23:62
- وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَلَدَيْنَا كِتَٰبٌ يَنطِقُ بِٱلْحَقِّ ۚ وَهُمْ لَا يُظْلَمُونَ ﴾٦٢﴿
- ഒരു ദേഹത്തോടും, അതിന് കഴിവുള്ളതല്ലാതെ നാം ശാസിക്കുകയില്ല; യഥാര്‍ത്ഥം തുറന്നുപറയുന്ന ഒരു ഗ്രന്ഥം [രേഖ] നമ്മുടെ അടുക്കല്‍ ഉണ്ട്; അവര്‍ അക്രമിക്കപ്പെടുന്നതല്ല.
- وَلَا نُكَلِّفُ നാം ശാസിക്കുകയില്ല, നിര്‍ബ്ബന്ധിക്കുകയില്ല نَفْسًا ഒരു ദേഹത്തോടും, ഒരാളോടും إِلَّا وُسْعَهَا അതിന് കഴിവുള്ളതല്ലാതെ وَلَدَيْنَا നമ്മുടെ അടുക്കലുണ്ട് كِتَابٌ ഒരു ഗ്രന്ഥം يَنطِقُ അത് തുറന്നു പറയും, മൊഴിയും بِالْحَقِّ യഥാര്‍ത്ഥത്തെ, സത്യത്തെ وَهُمْ അവര്‍ لَا يُظْلَمُونَ അക്രമിക്കപ്പെടുന്നതുമല്ല
മൂന്ന് സംഗതികളാണ് ഈ ആയത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നത്.
1). ഏതൊരാളുടെയും കഴിവനുസരിച്ചുള്ളതല്ലാതെ അവനോട് ശാസിക്കുകയില്ല. ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ഒരു മൗലികതത്വമാണിത്. ശാരീരികവും, മാനസികവും സാമ്പത്തികവും സാമൂഹികവുമായ എല്ലാവിധ കഴിവുകളും ഇതില്‍ പരിഗണിക്കപ്പെടുന്നു. ആരാധനാ കാര്യങ്ങളില്‍ മാത്രമല്ല, മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടുന്ന എല്ലാ കാര്യത്തിലും ഇത് ബാധകമാണ്. നമസ്കാരത്തിലും, നോമ്പിലും മാത്രമല്ല, സാധുക്കളെ സഹായിക്കുന്നതിലും സമുദായസേവനത്തിലും, മതപ്രബോധനത്തിലുമെല്ലാംതന്നെ ഈ നിയമം ബലത്തിലുണ്ട്. അപ്പോള്‍, സല്‍ക്കര്‍മ്മം ചെയ്ത് അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള മാര്‍ഗ്ഗം ഒട്ടും കുടുസ്സല്ല. ദുഷ്കര്‍മ്മത്തിലും, തോന്നിയവാസത്തിലും നിരതരായവര്‍ക്ക് സത്യത്തിന്റെ മാര്‍ഗ്ഗം ഇടുങ്ങിയതാണെന്നോ, മതശാസനകള്‍ അസഹ്യമാണെന്നോ പറയുവാന്‍ ന്യായവുമില്ല.
2). സല്‍ക്കര്‍മ്മികളുടെയും ദുഷ്കര്‍മ്മികളുടെയുമെന്ന വ്യത്യാസമില്ലാതെ, എല്ലാവരുടെ ചെയ്തികളും, കൃത്യവും വ്യക്തവുമായി രേഖപ്പെടുത്തിയ ഒരു രേഖാഗ്രന്ഥം അല്ലാഹുവിങ്കലുണ്ട്.
3). സജ്ജനങ്ങളുടെ സല്‍ഫലങ്ങളില്‍ വല്ല കുറവും വരുത്തിയോ, ദുര്‍ജ്ജനങ്ങളുടെ ദുഷ്ഫലങ്ങളില്‍ വല്ലതും അധികരിപ്പിച്ചോ, ആരോടും അക്രമം ചെയ്യപ്പെടുകയില്ല. എല്ലാവരുടെയും നന്മതിന്മകള്‍ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം ഹാജറാക്കിക്കൊണ്ടു ഖിയാമത്തുനാളില്‍ ഇപ്രകാരം പറയപ്പെടുന്നതാകുന്നു: ‘ഇതാ നമ്മുടെ – നാം രേഖപ്പെടുത്തിവെച്ച – ഗ്രന്ഥം! അത് നിങ്ങള്‍ക്കു യഥാര്‍ത്ഥം തുറന്നുപറഞ്ഞു തരുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു.’
