ലാത്ത, താമസിക്കപ്പെടാത്ത فِيهَا അതിലുണ്ട് مَتَاعٌ ഉപയോഗം (വല്ല ആവശ്യവും) لَّكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹു يَعْلَمُ അറിയും, അറിയുന്നു مَا تُبْدُونَ നിങ്ങള്‍ വെളിവാക്കുന്നതു, വ്യക്തമാക്കിചെയ്യുന്നതു وَمَا تَكْتُمُونَ നിങ്ങള്‍ മറച്ചു ചെയ്യുന്നതും, ഒളിച്ചു വെക്കുന്നതും

അന്യവീടുകളില്‍ ചെല്ലുമ്പോള്‍, ആ വീട്ടുകാര്‍ക്ക് സലാം പറയണമെന്നും, പ്രവേശനത്തിന് അനുമതി ചോദിക്കണമെന്നും അല്ലാഹു കല്‍പിക്കുന്നു. അത് നിങ്ങള്‍ക്ക് ഗുണകരമാണെന്നും, നിങ്ങള്‍ ഓര്‍മ്മവെക്കുവാന്‍ വേണ്ടിയാണിത് കല്‍പിക്കുന്നതെന്നും ഉണര്‍ത്തുകയും ചെയ്യുന്നു.

ഒരു വീട്ടില്‍, അന്യനു കണ്ടുകൂടാത്ത – അല്ലെങ്കില്‍ കാണുന്നത് അപമാനകരമായിത്തീരുന്ന – പല അവസരങ്ങളും ഉണ്ടാകുമല്ലോ. അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലാത്ത അവസരമുണ്ടായേക്കാം: അന്തസ്സിനു നിരക്കാത്ത വല്ല സംസാരത്തിലോ, പ്രവൃത്തിയിലോ ഏര്‍പ്പെട്ടിരിക്കാം: മറ്റുള്ളവര്‍ കാണുന്നത് അപമാനകരമായേക്കുന്ന ഭക്ഷണം കഴിക്കുന്നുണ്ടാവാം: അങ്ങിനെ പലതും. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല, പ്രവേശിക്കുന്നവര്‍ക്ക് തന്നെയും ലജ്ജയോ അനിഷ്ടമോ വരുത്തിത്തീര്‍ക്കും; ആകയാല്‍, മുന്‍കൂട്ടി സമ്മതം ചോദിക്കുകയും, വ്യക്തമായ സമ്മതം ലഭിക്കുകയും ചെയ്തല്ലാതെ അന്യവീട്ടില്‍ പ്രവേശിക്കരുതെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നത്. പുറത്ത് നിന്ന് സലാം പറയുകയും, വിളിച്ചു ചോദിക്കുകയും ചെയ്തിട്ട് സമ്മതം ലഭിച്ചില്ലെങ്കില്‍ അകത്ത് കടക്കരുതെന്ന് പ്രത്യേകം വിരോധിക്കുകയും ചെയ്യുന്നു. സമ്മതം ചോദിക്കാതെ അകത്ത് കടന്നു ചെല്ലുന്നതിനെക്കാള്‍ ധിക്കാരമാണല്ലോ സമ്മതം ചോദിച്ചിട്ട് കിട്ടാതെ പ്രവേശിക്കുന്നത് هُوَ أَزْكَىٰ لَكُمْ (അതാണ്‌ നിങ്ങള്‍ക്ക് വളരെ വെടിപ്പായിട്ടുള്ളത്) എന്ന വാക്യം വളരെ ശ്രദ്ധേയവും അര്‍ത്ഥഗര്‍ഭവുമാകുന്നു.

