വിഭാഗം – 5
- وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ ﴾٧٨﴿
- അവനാണ് (അല്ലാഹുവാണ്) നിങ്ങള്‍ക്ക് കേള്‍വിയും, കാഴ്ചയും, ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവന്‍, നിങ്ങള്‍ അല്‍പ്പമാത്രമേ നന്ദിചെയ്യുന്നുള്ളു.
- وَهُوَ അവനാണ് الَّذِي أَنشَأَ ഉണ്ടാക്കിയിട്ടുള്ളവന്‍ لَكُمُ നിങ്ങള്‍ക്ക് السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ചകളും وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا مَّا അല്‍പമാത്രമേ تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യുന്നു(ള്ളു)
- وَهُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ ﴾٧٩﴿
- അവന്‍ തന്നെയാണ്, നിങ്ങളെ ഭൂമിയില്‍ വര്‍ദ്ധിപ്പിച്ചുണ്ടാക്കിയവനും; അവന്റെ അടുക്കലേക്കുതന്നെ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും.
- وَهُوَ അവന്‍ തന്നെ الَّذِي ذَرَأَكُمْ നിങ്ങളെ വര്‍ദ്ധിപ്പിച്ചിട്ടുള്ളവന്‍ فِي الْأَرْضِ ഭൂമിയില്‍ وَإِلَيْهِ അവങ്കലേക്കു തന്നെ تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും
- وَهُوَ ٱلَّذِى يُحْىِۦ وَيُمِيتُ وَلَهُ ٱخْتِلَٰفُ ٱلَّيْلِ وَٱلنَّهَارِ ۚ أَفَلَا تَعْقِلُونَ ﴾٨٠﴿
- അവന്‍ തന്നെയാണ്, ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നവനും; രാവും, പകലും വ്യത്യാസപ്പെടുന്നതും അവന്റെ വകയാണ്. അപ്പോള്‍, നിങ്ങള്‍ മനസ്സിരുത്തുന്നില്ലേ?!
- وَهُوَ الَّذِي അവന്‍ തന്നെയാണ് യാതൊരുവനും يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു (അങ്ങിനെയുള്ളവന്‍) وَلَهُ അവന്റെ വകയാണ്, അവന്റേതാണ് اخْتِلَافُ اللَّيْلِ രാവുവ്യത്യാസപ്പെടുന്നതു وَالنَّهَارِ പകലും أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ മനസിരുത്തുന്നില്ലേ
- بَلْ قَالُوا۟ مِثْلَ مَا قَالَ ٱلْأَوَّلُونَ ﴾٨١﴿
- എന്നാല്‍, പൂര്‍വ്വികന്‍മാര്‍ പറഞ്ഞ (അതേ) മാതിരി അവര്‍ പറയുകയാണ്;-
- بَلْ എന്നാല്‍, പക്ഷേ قَالُوا അവര്‍ പറയുകയാണ് مِثْلَ مَا قَالَ പറഞ്ഞതുപോലെ الْأَوَّلُونَ പൂര്‍വ്വികന്‍മാര്‍, മുമ്പുള്ളവര്‍
- قَالُوٓا۟ أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ ﴾٨٢﴿
- അവര്‍ പറയുന്നു: ‘ഞങ്ങള്‍ മരിക്കുകയും, മണ്ണും എല്ലുമായിത്തീരുകയും ചെയ്‌താല്‍, ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരായിരിക്കുമെന്നോ?! (അത് സംഭവ്യമല്ല.).
- قَالُوا അവര്‍ പറയുന്നു أَإِذَا مِتْنَا നാം മരണപ്പെട്ടിട്ടാണോ وَكُنَّا നാം ആയിത്തീരുകയും تُرَابًا മണ്ണ് وَعِظَامًا എല്ലുകളും أَإِنَّا لَمَبْعُوثُونَ നിശ്ചയമായും നാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരാകുന്നത്?
- لَقَدْ وُعِدْنَا نَحْنُ وَءَابَآؤُنَا هَٰذَا مِن قَبْلُ إِنْ هَٰذَآ إِلَّآ أَسَٰطِيرُ ٱلْأَوَّلِينَ ﴾٨٣﴿
- ‘ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും ഇത് വാഗ്ദത്തം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ (വേറെ) ഒന്നുമല്ല.
