സൂറത്തുസ്-സ്വഫ്ഫ് : 07-14
സ്വഫ്ഫ് (അണി)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 14 – വിഭാഗം (റുകൂഅ്) 2
61:7
- وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ وَهُوَ يُدْعَىٰٓ إِلَى ٱلْإِسْلَٰمِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ﴾٧﴿
- അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുന്നവനേക്കാള്‍ അക്രമി ആരുണ്ടു. അവനാകട്ടെ, ഇസ്‌ലാമിലേക്കു ക്ഷണിക്കപ്പെടുകയും ചെയ്യുന്നു (എന്നിട്ടും)?! അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല.
- وَمَنْ أَظْلَمُ ആരാണ് ഏറ്റവും അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ الْكَذِبَ വ്യാജം, കളവു وَهُوَ അവനാകട്ടെ يُدْعَىٰ ക്ഷണിക്കപ്പെടുന്നു إِلَى الْإِسْلَامِ ഇസ്‌ലാമിലേക്കു وَاللَّـهُ لَا يَهْدِي അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനങ്ങളെ
- يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَٰفِرُونَ ﴾٨﴿
- തങ്ങളുടെ വായകൊണ്ടു അല്ലാഹുവിന്റെ പ്രകാശം കെടുത്തികളയുവാന്‍ അവര്‍ ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനുമാണ് – അവിശ്വാസികള്‍ക്കു വെറുപ്പായാലും ശരി.
- يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു لِيُطْفِئُوا അവര്‍ കെടുത്തുകളയുവാന്‍ نُورَ اللَّـهِ അല്ലാഹുവിന്റെ പ്രകാശത്തെ بِأَفْوَاهِهِمْ അവരുടെ വായകള്‍കൊണ്ടു وَاللَّـهُ അല്ലാഹുവാകട്ടെ مُتِمُّ نُورِهِ തന്റെ പ്രകാശത്തെ പൂര്‍ത്തിയാക്കുന്നവനാണ് وَلَوْ كَرِهَ വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി الْكَافِرُونَ അവിശ്വാസികള്‍
- هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ ﴾٩﴿
- അവനത്രെ, തന്റെ റസൂലിനെ മാര്‍ഗദര്‍ശനവും, യഥാര്‍ത്ഥമതവും കൊണ്ട് അയച്ചിട്ടുള്ളവന്‍, എല്ലാ മതത്തെക്കാളും അതിനെ (വിജയിപ്പിച്ചു) പ്രത്യക്ഷപ്പെടുത്തുവാന്‍ വേണ്ടി; ബഹുദൈവ വിശ്വാസികള്‍ക്കു വെറുപ്പായാലും ശരി.
- هُوَ الَّذِي അവന്‍ യാതൊരുവനത്രെ أَرْسَلَ അയച്ച, നിയോഗിച്ച رَسُولَهُ തന്റെ റസൂലിനെ بِالْهُدَىٰ സന്‍മാര്‍ഗവും കൊണ്ടു وَدِينِ الْحَقِّ യഥാര്‍ത്ഥ (സത്യ)മതവും لِيُظْهِرَهُ അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍, വിജയിപ്പിക്കുവാന്‍വേണ്ടി عَلَى الدِّينِ كُلِّهِ എല്ലാ മതത്തെക്കാളും, മതത്തിനു മീതെയും وَلَوْ كَرِهَ വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി الْمُشْرِكُونَ ബഹുദൈവവിശ്വാസികള്‍
