വെളിച്ചം റമദാൻ 2021 – റമദാൻ 16

സൂറത്തു-ത്തഗാബുന്‍ : 01-10

തഗാബുൻ (നഷ്ടം വെളിപ്പെടല്‍)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 18 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

64:1

  • يُسَبِّحُ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١﴿
  • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീർത്തനം ചെയ്യുന്നു. അവനാണു രാജാധ്യപത്യം; അവന്നാണു സ്തുതിയും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
  • يُسَبِّحُ لِلَّـهِ അല്ലാഹുവിനു സ്തോത്രകീർത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും لَهُ الْمُلْكُ അവനാണു രാജത്വം, ആധിപത്യം وَلَهُ الْحَمْدُ അവനുതന്നെയാണ് സ്തുതിയും وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌

‘തസ്ബീഹി’ന്റെ (സ്തോത്രകീർത്തനത്തിന്റെ) വാക്യം കൊണ്ടാരംഭിക്കുന്ന സൂറത്തുകളി (المسبحات)ല്‍ അവസാനത്തേതാണിത്. ‘തസ്ബീഹി’നെക്കുറിച്ചു നാം മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. എല്ലാ വസ്തുക്കളും എന്തുകൊണ്ടു അല്ലാഹുവിനു തസ്ബീഹു ചെയ്യുന്നു, എന്തുകൊണ്ടു ചെയ്യണം? ഇതിനുള്ള കാരണവും ഈ വചനത്തില്‍ തന്നെ സംക്ഷിപ്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നതു കാണാം. തുടർന്നുള്ള വചനങ്ങളില്‍ നിന്നു കൂടുതല്‍ വിശദീകരണവും ലഭിക്കുന്നു.

64:2

  • هُوَ ٱلَّذِى خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾٢﴿
  • അവനത്രെ, നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ടു, നിങ്ങളില്‍ (ചിലര്‍) അവിശ്വാസിയുണ്ട്; നിങ്ങളില്‍ (ചിലര്‍) സത്യവിശ്വാസിയും ഉണ്ട്. നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനുമാകുന്നു.
  • هُوَ അവനത്രെ الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവന്‍ فَمِنكُمْ എന്നിട്ടു നിങ്ങളില്‍ നിന്നു (ചിലര്‍), നിങ്ങളിലുണ്ടു كَافِرٌ അവിശ്വാസി وَمِنكُم നിങ്ങളിൽനിന്നു, നിങ്ങളിലുണ്ടു مُّؤْمِنٌ സത്യവിശ്വാസി(യും) وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്‌

64:3

  • خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ وَإِلَيْهِ ٱلْمَصِيرُ ﴾٣﴿
  • ആകാശങ്ങളെയും, ഭൂമിയെയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങനെ, നിങ്ങളുടെ രൂപങ്ങളെ നന്നാക്കിത്തീർക്കുകകയും ചെയ്തിരിക്കുന്നു. അവങ്കലേക്കത്രെ, തിരിച്ചെത്തലും.
  • خَلَقَ السَّمَاوَاتِ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാർത്ഥ (മുറ – ന്യായ – കാര്യ) പ്രകാരം وَصَوَّرَكُمْ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു فَأَحْسَنَ അങ്ങനെ അവന്‍ നന്നാക്കി صُوَرَكُمْ നിങ്ങളുടെ രൂപങ്ങളെ وَإِلَيْهِ അവങ്കലേക്കാണ് الْمَصِيرُ തിരിച്ചെത്തല്‍, ചെന്നുചേരല്‍

64:4

  • يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٤﴿
  • ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവന്‍ അറിയുന്നു; നിങ്ങള്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു, നെഞ്ചുകളില്‍ [ഹൃദയങ്ങളില്‍] ഉള്ളതിനെപ്പറ്റി അറിയുന്നവനുമാണ്.
  • يَعْلَمُ അവന്‍ അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും وَاللَّـهُ عَلِيمٌ അല്ലാഹു അറിയുന്നവനുമാണ്‌ بِذَاتِ الصُّدُور നെഞ്ചു (ഹൃദയം) കളിലുള്ളതിനെ

മേല്‍ വിവരിച്ച യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് അവിശ്വാസികളായിത്തീർന്ന മുൻസമുദായങ്ങള്‍ അനുഭവിക്കേണ്ടിവന്ന അതേ ദുരന്തഫലങ്ങള്‍ നിലവിലുള്ള ഈ ജനതക്കും ഒരു പാഠമായിരിക്കേണ്ടതുണ്ടെന്നു അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു.