- لَقَدْ وُعِدْنَا نَحْنُ തീര്‍ച്ചയായും ഞങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട് وَآبَاؤُنَا ഞങ്ങളുടെ പിതാക്കളോടും هَـٰذَا ഇതു, ഇക്കാര്യം مِن قَبْلُ മുമ്പു, മുമ്പുതന്നെ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പഴങ്കഥകളല്ലാതെ, പുരാണ കഥകളല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ
‘മരണാനന്തരം വീണ്ടും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണെന്നു് ഇപ്പോള്‍ ഞങ്ങളോടെന്നപോലെ, ഞങ്ങളുടെ മുന്‍ഗാമികളോടും ചിലര്‍ – തങ്ങള്‍ ദൈവദൂതന്‍മാരാണെന്നു നടിച്ചുകൊണ്ട് – ഉറപ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. ഇങ്ങിനെ പറഞ്ഞുതുടങ്ങിയിട്ട് കാലം കുറേയായി. എനിയും അതു് സംഭവിച്ചു കാണുന്നില്ല. ആരോ പറഞ്ഞുണ്ടാക്കിയ ചില പഴഞ്ചന്‍ വര്‍ത്തമാനം മാത്രമാണിത്.’ എന്നൊക്കെയാണ് അവര്‍ പറയുന്നത്. ഇതുപോലെ, പരലോകത്തില്‍ വിശ്വസിക്കാത്ത ആളുകളില്‍നിന്നു് ഇന്നും നാം കേള്‍ക്കാറുള്ളതാണല്ലോ. പക്ഷേ, അന്നത്തെ മുശ്രിക്കുകള്‍ മിക്കവാറും സൃഷ്ടാവിനെ നിഷേധിക്കുന്നവരായിരുന്നില്ല. ആകാശഭൂമികളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണെന്നതും അവര്‍ നിഷേധിച്ചിരുന്നില്ല, എന്നുമാത്രം. അല്ലാഹു പറയുന്നത് നോക്കുക:-
- قُل لِّمَنِ ٱلْأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ ﴾٨٤﴿
- (നബിയേ!) ചോദിക്കുക: ‘ഭൂമിയും, അതിലുള്ളവരും ആരുടേതാണ് – നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (പറയൂ)?!’
- قُل പറയുക, ചോദിക്കുക لِّمَنِ ആര്‍ക്കാണ്, ആരുടേതാണ് الْأَرْضُ ഭൂമി وَمَن فِيهَا അതിലുള്ളവരും إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം (എന്നുണ്ടെങ്കില്‍)
- سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ ﴾٨٥﴿
- അവര്‍ പറഞ്ഞുകൊള്ളും: ‘അല്ലാഹുവിന്റേതാണ്’ എന്ന്. പറയുക: ‘എന്നാല്‍ നിങ്ങള്‍ ആലോചിക്കുന്നില്ലേ?!’
- سَيَقُولُونَ അവര്‍ പറഞ്ഞുകൊള്ളും, പറഞ്ഞേക്കും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക أَفَلَا تَذَكَّرُونَ എന്നാല്‍ ആലോചിക്കുന്നില്ലേ, ഓര്‍ക്കുന്നില്ലേ
- قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ ﴾٨٦﴿
- ചോദിക്കുക: ഏഴ് ആകാശങ്ങളുടെ നാഥനും, മഹത്തായ ‘അര്‍ശി’ന്റെ [സിംഹാസനത്തിന്റെ] നാഥനും ആരാണ്?!’
- قُلْ പറയുക, ചോദിക്കുക مَن ആരാണ് رَّبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബ്, നാഥന്‍ السَّبْعِ ഏഴ്, ഏഴായ وَرَبُّ الْعَرْشِ അര്‍ശിന്റെ റബ്ബും الْعَظِيمِ മഹത്തായ, വമ്പിച്ച
- سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ ﴾٨٧﴿
- അവര്‍ പറഞ്ഞുകൊള്ളും: (‘അതും) അല്ലാഹുവിന്റേതാണ്’ എന്ന്. പറയുക: ‘എന്നാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!’
- سَيَقُولُونَ അവര്‍ പറഞ്ഞേക്കും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക, ചോദിക്കുക أَفَلَا تَتَّقُونَ എന്നാല്‍ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ
- قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴾٨٨﴿
- ചോദിക്കുക: ‘എല്ലാ വസ്തുവിന്റെയും ഭരണാധികാരം തന്റെ കൈവശമാണ്, അവനാണ് രക്ഷ നല്‍കുന്നത്, അവനെതിരില്‍ രക്ഷ നല്‍കപ്പെടുകയുമില്ല – ഇങ്ങിനെയുള്ള ഒരുവന്‍ ആരാണ്?- നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (പറയൂ)!’
