സൂറത്തുല്‍ ഹശ്ര്‍ : 01-06
ഹശ്ര്‍ (തുരത്തിയോടിക്കല്‍)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 24 – വിഭാഗം (റുകൂഅ്) 3
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം – 1
‘അല്‍ഹശ്ര്‍ ‘ (തുരത്തിവിടല്‍ അഥവാ നാടുകടത്തല്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഈ അദ്ധ്യായത്തിലെ പ്രധാനവിഷയം ‘ബനൂനള്വീര്‍’ എന്ന യഹൂദി ഗോത്രവും, അവരെ മദീനായില്‍നിന്നു നാടുകടത്തിവിട്ട സംഭവവുമാകുന്നു. അതുകൊണ്ട് – ഇമാം ബുഖാരീ (رحمه الله) രേഖപ്പെടുത്തിയതുപോലെ – ഈ സൂറത്തിന്നു – സൂറത്തുല്‍ ന്നള്വീര്‍ എന്നും ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പേരു പറഞ്ഞിരിക്കുന്നു.
മദീനാപരിസരങ്ങളില്‍ വസിച്ചിരുന്ന രണ്ടു യഹൂദി ഗോത്രങ്ങളായിരുന്നു ‘ഖുറൈളഃ’യും, ‘നള്വീറും.’ ഈ രണ്ടു ഗോത്രങ്ങളുമായും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) സമാധാനസഖ്യം സ്ഥാപിച്ചിരുന്നു. പക്ഷേ, വിശ്വാസവഞ്ചനയും, ചതിയും അവരുടെ പ്രകൃതിയായി മാറിയിരുന്നു. ഖന്‍ദഖു യുദ്ധത്തില്‍ മുസ്‌ലീംകള്‍ക്കെതിരില്‍ ഖുറൈളഃ ഗോത്രം ഖുറൈശികളെ സഹായിച്ചു. അതിനെത്തുടര്‍ന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവരുടെ നേര്‍ക്കു പടയെടുക്കുകയുണ്ടായി. ഈ വിവരം സൂഃ അഹ്സാബില്‍ വിവരിക്കപ്പെട്ടിട്ടുണ്ടല്ലോ. നള്വീര്‍ ഗോത്രവും ഉടമ്പടിക്കെതിരായ പല വഞ്ചനകളും നടത്തി. അവരുടെ ഒരു നേതാവായിരുന്ന കഅ്ബുബ്നുല്‍ അശ്റഫ് (كعب بن الاشرف) ഒരു കവിയായിരുന്നു. അവന്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യെയും സത്യവിശ്വാസികളെയും പഴിച്ചുകൊണ്ടു കവിതകള്‍ രചിച്ചു പ്രചരിപ്പിക്കുകയും, അവര്‍ക്കെതിരായി ഖുറൈശികളെ ഇളക്കി വിടുകയും ചെയ്തിരുന്നു. കഅ്ബിനെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍, നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) അവനെ ഉപായത്തില്‍ കൊലപ്പെടുത്തുവാന്‍ ഏര്‍പ്പാട് ചെയ്കയുണ്ടായി.