(هَـٰذَا كِتَابُنَا يَنطِقُ عَلَيْكُم بِالْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ : سورة الجاثية :٢٩)
- بَلْ قُلُوبُهُمْ فِى غَمْرَةٍ مِّنْ هَٰذَا وَلَهُمْ أَعْمَٰلٌ مِّن دُونِ ذَٰلِكَ هُمْ لَهَا عَٰمِلُونَ ﴾٦٣﴿
- എങ്കിലും, അവരുടെ [അവിശ്വാസികളുടെ] ഹൃദയങ്ങള്‍ ഇതിനെക്കുറിച്ച് അന്ധതയിലാകുന്നു. അവര്‍ക്ക് അത് [മേല്‍ പറഞ്ഞത്] കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്; അത് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ്;-
- بَلْ എങ്കിലും, പക്ഷെ قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ فِي غَمْرَةٍ അന്ധതയിലാണ്, അശ്രദ്ധയിലാണ്, മൂടലിലാണ് مِّنْ هَـٰذَا ഇതിനെക്കുറിച്ചു وَلَهُمْ അവര്‍ക്കുണ്ട് أَعْمَالٌ ചില പ്രവൃത്തികള്‍ مِّن دُونِ ذَٰلِكَ അതുകൂടാതെ هُمْ അവര്‍ لَهَا അതു, അവയെ عَامِلُونَ പ്രവര്‍ത്തിക്കുന്നവരാണ്
- حَتَّىٰٓ إِذَآ أَخَذْنَا مُتْرَفِيهِم بِٱلْعَذَابِ إِذَا هُمْ يَجْـَٔرُونَ ﴾٦٤﴿
- അങ്ങനെ, അവരിലുള്ള സുഖിയന്‍മാരെ ശിക്ഷമൂലം നാം പിടിക്കുന്നതായാല്‍, അപ്പോഴതാ, അവര്‍ നിലവിളി കൂട്ടുന്നു!
- حَتَّىٰ إِذَا أَخَذْنَا അങ്ങനെ നാം പിടിക്കുന്നതായാല്‍ مُتْرَفِيهِم അവരിലുള്ള സുഖിയന്‍മാരെ بِالْعَذَابِ ശിക്ഷകൊണ്ട്, ശിക്ഷമൂലം إِذَا هُمْ അപ്പോള്‍ അവരതാ يَجْأَرُونَ നിലവിളി കൂട്ടുന്നു, വിളിച്ചു നിലവിളിക്കുന്നു
- لَا تَجْـَٔرُوا۟ ٱلْيَوْمَ ۖ إِنَّكُم مِّنَّا لَا تُنصَرُونَ ﴾٦٥﴿
- (അവരോട് പറയപ്പെടും:) ‘ഇന്ന് നിങ്ങള്‍ നിലവിളി കൂട്ടേണ്ടാ [അതുകൊണ്ട് ഫലമില്ല]! നിശ്ചയമായും നിങ്ങള്‍ക്ക്, നമ്മില്‍നിന്ന് സഹായം നല്‍കപ്പെടുകയില്ല;-
- لَا تَجْأَرُوا നിങ്ങള്‍ നിലവിളി കൂട്ടേണ്ട الْيَوْمَ ഇന്ന് إِنَّكُم നിശ്ചയമായും നിങ്ങള്‍ مِّنَّا നമ്മില്‍ നിന്നു لَا تُنصَرُونَ നിങ്ങള്‍ സഹായിക്കപ്പെടുകയില്ല
- قَدْ كَانَتْ ءَايَٰتِى تُتْلَىٰ عَلَيْكُمْ فَكُنتُمْ عَلَىٰٓ أَعْقَٰبِكُمْ تَنكِصُونَ ﴾٦٦﴿
- തീര്‍ച്ചയായും, എന്റെ (വേദ) ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടു വന്നിരുന്നു; അപ്പോള്‍ നിങ്ങള്‍, നിങ്ങളുടെ മടമ്പുകാലുകളില്‍ (വന്നപാടെ) തന്നെ മടങ്ങിപ്പോകുകയായിരുന്നു ചെയ്തത്;-
- قَدْ كَانَتْ തീര്‍ച്ചയായും ആയിരുന്നു آيَاتِي എന്റെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) تُتْلَىٰ عَلَيْكُمْ നിങ്ങള്‍ക്ക് ഓതിത്തരപ്പെട്ടിരുന്നു فَكُنتُمْ അപ്പോള്‍ നിങ്ങളായിരുന്നു عَلَىٰ أَعْقَابِكُمْ നിങ്ങളുടെ മടമ്പുകാലുകളിലായി تَنكِصُونَ മടങ്ങി (പിന്‍വാങ്ങി) പ്പോകുക (യായിരുന്നു)
- مُسْتَكْبِرِينَ بِهِۦ سَٰمِرًا تَهْجُرُونَ ﴾٦٧﴿
- അഹങ്കാരികളായ നിലയില്‍ – അതില്‍ [വേദഗ്രന്ഥത്തില്‍] രാക്കഥയുമായി – നിങ്ങള്‍ പിച്ചുപറഞ്ഞും കൊണ്ടിരിക്കുന്നവരായിരുന്നു’.
