സൂറത്തുല്‍-ത്തഹ്‍രീം : 08-12
തഹ്‌രീം (നിഷിദ്ധമാക്കല്‍)
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 12 – വിഭാഗം (റുകൂഅ്) 2
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം – 2
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ يَوْمَ لَا يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٨﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ആത്മാര്‍ത്ഥമായ പശ്ചാത്താപം പശ്ചാത്തപിക്കുവിന്‍. (എന്നാല്‍) നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് നിങ്ങളുടെ തിന്മകളെ മൂടിവെച്ചു (മാപ്പാക്കി) തരുകയും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം; (അതെ) നബിയെയും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരേയും അല്ലാഹു അപമാനത്തിലാക്കാത്ത ദിവസം. തങ്ങളുടെ പ്രകാശം അവരുടെ മുമ്പിലൂടെയും, അവരുടെ വലഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കും. അവര്‍ പറയും: ‘ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രകാശം പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങൾക്ക് പൊറുത്തു തരുകയും വേണമേ! നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.’
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ഹേ വിശ്വസിച്ചവരേ تُوبُوا പശ്ചാത്തപിക്കു (മടങ്ങു-ഖേദിക്കു) വിന്‍ إِلَى اللَّـهِ അല്ലാഹുവിങ്കലേക്ക് تَوْبَةً ഒരു പശ്ചാത്താപം, മടക്കം نَّصُوحًا നിഷ്കളങ്കമായ, ആത്മാര്‍ഥമായ عَسَىٰ رَبُّكُمْ നിങ്ങളുടെ റബ്ബ് ആയേക്കാം أَن يُكَفِّرَ عَنكُمْ നിങ്ങളില്‍ നിന്ന് മൂടി വെക്കുക (മാപ്പാക്കുക) سَيِّئَاتِكُمْ നിങ്ങളുടെ തിന്മകളെ وَيُدْخِلَكُمْ നിങ്ങളെ പ്രവേശിപ്പിക്കുകയും جَنَّاتٍ സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിഭാഗത്തുകൂടി ഒഴുകുന്ന الْأَنْهَارُ അരുവി (നദി)കള്‍ يَوْمَ ദിവസം لَا يُخْزِي اللَّـهُ അല്ലാഹു അപമാനിക്കാത്ത, വഷളാക്കാത്ത النَّبِيَّ നബിയെ, പ്രവാചകനെ وَٱلَّذِينَ ءَامَنُوا۟ വിശ്വസിച്ചവരേയും مَعَه അദ്ദേഹത്തോടൊപ്പം نُورُهُمْ അവരുടെ പ്രകാശം يَسْعَىٰ – പാഞ്ഞു (നടന്നു-വ്യാപിച്ചു) കൊണ്ടിരിക്കും بَيْنَ أَيْدِيهِمْ അവരുടെ മുമ്പിലൂടെ وَبِأَيْمَانِهِمْ അവരുടെ വലഭാഗങ്ങളിലും يَقُولُونَ അവര്‍ പറയും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ, റബ്ബേ أَتْمِمْ لَنَا ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കേണമേ نُورَنَا ഞങ്ങളുടെ പ്രകാശം وَاغْفِرْ لَنَا ഞങ്ങള്‍ക്ക് പൊറുക്കുകയും വേണമേ إِنَّكَ നിശ്ചയമായും നീ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്
تَوْبَةً نَّصُوحًا (ആത്മാര്‍ത്ഥമായ പശ്ചാത്താപം) എന്നതിന്റെ ഉദ്ദേശം കുറ്റത്തില്‍ നിന്ന് മനപൂര്‍വ്വം ഖേദിച്ചു മടങ്ങുക എന്ന് തന്നെ. ചെയ്തു കഴിഞ്ഞ കുറ്റത്തെപ്പറ്റി ഖേദം, മേലാല്‍ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയം, നിര്‍വ്വഹിക്കുവാന്‍ ബാക്കിയുള്ള കടമ നിറവേറ്റല്‍, അന്യനെ സംബന്ധിക്കുന്ന കുറ്റമാണെങ്കില്‍ അവനോടു മാപ്പ് വാങ്ങുകയും അവന്റെ കടപ്പാട് തീര്‍ക്കുകയും ചെയ്യല്‍, മേലില്‍ നല്ല നില കൈകൊള്ളല്‍ ഇതെല്ലാമാണ് അതിനു