വെളിച്ചം റമദാൻ 2021 – റമദാൻ 19

സൂറത്തു-ത്ത്വലാഖ് : 08-12

ത്വലാഖ് (വിവാഹ മോചനം)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 12 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

വിഭാഗം – 2

65:8

  • وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِۦ فَحَاسَبْنَٰهَا حِسَابًا شَدِيدًا وَعَذَّبْنَٰهَا عَذَابًا نُّكْرًا ﴾٨﴿
  • എത്രയോ രാജ്യം [രാജ്യക്കാര്‍] അതിന്റെ റബ്ബിന്റെയും, അവന്റെ റസൂലുകളുടെയും കല്‍പന ധിക്കരിച്ചു കളഞ്ഞു! അതിനാല്‍, നാം അവയെ കഠിനമായ കണക്കു വിചാരണ നടത്തുകയും, നികൃഷ്ടമായ [കടുത്ത] ശിക്ഷ ശിക്ഷിക്കുകയും ചെയ്തു.
  • وَكَأَيِّن എത്രയോ, എത്രയാണു مِّن قَرْيَةٍ രാജ്യമായിട്ടു, രാജ്യത്തില്‍നിന്നു عَتَتْ അതു ധിക്കരിച്ചു, അതിരുകടന്നു, അതിലംഘിച്ചു عَنْ أَمْرِ കല്‍പനവിട്ടു رَبِّهَا അതിന്റെ റബ്ബിന്റെ وَرُسُلِهِ അവന്റെ റസൂലുകളുടെയും فَحَاسَبْنَاهَا അതിനാല്‍ നാം അതിനെ വിചാരണ (കണക്കു നോക്കല്‍) നടത്തി حِسَابًا ഒരു വിചാരണ (കണക്കുനോക്കല്‍) شَدِيدًا കഠിനമായ وَعَذَّبْنَاهَا അതിനെ നാം ശിക്ഷിക്കുകയും ചെയ്തു عَذَابًا نُّكْرًا വെറുക്കപ്പെട്ട (നികൃഷ്ടമായ, വഷളായ, കടുത്ത) ശിക്ഷ

65:9

  • فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَٰقِبَةُ أَمْرِهَا خُسْرًا ﴾٩﴿
  • അങ്ങനെ, അവയുടെ കാര്യത്തിന്റെ ദുഷ്‌ഫലം അവ ആസ്വദിച്ചു; അവയുടെ കാര്യത്തിന്റെ പര്യവസാനം നഷ്ടം (തന്നെ) ആയിരുന്നു താനും.
  • فَذَاقَتْ അങ്ങനെ അതു രുചിനോക്കി, ആസ്വദിച്ചു وَبَالَ ദുഷ്ഫലം, ഭവിഷ്യത്തു, നാശം أَمْرِهَا അതിന്റെ കാര്യത്തിന്റെ وَكَانَ ആയിരുന്നു عَاقِبَةُ أَمْرِهَا അതിന്റെ കാര്യത്തിന്റെ കലാശം خُسْرًا നഷ്ടം

65:10

  • أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَٱتَّقُوا۟ ٱللَّهَ يَٰٓأُو۟لِى ٱلْأَلْبَٰبِ ٱلَّذِينَ ءَامَنُوا۟ ۚ قَدْ أَنزَلَ ٱللَّهُ إِلَيْكُمْ ذِكْرًا ﴾١٠﴿
  • അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] അല്ലാഹു കഠിനമായ ഒരു ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ – ബുദ്ധിമാന്മാരേ, (അതെ), വിശ്വസിച്ചവരേ തീര്‍ച്ചയായും, നിങ്ങള്‍ക്കു അല്ലാഹു ഒരു ഉല്‍ബോധനം ഇറക്കിത്തന്നിരിക്കുന്നു:-
  • أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു عَذَابًا شَدِيدًا കഠിനശിക്ഷ فَاتَّقُوا اللَّـه ആകയാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ يَا أُولِي الْأَلْبَابِ ബുദ്ധിമാന്മാരേ الَّذِينَ آمَنُوا വിശ്വസിച്ചവരായ قَدْ أَنزَلَ ٱللَّهُ തീര്‍ച്ചയായും അല്ലാഹു ഇറക്കിയിരിക്കുന്നു إِلَيْكُمْ നിങ്ങള്‍ക്കു ذِكْرًا ഒരു ഉല്‍ബോധനം, സ്മരണ, ഉപദേശം