- مُسْتَكْبِرِينَ അഹങ്കാരികളായ നിലയില്‍, അഹംഭാവം നടിച്ചുകൊണ്ട് بِهِ سَامِرًا അതില്‍ രാക്കഥ പറഞ്ഞുകൊണ്ട് تَهْجُرُون നിങ്ങള്‍ പിച്ചുപറഞ്ഞു കൊണ്ടിരുന്നു, തോന്ന്യാസം പറഞ്ഞു കൊണ്ട്
സാരം: മനുഷ്യന് അനുഷ്ഠിക്കുവാന്‍ കഴിയാത്ത ശാസനകളൊന്നും അല്ലാഹു അവരില്‍ ചുമത്തിയിട്ടില്ല; അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ, അവിശ്വാസികള്‍ അതൊന്നും ഗൗനിക്കാതെ അന്ധതയിലും, അശ്രദ്ധയിലും കഴിഞ്ഞുകൂടുകയാണ്. 57 – 60ല്‍ പ്രസ്താവിച്ചതു പോലെയുള്ള സല്‍ക്കര്‍മ്മങ്ങളൊന്നും അവര്‍ ചെയ്യുന്നില്ലെന്നു മാത്രമല്ല, അതിനു നേരെ വിപരീതമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ഖുര്‍ആനെപ്പറ്റി ആക്ഷേപിക്കുക, നബിയെ പരിഹസിക്കുക, സത്യവിശ്വാസികളെ ഉപദ്രവിക്കുക മുതലായവയാണ് അവരുടെ ജോലി. അവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള സുഖസൗകര്യങ്ങളില്‍ വഞ്ചിതരായി തങ്ങള്‍ക്ക് എന്തും ചെയ്യാമെന്ന നിഗമനത്തിലാണ് അവരുള്ളത്. എന്നാല്‍ ഈ നില അധികം തുടര്‍ന്നുപോകയില്ല. താമസിയാതെ ആ സുഖ സൗകര്യങ്ങളില്‍നിന്നും അവര്‍ പിടിച്ചു ശിക്ഷിക്കപ്പെടും. അപ്പോള്‍ അവര്‍ക്കു തന്റേടം വരും. അവര്‍ വിളിച്ചു നിലവിളിക്കാന്‍ തുടങ്ങും. പക്ഷേ, ഫലമെന്ത്?!
ആ നിലവിളിക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്നും മറുപടി ലഭിക്കുക ഇപ്രകാരമായിരിക്കും: ‘ഇന്നു നിലവിളികൂട്ടിയിട്ട് കാര്യമില്ല; യാതൊരു രക്ഷയും നിങ്ങള്‍ക്ക് ഇവിടെ കിട്ടുവാന്‍ പോകുന്നില്ല. എന്റെ ആയത്തുകള്‍ റസൂല്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങളത് കേട്ടതുമില്ല. ചിന്തിച്ചതുമില്ല. കേള്‍ക്കുമ്പോഴേക്കും നിങ്ങള്‍ പിന്നോക്കം പോകുകയായിരുന്നു ചെയ്തിരുന്നത്: മാത്രമല്ല, ഞങ്ങള്‍ ഖുറൈശികളാണ്, കഅ്-ബഃയുടെ സംരക്ഷകന്‍മാരാണ് എന്നും മറ്റും പറഞ്ഞുകൊണ്ട്, അഹങ്കാരം നടിക്കുകയും, കഅ്-ബഃയുടെ പരിസരങ്ങളില്‍ കൂട്ടം കൂടി ഖുര്‍ആനെക്കുറിച്ചും, നബിയെക്കുറിച്ചും പരിഹാസപൂര്‍വ്വം രാക്കഥകളും, തോന്നിയവാസവും പറഞ്ഞു കാലം കഴിക്കുകയുമാണ് ചെയ്തത്. എനി, ഇപ്പോള്‍ നിലവിളിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല.’
- أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ ﴾٦٨﴿
- (പറയുന്ന) വാക്ക് [ഖുര്‍ആന്‍] അവര്‍ ഉറ്റാലോചിക്കുന്നില്ലേ?! അഥവാ, തങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്ക് വന്നിട്ടില്ലാത്തതൊന്ന് ഇവര്‍ക്ക് വന്നിരിക്കുന്നുവോ?!