64:5

  • أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَبْلُ فَذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴾٥﴿
  • മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങൾക്കു വന്നിട്ടില്ലേ?- എന്നിട്ട് തങ്ങളുടെ കാര്യത്തിന്റെ ദുരന്തഫലം അവര്‍ ആസ്വദിച്ചു; അവർക്കു വേദനയേറിയ ശിക്ഷയും ഉണ്ട്.
  • أَلَمْ يَأْتِكُمْ നിങ്ങൾക്കു വന്നിട്ടില്ലേ نَبَأُ വൃത്താന്തം, വര്‍ത്തമാനം الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ مِن قَبْلُ മുമ്പു فَذَاقُوا എന്നിട്ടവര്‍ ആസ്വദിച്ചു, രുചിച്ചുനോക്കി وَبَالَ കഠിനഫലം, കെടുതി, ദുരന്തം أَمْرِهِمْ അവരുടെ കാര്യ (വിഷയ) ത്തിന്റെ وَلَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുമുണ്ടു أَلِيمٌ വേദനയേറിയ

64:6

  • ذَٰلِكَ بِأَنَّهُۥ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَٰتِ فَقَالُوٓا۟ أَبَشَرٌ يَهْدُونَنَا فَكَفَرُوا۟ وَتَوَلَّوا۟ ۚ وَّٱسْتَغْنَى ٱللَّهُ ۚ وَٱللَّهُ غَنِىٌّ حَمِيدٌ ﴾٦﴿
  • അതു ഇതുകൊണ്ടാണ്: (അതായതു) അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുക്കല്‍ ചെന്നിരുന്നു; അപ്പോള്‍ അവര്‍ പറഞ്ഞു: ‘മനുഷ്യരോ നമുക്കു മാർഗദർശനം നൽകുന്നു?’ അങ്ങനെ, അവര്‍ അവിശ്വസിക്കുകയും, തിരിഞ്ഞുകളയുകയും ചെയ്തു; (അവരില്‍ നിന്നു) അല്ലാഹുവും ധന്യത കാണിച്ചു. [ഇതാണ് കാരണം]. അല്ലാഹു (പരാശ്രയം വേണ്ടാത്ത) ധന്യനും, സ്തുത്യർഹനുമാണ്.
  • ذَٰلِكَ അതു بِأَنَّهُ കാര്യം (ആണു) എന്നതുകൊണ്ടാണ് كَانَت تَّأْتِيهِمْ അവർക്കു വന്നു (ചെന്നു)കൊണ്ടിരുന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായവ (തെളിവുകള്‍) കൊണ്ടു فَقَالُوا എന്നിട്ടവര്‍ പറഞ്ഞു أَبَشَرٌ മനുഷ്യരോ يَهْدُونَنَا നമ്മെ സന്മാർഗത്തിലാക്കുന്നു فَكَفَرُوا അങ്ങനെ അവര്‍ അവിശ്വസിച്ചു وَتَوَلَّوا അവര്‍ തിരിഞ്ഞുകളയുകയും ചെയ്തു وَّاسْتَغْنَى ധന്യത (അനാശ്രയത) കാണിക്കുകയും ചെയ്തു, ഐശ്വര്യമായി اللَّـهُ അല്ലാഹു وَاللَّـهُ അല്ലാഹുവാകട്ടെ غَنِيٌّ ധന്യനാണ്, ഐശ്വര്യവാനാണ്, അനാശ്രയനാണ് حَمِيدٌ സ്തുത്യർഹനാണ്, സ്തുതിക്കപ്പെടുന്നവനാണ്

റസൂലുകള്‍ വേണ്ടത്ര തെളിവുകളുമായി ചെന്നിട്ടും അതൊന്നും വകവെക്കാതെ, നമ്മെ നേർമാർഗത്തിലാക്കുവാന്‍ വന്നിരിക്കുന്നതു നമ്മെപ്പോലുള്ള മനുഷ്യരാണോ എന്നു പറഞ്ഞ് അതെല്ലാം അവര്‍ നിരസിച്ചു. അല്ലാഹുവിന്റെ ആശ്രയവും സഹായവും തങ്ങൾക്കാവശ്യമില്ലാത്ത നിലപാടാണ് അവര്‍ സ്വീകരിച്ചത്. അല്ലാഹുവാകട്ടെ ആരുടെയും യാതൊരാശ്രയവും ആവശ്യമില്ലാത്ത ധന്യനുമാണ്. അവര്‍ അവരുടെ പാട്ടിനു പോകട്ടെ എന്നുവെച്ച് അല്ലാഹു അവരെ പുറംതള്ളുകയും ചെയ്തു. ഇതാണവർക്കു വമ്പിച്ച നാശങ്ങള്‍ പിണയുവാന്‍ കാരണമായത്.