- قُلْ പറയുക, ചോദിക്കുക مَن ആരാണുള്ളതു بِيَدِهِ അവന്റെ കൈവശമാണ് مَلَكُوتُ ഭരണാധികാരം, രാജാധിപത്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَهُوَ يُجِيرُ അവന്‍ രക്ഷ നല്‍കുകയും ചെയ്യും وَلَا يُجَارُ രക്ഷ നല്‍കപ്പെടുകയുമില്ല عَلَيْهِ അവന്റെമേല്‍ (അവന്നെതിരില്‍) إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു, നിങ്ങള്‍ക്കറിയാം (എങ്കില്‍)
- سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ﴾٨٩﴿
- അവര്‍ പറഞ്ഞുകൊള്ളും: ‘(അതെല്ലാം) അല്ലാഹുവിനുള്ളതാണ്’ എന്ന്. പറയുക: ‘എന്നാല്‍ എങ്ങിനെയാണ്, നിങ്ങള്‍ മായത്തിലകപ്പെട്ടു പോകുന്നത്?!’
- سَيَقُولُونَ അവര്‍ പറഞ്ഞുകൊള്ളും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക فَأَنَّىٰ എന്നാല്‍ എങ്ങിനെയാണ് تُسْحَرُونَ നിങ്ങള്‍ മായത്തിലകപ്പെടുന്നു (മയക്കപ്പെടുന്നു)
- بَلْ أَتَيْنَٰهُم بِٱلْحَقِّ وَإِنَّهُمْ لَكَٰذِبُونَ ﴾٩٠﴿
- പക്ഷേ, (വാസ്തവത്തില്‍) നാം അവര്‍ക്കു യഥാര്‍ത്ഥവുംകൊണ്ട് ചെന്നിരിക്കുകയാണ്; നിശ്ചയമായും അവരാകട്ടെ, കള്ളവാദികളുമാണ്.
- بَلْ എന്നാല്‍, പക്ഷേ أَتَيْنَاهُم നാം അവര്‍ക്കു ചെന്നിരിക്കുന്നു بِالْحَقِّ സത്യവുമായി, യഥാര്‍ത്ഥവും കൊണ്ടു وَإِنَّهُمْ നിശ്ചയമായും അവരാകട്ടെ لَكَاذِبُونَ കള്ളവാദികളുമാണ്, കളവു പറയുന്നവര്‍ തന്നെ
ആകാശഭൂമികളും, അവയിലെ വസ്തുക്കളുമെല്ലാം അല്ലാഹുവിന്റേതാണ്, അവന്റെ സൃഷ്ടിയും അവന്റെ ഉടമയിലുമാണ്. അവയുടെ മുഴുവന്‍ നിയന്ത്രണവും, കൈകാര്യവും അവന്റെ പക്കലാണ് എന്നെല്ലാം മുശ്രിക്കുകളും വിശ്വസിക്കുന്നു. എന്നിട്ട് പിന്നെയും അവര്‍, വിഗ്രഹങ്ങള്‍ മുതലായ സൃഷ്ടികളെ ആരാധിച്ചും, അവരോട് പ്രാര്‍ത്ഥിച്ചുംകൊണ്ടിരിക്കുകയാണ്. വ്യക്തമായ ഈ അബദ്ധത്തെ സംബന്ധിച്ചു – ഇതില്‍പരം വമ്പിച്ച വഴിപിഴവ് വേറെ ഇല്ലതന്നെ – അവര്‍ ഒട്ടും ചിന്തിക്കാത്തതിനെയാണ് അല്ലാഹു ഇവിടെ ആക്ഷേപിക്കുന്നത്. ഓരോ ചോദ്യത്തിനും, ശരിക്കുള്ള മറുപടിയാണ് അവര്‍ക്ക് പറയുവാനുള്ളത്. അവ ഓരോന്നും ബുദ്ധിയുള്ളവരെ ചിന്തിപ്പിക്കുവാന്‍ പോരുന്നവയുമാണ്. അതുകൊണ്ടാണ്, ഓരോ ചോദ്യത്തെയും തുടര്‍ന്നുകൊണ്ടു, ‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ; നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ’ എന്നിങ്ങനെ അല്ലാഹു ആവര്‍ത്തിച്ച് പറയുന്നത്.
