സൂറത്തു ‘സബഉ്’ : 22-37
വിഭാഗം – 3
34:22
- قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ ﴾٢٢﴿
- (നബിയേ) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ആരാധ്യരായി) ജല്പിക്കുന്നവരെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊള്ളുക; ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുതൂക്കവും അവര്‍ അധീനമാക്കുന്നില്ല; അവ രണ്ടിലും അവര്‍ക്കു യാതൊരു പങ്കും ഇല്ല; അവരില്‍നിന്നു അവനു് [അല്ലാഹുവിനു] യാതൊരു പിന്‍തുണക്കാരനും ഇല്ല.
- قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍ الَّذِينَ زَعَمْتُم നിങ്ങള്‍ ജല്പിക്കുന്നവരെ مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَمْلِكُونَ അവര്‍ അധീനമാക്കുന്നില്ല (ശക്തരല്ല) مِثْقَالَ ذَرَّةٍ ഒരു അണുത്തൂക്കം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലുമില്ല وَمَا لَهُمْ അവര്‍ക്കു ഇല്ലതാനും فِيهِمَا അവ രണ്ടിലും مِن شِرْكٍ ഒരു പങ്കും وَمَا لَهُ അവന്നില്ല مِنْهُم അവരില്‍നിന്നു مِّن ظَهِيرٍ ഒരു പിന്‍തുണക്കാരനും
34:23
- وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ ۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ ۖ قَالُوا۟ ٱلْحَقَّ ۖ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ ﴾٢٣﴿
- അവന്‍ സമ്മതം നല്‍കിയവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ ഫലപ്പെടുന്നതുമല്ല. അങ്ങനെ, അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങുമ്പോള്‍ അവര്‍ (തമ്മില്‍) പറയും: ‘നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞത്!’ അവര്‍ (മറുപടി) പറയും: ‘ന്യായമായുള്ളതുതന്നെ. അവന്‍ വലിയ (മഹാനായ) ഉന്നതനത്രെ!’
- وَلَا تَنفَعُ ഫലം ചെയ്കയുമില്ല الشَّفَاعَةُ ശുപാര്‍ശ عِندَهُ അവന്റെ അടുക്കല്‍ إِلَّا لِمَنْ ഒരുവന്നല്ലാതെ أَذِنَ لَهُ അവനു അവന്‍ സമ്മതം നല്‍കി حَتَّىٰ إِذَا فُزِّعَ അങ്ങനെ പരിഭ്രമം നീക്കപ്പെട്ടാല്‍ (നീങ്ങിയാല്‍) عَن قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍നിന്നു قَالُوا അവര്‍ പറയും مَاذَا قَالَ എന്തുപറഞ്ഞു رَبُّكُمْ നിങ്ങളുടെ റബ്ബ് قَالُوا അവര്‍ പറയും الْحَقَّ ന്യായം (വേണ്ടപ്പെട്ടതു) തന്നെ وَهُوَ അവന്‍, അവനത്രെ الْعَلِيُّ ഉന്നതന്‍ الْكَبِيرُ വലിയവന്‍, മഹാന്‍
ആകാശഭൂമികളുടെ സൃഷ്ടാവ് അല്ലാഹുവാണെങ്കിലും അവയിലെ കൈകാര്യങ്ങള്‍ നടത്തുന്നതു ചില മഹാത്മാക്കളാണെന്നു ചിലര്‍; ഭൂമിയിലെ ചില വസ്തുക്കളെ സൃഷ്ടിച്ചിരിക്കുന്നതു അല്ലാഹു അല്ലാത്ത ഏതോ ചില അദൃശ്യശക്തികളാണെന്നു ചിലര്‍; ജനനം, മരണം, സുഖം, ദുഃഖം ആദിയായവ ഏര്‍പ്പെടുത്തുന്നതില്‍ ചില ദേവീദേവന്മാര്‍ക്കും മഹാത്മാക്കള്‍ക്കും പങ്കുണ്ടെന്നു മറ്റു ചിലര്‍; എല്ലാം അല്ലാഹുവിന്റെ അധികാരാതിര്‍ത്തിയില്‍ ഉള്‍ക്കൊണ്ടതാണെങ്കിലും അവന്റെ മുമ്പില്‍ ശുപാര്‍ശ നടത്തി ഉദ്ദേശ്യം സാധിപ്പിക്കുവാന്‍ മഹാത്മാക്കള്‍ക്കും, ആരാധ്യ വസ്തുക്കള്‍ക്കും കഴിയുമെന്നു വേറെ ചിലര്‍; ഇങ്ങിനെ പലതരത്തിലുള്ള വിശ്വാസവും വാദവും പുലര്‍ത്തിക്കൊണ്ടിരിക്കുന്നവരെ ശിര്‍ക്കിന്റെ ആള്‍ക്കാരില്‍ കാണാം. ഇവര്‍ക്കെല്ലാമുള്ള ഖണ്ഡനം ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു.
