നൂർ (പ്രകാശം)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 64 – വിഭാഗം (റുകൂഅ്) 9
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം – 1
- سُورَةٌ أَنزَلْنَـٰهَا وَفَرَضْنَـٰهَا وَأَنزَلْنَا فِيهَآ ءَايَـٰتٍۭ بَيِّنَـٰتٍ لَّعَلَّكُمْ تَذَكَّرُونَ ﴾١﴿
- ഒരു (പ്രധാന) അദ്ധ്യായം! നാം അത് അവതരിപ്പിക്കുകയും, നിയമമാക്കുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ളതാണത്.) നിങ്ങള്‍ ഓര്‍മ്മിക്കുവാന്‍വേണ്ടി, വ്യക്തമായ പല ദൃഷ്ടാന്തങ്ങളും അതില്‍ നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
- سُورَةٌ ഒരു അദ്ധ്യായമാണ് (ഇതു), ഒരു സൂറത്താണ് أَنزَلْنَاهَا നാമതു അവതരിപ്പിച്ചിരിക്കുന്നു وَفَرَضْنَاهَا നാമതു നിയമമാക്കിയിരിക്കുന്നു وَأَنزَلْنَا فِيهَا നാമതില്‍ അവതരിപ്പിക്കുകയും ചെയ്തു آيَاتٍ പല ദൃഷ്ടാന്തങ്ങള്‍, ലക്ഷ്യങ്ങള്‍ بَيِّنَاتٍ വ്യക്തമായ, തെളിവുകളായ لَّعَلَّكُمْ നിങ്ങളാകുവാന്‍ വേണ്ടി, നിങ്ങളായേക്കാം تَذَكَّرُونَ ഓര്‍മ്മിക്കും, ഉറ്റാലോചിക്കും
ആചാരമര്യാദകള്‍, ശിക്ഷാനിയമങ്ങള്‍ വ്യക്തിപരമായ കടമകള്‍, സാമൂഹ്യബാധ്യതകള്‍ എന്നിങ്ങിനെ പല തുറകളിലുമുള്ള മതനിയമങ്ങള്‍ വളരെയധികം വിവരിച്ചിട്ടുള്ള ഒരു അദ്ധ്യായമാണ് ഈ സൂറത്ത്. ഈ വസ്തുത സൂചിപ്പിച്ചു കൊണ്ടാണ് ‘നാം അത് നിയമമാക്കുകയും ചെയ്തു’ എന്ന് പറഞ്ഞത്. കൂടാതെ, അല്ലാഹുവിന്റെ സൃഷ്ടിമഹാത്മ്യവും ഏകത്വവും സ്ഥാപിക്കുന്ന പല പ്രകൃതിദൃഷ്ടാന്തങ്ങളും ഈ സൂറത്തില്‍ വിവരിച്ചു കാണാം. പുരുഷന്‍മാരെയും സ്ത്രീകളെയും വെവ്വേറെയും, കൂട്ടായും ബാധിക്കുന്ന വളരെ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഈ സൂറത്തിന്റെ ഒരു വിശേഷതയാകുന്നു. താരതമ്യേന സ്ത്രീകളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് – ഉമര്‍ (رضي الله عنه) മുജാഹിദ് (رحمه الله) മുതലയാവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതു പോലെ – സ്ത്രീകള്‍ സൂറത്തു-ന്നൂര്‍ പഠിപ്പിക്കുവാന്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നത്.
- ٱلزَّانِيَةُ وَٱلزَّانِى فَٱجْلِدُوا۟ كُلَّ وَٰحِدٍ مِّنْهُمَا مِا۟ئَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِى دِينِ ٱللَّهِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَآئِفَةٌ مِّنَ ٱلْمُؤْمِنِينَ ﴾٢﴿
- വ്യഭിചാരം ചെയ്തവളാകട്ടെ, വ്യഭിചാരം ചെയ്തവനാകട്ടെ – അവരില്‍ ഓരോരുത്തരെയും – നിങ്ങള്‍ നൂറു അടി അടിക്കുവിന്‍! അല്ലാഹുവിന്റെ മതനടപടിയില്‍, അവരെ സംബന്ധിച്ചു യാതൊരു ദയയും. നിങ്ങള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ – നിങ്ങള്‍ക്ക് പിടിപെട്ടുപോകരുത്! അവരുടെ ശിക്ഷ നടക്കുന്നിടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു വിഭാഗമാളുകള്‍ സന്നിഹിതരാകുകയും ചെയ്തുകൊള്ളട്ടെ.
- الزَّانِيَةُ വ്യഭിചാരം ചെയ്യുന്നവള്‍ وَالزَّانِي വ്യഭിചാരം ചെയ്യുന്നവനും فَاجْلِدُوا നിങ്ങള്‍ അടിക്കുവിന്‍ كُلَّ وَاحِدٍ എല്ലാ ഓരോരുവരെയും مِّنْهُمَا അവര്‍ രണ്ടാളില്‍നിന്നും مِائَةَ جَلْدَةٍ നൂറടി (വീതം) وَلَا تَأْخُذْكُم നിങ്ങള്‍ക്കു പിടിപെടരുതു بِهِمَا അവരെ രണ്ടാളെയും സംബന്ധിച്ചു رَأْفَةٌ ഒരു ദയയും, കൃപയും فِي دِينِ اللَّـهِ അല്ലാഹുവിന്റെ മതനടപടിയില്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ تُؤْمِنُونَ വിശ്വസിക്കുന്ന(വര്‍) بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَلْيَشْهَدْ സന്നിഹിതരാവുക (ഹാജരുണ്ടാവുക)യും ചെയ്തുകൊള്ളട്ടെ عَذَابَهُمَا അവരുടെ ശിക്ഷയുടെ (ശിക്ഷനടത്തുന്നതിന്റെ) അടുക്കല്‍ طَائِفَةٌ ഒരു വിഭാഗം, ഒരു കൂട്ടര്‍ مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നുള്ള
വ്യഭിചാരത്തെയും, അതുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള കാര്യങ്ങളെയും കുറിച്ചാണ് ഈ സൂറത്തിലെ അധികഭാഗവും വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. ആദ്യമായി പ്രസ്താവിക്കുന്നത് വ്യഭിചാരത്തിന്റെ ശിക്ഷാനിയമമാകുന്നു. ശിര്‍ക്കും, കൊലയും കഴിച്ചാല്‍ പിന്നെ, ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും ഭയങ്കരമായ പാപം വ്യഭിചാരമാകുന്നു. സൂ: ഫുര്‍ഖാന്‍ 68ലും മറ്റും ഇത് കാണാം. ഇഹത്തില്‍ അതുമൂലമുണ്ടാകുന്ന ആപത്തുകളും, പരത്തില്‍ ഉണ്ടാകുന്ന ശിക്ഷയും ഭീമമായതാകുന്നു. ഖുര്‍ആനിലും, ഹദീസിലും ഇതിനെപ്പറ്റി ധാരാളക്കണക്കില്‍ വിവരിച്ചിരിക്കുന്നത് കാണാം. ഇമാം ബൈഹഖി (رحمه الله) മുതലായവര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ അതിന്റെ രത്നചുരുക്കം ഉള്‍കൊള്ളുന്നതുകൊണ്ട് അതിവിടെ ഉദ്ധരിക്കം. നബി (صلّى الله عليه وسلّم) പറയുകയാണ്:-
يا معشر الناس اتقوا الزنا فإن فيه ست خصال ثلاث في الدنيا وثلاث في الآخرة ، فأما التي في الدنيا ، فتذهب البهاء ، وتورث الفقر ، وتنقص العمر ، وأما التي في الآخرة فتوجب السخطة ، وسوء الحساب والخلود في النار – البيهقي وغيره
സാരം: ‘മനുഷ്യരേ, നിങ്ങള്‍ വ്യഭിചാരം സൂക്ഷിക്കണേ! കാരണം; അതില്‍ ആറു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. മൂന്നെണ്ണം ഇഹത്തിലും, മൂന്നെണ്ണം പരത്തിലും ഉള്ളതാകുന്നു. ഇഹത്തില്‍വെച്ചുള്ളത് ഏതെന്നുവെച്ചാല്‍: അത് മനുഷ്യന്റെ ലാവണ്യം നശിപ്പിക്കുന്നു, ദാരിദ്ര്യത്തെ അവകാശപ്പെടുത്തുന്നു, ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു. പരലോകത്തുവെച്ചുണ്ടാകുന്നവയാകട്ടെ, അത് (അല്ലാഹുവിന്റെയും സൃഷ്ടികളുടെയും) ക്രോധത്തെയും, കഠിനമായ വിചാരണയെയും, നരകത്തില്‍ സ്ഥിരവാസത്തെയും ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.’
നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അവരില്‍ ശിക്ഷ നടത്തുന്ന കാര്യത്തില്‍ യാതൊരു ദയയും ഉണ്ടാകുവാന്‍ പാടില്ല എന്നും, ശിക്ഷ നടത്തുന്നത് ഒരു വിഭാഗം ആളുകളുടെ മുമ്പാകെവെച്ച് പരസ്യമായിട്ടായിരിക്കണമെന്നും കല്‍പിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുക്കല്‍ അത് എത്രമാത്രം ഭയങ്കരമായ പാപമായിട്ടാണ് ഗണിക്കപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാക്കാം. കുടുംബബന്ധങ്ങളും, പിതൃബന്ധങ്ങളും താറുമാറാക്കുന്ന ഒരു വമ്പിച്ച മൃഗീയ നീചവൃത്തിയത്രെ വ്യഭിചാരം. ഇത്രയും നീചവും നികൃഷ്ടവുമായ ഒരു പാപമായതു കൊണ്ടുതന്നെയാണ്, ഒരാളെപ്പറ്റി വ്യഭിചാരരോപണം പറയുന്നവന് – നാല് സാക്ഷികള്‍ മുഖാന്തരം അവനത് തെളിയിക്കാത്തപക്ഷം – 80 അടി ശിക്ഷ നല്‍കപ്പെടണമെന്നും, മറ്റും 4-ാം വചനത്തില്‍ കല്‍പിക്കപ്പെട്ടിട്ടുള്ളതും.