65:11

  • رَّسُولًا يَتْلُوا۟ عَلَيْكُمْ ءَايَٰتِ ٱللَّهِ مُبَيِّنَٰتٍ لِّيُخْرِجَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًا يُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۖ قَدْ أَحْسَنَ ٱللَّهُ لَهُۥ رِزْقًا ﴾١١﴿
  • (അതെ) ഒരു റസൂലിനെ (അയച്ചിരിക്കുന്നു). വ്യക്തമായി വിവരിക്കുന്നതായും കൊണ്ട് അല്ലാഹുവിന്റെ ‘ആയത്തുകളെ’ [വേദലക്ഷ്യങ്ങളെ] അദ്ദേഹം നിങ്ങള്‍ക്കു ഓതിത്തരുന്നു; വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍നിന്നു പ്രകാശത്തിലേക്കു വരുത്തുവാന്‍ വേണ്ടി. അല്ലാഹുവില്‍ വിശ്വസിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാരോ അവനെ അവന്‍ അടിഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്; അതില്‍ എന്നെന്നും നിത്യവാസികളായ നിലയില്‍. അല്ലാഹു അ(ങ്ങിനെയുള്ള)വനു ഉപജീവനം നന്നാ(യി ഒരു)ക്കി വെച്ചിട്ടുണ്ട്.
  • رَّسُولًا അതായതു ഒരു റസൂല്‍ يَتْلُو عَلَيْكُمْ നിങ്ങള്‍ക്കു ഓതി (പാരായണം ചെയ്തു) തരുന്ന آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ مُبَيِّنَاتٍ വ്യക്തമാക്കുന്നു (വിവരിക്കുന്ന)വയായിട്ടു لِّيُخْرِجَ വെളിക്കുവരുത്തുവാന്‍ (പുറപ്പെടുവിക്കുവാന്‍) വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ الصَّالِحَاتِ وَعَمِلُوا സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തു مِنَ الظُّلُمَاتِ ഇരുട്ടു (അന്ധകാരം) കളില്‍ നിന്നു إِلَى النُّورِ പ്രകാശ (വെളിച്ച)ത്തിലേക്കു وَمَن يُؤْمِن ആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ وَيَعْمَلْ صَالِحًا സല്‍കര്‍മം പ്രവര്‍ത്തിക്കുകയും يُدْخِلْهُ അവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ പല സ്വര്‍ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന, നടക്കുന്ന الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിക്കൊണ്ടു أَبَدًا എന്നെന്നും, എക്കാലവും قَدْ أَحْسَنَ اللَّـهُ അല്ലാഹു തീര്‍ച്ചയായും നന്നാക്കി വെച്ചിട്ടുണ്ട് لَهُ അങ്ങിനെയുള്ളവനു رِزْقًا ആഹാരം, ഉപജീവനം

അല്ലാഹുവിന്റെയും, അവന്റെ ദൂതന്‍മാരുടെയും കല്‍പനകള്‍ ധിക്കരിച്ച ജനങ്ങള്‍ ഇഹത്തില്‍ അനുഭവിച്ചതും, പരത്തില്‍ അനുഭവിക്കുവാനിരിക്കുന്നതുമായ ദുരന്തഫലങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് സത്യവിശ്വാസികളാകുന്ന ബുദ്ധിമാന്മാരെ-അവരാണല്ലോ യഥാര്‍ത്ഥ ബുദ്ധിമാന്മാര്‍- അല്ലാഹു ഉപദേശിക്കുകയാണ്: നിങ്ങള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ചു കൊണ്ട് അവനെ സൂക്ഷിക്കണം, നിങ്ങള്‍ക്കു നേര്‍മാര്‍ഗം വ്യക്തമായി വിവരിച്ചു തരുന്ന വേദഗ്രന്ഥവും ദൈവദൂതനും ഉണ്ട്, ദുര്‍മാര്‍ഗത്തിന്റെ അന്ധകാരങ്ങളില്‍ നിന്നു സന്മാര്‍ഗത്തിന്റെ വെളിച്ചത്തിലേക്കു അദ്ദേഹം നിങ്ങളെ കൊണ്ടുവരും, നിങ്ങള്‍ സത്യവിശ്വാസവും സല്‍കര്‍മ്മവും കൈവിടാതിരിക്കുന്ന പക്ഷം നിങ്ങള്‍ക്കു ശാശ്വതമായ സ്വര്‍ഗീയ ജീവിതം ലഭിക്കും, നിങ്ങള്‍ക്കു വേണ്ടതെല്ലാം അല്ലാഹു ഒരുക്കിക്കഴിഞ്ഞിട്ടുണ്ട് എന്നൊക്കെ.