വലിയവരുടെ മുമ്പില്‍ ശുപാര്‍ശയും, സ്വാധീനവും ചെലുത്തി ഐഹിക കാര്യങ്ങള്‍ സാധിപ്പിക്കുന്നതുപോലെ അല്ലാഹുവിങ്കല്‍ സാധ്യമല്ല. അവന്‍ ആര്‍ക്കു സമ്മതം നല്‍കിയോ, ആര്‍ക്കുവേണ്ടി സമ്മതം നല്‍കിയോ, അവര്‍ക്കു മാത്രമേ ശുപാര്‍ശ ചെയ്‌വാനും, ചെയ്യപ്പെടുവാനും സാധ്യമാകൂ. അവിശ്വാസികള്‍ക്കു അല്ലാഹുവിന്റെ മുമ്പില്‍ ഏതെങ്കിലും പ്രകാരത്തിലുള്ള ശുപാര്‍ശക്കോ, പ്രതീക്ഷക്കോ, അവകാശമില്ലെന്നു വ്യക്തമാണ്. എന്നിരിക്കെ, ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ സത്യവിശ്വാസികളും, ശുപാര്‍ശക്കാര്‍, മലക്കുകള്‍, നബിമാര്‍ മുതലായവരുമായിരിക്കുമല്ലോ. ആരായാലുംശരി, പ്രത്യേകം അനുമതി കിട്ടിയല്ലാതെ അല്ലാഹുവിന്റെ മുമ്പില്‍ സംസാരിക്കുവാന്‍പോലും അവര്‍ ശക്തരല്ലതാനും. അല്ലാഹു പറയുന്നു:
(١): يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَـٰنُ وَقَالَ صَوَابًا : سورة النبإ
(٢): وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّـهُ لِمَن يَشَاءُ وَيَرْضَىٰ : سورة النجم
(٣): وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ : سورة الأنبياء
(സാരം: 1. ‘റൂഹും’ മലക്കുകളും അണിയായി നില്‍ക്കുന്ന ആ ദിവസം, പരമകാരുണികന്‍ ആര്‍ക്കു സമ്മതം നല്‍കുകയും, താന്‍ നേരായതു പറയുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ സംസാരിക്കുകയില്ല. (സൂ: നബഉ്).
2. ആകാശത്തില്‍ എത്രയോ മലക്കുകളുണ്ട് – അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കുവേണ്ടി അവന്‍ സമ്മതം കൊടുക്കുന്നതിനുശേഷമല്ലാതെ – അവരുടെ ശുപാര്‍ശ ഒട്ടും ഫലപ്പെടുകയില്ല. (സൂ: അന്നജ്മു).
3. അവന്‍ – അല്ലാഹു – തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ – മലക്കുകള്‍ – ശുപാര്‍ശ ചെയ്കയില്ല. (സൂ: അമ്പിയാഉ്).
