

വെളിച്ചം ഖുര്‍ആന്‍ പഠനം; നാലാം ഘട്ടം ഉദ്ഘാടനം ചെയ്തു
റിയാദ് : സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ നാഷണൽ കമിറ്റിയുടെ കീഴിൽ നടക്കുന്ന “വെളിച്ചം സൗദി ഓൺലൈൻ” നാലാം ഘട്ടം ദേശിയ ഉദ്ഘാടനവും സിലിബസ് പ്രഖ്യാപനവും റിയാദിൽ വെച്ച് നടന്നു.
റിയാദിലെ പ്രശസ്ത സാമൂഹിക പ്രവർത്തകൻ ലോക കേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം നിർവ്വഹിച്ചു. ലോകത്തും ദേശിയ തലത്തിൽ പ്രത്യേകിച്ചുമുള്ള കലുഷിതമായ കാലാവസ്ഥയിൽ പരിശുദ്ധ ഖുർആനിനെ അറിഞ്ഞ് കൊണ്ട് സ്നേഹത്തോടും സഹിഷുണതയോടും സമന്വയത്തോടേയുമുള്ള മുസ്ലീങ്ങളുടെ ഐക്യം കാലത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം ഉണർത്തി.
അബ്ദുള്ള വല്ലാഞ്ചിറ (ഒഐസിസി) നൗഫൽ പാലക്കാടൻ (മീഡിയ ഫോറം) ഷാഹിദ് മാസ്റ്റർ (കെ എം സിസി) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ദമാം ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ദാഇ മുനീർ ഹാദി മുഖ്യപ്രഭാഷണം നടത്തി. വെളിച്ചം നാലാം ഘട്ടം സിലിബസ് പുസ്തകം പ്രകാശനം സൗദി ഇന്ത്യൻ ഇസ്ലാഹി നാഷണൽ കമിറ്റി വൈസ് പ്രസിഡൻ്റ് അസ്കർ ഒതായി നിർവഹിച്ചു. വെളിച്ചം നാലാം ഘട്ട ഷെഡ്യുൾ അബ്ദുൽ ഹമീദ് മടവൂറും വിശദീകരണം വെളിച്ചം സൗദി ഓൺലൈൻ ചീഫ് കോർഡിനേറ്റർ ഹാരിസ് കടലുണ്ടി ജുബൈലും നിർവ്വഹിച്ചു.
പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയാണ് “വെളിച്ചം സൗദി ഓൺലൈൻ”.
2022 ജൂൺ 17 മുതൽ ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്നതാണ് വെളിച്ചം സൗദി ഓൺലൈൻ നാലാം ഘട്ടം.
പരിശുദ്ധ ഖുർആനിലെ ജുസ്അ് 19 ഇൽ നിന്നുള്ള സൂറതുൽ ഫുർഖാൻ, സൂറതു ശുഅറാഅ്, എന്നീ അദ്ധ്യായങ്ങളുടെ അർത്ഥവും ആശയവും മനസ്സിലാക്കിയുള്ള വ്യവസ്ഥാപിതമായ ഒരു പഠനമാണ് ഇത്. മലയാള ഭാഷയിൽ ഏറ്റവും പ്രസിദ്ധമായ “മർഹൂം മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയാണ് പഠനത്തിന് ആസ്പദമാക്കുന്നത്.
പതിനഞ്ച് ദിവസം വീതം കാലാവധിയുള്ള പന്ത്രെണ്ട് ക്യാമ്പയിനുകളും തുടർന്ന് വരുന്ന 2 റിവിഷൻ ക്യാമ്പയിനും ഗ്രാൻഡ് ഫിനാലെയും ഉൾപ്പെടുന്നു.ഓരോ ക്യാമ്പയിനിലും നടക്കുന്ന വെളിച്ചം സൗദി ഓൺലൈൻ പരീക്ഷകളിൽ ‘വെളിച്ചം സൗദി ഓൺലൈൻ ആൻഡ്രോയിഡ് ആപ്പ്ളിക്കേഷൻ’ അല്ലെങ്കിൽ ‘വെളിച്ചം ഓൺലൈൻ വെബ്സൈറ്റ്’ വഴിയായിരിക്കും പഠിതാക്കൾ പങ്കെടുക്കേണ്ടത്. ഓരോ ക്യമ്പായിനിലേയും PDF പാഠഭാഗവും ആയത്തുകളുടെ പണ്ഡിത വിശദീകരണങ്ങളും വെളിച്ചം ഓൺലൈൻ WhatsApp ഗ്രൂപ്പുകൾ വഴിയും വെളിച്ചം സൗദി ഓൺലൈൻ വെബ്സൈറ്റ്, ഫേസ്ബുക് / യൂട്യൂബ് പേജുകൾ വഴിയും നൽകുന്നതാണ്.കാമ്പയിനുകളിലും ഗ്രാൻഡ് ഫിനാലെയിലും വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. ഈ പഠന പദ്ധതിയിൽ ചേരുവാൻ https://velichamsaudionline.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാനും കോർഡിനേറ്റർ അറിയിച്ചു.
തുടർന്ന് വെളിച്ചം റമദാൻ 2022 റിയാദ് ഏരിയയിൽ വിജയികളായവർക്കുള്ള സമ്മാനദാനം നടന്നു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ പ്രസിഡൻ്റ് സിറജ് തയ്യിൽ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ വെളിച്ചം സൗദി ഓൺലൈൻ കൺവീനർ ഷാജഹാൻ ചളവറ സ്വാഗതവും ട്രഷറർ ഷഫീഖ് കൂട്ടാളി നന്ദിയും പറഞ്ഞു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് ദാഇ സഹ്ൽ ഹാദി സമാപന പ്രസംഗം നടത്തി.