ഉപാധികള്‍. ഇങ്ങനെയുള്ള ‘തൌബഃ’ (പശ്ചാത്താപം) ചെയ്യുന്നവര്‍ക്ക് അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നു മാത്രമല്ല, അവര്‍ക്ക് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമാണ് എന്ന്‍ കൂടി അല്ലാഹു അറിയിക്കുന്നു (സൂഃ ഫുര്‍ഖാന്‍ 70ഉം നോക്കുക) സത്യവിശ്വാസികളുടെ പ്രകാശത്തെക്കുറിച്ച് സൂഃ ഹദീദ് 12ല്‍ പ്രസ്താവിച്ച സംഗതികള്‍ ഇവിടെയും ഓര്‍ക്കുക. കപട വിശ്വാസികള്‍ തങ്ങള്‍ക്കു വെളിച്ചം കിട്ടാതെ കഷ്ടപ്പെടുമ്പോഴാണ് സത്യവിശ്വാസികള്‍ അല്ലാഹുവിനോട് തങ്ങളുടെ പ്രകാശം പൂര്‍ത്തിയാക്കിക്കൊടുക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നത് എന്ന് മുജാഹിദ്, ള്വഹ്-ഹാക്ക് മുതലായവരില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
- يَٰٓأَيُّهَا ٱلنَّبِىُّ جَٰهِدِ ٱلْكُفَّارَ وَٱلْمُنَٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ ﴾٩﴿
- ഹേ, നബിയേ, അവിശ്വാസികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുക; അവരോടു പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം ‘ജഹന്നം’ [നരകം] ആകുന്നു. (ആ) തിരിച്ചെത്തുന്ന സ്ഥലം എത്രയോ ചീത്ത!
- يَا أَيُّهَا النَّبِيُّ ഹേ നബിയേ جَاهِدِ സമരം ചെയ്യുക الْكُفَّارَ അവിശ്വാസികളോട് وَالْمُنَافِقِينَ കപടവിശ്വാസികളോടും وَاغْلُظْ പരുഷത കാണിക്കുകയും ചെയ്യുക عَلَيْهِمْ അവരോടു وَمَأْوَاهُمْ അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ എത്രയോ (വളരെ) ചീത്ത الْمَصِيرُ തിരിച്ചെത്തുന്ന സ്ഥലം
അവിശ്വാസികള്‍ പ്രത്യക്ഷത്തില്‍ തന്നെ ഇസ്‌ലാമിന്റെ ശത്രുക്കളാകുക കൊണ്ട് അവരോടുള്ള സമരം ന്യായങ്ങളും തെളിവുകളും മുഖേന മതിയാവുകയില്ല. ആയുധങ്ങളും സംഘട്ടനങ്ങളും ആവശ്യമായിരിക്കും. എന്നാല്‍ കപടവിശ്വാസികള്‍ ബാഹ്യത്തില്‍ മുസ്‌ലിങ്ങളാകുക കൊണ്ട് അവരോടുള്ള സമരം നീതിന്യായങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലും, അവരില്‍ ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നത് മുഖേനയും ആയിരിക്കും. രണ്ടു കൂട്ടരോടും സൗമ്യനയവും വിട്ടു വീഴ്ചയും കാണിക്കുന്നപക്ഷം, അവര്‍ ആ തക്കം ഇസ്‌ലാമിനു എതിരായി ഉപയോഗപ്പെടുത്തുകയാണല്ലോ ചെയ്യുക.
- ضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ كَفَرُوا۟ ٱمْرَأَتَ نُوحٍ وَٱمْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَٰلِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ ٱللَّهِ شَيْـًٔا وَقِيلَ ٱدْخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ ﴾١٠﴿
- അവിശ്വസിച്ചവര്‍ക്ക് അല്ലാഹു ഒരു ഉദാഹരണം എടുത്തു കാട്ടുകയാണ്, നൂഹിന്റെ ഭാര്യയെയും, ലൂത്ത്വിന്റെ ഭാര്യയെയും. രണ്ടു സ്ത്രീകളും നമ്മുടെ അടിയാന്‍മാരില്‍പെട്ട രണ്ടു സദ്‌വൃത്തരായ അടിയാന്മാരുടെ കീഴിലായിരുന്നു; എന്നിട്ട് രണ്ടുപേരും അവരെ വഞ്ചിച്ചു. എന്നാല്‍, അവര്‍ക്ക് [ആ രണ്ടു സ്ത്രീകള്‍ക്കും] അല്ലാഹുവിങ്കല്‍ നിന്ന് (ഉണ്ടാകുന്ന) യാതൊന്നും അവര്‍ രണ്ടാളും ഒഴിവാക്കിക്കൊടുത്തില്ല. (അവരോടു) പറയപ്പെടുകയും ചെയ്തു: ‘നരകത്തില്‍ പ്രവേശിക്കുന്നവരോടൊപ്പം നിങ്ങള്‍ രണ്ടുപേരും (അതില്‍) പ്രവേശിച്ചുകൊള്ളുക’ എന്ന്!