ഒരാള്‍ ഈ നീചവൃത്തി ചെയ്തതായി ഒന്നോ, രണ്ടോ, മൂന്നോ പേര്‍ അറിഞ്ഞാല്‍പോലും അത് രഹസ്യമാക്കി വെക്കണമെന്നു് ഇതുകൊണ്ട് വരുന്നു. അത് ഗോപ്യമാക്കിവെക്കാതെ, അവന്റെമേല്‍ ജനമദ്ധ്യേ ദുഷ്കീര്‍ത്തിയുണ്ടാക്കരുതെന്നാണ് ഇതിന്റെ അര്‍ത്ഥം. ഒരു പക്ഷേ, അവന്‍ സ്വയം ഖേദിച്ചു മടങ്ങിയേക്കാം. അല്ലെങ്കില്‍ അല്ലാഹു അവന്റെമേല്‍ നടപടി എടുത്തുകൊള്ളും എന്നു് സമാധാനിക്കാം. എനി, നാലോ അധികമോ പേര്‍ കാണുകവഴി അത് പരസ്യപ്പെടുന്നപക്ഷം, അപ്പോള്‍ അതിന് തക്കശിക്ഷ നല്‍കപ്പെടാതിരുന്നാല്‍ അതു് ഇസ്‌ലാമിനും മുസ്‌ലിം സമുദായത്തിനും ചീത്തപ്പേരാണെന്നു് മാത്രമല്ല, സമുദായത്തിന്റെ അച്ചടക്കത്തിനും, സാമൂഹ്യനന്മക്കും, നിയമത്തിന്റെ ഭദ്രതക്കും ദോഷകരവുമായിരിക്കും. അതുകൊണ്ട് എനിയത് അഗണ്യമാക്കുവാന്‍ വയ്യ. ചുരുക്കിപ്പറഞ്ഞാല്‍, ഒരാളില്‍ വല്ല നീചവൃത്തിയും കണ്ടാല്‍ കഴിയുന്നതും അത് പരസ്യമാക്കാതിരിക്കണം. അത് രംഗത്തു വന്നു് തെളിഞ്ഞുകഴിഞ്ഞാല്‍ അതിന് തക്ക നടപടി എടുക്കാതെ വിട്ടുകളയുകയും ചെയ്യരുത്. ഇതാണ് ശിക്ഷാനടപടികളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്റെ പൊതുനില. വ്യഭിചാരം ചെയ്തതായി സ്വയം ഏറ്റുപറയുകയും, ശിക്ഷാനടപടി നടത്തിക്കൊള്ളുവാന്‍ സ്വയം ആവശ്യപ്പെടുകയും ചെയ്ത ചിലരോട്, ആദ്യത്തില്‍ നബി (صلّى الله عليه وسلّم) കേട്ടഭാവം നടിക്കാതെ കണ്ണടക്കുകയും, വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോള്‍ മാത്രം ശിക്ഷ വിധിക്കുകയും ചെയ്തിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാകുന്നു. നബി (صلّى الله عليه وسلّم) തിരുമേനി ഇപ്രകാരം അരുളിച്ചെയ്തതായി ഹദീസില്‍ കാണാം.
تَعَافَوُا الْحُدُودَ فِيمَا بَيْنَكُمْ فَمَا بَلَغَنِي مِنْ حَدٍّ فَقَدْ وَجَبَ – ابوداود والنسائي
സാരം: ‘നിങ്ങള്‍ക്കിടയില്‍ ‘ഹദ്ദു’കളെ (ശിക്ഷാനിയമത്തിന്നു് വിധേയമായ കുറ്റങ്ങളെ) അന്യോന്യം വിട്ടുവീഴ്ച ചെയ്യുവിന്‍. എന്നാല്‍, എന്റെ അടുക്കല്‍ വല്ല ‘ഹദ്ദും’ എത്തിക്കഴിഞ്ഞാല്‍ പിന്നെ അത് (ശിക്ഷാനടപടി എടുക്കല്‍) നിര്‍ബ്ബന്ധമായി.’ അതായത്: അധികൃതസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ തെളിവനുസരിച്ച് ശിക്ഷിക്കാതിരിക്കുവാന്‍ പാടില്ല. കഴിയുന്നതും അതവിടെ എത്താതിരിക്കത്തക്കവണ്ണം അഗണ്യമാക്കുവാന്‍ ശ്രമിക്കേണ്ടതാണ് എന്ന് താല്‍പര്യം.
നമ്മുടെ സ്ഥിതിയോ? ആരെങ്കിലും, എന്തെങ്കിലും ഒരു ദുഷ്പ്രവൃത്തി ചെയ്തതായോ, ചെയ്‌വാന്‍ ഭാവമുള്ളതായോ വല്ല കേട്ടുകേള്‍വിയും ലഭിക്കേണ്ട താമസം, അത് ഏറ്റുപാടുകയും, പറഞ്ഞു പരത്തുകയും ചെയ്യുക സാധാരണമാകുന്നു. എനി, ഉത്തരവാദപ്പെട്ട സ്ഥാനത്ത് കേസ്സുകള്‍ എത്തിയാലത്തെ കഥയാണെങ്കില്‍, അവിടെ സത്യത്തിനോ, നീതിക്കോ, നിയമത്തിനോ അല്ല – സ്വാര്‍ത്ഥത്തിനും, ശുപാര്‍ശക്കും, കക്ഷിമനസ്ഥിതിക്കുമാണ് – പ്രാബല്യം കാണപ്പെടുന്നതും. അതോടൊപ്പം, ഇന്നു് നിലവിലുള്ള ശിക്ഷാനിയമങ്ങളാകട്ടെ, വേദന തീണ്ടാത്തതും, ബുദ്ധിമുട്ട് കൂടാതെ അനുഭവിക്കാവുന്നതും! അങ്ങനെ, സമുദായമാകമാനം ധാര്‍മ്മികമായ ഒരുതരം അരാജകത്വത്തിലേക്ക് ദിനംപ്രതി നീങ്ങിക്കൊണ്ടിരിക്കുകയാണ്. വ്യസനകരം!
നബി (صلّى الله عليه وسلّم) തിരുമേനിയുടെ പ്രിയപ്പെട്ട പോറ്റുപുത്രന്‍ ഉസാമത്തുബ്നുസൈദ് (رضي الله عنه) ഒരിക്കല്‍ ഒരു ഭേദപ്പെട്ട സ്ത്രീ മോഷണം ചെയ്ത കേസ്സില്‍ ശുപാര്‍ശ നടത്തുകയുണ്ടായി. മറ്റാരും തിരുമേനി (صلّى الله عليه وسلّم) യുടെ അടുക്കല്‍ ശുപാര്‍ശക്ക് ചെല്ലുവാന്‍ ധൈര്യപ്പെടാതിരുന്നതുകൊണ്ട് കേവലം ചെറുപ്പകാരനും, തിരുമേനി(صلّى الله عليه وسلّم)യുടെ വാത്സല്യപാത്രവുമായ ഉസാമഃ (رضي الله عنه) യെ പ്രതിഭാഗം തിരഞ്ഞെടുത്തയച്ചതായിരുന്നു. ‘അല്ലാഹുവിന്റെ ശിക്ഷാനടപടികളില്‍ ശുപാര്‍ശക്ക് വന്നിരിക്കുകയാണോ നീ?!’ എന്നു് ദേഷ്യപ്പെട്ടുകൊണ്ട് ആക്ഷേപിക്കുകയും അതിനെത്തുടര്‍ന്നു് ഒരു പ്രസംഗം തന്നെ നടത്തുകയുമാണ് തിരുമേനി (صلّى الله عليه وسلّم) ചെയ്തത്. അതില്‍ അവിടുന്നു് ഇപ്രകാരം പറഞ്ഞിരുന്നു: ‘പ്രമാണിമാര്‍ കളവ് നടത്തിയാല്‍ വിട്ടുകളയുകയും, അബലരായ ആളുകള്‍ കളവ് നടത്തിയാല്‍ ശിക്ഷാനടപടി എടുക്കുകയും ചെയ്തിരുന്ന സമ്പ്രദായമാണ്, നിങ്ങള്‍ക്ക് മുമ്പുള്ളവരെ (വേദക്കാരെ) നാശത്തിലാക്കിയത്. അല്ലാഹു തന്നെയാണ് സത്യം! മുഹമ്മദിന്റെ മകള്‍ ഫാത്തിമഃ തന്നെ കളവ് നടത്തിയാലും ഞാന്‍ അവളുടെ കൈ മുറിച്ചു കളയും!’ (ولَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا). ഈ ഹദീസ് ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിട്ടുള്ളതാണ്.
ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങളെപ്പറ്റി, ‘പഴഞ്ചന്‍, അപരിഷ്കൃതം, നിര്‍ദ്ദയം’ എന്നൊക്കെ ആക്ഷേപിക്കപ്പെടാറുണ്ട്. ‘പരിഷ്കൃതാശയക്കാരെ’ന്നഭിമാനിക്കുന്ന ചില മുസ്‌ലിംകള്‍പോലും ഈ അഭിപ്രായക്കാരാണോ എന്നു് സംശയിക്കേണ്ടിയിരിക്കുന്നു. മനഃശാസ്ത്രത്തെയും, പരിഷ്കൃത യുഗത്തെയും ചൊല്ലി, മതനിയമങ്ങളെ ആക്ഷേപിക്കുന്ന ആളുകളാല്‍ നിര്‍മ്മിതങ്ങളായ ഇന്നത്തെ ശിക്ഷാനിയമങ്ങളാകട്ടെ, കുറ്റങ്ങളെ കുറക്കുവാനും, അച്ചടക്കവാസനയുണ്ടാക്കുവാനും പര്യാപ്തങ്ങളല്ലെന്നു് നിത്യാനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കയാണ്. നമ്മുടെ നാട്ടില്‍തന്നെ, ഗവര്‍മ്മെണ്ട് അതിന്റെ പരാജയം സമ്മതിക്കേണ്ടി വന്ന പല നിയമങ്ങളും നിലവിലുള്ളത് നമുക്കറിയാമല്ലോ. കൊലശിക്ഷ എടുത്ത് കളഞ്ഞശേഷം വീണ്ടും അത് നടപ്പിലാക്കുവാന്‍ ചില രാഷ്ട്രങ്ങള്‍ നിര്‍ബ്ബന്ധിതമായ പല വാര്‍ത്തകളും നാം കേട്ടുകൊണ്ടിരിക്കുന്നു. ചിന്തകന്‍മാരായ പല വ്യക്തികളും ഇതിന്റെയെല്ലാം പശ്ചാത്തലം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, ഭരണച്ചെങ്കോലുകള്‍ കൈവശം വെക്കുന്നവരുടെഗതി പിന്നെപ്പിന്നെ അധഃപതനത്തിലേക്കാണെന്നു് പറയേണ്ടിയിരിക്കുന്നു. വ്യഭിചാരവിഷയകമായി നോക്കുകയാണെങ്കില്‍, ബലാല്‍സംഗം മാത്രമാണ് ഇന്നത്തെ നിയമപ്രകാരം പല രാഷ്ട്രങ്ങളിലും ശിക്ഷാര്‍ഹമായിട്ടുള്ളതെന്നു പറയാം. നിയമപരമായി നോക്കുമ്പോള്‍ വ്യഭിചാരത്തിന് പ്രോത്സാഹനമോ, നിര്‍ബ്ബന്ധമോ എവിടെയും നിലവിലില്ല എന്നത് ശരിയാണ്. എങ്കിലും, പല കലാവിനോദങ്ങളും, പുതുതായി നടപ്പില്‍ വന്നുകൊണ്ടിരിക്കുന്ന ഏതാനും സര്‍ക്കാര്‍ നിയമങ്ങളും ഇക്കാലത്ത് വ്യഭിചാരവൃത്തിക്ക് തികച്ചും പ്രോത്സാഹനം നല്‍കുന്നുവെന്നത് ഒരു വാസ്തവം മാത്രമാണ്. മനുഷ്യത്വത്തെയും, ധാര്‍മ്മികത്വത്തെയും നിലനിറുത്തേണമെങ്കില്‍, മനുഷ്യസൃഷ്ടാവിനാല്‍ നിയമക്കിപ്പെട്ട ധാര്‍മ്മിക നടപടികള്‍ സ്വീകരിച്ചേ തീരൂ.
ഖുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇസ്‌ലാമിക കര്‍മ്മശാസ്ത്ര (الفقه الإسلامي) പണ്ഡിതന്‍മാരും വളരെയധികം വിസ്തരിച്ചു വിവരിച്ചിട്ടുള്ള ഒരു ആയത്താണ് നാം വായിച്ചത്. ഈ ആയത്തില്‍ നിന്നും, അതിനോട് ബന്ധപ്പെട്ട ഹദീസുകളില്‍ നിന്നുമായി അനവധി സംഗതികള്‍ ഇവിടെ അവര്‍ വിവരിച്ചു കാണാം. അവയില്‍ മുഖ്യമായ ഒന്ന് രണ്ട് സംഗതികള്‍ ഇവിടെ ചുരുക്കി പ്രസ്താവിക്കുന്നത് ആവശ്യമാകുന്നു. അതിനുമുമ്പായി, ഇസ്‌ലാമിന്റെ ഒരു അടിസ്ഥാനതത്വം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങള്‍ ഖുര്‍ആനും, ഹദീസുമാകുന്നു. വേദഗ്രന്ഥവും, സാക്ഷാല്‍ അടിസ്ഥാനവും ഖുര്‍ആന്‍ തന്നെ. നബി (صلّى الله عليه وسلّم) തിരുമേനിയുടെ വചനങ്ങളും, മാതൃകാപ്രവര്‍ത്തനങ്ങളുമാകുന്ന സുന്നത്ത് – അല്ലെങ്കില്‍ ഹദീസ് – അതിന്റെ വ്യാഖ്യാനവുമാണ്. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ഖുര്‍ആന്റെ വ്യാഖ്യാതാവാണ് നബി (صلّى الله عليه وسلّم) തിരുമേനി. അവിടുത്തെ വ്യാഖ്യാനത്തിന് നിരക്കാത്ത ഏത് വ്യാഖ്യാനവും സ്വീകാര്യമല്ല തന്നെ. ഇതിന് തെളിവായി പലതും ഉദ്ധരിക്കുവാനുണ്ടെങ്കിലും, അല്‍പം ചില ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് നമുക്ക് ഇവിടെ മതിയാക്കാം:-
1.وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ: سورة النحل: ٤٤
2.وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾: سورة النجم
3.وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ: سورة الحشر:٧
സാരങ്ങള്‍:
1. ജനങ്ങള്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളതിനെ അവര്‍ക്ക് നീ വിവരിച്ചു കൊടുക്കുവാനാണ് നിനക്ക് നാം ‘ദിക്റി’നെ ഇറക്കിയിട്ടുള്ളത്. 16:44. (ഇവിടെ ദിക്ര്‍’ (ذِّكْر) എന്ന പദത്തിന് ‘ബോധനം, സ്മരണ, ഉപദേശം’ എന്നിങ്ങനെയുള്ള ഏത് വാക്കര്‍ത്ഥം കൊടുത്താലും ശരി, ഖുര്‍ആന്‍ മാത്രമോ, അല്ലെങ്കില്‍ ഖുര്‍ആന്‍ അടക്കമുള്ള ദിവ്യബോധനങ്ങളോ ആണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യത്തിലും, നബി (صلّى الله عليه وسلّم) യെ അഭിമുഖീകരിച്ചുകൊണ്ടാണിത് പറഞ്ഞിട്ടുള്ളതെന്ന കാര്യത്തിലും സംശയമില്ല.).
2. അദ്ദേഹം നബി – തന്നിഷ്ടപ്രകാരം മിണ്ടുകയില്ല. (സംസാരിക്കുകയില്ല). അത് അദ്ദേഹത്തിന് നല്‍കപ്പെടുന്ന ‘വഹ്-യല്ലാതെ മറ്റൊന്നുമല്ല. 53:3,4.
3. റസൂല്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുവിന്‍; അദ്ദേഹം നിങ്ങളോട് ഏതൊന്നിനെപ്പറ്റി വിരോധിച്ചുവോ അത് നിങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുവിന്‍! 59:7. (സ്വീകരിക്കുവാന്‍ പറയുന്നിടത്ത് അദ്ദേഹം ‘കല്‍പിച്ചത്’ എന്ന് പറയാതെ, അദ്ദേഹം കൊണ്ടുവന്നത് (َمَا آتَاكُمُ) എന്ന് പറഞ്ഞ ഭാഗം പ്രത്യേകം ഗൗനിക്കേണ്ടതാകുന്നു. അദ്ദേഹത്തിന്റെ വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും മാതൃകയുണ്ടെന്നാണത് കാണിക്കുന്നത്.).
ഉദ്ദേശ്യം വിവരിക്കുക, സാമാന്യമായിപ്പറഞ്ഞതിനെ വിസ്തരിച്ചു കാണിക്കുക, സൂചനകള്‍ വെളിപ്പെടുത്തുക, പരിധികളും ഉപാധികളും നിര്‍ണ്ണയിക്കുക, മൊത്തമായിപ്പറഞ്ഞതിനെ വിശദീകരിക്കുക മുതലായതിനാണല്ലോ വ്യാഖ്യാനമെന്ന് പറയുന്നത്. (*)
(*). മുഖവുര നാലാം ഖണ്ഡികയില്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തെ സംബന്ധിച്ച് നാം വിവരിച്ചിട്ടുള്ള പലതും ഇവിടെ സ്മരിക്കാം. കര്‍മ്മശാസ്ത്രനിദാനഗ്രന്ഥങ്ങളിലും (أصول الفقه) ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്ര ഗ്രന്ഥങ്ങളിലും (علوم التفسير) ഈ വിഷയം സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
الزَّانِيَةُ وَالزَّانِي (വ്യഭിചാരം ചെയ്തവളും വ്യഭിചാരം ചെയ്തവനും) എന്ന വാക്കുകള്‍ വിവാഹം കഴിഞ്ഞവര്‍ക്കും, വിവാഹം കഴിയാത്തവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ഹദീസില്‍, വ്യഭിചാരം ചെയ്യുന്നവരെ ‘മുഹ്സ്വന്‍’ (المحصن) എന്നും, ‘മുഹ്സ്വന്‍’ അല്ലാത്തവന്‍ (غير المحصن) എന്നും വിഭജിച്ചിരിക്കുന്നു. ‘മുഹ്സ്വന്‍’ എന്ന വാക്ക് ഒന്നിലധികം അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടാറുണ്ട്. അതിനെപ്പറ്റി 4-ാം വചനത്തിന്റെ വിവരണത്തില്‍ കാണാം. അംഗീകരിക്കപ്പെട്ട വിവാഹം വഴി, ഭാര്യാഭര്‍ത്തൃസഹവാസം നടന്നിട്ടുള്ള സ്വതന്ത്രനായ – അടിമയല്ലാത്ത – ആള്‍ എന്നാണ് ഇവിടെ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഭാര്യാഭര്‍ത്തൃ സഹവാസം നടന്നിട്ടില്ലാത്തവരും, അംഗീകൃത വിവാഹം കഴിയാത്തവരും, അടിമകളും ‘മുഹ്സ്വന’ല്ലാത്തവരില്‍ ഉള്‍പ്പെടുന്നു.