ഒരിക്കല്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയും ചില സഹാബികളും കൂടി അവരുടെ വാസസ്ഥലത്തു ചെന്നിരുന്ന അവസരത്തില്‍, ഒരു കെട്ടിടത്തിന്‍റെ മുകളില്‍ വമ്പിച്ച ഒരു പാറക്കല്ലുമായി കാത്തിരുന്ന് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) താഴെ നടന്നു പോകുന്ന തക്കംനോക്കി തലയ്ക്കിടുവാന്‍ അവന്‍ ഗൂഢമായി ശട്ടംകെട്ടി. അല്ലാഹു തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു ഈ വിവരം വഹ്യുമൂലം അറിയിച്ചു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി അവരുടെ ചതിയില്‍പെടാതെ രക്ഷപെട്ടു. അനന്തരം തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഒരു സൈന്യം തയ്യാറാക്കി. നള്വീര്‍ ഗോത്രത്തോടു മദീനാവിട്ടു പോയിക്കൊള്ളണമെന്ന് ആള്‍ മുഖേന അറിയിച്ചു. ‘അതിനെക്കാള്‍ ഭേദം മരിക്കുകയാണ്’ എന്നായിരുന്നു അവരുടെ മറുപടി. കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അവന്‍റെ അനുയായികളും അവസരം പാഴാക്കിയില്ല. അവര്‍ യഹൂദികളെ സമീപിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചു. ‘നാടുവിട്ടു ഒരിക്കലും പോകരുത്; വേണ്ടിവന്നാല്‍ ഞങ്ങളും നിങ്ങളുടെകൂടെ പോന്നുകൊള്ളാം; മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധം ചെയ്തു ഞങ്ങള്‍ നിങ്ങളെ സഹായിക്കും’ എന്നെല്ലാം അവര്‍ തട്ടിവിട്ടു. അങ്ങിനെ യഹൂദികള്‍ തങ്ങളുടെ ശക്തമായ കോട്ടകള്‍ക്കുള്ളില്‍ അടച്ചിരുന്നു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യും സൈന്യവും ഇരുപത്തൊന്നു ദിവസം കോട്ട ഉപരോധം ചെയ്തു. കോട്ടയില്‍നിന്നു വെളിക്കുവരുവാന്‍ അവരെ നിര്‍ബന്ധിതരാക്കുമാറു കോട്ടക്കു വെളിയിലുണ്ടായിരുന്ന അവരുടെ കുറെ ഈത്തപ്പനകള്‍ മുസ്‌ലിംകള്‍ മുറിച്ചുവീഴ്ത്തി. കപടവിശ്വാസികളുടെ ഭാഗത്തുനിന്നു യാതൊരു സഹായവും അവര്‍ക്കു ലഭിച്ചതുമില്ല. എല്ലാംകൂടി യഹൂദികള്‍ക്കു അല്ലാഹു ഭീതി ഉളവാക്കി. ഒടുക്കം അവര്‍ സന്ധിക്കപേക്ഷിച്ചു. തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ആ അപേക്ഷ നിരസിക്കുകയും നാടുവിടുക തന്നെ വേണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു.
ഓരോ മുമ്മൂന്നു വീട്ടുകാര്‍ക്കും ഒരു ഒട്ടകപ്പുറത്തു കൊണ്ടുപോകാവുന്ന വീട്ടുസാമാനങ്ങള്‍ സഹിതം, യാതൊരു യുദ്ധസാമഗ്രികളും കൂടാതെ കടന്നുപോകണമെന്നായിരുന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ കല്‍പന. അങ്ങിനെ കഴിയുന്നത്ര സാമാനങ്ങള്‍ കൂടെ എടുത്തുകൊണ്ടും, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിക്കുവാനായി കഴിയുന്നിടത്തോളം സാധനങ്ങള്‍ സ്വന്തം കൈകളാല്‍ നശിപ്പിച്ചുകൊണ്ടും അവര്‍ കൂട്ടത്തോടെ സ്ഥലംവിട്ടു. അവരില്‍ രണ്ടു കുടുംബങ്ങലൊഴിച്ചു ബാക്കിയുള്ളവര്‍ ശാമിലേക്കു (സിരിയയിലേക്കു) നീങ്ങി. അരീഹാ, അദ്രിആത്ത് (اريحاء, اذرعات) എന്നിവിടങ്ങളില്‍ താമസമാക്കി. രണ്ടു കുടുംബങ്ങളില്‍ ഒന്നു ഖൈബറിലേക്കും, മറ്റേതു ഹീറഃയിലേക്കുമാണ് മാറിത്താമസിച്ചത്. അമ്പതു പടഅങ്കികളും, അമ്പതു പടത്തൊപ്പികളും അടങ്ങുന്ന കുറെ യുദ്ധസാമഗ്രികളും, അവര്‍ വിട്ടേച്ചുപോയ മറ്റു സ്വത്തുക്കളും നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു അധീനമാക്കുകയും ചെയ്തു. കൂടുതല്‍ വിവരം സൂറത്തില്‍വെച്ചു കാണാവുന്നതാണ്.