‘ശുപാര്‍ശയുടെ ഹദീസു’ (حديث الشفاعة) എന്നപേരില്‍ പ്രസിദ്ധമായതും, ബുഖാരി, മുസ്‌ലിം (رحمهما الله) തുടങ്ങിയ മഹാന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതുമായ ഹദീസില്‍ ‘മഹ്ശറില്‍’ വെച്ച് നടക്കുന്ന ഏറ്റവും വമ്പിച്ച ശുപാര്‍ശ ഏതാണെന്നു വിവരിച്ചിരിക്കുന്നു. അതിന്റെ ചുരുക്കം ഇതാണ്: ‘ജനങ്ങളെല്ലാം താങ്ങാന്‍വയ്യാത്ത വ്യസനത്തിലും ഭയത്തിലുമായിരിക്കെ അവര്‍ ആദം (عليه الصلاة والسلام) നബിയുടെയും, പിന്നീടു നൂഹ് (عليه الصلاة والسلام) നബി, ഇബ്രാഹീം (عليه الصلاة والسلام) നബി മുതലായ നബിമാരുടെയും അടുക്കല്‍ചെന്ന് തങ്ങളുടെ കാര്യത്തില്‍ വിചാരണ നടത്തി തീരുമാനമെടുക്കുവാന്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യണമെന്നപേക്ഷിക്കും. ഓരോരുത്തരും ഓരോ കാരണം പറഞ്ഞ് താന്‍ അതിനര്‍ഹനല്ലെന്നു മറുപടികൊടുക്കും. അവസാനം അവര്‍ മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അടുക്കല്‍ ചെന്നപേക്ഷിക്കും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിനു സുജൂദായിവീഴുകയും, ചില പ്രത്യേക സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. അല്ലാഹുവില്‍നിന്നു ഇങ്ങിനെ ഉത്തരവു ലഭിക്കും: ‘തല ഉയര്‍ത്തുക, മുഹമ്മദേ! പറയൂ, കേള്‍ക്കാം! ചോദിക്കൂ, തരാം! ശുപാര്‍ശ ചെയ്തുകൊള്ളുക, ശുപാര്‍ശ സ്വീകരിക്കാം!’.
(ارْفَعْ رَأْسَكَ يَا مُحَمَّدُ ، وَقُلْ يُسْمَعْ لَكَ ، وَسَلْ تُعْطَهْ ، وَاشْفَعْ تُشَفَّعْ – مختصرا من المتفق عليه)
വര്‍ണ്ണിക്കുവാന്‍ അസാധ്യമായ ആ ഗൗരവഘട്ടത്തില്‍, അല്ലാഹുവിന്റെ കാരുണ്യം സത്യവിശ്വാസികളില്‍ വര്‍ഷിക്കുന്നു. ഭയവിഹ്വലതയും, പരിഭ്രമവും അവരുടെ ഹൃദയങ്ങളില്‍നിന്നു നീങ്ങുകയും ചെയുന്നു. ദീര്‍ഘമായ പരിഭ്രമത്തിനുശേഷം ലഭിച്ച ആ ആശ്വാസവാര്‍ത്തയെക്കുറിച്ചു അവര്‍ അന്യോന്യം ചോദിക്കുകയാണ്: ‘റബ്ബ് എന്തുപറഞ്ഞു?’ (مَاذَا قَالَ رَبُّكُمْ) ഇങ്ങിനെ മറുപടി ലഭിക്കും: ‘ന്യായമായതുതന്നെ! അല്ലാഹു അത്യുന്നതനാണ്, അതിമഹാനാണ്.’ (الْحَقَّ وَهُوَ الْعَلِيُّ الْكَبِيرُ) എന്ന്.
34:24
- ۞ قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ قُلِ ٱللَّهُ ۖ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَٰلٍ مُّبِينٍ ﴾٢٤﴿
- (നബിയേ) പറയുക: ‘ആകാശങ്ങളില്‍നിന്നും, ഭൂമിയില്‍നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നതു ആരാണ്?’ പറയുക: ‘അല്ലാഹു (തന്നെ). നിശ്ചയമായും ഞങ്ങള്‍, അല്ലെങ്കില്‍ നിങ്ങള്‍, സന്‍മാര്‍ഗ്ഗത്തിലാണ്; അല്ലെങ്കില്‍ സ്പഷ്ടമായ ദുര്‍മ്മാര്‍ഗ്ഗത്തിലാണ്.’
