വിഭാഗം – 2
- وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ ﴾٢٣﴿
- നൂഹിനെ, നാം അദ്ദേഹത്തിന്റെ ജനതയുടെ അടുക്കലേക്കു് അയക്കുകയുണ്ടായി; എന്നിട്ട്, അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ! നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിന്‍; നിങ്ങള്‍ക്കു അവനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] ഇല്ല; അതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ!?’
- وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്കു فَقَالَ എന്നിട്ടു അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും غَيْرُهُ അവനല്ലാതെ أَفَلَا تَتَّقُونَ അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
- فَقَالَ ٱلْمَلَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا هَٰذَآ إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ لَأَنزَلَ مَلَٰٓئِكَةً مَّا سَمِعْنَا بِهَٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ ﴾٢٤﴿
- അപ്പോള്‍, അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു് അവിശ്വസിച്ചവരായ പ്രമുഖസംഘം പറഞ്ഞു: ‘(ജനങ്ങളേ!) ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെന്നല്ലാതെ (മറ്റൊന്നും) അല്ല; തനിക്കു നിങ്ങളുടെമേല്‍ ശ്രേഷ്ഠത ലഭിക്കുവാന്‍ അവന്‍ ഉദ്ദേശിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ മലക്കുകളെ(ത്തന്നെ) ഇറക്കുമായിരുന്നു. നമ്മുടെ പൂര്‍വ്വികന്മാരായ പിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടില്ല.
- فَقَالَ الْمَلَأُ അപ്പോള്‍ പ്രമുഖസംഘം (പ്രധാനികളായവര്‍) പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِن قَوْمِهِ തന്റെ ജനതയില്‍നിന്നു مَا هَـٰذَا ഇവനല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَتَفَضَّلَ അവനു ശ്രേഷ്ഠത ലഭിക്കുവാന്‍, അവന്‍ ശ്രേഷ്ഠനാകുവാന്‍ عَلَيْكُمْ നിങ്ങളുടെമേല്‍ وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَأَنزَلَ അവന്‍ ഇറക്കുക തന്നെ ചെയ്തിരുന്നു مَلَائِكَةً മലക്കുകളെ مَّا سَمِعْنَا നാം കേട്ടിട്ടില്ല بِهَـٰذَا ഇതിനെപ്പറ്റി فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്‍വ്വീകന്മാരായ.
- إِنْ هُوَ إِلَّا رَجُلٌۢ بِهِۦ جِنَّةٌ فَتَرَبَّصُوا۟ بِهِۦ حَتَّىٰ حِينٍ ﴾٢٥﴿
- ‘ഇവന്‍, ഭ്രാന്തുള്ള ഒരു പുരുഷന്‍ എന്നല്ലാതെ (ഒന്നും) അല്ല. ആകയാല്‍, അവനെ സംബന്ധിച്ചു കുറച്ചുകാലംവരെ നിങ്ങള്‍ കാത്തിരിക്കുവിന്‍!’
- إِنْ هُوَ ഇവനല്ല, അവനല്ല إِلَّا رَجُلٌ ഒരു പുരുഷനല്ലാതെ بِهِ جِنَّةٌ അവനില്‍ ഭ്രാന്തുണ്ട് (അങ്ങിനെയുള്ള) فَتَرَبَّصُوا അതുകൊണ്ടു നിങ്ങള്‍ കാത്തിരിക്കുവിന്‍, പ്രതീക്ഷിച്ചുകൊള്ളുവിന്‍ بِهِ അവനെസംബന്ധിച്ചു حَتَّىٰ حِينٍ കുറച്ചു കാലംവരെ.
കുറെ കഴിയുമ്പോള്‍ അവന്‍ ഈ പുതിയ സംരംഭത്തില്‍നിന്ന് മടങ്ങിക്കൊള്ളും, അല്ലെങ്കില്‍ മരണപ്പെട്ടു പോകയോ മറ്റോ ചെയ്യും. അപ്പോള്‍ അവനെക്കൊണ്ടുള്ള ശല്യം നമുക്കു നീങ്ങിക്കിട്ടും, അതുവരെ ക്ഷമിക്കുക എന്നര്‍ത്ഥം. മേല്‍കണ്ട സംഭാഷണങ്ങള്‍ പെട്ടെന്ന് ഒരിക്കല്‍ നടന്ന സംഭവമല്ല. 950 കൊല്ലത്തോളം നൂഹ് നബി (عليه السلام) അദ്ദേഹത്തിന്റെ ജനതയെ സത്യദീനിലേക്ക് – തൗഹീദിലേക്ക് – ക്ഷണിച്ചുകൊണ്ടിരുന്നിട്ട് അവരില്‍നിന്നുണ്ടായ മറുപടിയുടെ രത്നച്ചുരുക്കമാണത്. അങ്ങനെ, അവരില്‍നിന്ന് യാതൊരു നന്മയും പ്രതീക്ഷിക്കുവാനില്ലെന്ന് അദ്ദേഹത്തിനു ബോധ്യമായി. അദ്ദേഹം അല്ലാഹുവിന്റെ രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി:-
- قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ ﴾٢٦﴿
- അദ്ദേഹം പറഞ്ഞു: ‘എന്റെ റബ്ബേ! ഇവര്‍ എന്നെ വ്യാജമാക്കിയിരിക്കുന്നത് കൊണ്ട് നീ എന്നെ സഹായിക്കേണമേ!’
- قَالَ അദ്ദേഹം പറഞ്ഞു رَبِّ انصُرْنِي എന്റെ റബ്ബേ എന്നെ സഹായിക്കേണമേ, രക്ഷിക്കേണമേ بِمَا كَذَّبُونِ അവര്‍ എന്നെ വ്യാജമാക്കി (കളവാക്കി)യതുകൊണ്ടു.