‘തസ്ബീഹി’ന്‍റെ വാചകംകൊണ്ടു ആരംഭിക്കുന്ന രണ്ടാമത്തെ സൂറത്താണിത്. ഒന്നാമത്തേതായ സൂറത്തുല്‍ ഹദീദിന്റെ ആരംഭത്തില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഇവിടെയും, ഇതുപോലെ താഴെ വരുന്ന സൂറത്തുകളിലും സ്മരണീയമത്രെ. എല്ലാ സ്തോത്രകീര്‍ത്തനങ്ങള്‍ക്കും അല്ലാഹുവിനുള്ള അര്‍ഹതയെ ഉദാഹരിക്കുന്നതായിരിക്കും തുടര്‍ന്നുള്ള ആയത്തുകളിലെ പ്രതിപാദ്യവിഷയങ്ങളെന്നു കാണാവുന്നതാണ്.59:1
- سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾١﴿
- ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം തന്നെ) അല്ലാഹുവിനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവന്‍ അഗാധജ്ഞനായ പ്രതാപശാലിയായുള്ളവനത്രെ.
- سَبَّحَ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശത്തിലുള്ളവ وَمَا فِي الْأَرْضِ ഭൂമിയിലുള്ളവയും وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ
- هُوَ ٱلَّذِىٓ أَخْرَجَ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ مِن دِيَٰرِهِمْ لِأَوَّلِ ٱلْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا۟ ۖ وَظَنُّوٓا۟ أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُوا۟ يَٰٓأُو۟لِى ٱلْأَبْصَٰرِ ﴾٢﴿
- വേദക്കാരില്‍ നിന്നു അവിശ്വസിച്ചവരെ ഒന്നാമത്തെ തുരത്തലില്‍ തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കിയവനാണ് അവന്‍. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ ധരിച്ചില്ല. തങ്ങളുടെ കോട്ടകള്‍ തങ്ങളെ അല്ലാഹുവില്‍നിന്നു (തടുത്തു) രക്ഷിക്കുന്നവയാണെന്ന് അവര്‍ ധരിക്കയും ചെയ്തു. എന്നാല്‍, അവര്‍ കണക്കാക്കാത്തവിധത്തില്‍കൂടി അല്ലാഹു അവരുടെ അടുക്കല്‍ ചെന്നു; അവരുടെ ഹൃദയങ്ങളില്‍ അവ൯ ഭീതി ഇട്ടേക്കുകയും ചെയ്തു. തങ്ങളുടെ വീടുകളെ അവര്‍, തങ്ങളുടെ കൈകളാല്‍ നശിപ്പിച്ചിരുന്നു; സത്യവിശ്വാസികളുടെ കൈകളാലും (നശിപ്പിച്ചിരുന്നു). അപ്പോള്‍ – കാഴ്ചയുള്ള ആളുകളേ-നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കുവിന്‍ !
- هُوَ അവന്‍ الَّذِي أَخْرَجَ പുറത്താക്കിയവനാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവരെ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്നു مِن دِيَارِهِمْ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു لِأَوَّلِ الْحَشْرِ ഒന്നാമത്തെ തുരത്തലില്‍, നാടുകടത്തലിനുവേണ്ടി مَا ظَنَنتُمْ നിങ്ങള്‍ ധരിച്ചില്ല أَن يَخْرُجُوا അവര്‍ പുറത്തുപോകുമെന്നു وَظَنُّوا അവര്‍ ധരിക്കയും ചെയ്തു أَنَّهُم നിശ്ചയമായും അവരാണെന്നു مَّانِعَتُهُمْ അവരെ തടയുന്ന (രക്ഷിക്കുന്ന) താണെന്നു حُصُونُهُم അവരുടെ കോട്ടകള്‍ مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു فَأَتَاهُمُ اللَّـهُ എന്നാല്‍ അല്ലാഹു അവരുടെ അടുക്കല്‍ചെന്നു مِنْ حَيْثُ വിധത്തില്‍ കൂടി, വിധേന لَمْ يَحْتَسِبُوا അവര്‍ വിചാരിക്കാത്ത, കണക്കാക്കാത്ത وَقَذَفَ അവന്‍ ഇടുകയും ചെയ്തു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الرُّعْبَ ഭീതി, പേടി يُخْرِبُونَ അവര്‍ കേടുവരുത്തി (നാശപ്പെടുത്തി, ശൂന്യമാക്കി)യിരുന്നു بُيُوتَهُم തങ്ങളുടെ വീടുകളെ بِأَيْدِيهِمْ തങ്ങളുടെ കൈകളാല്‍ وَأَيْدِي الْمُؤْمِنِينَ സത്യവിശ്വാസികളുടെ കൈകളാലും فَاعْتَبِرُوا അപ്പോള്‍ (അതിനാല്‍) ഉറ്റാലോചിക്കുവിന്‍, ചിന്തിക്കുവിന്‍ يَا أُولِي الْأَبْصَارِ കാഴ്ചകള്‍ (കണ്ണുകള്‍) ഉള്ളവരെ
മുമ്പു പറഞ്ഞതുപോലെ, നള്വീര്‍ ഗോത്രക്കാരായ യഹൂദികളെ നാടുകടത്തിയ സംഭവത്തെക്കുറിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. ഒന്നാമത്തെ തുരത്തിവിടല്‍ (ِأَوَّلِ الْحَشْر) എന്നു പറഞ്ഞതില്‍നിന്ന് അവരെ തുരത്തിവിടുന്ന സംഭവം ഇതുകൂടാതെ വേറെയും ഉണ്ടാകുമെന്നു ധ്വനിക്കുന്നുവല്ലോ. അതെ, അവരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അവര്‍ തുടര്‍ന്നു വന്നതുകൊണ്ട് ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ)ന്‍റെ ഖിലാഫത്തുകാലത്തു ഖൈബറില്‍നിന്നു രണ്ടാമതും അവര്‍ പുറത്താക്കപ്പെടുകയുണ്ടായി.
തങ്ങളുടെ ശക്തമായ കോട്ടകളില്‍ അടച്ചിരുന്നാല്‍ മുസ്‌ലിംകള്‍ക്കു അവരെ പുറത്തിറക്കുവാന്‍ സാധ്യമല്ലെന്നു അവര്‍ കരുതി. സാധാരണ നിലക്കു നോക്കുമ്പോള്‍, അവര്‍ സ്വയം പുറത്തിറങ്ങുമെന്നു വിചാരിക്കുവാന്‍ മുസ്‌ലിംകള്‍ക്കും വഴിയുണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹു അവരുടെ മനസ്സില്‍ ഭീതിനിറച്ചു. തങ്ങള്‍ ഒഴിച്ചു പോകേണ്ടി വരുമെന്നു കണ്ടപ്പോള്‍, മുസ്‌ലിംകള്‍ക്കു ഒഴിഞ്ഞു കൊടുക്കേണ്ടിയിരിക്കുന്ന തങ്ങളുടെ വസ്തുക്കള്‍ കഴിവതും നഷ്ടപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ, അവരുടെ വീടുകള്‍ അവരുടെ കരങ്ങള്‍കൊണ്ടുതന്നെ അവര്‍ നശിപ്പിച്ചിരുന്നു. അവര്‍ വെളിക്കുവരാന്‍ നിര്‍ബന്ധിതരാകേണ്ടതിനുവേണ്ടി മുസ്‌ലിംകളും കുറെ നശിപ്പിച്ചിരുന്നു. അതാണ് അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാണിച്ചത്. കേവലം എതിര്‍വശത്തുള്ള പട്ടാളശക്തിയോ, ആയുധബലമോ കൊണ്ടല്ല ഇത്രയും ദയനീയ നിലയില്‍ അവര്‍ എത്തിച്ചേര്‍ന്നതെന്നു വ്യകതമാണ്. എന്നിരിക്കെ, കാഴ്ചയും മനസ്സാക്ഷിയുമുള്ളവര്‍ക്കെല്ലാം ഇതില്‍ ചിന്തിക്കുവാനും പാഠങ്ങള്‍ മനസ്സിലാക്കുവാനും വകയില്ലേ ?! തീര്‍ച്ചയായും ഉണ്ട്.