ചോദ്യങ്ങളുടെ ഉത്തരത്തില്‍ യാതൊരു ഭിന്നാഭിപ്രായവും ഇല്ലാതിരിക്കെ, അതോടൊപ്പം അല്ലാഹു അല്ലാത്തവരെ ആരാധ്യന്‍മാരായി സ്വീകരിക്കുവാന്‍ അവര്‍ മുതിരുമ്പോള്‍, അവരുടെ ബുദ്ധിക്ക് എന്തോ അമളി പിണഞ്ഞിരിക്കണമല്ലോ. അതെ, പൂര്‍വ്വീകന്‍മാരുടെ നടപടികള്‍ പരമ്പരാഗതമായി കണ്ടുവരികയും, അവയെ ന്യായീകരിച്ചു കൊണ്ടുള്ള അവാസ്തവപ്രസ്താവനകള്‍ കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതില്‍ അവര്‍ മയങ്ങിപ്പോയിരിക്കുകയാണ്. അതിനെപ്പറ്റി പുനരാലോചന ചെയ്യുവാന്‍ അവര്‍ തയ്യാറില്ലാതിരിക്കുകയാണ്. പക്ഷേ, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളായിരിക്കെ, അവരോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖാന്തരം പ്രബോധനം ചെയ്യപ്പെടുന്ന വിഷയം – തൗഹീദ് മുതലായവ – തികച്ചും ന്യായവും, സത്യവുമാണെന്നും, അവരുടെ വാദം തനി കള്ളവും, പൊള്ളയും ആണെന്നും സ്പഷ്ടമാണ്.
- مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ وَمَا كَانَ مَعَهُۥ مِنْ إِلَٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَٰهٍۭ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَٰنَ ٱللَّهِ عَمَّا يَصِفُونَ ﴾٩١﴿
- അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല; അവനോടൊപ്പം യാതൊരു ഇലാഹും ഇല്ലതാനും. (ഉണ്ട്) എന്ന് വരികില്‍, ഓരോ ഇലാഹും അവന്‍ സൃഷ്ടിച്ചതും കൊണ്ടുപോകുകയും, അവരില്‍ ചിലര്‍ ചിലരുടെ മേല്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യുമായിരുന്നു. അവര്‍ വര്‍ണ്ണിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് അല്ലാഹു മഹാപരിശുദ്ധന്‍!
- مَا اتَّخَذَ اللَّـهُ അല്ലാഹു സ്വീകരിച്ചിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല مِن وَلَدٍ യാതൊരു സന്താനത്തെയും وَمَا كَانَ ഇല്ലതാനും مَعَهُ അവനോടൊപ്പം مِنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും إِذًا എന്നു വരികില്‍, അങ്ങിനെയാണെങ്കില്‍ لَّذَهَبَ പോകുമായിരുന്നു كُلُّ إِلَـٰهٍ ഓരോ ഇലാഹും بِمَا خَلَقَ താന്‍ സൃഷ്ടിച്ചതും കൊണ്ടു وَلَعَلَا പൊങ്ങച്ചം കാണിക്കുകയും ചെയ്യും, ഔന്നത്യം കാണിക്കയും ചെയ്യും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെമേല്‍, ചിലരോടു سُبْحَانَ اللَّـهِ അല്ലാഹു പരിശുദ്ധന്‍ عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍ നിന്നു
- عَٰلِمِ ٱلْغَيْبِ وَٱلشَّهَٰدَةِ فَتَعَٰلَىٰ عَمَّا يُشْرِكُونَ ﴾٩٢﴿
- അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ് (അവന്‍). അപ്പോള്‍, അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നും അവന്‍ മഹോന്നതനാകുന്നു.
- عَالِمِ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണ് وَالشَّهَادَةِ ദൃശ്യത്തെയും فَتَعَالَىٰ അപ്പോള്‍ അവന്‍ മഹോന്നതനാകുന്നു, വളരെ ഉന്നതനായിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു
അല്ലാഹുവിന് സമന്‍മാരെ കല്‍പിക്കുക, സന്താനങ്ങളെ കല്‍പിക്കുക എന്നീ രണ്ടുതരം ശിര്‍ക്കിനെയും ഖണ്ഡിക്കുകയാണ് ഈ വചനങ്ങള്‍ ചെയ്യുന്നത്. അവന്‍ മക്കളെ സ്വീകരിച്ചിട്ടുമില്ല, അവനോടൊപ്പം വേറെ ഇലാഹുമില്ല, അവനല്ലാതെ മറ്റൊരു ഇലാഹ് ഉണ്ടായിരിക്കുവാന്‍ നിവൃത്തിയുമില്ല. കാരണം: അവനെക്കൂടാതെ മറ്റുവല്ല ഇലാഹും ഉണ്ടാകുന്നപക്ഷം അവര്‍ തമ്മില്‍ അധികാരവടംവലിയും, അവകാശത്തര്‍ക്കവും അനിവാര്യമാണ്. ഇതൊന്നും കൂടാതെ, ലോകമൊട്ടുക്കും ഒരേ വ്യവസ്ഥയിന്‍ കീഴില്‍ നിലകൊള്ളുന്നത് ആര്‍ക്കും കാണാവുന്നതാണല്ലോ. ‘പരമകാരുണികനായുള്ളവന്റെ സൃഷ്ടിയില്‍ യാതൊരു ഏറ്റപ്പറ്റും നീ കാണുന്നതല്ല.’ 67:3 (مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ). അല്ലാഹുവാണെങ്കില്‍ എല്ലാ രഹസ്യപരസ്യങ്ങളും, ദൃശ്യാദൃശ്യങ്ങളും അറിയുന്നവനാണ്. എന്നിരിക്കെ അവന്റെ അറിവില്‍ പെടാത്ത ഒരു ഇലാഹു ഉണ്ടായിരിക്കാമെന്ന് സങ്കല്‍പ്പിക്കുകപോലും സാധ്യമല്ലതന്നെ.