- فَأَوْحَيْنَآ إِلَيْهِ أَنِ ٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ ۙ فَٱسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ مِنْهُمْ ۖ وَلَا تُخَٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۖ إِنَّهُم مُّغْرَقُونَ ﴾٢٧﴿
- അപ്പോള്‍, അദ്ദേഹത്തിന്നു നാം (ഇങ്ങിനെ) വഹ്-യു നല്‍കി: ‘നമ്മുടെ നോട്ടത്തിലും, നമ്മുടെ ബോധനമനുസരിച്ചും നീ കപ്പല്‍ പണിയുക; എന്നിട്ടു, നമ്മുടെ കല്‍പന വരുകയും, അടുപ്പ് (ഉറവുപൊട്ടി) ഒഴുകുകയും ചെയ്‌താല്‍. അപ്പോള്‍, എല്ലാ വസ്തുവില്‍നിന്നും ഈരണ്ട് ഇണകളെയും, നിന്റെ ആള്‍ക്കാരെയും അതില്‍ പ്രവേശിപ്പിച്ചു കൊള്ളുക – അവരില്‍ യാതൊരു കൂട്ടരുടെമേല്‍ മുമ്പ് (ശിക്ഷയുടെ) വാക്കു കഴിഞ്ഞിരിക്കുന്നുവോ അവരൊഴികെ – (അവരെ പ്രവേശിപ്പിക്കരുത്). അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍, നീ എന്നെ അഭിമുഖീകരിക്കരുത്; നിശ്ചയമായും അവര്‍ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു.’
- فَأَوْحَيْنَا അപ്പോള്‍ നാം വഹ്-യു നല്‍കി إِلَيْهِ അദ്ദേഹത്തിന് أَنِ اصْنَعِ പണിയുക (ഉണ്ടാക്കുക) എന്നു الْفُلْكَ കപ്പല്‍ بِأَعْيُنِنَا നമ്മുടെ നോട്ടത്തില്‍, ദൃഷ്ടിയില്‍ وَوَحْيِنَا നമ്മുടെ വഹ്-യനുസരിച്ചും فَإِذَا جَاءَ എന്നിട്ടു വന്നാല്‍ أَمْرُنَا നമ്മുടെ കല്‍പന وَفَارَ ഒഴുകുകയും (പൊട്ടി ഒഴുകുകയും) ചെയ്‌താല്‍ التَّنُّورُ അടുപ്പ് فَاسْلُكْ അപ്പോള്‍ പ്രവേശിപ്പിക്കുക فِيهَا അതില്‍ مِن كُلٍّ എല്ലാ വസ്തുവില്‍ നിന്നും زَوْجَيْنِ اثْنَيْنِ ഈരണ്ടു ഇണകളെ وَأَهْلَكَ നിന്റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും إِلَّا مَن ഒരു കൂട്ടരൊഴികെ سَبَقَ മുമ്പ് കഴിഞ്ഞിരിക്കുന്നു عَلَيْهِ അവരുടെമേല്‍, അവരെ സംബന്ധിച്ചു الْقَوْلُ വാക്ക് مِنْهُمْ അവരില്‍നിന്ന് وَلَا تُخَاطِبْنِي നീ എന്നെ അഭിമുഖീകരിക്കരുത് (എന്നോടു പറയരുതു) فِي الَّذِينَ യാതൊരു കൂട്ടരില്‍ (അവരുടെ കാര്യത്തില്‍) ظَلَمُوا അക്രമം പ്രവര്‍ത്തിച്ചിട്ടുള്ള إِنَّهُم നിശ്ചയമായും അവര്‍ مُّغْرَقُونَ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്, മുക്കപ്പെടുന്നവരാണ്.
- فَإِذَا ٱسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى ٱلْفُلْكِ فَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى نَجَّىٰنَا مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴾٢٨﴿
- അങ്ങനെ, നീയും, നിന്റെ കൂടെയുള്ളവരും കപ്പലില്‍കയറി ശരിപ്പെട്ടാല്‍, നീ പറയുക: ‘അക്രമകാരികളായ ജനങ്ങളില്‍നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് സര്‍വ്വസ്തുതിയും!’
- فَإِذَا اسْتَوَيْتَ അങ്ങനെ നീ ശരിപ്പെട്ടു കഴിഞ്ഞാല്‍ أَنتَ നീ وَمَن مَّعَكَ നിന്റെ കൂടെയുള്ളവരും عَلَى الْفُلْكِ കപ്പലില്‍ (കയറി) فَقُلِ അപ്പോള്‍ നീ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് الَّذِي نَجَّانَا നമ്മെ രക്ഷപ്പെടുത്തിയവനായ مِنَ الْقَوْمِ ജനങ്ങളില്‍ നിന്ന് الظَّالِمِينَ അക്രമികളായ.
- وَقُل رَّبِّ أَنزِلْنِى مُنزَلًا مُّبَارَكًا وَأَنتَ خَيْرُ ٱلْمُنزِلِينَ ﴾٢٩﴿
- ‘എന്റെ റബ്ബേ! അനുഗ്രഹീതമായ ഒരു താവളത്തില്‍, എന്നെ നീ ഇറക്കിത്തരേണമേ, നീ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ!’ എന്നും പറയുക.
- وَقُل പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ أَنزِلْنِي നീ എന്നെ ഇറക്കിത്തരേണമേ مُنزَلًا ഒരു താവളത്ത്, ഇറങ്ങുന്ന ഒരു സ്ഥലത്ത്, ഒരു ഇറക്കിത്തരല്‍ مُّبَارَكًا അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട وَأَنتَ നീയാകട്ടെ, നീ خَيْرُ الْمُنزِلِينَ ഇറക്കിത്തരുന്നവരില്‍ ഉത്തമനുമാണ്.
- إِنَّ فِى ذَٰلِكَ لَءَايَٰتٍ وَإِن كُنَّا لَمُبْتَلِينَ ﴾٣٠﴿
- നിശ്ചയമായും അതില്‍ (ആ സംഭവത്തില്‍) പല ദൃഷ്ടാന്തങ്ങളുമുണ്ട്; നിശ്ചയമായും, നാം പരീക്ഷിക്കുന്നവരാകുന്നു.
- إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ وَإِن كُنَّا നിശ്ചയമായും നാം ആകുന്നു لَمُبْتَلِينَ പരീക്ഷിക്കുന്നവര്‍.
കപ്പല്‍ നിര്‍മ്മിക്കേണ്ടുന്നവിധം എങ്ങിനെയാണെന്ന് അല്ലാഹു നൂഹ് (عليه السلام) നബിക്ക് അറിയിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിനു അത് മുമ്പ് പരിചയമില്ലല്ലോ. കപ്പല്‍ പണിതു കൊണ്ടിരിക്കുമ്പോള്‍, അവിശ്വാസികള്‍ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടിരുന്നതായി സൂറത്ത് ഹൂദില്‍ (38ല്‍) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ നിര്‍ദ്ദേശത്തോടും, പ്രത്യേക കാവലോടുംകൂടി ഉണ്ടാക്കുക എന്നാണ് ‘നമ്മുടെ ബോധനമനുസരിച്ചും നോട്ടമനുസരിച്ചും കപ്പല്‍ പണിയുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. ‘അടുപ്പു ഒഴുകി’ എന്ന അര്‍ത്ഥം കൊടുത്തത് فَارَ التَّنُّورُ എന്ന വാക്യത്തിനാണ്. فَارَ എന്ന ക്രിയക്ക് കവിഞ്ഞൊഴുകി, കിളറി, വമിച്ചു, പൊട്ടിഒഴുകി എന്നൊക്കെ അര്‍ത്ഥം വരാം. تَنُّور എന്നാല്‍ ചൂള, അടുപ്പ്, അപ്പക്കൂട് (അപ്പച്ചൂള) എന്നും അര്‍ത്ഥം. ഈ വാക്യത്തിനു ഒന്നിലധികം സാരം കല്‍പിക്കപ്പെട്ടു കാണാം. ‘അടുപ്പില്‍ കൂടി ഉറവുപൊട്ടി ഒഴുകിയാല്‍’ എന്ന സാരമാണ് അധിക വ്യാഖ്യാതാക്കളും നല്‍കുന്നത്. ‘ഭൂമുഖം ഉറവു പൊട്ടി ഒഴുകിയാല്‍’ എന്നും ചിലര്‍ സാരം കല്‍പിക്കുന്നു. ‘യുദ്ധം മൂര്‍ദ്ധന്യത്തിലെത്തി’ എന്ന ഉദ്ദേശ്യത്തില്‍ حي الوطيس (അടുപ്പ് പതച്ചു) എന്നു പറയാറുണ്ട്. ഇതുപോലെ, ‘കാര്യം ഗൗരവത്തിലെത്തിയാല്‍’ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചതാണ് ആ വാക്യമെന്ന് വേറെ ചില വ്യാഖ്യാതാക്കളും പറയുന്നു. വാസ്തവത്തില്‍ ഈ മൂന്ന് അഭിപ്രായവും താല്‍പര്യത്തില്‍ വ്യത്യസ്തങ്ങളല്ല കാരണം: ജലപ്രളയത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയാല്‍ അപ്പോള്‍ കപ്പലില്‍ കയറിക്കൊള്ളണമെന്നാണ് ഈ മൂന്നു വ്യാഖ്യാനവും കാണിക്കുന്നത്. ഭൂമിയില്‍ ഒന്നായി ഉറവുപൊടിയുകയോ, ആകാശത്തുനിന്നു അതിവര്‍ഷമുണ്ടാകുകയോ ചെയ്യുമ്പോള്‍, ഭൂമുഖവും അടുപ്പം വെള്ളം വമിക്കുകയും, കാര്യം ഗൗരവത്തിലെത്തുകയും ചെയ്യുമെന്ന് വ്യക്തമാണല്ലോ. കപ്പലില്‍ കയറേണ്ടുന്ന സമയത്തിന് ഒരു പ്രത്യേക അടയാളമായി നിശ്ചയിക്കപ്പെട്ടിരുന്നതാണ് അടുപ്പില്‍നിന്നും ഉറവുപൊടിയല്‍ എന്നും ചിലര്‍ പറഞ്ഞുകാണുന്നു. الله أعلم
എല്ലാ ജീവികളില്‍നിന്നും ഈരണ്ട് ഇണകള്‍ ഓരോ ആണും പെണ്ണും – വീതവും, തന്റെ ആള്‍ക്കാരായ സത്യവിശ്വാസികളെയും കപ്പലില്‍ കയറ്റിക്കൊള്ളുവാന്‍ നൂഹ് നബി (عليه السلام) യോട് അല്ലാഹു കല്‍പിച്ചു. അദ്ദേഹത്തില്‍ വിശ്വസിച്ചവര്‍ വളരെ കുറച്ചാളുകള്‍ മാത്രമായിരുന്നുവെന്നും, തന്റെ ഒരു മകനും ഭാര്യയും അവിശ്വാസികളുടെ കൂട്ടത്തിലായിരുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷക്ക് പാത്രങ്ങളാണെന്നു മുമ്പേ നിശ്ചയിക്കപ്പെട്ട അവിശ്വാസികളെപ്പറ്റിയാണ് إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ (മുമ്പ് വാക്ക് കഴിഞ്ഞുപോയവരൊഴികെ) എന്ന് പ്രസ്താവിച്ചത്, ‘അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍ നീ എന്നെ അഭിമുഖീകരിക്കരുത്’ എന്നു പറഞ്ഞതും അവരെപ്പറ്റിത്തന്നെ. അവര്‍ക്കു രക്ഷ നല്‍കുവാന്‍ അപേക്ഷിക്കരുതെന്നു സാരം. കപ്പലില്‍, അദ്ദേഹത്തിന്റെ മക്കളായ, സാം, ഹാം, യാഫേഥ് (سام, حام, يافث) എന്നിവരും, അവരുടെ ഭാര്യമാരും, തന്റെ ഒരു ഭാര്യയും അടക്കം ആകെ 80 പേരാണുണ്ടായിരുന്നതെന്നും, പിന്നീടുള്ള മനുഷ്യരെല്ലാം ഇവരുടെ സന്തതികളായി പിറന്നവരാണെന്നും ഇബ്നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: الله أعلم