തീരെ ആള്‍പാര്‍പ്പില്ലാത്ത, അല്ലെങ്കില്‍ ഒരു പ്രത്യേക ആള്‍ക്കാര്‍ താമസിക്കുന്നതല്ലാത്ത വീടുകളില്‍ പോകേണ്ടുന്ന ആവശ്യം നേരിടുമ്പോള്‍, അവിടെ സമ്മതം ചോദിക്കേണ്ടതില്ല എന്നാണ് 29-ാം വചനം പ്രസ്താവിക്കുന്നത്. ഉദാഹരണമായി: യാത്രക്കാര്‍ക്ക് വസിക്കുവാനുള്ള തുറന്ന സത്രങ്ങള്‍, വണ്ടി ആപ്പീസുകള്‍ മുതലായ പൊതുസ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതാണ്. സമ്മതം ചോദിക്കേണ്ടതില്ലെന്ന് പറഞ്ഞ സ്ഥലത്തുപോലും, ചില പ്രത്യേക പരിതസ്ഥിതികളില്‍ അത്യാവശ്യമായിത്തീര്‍ന്നേക്കും. ബാഹ്യത്തില്‍ നിയമം പാലിക്കപ്പെട്ടാല്‍ തന്നെയും ചിലപ്പോള്‍, ഏതെങ്കിലും തരത്തിലുള്ള വല്ല അനിഷ്ട ഫലങ്ങളും സംഭവിച്ചേക്കുകയും ചെയ്തേക്കും. ആകയാല്‍, ഓരോ സന്ദര്‍ഭത്തിലും, ഈ നിയമംമൂലം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള തത്വങ്ങള്‍ക്ക് കോട്ടംപറ്റുന്ന യാതൊന്നും തന്നെ – രഹസ്യമായോ പരസ്യമായോ- സംഭവിക്കാതിരിക്കാന്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് ആയത്തിന്റെ അന്ത്യഭാഗം താക്കീതു ചെയ്യുന്നത്. അതെ ‘നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു!’.

പ്രവേശനമര്യാദകളെ വിശദീകരിച്ചുകൊണ്ടുള്ള അനേകം ഹദീസുകള്‍ കാണാവുന്നതാണ്. അവയില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. പ്രവേശനത്തിന് അനുവാദം ചോദിക്കുന്നതിന്റെ പ്രാധാന്യം, അതിന്റെ സ്വഭാവം, അനുവാദം കൊടുക്കേണ്ടുന്നവിധം മുതലായവ ഏറെക്കുറെ അതില്‍നിന്നു ഗ്രഹിക്കാം. സ്ഥലദൈര്‍ഘ്യത്തെ ഓര്‍ത്തു ഹദീസുകളുടെമൂലം ഇവിടെ കൊടുക്കുന്നില്ല.

1. ഇമാം ബുഖാരീ (رحمه الله)യും മറ്റും ഉദ്ധരിക്കുന്നു: അബൂമൂസല്‍ അശ്അരി എന്ന അബ്ദുല്ലാഹിബ്നു ഖൈസ് (رضي الله عنه) ഉമര്‍ (رضي الله عنه)ന്റെ വീട്ടില്‍ ചെന്നു മൂന്നു പ്രാവശ്യം അനുമതിചോദിക്കുകയുണ്ടായി. ഉമര്‍ (رضي الله عنه) എന്തോ ജോലിത്തിരക്കിലായിരുന്നതിനാല്‍ അദ്ദേഹത്തിന് സമ്മതം കിട്ടിക്കണ്ടില്ല. അദ്ദേഹം മടങ്ങിപ്പോന്നു. പിന്നീട് ഉമര്‍ (رضي الله عنه) പറഞ്ഞു: ‘അബ്ദുല്ലാഹിബ്നു ഖൈസ് സമ്മതം ചോദിക്കുന്ന ശബ്ദമല്ലേ കേട്ടിരുന്നു? അദ്ദേഹത്തിനു സമ്മതം കൊടുക്കുവിന്‍!’ അവര്‍ (വീട്ടിലുള്ളവര്‍) അന്വേഷിച്ചുനോക്കി; അദ്ദേഹത്തെ കണ്ടില്ല. പിന്നീട്, അബൂമൂസാ (رضي الله عنه) വീണ്ടും വന്നപ്പോള്‍, അദ്ദേഹം മടങ്ങിപ്പോകുവാന്‍ കാരണം എന്താണെന്ന് ഉമര്‍ (رضي الله عنه) ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ മൂന്നുവട്ടം സമ്മതം ചോദിച്ചു; സമ്മതം കിട്ടിയില്ല. നബി (صلّى الله عليه وسلّم) ഇങ്ങിനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘നിങ്ങളില്‍ ഒരാള്‍ മൂന്നുവട്ടം സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടിയിട്ടില്ലെങ്കില്‍ അവന്‍ മടങ്ങിക്കൊള്ളട്ടെ.’ അപ്പോള്‍ ഉമര്‍ (رضي الله عنه) പറഞ്ഞു: ‘താന്‍ ഇതിനു തെളിവു കൊണ്ടുവരണം. ഇല്ലെങ്കില്‍ തന്നെ ഞാന്‍ അടിച്ചു വേദനിപ്പിക്കും!’ അബൂമൂസാ (رضي الله عنه) അന്‍സാരികളായ ചില സഹാബികളുടെ അടുക്കല്‍ചെന്ന് വിവരം പറഞ്ഞു. അവര്‍ പറഞ്ഞു: ‘തനിക്ക് ഇതിന് സാക്ഷി നില്‍ക്കുവാന്‍ നമ്മളിലുള്ള നന്നേ ചെറുപ്പക്കാരനല്ലാതെ വരേണ്ടതില്ല.’ (ഇതു അത്രക്കും പരസ്യമായി എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.). അങ്ങനെ, അദ്ദേഹത്തിന്റെ ഒപ്പം അബൂസഈദില്‍ ഖുദ്രീ (رضي الله عنه)യും പോയി. അദ്ദേഹം ഉമര്‍ (رضي الله عنه) നോട്‌ വിവരം പറഞ്ഞുകൊടുത്തു. അപ്പോള്‍ ഉമര്‍ (رضي الله عنه) പറയുകയാണ്‌: ‘അങ്ങാടിയിലെ ഇടപാട് (വ്യാപാരം) എന്നെ മുടക്കിക്കളഞ്ഞു. (അതുകൊണ്ട് എനിക്ക് ഇതൊന്നും നബി (صلّى الله عليه وسلّم) യില്‍ നിന്ന് കേട്ടുപഠിക്കുവാന്‍ കഴിഞ്ഞില്ല.)’.