വിഭാഗം – 6
- قُل رَّبِّ إِمَّا تُرِيَنِّى مَا يُوعَدُونَ ﴾٩٣﴿
- (നബിയേ,) പറയുക: ‘റബ്ബേ! ഇവരോട് താക്കീത് ചെയ്യപ്പെടുന്നതിനെ [ശിക്ഷയെ] വല്ലപ്പോഴും നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍,-
- قُل പറയുക رَّبِّ എന്റെ റബ്ബേ إِمَّا تُرِيَنِّي നീ എനിക്കു (വല്ലപ്പോഴും) കാണിച്ചുതരികയാണെങ്കില്‍ مَا يُوعَدُونَ അവരോടു താക്കീതു ചെയ്യപ്പെടുന്നതു
- رَبِّ فَلَا تَجْعَلْنِى فِى ٱلْقَوْمِ ٱلظَّٰلِمِينَ ﴾٩٤﴿
- എന്റെ റബ്ബേ – അപ്പോള്‍ എന്നെ (ഈ) അക്രമികളായ ജനങ്ങളില്‍ നീ പെടുത്തരുതേ!’
- رَبِّ എന്റെ റബ്ബേ, രക്ഷിതാവേ فَلَا تَجْعَلْنِي അപ്പോള്‍ എന്നെ നീ ആക്കരുതേ (പെടുത്തരുതേ) فِي الْقَوْمِ ജനങ്ങളില്‍ الظَّالِمِينَ അക്രമികളായ
- وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمْ لَقَٰدِرُونَ ﴾٩٥﴿
- നിശ്ചയമായും നാമാകട്ടെ; അവരോട് നാം താക്കീത് ചെയ്യുന്നതിനെ നിനക്ക് കാട്ടിത്തരുവാന്‍ കഴിവുള്ളവര്‍ തന്നെയാകുന്നു.
- وَإِنَّا നിശ്ചയമായും നാമാകട്ടെ عَلَىٰ أَن نُّرِيَكَ നിനക്കു കാണിച്ചുതരുവാന്‍ مَا نَعِدُهُمْ നാം അവരോടു താക്കീതു ചെയ്യുന്നതിനെ لَقَادِرُونَ കഴിവുള്ളവര്‍ തന്നെയാണ്
പരലോകനിഷേധം, അല്ലാഹുവിന് സമന്മാരേയും മക്കളെയും സങ്കല്‍പിക്കല്‍, ആദിയായ ഓരോന്നും, അവരെ താക്കീതുചെയ്തുവരുന്ന ശിക്ഷ ഉടനെത്തന്നെ നടപ്പില്‍വരുത്തുവാന്‍ തികച്ചും മതിയായ കാരണങ്ങളത്രെ. അതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാണെത്തന്നെ – അവിടുന്ന് ജീവിച്ചുകൊണ്ടിരിക്കെത്തന്നെ – അത് സംഭവിക്കുകയാണെങ്കില്‍ അവരുടെ കൂട്ടത്തില്‍ അകപ്പെടാതെ രക്ഷിച്ചു തരേണമെന്ന് പ്രാര്‍ത്ഥിക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഉപദേശിക്കുകയാണ്. ശിക്ഷ തല്‍ക്ഷണം തന്നെ നടപ്പില്‍ വരുത്തുവാന്‍ അല്ലാഹുവിന് ധാരാളം കഴിവുണ്ട്. പക്ഷേ, അവന്‍ തന്റെ അതിയായ അനുഗ്രഹം നിമിത്തം അത് നടപ്പാക്കാതിരിക്കുകയും, ഒരു നിശ്ചിത അവധിവരേക്ക് നീട്ടിവെക്കുകയുമാണ് ചെയ്തിരിക്കുന്നത് എന്ന് സാരം. ഇവരെപ്പോലെയുള്ള കടുത്ത ജനങ്ങളുമായി ഇടപെടുമ്പോള്‍, അവരുടെ ദുഷ്ചെയ്തികളാകുന്ന രോഗങ്ങള്‍ ബാധിക്കാതെ രക്ഷപ്രാപിക്കുന്നതിന് അടുത്ത വചനങ്ങളില്‍ രണ്ട് പ്രധാന ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു:-
- ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ ﴾٩٦﴿
- ഏറ്റവും നല്ല കാര്യമേതോ അതുകൊണ്ട് തിന്മയെ നീ തടുത്തുകൊള്ളുക, അവര്‍ വര്‍ണ്ണിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
- ادْفَعْ നീ തടുക്കുക, തടയുക بِالَّتِي യാതൊരു കാര്യംകൊണ്ടു هِيَ أَحْسَنُ അതു ഏറ്റവും നല്ലതാണു السَّيِّئَةَ തിന്‍മയെ نَحْنُ നാം أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِمَا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു പറയുന്നതിനെപ്പറ്റി
- وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَٰطِينِ ﴾٩٧﴿
- (ഇങ്ങിനെ) പറയുകയും ചെയ്യുക: ‘എന്റെ റബ്ബേ! പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോടു രക്ഷതേടുന്നു;
- وَقُل പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ أَعُوذُ ഞാന്‍ രക്ഷ തേടുന്നു, ശരണം തേടുന്നു بِكَ നിന്നോടു, നിന്നില്‍ مِنْ هَمَزَاتِ ദുര്‍മ്മന്ത്രങ്ങളില്‍ നിന്ന്, ദുര്‍ബോധനങ്ങളില്‍ നിന്ന് الشَّيَاطِينِ പിശാചുക്കളുടെ
- وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴾٩٨﴿
- ‘അവര്‍, എന്റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍ നിന്നും – റബ്ബേ – ഞാന്‍ നിന്നോട് രക്ഷതേടുന്നു.’
- وَأَعُوذُ ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു بِكَ നിന്നോട് رَبِّ എന്റെ റബ്ബേ أَن يَحْضُرُونِ അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്ന (ഹാജറാകുന്ന)തില്‍ നിന്ന്
ഒന്നാമത്തെ ഉപദേശം, തിന്‍മകളെ ഏറ്റവും നല്ല മാര്‍ഗ്ഗത്തിലൂടെ തടുത്തുകൊള്ളണമെന്നാണ്. ക്ഷമ, സഹനം, മാപ്പ്, വിട്ടുവീഴ്ച, നല്ലവാക്ക്, ഇങ്ങോട്ട് തിന്‍മ ചെയ്തവനോട് അങ്ങോട്ട് നന്മചെയ്യുക മുതലായവയാണ് ‘ഏറ്റവും നല്ല കാര്യം’ കൊണ്ട് ഉദ്ദേശ്യം. ഇതേ ഉപദേശം നല്‍കിക്കൊണ്ടുള്ള മറ്റൊരു ആയത്തില്‍ അല്ലാഹു ഇപ്രകാരം പറയുന്നു:-
ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ – حم السجدة
സാരം: (ഏറ്റവും നല്ലകാര്യംകൊണ്ട് തടുത്ത് കൊള്ളുക. എന്നാല്‍, നീയുമായി ശത്രുതയുള്ളവന്‍ ഒരു ഉറ്റബന്ധുവെപ്പോലെ ആയിത്തീരുന്നതാണ്. 41:34.) ഹാ! എത്ര ഫലപ്രദമായ ഔഷധമാണിത്! ഈ ആയത്തിന്റെ സാരത്തില്‍ അനസ് (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഒരാള്‍ തന്റെ സഹോദരനെക്കുറിച്ച് അവനില്‍ ഇല്ലാത്ത (കുറ്റം) വല്ലതും പറയുന്നതായാല്‍ അവന്‍ അവനോട് ഇങ്ങിനെ പറയണം: നീ കളവ് പറയുകയാണെങ്കില്‍ നിനക്ക് പൊറുത്ത് തരുവാന്‍ ഞാന്‍ അല്ലാഹുവോട് ചോദിക്കുന്നു. നീ നേര് പറയുകയാണെങ്കില്‍ എനിക്ക് പൊറുത്തുതരുവാന്‍ ഞാന്‍ അല്ലാഹുവോട് ചോദിക്കുന്നു.’