8-ാം വചനത്തില്‍ അവരെ കഠിനമായ വിചാരണ നടത്തിയെന്നും ശിക്ഷിച്ചുവെന്നും പറഞ്ഞതു പരലോകത്തു വെച്ചു നിസ്സംശയം നടക്കുവാനിരിക്കുന്ന സംഭവങ്ങളെ ഭൂതകാല രൂപത്തില്‍ എടുത്തു കാട്ടിയിരിക്കുകയാണ് എന്നത്രെ മിക്ക മുഫസ്സിറുകളും പറയുന്നത്. ഈ ലോകത്തുവെച്ച് അവര്‍ അനുഭവിക്കേണ്ടിവന്ന വിചാരണയും, ശിക്ഷയുമാണ് ഉദ്ദേശ്യമെന്നത്രെ മറ്റു ചില മുഫസ്സിറുകള്‍ പറയുന്നത്. അപ്പോള്‍, വിചാരണ ചെയ്തു എന്നു പറഞ്ഞതിന്റെ താല്‍പര്യം, അവരുടെ കര്‍മങ്ങളെ ശരിക്കും കണക്കു വെച്ചു രേഖപ്പെടുത്തുകയും, ശരിയായ കണക്കിനുതന്നെ അവരുടെമേല്‍ നടപടിയെടുക്കുകയും ചെയ്തു എന്നായിരിക്കും. 10-ാം വചനത്തില്‍ അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിയിട്ടുണ്ടെന്നു പറഞ്ഞതു പരലോകശിക്ഷയെക്കുറിച്ചു തന്നെയാണ് എന്നതില്‍ സംശയമില്ല. الله اعلم

65:12

  • ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا ﴾١٢﴿
  • ഏഴു ആകാശങ്ങളെ – ഭൂമിയില്‍ നിന്നും തന്നെ അവയെപ്പോലെ – സൃഷ്ടിച്ചവനത്രെ അല്ലാഹു. അവയ്ക്കിടയില്‍ കല്‍പന ഇറങ്ങിക്കൊണ്ടിരിക്കുന്നു; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്നും, അല്ലാഹു അറിവുകൊണ്ട് എല്ലാ വസ്തുവെയും വലയം ചെയ്തിരിക്കുന്നുവെന്നും, നിങ്ങള്‍ അറിയുവാന്‍ വേണ്ടിയത്രെ (ഇതെല്ലാം അറിയിക്കുന്നത്).
  • اللَّـهُ അല്ലാഹു الَّذِي خَلَقَ സൃഷ്ടിച്ചവനത്രെ سَبْعَ سَمَاوَاتٍ ഏഴു ആകാശങ്ങളെ وَمِنَ الْأَرْضِ ഭൂമിയില്‍ നിന്നും തന്നെ مِثْلَهُنَّ അവയെപ്പോലെ, അവയുടെ അത്ര يَتَنَزَّلُ ഇറങ്ങിക്കൊണ്ടിരിക്കുന്നു الْأَمْرُ കല്‍പന, കാര്യം بَيْنَهُنَّ അവയ്ക്കിടയില്‍ لِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടി (യാണ്) أَنَّ اللَّـهَ അല്ലാഹു (ആകുന്നു)വെന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവന്‍ ആകുന്നു (എന്നു) وَأَنَّ اللَّـهَ അല്ലാഹു (ഉണ്ട്)എന്നും قَدْ أَحَاطَ വലയം ചെയ്തിട്ടുണ്ട് (എന്നും) بِكُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും عِلْمًا അറിവിനാല്‍, (അറിവുകൊണ്ടു)