2. ഇമാം അഹ്മദും (رحمة الله عليه) മറ്റും പല മാര്‍ഗ്ഗങ്ങില്‍കൂടി രിവായത്തു ചെയ്യുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണ്: ‘അനസ് (رضي الله عنه) മുതലായവര്‍ പറഞ്ഞു: നബി (صلّى الله عليه وسلّم) സഅ്ദുബ്നു ഉബാദഃയുടെ വീട്ടില്‍ ചെന്ന് അനുവാദം ചോദിച്ചുകൊണ്ട് സലാം ചൊല്ലി, സഅ്ദു (رضي الله عنه) സലാം മടക്കിയെങ്കിലും, തിരുമേനി (صلّى الله عليه وسلّم) കേള്‍ക്കുവാന്‍ മാത്രം ഉച്ചത്തിലായിരുന്നില്ല അത്. മൂന്നു പ്രാവശ്യം ചോദിച്ചശേഷം നബി (صلّى الله عليه وسلّم) മടങ്ങിപ്പോയി. അപ്പോള്‍, സഅ്ദു (رضي الله عنه) പിന്നാലെചെന്ന് ഇങ്ങിനെ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ! സത്യമായും, അവിടുത്തെ സലാമുകളെല്ലാം എന്റെ കാതില്‍ പെട്ടിട്ടുണ്ട്. ഞാനത് പതുക്കെ മടക്കിയിട്ടും ഉണ്ട്. അവിടുന്നു കേള്‍ക്കത്തക്കവണ്ണം ഞാന്‍ മടക്കാതിരുന്നത്, അവിടുത്തെ സലാമും, ‘ബര്‍ക്കത്തും’ അധികം ലഭിക്കുവാന്‍വേണ്ടി മാത്രമായിരുന്നു’. പിന്നീട് തിരുമേനി (صلّى الله عليه وسلّم) അദ്ദേഹത്തിന്റെ വീട്ടില്‍ പ്രവേശിക്കുകയും, ഭക്ഷണം കഴിക്കുകയും ഉണ്ടായി. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മടങ്ങിപ്പോകുമ്പോള്‍, തിരുമേനി (صلّى الله عليه وسلّم) ക്കു വാഹനത്തിനായി സഅ്ദു (رضي الله عنه) ഒരു കഴുതയെ തയ്യാറാക്കി. മകന്‍ ഖൈസ് (رضي الله عنه) നെയും ഒപ്പം അയച്ചു. ഖൈസ് (رضي الله عنه)നോട്‌ തന്റെ ഒന്നിച്ച വാഹനപ്പുറത്ത് കയറുവാന്‍ തിരുമേനി (صلّى الله عليه وسلّم) ആവശ്യപ്പെട്ടു. അദ്ദേഹം അതിനു മടിച്ചു. ‘ഒന്നുകില്‍ വാഹനമേറണം, അല്ലെങ്കില്‍ പിരിഞ്ഞുപോകണം!’ എന്ന് തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു. അതനുസരിച്ച് ഖൈസ് (رضي الله عنه) മടങ്ങിപ്പോന്നു. رواه احمد وابوداود والبانى من طرق