64:7

  • زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾٧﴿
  • അവിശ്വസിച്ചവര്‍ ജൽപിക്കുകയാണ്. അവര്‍ (മരണാനന്തരം) എഴുന്നേൽപ്പിക്കപ്പെടുന്നതേയല്ല എന്ന്. (നബിയേ) പറയുക: ‘ഇല്ലാതേ! എന്റെ റബ്ബ് തന്നെയാണ (സത്യം)! നിശ്ചയമായും, നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും; പിന്നീടു നിങ്ങള്‍ പ്രവർത്തിച്ചതിനെപ്പറ്റി നിങ്ങൾക്കു വൃത്താന്തമറിയിക്കപ്പെടും. അതു അല്ലാഹുവിന്റെമേല്‍ നിസ്സാര കാര്യമാകുന്നു.’
  • زَعَمَ ജൽപിച്ചു, വാദിച്ചു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَن لَّن يُبْعَثُوا അവര്‍ എഴുന്നേല്‍പിക്ക (പുനരെഴുന്നേല്‍പിക്ക) പ്പെടുന്നതേയല്ല എന്നു قُلْ പറയുക بَلَىٰ ഇല്ലാതേ, ഉണ്ട്, ഉവ്വ് وَرَبِّي എന്റെ റബ്ബു തന്നെയാണ لَتُبْعَثُنَّ നിശ്ചയമായും നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും ثُمَّ لَتُنَبَّؤُنَّ പിന്നീടു നിങ്ങൾക്കു വൃത്താന്തം അറിയിക്കപ്പെടും നിശ്ചയം بِمَا عَمِلْتُمْ നിങ്ങള്‍ പ്രവർത്തിച്ചതിനെപ്പറ്റി وَذَٰلِكَ അതു عَلَى اللَّـه അല്ലാഹുവിന്റെമേല്‍ يَسِيرٌ നിസ്സാരമാണ്, എളുപ്പമുള്ളതാണ്

മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവരോട് ഇങ്ങിനെ ശക്തിയായി ആണയിട്ട് ഉറപ്പിച്ചു മറുപടി പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കൽപിക്കുന്ന മൂന്നു തിരുവചനങ്ങളുള്ളതില്‍ മൂന്നാമത്തേതാണ് ഈ വചനം. ഒന്നാമത്തേതു സൂ: യൂനുസ്: 53ലും, രണ്ടാമത്തേതു സൂ: സബഉ്: 3ലും കാണാം. വിഷയത്തിന്റെ ഗൗരവത്തെയാണിതു കുറിക്കുന്നത്. രണ്ടാമതൊരു ജീവിതം നൽകൽ ഒരു അസാധ്യകാര്യമായി നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിലും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതു ഒട്ടും തന്നെ പ്രയാസപ്പെട്ടതല്ല -വളരെ നിസ്സാരമാണ്- എന്നു ഓർമ്മിപ്പിക്കുകയും ചെയ്യുന്നു:

64:8

  • فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾٨﴿
  • ആകയാല്‍, അല്ലാഹുവിലും, അവന്റെ റസൂലിലും നാം അവതരിപ്പിച്ചിട്ടുള്ള പ്രകാശത്തിലും നിങ്ങള്‍ വിശ്വസിച്ചു കൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
  • فَآمِنُوا ആകയാല്‍ വിശ്വസിക്കുവിന്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും وَالنُّورِ പ്രകാശത്തിലും الَّذِي أَنزَلْنَا നാം ഇറക്കിയതായ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്

ഖുർആനെ ഉദ്ദേശിച്ചാണ് ഇവിടെ പ്രകാശം (النُّور) എന്നു പറഞ്ഞിരിക്കുന്നത്. അജ്ഞത, അസത്യം, ദുർമാർഗം ആദിയായ ഇരുട്ടുകളില്‍നിന്നു ജ്ഞാനത്തിലേക്കും, സത്യത്തിലേക്കും, സന്മാർഗത്തിലേക്കും വെളിച്ചം നൽകുന്ന പ്രകാശമാണല്ലോ അത്.