അറേബ്യായില്‍ പ്രത്യക്ഷപ്പെടുമെന്നു പല പ്രവാചകന്മാരാലും പ്രവചനം ചെയ്യപ്പെട്ടിരുന്ന പ്രവാചകന്‍റെ വരവും പ്രതീക്ഷിച്ചുകൊണ്ടു ശതക്കണക്കായ വര്‍ഷങ്ങളായി യഥ്‌രിബില്‍ (മദീനായില്‍) വന്നു കുടിയേറിപ്പാര്‍ത്തിരുന്നവരാണ് അവിടത്തെ യഹൂദികള്‍. പക്ഷേ ആ പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞപ്പോള്‍, അദ്ദേഹം തങ്ങളുടെ വര്‍ഗ്ഗത്തില്‍ – ഇസ്രാഈല്യരില്‍-പെട്ട ആളല്ലാത്തതിനാലും, ചിരകാലമായി തങ്ങളില്‍ മൂടുറച്ചു കഴിഞ്ഞ പല ദുഷിച്ച പാരമ്പര്യങ്ങളെയും അദ്ദേഹം അനുകൂലിക്കാത്തതിനാലും അദ്ദേഹത്തോടു അവര്‍ അസൂയയും ശത്രുതയും വെച്ചുപുലര്‍ത്തുകയാണ് ചെയ്തത്. മൂസാ (عليه الصلاة والسلام) നബിയുടെ കാലം മുതല്‍ ഇതുവരേക്കുമുള്ള അവരുടെ ചരിത്രവും സമ്പ്രദായങ്ങളും നോക്കുമ്പോള്‍, അവരവിടെ നിവസിക്കുന്ന കാലത്തോളം ഇസ്‌ലാമിന് അവിടെ സ്വൈരവിഹാരം കൊള്ളുവാന്‍ നിവൃത്തിയില്ല എന്നു അല്ലാഹുവിനു അറിയാം. അതുകൊണ്ടു അവരെ അവിടെ നിന്നു തുരത്തിവിടുവാന്‍ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. അതു നടപ്പില്‍ വരുത്തുകയത്രെ ഇപ്പോള്‍ ചെയ്തത്. ഇസ്‌ലാമിന്‍റെ മറ്റു ശത്രുക്കളോടു കാണിക്കപ്പെട്ടിട്ടില്ലാത്ത കര്‍ശനം ഇവരുടെ കാര്യത്തില്‍ സ്വീകരിക്കുവാന്‍ അതാണ് കാരണം, അല്ലാഹു പറയുന്നു:-
59:3
- وَلَوْلَآ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلَآءَ لَعَذَّبَهُمْ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْءَاخِرَةِ عَذَابُ ٱلنَّارِ ﴾٣﴿
- (ഈ) നാടുകടന്നുപോകല്‍ അവരുടെ മേല്‍ അല്ലാഹു (വിധിച്ച്) രേഖപ്പെടുത്തലുണ്ടായിരുന്നില്ലെങ്കിലും, ഇഹത്തില്‍ വെച്ചു അവരെ അവന്‍ (മറ്റുവിധേന) ശിക്ഷിക്കുകതന്നെ ചെയ്യുമായിരുന്നു. പരലോകത്തില്‍ നരകശിക്ഷയും അവര്‍ക്കുണ്ട്.
- وَلَوْلَا ഇല്ലെങ്കിലും, ഇല്ലായിരുന്നാലും أَن كَتَبَ എഴുതിവെക്കല്‍, രേഖപ്പെടുത്തല്‍, നിയമിക്കല്‍ اللَّـهُ അല്ലാഹു عَلَيْهِمُ അവരുടെ മേല്‍ الْجَلَاءَ നാടുവിടല്‍, വെളിക്കുപോകല്‍, കടന്നുപോക്കു لَعَذَّبَهُمْ അവരെ അവന്‍ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു فِي الدُّنْيَا ഇഹത്തില്‍ وَلَهُمْ അവര്‍ക്കുണ്ട് താനും فِي الْآخِرَةِ പരലോകത്തില്‍ عَذَابُ النَّارِ നരകശിക്ഷ
- ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٤﴿
- അതു അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും അവര്‍ കക്ഷിപിടി(ച്ചു മല്‍സരി) ച്ചതുകൊണ്ടാകുന്നു. അല്ലാഹുവിനോടു ആരെങ്കിലും കക്ഷിപിടി(ച്ചു മല്‍സരി)ക്കുന്നതായാല്‍, നിശ്ചയമായും അല്ലാഹു കഠിനമായി ശിക്ഷാനടപടിയെടുക്കുന്നവനാണ്.