(إن كنتَ كاذبا فإني أسأل الله أن يغفر لك، وإن كنت صادقا فإني أسأل الله أن يغفر لي)
രണ്ടാമത്തെ ഉപദേശം: പിശാചുക്കളുടെ ദുര്‍മന്ത്രങ്ങളില്‍ നിന്നും അവരുടെ സമീപനങ്ങളില്‍ നിന്നും രക്ഷ നല്‍കുവാനായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കണമെന്നാകുന്നു. ആദ്യത്തേത് പുറമേ ഉപയോഗിക്കുവാനുള്ള ഔഷധമാണെങ്കില്‍ ഇത്, അകത്തേക്ക് ഉപയോഗിക്കുവാനുള്ളതാണെന്ന് പറയാം. പിശാചില്‍ നിന്നുണ്ടാകുന്ന ദുഷ്പ്രേരണകളും, അത് നിമിത്തം മറ്റുള്ളവരില്‍ നിന്ന് ഉളവാകുന്ന തിന്‍മകളുമെല്ലാം ‘ദുര്‍ബ്ബോധനങ്ങള്‍’ (هَمَزَات) എന്ന് പറഞ്ഞതില്‍ അടങ്ങുന്നു. പിശാചുക്കള്‍ അടുത്ത് വരുവാന്‍പോലും ഇടയാകാതെ രക്ഷിക്കേണമേ, എന്നാണ് പ്രാര്‍ത്ഥനയിലെ രണ്ടാം വാക്യം കുറിക്കുന്നത്. ദുര്‍ബ്ബോധനങ്ങളും, ദുര്‍മ്മന്ത്രങ്ങളും നടത്തുന്ന മനുഷ്യപ്പിശാചുക്കളും, ജിന്‍പിശാചുക്കളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.
ഉറങ്ങുവാന്‍ പോകുമ്പോള്‍ താഴെ കാണുന്ന ‘ദുആ’ ചെയ്‌വാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹാബികള്‍ക്ക് പഠിപ്പിച്ചിരുന്നുവെന്നും, ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് അത് പഠിപ്പിച്ചിരുന്നുവെന്നും ഇമാം അഹ്മദ് (رحمه الله) മുതലായ പലരും രിവായത്ത് ചെയ്യുന്നു:-
بِسْمِ اللهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ : رواه أحمد وابوداود والتومذي والبيهقي رحمهم الله
സാരം: (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ പരിപൂര്‍ണ്ണ വാക്യങ്ങള്‍ മുഖേന, അവന്റെ കോപത്തില്‍നിന്നും, അവന്റെ ശിക്ഷാനടപടിയില്‍നിന്നും, അവന്റെ അടിയാന്‍മാരില്‍നിന്നുണ്ടാകുന്ന ദോഷത്തില്‍ നിന്നും, പിശാചുക്കളുടെ ദുര്‍മ്മന്ത്രങ്ങളില്‍ നിന്നും, അവര്‍ എന്റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍നിന്നുമെല്ലാം ഞാന്‍ രക്ഷതേടുന്നു.)
അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുന്നതില്‍ വീഴ്ചവരുത്തിയവരും, അവിശ്വാസികളും മരണത്തിന് മുമ്പായി അവരുടെ നിലപാടില്‍ മാറ്റം വരുത്താതിരിക്കുന്നപക്ഷം, മരണവേളയില്‍ അവരുടെ അന്ത്യാവസ്ഥ എങ്ങിനെയിരിക്കുമെന്ന് അടുത്ത ആയത്തില്‍ പ്രസ്താവിക്കുന്നു:-
- حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ ﴾٩٩﴿
- അങ്ങനെ, (ഒടുക്കം) അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: ‘റബ്ബേ! എന്നെ മടക്കിത്തരുവിന്‍,-
- حَتَّىٰ അങ്ങനെ (ഇതുവരെക്കും) إِذَا جَاءَ വന്നാല്‍, വരുമ്പോള്‍ أَحَدَهُمُ അവരില്‍ ഒരാള്‍ക്ക് الْمَوْتُ മരണം قَالَ അവന്‍ പറയും رَبِّ എന്റെ റബ്ബേ ارْجِعُونِ എന്നെ മടക്കിത്തരുവിന്‍
- لَعَلِّىٓ أَعْمَلُ صَٰلِحًا فِيمَا تَرَكْتُ ۚ كَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ ﴾١٠٠﴿
- ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ളതില്‍ ഞാന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചേക്കാം!’ എന്നു. ഒരിക്കലുമില്ല! അതൊരുവാക്യം – അവനത് പറഞ്ഞുകൊണ്ടിരിക്കുന്നു ( – അത്രമാത്രം). അവരുടെ അപ്പുറം, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരേക്കും ഒരു (തരം) വേലിമറയുമുണ്ട്. [അതവരെ മടങ്ങിപ്പോകുവാന്‍ വിടുന്നതല്ല.]