ജലപ്രളയം അവസാനിക്കുകയും, അവിശ്വാസികള്‍ നശിക്കുകയും ചെയ്തശേഷം, കപ്പലില്‍നിന്ന് ഇറങ്ങുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുവാനും, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കുവേണ്ടി ദുആ ചെയ്യുവാനും അല്ലാഹു അദ്ദേഹത്തെ ഉപദേശിക്കുന്നതാണ് 28ഉം 29ഉം വചനങ്ങളില്‍ കാണുന്നത്. കപ്പല്‍ ചെന്നണഞത് ജൂദീമല (الجودي)യിലാണെന്നും സൂ: ഹൂദ് 44ല്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. ഇത് പേര്‍ഷ്യന്‍ ഇറാഖിനും, തുര്‍ക്കിക്കും ഇടയില്‍ അറാറാത്ത് പ്രദേശങ്ങളിലാകുന്നു. (*). അവസാനമായി, ഈ ചരിത്രസംഭവത്തില്‍ നിന്ന് പാഠം പഠിക്കുവാന്‍ 30-ാം വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
(*). അറാറാത്ത് പ്രദേശം പടം 6ല്‍ കാണാം. ഇപ്പോള്‍ നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ചില ഗവേഷണങ്ങളാല്‍ നൂഹ് (عليه السلام) നബിയുടെ കപ്പലിന്റേതാണെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ ഈയിടെ ലഭിക്കുകയുണ്ടായിട്ടുണ്ടെന്ന് ഇബ്രാഹീം (عليه السلام) നബിയുടെ ചരിത്രസംക്ഷേപത്തില്‍ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു.
- ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ ﴾٣١﴿
- പിന്നീട്, അവരുടെ ശേഷം, നാം വേറെ ഒരു തലമുറയെ ഉല്‍ഭവിപ്പിച്ചു;-
- ثُمَّ أَنشَأْنَا പിന്നെ നാം ഉല്‍ഭവിപ്പിച്ചു, ഉണ്ടാക്കി مِن بَعْدِهِمْ അവരുടെശേഷം قَرْنًا ഒരു തലമുറയെ, ഒരു കാലക്കാരെ (സമുദായത്തെ) آخَرِينَ വേറെ, വേറെ ആളുകളായ.
- فَأَرْسَلْنَا فِيهِمْ رَسُولًا مِّنْهُمْ أَنِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ ﴾٣٢﴿
- എന്നിട്ട്, അവരില്‍നിന്നുതന്നെ ഒരു റസൂലിനെ അവരില്‍ നാം അയച്ചു: ‘നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിന്‍, നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!’ എന്നു (അദ്ദേഹം പറഞ്ഞു).
- فَأَرْسَلْنَا എന്നിട്ടു നാം അയച്ചു فِيهِمْ അവരില്‍ رَسُولًا مِّنْهُمْ അവരില്‍നിന്നുതന്നെ ഒരു റസൂലിനെ, ദൂതനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും غَيْرُهُ അവനല്ലാതെ, അവനല്ലാത്ത أَفَلَا تَتَّقُونَ എന്നാല്‍ (അതിനാല്‍) നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.
നൂഹ് നബി (عليه السلام)യുടെ കാലത്തുണ്ടായ ജലപ്രളയം ലോകത്തെ മുഴുവന്‍ ബാധിച്ചിരുന്നുവോ? അദ്ദേഹത്തിന്റെ ജനതയല്ലാതെ വേറെ ജനത ഭൂമുഖത്തുണ്ടായിരുന്നുവോ? ഇതിനെപ്പറ്റി ഖണ്ഡിതമായ തീരുമാനമെടുക്കുവാന്‍ ലക്ഷ്യങ്ങളില്ല. നൂഹ് (عليه السلام) നബിയുടെ ജനത അധിവസിച്ചിരുന്നത് പ്രാചീന ഇറാഖിലെ ബാബിലോണ്യ (*) യിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ആകയാല്‍ ജലപ്രളയം അവിടെമാത്രം ബാധിച്ചിരിക്കുവാനാണ് കൂടുതല്‍ ഹിതമുള്ളത്. ഖുര്‍ആന്റെ (37:77; 10:73 എന്നീ) പ്രസ്താവനകളില്‍ നിന്നു് അദ്ദേഹത്തിന്റെ ഒന്നിച്ചു കപ്പലില്‍ രക്ഷപ്പെട്ടവരില്‍നിന്നാണ് പിന്നീട് ജനസമുദായങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നു് അനുമാനിക്കുവാനിടയുണ്ട്. ഇവിടെ 31-ാം വചനത്തിന്റെ സാരവും അതായിക്കൂടെന്നില്ല. അല്ലാഹുവിനറിയാം. ബാബിലോണ്യാ പ്രദേശങ്ങളിലാണ് ആദ്യം ജനവാസമുണ്ടായിട്ടുള്ളതെന്നു ചരിത്രകാരന്‍മാരില്‍ ചിലര്‍ക്ക് അഭിപ്രായമുള്ളതും ഇവിടെ സ്മരണീയമാണ്. ഏതായാലും ഒരു സമുദായമെന്ന നിലക്ക് നൂഹ് (عليه السلام) നബിയുടെ മുമ്പ് ഒരു ജനത ഉണ്ടായിരുന്നതായി ഖുര്‍ആനില്‍ നിന്നു് മനസ്സിലാവുന്നില്ല. പൂര്‍വ്വകാലനബിമാരുടെയും, സമുദായങ്ങളുടെയും ചരിത്രങ്ങള്‍ വിവരിക്കുമ്പോള്‍ അധികസ്ഥലത്തും, നൂഹ് (عليه السلام)ന്റെ ചരിത്രംകൊണ്ട് തുടങ്ങി ഈസാ (عليه السلام) യുടെ ചരിത്രം കൊണ്ടവസാനിക്കുക ഖുര്‍ആന്റെ പതിവാണ്. ഈ സൂറത്തിലും അങ്ങിനെയാണുള്ളത്.