3. അബൂദാവൂദ് (رحمه الله) ഉദ്ധരിക്കുന്നു:- അബ്ദുല്ലാഹിബ്നുബിശ്ര്‍ (رضي الله عنه) പറയുന്നു: റസൂല്‍ (صلّى الله عليه وسلّم) ഏതെങ്കിലും വീട്ടുകാരുടെ വാതില്‍ക്കല്‍ ചെന്നാല്‍, വാതിലിന്റെ നേരെ മുമ്പിലേക്ക് മുഖമായി നില്‍ക്കുകയില്ല. പക്ഷേ, അതിന്റെ വലഭാഗമോ, ഇടഭാഗമോ നിന്നുകൊണ്ട് ‘അസ്സലാമു അലൈക്കും, അസ്സലാമു അലൈക്കും’ എന്നിങ്ങിനെ പറയുമായിരുന്നു. കാരണം, അക്കാലത്ത് വാതിലിന്റെ മുമ്പില്‍ വിരി തൂക്കിയിടുന്ന പതിവുണ്ടായിരുന്നില്ല. ഈ ഹദീസില്‍നിന്ന്, സമ്മതം ചോദിക്കുവാന്‍ ചെന്നവന്‍ വാതിലിന്റെയോ ജനലിന്റെയോ പഴുതില്‍കൂടി അകത്തേക്ക് നോക്കുവാന്‍ പാടില്ലെന്നു പ്രത്യേകം മനസ്സിലാക്കാവുന്നതാകുന്നു.

4. അബൂദാവൂദ് (رحمه الله) മുതലായവര്‍ രിവായത്ത് ചെയ്യുന്നു: നബി (صلّى الله عليه وسلّم)യുടെ വാതില്‍ക്കല്‍ വന്ന് സമ്മതം ചോദിച്ചുകൊണ്ട് ഒരാള്‍ വാതിലിനു മുഖമായി നിന്നു. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) അദ്ദേഹത്തോട് പറഞ്ഞു: ‘താന്‍ ഇങ്ങിനെ മാറി നില്‍ക്കണം. അല്ലെങ്കില്‍ ഇങ്ങിനെ നില്‍ക്കണം (ഇടമോ വലമോ മാറി നില്‍ക്കണം). സമ്മതം ചോദിക്കുവാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളതുതന്നെ, നോട്ടത്തിന്റെ കാരണത്താലകുന്നു.’

5. നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘ഒരു മനുഷ്യന്‍ സമ്മതം കൂടാതെ നിന്റെ മേല്‍ നിന്റെ വീട്ടിനകത്തേക്ക്) എത്തിനോക്കി; അപ്പോള്‍ നീ അവനെ ഒരു ചെറു കല്ലെടുത്ത് മിടിച്ചുകളഞ്ഞു; അതു നിമിത്തം അവന്റെ കണ്ണ്‍ പൊട്ടിപ്പോയി; ഇങ്ങിനെ വന്നാല്‍ നിനക്ക് യാതൊരു തെറ്റുമില്ല.’ (ബു; മു).

6. പ്രമുഖരായ പല മഹാന്മാരും ഉദ്ധരിച്ച ഒരു ഹദീസില്‍ ജാബിര്‍ (رضي الله عنه) പറയുന്നു: ‘എന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഒരു കടത്തിന്റെ വിഷയത്തില്‍ ഞാന്‍ നബി (صلّى الله عليه وسلّم) യുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. ഞാന്‍ വാതില്‍ക്കല്‍ മുട്ടി. തിരുമേനി (صلّى الله عليه وسلّم) ചോദിച്ചു: ‘ആരാണത്?’ ഞാന്‍ ഉത്തരം പറഞ്ഞു: ‘ഞാനാണ്’. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) ഇങ്ങിനെ പറഞ്ഞു: انا انا (ഞാന്‍ ഞാന്‍ തന്നെ) ‘തിരുമേനി ഇത് പറഞ്ഞത് കുറച്ചു വെറുപ്പോടെയാണെന്നു തോന്നുന്നു. (رواه جماعة). ആളെ അറിയുവാന്‍വേണ്ടി ‘ആരാണ്’ എന്ന് ചോദിക്കുമ്പോള്‍ ‘ഞാനാണ്’ എന്ന് ഉത്തരം പറയുക പലരുടെയും പതിവാണ്. ചോദ്യകര്‍ത്താവിന് ഈ ഉത്തരംകൊണ്ട് വിശേഷിച്ചൊരു ഫലവും ലഭിക്കുവാനില്ലല്ലോ. ആകയാല്‍, ആളെ തിരിച്ചറിയുന്ന തരത്തില്‍, സ്വന്തം പേരോ, ചോദ്യകര്‍ത്താവിന് മനസ്സിലാകുന്ന തരത്തിലുള്ള മറ്റുവല്ല നാമങ്ങളോ പറയേണ്ടതാകുന്നു. എന്നത്രെ നബി (صلّى الله عليه وسلّم)യുടെ മറുപടി ചൂണ്ടിക്കാട്ടുന്നത്.