- ذَٰلِكَ അതു بِأَنَّهُمْ شَاقُّوا അവര്‍ ചേരിതിരിഞ്ഞതു (കക്ഷിപിടിച്ചതു-മല്‍സരിച്ചതു) കൊണ്ടാണ് اللَّـهَ അല്ലാഹുവിനോടു وَرَسُولَهُ അവന്‍റെ റസൂലിനോടും وَمَن يُشَاقِّ اللَّـهَ അല്ലാഹുവിനോടു ആരെങ്കിലും ചേരി (കക്ഷി) പിടിക്കുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ തീര്‍ച്ചയായും അല്ലാഹു شَدِيدُ الْعِقَابِ പ്രതികാരം (ശിക്ഷാനടപടി) കഠിനമായവനാണ്
- مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذْنِ ٱللَّهِ وَلِيُخْزِىَ ٱلْفَٰسِقِينَ ﴾٥﴿
- (സത്യവിശ്വാസികളേ) നിങ്ങള്‍ ഈന്തപ്പനയില്‍ നിന്നു (വല്ലതും) മുറിക്കുകയോ, അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നിലകൊള്ളുന്നതായി വിട്ടേക്കുകയോ ചെയ്തിട്ടുള്ളതു അല്ലാഹുവിന്‍റെ സമ്മതപ്രകാരമാകുന്നു; (ആ) തോന്നിയവാസികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയും ആകുന്നു.
- مَا قَطَعْتُم നിങ്ങള്‍ മുറിച്ചതു, നിങ്ങള്‍ മുറിച്ചാല്‍ مِّن لِّينَةٍ വല്ല ഈത്തപ്പനയും أَوْ تَرَكْتُمُوهَا അല്ലെങ്കില്‍ നിങ്ങളതിനെ വിട്ടേച്ചാലും قَائِمَةً നില്‍ക്കുന്ന നിലയില്‍, നിലകൊള്ളുന്നതായി عَلَىٰ أُصُولِهَا അവയുടെ മുരടുകളിന്‍മേല്‍ فَبِإِذْنِ اللَّـهِ എന്നാലതു അല്ലാഹുവിന്‍റെ സമ്മതപ്രകാരമാണ് وَلِيُخْزِيَ അപമാനപ്പെടുത്തുവാനും, വഷളാക്കുവാനും الْفَاسِقِينَ തോന്നിയവാസികളെ, ദുര്‍ജ്ജനങ്ങളെ
ആ യഹൂദികളുടെ കോട്ട ഉപരോധം ചെയ്തിരുന്നപ്പോള്‍, വെളിയിലുള്ള അവരുടെ ഈത്തപ്പനകള്‍ കുറെ മുറിച്ചു നശിപ്പിക്കാന്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കപിക്കുകയുണ്ടായി. ഇതു സാധാരണനിലക്കു ഒരു നല്ല വഴക്കമല്ലല്ലോ. ശത്രുക്കളുടെ മരങ്ങള്‍ മുറിച്ചു നശിപ്പിക്കുക, കന്നുകാലികളെ കൊന്നു നശിപ്പിക്കുക മുതലായ കാര്യങ്ങള്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) വിരോധിക്കാറുള്ളതുമാണ്. യഹൂദികള്‍ ഇതിനെപ്പറ്റി അപലപിക്കുകയും ചെയ്തു. ആകയാല്‍, മുസ്‌ലിംകളില്‍ തന്നെ ചിലര്‍ക്കു അസുഖം തോന്നുകയുണ്ടായി. മുറിക്കുന്നതു വിരോധമില്ലെങ്കില്‍ എന്തുകൊണ്ടു മുഴുവന്‍ നശിപ്പിച്ചുകൂടാ എന്നും ചിലര്‍ക്കു തോന്നിയതായി പറയപ്പെടുന്നു. ആ പ്രത്യേക പരിതസ്ഥിയില്‍ അതു ആവശ്യമായിരുന്നുവെന്നും, അതിന് അല്ലാഹു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു സമ്മതം കൊടുത്തിട്ടുണ്ടെന്നും അല്ലാഹു വ്യകതമാക്കുന്നു. യഹൂദികളെ അപമാനപ്പെടുത്തുകയും അവരെ കോട്ടയില്‍ നിന്നു പുറത്തുവന്നു കീഴൊതുങ്ങുവാന്‍ പ്രേരിപ്പിക്കുകയുമാണല്ലോ അതിന്‍റെ ലക്ഷ്യം.