- أَفَلَمْ يَدَّبَّرُوا എന്നാല്‍ അവര്‍ ഉറ്റാലോചിക്കുന്നില്ലേ الْقَوْلَ വാക്ക്, പറയുന്നത് أَمْ جَاءَهُم അഥവാ തങ്ങള്‍ക്ക് വന്നിരിക്കുന്നുവോ مَّا لَمْ يَأْتِ വന്നിട്ടില്ലാത്തത് آبَاءَهُمُ അവരുടെ പിതാക്കള്‍ക്ക് الْأَوَّلِينَ പൂര്‍വ്വന്‍മാരായ, മുമ്പുള്ളവരായ
- أَمْ لَمْ يَعْرِفُوا۟ رَسُولَهُمْ فَهُمْ لَهُۥ مُنكِرُونَ ﴾٦٩﴿
- അതല്ലെങ്കില്‍, അവര്‍ തങ്ങളുടെ റസൂലിനെ അറിഞ്ഞിട്ടില്ല – അതിനാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിക്കുന്നവരാണോ?!
- أَمْ لَمْ يَعْرِفُوا അല്ലെങ്കില്‍ അവര്‍ അറിഞ്ഞിട്ടില്ലെയോ رَسُولَهُمْ അവരുടെ റസൂലിനെ فَهُمْ അതിനാല്‍ അവര്‍ لَهُ അദ്ദേഹത്തെ مُنكِرُونَ നിഷേധിക്കുന്നവരാണ് (എന്നുണ്ടോ)
- أَمْ يَقُولُونَ بِهِۦ جِنَّةٌۢ ۚ بَلْ جَآءَهُم بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَٰرِهُونَ ﴾٧٠﴿
- അല്ലെങ്കില്‍, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്ന് അവര്‍ പറയുന്നുവോ?! എന്നാല്‍, (വാസ്തവത്തില്‍,) അദ്ദേഹം അവരുടെ അടുക്കല്‍ യഥാര്‍ത്ഥം കൊണ്ടുവന്നിരിക്കുകയാണ്; അവരില്‍ അധികമാളുകളും, യഥാര്‍ത്ഥത്തെ വെറുക്കുന്നവരുമാകുന്നു.
- أَمْ يَقُولُونَ അല്ലെങ്കില്‍ അവര്‍ പറയുന്നുവോ بِهِ അദ്ദേഹത്തിനുണ്ട് (എന്ന്) جِنَّةٌ ഭ്രാന്ത് بَلْ എന്നാല്‍, എങ്കിലും جَاءَهُم അദ്ദേഹം അവര്‍ക്ക് വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവും കൊണ്ട് وَأَكْثَرُهُمْ അവരില്‍ അധികമാളുകളും لِلْحَقِّ യഥാര്‍ത്ഥത്തെ كَارِهُونَ വെറുക്കുന്നവരാണ്
ഒന്നാമതായിപ്പറഞ്ഞ ആക്ഷേപം അവര്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കുന്നില്ല എന്നുള്ളതാണ്. ഈ ആക്ഷേപം പലപ്പോഴും അല്ലാഹു ആവര്‍ത്തിച്ചു പറയാറുള്ളതാണ്. കാരണം അവര്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന പക്ഷം അതിന്റെ സത്യതയും പരിശുദ്ധതയും അവര്‍ക്കു് ബോധ്യപ്പെടാതിരിക്കുകയില്ല. പിന്നീട് പറഞ്ഞ ആക്ഷേപങ്ങളുടെ സാരം, അവര്‍ റസൂലിനെപ്പറ്റി മനസ്സിലാക്കുന്നില്ലെന്നുള്ളതാകുന്നു. മുമ്പില്ലാത്ത ഒരു പുതിയ വാദം അദ്ദേഹം കൊണ്ടുവന്നിട്ടില്ല, മുമ്പും പല നബിമാരും ഇതേ സത്യപ്രബോധനവുമായി വന്നിട്ടുണ്ടായിരുന്നു. നബിയെ സംബന്ധിച്ചിടത്തോളം, ചെറുപ്പം മുതല്‍ക്കേ അദ്ദേഹത്തിന്റെ മുഴുവന്‍ ചരിത്രവും, അദ്ദേഹത്തിന്റെ പരിശുദ്ധമായ സ്വഭാവപ്രകൃതിയും, സത്യസന്ധതയുമെല്ലാം അവര്‍ക്കറിയാവുന്നതാണ്. അദ്ദേഹത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് അവരുടെ മനഃസാക്ഷിയെ മൂടിവെച്ചുകൊണ്ടല്ലാതെ അവര്‍ക്ക് പറയുവാന്‍ സാധ്യമല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കാത്തതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യയും സ്വഭാവവും ഗൗനിക്കാതിരുന്നതുമാണ് അവിശ്വാസികളെപ്പറ്റി ഇവിടെ പറഞ്ഞ ആക്ഷേപങ്ങളുടെ ചുരുക്കം.