ആയത്തില്‍ പ്രസ്താവിച്ച അടിശിക്ഷ ‘മുഹസ്വന’ല്ലാത്തവനുള്ളതാണെന്നും, ‘മുഹ്സ്വന്റെ’ ശിക്ഷ എറിഞ്ഞുകൊല്ലലാണെന്നും നബി (صلّى الله عليه وسلّم) തിരുമേനി വാക്കു മുഖേനയും, പ്രവൃത്തി മുഖേനയും വ്യക്തമാക്കിയിരിക്കുകയാണ്. നിഷ്പക്ഷഹൃദയനായ ഏതൊരു മുസ്ലിമിനും നിഷേധിക്കാന്‍ കഴിയാത്തവണ്ണം ബലവത്തായ അനേകം ഹദീസുകള്‍വഴി ഇതു സ്ഥാപിതമായിട്ടുണ്ട്. അബൂബക്കര്‍, ഉമര്‍, അലി, ജാബിര്‍, അബൂസഈദില്‍ ഖുദ്-രീ, അബൂഹുറൈറ, സൈദുബ്നു ഖാലിദ്, ബുറൈദത്തുല്‍ അസ്ലമീ (رضي الله عنهم) തുടങ്ങിയ പല സഹാബികളില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതും, ബുഖാരീ, മുസ്‌ലിം (رحمة الله عليهما) തുടങ്ങിയ എല്ലാ പ്രധാന ഹദീസു പണ്ഡിതന്‍മാരും രേഖപ്പെടുത്തിയിട്ടുള്ളതുമാണ് അവ. ഒരൊറ്റ സഹാബിയോ, താബിഈ (സഹാബികളുടെ പിന്‍ഗാമി) യോ, ഇമാമോ ഇതില്‍ എതിരഭിപ്രായക്കാരുമില്ല. നബി (صلّى الله عليه وسلّم) തിരുമേനി തന്നെ, എറിഞ്ഞുകൊല്ലുവാന്‍ വിധി നടത്തിയ സംഭവങ്ങള്‍ മൂന്നെണ്ണം രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഖുലഫാഉറാശിദീന്റെ കാലത്തും അതു നടന്നിരിക്കുന്നു. അവ മുഴുവനുമോ, ഏതാനുമോ ഇവിടെ വിവരിക്കുന്നപക്ഷം ഈ വിവരണം വളരെ ദീര്‍ഘിച്ചുപോകുന്നതുകൊണ്ടും, ആര്‍ക്കും അന്വേഷിച്ചറിയാവുന്നവിധം അവ ശ്രുതിപ്പെട്ടതാകകൊണ്ടും ഇവിടെ അവ ഉദ്ധരിക്കുന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍, മേല്‍കാണിച്ചതുപോലെയുള്ള ഖുര്‍ആന്‍ വാക്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും, നബി (صلّى الله عليه وسلّم)യുടെ സുന്നത്ത് (വാക്കും പ്രവൃത്തിയും) ഖുര്‍ആന്റെ വിവരണമായി അംഗീകരിക്കുന്ന ആര്‍ക്കും ഈ വിഷയത്തില്‍ ഭിന്നാഭിപ്രായം – അഥവാ, എല്ലാതരം വ്യഭിചാരികള്‍ക്കുമുള്ള ശിക്ഷ നൂറ് അടി മാത്രമാണ് എന്നുള്ള വാദം – ഉണ്ടായിരിക്കുവാന്‍ നിവൃത്തിയില്ല. ഇതേവരെ അങ്ങിനെ ഉണ്ടായിട്ടുമില്ല. മുന്‍കാലത്ത് ഈ വിഷയത്തില്‍ എതിരഭിപ്രായം ഉണ്ടായിട്ടുള്ളത് ‘ഖവാരിജ്’ എന്ന പേരില്‍ അറിയപ്പെടുന്ന കക്ഷി (*)ക്കു മാത്രമാണ്. അടിസ്ഥാനപരമായിത്തന്നെ മുസ്ലിംകളുമായി ഭിന്നിച്ചുനിന്ന ഒരു കക്ഷിയാണത്. ഈ അഭിപ്രായത്തില്‍ അവരെ അനുകരിക്കുന്ന ചില വ്യക്തികള്‍ പിന്നീടും ചുരുക്കത്തില്‍ ഇല്ലാതില്ല. ഒന്നുകില്‍ അവര്‍, ആദര്‍ശപരമായി ‘ഖവാരിജി’നോട് യോജിക്കുന്നവരായിരിക്കും. അല്ലെങ്കില്‍, ഖുര്‍ആന്‍ മാത്രമേ ഇസ്ലാമിന്റെ ലക്ഷ്യപ്രമാണമായുള്ളൂവെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ വാദിച്ചുകൊണ്ട് സുന്നത്തിനെ നിഷേധിച്ചുകളയുന്ന ‘അഹ്ലുല്‍ ഖുര്‍ആന്‍’ വിഭാഗത്തില്‍പെട്ടവരായിരിക്കും. അതുമല്ലെങ്കില്‍, ആധുനിക ലഹരിനിമിത്തം ഇസ്‌ലാമിക വിധികളെ ജനഹിതത്തിനൊത്തും, കാലത്തിനൊത്തും ചിത്രീകരിക്കുവാന്‍ മുതിരുന്നവരായിരിക്കും. മറ്റാര്‍ക്കും അതിനുള്ള ആവശ്യമോ ധൈര്യമോ ഉണ്ടാകുന്നതല്ല.
(*). ഖവാരിജ് (الخوارج): ഖിലാഫത്തിനെതിരായി വമ്പിച്ച വിപ്ളവമുണ്ടാക്കിയ ഒരു കക്ഷിയാണ് ഇത്. അലി (رضي الله عنه) യുടെ കാലത്താണ് ഇവരുടെ ഉല്‍ഭവം. ഇവര്‍ക്ക് സ്വന്തമായ പല അഭിപ്രായങ്ങളും ആദര്‍ശങ്ങളുമുണ്ടായിരുന്നു. ഇന്ന് ഈ കക്ഷി നിലവിലില്ല. ഇവരുടെ ചരിത്രം പ്രസിദ്ധമാണ്.