(*). പടം 6 നോക്കുക.
قَرْن എന്ന വാക്കിനാണ് ‘തലമുറ’ എന്നു് അര്‍ത്ഥം കല്‍പിച്ചത്. ‘നൂറ്റാണ്ട്, ദീര്‍ഘകാലം’ എന്നും മറ്റും അതിന് അര്‍ത്ഥങ്ങളുണ്ട്. എങ്കിലും, ഇങ്ങിനെയുള്ള സ്ഥലങ്ങളില്‍, ഒരു പ്രത്യേക സംസ്കാരവും സ്വഭാവവുമുള്ള സമുദായം എന്ന അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചു കാണുന്നത്. നൂഹ് നബി (عليه السلام) യുടെ ശേഷം ഉല്‍ഭവിച്ചതായി ഈ വചനത്തില്‍ പ്രസ്താവിച്ച തലമുറ – അല്ലെങ്കില്‍ സമുദായം – ഏതാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. സൂ: അഅ്റാഫ് 69-ല്‍, ‘ആദു’ ജനതയെ അഭിമുഖീകരിച്ചുകൊണ്ട് അവരുടെ പ്രവാചകനായ ഹൂദ് നബി (عليه السلام) ഇങ്ങിനെ പറയുന്നു: ‘നിങ്ങളെ അല്ലാഹു, നൂഹിന്റെ ജനതക്കുശേഷം പിന്‍ഗാമികളാക്കിയിട്ടുള്ളത് ഓര്‍ക്കുവിന്‍’ ( وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ قَوْمِ نُوحٍ). അതുകൊണ്ട്, ഇവിടെയും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ആദ് സമുദായവും ഹൂദ് (عليه السلام) നബിയും ആണെന്നു മനസ്സിലാക്കാം. ഇവരുടെ വാസസ്ഥലം യമന്‍ പ്രദേശങ്ങളില്‍ (*) അഹ്ഖാഫ് (الاحقاف) എന്ന പേരില്‍ അറിയപ്പെടുന്നു. പരലോകജീവിതത്തില്‍ വിശ്വാസമില്ലാത്തവരും, ബഹുദൈവാരാധകന്‍മാരുമായിരുന്നു ആ ജനത. അവരും തങ്ങളുടെ പൂര്‍വ്വികന്‍മാരുടെ നിലതന്നെ കൈകൊണ്ടു:-
വിഭാഗം – 3
- وَقَالَ ٱلْمَلَأُ مِن قَوْمِهِ ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِلِقَآءِ ٱلْءَاخِرَةِ وَأَتْرَفْنَٰهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا مَا هَٰذَآ إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ ﴾٣٣﴿
- അദ്ദേഹത്തിന്റെ ജനതയില്‍നിന്ന്, അവിശ്വസിക്കുകയും പരലോകത്തെ കാണുന്നതിനെ വ്യാജമാക്കുകയും ഐഹിക ജീവിതത്തില്‍ നാം സൗഖ്യം നല്‍കുകയും ചെയ്തിട്ടുള്ളവരായ പ്രമുഖസംഘം (ഇപ്രകാരം) പറഞ്ഞു: ‘ഇവന്‍ നിങ്ങളെപോലെയുള്ള ഒരു മനുഷ്യന്‍ എന്നല്ലാതെ (മറ്റൊന്നും തന്നെ) അല്ല: നിങ്ങള്‍ തിന്നുന്നതില്‍നിന്നു അവന്‍ തിന്നുകയും, നിങ്ങള്‍ കുടിക്കുന്നതില്‍നിന്ന് അവന്‍ കുടിക്കുകയും ചെയ്യുന്നു.’
- وَقَالَ الْمَلَأُ പ്രമുഖസംഘം പറഞ്ഞു مِن قَوْمِهِ അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് الَّذِينَ كَفَرُوا അവിശ്വസിച്ചവരായ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِلِقَاءِ الْآخِرَةِ പരലോകത്തെ കാണുന്നതിനെ وَأَتْرَفْنَاهُمْ നാം അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്തിട്ടുള്ള فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ مَا هَـٰذَا ഇവനല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يَأْكُلُ അവന്‍ തിന്നുന്നു مِمَّا യാതൊന്നില്‍ നിന്നു تَأْكُلُونَ നിങ്ങള്‍ തിന്നുന്നു مِنْهُ അതില്‍ നിന്നു (അങ്ങിനെയുള്ളതില്‍നിന്നു) وَيَشْرَبُ അവന്‍ കുടിക്കുകയും ചെയ്യുന്നു مِمَّا تَشْرَبُونَ നിങ്ങള്‍ കുടിക്കുന്നതില്‍നിന്നു
- وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَٰسِرُونَ ﴾٣٤﴿
- ‘നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, നിശ്ചയമായും അപ്പോള്‍ നിങ്ങള്‍ നഷ്ടക്കാര്‍ തന്നെയാണ്.’