- لَعَلِّي أَعْمَلُ ഞാന്‍ പ്രവര്‍ത്തിച്ചേക്കാം صَالِحًا നല്ലതു, സല്‍ക്കര്‍മ്മം فِيمَا تَرَكْتُ ഞാന്‍ ഉപേക്ഷ വരുത്തിയതില്‍, വിട്ടുകളഞ്ഞതില്‍ كَلَّا ഒരിക്കലുമില്ല, അങ്ങിനെയല്ല, വേണ്ടാ إِنَّهَا നിശ്ചയമായും അതു كَلِمَةٌ ഒരു വാക്യം, വാക്കു هُوَ അവന്‍ قَائِلُهَا അതു പറയുന്നവനാണ് (അതുപറയുന്നു) وَمِن وَرَائِهِم അവരുടെ അപ്പുറമുണ്ട്, പിന്നിലുണ്ട് بَرْزَخٌ ഒരുമറ, വേലിമറ, തടവ് إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന
മരണസമയം എത്തുകയും, അനന്തരം അനുഭവിക്കുവാനിരിക്കുന്ന കഠിനശിക്ഷകള്‍ കാണുമാറാകുകയും ചെയ്യുമ്പോള്‍, തങ്ങളെ ഭൂമിയിലേക്ക് ഒന്നുകൂടി മടക്കിത്തരേണമേ എന്ന് അല്ലാഹുവിനോട് അവര്‍ കേണപേക്ഷിക്കുന്നതാണ്. മടക്കിത്തരുന്നതായാല്‍, മുമ്പ് തങ്ങള്‍ വരുത്തിയ വീഴ്ചകളെല്ലാം നികത്തി സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് സങ്കടപ്പെട്ട് പറയും. അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ഉത്തരമാകട്ടെ, كَلَّا (അതൊരിക്കലുമില്ല) എന്നുമാത്രം! അല്ലാഹു പറയുന്നു: അത് കേവലം ഒരു വാക്യമെന്നുമാത്രം – അവരത് വ്യഥാ ഉരുവിടുന്നുവെന്നല്ലാതെ ഒരു പ്രയോജനവും ആ വാക്ക് മൂലം ലഭിക്കുവാനില്ല. വല്ലവിധേനയും ചാടിപ്പോകുവാനാണെങ്കില്‍ അതിനും സാധ്യമല്ല. കാരണം, ഖിയാമാത്തുനാളില്‍ എല്ലാവരും ‘ഖബ്റു’കളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നതുവരെ പുറത്തുപോകുവാന്‍ നിവൃത്തിയില്ലാത്തവിധം അവര്‍ ബന്ധനത്തിലുമായിരിക്കും. പിന്നത്തെ സ്ഥിതിയാണെങ്കില്‍ അതിലേറെ ആപല്‍ക്കരവും!
മരണവേളയില്‍ മാത്രമല്ല, ഖബ്റുകളില്‍നിന്ന് പുനരെഴുന്നേല്‍പ്പിക്കപ്പെടുമ്പോഴും, അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോഴും, നരകം കാണിക്കപ്പെടുമ്പോഴും, നരകത്തില്‍വെച്ചും എല്ലാം തന്നെ അവിശ്വാസികള്‍, തങ്ങളെ ഒന്നുകൂടി മടക്കിക്കൊടുക്കുവാന്‍ അപേക്ഷിക്കുന്നതാണെന്ന് ഖുര്‍ആന്റെ പല പ്രസ്താവനകളില്‍ നിന്നുമായി മനസ്സിലാക്കാം. ഈ അപേക്ഷ തീര്‍ച്ചയായും സ്വീകരിക്കപ്പെടുകയില്ലെന്ന് അവര്‍ക്കറിയാമെങ്കിലും, ശിക്ഷയുടെ കാഠിന്യം മൂലം അവരത് പറഞ്ഞുപോകുകയാണ്! معاذ الله (അല്ലാഹു കാക്കട്ടെ!).