ഈ പ്രവചനം ഇവിടെ മാത്രമല്ല, സൂ: തൗബഃ 32, 33ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതു കാണാം. വിശുദ്ധ ഖുര്‍ആനും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യവിഷയങ്ങളുമാണ് അല്ലാഹുവിന്റെ പ്രകാശംകൊണ്ടു വിവക്ഷ. അതിനെ വായകൊണ്ടു ഊതിക്കെടുക്കുവാനോ, ദുരാരോപണങ്ങളും അപവാദങ്ങളും വഴി കെടുത്തിക്കളയുവാനോ ആര്‍ക്കും സാധ്യമല്ല. ലക്ഷ്യങ്ങളുടെയും ദൃഷ്ടാന്തങ്ങളുടെയും ദൃഢത, പ്രമാണങ്ങളുടെ സ്വീകാര്യത, വിശുദ്ധ ഖുര്‍ആന്റെ സുരക്ഷത, അതിന്റെ സത്യത, ന്യായത, വ്യക്തത എന്നിവമൂലം മറ്റേതു മതത്തേക്കാളും അതു മികച്ചുകൊണ്ടു തന്നെയിരിക്കും. ലോകമുള്ള കാലത്തോളം സത്യനിഷേധികളും എതിരാളികളും അതിന്നുണ്ടായേക്കാം. അവരുടെ പ്രതിഷേധമോ അമര്‍ഷമോ അതിന്നൊരിക്കലും പ്രതിബന്ധമായിരിക്കയില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രവചനം ചെയ്തിട്ടുള്ളതുപോലെ, ഒരു വിഭാഗം ആളുകളെങ്കിലും അതിന്റെ യഥാര്‍ത്ഥ അനുയായികളായി ലോകാവസാനംവരെ ശേഷിക്കാതിരിക്കയുമില്ല. (كمافي البخاري ومسلم)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തെക്കുറിച്ചു പറയുകയാണെങ്കില്‍, ശിര്‍ക്കിന്റെയും, കുഫ്റിന്റെയും ആള്‍ക്കാരെല്ലാം ഇസ്‌ലാമിനു വഴങ്ങേണ്ടിവന്ന ചരിത്രം പ്രസിദ്ധമാണ്. ഇസ്‌ലാമല്ലാത്ത ഏതൊരു മതത്തെ എടുത്താലും ആ മതത്തിന്റെ സാക്ഷാല്‍ പ്രമാണമായി അതിന്റെ അനുയായികളെന്നു അവകാശപ്പെടുന്നവര്‍ക്കിടയില്‍ പരിപൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ട ഒരു ഗ്രന്ഥരേഖ – യാതൊന്നും അതില്‍ കൂട്ടുവാനോ കിഴിക്കുവാനോ ഇല്ലെന്നു അവര്‍ ഏകകണ്ഠമായി സമ്മതിക്കുന്ന ഒരു വേദഗ്രന്ഥം – സമര്‍പ്പിക്കുവാന്‍ അവര്‍ക്കു കഴിയുകയില്ലതന്നെ. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, അവര്‍ക്കിടയില്‍ എന്തുതന്നെ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും തങ്ങളുടെ മൂലപ്രമാണം വിശുദ്ധ ഖുര്‍ആനാണെന്നും, അതില്‍ വല്ലതും ചേര്‍ക്കുവാനോ കുറക്കുവാനോ ഇല്ലെന്നുമുള്ള കാര്യത്തില്‍ അവര്‍ എകാഭിപ്രായക്കാരാക്കുന്നു. അപ്പോള്‍, വിശുദ്ധ ഖുര്‍ആന്‍ നിലവിലുള്ള കാലത്തോളം – അതാകട്ടെ, ലോകാവസാനംവരെ നിലനില്‍ക്കുകയും ചെയ്യും – അല്ലാഹുവിന്റെ പ്രകാശം പൊലിയാതെയും, അവന്റെ മതം തിരോധാനം ചെയ്യാതെയും അവശേഷിക്കുകതന്നെ ചെയ്യും.
വിഭാഗം – 2
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ﴾١٠﴿
- ഹേ, വിശ്വസിച്ചവരേ, വേദനയേറിയ ഒരു ശിക്ഷയില്‍നിന്നു നിങ്ങള്‍ക്കു രക്ഷനല്‍കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു അറിയിച്ചു തരട്ടെയോ?-
- يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചു തരട്ടെയോ عَلَىٰ تِجَارَةٍ ഒരു കച്ചവട (വ്യാപാര) ത്തെപ്പറ്റി تُنجِيكُم നിങ്ങളെ രക്ഷപ്പെടുത്തുന്ന مِّنْ عَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയില്‍നിന്നു
- تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾١١﴿
- നിങ്ങള്‍ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കണം; അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ ധനങ്ങള്‍കൊണ്ടും, ദേഹങ്ങള്‍കൊണ്ടും സമരം ചെയ്യുകയും വേണം. ആയതു നിങ്ങള്‍ക്കു ഗുണകരമാകുന്നു – നിങ്ങള്‍ക്കു അറിയാമെങ്കില്‍!
- تُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുക, വിശ്വസിക്കണം بِاللَّـهِ وَرَسُولِهِ അല്ലാഹുവിലും അവന്റെ റസൂലിലും وَتُجَاهِدُونَ നിങ്ങള്‍ സമരം ചെയ്യുകയും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ بِأَمْوَالِكُمْ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടു وَأَنفُسِكُمْ നിങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണകരമാണ്, നല്ലതാണ് إِن كُنتُمْ നിങ്ങള്‍ആകുന്നുവെങ്കില്‍ تَعْلَمُونَ അറിയുന്നു (വെങ്കില്‍)
- يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ وَمَسَٰكِنَ طَيِّبَةً فِى جَنَّٰتِ عَدْنٍ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴾١٢﴿
- (എന്നാല്‍) നിങ്ങളുടെ പാപങ്ങള്‍ അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും; അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളിലും, സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങളിലുള്ള വിശിഷ്ടമായ പാര്‍പ്പിടങ്ങളിലും നിങ്ങളെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അതത്രെ, മഹത്തായ ഭാഗ്യം.
- يَغْفِرْ لَكُمْ അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും ذُنُوبَكُمْ നിങ്ങളുടെ പാപങ്ങള്‍ وَيُدْخِلْكُمْ നിങ്ങളെ പ്രവേശിപ്പിക്കയും ചെയ്യും جَنَّاتٍ ചില സ്വര്‍ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന الْأَنْهَارُ അരുവി (നദി) കള്‍ وَمَسَاكِنَ പാര്‍പ്പിടങ്ങളിലും طَيِّبَةً വിശിഷ്ടമായ, നല്ല, പരിശുദ്ധമായ فِي جَنَّاتِ عَدْنٍ സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ ذَٰلِكَ അതു, അതത്രെ الْفَوْزُ الْعَظِيمُ വമ്പിച്ചഭാഗ്യം
- وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ ٱللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ ٱلْمُؤْمِنِينَ ﴾١٣﴿
- മറ്റൊരു കാര്യവും (കൂടി) – അതു നിങ്ങള്‍ ഇഷ്ടപ്പെടുന്നതാണ് (അതെ) അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും, ആസന്നമായ ഒരു വിജയവും! (നബിയേ) സത്യവിശ്വാസികള്‍ക്കു നീ സന്തോഷ വാര്‍ത്ത അറിയിച്ചുകൊള്ളുക.
- وَأُخْرَىٰ മറ്റൊരു കാര്യവും تُحِبُّونَهَا നിങ്ങളതു ഇഷ്ടപ്പെടും, ഇഷ്ടപ്പെടുന്ന نَصْرٌ مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നുള്ള സഹായം وَفَتْحٌ قَرِيبٌ ആസന്നമായ ഒരു വിജയവും وَبَشِّرِ സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിന്റെ പ്രാധാന്യം ആദ്യം ചൂണ്ടിക്കാട്ടി. മൂസാ (عليه السلام) നബിയുടെ ജനതയെപ്പോലെ ഉപദ്രവകാരികളാവരുതെന്നും ഈസാ (عليه السلام) നബിയുടെ ജനതയെപ്പോലെ തെളിവുകളെ നിരാകരിക്കരുതെന്നും തുടര്‍ന്നു ഉപദേശിച്ചു. അതിനുശേഷം സത്യവിശ്വാസികളെ ആ സമരമാകുന്ന വ്യാപാരത്തില്‍ വ്യാപ്തരാകുവാന്‍ ക്ഷണിക്കുകയാണ്. ഈ കച്ചവടത്തിനുള്ള മൂലധനം സത്യവിശ്വാസം. അതിലെ ചരക്കുകള്‍ ധനംകൊണ്ടും ദേഹംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സേവനം ചെയ്യലും. അതിന്റെ നേട്ടമോ ? വേദനയേറിയ നരകശിക്ഷയില്‍ നിന്നു രക്ഷപ്പെടലും, പാപം പൊറുത്തുകിട്ടലും, സുഖസമ്പൂര്‍ണ്ണമായ ശാശ്വത സ്വര്‍ഗവും! ഇതെല്ലാം ഭാവിയിലേക്കുള്ള വാഗ്ദാനങ്ങളാണല്ലോ. ഈ ജീവിതത്തില്‍ ഈ കച്ചവടം മുഖേനനേട്ടമൊന്നും ഉണ്ടാകാനില്ലേ? ഉണ്ട്. വേറെയും നേട്ടങ്ങളുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യം തന്നെ. അതെ, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും താമസംവിനാ ശത്രുക്കള്‍ക്കെതിരില്‍ കൈവരുന്ന വിജയവുമാണത്. ഇതില്‍പരം ഭാഗ്യകരമായ വ്യാപാരം മറ്റെന്തുണ്ട്?! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കും സഹാബികള്‍ക്കും മാത്രമല്ല, സത്യവിശ്വാസികള്‍ ഏതെല്ലാം കാലത്തു വിശ്വാസപൂര്‍വ്വം ഈ കച്ചവടത്തില്‍ വ്യാപൃതരായിട്ടുണ്ടോ അക്കാലത്തെല്ലാം അവര്‍ക്കു അല്ലാഹുവിന്റെ സഹായവും, വിജയവും ലഭിച്ചിട്ടുണ്ടുതാനും. ഭാവിവാഗ്ദാനങ്ങള്‍ പരലോകത്തുവെച്ചു അവര്‍ക്കു ലഭിക്കുകയും ചെയ്യും. കര്‍മ്മങ്ങളില്‍വെച്ചു അല്ലാഹുവിങ്കല്‍ ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണെന്നു അന്വേഷിച്ച ചില സഹാബികള്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ സൂറത്തു ഓതികേള്‍പ്പിക്കുകയുണ്ടായെന്നു ഹദീസില്‍ വന്നിരിക്കുന്നു (അ;തി.) അല്ലാഹു നമുക്കു തൗഫീഖു നല്‍കട്ടെ. ആമീന്‍.
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّۦنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَٰهِرِينَ ﴾١٤﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിത്തീരുവിന്‍; മര്‍യമിന്റെ മകന്‍ ഈസാ ‘ഹവാരി’ കളോടു; ‘അല്ലാഹുവിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്റെ സഹായികള്‍ ആരാണ് എന്നു പറഞ്ഞതുപോലെ; ‘ഹവാരി’കള്‍ പറഞ്ഞു : ‘ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്’ എന്ന്‍. [ഇതുപോലെ നിങ്ങളും ആയിരിക്കുവിന്‍.] എന്നിട്ട്, ഇസ്രാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരു വിഭാഗം വിശ്വസിച്ചു: ഒരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. അപ്പോള്‍, വിശ്വസിച്ചവര്‍ക്കു അവരുടെ ശത്രുവിന്നെതിരെ നാം ബലം നല്‍കി; അങ്ങനെ അവര്‍ (വിജയം നേടി) പ്രത്യക്ഷരായിത്തീര്‍ന്നു.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ كُونُوا നിങ്ങള്‍ ആയിരിക്കുവിന്‍ أَنصَارَ اللَّـهِ അല്ലാഹുവിന്റെ സഹായികള്‍ كَمَا قَالَ പറഞ്ഞതുപോലെ عِيسَى ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ ഈസാ لِلْحَوَارِيِّينَ ഹവാരികളോടു (ശിഷ്യഗണങ്ങളോടു) مَنْ أَنصَارِي എന്റെ സഹായികള്‍ ആരാണു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു قَالَ الْحَوَارِيُّونَ ഹവാരികള്‍ പറഞ്ഞു نَحْنُ ഞങ്ങള്‍ أَنصَارُ اللَّـهِ അല്ലാഹുവിന്റെ സഹായികളാണു فَآمَنَت എന്നിട്ടു വിശ്വസിച്ചു طَّائِفَةٌ ഒരു വിഭാഗം مِّن بَنِي إِسْرَائِيلَ ഇസ്രാഈല്യരില്‍ നിന്നു وَكَفَرَت അവിശ്വസിക്കയും ചെയ്തു طَّائِفَةٌ ഒരു വിഭാഗം فَأَيَّدْنَا അപ്പോള്‍ നാം ബലപ്പെടുത്തി الَّذِينَ آمَنُوا വിശ്വസിച്ചവരെ عَلَىٰ عَدُوِّهِمْ അവരുടെ ശത്രുക്കളുടെ മേല്‍ (എതിരെ) فَأَصْبَحُوا അങ്ങനെ അവരായിത്തീര്‍ന്നു ظَاهِرِينَ പ്രത്യക്ഷപ്പെട്ടവര്‍, വിജയികള്‍
حَوَارِيِّونَ (‘ഹവാരി’കള്‍) എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം എന്താണെന്നു അല്ലാഹുവിനറിയാം. ‘വസ്ത്രം അലക്കുന്നവര്‍, ഹൃദയം ശുദ്ധീകരിക്കുന്നവര്‍, വേട്ടക്കാര്‍’ എന്നിങ്ങിനെയുള്ള ചില അര്‍ത്ഥങ്ങളും, ആ പേരു വരാനുള്ള ചില കാരണങ്ങളും പലരും പറഞ്ഞു കാണുന്നു. ഒന്നും തിട്ടപ്പെടുത്തുവാന്‍ തെളിവില്ല. ഏതായാലും ഈസാ (عليه السلام) ന്റെ പ്രധാന ശിഷ്യഗണങ്ങളായ പന്ത്രണ്ടുപേരെ ഉദ്ദേശിച്ചാണ് ഈ വാക്കു ഉപയോഗിക്കപ്പെടുന്നതു എന്നതില്‍ തര്‍ക്കമില്ല. ഇവര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രബോധനം അതിവിദൂര രാജ്യങ്ങളിലെല്ലാം എത്തിക്കഴിഞ്ഞത്. അതുകൊണ്ട് ഈസാ (عليه السلام)ന്റെ ദൂതന്‍മാര്‍ എന്നു ഈ വാക്കിനു വിവക്ഷ നല്കപ്പെടുന്നു. ഇവരെക്കുറിച്ചാണ് ‘അപ്പോസ്തലന്മാര്‍’ (Apostles) എന്നു പറയപ്പെടുന്നത്.