64:9

  • يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴾٩﴿
  • ഒരുമിച്ചുകൂട്ടുന്ന (ആ) ദിവസത്തേക്കു നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓർമിക്കുക);- അതത്രെ നഷ്ടം വെളിപ്പെടുത്തുന്ന ദിവസം! ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നുവോ അവനു അവന്റെ തിന്മകളെ അവന്‍ മറച്ചു (പൊറുത്തു) കൊടുക്കുന്നതാണ്; അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും; അതില്‍ എന്നെന്നും സ്ഥിരവാസികളായ നിലയില്‍. അതത്രെ മഹത്തായ ഭാഗ്യം!
  • يَوْمَ يَجْمَعُكُمْ നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം لِيَوْمِ الْجَمْعِ ഒരുമിച്ചുകൂട്ടുന്ന ദിവസത്തേക്കു ذَٰلِكَ അതു, അതത്രെ يَوْمُ التَّغَابُنِ നഷ്ടം വെളിപ്പെടുത്തുന്ന (ലാഭ നഷ്ടം നോക്കുന്ന) ദിവസം وَمَن يُؤْمِن بِاللَّـهِ ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ وَيَعْمَلْ പ്രവർത്തിക്കുകയും صَالِحًا സൽകർമ്മം, നല്ലതു يُكَفِّرْ عَنْهُ അവനിൽനിന്നു മറച്ചു (മൂടി) കൊടുക്കും سَيِّئَاتِهِ അവന്റെ തിന്മകളെ وَيُدْخِلْهُ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും جَنَّاتٍ സ്വർഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന, നടക്കുന്ന مِن تَحْتِهَا അതിന്റെ അടിയിൽകൂടി الْأَنْهَارُ അരുവി (നദി) കള്‍ خَالِدِينَ فِيهَا അതില്‍ സ്ഥിര (ശാശ്വത) വാസികളായ നിലക്കു أَبَدًا എന്നെന്നും എക്കാലവും ذَٰلِكَ الْفَوْزُ അതത്രെ ഭാഗ്യം, അതു വിജയമത്രെ الْعَظِيمُ മഹത്തായ, വമ്പിച്ച

64:10

  • وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ خَٰلِدِينَ فِيهَا ۖ وَبِئْسَ ٱلْمَصِيرُ ﴾١٠﴿
  • അവിശ്വസിക്കുകയും നമ്മുടെ ‘ആയത്തു’കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ നരകത്തിന്റെ ആൾക്കാരാകുന്നു – അതില്‍ സ്ഥിരവാസികളായ നിലയില്‍. (ആ) തിരിച്ചെത്തുന്ന സ്ഥാനം എത്രയോ ചീത്ത!
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്തുകളെ أُولَـٰئِكَ അക്കൂട്ടര്‍أَصْحَابُ النَّارِ നരകക്കാരാണ് خَالِدِينَ فِيهَا അതില്‍ സ്ഥിരവാസികളായ നിലയില്‍ وَبِئْسَ എത്രയോ ചീത്ത, വളരെ മോശമാണ് الْمَصِيرُ (ആ) തിരിച്ചെത്തുന്ന സ്ഥലം, മടക്കം

ഇഹത്തില്‍വെച്ചു ജീവപര്യന്തം നടത്തിയ വ്യാപാരങ്ങളുടെയെല്ലാം കണക്കു പരിശോധിച്ച് ആർക്കെല്ലാമാണ്‌ നഷ്ടം പിണഞ്ഞിരിക്കുന്നത്. ആർക്കെല്ലാമാണ്‌ ലാഭം കിട്ടിയിരിക്കുന്നത് എന്നു തിട്ടപ്പെടുത്തുന്ന ദിവസം അന്നാണല്ലോ. അതുകൊണ്ടാണ് ആ ദിവസത്തിനു നഷ്ടം വെളിപ്പെടുത്തുന്ന – അഥവാ ലാഭനഷ്ടം കണക്കു നോക്കുന്ന – ദിവസം (يومُ التَّغَابُنِ) എന്നു പറഞ്ഞത്. ആരാണ് ലാഭം നേടിയവരെന്നും എന്താണ് അവർക്കു ലാഭം കിട്ടിയതെന്നും, ആരാണ് നഷ്ടക്കാരെന്നും, എന്താണവർക്കു പിണഞ്ഞ നഷ്ടമെന്നും തുടർന്നു പറഞ്ഞതില്‍നിന്നു തന്നെ സ്പഷ്ടമാണ്.