7. ബനൂആമിര്‍ കുടുംബത്തില്‍പെട്ട ഒരാള്‍ നബി (صلّى الله عليه وسلّم) യുടെ അടുക്കല്‍ വരികയുണ്ടായി. തിരുമേനി (صلّى الله عليه وسلّم) വീട്ടിലായിരുന്നു. അയാള്‍ أأدخل (ഞാന്‍ അകത്ത് കടക്കട്ടെയോ?) എന്നാണ് ചോദിച്ചത്. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) തന്റെ ഭൃത്യനോട്‌ പറഞ്ഞു: ‘നീ അയാളുടെ അടുക്കല്‍ ചെന്ന് സമ്മതം ചോദിക്കുന്നത് അയാള്‍ക്ക് പഠിപ്പിച്ചു കൊടുക്കുക. അതായത്: السلام عليكم أأدخل (അസ്സലാമു അലൈക്കും, ഞാന്‍ അകത്ത് പ്രവേശിക്കാമോ?) എന്ന് പറഞ്ഞുകൊടുക്കുക.’ അങ്ങനെ, ഭൃത്യന്‍ പറഞ്ഞു കൊടുക്കുകയും, അയാള്‍ അപ്രകാരം ചോദിക്കുകയും ചെയ്തു. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) അദ്ദേഹത്തിന് സമ്മതം കൊടുത്തു. (അബൂദാവൂദ്).

സമ്മതം ചോദിക്കുക എന്ന അര്‍ത്ഥത്തിന് അറബിയില്‍ استأذن എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. അതിനുപകരം ആയത്തില്‍ استأنس എന്ന മൂലത്തില്‍ നിന്നുള്ള تَسْتَأْنِسُوا എന്ന വാക്കാണ് ഉപയോഗിച്ചത്. സന്തോഷത്തോടും, ഇണക്കത്തോടുംകൂടിയുള്ള സ്വരത്തിലായിരിക്കണം അനുമതി അന്വേഷിക്കുന്നതെന്നാണ് ഈ പ്രയോഗം കാണിക്കുന്നത്. അതുകൊണ്ട് സമ്മതം ചോദിക്കുന്ന വാക്ക് നല്ല രൂപത്തിലും, സാവധാനത്തിലും ആയിരിക്കേണ്ടതുണ്ട്. സ്വന്തം വീട്ടില്‍പോലും, അസമയത്തോ, യാത്രകഴിഞ്ഞു വരുമ്പോഴോ ഒരു മുന്നറിയിപ്പും കൂടാതെ – പെട്ടന്ന് – ചെന്ന് വാതില്‍ മുട്ടുകയോ, അകത്തു കടക്കുകയോ ചെയ്യരുതെന്ന് ഹദീസുകളില്‍ വിരോധിച്ചു കാണാവുന്നതാണ്. പ്രവേശനത്തിന് സമ്മതം ചോദിക്കുന്ന കാര്യത്തില്‍ ഇസ്‌ലാം എത്രമാത്രം പ്രാധാന്യം കല്‍പിച്ചിട്ടുണ്ടെന്ന് ഇതില്‍നിന്നൊക്കെ മനസ്സിലാക്കാം. ദൈര്‍ഘ്യഭയംകൊണ്ട് കൂടുതല്‍ ഉദ്ധരിക്കുന്നില്ല. അടുത്ത ആയത്തുകളില്‍ നോട്ടത്തെക്കുറിച്ചു വിവരിക്കുന്നു:-

Leave a comment