- ضَرَبَ اللَّـهُ അല്ലാഹു വിവരിച്ചു, ആക്കി, നിശ്ചയിച്ചു, (എടുത്തുകാട്ടുന്നു ) مَثَلًا ഒരു ഉദാഹരണം, ഉപമ لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്ക് امْرَأَتَ نُوحٍ നൂഹിന്റെ സ്ത്രീയെ (ഭാര്യയെ) وَامْرَأَتَ لُوطٍ ലൂത്ത്വിന്റെ സ്ത്രീയെ (ഭാര്യയെയും) كَانَتَا രണ്ടു പേരുമായിരുന്നു تَحْتَ عَبْدَيْنِ രണ്ടു അടിയന്മാരുടെ കീഴില്‍ مِنْ عِبَادِنَا നമ്മുടെ അടിയന്മാരിൽപെട്ട صَالِحَيْنِ (രണ്ടു) സദ്‌വൃത്തരായ, നല്ലവരായ فَخَانَتَاهُمَا എന്നിട്ട് രണ്ടു പേരും അവരെ രണ്ടാളെയും വഞ്ചിച്ചു, ചതിച്ചു فَلَمْ يُغْنِيَا എന്നിട്ട് രണ്ടാളും ധന്യമാക്കി (ഒഴിവാക്കി- പര്യാപ്തമാക്കി)യില്ല عَنْهُمَا അവര്‍ക്ക് രണ്ടാള്‍ക്കും, അവരില്‍ നിന്നും مِنَ اللَّـهِ അല്ലാഹുവില്‍ നിന്ന് شَيْئًا യാതൊന്നും, ഒരു വസ്തുവും وَقِيلَ പറയപ്പെടുകയും ചെയ്തു ادْخُلَا النَّارَ രണ്ടാളും നരകത്തില്‍ പ്രവേശിക്കുക مَعَ الدَّاخِلِينَ പ്രവേശിക്കുന്നവരോടൊപ്പം
- وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴾١١﴿
- വിശ്വസിച്ചവര്‍ക്കും അല്ലാഹു ഒരു ഉദാഹരണം എടുത്തുകാട്ടുന്നു, ഫിര്‍ഔന്റെ ഭാര്യയെ, അതായതു, അവള്‍ പറഞ്ഞ സന്ദര്‍ഭം; ‘എന്റെ റബ്ബേ, എനിക്ക് നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു വീട് സ്ഥാപിച്ചു തരേണമേ! ഫിര്‍ഔനില്‍നിന്നും, അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ! അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ!’
- وَضَرَبَ اللَّـهُ അല്ലാഹു വിവരിക്കുക (എടുത്തുകാട്ടുക)യും ചെയ്യുന്നു مَثَلًا ഒരു ഉദാഹരണം لِّلَّذِينَ ءَامَنُوا۟ വിശ്വസിച്ചവര്‍ക്ക് ٱمْرَأَتَ فِرْعَوْنَ ഫിര്‍ഔന്റെ സ്ത്രീയെ, ഭാര്യയെ إِذْ قَالَتْ അവള്‍ പറഞ്ഞ സന്ദര്‍ഭം رَبِّ ابْنِ لِي റബ്ബേ എനിക്ക് സ്ഥാപിച്ചു (നിര്‍മ്മിച്ചു) തരേണമേ عِندَكَ بَيْتًا നിന്റെ അടുക്കല്‍ ഒരു വീട് فِي الْجَنَّةِ സ്വര്‍ഗത്തില്‍ وَنَجِّنِي എന്നെ രക്ഷിക്കുകയും വേണമേ مِن فِرْعَوْنَ ഫിര്‍ഔനില്‍ നിന്നും وَعَمَلِهِ അവന്റെ പ്രവര്‍ത്തനത്തിൽ നിന്നും وَنَجِّنِي എന്നെ രക്ഷപ്പെടുത്തുകയും വേണമേ مِنَ الْقَوْمِ ജനങ്ങളില്‍ നിന്ന് الظَّالِمِينَ അക്രമികളായ
- وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَٰنِتِينَ ﴾١٢﴿
- ഇംറാന്റെ മകള്‍ മര്‍യമിനെയും (ഉദാഹരണമാക്കുന്നു); (അതായതു) തന്റെ ഗുഹ്യസ്ഥാനം സൂക്ഷി(ച്ച് ചാരിത്ര്യശുദ്ധി സംരക്ഷി)ക്കുകയും, അങ്ങനെ, നമ്മുടെ (വക) ആത്മാവില്‍ നിന്നും അതില്‍ നാം ഊതുകയും ചെയ്തവള്‍. തന്‍റെ റബ്ബിന്റെ വചനങ്ങളെയും, അവന്റെ വേദഗ്രന്ഥങ്ങളെയും അവള്‍ സത്യമാ(യി വിശ്വസി)ക്കുകയും ചെയ്തു. അവള്‍ ഭക്തരുടെ കൂട്ടത്തില്‍ (പെട്ടവള്‍) ആയിരുന്നുതാനും.