- وَلَئِنْ أَطَعْتُم നിങ്ങള്‍ അനുസരിച്ചുവെങ്കില്‍ بَشَرًا ഒരു മനുഷ്യനെ مِّثْلَكُمْ നിങ്ങളെപ്പോലെയുള്ള إِنَّكُمْ നിശ്ചയമായും നിങ്ങള്‍ إِذًا എന്നാല്‍, അപ്പോള്‍ لَّخَاسِرُونَ നഷ്ടക്കാര്‍ തന്നെ
- أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَٰمًا أَنَّكُم مُّخْرَجُونَ ﴾٣٥﴿
- ‘നിങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിത്തീര്‍ന്നാലും, നിങ്ങള്‍ (രണ്ടാമതും) പുറത്തു കൊണ്ടുവരപ്പെടുന്നവരാണെന്നു അവന്‍ നിങ്ങളോട് താക്കീതു നല്‍കുന്നുവോ?!’
- أَيَعِدُكُمْ അവന്‍ നിങ്ങളോട് താക്കീതു ചെയ്യുന്നുവോ أَنَّكُمْ നിങ്ങളാണെന്ന് إِذَا مِتُّمْ നിങ്ങള്‍ മരണപ്പെട്ടാല്‍ وَكُنتُمْ നിങ്ങള്‍ ആകുകയും (ചെയ്‌താല്‍) تُرَابًا മണ്ണ് وَعِظَامًا എല്ലുകളും أَنَّكُم مُّخْرَجُونَ നിശ്ചയമായും നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുന്നവരാണെന്ന്
- ۞ هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ ﴾٣٦﴿
- ‘നിങ്ങളോട് താക്കീതു നല്‍കപ്പെടുന്നകാര്യം വളരെ വിദൂരം, വിദൂരം!’
- هَيْهَاتَ വിദൂരം (അസംഭവ്യം) هَيْهَاتَ വിദൂരം لِمَا تُوعَدُونَ നിങ്ങളോട് താക്കീതു ചെയ്യപ്പെടുന്ന കാര്യം
- إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ ﴾٣٧﴿
- ‘അത് [ജീവിതമെന്നത്] നമ്മുടെ ഐഹിക ജീവിതമല്ലാതെ (ഒന്നും) ഇല്ല;’ നാം മരിക്കുന്നു, ജീവിക്കുകയും ചെയ്യുന്നു – നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ!
- إِنْ هِيَ അതല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഐഹികമായ نَمُوتُ നാം മരിക്കുന്നു وَنَحْيَا നാം ജീവിക്കയും ചെയ്യുന്നു وَمَا نَحْنُ നാമല്ലതന്നെ بِمَبْعُوثِينَ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍
- إِنْ هُوَ إِلَّا رَجُلٌ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا وَمَا نَحْنُ لَهُۥ بِمُؤْمِنِينَ ﴾٣٨﴿
- ‘ഇവന്‍ അല്ലാഹുവിന്റെമേല്‍ വ്യാജം കെട്ടിച്ചമക്കുന്ന ഒരു പുരുഷനല്ലാതെ (ഒന്നും) അല്ല; നാം അവനെ വിശ്വസിക്കുന്നവരല്ല തന്നെ.’
- إِنْ هُوَ അവന്‍ അല്ല إِلَّا رَجُلٌ ഒരു പുരുഷന്‍ അല്ലാതെ افْتَرَىٰ കെട്ടിച്ചമച്ച, കെട്ടിപ്പറയുന്ന عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ كَذِبًا കളവ് وَمَا نَحْنُ നാം അല്ലതന്നെ لَهُ അവനെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍
നാം ജനിച്ചുണ്ടാകുന്നു, കുറെകഴിയുമ്പോള്‍ മരിക്കുകയും ചെയ്യുന്നു, മറ്റൊരു കൂട്ടര്‍ വീണ്ടും ജനിക്കുന്നു. എന്നല്ലാതെ, മരിച്ചശേഷം ജീവിക്കുക എന്ന പ്രശ്നമേയില്ല; ഇവന്‍ എന്തൊക്കെയോ കെട്ടിപ്പറയുകയാണ്; അവനെ വിശ്വസിക്കാന്‍ നിവൃത്തിയില്ല. എന്നാണവര്‍ പറയുന്നത്. ഇങ്ങിനെ, തന്റെ ജനത വിശ്വസിക്കുവാന്‍ ഭാവമില്ലെന്നും, നിഷേധത്തിലും അവിശ്വാസത്തിലും ഉറച്ചു നില്‍ക്കുവാന്‍തന്നെ തീര്‍ച്ചയാക്കിയിരിക്കുകയാണെന്നും ഹൂദ് നബി (عليه السلام) ക്ക് ബോധ്യമായി:
- قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ ﴾٣٩﴿
- അദ്ദേഹം പറഞ്ഞു: ‘റബ്ബേ! ഇവര്‍ എന്നെ വ്യാജമാക്കിയിരിക്കുന്നതുകൊണ്ട് നീ എന്നെ സഹായിക്കേണമേ!’
- قَالَ അദ്ദേഹം പറഞ്ഞു رَبِّ രക്ഷിതാവേ, റബ്ബേ انصُرْنِي നീ എന്നെ സഹായിക്കണേ بِمَا كَذَّبُونِ ഇവര്‍ എന്നെ വ്യാജമാക്കിയതുകൊണ്ട്
- قَالَ عَمَّا قَلِيلٍ لَّيُصْبِحُنَّ نَٰدِمِينَ ﴾٤٠﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: ‘നിശ്ചയമായും, അല്‍പ കാലംകൊണ്ട് അവര്‍ ഖേദിക്കുന്നവരായിത്തീരുന്നതാണ്.’