നബി (صلّى الله عليه وسلّم) തിരുമേനിയും, ഉമര്‍ (رضي الله عنه) മുതലായ ചില മഹാന്‍മാരും ഇങ്ങനെയുള്ളവരെപ്പറ്റി മുമ്പേ ചെയ്തിട്ടുള്ള പ്രവചനങ്ങള്‍ കാണുമ്പോള്‍, ചിന്തിക്കുന്ന സത്യവിശ്വാസികള്‍ക്കു വിശ്വാസവര്‍ദ്ധനവുണ്ടാകുകയാണ് ചെയ്യുക. നബി (صلّى الله عليه وسلّم) പറയുന്നു:-
لَا أُلْفِيَنَّ أَحَدَكُمْ مُتَّكِئًا عَلَى أَرِيكَتِهِ يَأْتِيهِ الْأَمْرُ مِنْ أَمْرِي مِمَّا أَمَرْتُ بِهِ أَوْ نَهَيْتُ عَنْهُ فَيَقُولُ: لَا أَدْرِي مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَاهُ – احمد وابوداود والترمذي وابن ماجة والبيهقي
സാരം: നിങ്ങളിലൊരാള്‍ അവന്റെ സോഫായില്‍ – അഥവാ അലംകൃതമായ കട്ടിലില്‍ – ചാരിയിരുന്ന് (സുഖിച്ചു) കൊണ്ടിരിക്കെ, ഞാന്‍ കൽപിച്ചതോ, വിരോധിച്ചതോ ആയ എന്റെ നിര്‍ദ്ദേശത്തില്‍പ്പെട്ട ഒരു കാര്യം അവന്റെയടുക്കല്‍ എത്തുമ്പോള്‍ അവന്‍ ഇങ്ങിനെ പറയുന്നതു ഞാന്‍ കാണാതിരിക്കട്ടെ: ‘എനിക്ക് അതറിഞ്ഞുകൂടാ, അല്ലാഹുവിന്റെ കിതാബില്‍ കണ്ടതേതോ അതു നമുക്ക് പിന്‍പറ്റാം.’). ഖുര്‍ആനും, സുന്നത്തും വേണ്ടതുപോലെ ഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യാത്ത സുഖിയന്‍മാരെയും, മടിയന്‍മാരെയും സൂചിപ്പിച്ചുകൊണ്ടാണ് തിരുമേനി (صلّى الله عليه وسلّم) ഇത് അരുളിചെയ്യുന്നതെന്നത്രെ, ‘സോഫായില്‍ ചാരിയിരുന്നുകൊണ്ട്’ (مُتَّكِئًا عَلَى أَرِيكَتِهِ) എന്ന വാക്ക് മനസ്സിലാക്കിത്തരുന്നത്. ഈ വിഷയകമായി വേറെയും ഹദീസുകള്‍ വന്നിട്ടുണ്ട്. വ്യഭിചാരിയെ എറിഞ്ഞുകൊല്ലുന്നതിനെ നിഷേധിക്കുന്നവരെപ്പറ്റി ഉമര്‍ (رضي الله عنه) പറയുന്നത് നോക്കുക:-
قَالَ عُمَرُ ” لَقَدْ خَشِيتُ أَنْ يَطُولَ بِالنَّاسِ زَمَانٌ ، حَتَّى يَقُولَ قَائِلٌ : لَا نَجِدُ الرَّجْمَ فِي كِتَابِ اللَّهِ ، فَيَضِلُّوا بِتَرْكِ فَرِيضَةٍ أَنْزَلَهَا اللَّهُ ، أَلَا وَإِنَّ الرَّجْمَ حَقٌّ عَلَى مَنْ زَنَى ، وَقَدْ أَحْصَنَ إِذَا قَامَتِ الْبَيِّنَةُ ، أَوْ كَانَ الْحَبَلُ ، أَوِ الِاعْتِرَافُ “: البخاري ومسلم وغيره
സാരം: ജനങ്ങളില്‍ കുറേകാലം ദീര്‍ഘിക്കുമ്പോള്‍ വല്ലവരും: ‘അല്ലാഹുവിന്റെ കിത്താബില്‍ ‘റജ്മു’ (എറിഞ്ഞുകൊല്ലല്‍) നാം കാണുന്നില്ലല്ലോ’ എന്ന് പറഞ്ഞേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ, അതുമൂലം അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഒരു നിര്‍ബ്ബന്ധനിയമം ഉപേക്ഷിച്ചുകൊണ്ട് അവര്‍ പിഴച്ചുപോയേക്കും. അല്ലാ! (അറിയുക): എറിഞ്ഞുകൊല്ലുക (الرَّجْم) എന്നത് ‘മുഹ്സ്വനാ’യ നിലയില്‍ വ്യഭിചാരം ചെയ്തവന്റെ പേരില്‍ നടത്തല്‍ കടമയാകുന്നു – തെളിവ് സ്ഥാപിതമാകുകയോ, അല്ലെങ്കില്‍ ഗര്‍ഭമോ കുറ്റം സമ്മതിക്കലോ ഉണ്ടാവുകയോ ചെയ്‌താല്‍. (ബു; മു; മുതലായ പലരും). ഉമര്‍ (رضي الله عنه)ന്റെ ദീര്‍ഘദൃഷ്ടി നോക്കുക! അദ്ദേഹത്തിന്റെ കാലത്ത് ‘റജ്മി’നെ നിഷേധിക്കുന്നവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടുപോലും, കാലാന്തരത്തില്‍ അങ്ങനെ ഒരു കൂട്ടര്‍ ഉടലെടുക്കുമെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടികൊണ്ട് അദ്ദേഹം മനസ്സിലാക്കി. അവരെ താന്‍ മുന്‍കൂട്ടി താക്കീതും ചെയ്തു. നബി (صلّى الله عليه وسلّم) ക്കുശേഷം പ്രവാചകന്‍മാരുണ്ടാകുമായിരുന്നുവെങ്കില്‍ ‘ഉമര്‍ പ്രവാചകനാകുമായിരുന്നു’വെന്ന് കാണിക്കുന്ന നബിവചനങ്ങള്‍ ഇവിടെ സ്മരണീയമാകുന്നു.
ഉമര്‍ (رضي الله عنه) ന്റെ പ്രസ്താവനയില്‍നിന്ന് ചില സംഗതികള്‍ മനസ്സിലാക്കുവാനുണ്ട്: (1). ‘മുഹ്സ്വനാ’യ വ്യഭിചാരിയെ എറിഞ്ഞുകൊല്ലണമെന്ന വിധി നബി (صلّى الله عليه وسلّم) യുടേയോ മറ്റോ അഭിപ്രായമല്ല – അല്ലാഹുവില്‍നിന്ന് വഹ്-യുമൂലം അവതരിച്ചതുതന്നെയാണ്. അതാണ് ‘അല്ലാഹു അവതരിപ്പിച്ചിട്ടുള്ള നിര്‍ബ്ബന്ധനിയമം’ (فَرِيضَةٍ أَنْزَلَهَا اللَّهُ) എന്ന പ്രയോഗം കാണിക്കുന്നത്. ഈ വാസ്തവവും, ആ അവതരിച്ച വഹ്-യിന്റെ വാക്യങ്ങളും വേറെ ഹദീസുകളില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ട്. (2) കുറ്റവാളിയുടെ മേല്‍ ശിക്ഷ നടത്തണമെങ്കില്‍ മൂന്നിലൊരു കാര്യം കൂടാതെ കഴിയുകയില്ല; ഒന്നുകില്‍ സാക്ഷിമൂലം തെളിയുക, അല്ലെങ്കില്‍ കുറ്റവാളി കുറ്റം സമ്മതിക്കുക, അല്ലെങ്കില്‍ സ്ത്രീക്ക് ഗര്‍ഭം പ്രത്യക്ഷത്തില്‍ കാണുക. ഒന്നാമത്തേതിനെക്കുറിച്ച് നാലാം വചനത്തില്‍ കാണാം. രണ്ടാമത്തേതിന്റെ അടിസ്ഥാനത്തിലാണ് നബി (صلّى الله عليه وسلّم) യുടെ കാലത്തു നടന്ന ശിക്ഷകള്‍ നടത്തപ്പെട്ടത്. ശിക്ഷാര്‍ഹമായ മാര്‍ഗ്ഗേണ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ക്കു മാത്രം ബാധകമായതാണ് മൂന്നാമത്തേത്. ഉമര്‍ (رضي الله عنه) ഇപ്രകാരം കൂടി പറഞ്ഞതായി ചില ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്:-
لو لا ان يقول زاد عمر في الكتاب الله لكتبها على جائبة المصحف – ابوداود وغيره
(അല്ലാഹുവിന്റെ വേദഗ്രന്ഥങ്ങളില്‍ ഉമര്‍ കൂട്ടിച്ചേര്‍ത്തു എന്ന് പറയപ്പെട്ടേക്കുമായിരുന്നില്ലെങ്കില്‍ ഞാന്‍ ഇത് – എറിഞ്ഞുകൊല്ലലിനെ സംബന്ധിച്ച വാക്യങ്ങള്‍ – ‘മുസ്വഹഫി’ന്റെ ഓരത്തില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു.)
ചില ഹദീസുകളില്‍ വന്നിട്ടുള്ളതുപ്രകാരം, ‘മുഹ്സ്വന’ല്ലാത്തവനു 100 അടിക്കു പുറമെ ഒരു കൊല്ലം നാടുകടത്തല്‍ കൂടി ശിക്ഷ നല്‍കേണ്ടതുണ്ടോ എന്നതിലും, ‘മുഹ്സ്വനാ’യവനെ എറിയുന്നതിനുമുമ്പ് അടിശിക്ഷ കൂടി നടത്തേണ്ടതുണ്ടോ എന്നതിലും പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഒന്നാമത്തേതില്‍, അതു വേണ്ടതില്ലെന്നും, ഭരണകര്‍ത്താവിന്റെ യുക്തംപോലെ ചെയ്യാമെന്നുമാണ് ഒരഭിപ്രായം. രണ്ടാമത്തേതില്‍, എറിഞ്ഞുകൊല്ലപ്പെടേണ്ടവനു അടിശിക്ഷ ഇല്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം. ഓരോ അഭിപ്രായങ്ങള്‍ ഉടലെടുക്കുവാനുള്ള കാരണവും ന്യായവും വിസ്തരിക്കുന്ന പക്ഷം അതു വളരെ ദീര്‍ഘിച്ചുപോയേക്കും.
‘നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, അല്ലാഹുവിന്റെ മതനടപടി നിര്‍വ്വഹിക്കുന്നതില്‍ അവരെക്കുറിച്ച് യാതൊരു ദയയും നിങ്ങളെ പിടികൂടരുത്’ എന്നു അല്ലാഹു ചെയ്ത താക്കീത് വളരെ ഗൗരവമുള്ളതാകുന്നു. രക്തബന്ധമോ, സ്നേഹബന്ധമോ നിമിത്തം, പ്രകൃത്യാ തോന്നിയേക്കുന്ന അനുകമ്പയെക്കുറിച്ചല്ല ഇവിടെ വിലക്കുന്നത്, ശിക്ഷ ഇല്ലാതാക്കുകയോ, ഇളവു ചെയ്തുകൊടുക്കുകയോ ചെയ്‌വാന്‍ പാടില്ല എന്നത്രെ താല്‍പര്യം. ഒരുകൂട്ടം സത്യവിശ്വാസികളുടെ മുമ്പാകെ വെച്ചായിരിക്കണം ശിക്ഷ നടത്തുന്നത് എന്ന കല്‍പനയും, ഈ കുറ്റത്തിന്റെ ഗൗരവത്തെ ചൂണ്ടിക്കാട്ടുന്നു. മേലില്‍ ഇത്തരം വമ്പിച്ച നീചകൃത്യത്തില്‍ അകപ്പെട്ടുപോകാതിരിക്കുവാന്‍ ജനങ്ങള്‍ക്ക് അത് പാഠം നല്‍കണമെന്ന് അതുമൂലം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. വ്യഭിചാരം എത്രമാത്രം കടുത്ത പാപമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നതെന്ന് ഇതില്‍നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്. എങ്കിലും, അല്ലാഹു പരമകാരുണികനും കരുണാനിധിയുമാണ്. ഓരോ കുറ്റത്തിനും അവന്‍ പശ്ചാത്താപം നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ഖേദിച്ചുമടങ്ങുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുമെന്ന് അവന്‍ വാഗ്ദാനവും ചെയ്തിരിക്കുന്നു. (സൂ: ഫുര്‍ഖാന്‍ : 70 മുതലായ സൂക്തങ്ങളില്‍ ഇതിനെപ്പറ്റി പ്രസ്താവിക്കുന്നതു കാണാം.). നബി (صلّى الله عليه وسلّم)യുടെ കാലത്തു എറിഞ്ഞുകൊല്ലപ്പെട്ട ഒരുവനെപ്പറ്റി തിരുമേനി (صلّى الله عليه وسلّم) ഇങ്ങിനെ പറയുകയുണ്ടായി: ‘അവന്‍ ഒരു പശ്ചാത്താപം പശ്ചാത്തപിച്ചിട്ടുണ്ട്: മദീനാനിവാസികള്‍ (മുഴുവനുംകൂടി) അത്ര പശ്ചാത്തപിക്കുന്നപക്ഷം അവരില്‍നിന്നും അതു സ്വീകരിക്കപ്പെടുന്നതാണ്.’