ഈസാ നബി (عليه السلام) ജനങ്ങളെ സത്യവിശ്വാസത്തിലേക്കു ക്ഷണിച്ചുകൊണ്ടു ചെയ്ത പ്രസ്താവനകള്‍ ഉദ്ധരിച്ച ശേഷം സൂഃ ആലുഇംറാനില്‍ അല്ലാഹു പറയുന്നു:
فَلَمَّا أَحَسَّ عِيسَىٰ مِنْهُمُ الْكُفْرَ قَالَ مَنْ أَنصَارِي إِلَى اللَّـهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللَّـهِ آمَنَّا بِاللَّـهِ وَاشْهَدْ بِأَنَّا مُسْلِمُونَ – ال عمران :٥٢
(സാരം: എന്നിട്ടു, ഈസാക്ക് അവരില്‍നിന്നു അവിശ്വാസം അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘ആരാണു അല്ലാഹുവിങ്കലേക്കുള്ള എന്റെ സഹായികള്‍?’ ‘ഹവാരികള്‍’ പറഞ്ഞു : ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്, ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വാസിച്ചിരിക്കുന്നു; ഞങ്ങള്‍ മുസ്‌ലിംകളാണെന്നു താങ്കള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക.’ ആലുഇംറാന്‍: 52) ഇതു പോലെ അവിശ്വാസത്തിനെതിരില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗവും സേവനവും ചെയ്‌വാന്‍ നിങ്ങളും സന്നദ്ധരാകണമെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.
എന്നാല്‍, ഈസാ (عليه السلام) നബിയുടെ ദൗത്യം ഇസ്രാഈല്യരില്‍ ഒരു വിഭാഗം ആളുകള്‍ സ്വീകരിച്ചുവെങ്കിലും ഒരു വിഭാഗം ആളുകള്‍ ഇവരാണ് -യഹൂദികള്‍- നിഷേധിക്കയാണുണ്ടായത്. വിശ്വസിച്ചവര്‍ അല്ലാഹുവിന്റെ സഹായത്തിനും, അനുഗ്രഹത്തിനും പാത്രമായി. ആത്മീയശക്തി നല്‍കി അല്ലാഹു അവരെ ബലപ്പെടുത്തുകയും എതിരാളികളെ പരാജയപ്പെടുത്തി അവര്‍ക്കു വിജയം നല്‍കുകയും ചെയ്തു. അതുപോലെ, നിങ്ങളും അല്ലാഹുവിനെ – അല്ലാഹുവിന്റെ മതത്തെ – സഹായിച്ചാല്‍ അല്ലാഹു നിങ്ങളെയും സഹായിക്കും, ശത്രുക്കള്‍ക്കെതിരില്‍ നിങ്ങളുടെ കാലടികളെ ഉറപ്പിച്ചു വിജയം നല്‍കുകയും ചെയ്യും എന്നു ഇതില്‍നിന്നു മനസ്സിലാക്കാമല്ലോ എന്നു താല്‍പര്യം. (إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ)
اللهم اجعلنا ممن نصر الله ورسوله اللهم لك الحمد ولك المنة الفضل