- وَمَرْيَمَ മറിയമിനെയും ابْنَتَ عِمْرَانَ ഇംറാന്റെ മകള്‍, പുത്രി الَّتِي أَحْصَنَتْ സൂക്ഷിച്ച (കാത്ത)വളായ فَرْجَهَا തന്‍റെ ഗുഹ്യസ്ഥാനം فَنَفَخْنَا فِيهِ അങ്ങനെ നാം അതില്‍ ഊതി مِن رُّوحِنَا നമ്മുടെ ആത്മാവില്‍ (ജീവനില്‍) നിന്ന് وَصَدَّقَتْ അവള്‍ സത്യമാക്കുക (ശരിവെക്കുക)യും ചെയ്തു بِكَلِمَاتِ വചനങ്ങളെ, വാക്ക് (കൽപന)കളെ رَبِّهَا അവളുടെ റബ്ബിന്റെ وَكُتُبِهِ അവന്റെ വേദഗ്രന്ഥങ്ങളെയും وَكَانَتْ അവള്‍ ആയിരുന്നുതാനും, ആയിത്തീരുകയും مِنَ الْقَانِتِينَ ഭക്തന്മാരില്‍പെട്ട (വള്‍), കീഴ്‌വണക്കമുള്ളവരുടെ കൂട്ടത്തില്‍
സത്യവിശ്വാസവും, സൽക്കര്‍മ്മവും കൊണ്ടല്ലാതെ ആര്‍ക്കും രക്ഷയില്ല, പ്രവാചകന്മാരടക്കമുള്ള മഹാന്മാരുടെ സന്ധുബന്ധുക്കള്‍ പോലും ഇതില്‍ നിന്ന് ഒഴിവല്ല, അല്ലാഹുവില്‍ നിന്നുണ്ടാകുന്ന ശിക്ഷാ നടപടികളെ ആര്‍ക്കും ആരില്‍ നിന്നും തടയുവാന്‍ സാധ്യമല്ല, നേരെമറിച്ച് എത്ര ധിക്കാരികളായ അവിശ്വാസികളുടെ ബന്ധുക്കളായിരുന്നാലും അവര്‍ സത്യവിശ്വാസികളും സൽക്കര്‍മ്മികളുമാണെങ്കില്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ രക്ഷയും പ്രതിഫലവും ഉണ്ട്. ഇതില്‍ ആണും പെണ്ണും എന്ന വ്യത്യാസമില്ല എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്കു ചില ഉദാഹരണങ്ങളാണ് അല്ലാഹു ഈ വചനത്തില്‍ എടുത്തുകാണിക്കുന്നത്.