(لَقَدْ تَابَ تَوْبَةً لَوْ تَابَهَا أَهْلُ الْمَدِينَةِ لَقُبِلَ مِنْهُمْ – الترمذي وابوداود)
- ٱلزَّانِى لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى ٱلْمُؤْمِنِينَ ﴾٣﴿
- വ്യഭിചാരി, വ്യഭിചാരം ചെയ്യുന്നവളെയോ, അല്ലെങ്കില്‍ ബഹുദൈവവിശ്വാസിക്കാരിയെയോ അല്ലാതെ വിവാഹം ചെയ്യാറില്ല. വ്യഭിചാരിണിയാകട്ടെ വ്യഭിചാരിയോ, ബഹുദൈവവിശ്വാസിയോ അല്ലാതെ അവളെ വിവാഹം ചെയ്യാറുമില്ല.. അതു സത്യവിശ്വാസികളുടെമേല്‍ വിരോധിക്കപ്പെട്ടിരിക്കുകയാണ്.
- الزَّانِي വ്യഭിചാരി لَا يَنكِحُ അവന്‍ വിവാഹം ചെയ്യുകയില്ല إِلَّا زَانِيَةً വ്യഭിചാരം ചെയ്യുന്നവളെയല്ലാതെ أَوْ مُشْرِكَةً അല്ലെങ്കില്‍ ബഹുദൈവവിശ്വാസക്കാരിയെ وَالزَّانِيَةُ വ്യഭിചാരിണി لَا يَنكِحُهَا അവളെ വിവാഹം ചെയ്യുകയില്ല إِلَّا زَانٍ വ്യഭിചാരി ഒഴികെ أَوْ مُشْرِكٌ അല്ലെങ്കില്‍ ബഹുദൈവവിശ്വാസി وَحُرِّمَ വിരോധിക്കപ്പെട്ടിരിക്കുന്നു ذَٰلِكَ അതു عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെമേല്‍
നീചപ്രവൃത്തികളും തോന്നിയവാസങ്ങളും പതിവാക്കിയ ആളുകളും, സദ്‌വൃത്തരായ ആളുകളും തമ്മില്‍ യോജിപ്പും ഇണക്കവും ഉണ്ടാവുകയില്ലല്ലോ. നേരെമറിച്ച് ദുര്‍വൃത്തന്‍മാര്‍ തമ്മതമ്മിലും, സദ്‌വൃത്തന്‍മാര്‍ തമ്മതമ്മിലും ഇണക്കത്തോടും യോജിപ്പോടുംകൂടി വര്‍ത്തിക്കുക സ്വാഭാവികമാണ്. ചീത്ത പുരുഷന്‍മാര്‍ നല്ല സ്ത്രീകളെയും, നല്ല പുരുഷന്‍മാര്‍ ചീത്ത സ്ത്രീകളെയും വിവാഹം കഴിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കാറില്ല. സ്ത്രീകളുടെ നിലയും ഇതുപോലെത്തന്നെ. ‘ഇണ ഇണയോട് ചേരു’മല്ലോ. സാധാരണക്കെതിരായി എപ്പോഴെങ്കിലും ഇതിന് വിപരീതമായ ഉദാഹരണങ്ങള്‍ ഉണ്ടായിക്കൂടാ എന്നു് ഇതിന്നര്‍ത്ഥമില്ല. ഏതായാലും ദുര്‍ജ്ജനങ്ങളുമായുള്ള കൂട്ട്-കെട്ടു പലനിലക്കും മനുഷ്യനെ ദുഷിപ്പിക്കുന്നതാകകൊണ്ട് തോന്നിയവാസികളുമായും അവിശ്വാസികളുമായുമുള്ള വൈവാഹികകൂട്ടുകെട്ടില്‍നിന്നു് അകന്നു നില്‍ക്കുവാന്‍ സത്യവിശ്വാസികളോട് അല്ലാഹു നിര്‍ദ്ദേശിക്കുകയാണ്. മേല്‍പറഞ്ഞ തത്വം 26-ാം വചനത്തിലും പ്രതിപാദിക്കപ്പെട്ടുകാണാം. സജ്ജനങ്ങളുമായുള്ള വൈവാഹികകൂട്ടുകെട്ടിനെ 32-ാം വചനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതും കാണാം.
സ്വദേശം വിട്ടുപോന്ന ‘മുഹാജിറു’കളായ ചില സഹാബികള്‍, ദാരിദ്ര്യം മൂലം വിവാഹം കഴിപ്പാന്‍ നിവൃത്തിയില്ലാതെവന്നപ്പോള്‍ തോന്നിയവാസികളായി അറിയപ്പെട്ടിരുന്ന ചില സ്ത്രീകളെ വിവാഹം ചെയ്‌വാന്‍ മുതിര്‍ന്നതിനെത്തുടര്‍ന്നാണ് ഈ ആയത്ത് അവതരിച്ചതെന്നു പറയപ്പെടുന്നു. الله أعلم
- وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَـٰتِ ثُمَّ لَمْ يَأْتُوا۟ بِأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَمَـٰنِينَ جَلْدَةً وَلَا تَقْبَلُوا۟ لَهُمْ شَهَـٰدَةً أَبَدًا ۚ وَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ ﴾٤﴿
- ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ (വ്യഭിചാര) ആരോപണം ചെയ്യുകയും പിന്നീട് (അതിനു) നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവരെ നിങ്ങള്‍ എണ്‍പതു അടി (വീതം) അടിക്കുവിന്‍. ഒരിക്കലും അവരുടേതായ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് തോന്നിയവാസികള്‍;-
- وَالَّذِينَ يَرْمُونَ ആരോപണം ചെയ്യുന്നവര്‍, അപവാദം പറയുന്നവര്‍ الْمُحْصَنَاتِ ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവരെ ثُمَّ لَمْ يَأْتُوا പിന്നെ അവര്‍ കൊണ്ടുവന്നതുമില്ല بِأَرْبَعَةِ شُهَدَاءَ നാലു സാക്ഷികളെ فَاجْلِدُوهُمْ അവരെ നിങ്ങള്‍ അടിക്കുക ثَمَانِينَ جَلْدَةً എണ്‍പതു അടി وَلَا تَقْبَلُوا നിങ്ങള്‍ സ്വീകരിക്കുകയും അരുതു لَهُمْ അവരുടെ شَهَادَةً സാക്ഷ്യം أَبَدًا ഒരിക്കലും, എന്നും وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْفَاسِقُونَ തോന്നിയവാസികള്‍, ദുര്‍ന്നടപ്പുകാര്‍
- إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٥﴿
- അതിനുശേഷം പശ്ചാത്തപിക്കുകയും (സ്ഥിതി) നന്നാക്കുകയും ചെയ്തവരൊഴികെ. കാരണം, അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
- إِلَّا الَّذِينَ യാതൊരുകൂട്ടരൊഴികെ تَابُوا അവര്‍ പശ്ചാത്തപിച്ചു, മടങ്ങി مِن بَعْدِ ذَٰلِكَ അതിനുശേഷം وَأَصْلَحُوا അവര്‍ നന്നാക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു فَإِنَّ اللَّـهَ കാരണം നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
مُحْصَنَة (‘മുഹ്സ്വനത്ത്’) എന്ന വാക്ക് ‘വിവാഹം കഴിഞ്ഞവള്‍, പതിവ്രത, ചാരിത്ര ശുദ്ധിയുള്ളവള്‍, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവള്‍’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഉപയോഗിക്കപ്പെടുന്നതാണ്. സ്വതന്ത്രകളും പ്രായപൂര്‍ത്തി എത്തിയവരുമായ പതിവ്രതകള്‍ക്കാണ് മിക്കപ്പോഴും ഈ വാക്ക് ഉപയോഗിക്കാറുള്ളത്. ചാരിത്ര ശുദ്ധിയുള്ള മാന്യസ്ത്രീകളെ വ്യഭിചാരാരോപണം നടത്തുന്നവരുടെ ശിക്ഷയാണ് മേല്‍കണ്ടത്. പുരുഷന്‍മാരെ ആരോപണം ചെയ്യുന്നവരും ഈ ശിക്ഷക്ക് വിധേയര്‍ തന്നെ. എങ്കിലും വ്യഭിചാരാരോപണം നിമിത്തമുണ്ടാകുന്ന ദുഷ്കീര്‍ത്തിയും അതിന്റെ പ്രത്യാഘാതവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന് പറയേണ്ടതില്ല. അതുകൊണ്ടാണ്, സ്ത്രീകളെ ആരോപിക്കുന്നവരെക്കുറിച്ചു പ്രത്യേകം എടുത്തുപറയുന്നത്. മുമ്പ് നാം സൂചിപ്പിച്ചതുപോലെ, ഇസ്ലാം വ്യഭിചാരത്തിന് കല്‍പിക്കുന്ന വെറുപ്പിന്റെയും, അറപ്പിന്റെയും കാഠിന്യമാണ് ഈ ശിക്ഷാനിയമവും കാണിക്കുന്നത്. ഉത്തരവാദപ്പെട്ടവരുടെ മുമ്പില്‍ നാലു സാക്ഷികള്‍ മുഖേന തെളിയിക്കപ്പെടാത്തപക്ഷം, അന്യനെപ്പറ്റി വ്യഭിചാരാരോപണവാക്കുകള്‍ പറയുന്നവരെ – അവര്‍ എത്രപേരുണ്ടായാലും ശരി – ഓരോരുത്തനെയും 80 അടി വീതം അടിക്കണമെന്നു പറയുമ്പോള്‍ ഈ ആരോപണം എത്രമേല്‍ ഭയങ്കരമായിരിക്കണം?! പിന്നീട് ഒരുകാലത്തും ഒരു കേസ്സിലും അവരെ സാക്ഷികളായി സ്വീകരിപ്പാന്‍ പാടില്ലെന്നും അല്ലാഹു കല്‍പിക്കുന്നു. سبحان الله . വ്യഭിചാരത്തിനു ധാരാളം അനുകൂലവും പ്രചാരവും സിദ്ധിക്കുന്ന ഇക്കാലത്ത് മാന്യന്മാരായ ആളുകളെപ്പറ്റി തക്ക തെളിവൊന്നും കൂടാതെ ആരോപണങ്ങള്‍ പുറപ്പെടുവിക്കുവാനും, അത് കേട്ടമാത്രയില്‍ പരസ്യമായി ഏറ്റുപറയുവാനും ആളുകള്‍ മുതിരുന്നതില്‍ അത്ഭുതപ്പെടുവാനില്ല. എന്നാല്‍, അല്ലാഹുവിന്റെ കഠിനമായ ശിക്ഷയെ അവര്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.