- قُلْ പറയുക مَن يَرْزُقُكُم നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) തരുന്നതാരാണ് مِّنَ السَّمَاوَاتِ ആകാശങ്ങളില്‍ നിന്നു وَالْأَرْضِ ഭൂമിയില്‍ നിന്നും قُلِ اللَّـهُ പറയുക അല്ലാഹുവാണ് وَإِنَّا നിശ്ചയമായും ഞങ്ങള്‍ أَوْ إِيَّاكُمْ അല്ലെങ്കില്‍ നിങ്ങള്‍ لَعَلَىٰ هُدًى സന്‍മാര്‍ഗ്ഗത്തില്‍തന്നെ أَوْ فِي ضَلَالٍ അല്ലെങ്കില്‍ ദുര്‍മ്മാര്‍ഗ്ഗത്തി(പിഴവി)ലാണ് مُّبِينٍ സ്പഷ്ടമായ
34:25
- قُل لَّا تُسْـَٔلُونَ عَمَّآ أَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُونَ ﴾٢٥﴿
- പറയുക: ‘ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങളോടു ചോദിക്കപ്പെടുകയില്ല; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളോടും ചോദിക്കപ്പെടുന്നതല്ല.’
- قُل പറയുക لَّا تُسْأَلُونَ നിങ്ങളോട് ചോദിക്കപ്പെടുകയുമില്ല عَمَّا أَجْرَمْنَا ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി وَلَا نُسْأَلُ ഞങ്ങളോടു ചോദിക്കപ്പെടുകയുമില്ല عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
34:26
- قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ ﴾٢٦﴿
- പറയുക: ‘നമ്മുടെ രക്ഷിതാവ് നമ്മുടെയിടയില്‍ ഒരുമിച്ചുകൂട്ടും; പിന്നീടു നമുക്കിടയില്‍ യഥാര്‍ത്ഥ (ന്യായ) പ്രകാരം തീര്‍പ്പുണ്ടാക്കുന്നതാണ്. സര്‍വ്വജ്ഞനായ തീര്‍പ്പു കല്പിക്കുന്നവന്‍ അവനത്രെ.’
- قُلْ പറയുക يَجْمَعُ بَيْنَنَا നമ്മുടെ ഇടയില്‍ ഒരുമിച്ചുകൂട്ടും رَبُّنَا നമ്മുടെ റബ്ബ് ثُمَّ يَفْتَحُ പിന്നെ അവന്‍ തുറവിയുണ്ടാക്കും (തീര്‍പ്പ് കല്പിക്കും) بَيْنَنَا നമുക്കിടയില്‍ بِالْحَقِّ ന്യായപ്രകാരം സത്യമനുസരിച്ചു وَهُوَ അവന്‍, അവനത്രെ الْفَتَّاحُ തുറവിയാക്കുന്ന(തീര്‍പ്പു കല്പിക്കുന്ന)വന്‍ الْعَلِيمُ സര്‍വ്വജ്ഞനായ
34:27
- قُلْ أَرُونِىَ ٱلَّذِينَ أَلْحَقْتُم بِهِۦ شُرَكَآءَ ۖ كَلَّا ۚ بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ ﴾٢٧﴿
- പറയുക: പങ്കുകാരെന്ന നിലയില്‍ നിങ്ങള്‍ അവനോടു കൂട്ടിച്ചേര്‍ത്തിട്ടുള്ളവരെ എനിക്കു കാട്ടിത്തരുവിന്‍! (ഞാനൊന്നു കാണട്ടെ) ‘അങ്ങിനെയില്ല! [അതു സാധ്യമല്ല.] എന്നാലവന്‍, അല്ലാഹുവാണ്; അഗാധജ്ഞനായ പ്രതാപശാലിയാണ്.
- قُلْ പറയുക أَرُونِيَ എനിക്കു കാണിച്ചുതരുവിന്‍ الَّذِينَ أَلْحَقْتُم നിങ്ങള്‍ കൂട്ടിച്ചേര്‍ത്തവരെ بِهِ അവനോടു شُرَكَاءَ പങ്കുകാരായി كَلَّا അങ്ങിനെയില്ല بَلْ هُوَ എന്നാല്‍ (എങ്കിലും) അവന്‍ اللَّـهُ അല്ലാഹുവാണ് الْعَزِيزُ പ്രതാപശാലിയാണ് الْحَكِيمُ അഗാധജ്ഞനായ
ആകാശത്തുനിന്നു മഴയും മറ്റും ഇറക്കി, ഭൂമിയില്‍ ഉല്പാദനമുണ്ടാക്കി, ജനങ്ങള്‍ക്കു ഉപജീവനമാര്‍ഗ്ഗങ്ങളൊരുക്കുന്നവന്‍ അല്ലാഹുവാണെന്നു മുശ്രിക്കുകളും സമ്മതിക്കുന്നു. ആ സ്ഥിതിക്ക് അവന്‍ മാത്രമേ ആരാധനക്ക് അര്‍ഹനാകുകയുള്ളുവെന്നും അവര്‍ സമ്മതിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിനെമാത്രം ആരാധിക്കുന്ന സത്യവിശ്വാസികളാണോ പിഴച്ചവര്‍, അതല്ല തങ്ങളോ എന്നു അവര്‍ക്കു കാണുവാന്‍ പ്രയാസമില്ല. രണ്ടിലൊരു കൂട്ടര്‍ സന്‍മാര്‍ഗ്ഗത്തിലും, മറ്റേവര്‍ ദുര്‍മ്മാര്‍ഗ്ഗത്തിലുമെന്നല്ലാതെ – ഇരുകൂട്ടരും ഒരുപോലെയാണെന്നു – വരുവാന്‍ നിവൃത്തിയില്ലല്ലോ. ഓരോരുത്തരുടെയും തെറ്റുകുറ്റങ്ങള്‍ക്കു ഉത്തരവാദി അവരവര്‍ തന്നെയാണുതാനും. ആകയാല്‍, അല്പം മനസ്സാക്ഷിയോടുകൂടി ഒന്നു ചിന്തിച്ചാല്‍ തങ്ങളുടെ അബദ്ധം തങ്ങള്‍ക്കു വ്യക്തമാകുമെന്ന് മുശ്രിക്കുകളെ ഓര്‍മ്മിപ്പിക്കുന്നു. അതിനവര്‍ തയ്യാറില്ലാത്തപക്ഷം എല്ലാവരെയും അല്ലാഹു അവന്റെ മുമ്പില്‍ ഒരുമിച്ചുകൂട്ടി ന്യായമായ തീരുമാനമുണ്ടാക്കിക്കൊള്ളുമെന്നു താക്കീതു ചെയ്കയും ചെയ്യുന്നു. ഈ വാക്യങ്ങളിലെ ആശയം ഗൗരവതരമാണെങ്കിലും, അവയുടെ ശൈലി എത്ര മിതവും, സൗമ്യവുമാണെന്നുനോക്കുക!
അല്ലാഹുവിനു സമന്‍മാരാക്കി സങ്കൽപിച്ചുകൊണ്ടു പലരെയും മുശ്രിക്കുകള്‍ ദൈവങ്ങളായി സ്വീകരിച്ചിട്ടുണ്ടല്ലോ. അവരില്‍ ആരെങ്കിലും, അല്ലാഹുവിന്റെ മഹത്തായ ഗുണഗണങ്ങളോ, ശക്തിമാഹാത്മ്യങ്ങളോ – ഭാഗികമായെങ്കിലും – അവകാശപ്പെടാവുന്നവര്‍ ഇല്ലതന്നെ. ഉണ്ടെങ്കില്‍ അതൊന്നു കാണട്ടെ എന്നു 27-ാം വചനത്തില്‍ അവരെ വെല്ലുവിളിക്കുന്നു. ‘ഇല്ല, അതൊരിക്കലും സാധ്യമല്ല’. എന്നു തീര്‍ത്തുപറയുകയും, അല്ലാഹു മാത്രമെ ആരാധ്യനുള്ളുവെന്നു സ്ഥാപിക്കുകയും ചെയ്യുന്നു.