അപ്പോള്‍, ഖുര്‍ആനും, നബിചര്യയും അവഗണിച്ചുകൊണ്ട് ‘ഇന്നവനും ഇന്നവനും പറഞ്ഞതുമാത്രം സ്വീകരിക്കുക’ എന്ന നയം – അതെ, ചില പണ്ഡിതന്‍മാരുടെയോ നേതാക്കളുടെയോ അഭിപ്രായങ്ങള്‍ മാത്രം സ്വീകരിച്ച് ഖുര്‍ആനും സുന്നത്തും ഗൗനിക്കാതെയുള്ള ഇന്നത്തെ മുസ്ലിംകളുടെ പൊതുനില – എത്രമാത്രം ആക്ഷേപകരവും, ആപല്‍ക്കരവുമാണെന്ന് ആലോചിച്ചു നോക്കുക!
- وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ ۚ بَلْ أَتَيْنَٰهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ ﴾٧١﴿
- യഥാര്‍ത്ഥം അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു വന്നിരുന്നുവെങ്കില്‍, ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും (എല്ലാം തന്നെ) കുഴപ്പത്തിലാകുമായിരുന്നു! പക്ഷേ, നാം അവരുടെ അടുക്കല്‍ അവര്‍ക്കുള്ള ഉപദേശവുംകൊണ്ട് ചെന്നിരിക്കുകയാണ്; എന്നാല്‍ അവരാകട്ടെ, അവരുടെ (ആ) ഉപദേശത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു.
- وَلَوِ اتَّبَعَ അനുസരിച്ചു വന്നിരുന്നുവെങ്കില്‍ الْحَقُّ യഥാര്‍ത്ഥം, സത്യം أَهْوَاءَهُمْ അവരുടെ ഇച്ഛകളെ لَفَسَدَتِ നാശമടയുമായിരുന്നു, കുഴപ്പത്തിലാകുമായിരുന്നു السَّمَاوَاتُ ആകാശങ്ങള്‍ وَالْأَرْضُ ഭൂമിയും وَمَن فِيهِنَّ അവയിലുള്ളവരും بَلْ പക്ഷെ أَتَيْنَاهُم നാം അവരുടെ അടുക്കല്‍ ചെന്നിരിക്കുന്നു بِذِكْرِهِمْ അവര്‍ക്കുള്ള ഉപദേശവും കൊണ്ടു فَهُمْ എന്നാല്‍ അവര്‍ عَن ذِكْرِهِم അവരുടെ ഉപദേശത്തില്‍ നിന്നു مُّعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്
അവര്‍ക്ക് സത്യോപദേശങ്ങള്‍ സ്വീകാര്യമാകേണമെങ്കില്‍, അവരുടെ ഇച്ഛകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അനുസരിച്ചുകൊണ്ടായിരിക്കണം യാഥാര്‍ത്ഥ്യങ്ങള്‍ നിലകൊള്ളുന്നത്. അഥവാ, ആരാധ്യന്‍മാര്‍ പലതുണ്ടായിരിക്കണം, ദൈവത്തിന് സന്താനമുണ്ടായിരിക്കണം, അക്രമവും അനീതിയും ന്യായമായിരിക്കണം, പാപങ്ങള്‍ പുണ്യങ്ങളായിരിക്കണം. (معاذ الله). ഇങ്ങിനെയാണ് യഥാര്‍ത്ഥത്തിലുള്ളതെങ്കില്‍, ധാര്‍മ്മികവ്യവസ്ഥയും, ലോകവ്യവസ്ഥയും – ലോകത്തിന്റെ നിലനില്‍പുതന്നെയും – അവതാളത്തിലായിപ്പോകുമായിരുന്നുവെന്ന് വ്യക്തമാണ്. ‘ആകാശഭൂമികളില്‍ അല്ലാഹു അല്ലാതെ വല്ല ഇലാഹുകളും ഉണ്ടായിരുന്നുവെങ്കില്‍, അതുരണ്ടും നാശമടയുമായിരുന്നു!’ (لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّـهُ لَفَسَدَتَا)
- أَمْ تَسْـَٔلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ ﴾٧٢﴿
- (നബിയേ,) ഒരു പക്ഷേ, നീ അവരോട് വല്ല പുറപ്പാടും [ആദായവും] ചോദിക്കുന്നുണ്ടോ?! – എന്നാല്‍, നിന്റെ റബ്ബിന്റെ (പക്കല്‍നിന്നുള്ള) പുറപ്പാട് ഏറ്റവും നല്ലതാകുന്നു. അവന്‍, ഉപജീവനം നല്‍കുന്നവരില്‍വെച്ച് ഏറ്റവും നല്ലവനത്രെ.
- أَمْ അതല്ല, ഒരു പക്ഷേ تَسْأَلُهُمْ നീ അവരോട് ചോദിക്കുന്നുവോ خَرْجًا വല്ല പുറപ്പാടും, ആദായവും فَخَرَاجُ رَبِّكَ എന്നാല്‍ നിന്റെ റബ്ബിന്റെ പുറപ്പാടു, ആദായം خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് وَهُوَ അവന്‍ خَيْرُ الرَّازِقِينَ ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഉത്തമനാകുന്നു
- وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٧٣﴿
- നിശ്ചയമായും, നീ അവരെ നേരായ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുകയാകുന്നു.
- وَإِنَّكَ നിശ്ചയമായും നീ لَتَدْعُوهُمْ നീ അവരെ ക്ഷണിക്കുന്നു إِلَىٰ صِرَاطٍ മാര്‍ഗ്ഗത്തിലേക്ക് مُّسْتَقِيمٍ നേരായ, ചൊവ്വായ
- وَإِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ عَنِ ٱلصِّرَٰطِ لَنَٰكِبُونَ ﴾٧٤﴿
- പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, (ആ) മാര്‍ഗ്ഗം വിട്ടുതെറ്റിപ്പോകുന്നവര്‍ തന്നെയാണ്.
- وَإِنَّ നിശ്ചയമായും الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ عَنِ الصِّرَاطِ മാര്‍ഗ്ഗം വിട്ടു لَنَاكِبُونَ തെറ്റിപ്പോകുന്നവര്‍ തന്നെയാണ്
സാരം: നബിയേ! അല്ലാഹുവിന്റെ ദൗത്യം എത്തിച്ചു കൊടുക്കുന്നതിന് താന്‍ അവരുടെ പക്കല്‍നിന്ന് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടെന്ന കാരണം കൊണ്ടാണോ അവര്‍ വിശ്വസിക്കാതിരിക്കുന്നത്? അല്ല, താന്‍ അവരില്‍നിന്ന് ഒന്നും ഇച്ഛിക്കുന്നില്ല; അതിന് ആവശ്യവുമില്ല. തനിക്ക് അല്ലാഹുവിങ്കലുള്ള മഹത്തായ പ്രതിഫലം തന്നെ മതി. താന്‍ അവരെ യാതൊരു വളവും വക്രതയുമില്ലാത്ത നേരായ മാര്‍ഗ്ഗത്തിലേക്ക് തന്നെയാണ് ക്ഷണിക്കുന്നതും. പക്ഷേ, പരലോകത്തില്‍ വിശ്വാസമില്ലാത്ത അവര്‍ ആ സത്യമാര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ഭാവമില്ലാതെ തെറ്റിപ്പോകുക മാത്രമാണ്.
- ۞ وَلَوْ رَحِمْنَٰهُمْ وَكَشَفْنَا مَا بِهِم مِّن ضُرٍّ لَّلَجُّوا۟ فِى طُغْيَٰنِهِمْ يَعْمَهُونَ ﴾٧٥﴿
- നാം അവരോട് കരുണ കാണിക്കുകയും, അവരിലുള്ള വിഷമം നീക്കുകയും ചെയ്താലും, അവര്‍ തങ്ങളുടെ അതിക്രമത്തില്‍ അന്ധാളിച്ചുകൊണ്ട് ശഠിച്ചു നില്‍ക്കുക തന്നെ ചെയ്യുന്നതാണ്.
- وَلَوْ رَحِمْنَاهُمْ നാം അവര്‍ക്കു കരുണ ചെയ്തിരുന്നുവെങ്കില്‍ وَكَشَفْنَا നാം നീക്കം ചെയ്യുകയും, തുറവിയാക്കുകയും مَا بِهِم അവരിലുള്ളതിനെ مِّن ضُرٍّ വിഷമമായിട്ടു لَّلَجُّوا അവര്‍ ശഠിച്ചു നില്‍ക്കുക തന്നെ ചെയ്യും فِي طُغْيَانِهِمْ അവരുടെ അതിക്രമത്തില്‍ يَعْمَهُونَ അന്ധാളിച്ചുകൊണ്ടു, പരിഭ്രമിച്ചുകൊണ്ടു
- وَلَقَدْ أَخَذْنَٰهُم بِٱلْعَذَابِ فَمَا ٱسْتَكَانُوا۟ لِرَبِّهِمْ وَمَا يَتَضَرَّعُونَ ﴾٧٦﴿
- നാം അവരെ ശിക്ഷകൊണ്ട് പിടിക്കുകയുണ്ടായി. എന്നിട്ട്, അവര്‍ തങ്ങളുടെ റബ്ബിന് കീഴൊതുങ്ങിയില്ല; അവര്‍ (അവനോട്) താഴ്മ കാണിക്കുന്നുമില്ല!-
- وَلَقَدْ أَخَذْنَاهُم തീര്‍ച്ചയായും അവരെ നാം പിടിച്ചു, പിടിക്കുകയുണ്ടായി بِالْعَذَابِ ശിക്ഷകൊണ്ട് فَمَا اسْتَكَانُوا എന്നിട്ടു അവര്‍ കീഴൊതുങ്ങിയില്ല لِرَبِّهِمْ അവരുടെ റബ്ബിന് وَمَا يَتَضَرَّعُونَ അവര്‍ താഴ്മ കാണിക്കുന്നുമില്ല
- حَتَّىٰٓ إِذَا فَتَحْنَا عَلَيْهِم بَابًا ذَا عَذَابٍ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ ﴾٧٧﴿
- കഠിന ശിക്ഷയുടെതായ ഒരു കവാടം അവരില്‍ നാം തുറക്കുന്നതായാല്‍ – അപ്പോഴതാ, അവര്‍ അതില്‍ ആശയറ്റ് പോകുന്നവരായിരിക്കും – അതുവരെക്കും (അവര്‍ ഈ നില തുടരും).
- حَتَّىٰ إِذَا فَتَحْنَا അങ്ങനെ നാം തുറക്കുമ്പോള്‍ عَلَيْهِم അവരില്‍ بَابًا ഒരു കവാടം (വാതില്‍), ഒരുവകുപ്പു ذَا عَذَابٍ ശിക്ഷയുടേതായ شَدِيدٍ കഠിനമായ إِذَا هُمْ അപ്പോഴതാ അവര്‍ فِيهِ അതില്‍ مُبْلِسُونَ ആശയറ്റവരാകുന്നു, നിരാശപ്പെട്ടവരാകുന്നു (അതുവരേക്കും)
ആദ്യത്തെ ആയത്തില്‍ مَا بِهِم مِّن ضُرٍّ (അവരിലുള്ള വിഷമം) എന്ന് പറഞ്ഞത് പരലോക ശിക്ഷയാണെന്നാണ് ചിലര്‍ പറയുന്നത്. അതായത്: പരലോകശിക്ഷ കാണുമ്പോള്‍ അവര്‍ നിലവിളി കൂട്ടുന്നതനുസരിച്ച് അവരെ ഭൂമിയിലേക്ക് വീണ്ടും മടക്കി ശിക്ഷ ഒഴിവാക്കിക്കൊടുത്താല്‍ പോലും, അവര്‍ പഴയപടി ദുര്‍ന്നടപ്പില്‍ ശഠിച്ചുനില്‍ക്കുകയാണുണ്ടാവുക എന്ന് സാരം. وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ : الأنعام:٢٨ (അവര്‍ – ഭൂമിയിലേക്ക് – മടക്കപ്പെട്ടാലും, അവരോട് വിരോധിക്കപ്പെട്ടതിലേക്ക് അവര്‍ വീണ്ടും പോകുകതന്നെ ചെയ്യുന്നതാണ്.) എന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. ‘വിഷമം’ (ضُرٍّ) കൊണ്ട് ഇവിടെ ഉദ്ദേശ്യം, ഖുറൈശികളില്‍ ബാധിക്കുകയുണ്ടായ ക്ഷാമവും പട്ടിണിയുമാണെന്നും അഭിപ്രായമുണ്ട്. അധിക മുഫസ്സിറുകളുടെയും അഭിപ്രായം ഇതാണ്. ഖുറൈശികളില്‍ രണ്ട് പ്രാവശ്യം ക്ഷാമമുണ്ടായിട്ടുണ്ടെങ്കിലും, ഥമാമഃ (رَضِيَ اللهُ تَعَالَى عَنْه) നിമിത്തമുണ്ടായ ക്ഷാമമാണ് ഇവിടെ ഉദ്ദേശമെന്നത്രെ അധികപക്ഷവും പറയുന്നത്. പ്രസ്തുത സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ്:-
മുഹമ്മദ്‌ബ്നു മസ്-ലമഃ (محمد بن مسلمة -رَضِيَ اللهُ تَعَالَى عَنْهُ) യുടെ നേതൃത്വത്തില്‍ അയക്കപ്പെട്ട ഒരു സൈന്യസംഘം ഥുമാമഃ (ثمامة بن أثال -رَضِيَ اللهُ تَعَالَى عَنْهُ)യെ ബന്ധനസ്ഥനാക്കി മദീനായില്‍ കൊണ്ടുവന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ പള്ളിയില്‍ തടങ്ങലില്‍ വെച്ചു. മൂന്ന് ദിവസം ഇസ്ലാമുമായുള്ള പരിചയം അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചു. അദ്ദേഹം മുസ്ലിമായിക്കൊണ്ട് മക്കായില്‍ ‘ഉംറഃ’ കര്‍മ്മം (العمرة) ചെയ്‌വാന്‍ ചെന്നു. യമാമഃയിലെ നേതാവായ അദ്ദേഹം, മുസ്ലിമായതില്‍ ഖുറൈശികള്‍ അതിയായ വെറുപ്പ് പ്രകടിപ്പിക്കുകയും, അദ്ദേഹത്തെ കഠിനമായി ആക്ഷേപിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! യമാമഃയില്‍നിന്ന് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഉത്തരവ് കൂടാതെ ഒറ്റമണി ധാന്യം എനി നിങ്ങള്‍ക്ക് വരികയില്ല. മക്കായിലേക്ക് ധാന്യം ഇറക്കുമതി ചെയ്തിരുന്ന പ്രധാന കേന്ദ്രമായിരുന്നു