‘അവര്‍തന്നെയാണ് തോന്നിയവാസികള്‍’ എന്ന വാക്യം വളരെ ശ്രദ്ധേയമാണ്. തോന്നിയവാസികളായതു കൊണ്ടാണ് സജ്ജനങ്ങളുടെ ചാരിത്രശുദ്ധിയെ കളങ്കം വരുത്തുവാന്‍ അവര്‍ മുതിരുന്നതെന്നും, അവരുടെ ഈ പ്രവൃത്തി അവര്‍ തോന്നിയവാസികളാണെന്നതിന്റെ ലക്ഷണമാണെന്നും അതു കാണിക്കുന്നു. സംഭവം തെളിയിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും, ഒരുപക്ഷേ, ആരോപിക്കപ്പെട്ട സംഗതി വാസ്തവത്തില്‍ ശരിയായിരുന്നുകൂടേ, എന്നു ചോദിക്കപ്പെട്ടേക്കാം. അതെ, ശരിയാവാം. എന്നാലും മാന്യവനിതകളായി കരുതപ്പെടുന്നവര്‍ക്കു മാനഭംഗം വരുത്തുവാനും, ഒളിഞ്ഞുകിടക്കുന്ന അവരുടെ രഹസ്യം പുറത്ത് ചോര്‍ത്ത് സമുദായമദ്ധ്യേ ദുഷ്പ്രചാരമുണ്ടാക്കുവാനും ധൈര്യപ്പെട്ടതുതന്നെ അതിനു തെളിവാണല്ലോ. മറ്റുള്ളവരുടെ കുറ്റവും കുറവും വെളിപ്പെടുത്തുന്നത് മാന്യന്‍മാര്‍ക്കു യോജിച്ചതല്ലെന്നും, ശിക്ഷാര്‍ഹമാണെന്നും ആയത്തു – ഹദീസുകളില്‍നിന്ന് പരക്കെ അറിയപ്പെടുന്നതും, ആലോചിച്ചറിയാവുന്നതുമാണ്.
ഏതു പാപം ചെയ്താലും, അതിനെപ്പറ്റി ഖേദിച്ചു മടങ്ങുന്നവന് അല്ലാഹു പൊറുക്കുന്നതാണ്. ഈ ഭയങ്കര കുറ്റം ചെയ്തവര്‍ക്കും ഈ നിയമം ബാധകം തന്നെ. പക്ഷേ, ഖേദിച്ചുമടങ്ങിയെന്നു പറഞ്ഞതുകൊണ്ടാവില്ല, അവന്റെ സ്ഥിതിഗതികളില്‍നിന്ന് അവന്‍ നന്നായിത്തീര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാവുകകൂടി വേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പിന്നീട് അവന്റെ സാക്ഷ്യം സ്വീകരിക്കുവാന്‍ പാടുള്ളൂ. ‘അവര്‍ തങ്ങളുടെ സ്ഥിതി നന്നാക്കുകയും’ എന്ന വാക്ക് ഇതാണ് കാണിക്കുന്നത്. വ്യഭിചാരാരോപണത്തില്‍ ശിക്ഷക്കു വിധേയനായവന്റെ സാക്ഷ്യം ഒരു കാരണത്താലും സ്വീകരിക്കപ്പെടുകയില്ലെന്നും, പൊറുത്തുകൊടുക്കുമെന്ന വാഗ്ദാനം പരലോക ശിക്ഷയെ സംബന്ധിച്ചു മാത്രമാണെന്നും ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാണ്. أَبَدًا (ഒരിക്കലും) എന്നും മറ്റും ഊന്നിപ്പറഞ്ഞിട്ടുള്ളതിന്റെ ഗൗരവം അതാണ് മനസ്സിലാക്കുന്നത് എന്നത്രെ അവര്‍ പറയുന്നത്.
ഭാര്യാഭര്‍ത്താക്കള്‍ തമ്മില്‍ വ്യഭിചാരാരോപണം ചെയ്താലുള്ള ശിക്ഷയും മേല്‍പറഞ്ഞതു തന്നെ. എന്നാല്‍, ഒരാള്‍ തന്റെ ഭാര്യ ദുര്‍ന്നടപ്പുകാരിയാണെന്നു കണ്ടുകഴിഞ്ഞാല്‍, അതിനു നാല് ദൃക്സാക്ഷികളെ സമ്പാദിക്കുക മിക്കപ്പോഴും പ്രയാസകരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സംഭവം വെളിക്കു വരുത്തിയാല്‍ 80 അടിയും, വമ്പിച്ച വഷളത്തവുമാണ് ലഭിക്കുക. മൗനമവലംബിക്കുകയാണെങ്കിലോ, അതെത്രമാത്രം ദുഷ്കരമായിരിക്കുമെന്ന് പറയേണ്ടതുമില്ല. ദുര്‍ന്നടപ്പുകാരിയായ ഭാര്യയെ വെച്ചുകൊണ്ടിരിക്കുന്നതിലുള്ള വിഷമങ്ങള്‍ ഇരിക്കട്ടെ, അവനില്‍നിന്നല്ലാതെ ജനിക്കുന്ന അവളുടെ കുട്ടിയെ അവന്‍ ഏറ്റെടുക്കുക തുടങ്ങിയ പലതും അതിനാല്‍ നേരിടുകയും ചെയ്യുമല്ലോ. അസഹനീയമായ ഈ ധര്‍മ്മസങ്കടത്തില്‍പെട്ടു ഗതിമുട്ടുന്ന ഭാര്യാഭര്‍ത്താക്കളില്‍ കൈക്കൊള്ളേണ്ടുന്ന ഇസ്‌ലാമിക നിയമമാണ് അടുത്ത വചനങ്ങളില്‍ വിവരിക്കുന്നത്:-
- وَٱلَّذِينَ يَرْمُونَ أَزْوَٰجَهُمْ وَلَمْ يَكُن لَّهُمْ شُهَدَآءُ إِلَّآ أَنفُسُهُمْ فَشَهَـٰدَةُ أَحَدِهِمْ أَرْبَعُ شَهَـٰدَٰتٍۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلصَّـٰدِقِينَ ﴾٦﴿
- തങ്ങളുടെ ഭാര്യമാരെ (വ്യഭിചാര) ആരോപണം ചെയ്യുകയും, തങ്ങള്‍ക്കു തങ്ങള്‍ തന്നെയല്ലാതെ (മറ്റു) സാക്ഷികള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവരാകട്ടെ,- അവരില്‍ ഓരോരുത്തന്റെയും സാക്ഷ്യം: ‘നിശ്ചയമായും, താന്‍ സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെയാണ്’ എന്ന് അല്ലാഹുവിന്റെ പേരില്‍ നാല് (വട്ടം സത്യ) സാക്ഷ്യം നിര്‍വ്വഹിക്കലാകുന്നു.
