സൂറത്തുല്‍ ഹശ്ര്‍ : 11-17
വിഭാഗം – 2
- ۞ أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُوا۟ يَقُولُونَ لِإِخْوَٰنِهِمُ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَٰذِبُونَ ﴾١١﴿
- (നബിയേ) കപടതകാണിക്കുന്നവരെ നീ കണ്ടില്ലേ? വേദക്കാരില്‍നിന്ന്‍ അവിശ്വസിച്ചവരായ തങ്ങളുടെ സഹോദരന്‍മാരോടു അവര്‍ പറയുന്നു: ‘നിങ്ങള്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, നിശ്ചയമായും, ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുകതന്നെ ചെയ്യും; നിങ്ങളുടെ വിഷയത്തില്‍ ഒരാളെയും ഒരു കാലത്തും ഞങ്ങള്‍ അനുസരിക്കുന്നതുമല്ല; നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ, നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.’ അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു: നിശ്ചയമായും അവര്‍ വ്യാജം പറയുന്നവരാകുന്നു എന്ന്‍.
- أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരുവരിലേക്കു نَافَقُوا കപടത പ്രവര്‍ത്തിച്ച (കപടവിശ്വാസം സ്വീകരിച്ച) يَقُولُونَ അവര്‍ പറയുന്നു لِإِخْوَانِهِمُ തങ്ങളുടെ സഹോദരന്‍മാരോടു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന്‍ لَئِنْ أُخْرِجْتُمْ നിങ്ങള്‍ ബഹിഷ്ക്കരിക്കപ്പെട്ടുവെങ്കില്‍ لَنَخْرُجَنَّ നിശ്ചയമായും ഞങ്ങള്‍ പുറപ്പെടും, പുറത്തുപോകും مَعَكُمْ നിങ്ങളുടെ കൂടെ, ഒപ്പം وَلَا نُطِيعُ ഞങ്ങള്‍ അനുസരിക്കുകയുമില്ല فِيكُمْ നിങ്ങളുടെ വിഷയത്തില്‍ أَحَدًا ഒരാളെയും أَبَدًا ഒരു കാലത്തും وَإِن قُوتِلْتُمْ നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ لَنَنصُرَنَّكُمْ നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും وَاللَّـهُ يَشْهَدُ അല്ലാഹു സാക്ഷ്യം വഹിക്കുന്നു, സാക്ഷ്യപ്പെടുത്തുന്നു إِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ എന്ന്‍
കപടവിശ്വാസികളുടെ നേതൃത്വം വഹിക്കുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് മുതലായവര്‍ നള്വീര്‍ ഗോത്രക്കാരായ യഹൂദികളോടു പറഞ്ഞിരുന്ന വാക്കുകളാണിവ. രണ്ടുകൂട്ടരും തമ്മില്‍ ജാതിവ്യത്യാസമുണ്ടെങ്കിലും, അവിശ്വാസത്തിലും, മുസ്‌ലിംകളോടുള്ള പകയിലും പരസ്പരം സഹോദരന്‍മാരാണല്ലോ. അവരുടെ വീരവാദങ്ങളും വാഗ്ദാനങ്ങളും തനി കള്ളവും പൊള്ളയുമാണെന്നു അല്ലാഹു ഉറപ്പിച്ചു പറയുന്നു. അതെ,-
59:12
- لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَٰرَ ثُمَّ لَا يُنصَرُونَ ﴾١٢﴿
- അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, ഇവര്‍ [കപടവിശ്വാസികള്‍] അവരൊന്നിച്ചു പുറപ്പെട്ടു പോകയില്ലതന്നെ; അവരോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കില്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല; അവരെ ഇവര്‍ സഹായിച്ചാല്‍ തന്നെയും ഇവര്‍ നിശ്ചയമായും, പിന്‍തിരിഞ്ഞോടുന്നതാണ്. പിന്നീടു അവര്‍ക്കു സഹായം ലഭിക്കുന്നതല്ല.