59:6
- وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٦﴿
- അവരില്‍നിന്നു അല്ലാഹു തന്‍റെ റസൂലിനു കൈവരുത്തി (‘ഫൈആ’ക്കി) ക്കൊടുത്തതു എന്തോ (അതു), അതിനായി നിങ്ങള്‍ കുതിരകളെയോ, (ഒട്ടക) വാഹനങ്ങളോ ഓട്ടുകയുണ്ടായിട്ടില്ല.
എങ്കിലും, അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേല്‍ അവന്‍ തന്‍റെ റസൂലുകളെ അധികാരപ്പെടുത്തുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. - وَمَا أَفَاءَ മടക്കിയെടുത്തുകൊടുത്തതു, കൈവരുത്തി കൊടുത്തതു, ‘ഫൈആക്കി’യതു اللَّـهُ അല്ലാഹു عَلَىٰ رَسُولِهِ തന്‍റെ റസൂലിനു مِنْهُمْ അവരില്‍നിന്നു فَمَا أَوْجَفْتُمْ നിങ്ങള്‍ ഓട്ടിയിട്ടില്ല, ഓടിച്ചിട്ടില്ല عَلَيْهِ അതിനു, അതിന്‍റെ പേരില്‍ مِنْ خَيْلٍ കുതിരുകളില്‍നിന്നു وَلَا رِكَابٍ വാഹനങ്ങളില്‍ (ഒട്ടകങ്ങളില്‍) നിന്നുമില്ല وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يُسَلِّطُ അവന്‍ അധികാരപ്പെടുത്തുന്നു رُسُلَهُ അവന്‍റെ റസൂലുകളെ عَلَىٰ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്നും قَدِيرٌ കഴിയുന്നവനാണ്
ബനൂനള്വീര്‍ ഒഴിച്ചുപോയപ്പോള്‍ വിട്ടേച്ചുപോയ സ്വത്തുക്കളെക്കുറിച്ചാണു പറയുന്നത്. ഇതും ‘ഗനീമത്തു’ (غنيمة) സ്വത്തുക്കളും തമ്മില്‍ വ്യത്യാസമുണ്ട്. കുതിരപ്പടയും ഒട്ടകപ്പടയും ഇതിനായി ഓട്ടേണ്ടിവന്നിട്ടില്ല. അഥവാ ശത്രുക്കളുമായി ഏറ്റുമുട്ടലും, പടവെട്ടലും കൂടാതെ അല്ലാഹു അവന്‍റെ റസൂലിനു കൈവരുത്തിക്കൊടുത്തതാണ് ഈ സ്വത്ത്. ഗനീമത്തുകള്‍ ലഭിക്കുന്നതു യുദ്ധം നിമിത്തമായതുകൊണ്ടു അതു പടയാളികള്‍ക്കിടയില്‍ ഭാഗിക്കപ്പെടുന്നു. ഇതു പടയാളികള്‍ക്കിടയില്‍ ഭാഗിക്കപ്പെടേണ്ടതില്ല. ഇതു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)യുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുവാനുള്ളതാണ് എന്നു സാരം. ഇങ്ങിനെ ലഭിക്കുന്ന സ്വത്തുക്കള്‍ ‘ഫൈഉ്’ (الفيي) എന്നപേരില്‍ അറിയപ്പെടുന്നു. ‘ഫൈഉ്’ സ്വത്തുക്കളില്‍നിന്നു നല്‍കപ്പെടേണ്ടവര്‍ ആരൊക്കെയാണെന്നു അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:
