23:45
- ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَٰرُونَ بِـَٔايَٰتِنَا وَسُلْطَٰنٍ مُّبِينٍ ﴾٤٥﴿
- പിന്നീട്, മൂസായെയും, അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും, നമ്മുടെ ദൃഷ്ടാന്തങ്ങളോടും, വ്യക്തമായ അധികൃതരേഖയോടും കൂടി നാം അയക്കുകയുണ്ടായി.
- ثُمَّ أَرْسَلْنَا പിന്നെ, നാം അയച്ചു مُوسَىٰ മൂസയെ وَأَخَاهُ هَارُونَ അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി وَسُلْطَانٍ അധികൃത രേഖയുമായും مُّبِينٍ വ്യക്തമായ, സ്പഷ്ടമായ
- إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا عَالِينَ ﴾٤٦﴿
- ഫിര്‍ഔന്റെയും അവന്റെ പ്രമുഖസംഘത്തിന്റെയും അടുക്കലേക്ക്. അപ്പോള്‍ അവര്‍ അഹംഭാവം നടിക്കുകയാണ് ചെയ്തത്; അവര്‍ പൊങ്ങച്ചക്കാരായ ഒരു ജനതയായിരുന്നു.
- إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് وَمَلَئِهِ അവന്റെ പ്രമുഖസംഘത്തിന്റെയും, പ്രധാനികളുടെയും فَاسْتَكْبَرُوا എന്നിട്ട് അവര്‍ അഹംഭാവം നടിച്ചു وَكَانُوا അവരായിരുന്നു قَوْمًا ഒരു ജനത عَالِينَ പൊങ്ങച്ചക്കാരായ (ഔന്നത്യം കാട്ടുന്ന)
- فَقَالُوٓا۟ أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَٰبِدُونَ ﴾٤٧﴿
- അതിനാല്‍, അവര്‍ പറഞ്ഞു: ‘നമ്മെപ്പോലെയുള്ള രണ്ടു മനുഷ്യന്‍മാരെ – അവരുടെ ജനങ്ങളാകട്ടെ, നമ്മുടെ ആരാധകന്‍മാരുമാണ് – നാം വിശ്വസിക്കുകയോ?!’
- فَقَالُوا അതിനാല്‍ അവര്‍ പറഞ്ഞു أَنُؤْمِنُ നാം വിശ്വസിക്കുകയോ, വിശ്വസിക്കുമോ لِبَشَرَيْنِ രണ്ടു മനുഷ്യരെ مِثْلِنَا നമ്മെപ്പോലെയുള്ള وَقَوْمُهُمَا അവരുടെ ജനങ്ങളാകട്ടെ لَنَا നമ്മുക്ക്, നമ്മുടെ عَابِدُونَ ആരാധകന്‍മാരാണ്
- فَكَذَّبُوهُمَا فَكَانُوا۟ مِنَ ٱلْمُهْلَكِينَ ﴾٤٨﴿
- അങ്ങനെ അവര്‍, രണ്ടുപേരെയും വ്യാജമാക്കി; തന്നിമിത്തം അവര്‍ നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായിത്തീര്‍ന്നു!
- فَكَذَّبُوهُمَا അങ്ങനെ രണ്ടാളെയും അവര്‍ കളവാക്കി فَكَانُوا അതിനാല്‍ അവര്‍ ആയി مِنَ الْمُهْلَكِينَ നശിപ്പിക്കപ്പെട്ടവരില്‍
- وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ لَعَلَّهُمْ يَهْتَدُونَ ﴾٤٩﴿
- മൂസാക്ക് നാം വേദഗ്രന്ഥം നല്‍കിയിട്ടുമുണ്ട് – അവര്‍ [അദ്ദേഹത്തിന്റെ ജനത] സന്‍മാര്‍ഗ്ഗം പ്രാപിക്കുവാന്‍ വേണ്ടി.
- وَلَقَدْ آتَيْنَا നാം നല്‍കുകയുണ്ടായിട്ടുണ്ട്, തീര്‍ച്ചയായും നല്‍കി مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം, ഗ്രന്ഥം لَعَلَّهُمْ അവര്‍ ആകുവാന്‍വേണ്ടി, ആയേക്കാം يَهْتَدُونَ സന്‍മാര്‍ഗ്ഗം പ്രാപിക്കും
പ്രവാചകന്‍മാര്‍ മനുഷ്യരായിരുന്ന കാരണം പറഞ്ഞു നിഷേധിക്കുന്ന നയം, ഫിര്‍ഔന്റെ കൂട്ടരിലും നാം കാണുന്നു. അവിശ്വാസികളായ സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം, ഇതുപോലെ പല സാമ്യങ്ങളും കാണാവുന്നതാണ്. അതുകൊണ്ടാണ് അവരെ സംബന്ധിച്ച് അല്ലാഹു ഒരിടത്ത് ഇങ്ങിനെ പറഞ്ഞത്: ‘അവര്‍ ഇതിനെപ്പറ്റി പരസ്പരം ഒസ്യത്ത് ചെയ്തിരിക്കുകയാണോ? – അല്ല – എങ്കിലും, അവര്‍ ധിക്കാരികളായ ഒരു ജനതയാണ്.’
أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ : الذاريات:٥٣
(ഫിര്‍ഔനും കൂട്ടരും സമുദ്രത്തില്‍മുക്കി നശിപ്പിക്കപ്പെട്ട ശേഷമാണ് മൂസാ (عليه السلام) നബിക്കു തൗറാത്തു നല്‍കപ്പെട്ടത്. അതിനുമുമ്പ് അങ്ങിനെയുള്ള ഒരു ന്യായപ്രമാണഗ്രന്ഥം അവതരിച്ചിട്ടുള്ളതായി അറിയില്ല. മുന്‍സമുദായങ്ങളില്‍ കഴിഞ്ഞതുപോലെ, തൗറാത്തിനുശേഷം, ഒരു സമുദായം ഒന്നാകെ നശിപ്പിക്കപ്പെട്ടതായും അറിയില്ല. മൂസാനബിയുടെ കാലം മുതല്‍ക്ക് അവിശ്വാസികള്‍ക്കെതിരായി ധര്‍മ്മസമരം (ജിഹാദ്) നടന്നുവന്നതായി കാണപ്പെടുന്നുമുണ്ട്. അല്ലാഹു പറയുന്നു:-
وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ : القصص :٤٣
(പൂര്‍വ്വതലമുറകളെ നാം നശിപ്പിച്ചതിനുശേഷം, ജനങ്ങള്‍ക്ക് അന്തര്‍ബോധങ്ങളായും, മാര്‍ഗ്ഗദര്‍ശനമായും കാരുണ്യമായുംകൊണ്ട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായിട്ടുണ്ട് – അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി.).
ഫിര്‍ഔനും കൂട്ടുകാരും, മൂസാ (عليه السلام) നബിയെയും, ഹാറൂന്‍ (عليه السلام) നബിയെയും വെറും സാധാരണക്കാരാണെന്നു പറഞ്ഞു തരംതാഴ്ത്തിയെന്നു മാത്രമല്ല, അതിനും പുറമെ അവരുടെ ജനങ്ങള്‍ തങ്ങളുടെ ആരാധകന്‍മാരുമാണ് وَقَوْمُهُمَا لَنَا عَابِدُونَ എന്നുകൂടി പറയുന്നു. ഫിര്‍ഔന്റെ ആള്‍ക്കാര്‍ ‘ഖിബ്ത്ത്വീ’ (കൊപ്തീ) വര്‍ഗ്ഗവും, മൂസാ നബിയുടെ ആള്‍ക്കാര്‍ ഇസ്രാഈല്‍ വര്‍ഗ്ഗവുമാണ്. ഖിബ്ത്ത്വീവര്‍ഗ്ഗം ഇസ്രാഈല്യരെ അടിച്ചമര്‍ത്തി അടിമകളാക്കിവെച്ചതിനെ ഉദ്ദേശിച്ചുകൊണ്ടാണിതു പറയുന്നത്. മാത്രമല്ല, ഫിര്‍ഔനാണെങ്കില്‍, താന്‍ ഇലാഹാണെന്നും, റബ്ബാണെന്നും (ആരാധ്യനും, രക്ഷിതാവുമാണെന്ന്) വാദിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ 47-ാം വചനത്തിന്റെ സാരം ഇപ്രകാരമാണ്: ‘നമ്മെപ്പോലെയുള്ള രണ്ടു മനുഷ്യന്‍മാരാണ് മൂസായും, ഹാറൂനും. വാസ്തവത്തില്‍ നമ്മളെപ്പോലെ എന്നും പറഞ്ഞുകൂടാ – നമ്മുടെ ചൊല്പടിയില്‍ മാത്രം കഴിഞ്ഞുകൂടുന്ന നമ്മുടെ ആരാധകന്‍മാരായ ഒരു കീഴ്വര്‍ഗ്ഗത്തില്‍പെട്ടവരാണ്. എന്നിരിക്കെ, ഇവര്‍ രണ്ടാളും ഇറക്കുമതി ചെയ്യുന്ന ഈ പുതിയ സിദ്ധാന്തത്തില്‍ നാം എങ്ങിനെ അവരെ വിശ്വസിക്കും!? ഇതാണവരുടെ വാദം.
عَابِدُونَ (ആബിദൂന്‍) എന്ന വാക്കിനാണ് ‘ആരാധകന്‍മാര്‍’ എന്ന് അര്‍ത്ഥം കൊടുത്തത്. ഏകവചനം عَابِد (ആബിദ്) എന്നാകുന്നു. عِبَادَة (ഇബാദത്ത്) ചെയ്യുന്ന ആള്‍ എന്ന അര്‍ത്ഥത്തിലുള്ള കര്‍ത്തൃനാമം (إسم الفاعل) ആണത്. ഇബാദത്തിന് സാധാരണമായ അര്‍ത്ഥം എന്താണെന്നു കഴിഞ്ഞ സൂറത്ത് 77-ാം വചനത്തിന്റെ വിവരണത്തില്‍ നാം കണ്ടുവല്ലോ. ഇവിടെ മേല്‍സൂചിപ്പിച്ച അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ വിവരം സൂറത്തുല്‍ ഫാത്തിഹ 5-ാം ആയത്തിന്റെ വിവരണത്തില്‍ കാണാം.
- وَجَعَلْنَا ٱبْنَ مَرْيَمَ وَأُمَّهُۥٓ ءَايَةً وَءَاوَيْنَٰهُمَآ إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ ﴾٥٠﴿
- ‘ഇബ്നു മര്‍യമി’നെയും തന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു;
നിവാസയോഗ്യവും, ഒഴുക്കുജലമുള്ളതുമായ ഒരു മേടു പ്രദേശത്തേക്ക് (എത്തിച്ച്) രണ്ടുപേര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു. - وَجَعَلْنَا നാം ആക്കി ابْنَ مَرْيَمَ ഇബ്നുമര്‍യമിനെ (മര്‍യമിന്റെ മകനെ) وَأُمَّهُ തന്റെ ഉമ്മയെയും آيَةً ഒരു ദൃഷ്ടാന്തം وَآوَيْنَاهُمَا രണ്ടാള്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു إِلَىٰ رَبْوَةٍ ഒരു മേടു പ്രദേശത്തേക്ക് ذَاتِ قَرَارٍ നിവാസയോഗ്യമായ, താമസിക്കാന്‍ പറ്റിയ وَمَعِينٍ ഒഴുക്കുജലമുള്ളതുമായ
പിതാവില്ലാതെ മര്‍യമില്‍ നിന്നുമാത്രം ഈസാ (عليه السلام) ജനിച്ചതിനെ ഉദ്ദേശിച്ചാണ് രണ്ടുപേരെയും കൂടി ‘ഒരു ദൃഷ്ടാന്തം’ (آيَة) ആക്കി എന്നു പറഞ്ഞത്. പലപ്പോഴും പിതാവിന്റെ പേരോടുച്ചേര്‍ത്തും, ചിലപ്പോള്‍ മാതാവിന്റെ പേരോട് ചേര്‍ത്തും, ഇന്നാളുടെ മകന്‍ എന്ന് ആളുകളെ നാമകരണം ചെയ്യുന്നത് അറബിഭാഷയില്‍ പതിവാണ്. ഇതിന്നു كنية (ഓമനപ്പേര്‍ – മറുപേര്‍ – വീട്ടുപേര്‍) എന്നു പറയപ്പെടും. ‘ഇബ്നുഅബ്ബാസ്, ഇബ്നു ഉമര്‍’ മുതലായ പേരുകള്‍ ഇക്കൂട്ടത്തില്‍ പെട്ടതാണ്. ഈസാ (عليه السلام) നബിക്കു പിതാവില്ലാത്തതുകൊണ്ട് ‘ഇബ്നു മര്‍യം’ (മര്‍യമിന്റെ മകന്‍) എന്ന് ഓമനപ്പേര്‍ വന്നു. ഇതുകൊണ്ടുതന്നെയാണ് ഖുര്‍ആനില്‍ അദ്ദേഹത്തെപ്പറ്റി ‘ഈസബ്നുമര്‍യം’ (മര്‍യമിന്റെ മകന്‍ ഈസാ) എന്നു പറയുന്നതും.
മര്‍യമിനും പുത്രനും അഭയം നല്‍കിയ മേടുപ്രദേശം ഏതാണെന്നുള്ളതില്‍ മുന്‍ഗാമികള്‍ക്കിടയില്‍ പല അഭിപ്രായങ്ങള്‍ കാണാം. ദിമശ്ഖി (ഡമസ്ക്സി)ലാണെന്നും, ബൈത്തുല്‍ മുഖദ്ദസിലാണെന്നും, ഈജിപ്തിലാണെന്നും, ഫലസ്തീനിലെ റംലഃയിലാണെന്നും പക്ഷങ്ങളുണ്ട്. ഇബ്നുസൈദ് (رحمه الله), ഇബ്നു മുസയ്യബ് (رحمه الله) (*) എന്നിവര്‍ പറഞ്ഞ പ്രകാരം, ഈജിപ്തിലായിരുന്നുവെന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായിരിക്കുവാന്‍ ന്യായം കാണുന്നത്. ഇഞ്ചീലില്‍ ഇങ്ങനെ കാണാം: ‘അവന്‍ (യോസേഫ്) എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില്‍തന്നെ കൂട്ടികൊണ്ട് പുറപ്പെട്ട് മിസ്രയീമിലേക്ക് (ഈജിപ്തിലേക്ക്) പോയി. ഹെരോദാവിന്റെ മരണത്തോളം അവിടെ പാര്‍ത്തു. (മത്തായി 2-ല്‍ 14, 15). മെസീഹാ (ഈസാ) യുടെ ജനനത്തെക്കുറിച്ചു ജോത്സ്യന്‍മാരില്‍ നിന്ന് യഹൂദന്‍മാരുടെ രാജാവ് പിറക്കാറായിട്ടുണ്ടെന്ന് അറിവുകിട്ടിയതനുസരിച്ച് ഹിരോദസ് രാജാവ് അദ്ദേഹത്തെ തേടിപ്പിടിച്ചു കൊല്ലുവാന്‍ ശ്രമിച്ചതാണ് ഇതിനു കാരണമെന്നും, രണ്ടുവയസ്സിനു താഴെയുള്ള വളരെ കുട്ടികള്‍ ഇക്കാരണത്താല്‍ ബെത്ത്-ലെഹേമില്‍ (**) بيت لحم കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതില്‍ പ്രസ്താവിച്ചു കാണാം.
(*) عبد الرحمان بن زيدبن أسلم وسعيد بن المسعيب رحمهما الله
(**) പടം 3 നോക്കുക.
പല നബിമാരുടെയും, സമുദായങ്ങളുടെയും കഥകള്‍ ചൂണ്ടിക്കാണിച്ചശേഷം – ഖുര്‍ആനില്‍ പല സ്ഥലത്തും പതിവുള്ളതുപോലെ – ഏകമതം, ഏകസമുദായം എന്ന അടിസ്ഥാന തത്വത്തെ ഓര്‍മ്മപ്പെടുത്തുന്നു. മുന്‍കഴിഞ്ഞ നബിമാര്‍ക്കെല്ലാം അവതരിപ്പിക്കപ്പെട്ട അദ്ധ്യാപനങ്ങളുടെ രത്നച്ചുരുക്കം അല്ലാഹു ഇങ്ങനെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു:-
വിഭാഗം – 4
- يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ ﴾٥١﴿
- ‘ഹേ, ദൂതന്‍മാരേ [റസൂലുകളേ]! നിങ്ങള്‍ വിശിഷ്ടവസ്തുക്കളില്‍ നിന്നു് തിന്നുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍! നിശ്ചയമായും നിങ്ങള്‍ എന്തു പ്രവര്‍ത്തിക്കുന്നുവോ അതിനെപ്പറ്റി ഞാന്‍ അറിയുന്നവനാകുന്നു.
- يَا أَيُّهَا الرُّسُلُ ഹേ റസൂലുകളേ كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِنَ الطَّيِّبَاتِ വിശിഷ്ട (നല്ല) വസ്തുക്കളില്‍നിന്നു് وَاعْمَلُوا പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍ صَالِحًا സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി إِنِّي നിശ്ചയമായും ഞാന്‍ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്താണെന്ന് عَلِيمٌ അറിയുന്നവനാണ്
- وَإِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱتَّقُونِ ﴾٥٢﴿
- നിശ്ചയമായും, ഇതാണ് നിങ്ങളുടെ സമുദായം – ഏകസമുദായം! ഞാന്‍ നിങ്ങളുടെ റബ്ബുമാകുന്നു; ആകയാല്‍, നിങ്ങള്‍ എന്നോട് ഭക്തികാണിക്കുവിന്‍!’ (ഇതായിരുന്നു എല്ലാവരോടും കല്‍പിക്കപ്പെട്ടിരുന്നത്).
- وَإِنَّ هَـٰذِهِ നിശ്ചയമായും ഇത്, ഇതാണ് أُمَّتُكُمْ നിങ്ങളുടെ സമുദായം أُمَّةً وَاحِدَةً ഏക സമുദായം وَأَنَا ഞാന്‍, ഞാനാകട്ടെ رَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاتَّقُونِ അതിനാല്‍ എന്നോട് ഭക്തികാണിക്കുവിന്‍, എന്നെ സൂക്ഷിക്കുവിന്‍
- فَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ زُبُرًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ ﴾٥٣﴿
- എന്നാല്‍, അവര്‍ (ജനങ്ങള്‍) തങ്ങളുടെ കാര്യത്തെ തങ്ങള്‍ക്കിടയില്‍ കണ്ടംതുണ്ടമായി മുറിച്ചെടുത്തുകളഞ്ഞു. ഓരോ കക്ഷിയും തങ്ങളുടെ അടുക്കലുള്ളതുകൊണ്ട് സംതൃപ്തരാണ്.
- فَتَقَطَّعُوا എന്നാല്‍ അവര്‍ മുറിച്ചെടുത്തു أَمْرَهُم അവരുടെ കാര്യം بَيْنَهُمْ തങ്ങള്‍ക്കിടയില്‍ زُبُرًا കഷ്ണങ്ങളായി, തുണ്ടം തുണ്ടമായി كُلُّ حِزْبٍ എല്ലാ കക്ഷിയും بِمَا لَدَيْهِمْ തങ്ങളുടെ പക്കല്‍ ഉള്ളതുകൊണ്ട്, ഉള്ളതില്‍ فَرِحُونَ സംതൃപ്തരാണ്, സന്തുഷ്ടരാണ്
ഒരേ റബ്ബില്‍ വിശ്വസിച്ച്, അവനെമാത്രം ആരാധിച്ച്, അവന്റെ ഏകമതം സ്വീകരിച്ച്, ഏകസമുദായമായി കഴിയേണ്ട മനുഷ്യര്‍ വിഭിന്ന കക്ഷികളായിത്തീര്‍ന്നു. മാത്രമല്ല, ഓരോ കക്ഷിയും, തന്റേതാണ് ശരിയെന്നുകരുതി തൃപ്തിയടയുകയും ചെയ്തു. സൂ: അമ്പിയാഇല്‍ ഏതാണ്ട് ഇതുപോലെ, 92 – 93ലും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. അതിന്റെ വിവരണത്തില്‍ വായിച്ച സംഗതികള്‍ ഇവിടെയും ഓര്‍മ്മിക്കുക.
الطَّيِّبَات എന്ന വാക്കിനാണ് ‘വിശിഷ്ടവസ്തുക്കള്‍’ എന്നു് അര്‍ത്ഥം കൊടുത്തത്. ‘നല്ലതു്, ഹൃദ്യമായത്, പരിശുദ്ധമായത്, വിശിഷ്ടമായത്’ എന്നൊക്കെ അതിനു അര്‍ത്ഥം വരാം. വിരോധിക്കപ്പെട്ടിട്ടില്ലാത്തതും, മ്ലേച്ഛമല്ലാത്തതും, ഹൃദ്യമായതുമായ വസ്തുക്കള്‍ ഭക്ഷിച്ചുകൊള്ളുവാന്‍ എല്ലാ റസൂലുകളോടും അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, അതോടൊപ്പം സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും വേണമെന്നു് കല്‍പിച്ചിട്ടുണ്ടെന്നുമാണ് ആയത്തിന്റെ താല്‍പര്യം. മതത്തില്‍ അനുവദിക്കപ്പെടാത്ത (ഹലാലല്ലാത്ത) ഭക്ഷണസാധനങ്ങള്‍ – അത് എത്ര നല്ലതായിരുന്നാലും ശരി – ഉപയോഗിക്കാതിരിക്കുന്നത്, അല്ലാഹുവിന്റെ അടുക്കല്‍ സല്‍ക്കര്‍മ്മങ്ങള്‍ സ്വീകാര്യമാകുന്നതിനുള്ള ഒരു ഉപാധിയാണെന്നുകൂടി ആയത്തിന്റെ ഘടനയില്‍നിന്നു് ഗ്രഹിക്കാവുന്നതാണ്. താഴെകാണുന്ന ഹദീസുകളില്‍ നിന്നു് അത് വ്യക്തമായിത്തന്നെ മനസ്സിലാക്കുകയും ചെയ്യാം:-
(1) عن جابر بن عبد الله رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ وكلُّ لحمٍ نَبَتَ مِنْ سُحْتٍ إِلَّا كَانَتْ النَّارُ أَوْلَى بِهِ – أحمد والدارمي والبيهقي
സാരം: 1. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ജാബിര്‍ (رضي الله عنه) ഉദ്ധരിക്കുന്നു: ഹറാമായ (വിരോധിക്കപ്പെട്ട) ഭക്ഷണത്തില്‍നിന്നു് വളര്‍ന്നുണ്ടായ മാംസം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. ഹറാമില്‍നിന്നു വളര്‍ന്നുണ്ടായ എല്ലാ മാംസത്തിനും കൂടുതല്‍ അര്‍ഹതയുള്ളത് നരകത്തിനാകുന്നു. (അ; ബൈ; ദാരിമീ).
(2) عَنْ أَبِي هُرَيْرَةَ رَضِيَ اللهُ تَعَالَى عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَيُّهَا النَّاسُ ؛ إِنَّ اللَّهَ تَعَالى طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا، وَإِنَّ اللَّهَ تَعَالى أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ : يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ، وَقَالَ: يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ – ثُمَّ ذَكَرَ: الرَّجُلَ يُطِيلُ السَّفَرَ، أَشْعَثَ أَغْبَرَ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، يَمُدُّ يَدَيْهِ إِلَى السَّمَاءِ، يَا رَبِّ، يَا رَبِّ، فَأَنَّى يُسْتَجَابُ لَهُ –
[مسلم، الترمذي، وغيرهما]
2. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുകയുണ്ടായെന്ന്‍ അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: ഹേ, മനുഷ്യരേ! അല്ലാഹു വിശിഷ്ടനാകുന്നു. വിശിഷ്ടമായതിനെയല്ലാതെ അവന്‍ സ്വീകരിക്കുകയുമില്ല. നിശ്ചയമായും അവന്‍ മുര്‍സലുകളോട് കല്പിച്ചതുപ്രകാരം തന്നെ സത്യവിശ്വാസികളോടും കല്പിച്ചിട്ടുണ്ട്. മുര്‍സലുകളോട് അവന്‍ ഇങ്ങിനെ പറയുന്നു: ‘ഹേ, ദൂതന്‍മാരേ! നിങ്ങള്‍ വിശിഷ്ടവസ്തുക്കളില്‍ നിന്ന് തിന്നുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കയും ചെയ്യുവിന്‍. നിശ്ചയമായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു എന്താണെന്നു അറിയുന്നവനാകുന്നു. സത്യവിശ്വാസികളോട് അവന്‍ പറയുന്നു: ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുവിന്‍…. പിന്നീട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണ്: മനുഷ്യന്‍, ജടമുടിയും പൊടിയാടിയും കൊണ്ട് (മുഷിഞ്ഞു മിനക്കെട്ടു) ദീര്‍ഘയാത്ര ചെയ്യുന്നു; അവന്റെ ഭക്ഷണമാകട്ടെ, ഹറാമായിരിക്കും; പാനീയവും ഹറാമായിരിക്കും: വസ്ത്രങ്ങളും ഹറാമായിരിക്കും; അവന്‍ ഹറാമുകൊണ്ട് വളര്‍ത്തപ്പെടുകയും ചെയ്തിരിക്കും. അവന്‍ ആകാശത്തേക്ക് കൈകള്‍ നീട്ടി (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കും: ‘എന്റെ റബ്ബേ! എന്റെ റബ്ബേ!’ എന്ന്. എന്നാല്‍, അതിന് അവന് എവിടെനിന്നു ഉത്തരം കിട്ടുവാനാണ്?! (മു; തി;)
ഈ ഹദീസില്‍ ഉദ്ധരിച്ച പ്രവാചകന്‍മാരോടുള്ള കല്‍പന നമ്മുടെ 51-ാം വചനം തന്നെ. സത്യവിശ്വാസികളോടുള്ള കല്‍പന സൂ: അല്‍ബഖറഃ 172-ാം വചനമാകുന്നു. അതിന്റെ ബാക്കിഭാഗം وَاشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ (നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍, അവനോട് നന്ദികാണിക്കുകയും ചെയ്യുവിന്‍!) എന്നാകുന്നു. എത്ര ഗൗരവമേറിയ കല്‍പനയാണിതെന്നു ആലോചിച്ചുനോക്കുക!
മുസ്ലിം സഹോദരന്‍മാരേ, ചിന്തിക്കുക! നമ്മുടെ ഇന്നത്തെ നിലയൊന്നു പരിശോധിച്ചു നോക്കുക! നമ്മുടെ ഭക്ഷണപാനീയങ്ങളിലാകട്ടെ, ഇതര വസ്തുക്കളിലാകട്ടെ, ഹറാമിന്റെ കലര്‍പ്പും, പാപത്തിന്റെ കറയും കലരാത്തവരായി നമ്മില്‍ എത്ര പേരുണ്ടായിരിക്കും? മിക്കവാറും ആളുകള്‍ക്ക് ഇക്കാര്യത്തില്‍ ഇന്ന് വല്ല നിഷ്കര്‍ഷയുമുണ്ടോ? അഹോ, സങ്കടം! അതു മാത്രമോ? നാം ഉപയോഗിക്കുന്ന വസ്തുക്കള്‍ ഹറാമോ ഹലാലോ എന്ന് ചിന്തിക്കുകയെന്നത് ഇന്നൊരു പ്രശ്നംപോലുമല്ലാതായിരിക്കുകയാണ്! നമ്മുടെ സാമുദായിക വശമെടുത്ത് നോക്കിയാലോ? ‘അവര്‍ തങ്ങളുടെ കാര്യത്തെ തങ്ങള്‍ക്കിടയില്‍ കണ്ടം തുണ്ടമാക്കി’ (فَتَقَطَّعُوا أَمْرَهُم بَيْنَهُمْ) എന്ന് 53-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ച അതേ നിലപാടുതന്നെ! ഇതരസമുദായങ്ങളുടെ കഥ എന്തെങ്കിലുമായികൊള്ളട്ടെ, നാം ഇന്ന് എത്ര കക്ഷികളായിപ്പിരിഞ്ഞു? എത്രയായിപ്പിരിയുന്നു? ഓരോ കക്ഷിയും മറ്റേ കക്ഷിയുമായി എത്രമാത്രം ഭിന്നിപ്പിലും വൈരത്തിലുമാണുള്ളത്? അല്ലാഹുവിന്റെ വേദഗ്രന്ഥവും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ചര്യയും നമ്മുടെ മുമ്പിലുണ്ട് – നമ്മുടെ കൈവശം തന്നെയുണ്ട്. എന്നിട്ടും അവയെ അവലംബിക്കാതെ, ഓരോ കക്ഷിയും തന്റെ കക്ഷിയുടേതു മാത്രമാണ് ശരിയെന്ന് യാതൊരു വിട്ടുവീഴ്ചയും കൂടാതെ ശഠിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്! മുസ്ലിം സമുദായമേ! നമുക്കുള്ളത് ഒരേ റബ്ബ്, ഒരേ നബി, ഒരേ വേദഗ്രന്ഥം, ഒരേ മതം, ഒരേ ഉന്നം ഇവയാണല്ലോ! സമുദായമേ, നിനക്ക് ബുദ്ധിയില്ലേ! ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ നീ കാണുന്നില്ലേ, വായിക്കുന്നില്ലേ, അവയെപ്പറ്റി ചിന്തിക്കുന്നില്ലേ? അല്ലാഹുവേ! മുസ്ലിം സമുദയാത്തിന് സല്‍ബുദ്ധി തോന്നിച്ചാലും! آمين
സത്യവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചുപോയ ഭിന്നകക്ഷികളെയെല്ലാം, യാതൊരു നടപടിയും എടുക്കാതെ അല്ലാഹു വെറുതെ വിട്ടുകളയുമെന്ന് ആരും ധരിക്കരുതെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു:-
- فَذَرْهُمْ فِى غَمْرَتِهِمْ حَتَّىٰ حِينٍ ﴾٥٤﴿
- (നബിയേ!) കുറച്ചു കാലംവരെ അവരെ അവരുടെ വിഡ്ഢിത്തത്തിലായി വിട്ടേക്കുക!
- فَذَرْهُمْ എന്നാല്‍ അവരെ വിട്ടേക്കുക فِي غَمْرَتِهِمْ അവരുടെ വിഡ്ഢിത്തത്തില്‍, മൂഢതയില്‍, അശ്രദ്ധയില്‍, അന്ധതയില്‍ حَتَّىٰ حِينٍ കുറച്ചുകാലം വരെ
- أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ وَبَنِينَ ﴾٥٥﴿
- അവര്‍ വിചാരിക്കുന്നുണ്ടോ – ധനവും, മക്കളുമായി നാം അവര്‍ക്ക് സഹായം നല്‍കുന്നത്, –
- أَيَحْسَبُونَ അവര്‍ വിചാരിക്കുന്നുണ്ടോ أَنَّمَا നിശ്ചയമായും യാതൊന്ന്‍ ആണെന്നു نُمِدُّهُم بِهِ നാം അവര്‍ക്കു അതു മൂലം സഹായം നല്‍കുന്നു (അങ്ങിനെയുള്ള) مِن مَّالٍ ധനമായിട്ടും وَبَنِينَ മക്കളായിട്ടും
- نُسَارِعُ لَهُمْ فِى ٱلْخَيْرَٰتِ ۚ بَل لَّا يَشْعُرُونَ ﴾٥٦﴿
- നന്മകളുടെ കൂട്ടത്തില്‍ അവര്‍ക്ക് നാം ബദ്ധപ്പെട്ട് നല്‍കുകയാണെന്ന്?! പക്ഷേ, അതൊരു പരീക്ഷണം മാത്രമാണെന്ന (പരമാര്‍ത്ഥം) അവര്‍ ഗ്രഹിക്കുന്നില്ല.
- نُسَارِعُ നാം ബദ്ധപ്പെട്ട് കൊടുക്കുകയാണ് (എന്ന്) لَهُمْ അവര്‍ക്ക് فِي الْخَيْرَاتِ നന്മകളില്‍, നല്ല കാര്യങ്ങളില്‍ بَل പക്ഷേ, എന്നാല്‍ لَّا يَشْعُرُونَ അവര്‍ ഗ്രഹിക്കുന്നില്ല, അറിയുന്നില്ല
സാരം: നാം അവര്‍ക്ക് പല നന്മകളും ചെയ്‌വാന്‍ തയ്യാറാണ്, തങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞിട്ടുള്ള സ്വത്തുക്കള്‍ മക്കള്‍ മുതലായവയെല്ലാം അതിലേക്ക് മുന്‍കൂറായി നേരത്തെവന്നു കിട്ടിയതാണ്, എനിയും വര്‍ദ്ധിച്ച നന്മകള്‍ കിട്ടിക്കൊണ്ടിരിക്കും എന്നൊക്കെയുള്ള ഒരു ഭാവമാണ് അവരില്‍ പ്രകടമാകുന്നത്. വാസ്തവം അവര്‍ മനസ്സിലാക്കുന്നില്ല. അതെല്ലാം വെറും പരീക്ഷണങ്ങളാണ്. അവര്‍ക്കു നേരിടുവാനുള്ള യഥാര്‍ത്ഥ അനുഭവങ്ങള്‍ വരുന്ന കാലം ഇതാ – അടുത്തായിരിക്കുന്നു. അതുവരെ അവരുടെ അജ്ഞതാന്ധകാരത്തിലും, അശ്രദ്ധയിലും അവര്‍ മുഴുകി നടന്നുകൊള്ളട്ടെ!
ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇപ്രകാരം രിവായത്ത് ചെയ്യപ്പെടുന്നു: ‘അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ വിഹിതിച്ചുതന്നിട്ടുള്ളതുപോലെ, നിങ്ങള്‍ക്കിടയില്‍ സ്വഭാവങ്ങളും അവന്‍ വിഹിതിച്ചു തന്നിരിക്കുന്നു. അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും, അല്ലാത്തവര്‍ക്കും അവന്‍ ‘ദുന്‍യാവ്’ (ഐഹികസുഖം) കൊടുക്കുന്നു. എന്നാല്‍, അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്കല്ലാതെ ‘ദീന്‍’ (മതനിഷ്ഠ) കൊടുക്കുന്നതല്ല. അല്ലാഹു ആര്‍ക്ക് ‘ദീന്‍’ കൊടുത്തുവോ, അവനെ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു.’
- إِنَّ ٱلَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ ﴾٥٧﴿
- നിശ്ചയമായും, തങ്ങളുടെ റബ്ബിനെ പേടിച്ചതു നിമിത്തം ഭയപ്പാടുള്ളവരായ ആളുകളും;
- إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ هُم അവര്‍ مِّنْ خَشْيَةِ പേടിച്ചതു നിമിത്തം رَبِّهِم തങ്ങളുടെ റബ്ബിനെ مُّشْفِقُونَ ഭയപ്പാടുള്ളവരാണ് (അങ്ങിനെയുള്ളവര്‍)
- وَٱلَّذِينَ هُم بِـَٔايَٰتِ رَبِّهِمْ يُؤْمِنُونَ ﴾٥٨﴿
- തങ്ങളുടെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുന്നവരായ ആളുകളും;
- وَالَّذِينَ ഒരു കൂട്ടരും هُم അവര്‍ بِآيَاتِ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ يُؤْمِنُونَ വിശ്വസിക്കുന്നു
- وَٱلَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ ﴾٥٩﴿
- തങ്ങളുടെ റബ്ബിനോട് (യാതൊന്നും) പങ്കുചേര്‍ക്കാത്ത ആളുകളും;
- وَالَّذِينَ യാതൊരു കൂട്ടരും هُم അവര്‍ بِرَبِّهِمْ തങ്ങളുടെ റബ്ബിനോട് لَا يُشْرِكُونَ പങ്കുചേര്‍ക്കുകയില്ല
- وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ ﴾٦٠﴿
- തങ്ങള്‍ (വല്ലവര്‍ക്കും) കൊടുക്കുന്നതിനെ – അവര്‍ തങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണ് എന്നതിനാല്‍ – ഹൃദയങ്ങള്‍ നടുങ്ങുന്നവരായിക്കൊണ്ട് കൊടുക്കുന്നവരും;-
- وَالَّذِينَ യാതൊരു കൂട്ടരും يُؤْتُونَ അവര്‍ കൊടുക്കും مَا آتَوا തങ്ങള്‍ കൊടുക്കുന്നത് وَّقُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ ആയിക്കൊണ്ട് وَجِلَةٌ നടുങ്ങിയവ, പേടിച്ചവ أَنَّهُمْ അവര്‍ ആണെന്നതിനാല്‍ إِلَىٰ رَبِّهِمْ അവരുടെ റബ്ബിങ്കലേക്കു رَاجِعُونَ മടങ്ങിച്ചെല്ലുന്നവര്‍ (എന്നതിനാല്‍)
- أُو۟لَٰٓئِكَ يُسَٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَٰبِقُونَ ﴾٦١﴿
- അങ്ങിനെയുള്ളവര്‍, നല്ലകാര്യങ്ങളില്‍ ധൃതികൂട്ടുകയാണ് ചെയ്യുന്നത്; അവര്‍ അതിലേക്ക് മുന്‍കടക്കുന്നവരുമാകുന്നു.
- أُولَـٰئِكَ അക്കൂട്ടര്‍, അങ്ങിനെയുള്ളവര്‍ يُسَارِعُونَ ധൃതിപ്പെടുന്നു, ബദ്ധപ്പെടുന്നു فِي الْخَيْرَاتِ നല്ലകാര്യങ്ങളില്‍ وَهُمْ അവര്‍ لَهَا അതിനു, അതിലേക്കു سَابِقُونَ മുന്‍കടക്കുന്നവരാണു, മുന്നോട്ടു വരുന്നവരാണു (താനും)
ആര്‍ക്കെങ്കിലും, വല്ലതും കൊടുക്കുമ്പോള്‍, തങ്ങളുടെ പക്കല്‍ വല്ലതരത്തിലുള്ള വീഴ്ചയോ കുറവോ വന്നു പോയിട്ടുണ്ടോ, അല്ലാഹുവിങ്കല്‍ അതു സ്വീകരിക്കപ്പെടാതിരിക്കുവാന്‍ കാരണമാക്കുന്ന വല്ല ന്യൂനതയും വന്നുപോയിട്ടുണ്ടോ എന്നിങ്ങിനെയുള്ള നടുക്കവും പേടിയുമാണ് ‘ഹൃദയങ്ങള്‍ നടുങ്ങിയവരായിക്കൊണ്ട് കൊടുക്കുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. മേല്‍കണ്ട ഗുണങ്ങളോടു കൂടിയവര്‍, സല്‍ക്കാര്യങ്ങളില്‍ വളരെ ഉല്‍സാഹപൂര്‍വ്വം പരിശ്രമിക്കുകയും, കിട്ടിയ അവസരമെല്ലാം അതിനായി ഉപയോഗപ്പെടുത്തുവാന്‍ ധൃതിപ്പെടുകയും ചെയ്യുന്നവരായിരിക്കും. ഇതാണ് ഒടുവിലത്തെ വചനം കാട്ടിത്തരുന്നത്.