- لَئِنْ أُخْرِجُوا അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍ لَا يَخْرُجُونَ ഇവര്‍ പുറത്തുപോകുയില്ല, പുറപ്പെടുകയില്ല مَعَهُمْ അവരുടെ ഒപ്പം وَلَئِن قُوتِلُوا അവരോടു യുദ്ധം ചെയ്യപ്പെട്ടെങ്കിലോ لَا يَنصُرُونَهُمْ ഇവര്‍ അവരെ സഹായിക്കയില്ല وَلَئِن نَّصَرُوهُمْ അവരെ ഇവര്‍ സഹായിച്ചാല്‍തന്നെയും لَيُوَلُّنَّ الْأَدْبَارَ ഇവര്‍ പിന്‍തിരിഞ്ഞോടും ثُمَّ لَا يُنصَرُونَ പിന്നെ അവര്‍ സഹായിക്കപ്പെടുക (അവര്‍ക്കു സഹായം ലഭിക്കുക)യില്ല
സംഭവിച്ചതും അല്ലാഹു പറഞ്ഞതുപോലെത്തന്നെ എന്നു പറയേണ്ടതില്ലല്ലോ. ഈ സംഭവത്തില്‍ മാത്രമല്ല, നള്വീറിന്‍റെ സഹോദരഗോത്രങ്ങളായ ഖുറൈളഃയിലെയും, ഖൈബറിലെയും യഹൂദികളുമായുണ്ടായ യുദ്ധങ്ങളിലും മുനാഫിഖുകള്‍ അവരെ സഹായിക്കുകയുണ്ടായില്ല.
59:13
- لَأَنتُمْ أَشَدُّ رَهْبَةً فِى صُدُورِهِم مِّنَ ٱللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ ﴾١٣﴿
- നിശ്ചയമായും, നിങ്ങളാണ് അവരുടെ നെഞ്ചു [മനസ്സു]കളില്‍ അല്ലാഹുവിനെക്കാള്‍ കഠിനമായി ഭയമുള്ളത്. അതു് അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതു കൊണ്ടാകുന്നു.
- لَأَنتُمْ നിങ്ങള്‍, നിങ്ങള്‍തന്നെ أَشَدُّ رَهْبَةً പേടിയില്‍ അധികം കാഠിന്യമുള്ളവരാണു (അധികം പേടിക്കപ്പെടുന്നവരാണ്) فِي صُدُورِهِم അവരുടെ നെഞ്ചു (ഹൃദയം)കളില്‍ مِّنَ اللَّـهِ അല്ലാഹുവിനെക്കാളും ذَٰلِكَ അതു بِأَنَّهُمْ قَوْمٌ അവര്‍ ഒരു ജനതയാണെന്നതുകൊണ്ടാണു لَّا يَفْقَهُونَ ഗ്രഹിക്കാത്ത, കാര്യം തിരിയാത്ത
- لَا يُقَٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ ﴾١٤﴿
- കോട്ടയാ (ക്കിഭദ്രമാ) ക്കപ്പെട്ട രാജ്യങ്ങളില്‍വെച്ചോ, അല്ലെങ്കില്‍ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ. അവര്‍ ഒരുമിച്ചു (യോജിച്ചു) കൊണ്ട് നിങ്ങളോടു യുദ്ധം ചെയ്കയില്ല. തങ്ങള്‍ക്കിടയില്‍ അവരുടെ സമരശക്തി (അഥവാ ശൂരത) കടുത്തതാകുന്നു. നീ അവരെ യോജിച്ചവരാണെന്നു വിചാരിക്കുന്നു; അവരുടെ ഹൃദയങ്ങളാകട്ടെ, വിഭിന്നങ്ങളാകുന്നു. അതു, അവര്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടത്രെ.