അന്ന് യമാമഃ പ്രദേശങ്ങള്‍. അങ്ങനെ, അദ്ദേഹം അത് നിറുത്തല്‍ ചെയ്തു. ഇത് നിമിത്തം മക്കക്കാര്‍ക്ക് വമ്പിച്ച പട്ടിണിയായി. ‘ഇല്‍ഹിസ്’ (علهز) പോലും അവര്‍ ഭക്ഷിക്കേണ്ടിവന്നു. (പട്ടിണിക്കാലത്ത് രോമവും രക്തവും ചേര്‍ത്തുണ്ടാക്കപ്പെടുന്ന ഒരു സാധനമാണത്.). ഖുറൈശികള്‍ ഒടുക്കം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമീപിച്ചു. ‘മുഹമ്മദേ! നീ ലോകര്‍ക്ക് കരുണയായി അയക്കപ്പെട്ടവനാണെന്നല്ലേ പറയുന്നത്? ഞങ്ങളുടെ പിതാക്കളെ നീ (ബദ്റില്‍ വെച്ച്) വാളിനിരയാക്കി; ഞങ്ങളുടെ സന്താനങ്ങളെ പട്ടിണിയിട്ടും കൊല്ലുവാനാണോ വിചാരിക്കുന്നത്? കുടുംബബന്ധം പാലിക്കണമെന്ന് നീ പറയാറുണ്ടല്ലോ, ഇത് കുടുംബം മുറിക്കലല്ലേ?’ എന്നിങ്ങിനെ ആവലാതിപ്പെട്ടു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉടനെത്തന്നെ, ‘എന്റെ നാട്ടുകാര്‍ക്ക് ഭക്ഷണം വിട്ടുകൊടുക്കണം’ എന്ന് ഥുമാമഃ (رَضِيَ اللهُ تَعَالَى عَنْهُ)ക്ക് കത്തെഴുതി. പിന്നീട് പഴയപടി തുടരുകയും ചെയ്തു.
രണ്ടാമത്തെ ആയത്തില്‍ وَلَقَدْ أَخَذْنَاهُم بِالْعَذَابِ (നാം അവരെ ശിക്ഷകൊണ്ട് പിടിക്കുകയുണ്ടായി) എന്ന് പറഞ്ഞത് ഈ സംഭവത്തെ ഉദ്ദേശിച്ചാണെന്നും ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബദര്‍യുദ്ധത്തില്‍ 70 ഖുറൈശി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നാണ് അധികമാളുകളുടെയും അഭിപ്രായം. മൂന്നാമത്തെ ആയത്തില്‍ ‘കഠിന ശിക്ഷയുടേതായ കവാടം’ (بَابًا ذَا عَذَابٍ شَدِيدٍ) എന്ന് പറഞ്ഞത് പരലോകശിക്ഷയെക്കുറിച്ചുതന്നെ. മേല്‍കാണിച്ച ഏത് അഭിപ്രായം നാം സ്വീകരിച്ചാലും, ആയത്തുകളുടെ സാരം വ്യക്തമാണ്; ആ അവിശ്വാസികളിലുള്ള വിഷമങ്ങള്‍ നീക്കി കരുണ ചെയ്താലും അതിന് നന്ദി കാണിക്കുകയോ, തങ്ങളുടെ ധിക്കാരത്തില്‍ നിന്നു് പിന്‍വാങ്ങുകയോ അവര്‍ ചെയ്കയില്ല. അവര്‍ പാഠം പഠിക്കുകയുമില്ല. ഖിയാമത്ത്നാളിലെ ശിക്ഷ അനുഭവപ്പെടുമ്പോഴാണ് അവര്‍ കണ്ണ് തുറക്കുക. പക്ഷേ അത് കൊണ്ട് ഫലം ഉണ്ടാകുന്നതുമല്ല.
ഇത്രയും പറഞ്ഞതില്‍നിന്ന്, ഈ മൂന്ന് ആയത്തുകളും മദീനയില്‍ അവതരിച്ചതായിരിക്കണമെന്ന് വ്യക്തമാണല്ലോ. ഈ സൂറത്ത് മക്കീ സൂറത്തുകളില്‍പെട്ടതാണെന്ന് മിക്കവാറും മുഫസ്സിറുകള്‍ സൂറത്തിന്റെ ആരംഭത്തില്‍ പറഞ്ഞുകാണാമെങ്കിലും, ഈ മൂന്ന്‍ വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്ന് ചില മഹാന്‍മാര്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ രേഖപ്പെടുത്താത്തവരും, വിവരണത്തില്‍ മേല്‍ കണ്ട നില കൈകൊള്ളുകയും ചെയ്തുകാണാം.