- وَالَّذِينَ യാതൊരു കൂട്ടര്‍ يَرْمُونَ അവര്‍ ആരോപണം ചെയ്യുന്നു أَزْوَاجَهُمْ തങ്ങളുടെ ഭാര്യമാരെ وَلَمْ يَكُن لَّهُمْ അവര്‍ക്കു ഇല്ലതാനും شُهَدَاءُ സാക്ഷികള്‍ إِلَّا أَنفُسُهُمْ തങ്ങള്‍ തന്നെയല്ലാതെ فَشَهَادَةُ എന്നാല്‍ സാക്ഷ്യം أَحَدِهِمْ അവരില്‍ ഒരാളുടെ أَرْبَعُ شَهَادَاتٍ നാലു സാക്ഷ്യങ്ങളാണു (സത്യസാക്ഷ്യം പറയലാണു) بِاللَّـهِ അല്ലാഹുവിന്റെപേരില്‍ (സത്യം ചെയ്തുകൊണ്ടു) إِنَّهُ നിശ്ചയമായും താന്‍ لَمِنَ الصَّادِقِينَ സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെ (സത്യം പറയുന്നവനാണു)
- وَٱلْخَـٰمِسَةُ أَنَّ لَعْنَتَ ٱللَّهِ عَلَيْهِ إِن كَانَ مِنَ ٱلْكَـٰذِبِينَ ﴾٧﴿
- അഞ്ചാമത്തേത് ‘താന്‍ കളവ് പറയുന്നവരില്‍പെട്ടവനാണെങ്കില്‍, തന്റെ മേല്‍ അല്ലാഹുവിന്റെ ശാപം ഭവിക്കട്ടെ!’ എന്നാകുന്നു (പറയേണ്ടത്).
- وَالْخَامِسَةُ അഞ്ചാമത്തേത് أَنَّ لَعْنَتَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ ശാപം عَلَيْهِ തന്റെ മേല്‍ ഭവിക്കട്ടെ (എന്നാണ്) إِن كَانَ താന്‍ ആണെങ്കില്‍ مِنَ الْكَاذِبِينَ കളവു പറയുന്നവരില്‍ പെട്ടവന്‍
അധികാരപ്പെട്ടവരുടെ മുഖേന ഇപ്രകാരം അഞ്ചുപ്രാവശ്യം,അല്ലാഹുവിനെ മുന്‍നിറുത്തി സ്വയം സാക്ഷി മൊഴികൊടുക്കുന്നപക്ഷം, പുരുഷന്റെ ഭാഗത്തുനിന്ന് ആരോപിച്ച കുറ്റം നിയമപരമായി അവന്‍ സ്ഥാപിച്ചു കഴിഞ്ഞു. അവളുടെ പേരില്‍ വ്യഭിചാരത്തിന്റെ കുറ്റപത്രം തയ്യാറാവുകയും ചെയ്തു. പക്ഷേ, പുരുഷന്റെ അത്രതന്നെ അവള്‍ക്കും നിയമപരമായ അവകാശം ഉണ്ട്. وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ (അവരുടെ – സ്ത്രീകളുടെ – മേലുള്ളതു പോലെ അവര്‍ക്കും അവകാശമുണ്ട്.) എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളതാണ്. ആകയാല്‍ അവളുടെ ഭാഗം അവള്‍ക്കും തെളിയിക്കാം:-
- وَيَدْرَؤُا۟ عَنْهَا ٱلْعَذَابَ أَن تَشْهَدَ أَرْبَعَ شَهَـٰدَٰتٍۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلْكَـٰذِبِينَ ﴾٨﴿
- ‘നിശ്ചയമായും അവന്‍ [ഭര്‍ത്താവു] കളവു പറയുന്നവരില്‍ പെട്ടവന്‍ തന്നെയാണ്’ എന്നു് അല്ലാഹുവിന്റെ പേരില്‍ (സത്യം ചെയ്തു) നാലു സാക്ഷ്യവചനങ്ങള്‍ അവള്‍ പറയുന്നതു, അവളില്‍നിന്നു ശിക്ഷയെ തടഞ്ഞുകളയുന്നതാണ്.
- وَيَدْرَأُ തടഞ്ഞുകളയും, തട്ടിക്കളയും عَنْهَا അവളില്‍നിന്നു الْعَذَابَ ശിക്ഷയെ أَن تَشْهَدَ അവള്‍ സാക്ഷ്യംപറയല്‍ أَرْبَعَ شَهَادَاتٍ നാലു സാക്ഷ്യങ്ങള്‍ بِاللَّـهِ അല്ലാഹുവിന്റെ പേരില്‍ إِنَّهُ നിശ്ചയമായും അവന്‍ لَمِنَ الْكَاذِبِينَ കളവു പറയുന്നവരില്‍ പെട്ടവന്‍തന്നെ
- وَٱلْخَـٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَيْهَآ إِن كَانَ مِنَ ٱلصَّـٰدِقِينَ ﴾٩﴿
- ‘അവന്‍ സത്യം പറയുന്നവരില്‍ പെട്ടവനാണെങ്കില്‍, അല്ലാഹുവിന്റെ കോപം തന്റെമേല്‍ ഭവിക്കട്ടെ!’ എന്ന് അഞ്ചാമത്തേതും (പറയണം).
- وَالْخَامِسَةَ അഞ്ചാമത്തേതും أَنَّ غَضَبَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ കോപം عَلَيْهَا അവളുടെ (തന്റെ) മേല്‍ ഭവിക്കട്ടെ എന്നു് إِن كَانَ അവനാണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍ പെട്ടവന്‍ (സത്യവാന്‍)
ഓരോരുത്തരും നല്‍കേണ്ടുന്ന സാക്ഷ്യമൊഴികള്‍ അവനവന്റെ സത്യതയും നിരപരാധിത്വവും, മറ്റേയാളുടെ അസത്യതയും അപരാധിത്വവും സ്ഥാപിക്കുന്നതാകുന്നു. അഞ്ച് സാക്ഷ്യമൊഴികള്‍ അവളും കൊടുക്കുന്നപക്ഷം അവളുടെ ഭാഗം അവളും സ്ഥാപിച്ചു. ഇപ്പോള്‍ രണ്ടില്‍ ഒരാളെ മാത്രം കുറ്റക്കാരനാക്കുവാന്‍ നിവൃത്തിയില്ല. എങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ടിലൊരാള്‍ കുറ്റക്കാരനും മറ്റേയാള്‍ നിരപരാധിയുമായിരിക്കുമെന്നു തീര്‍ച്ചയുമാണ്. സൂ: അല്‍ കഹ്ഫ് 72 ന്റെ വിവരണത്തില്‍ നാം ചൂണ്ടിക്കാട്ടിയതുപോലെ, ബാഹ്യമായ തെളിവുകള്‍ അനുസരിച്ച് നീതിന്യായം പാലിക്കുവാനേ ഈ ലോകത്തു മനുഷ്യര്‍ക്കു നിവൃത്തിയുള്ളു. രഹസ്യവും യാഥാര്‍ത്ഥ്യവും അനുസരിച്ചുള്ള വിധി അല്ലാഹു പിന്നീട് നടത്തിക്കൊള്ളും. ഏതായാലും, ഇരു ഭാഗക്കാരും അന്യോന്യം ഇപ്രകാരം തെളിവു സ്ഥാപിച്ചുകഴിഞ്ഞ സ്ഥിതിക്കു് എനി അവര്‍ യോജിച്ചു കഴിയുകയെന്നത് ന്യായവും സാധ്യവുമല്ല. അതുകൊണ്ട് അവര്‍ തമ്മിലുള്ള ബന്ധം ഇതുമുതല്‍ നിറുത്തലാക്കപ്പെടുന്നതും, നിയമാനുസൃതമല്ലാത്ത നിലയില്‍ ജനിച്ചേക്കാവുന്ന കുട്ടി അവന്റേതല്ലെന്നു തീരുമാനിക്കപ്പെടുന്നതുമാകുന്നു.
ഇരു കക്ഷികളും ഇത്രയും ധൈര്യത്തോടെ അയ്യഞ്ചുവട്ടം സത്യമൊഴി കൊടുക്കുമ്പോള്‍, വാസ്തവത്തില്‍ അവരില്‍ ഒരാള്‍ നിഷ്ഠൂരവും നീചവുമായ മനസ്ഥിതിയുള്ള ആളായിരിക്കണമല്ലോ. ആകയാല്‍, ഈ സാക്ഷിമൊഴികള്‍ കൊടുക്കുവാന്‍ മുന്നോട്ടുവരുന്നത് വളരെ ഗൗരവപൂര്‍വ്വം ആലോചിച്ചു ചെയ്യേണ്ടതാണ്; ഐഹികശിക്ഷയെക്കാള്‍ വളരെ വമ്പിച്ചതാണ് പരലോകശിക്ഷ എന്നു് ഓര്‍ക്കേണ്ടതുണ്ട്; തല്‍ക്കാലം രഹസ്യം പുറത്താക്കാതെ മൂടി വെക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണ് എന്നൊക്കെ അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു:-
- وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ وَأَنَّ ٱللَّهَ تَوَّابٌ حَكِيمٌ ﴾١٠﴿
- അല്ലാഹുവിന്റെ ദാക്ഷിണ്യവും അവന്റെ കാരുണ്യവും, നിങ്ങളില്‍ ഉണ്ടായിരിക്കുകയും, അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ജ്ഞാനയുക്തനുമാണെന്നുള്ളതും ഇല്ലായിരുന്നുവെങ്കില്‍ (- ഹാ, നിങ്ങള്‍ക്കു കാണാമായിരുന്നു)!
- وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദാക്ഷിണ്യം, അനുഗ്രഹം, ദയവ് عَلَيْكُمْ നിങ്ങളില്‍ وَرَحْمَتُهُ അവന്റെ കാരുണ്യം وَأَنَّ اللَّـهَ അല്ലാഹുവാണെന്നതും تَوَّابٌ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ حَكِيمٌ അഗാധജ്ഞാനിയും, ജ്ഞാനയുക്തനും

Leave a comment