- لَا يُقَاتِلُونَكُمْ അവര്‍ നിങ്ങളോടു യുദ്ധം ചെയ്കയില്ല جَمِيعًا മുഴുവനായിട്ടു (യോജിച്ചു-ഒരുമിച്ചു-സംഘടിച്ചുകൊണ്ടു) إِلَّا فِي قُرًى രാജ്യങ്ങളില്‍ (നാടുകളില്‍) വെച്ചല്ലാതെ مُّحَصَّنَةٍ കോട്ടകെട്ടപ്പെട്ട, ഭദ്രമാക്കപ്പെട്ട أَوْ مِن وَرَاءِ അല്ലെങ്കില്‍ പിന്നില്‍ നിന്നല്ലാതെجُدُرٍ വല്ല മതിലുകളുടെയും بَأْسُهُم അവരുടെ സമരം, ശക്തി, ശൂരത بَيْنَهُمْ അവര്‍ക്കിടയില്‍ شَدِيدٌ കഠിനമായതാണ് تَحْسَبُهُمْ നീ അവരെ വിചാരിക്കും, ഭാവിക്കുന്നു جَمِيعًا ഒരുമിച്ച (യോജിച്ച)വരാണെന്നു وَقُلُوبُهُمْ അവരുടെ ഹൃദയങ്ങളാകട്ടെ شَتَّىٰ ഭിന്നങ്ങളാണ്, ചിന്നിച്ചിതറിയാണ് ذَٰلِكَ അതു بِأَنَّهُمْ അവര്‍ ആകുന്നുവെന്നതു കൊണ്ടാണ് قَوْمٌ ഒരു ജനത لَّا يَعْقِلُونَ ബുദ്ധികൊടുക്കാത്ത, മനസ്സിലാക്കാത്ത
കപടവിശ്വാസികള്‍ ബുദ്ധിഹീനരും ചിന്താശൂന്യരുമാകകൊണ്ടു അല്ലാഹുവിനെക്കുറിച്ചുള്ളതിനെക്കാള്‍ ഭയം അവര്‍ക്കു സത്യവിശ്വാസികളെക്കുറിച്ചാകുന്നു. അതുകൊണ്ടാണല്ലോ അവര്‍ പ്രത്യക്ഷത്തില്‍ വിശ്വാസികളായി നടിക്കുന്നതും. സത്യവിശ്വാസികളുടെ ആത്മാര്‍ത്ഥതയും ധീരതയും വിശ്വാസദാര്‍ഢ്യതയും അവര്‍ക്ക് സുപരിചിതമാണ്. അതുകൊണ്ടു സത്യവിശ്വാസികളോടു യുദ്ധത്തിനിറങ്ങുവാന്‍ അവര്‍ ധൈര്യപ്പെടുകയില്ല. എനി, അവരും അവരുടെ കൂട്ടുകാരും ഒത്തൊരുമിച്ചു യുദ്ധത്തിനു മുതിരുകയാണെങ്കില്‍ തന്നെ, വല്ല കോട്ടക്കുള്ളില്‍വെച്ചോ, മതിലുകളുടെ മറവുപിടിച്ചോ ഒളിപ്പോരു നടത്തുവാനല്ലാതെ, വെളിക്കിറങ്ങി യുദ്ധം നടത്തുവാനും അവര്‍ ധൈര്യപ്പെടുകയില്ല. അവര്‍ തമ്മതമ്മില്‍ പോരാട്ടം നടക്കുകയാണെങ്കില്‍ അവര്‍ വളരെ ശൂരതയും ശക്തിയും പ്രകടിപ്പിച്ചേക്കും. പക്ഷേ, അല്ലാഹുവിന്‍റെ സൈന്യത്തെ എതിരിടുവാന്‍ ധൈര്യം അവര്‍ക്കില്ല. കാഴ്ചയില്‍ അവരെല്ലാം ഒത്തൊരുമിച്ചവരാണെങ്കിലും, വാസ്തവത്തില്‍ ഹൃദയം ഭിന്നിച്ചവരും തമ്മതമ്മില്‍ വെറുപ്പും പകയും വെച്ചുകൊണ്ടിരിക്കുന്നവരുമാണ്.
59:15
- كَمَثَلِ ٱلَّذِينَ مِن قَبْلِهِمْ قَرِيبًا ۖ ذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴾١٥﴿
- (ഇവരുടെ സ്ഥിതി) അടുത്തകാലത്ത് ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ മാതിരിത്തന്നെ; അവര്‍ തങ്ങളുടെ കാര്യത്തിന്‍റെ ദുഷ്ഫലം ആസ്വദിച്ചു; അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ട്.