ഏഴു ആകാശങ്ങള്‍ (سَبْعَ سَمَاوَاتٍ) എന്നു ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി സൂ: മുഅ്മിനൂന്‍ 17-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചതു ഓര്‍ക്കുക. അതിന്റെ ചുരുക്കം ഇതാണ്: ഏഴു ആകാശങ്ങള്‍ ഏതെല്ലാമാണ്, എങ്ങിനെയെല്ലാമാണ് എന്നൊന്നും നമുക്കറിഞ്ഞു കൂട. അല്ലാഹുവിനറിയാം. ഇന്നേവരെ ശാസ്ത്രജ്ഞന്‍മാര്‍ക്കും അതു കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രത്തിനു കണ്ടെത്തുവാന്‍ കഴിയാത്ത കണക്കറ്റ യാഥാര്‍ത്ഥ്യങ്ങള്‍ നിലവിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഒരിക്കല്‍ സ്വീകരിക്കപ്പെട്ട ശാസ്ത്രീയ സിദ്ധാന്തം മറ്റൊരിക്കല്‍ ശാസ്ത്രം തന്നെ തെറ്റാണെന്നു തെളിയിക്കലും അപൂര്‍വമല്ല. ഇന്നുവരെ ഉപരിമണ്ഡലത്തില്‍ ശാസ്ത്രദൃഷ്ടിക്കു കണ്ടുപിടിക്കുവാന്‍ സാധിച്ചിട്ടുള്ളതത്രയും ഒന്നാമത്തെ ആകാശാതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നവയാണെന്നും അതിനപ്പുറത്തുള്ള ബാക്കി ആറു ആകാശങ്ങളെക്കുറിച്ചും ശാസ്ത്രത്തിനു ഊഹിക്കുവാന്‍ പോലും കഴിയാതിരിക്കുകയാണെന്നും വരാം. ഏതായാലും, ആകാശങ്ങളടക്കമുള്ള എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു അവ എഴെണ്ണമാണ് എന്നു ആവര്‍ത്തിച്ചു പറഞ്ഞതിനെ മറ്റേതെങ്കിലും അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചൊപ്പിക്കുവാന്‍ ആര്‍ക്കും അര്‍ഹതയും അധികാരവുമില്ല തെന്നെ.

ഭൂമിയെക്കുറിച്ച് ‘ഏഴു ഭൂമികള്‍ (سبع ارضين)’ എന്നു ഖുര്‍ആനില്‍ വ്യക്തമായി എവിടെയും പ്രസ്താവിച്ചിട്ടില്ല. എങ്കിലും, ഭൂമിയും എഴുണ്ടെന്നാണ് ഈ വചനത്തില്‍ നിന്നു മനസ്സിലാ കുന്നത്. وَمِنَ الْأَرْضِ مِثْلَهُنَّ (ഭൂമിയില്‍ നിന്നും അവയെ – ഏഴു ആകാശങ്ങളെ – പ്പോലെ) എന്നു പറഞ്ഞതിന്റെ അര്‍ത്ഥം അതാണല്ലോ. ചില നബിവചനങ്ങളില്‍ ഏഴു ഭൂമികള്‍ എന്നു വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അവയില്‍ ഒന്ന് ഇതാണ്:

من ظلم قيد شبر من الارض طوقه الله من سبع ارضين – متفق

(ഒരാള്‍ ഭൂമിയില്‍നിന്നു ഒരു ചാണ്‍ സ്ഥലം അക്രമിച്ചെടു ത്താല്‍, ഏഴു ഭൂമികളില്‍ നിന്നുമായി അതു അവനു മാലയിടപ്പെടും. (ബു.മു.) ‘ഏഴു ഭൂമികളെപ്പറ്റി വന്നിട്ടുള്ള ഹദീസുകളുടെ അദ്ധ്യായം’ (باب ما جاء فى سبع ارضين) എന്ന ശീര്‍ഷകത്തില്‍ ഇതു കൂടാതെയും ഹദീസു ബുഖാരി (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഖുര്‍ആന്‍ വചനം അതില്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ഏഴു ആകാശങ്ങളെക്കുറിച്ചു പറഞ്ഞതു പോലെത്തന്നെയാണ് ഏഴു ഭൂമികളെക്കുറിച്ചും പറയുവാനുള്ളത്. അതിന്റെ യാഥാര്‍ത്ഥ്യവും വിശദവിവരവും അല്ലാഹുവിനു മാത്രം അറിയാം. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവരുടേതായ ചില വ്യാഖ്യാനങ്ങള്‍ കൊണ്ടു തൃപ്തിപ്പെടാറുണ്ടെന്നല്ലാതെ, സൂക്ഷ്മമായോ, തെളിവു സഹിതമോ സ്വീകാര്യമായ ഒരു അഭിപ്രായം ഇതേവരെ ആര്‍ക്കും രേഖപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. മനുഷ്യന്റെ അറിവിനും, അവന്റെ നിരീക്ഷണങ്ങള്‍ക്കും വിഷയീഭവിച്ചിട്ടില്ലാത്ത ചില ഭൂലോകങ്ങള്‍ അനന്തവിസ്തൃതമായ ആകാശമണ്ഡലത്തില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കുന്നതില്‍ യാതൊരു അസാംഗത്യവുമില്ല.

سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ

(ഏഴു ആകാശങ്ങളെയും, ഭൂമിയില്‍ നിന്നും തന്നെ അതു പോലെ)’ എന്ന ആശയത്തിന്റെ വ്യാഖ്യാനം ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അവിശ്വസിച്ചുപോയേക്കും- അഥവാ വ്യജമാക്കിയേക്കും’ എന്നും മറ്റും ഇബ്നു അബ്ബാസ്‌ (رضي الله عنه) പ്രസ്താവിച്ചതായി നിവേദനങ്ങള്‍ വന്നിട്ടുണ്ട്. അല്ലാഹു അറിയിച്ചു തന്നതു യാതൊരു ഏറ്റക്കുറവും വരുത്താതെ അങ്ങു വിശ്വസിക്കുക, യാഥാര്‍ത്ഥ്യം അവങ്കലേക്കു വിട്ടേക്കുക, കിട്ടിക്കഴിഞ്ഞ അറിവുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടു അവന്റെ സൃഷ്ടി വൈഭവത്തെപ്പറ്റി ചിന്തിക്കുക, ഇതാണ് നമുക്ക് ചെയ്യുവാനുള്ളത്.

ആകാശലോകങ്ങളാകട്ടെ, ഭൂമിലോകങ്ങളാകട്ടെ, അവയിലെല്ലാം തന്നെ അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണ് കാര്യങ്ങളെല്ലാം നടമാടിക്കൊണ്ടിരിക്കുന്നത്. അവന്‍ അറിയാതെയോ, അവന്റെ കല്‍പനാധികാരങ്ങള്‍ക്കനുസരിച്ചല്ലാതെയോ ഒരു കാര്യവും നടക്കുന്നില്ല. എല്ലാറ്റിന്റെയും സ്രഷ്ടാവെന്ന പോലെ എല്ലാറ്റിന്റെയും നിയന്താവും, ഭരണകര്‍ത്താവും അവന്‍ തന്നെ. അവന്‍ സര്‍വ്വശക്തനും, അവന്‍ സര്‍വ്വജ്ഞനുമാണ്. ഏറ്റവും അടിസ്ഥാനപരമായ ഈ പരമാര്‍ത്ഥങ്ങള്‍ മനുഷ്യന്‍ സദാ ഓര്‍ത്തും അറിഞ്ഞുമിരിക്കേണ്ടതുണ്ട്. അവന്റെ സകല നന്മയുടെയും അടിത്തറ ഇതത്രെ.

اللهم لك الحمد ولك المنة