ആദ്യം പറഞ്ഞതിന് ഉദാഹരണമായി നൂഹ് (عليه السلام), ലൂത്ത്വ് (عليه السلام) എന്നീ പ്രവാചകന്മാരുടെ ഭാര്യമാരെ അല്ലാഹു എടുത്തുകാട്ടി. രണ്ടു സ്ത്രീകളും അവരുടെ ഭര്‍ത്താക്കളായ ആ പ്രവാചകന്മാരെ വഞ്ചിച്ചു. നൂഹ് (عليه السلام) ന്റെ ഭാര്യ അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിന് ഭ്രാന്താണെന്ന് ജനമദ്ധ്യേ പ്രചരിപ്പിച്ചിരുന്നുവെന്നും, ലൂത്ത്വ് (عليه السلام) ന്റെ ഭാര്യ അദ്ദേഹത്തിന്റെ അടുക്കല്‍ വരുന്ന അതിഥികളെക്കുറിച്ച് അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക് – പ്രകൃതിവിരുദ്ധമായ ദുര്‍ന്നടപ്പുകളില്‍ മുഴുകിയിവരായിരുന്നല്ലോ അവര്‍ -ഗൂഢമായി വിവരം കൊടുത്തിരുന്നുവെന്നും മറ്റും പറയപ്പെടുന്നു. അല്ലഹുവിനറിയാം. ഏതായാലും രണ്ടു പേരും തങ്ങളുടെ ഭര്‍ത്താക്കന്മാരായ പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ക്കും അദ്ധ്യാപനങ്ങള്‍ക്കും എതിരായി കാപട്യം സ്വീകരിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, പ്രവാചകന്മാര്‍ക്കു അവരെ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാന്‍ കഴിഞ്ഞില്ല. പ്രവാചകന്മാരുടെ ഭാര്യമാരാണെന്നതുകൊണ്ട് അവര്‍ക്ക് എന്തെങ്കിലും രക്ഷ കിട്ടിയതുമില്ല.
വമ്പിച്ച ശക്തിയും പ്രതാപവുമുള്ളവനും, അങ്ങേ അറ്റത്തെ ധിക്കാരിയുമായിരുന്ന ഫിര്‍ഔന്റെ ഭാര്യയുടെ നില – ഇവരുടെ പേര് ആസിയ: എന്നാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട് – ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അവന്റെ അക്രമങ്ങളോ അഭീഷ്ടങ്ങളോ വകവെക്കാതെ, അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, ആ വിശ്വാസം നിലനിര്‍ത്തുവാന്‍ വേണ്ടി വമ്പിച്ച ത്യാഗങ്ങള്‍ വരിക്കുകയും, എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ക്ക് അല്ലാഹുവിങ്കല്‍ മഹത്തായ സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇത് പോലെ, അല്ലാഹുവിന്റെ വമ്പിച്ച അനുഹ്രഹങ്ങള്‍ക്ക് പാത്രമായ മറ്റൊരു മഹതിയാണ് ഇംറാന്റെ മകളും, ഈസാ (عليه السلام) നബിയുടെ മാതാവുമായ മര്‍യം (عليها السلام). ഗുണവതിയും സദ്‌വൃത്തയുമായിരുന്ന അവര്‍ തന്‍റെ ചാരിത്ര്യം കാത്തു സൂക്ഷിക്കുകയും അല്ലാഹുവിന്‍റെ കൽപനകളും വേദവാക്യങ്ങളും ശരിക്കു പാലിച്ചുകൊണ്ട് ഭക്തിപൂര്‍വ്വം ജീവിക്കുകയും ചെയ്തു. അങ്ങനെ, അവര്‍ അല്ലാഹുവിന്‍റെ മഹത്തായ ആദരവിനും അനുഗ്രഹത്തിനും പാത്രമായിത്തീര്‍ന്നു.
‘ഗുഹ്യസ്ഥാനം സൂക്ഷിച്ചവള്‍’ (الَّتِي أَحْصَنَتْ فَرْجَهَا) എന്ന് പറഞ്ഞതിന്റെ സാരം തന്‍റെ ചാരിത്ര്യശുദ്ധി സരക്ഷിച്ചവള്‍ എന്നത്രെ. ഈ അര്‍ത്ഥത്തിനു ഖുര്‍ആന്‍ ഈ വാക്കുകള്‍ ഉപയോഗിച്ചതില്‍ അടങ്ങിയ ചില സൂചനകളും മറ്റും സൂ: അമ്പിയാഉ് 91ന്റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചത് ഓര്‍ക്കുക. ഈ സൂറത്തിന്റെ അവസാനത്തില്‍ രണ്ടു ദുഷിച്ച സ്ത്രീകളുടെ ഉദാഹരണങ്ങളും, രണ്ടു സദ്‌വൃത്തരായ സ്ത്രീകളുടെ ഉദാഹരണങ്ങളും ഉദ്ധരിച്ചതില്‍, നബി (صلّى الله عليه وسلّم) യുടെ പത്നിമാര്‍ ആദ്യത്തെ രണ്ടുപേരെപ്പോലെ ആകാതിരിക്കുവാനും, ഒടുവിലത്തെ രണ്ടു സ്ത്രീകളെപ്പോലെ ആയിരിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ഒരു സൂചന കാണാം. والله علم
اللهم اجعلنا من القانتين واحشرنا مع الذين أَنْعَمت عليهم من النبيين والصديقين والشهداء والصالحين وحسن أولئك رفيقا