- كَمَثَلِ الَّذِينَ യാതൊരുത്തരുടെ മാതിരിത്തന്നെ, ഒരു കൂട്ടരെപ്പോലെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള قَرِيبًا അടുത്തു, സമീപകാലത്തു ذَاقُوا അവര്‍ ആസ്വദിച്ചു, രുചിനോക്കി وَبَالَ أَمْرِهِمْ അവരുടെ കാര്യത്തിന്‍റെ ദുഷ്ഫലം, കെടുതി, നാശം وَلَهُمْ അവര്‍ക്കുണ്ട്താനും عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
ഇവരുടെ അല്‍പം മുമ്പു ഒരു ജനത ഇവരെപ്പോലെത്തന്നെ അക്രമം പ്രവര്‍ത്തിച്ചു. അതിന്‍റെ ഭവിഷ്യത്തു ഇഹത്തില്‍വെച്ചു അവര്‍ അനുഭവിച്ചു. പരലോകത്തുവെച്ചുള്ള വമ്പിച്ച ശിക്ഷ പുറമെയും ഉണ്ടായിരിക്കും. അതു പോലെത്തന്നെയാണ് ഇവരുടെ -ഈ യഹൂദികളുടെ, അല്ലെങ്കില്‍ യഹൂദികളുടെയും മുനാഫിഖുകളുടെയും- അവസ്ഥ എന്നു സാരം. അടുത്തു കഴിഞ്ഞ സംഭവംകൊണ്ടു വിവക്ഷ ബദര്‍യുദ്ധമാണെന്നും, ഖൈനുഖാഉ് (قينقاع) ഗോത്രക്കാരായ യഹൂദികളെ നാടുകടത്തിയ സംഭവമാണെന്നും രണ്ടഭിപ്രായമുണ്ട്. ബനൂനള്വീറിന്‍റെ സംഭവം ബനൂഖൈനുഖാഇന്‍റെ സംഭവത്തിന്‍റെ മുമ്പാണോ, അതല്ല പിമ്പാണോ സംഭവിച്ചതെന്ന അഭിപ്രായത്തില്‍നിന്നു ഉത്ഭവിച്ചതാണ് ഈ രണ്ടു അഭിപ്രായങ്ങള്‍. നള്വീറിന്‍റെ സംഭവമുണ്ടാകുന്നതിനു മുമ്പു തന്നെ ഖൈനുഖാഇന്‍റെ സംഭവം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ശരിയായ അഭിപ്രായം. ആ നിലക്ക് ഖൈനുഖാഇലെ യഹൂദികളുടെ മാതിരിത്തന്നെയാണ് നള്വീറിലെ യഹൂദികളുടെയും അവസ്ഥ എന്നായിരിക്കും ആയത്തിന്‍റെ താല്‍പര്യം.
ഖൈനുഖാഇലെ യഹൂദികളും ഇവരെപ്പോലെ കരാറുലംഘനവും ചതിയും നടത്തുകയാണ് ചെയ്തത്. അതിനാല്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെനേരെ പടയെടുത്തു. അവര്‍ കോട്ടയില്‍ അഭയം പ്രാപിച്ചുവെങ്കിലും പതിനഞ്ചു ദിവസത്തെ ഉപരോധനത്തിനുശേഷം, തങ്ങളുടെ പരിവാരസമേതം നാടുവിട്ടുപോയിക്കൊള്ളുവാന്‍ തങ്ങളെ അനുവദിക്കണമെന്നു അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു അപേക്ഷിച്ചു. തിരുമേനി അതു സമ്മതിക്കുകയും ചെയ്തു. അങ്ങനെ, അവര്‍ അദ്റുആത്തി (اذرعات) ലേക്കു നാടുവിട്ടുപോയി. മുനാഫിഖുകള്‍ അവരുടെ തുരപ്പന്‍ വേലകള്‍ ഈ സംഭവത്തിലും നടത്തുകയുണ്ടായി. ഇതാണ് ഖൈനുഖാഇലെ യഹൂദികളുടെ സംഭവത്തിന്‍റെ ചുരുക്കം. അടുത്ത ആയത്തില്‍, മുനാഫിഖുകളുടെയും, യഹൂദികള്‍ അവരുടെ വാക്കു വിശ്വാസിച്ചതിന്‍റെയും ഉപമ വിവരിക്കുന്നു:
59:16
- كَمَثَلِ ٱلشَّيْطَٰنِ إِذْ قَالَ لِلْإِنسَٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ ﴾١٦﴿
- (അതെ) പിശാചിന്‍റെ മാതിരി; അവന്‍ മനുഷ്യനോട്’നീ അവിശ്വാസിച്ചുകൊള്ളുക’ എന്നു പറഞ്ഞ സന്ദര്‍ഭം; എന്നിട്ട് അവന്‍ [മനുഷ്യന്‍] അവിശ്വസിച്ചപ്പോഴോ, അവന്‍ പറഞ്ഞു : ‘ഞാന്‍ നിന്നില്‍നിന്നും ഒഴിവായവനാണ് [നാം തമ്മില്‍ ബന്ധമില്ല]; നിശ്ചയമായും ഞാന്‍ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.’