- قَالَ അവന്‍ പറഞ്ഞു عَمَّا قَلِيلٍ അല്‍പകാലം കൊണ്ടു, കുറഞ്ഞകാലത്തില്‍ لَّيُصْبِحُنَّ നിശ്ചയമായും അവര്‍ ആയിത്തീരും نَادِمِينَ ഖേദിക്കുന്നവര്‍
- فَأَخَذَتْهُمُ ٱلصَّيْحَةُ بِٱلْحَقِّ فَجَعَلْنَٰهُمْ غُثَآءً ۚ فَبُعْدًا لِّلْقَوْمِ ٱلظَّٰلِمِينَ ﴾٤١﴿
- അങ്ങനെ, (നീതി) മുറയനുസരിച്ച് (ആ) കഠോര ശബ്ദം അവരെ പിടികൂടി; എന്നിട്ട് നാം അവരെ ചണ്ടിയാക്കി (നശിപ്പിച്ചു) കളഞ്ഞു. ആകയാല്‍, അക്രമികളായ ജനതക്ക് (കാരുണ്യത്തില്‍നിന്നും) വിദൂരത:
- فَأَخَذَتْهُمُ അങ്ങനെ അവരെ പിടികൂടി, പിടിപെട്ടു الصَّيْحَةُ കഠോരശബ്ദം, അട്ടഹാസം بِالْحَقِّ മുറപ്രകാരം, യഥാര്‍ത്ഥത്തില്‍ فَجَعَلْنَاهُمْ അങ്ങനെ നാം അവരെ ആക്കി غُثَاءً ചണ്ടി, ചവര്‍ فَبُعْدًا അപ്പോള്‍ (ആകയാല്‍) വിദൂരം, വിദൂരത لِّلْقَوْمِ ജനതക്ക് الظَّالِمِينَ അക്രമികളായ
‘കഠോരശബ്ദം, അട്ടഹാസം, പെട്ടെന്നുണ്ടാകുന്ന ഭയങ്കരനാശം’ എന്നിങ്ങനെ അര്‍ത്ഥങ്ങളുള്ള പദമാണ് صَّيْحَة. ‘ആദ്’ സമുദായത്തിനു ബാധിച്ച ശിക്ഷ എന്തായിരുന്നുവെന്ന് ഈ പദംകൊണ്ട് സ്പഷ്ടമാകുന്നില്ല. ജിബ്രീല്‍ (عليه الصلاة والسلام) വമ്പിച്ച ഒരു ശബ്ദമിട്ടതുമൂലമാണ് അവര്‍ നശിപ്പിക്കപ്പെട്ടതെന്നു പല മഹാന്‍മാരും പറഞ്ഞുകാണുന്നു. ഭൂകമ്പം പോലെയുള്ള ഒരു പൊട്ടിത്തെറിയായിരുന്നു അതെന്നും ചിലര്‍ പ്രസ്താവിക്കുന്നുണ്ട്. അല്ലാഹുവിന്നറിയാം. 31 മുതല്‍ ഇതുവരെയുള്ള ആയത്തുകള്‍ സ്വാലിഹു (عليه السلام) നബിയെയും, അവരുടെ സമുദായമായ ഥമൂദിനെ (ثمود) യും കുറിച്ചാണെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. غُثَاء എന്ന പദം, മലവെള്ളം ഒഴുകി വരുമ്പോള്‍ അതിലുണ്ടാകുന്ന ചണ്ടിചവറുകള്‍ക്കാണ് സാക്ഷാല്‍ ഉപയോഗിക്കപ്പെടുന്നത്. എല്ലാവരും ചത്തൊടുങ്ങി ഛിന്നഭിന്നമായി പോയി എന്നു സാരം. بُعْدًا എന്നാല്‍ ‘ദൂരം, അകലം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് വളരെ അകലപ്പെട്ട് ശാപകോപങ്ങള്‍ക്കു പാത്രമായ ദൗര്‍ഭാഗ്യത്തെയാണ് കുറിക്കുന്നത്.
- ثُمَّ أَنشَأْنَا مِنۢ بَعْدِهِمْ قُرُونًا ءَاخَرِينَ ﴾٤٢﴿
- പിന്നീട്, അവരുടെ ശേഷമായി പല തലമുറകളെയും നാം ഉത്ഭവിപ്പിച്ചു;-
- ثُمَّ أَنشَأْنَا പിന്നെ നാം ഉത്ഭവിപ്പിച്ചു مِن بَعْدِهِمْ അവരുടെ ശേഷമായി قُرُونًا തലമുറകളെ آخَرِينَ വേറെ ആളുകളായ
- مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ ﴾٤٣﴿
- ഒരു സമുദായവും തന്നെ, അതിന്റെ അവധിയെ മുന്‍കടക്കുന്നതല്ല; (അവധിക്ക്) പിന്നിലായിപ്പോകുന്നതുമല്ല.
- مَا تَسْبِقُ മുന്‍കടക്കുന്നില്ല, മുന്‍കടന്നിരുന്നില്ല مِنْ أُمَّةٍ ഒരു സമുദായവും തന്നെ أَجَلَهَا അതിന്റെ അവധി وَمَا يَسْتَأْخِرُونَ പിന്നിലായിപ്പോകുന്നുമില്ല
- ثُمَّ أَرْسَلْنَا رُسُلَنَا تَتْرَا ۖ كُلَّ مَا جَآءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَٰهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ ﴾٤٤﴿
- പിന്നീട്, നാം നമ്മുടെ ദൂതന്മാരെ [റസൂലുകളെ] തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു; ഓരോ സമുദായത്തിനും, അതിന്റെ ദൂതന്‍ വരുമ്പോഴെല്ലാം അവര്‍, അദ്ദേഹത്തെ വ്യാജമാക്കുകയാണ് ചെയ്തത്. അങ്ങനെ, അവരില്‍ ചിലരെ ചിലരോട് നാം അനുഗമിപ്പിച്ചു. [ഒന്നിനു ശേഷം ഒന്നായി നശിപ്പിച്ചു]. അവരെ (മുഴുവനും) നാം കഥാവിഷയങ്ങളാക്കുകയും ചെയ്തു. അപ്പോള്‍, വിശ്വസിക്കാതിരിക്കുന്ന ജനങ്ങള്‍ക്ക് (കാരുണ്യത്തില്‍നിന്നും) വിദൂരത!
- ثُمَّ أَرْسَلْنَا പിന്നെ നാം അയച്ചു رُسُلَنَا നമ്മുടെ റസൂലുകളെ تَتْرَىٰ തുടര്‍ച്ചയായി, തുടരെത്തുടരെ كُلَّ مَا جَاءَ വരുമ്പോഴെല്ലാം أُمَّةً ഒരു സമുദായത്തിന് رَّسُولُهَا അതിന്റെ റസൂല്‍ كَذَّبُوهُ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَتْبَعْنَا അങ്ങനെ നാം അനുഗമിപ്പിച്ചു, തുടര്‍ത്തിവിട്ടു بَعْضَهُم അവരില്‍ ചിലരെ بَعْضًا ചിലരോടു وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്തു أَحَادِيثَ വര്‍ത്തമാനങ്ങള്‍, കഥാവിഷയങ്ങള്‍ فَبُعْدًا അപ്പോള്‍ വിദൂരത لِّقَوْمٍ ഒരു ജനങ്ങള്‍ക്കു لَّا يُؤْمِنُونَ വിശ്വസിക്കാത്ത
നൂഹ് (عليه السلام) നബിയുടെ ശേഷമുണ്ടായ ഒരു തലമുറയെപ്പറ്റിയാണ് 31-ാം വചനത്തില്‍ പറഞ്ഞിരുന്നത്. പിന്നീടും പല തലമുറകള്‍ ഉയര്‍ന്നു വരികയും, അവരിലെല്ലാം അല്ലാഹു റസൂലുകളെ അയച്ചുകൊണ്ടിരിക്കയും ചെയ്തിട്ടുണ്ടെന്നും, റസൂലുകളെ കളവാക്കിയവര്‍ക്ക് അല്ലാഹുവില്‍നിന്ന് ശിക്ഷകള്‍ ബാധിച്ചുവെന്നും മൊത്തത്തില്‍ പ്രസ്താവിക്കുകയാണ് ഈ ആയത്തുകള്‍. നൂഹ് (عليه السلام) ന്റെ ജനതയെയും, ആദു – ഥമൂദ് വര്‍ഗ്ഗങ്ങളെയും കുറിച്ച് പ്രസ്താവിച്ചശേഷം സൂ: ഇബ്രാഹീം 9-ല്‍ ഇപ്രകാരം പറയുന്നു:
وَالَّذِينَ مِن بَعْدِهِمْ لَا يَعْلَمُهُمْ إِلَّا اللَّـه – سورة ابراهيم 9
(അവര്‍ക്ക് ശേഷമുള്ളവരും – അവരെക്കുറിച്ച് അല്ലാഹു അല്ലാതെ അറിയുകയില്ല). അപ്പോള്‍, നമുക്ക് വിവരം ലഭിച്ചിട്ടില്ലാത്ത എത്രയോ തലമുറകള്‍ അതിനുശേഷം കഴിഞ്ഞുപോയിട്ടുണ്ടെന്ന് അനുമാനിക്കാമല്ലോ. അടുത്ത ആയത്തില്‍ മൂസാ (عليه السلام) നബിയെയും ജനതയെയും സംബന്ധിച്ചു വിവരിക്കുന്നുമുണ്ട്. ആകയാല്‍ ആദു- ഥമൂദിനും, മൂസാ (عليه السلام) നബിയുടെ ജനതക്കും ഇടയില്‍ കഴിഞ്ഞുപോയിട്ടുള്ള അനവധി സമുദായങ്ങളെ സംബന്ധിച്ച ഒരു സൂചനയാണ് 42-ാം വചനത്തിലുള്ളത്. ആ സമുദായങ്ങളുടെ ചരിത്രത്തിന്റെ ആകെ സാരം തുടര്‍ന്നുള്ള വചനങ്ങളില്‍ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നു. അവര്‍ അവന്റെ ദൗത്യത്തെയും അവന്റെ ദൂതന്‍മാരെയും കളവാക്കി നിഷേധിച്ചു; അതുനിമിത്തം അല്ലാഹുവിന്റെ ശാപകോപത്തിനും ശിക്ഷക്കും അവര്‍ പാത്രമായിത്തീര്‍ന്നു. ഇതാണത്.
ഈ സമുദായങ്ങളുടെയെല്ലാംതന്നെ, നിഷേധത്തില്‍ രണ്ടു വാദഗതികള്‍ അടങ്ങിയിട്ടുള്ളതു കാണാം: (1). നമ്മെപ്പോലെയുള്ള ഒരു മനുഷ്യന്‍ ദൈവദൂതനാകുന്നതെങ്ങിനെ? (2). മരണാനന്തരം വീണ്ടും ജീവിപ്പിക്കപ്പെടുമെന്ന് പറയുന്നതു സംഭവ്യമാണോ? എന്നാല്‍, ലോകസൃഷ്ടാവിന്റെ ആസ്തിക്യത്തില്‍ അവരാരും നിഷേധം പുറപ്പെടുവിച്ചതായി കാണുന്നില്ല. അതേ സമയത്ത് ആരാധന പലര്‍ക്കും ചെയ്യുകയും ചെയ്യും. പരസ്പരവിരുദ്ധമായ ഈ നിലപാട് അവര്‍ സ്വീകരിച്ചത് കാര്യം മനസ്സിലാകാതെയല്ല – ഗര്‍വ്വും ധിക്കാരവും മൂലമായിരുന്നു – എന്നു് ഖുര്‍ആന്‍ പലപ്പോഴും എടുത്തു പറഞ്ഞിട്ടുള്ളതാണ്. ധിക്കാരം അതിരുകവിയുമ്പോള്‍, ഓരോ സമുദായവും അതതിന് നിശ്ചയിക്കപ്പെട്ട കൃത്യസമയത്തുതന്നെ, ഓരോതരം ശിക്ഷയില്‍ അകപ്പെട്ടു നാമാവശേഷമായിപ്പോകുന്നു. അങ്ങനെ, അവരുടെ പഴങ്കഥകള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്നു.

Leave a comment