- كَمَثَلِ الشَّيْطَانِ പിശാചിനെപ്പോലെ, പിശാചിന്‍റെ മാതിരി إِذْ قَالَ അവന്‍ പറഞ്ഞ സന്ദര്‍ഭം لِلْإِنسَانِ മനുഷ്യനോടു اكْفُرْ നീ അവിശ്വസിക്കുക فَلَمَّا كَفَرَ എന്നിട്ടവന്‍ അവിശ്വസിച്ചപ്പോഴോ قَالَ അവന്‍ പറഞ്ഞു إِنِّي بَرِيءٌ നിശ്ചയമായും ഞാന്‍ ഒഴിവായ (ബന്ധമില്ലാത്ത – ഉത്തരവാദമില്ലാത്ത) വനാണു مِّنكَ നിന്നില്‍നിന്നു إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു اللَّـهَ അല്ലാഹുവിനെ رَبَّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ
- فَكَانَ عَٰقِبَتَهُمَآ أَنَّهُمَا فِى ٱلنَّارِ خَٰلِدَيْنِ فِيهَا ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ ﴾١٧﴿
- അങ്ങനെ, ഇരുവരുടെയും പര്യവസാനം, അവര്‍ രണ്ടുപേരും നിത്യവാസികളായ നിലയില്‍ നരകത്തിലാണ് എന്നതായിരുന്നു. അക്രമികളുടെ പ്രതിഫലമത്രെ അത്.
- فَكَانَ അങ്ങനെ ആയി عَاقِبَتَهُمَا രണ്ടാളുടെയും പര്യവസാനം, കലാശം أَنَّهُمَا فِي النَّارِ രണ്ടുപേരും നരകത്തിലാണു എന്നുള്ളതു خَالِدَيْنِ فِيهَا അതില്‍ രണ്ടാളും നിത്യവാസികളായ നിലയില്‍ وَذَٰلِكَ അതു جَزَاءُ الظَّالِمِينَ അക്രമികളുടെ പ്രതിഫലമത്രെ
പിശാചു പല സൂത്രങ്ങളും പ്രയോഗിച്ചു മനുഷ്യനെ വഴിപിഴപ്പിക്കുന്നു. അതു സംഭവിച്ചു കഴിഞ്ഞാല്‍ അവന്‍ ഒഴിഞ്ഞുമാറുകയും ചെയുന്നു. അവനെ സഹായിക്കുവാനോ രക്ഷിക്കുവാനോ പിന്നെ പിശാചിനെ കിട്ടുകയില്ല. അവസാനം ശിക്ഷയില്‍ രണ്ടുപേരും പങ്കാളികളാണുതാനും. ഇതുപോലെത്തന്നെയാണ് കപടവിശ്വാസികളുടെയും അവരുടെ ദുരുപദേശങ്ങളും വാഗ്ദാനങ്ങളും കേട്ടു വഞ്ചിതരായ ആ യഹൂദികളുടെയും അവസ്ഥ എന്നു സാരം. അടുത്ത വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു അവരെ ഉപദേശിക്കുന്നു:-