34:28
- وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٢٨﴿
- (നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും, താക്കീത് നല്‍കുന്നവനായും കൊണ്ട് മനുഷ്യരിലേക്കു ആകമാനമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
- وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا كَافَّةً ആകമാനമായിട്ടല്ലാതെ لِّلنَّاسِ മനുഷ്യര്‍ക്കു بَشِيرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായി وَنَذِيرًا താക്കീതു നല്‍കുന്നവനായും وَلَـٰكِنَّ എങ്കിലും, പക്ഷെ أَكْثَرَ النَّاسِ മനുഷ്യരിലധികവും لَا يَعْلَمُونَ അറിയുന്നില്ല
നബി മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മുമ്പുള്ള പ്രവാചകന്‍മാരെല്ലാം, ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിലേക്കും, കാലത്തേക്കും നിയോഗിക്കപ്പെട്ടവരായിരുന്നു. മനുഷ്യ സമൂഹത്തിന്റെ അന്നത്തെ പരിതസ്ഥിതിയായിരുന്നു അതിനു കാരണം. ബുദ്ധിപരമായും, സാമൂഹ്യമായും, നാഗരീകമായും മനുഷ്യന്‍ വളര്‍ന്നുവരികയായിരുന്നു. ആവശ്യമായ പക്വതയും, പാകതയും അവരില്‍ സംജാതമായിത്തുടങ്ങിയ ഘട്ടത്തിലാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി റസൂലായി നിയോഗിക്കപ്പെട്ടത്. ലോകാവസാനം വരെയുള്ള മനുഷ്യന്റെ വളര്‍ച്ചക്ക് അനുയോജ്യമായിക്കൊണ്ട് ലോകാവസാനംവരെ അവശേഷിക്കുന്ന ഒരു വേദഗ്രന്ഥവും അദ്ദേഹത്തിനു നല്‍കപ്പെട്ടു. എനി ഒരു റസൂലോ, പ്രവാചകനോ അയക്കപ്പെടേണ്ടുന്ന ആവശ്യമില്ല. അതുകൊണ്ട് അദ്ദേഹം എല്ലാ മനുഷ്യസമുദായത്തിനും എല്ലാ കാലത്തേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
സജ്ജനങ്ങള്‍ക്കു സന്തോഷ വാര്‍ത്തയും, ദുര്‍ജ്ജനങ്ങള്‍ക്കു താക്കീതും നല്‍കുകയാണ് ഒരു റസൂലിനു മൊത്തത്തില്‍ നിര്‍വ്വഹിക്കേണ്ടതുള്ളത്. അതാണദ്ദേഹം ചെയ്യുന്നതും. അദ്ദേഹത്തിന്റെ പ്രബോധനം ഏതെങ്കിലും ഒരു വിഭാഗത്തിനോ, ജനതക്കോ മാത്രം ഉള്ളതല്ല. അദ്ദേഹത്തിന്റെ ദൗത്യം അറബികള്‍ക്കോ, മുസ്‌ലിംകള്‍ക്കോ മാത്രവുമല്ല. സൂ: അഅ്റാഫ് 158ല്‍ അല്ലാഹു പറയുന്നു: ‘പറയുക: ‘ഹേ, മനുഷ്യരെ, ആകാശ ഭൂമികളുടെ രാജത്വം ഏതൊരുവനുള്ളതാണോ ആ അല്ലാഹു നിങ്ങളിലേക്കു മുഴുവനുമായി അയച്ച ദൂതനാണ് ഞാന്‍.’.
(قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا : سورة الأعراف :١٥٨)
(സൂ: അഹ്സാബ് 40-ാം വചനത്തിന്റെ വിവരണത്തില്‍ ഈ വിഷയകമായി പ്രസ്താവിച്ചിട്ടുള്ളതു ഓര്‍മ്മിക്കുക.)
34:29
- وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ﴾٢٩﴿
- അവര്‍ [അവിശ്വാസികള്‍] പറയുന്നു: ‘എപ്പോഴാണ് ഈ വാഗ്ദാനം (ഉണ്ടാവുക) നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!?’
- وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് هَـٰذَا الْوَعْدُ ഈ വാഗ്ദാനം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
34:30
- قُل لَّكُم مِّيعَادُ يَوْمٍ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةً وَلَا تَسْتَقْدِمُونَ ﴾٣٠﴿
- (നബിയേ) പറയുക: ‘നിങ്ങള്‍ക്കു ഒരു നിശ്ചിത ദിവസമുണ്ട്; (അതു വരുമ്പോള്‍) നിങ്ങള്‍ അതുവിട്ട് ഒരു നാഴിക സമയവും പിന്നോട്ടു പോകുകയില്ല; മുന്നോട്ടും പോകുകയില്ല’.
- قُل പറയുക لَّكُم നിങ്ങള്‍ക്കുണ്ട് مِّيعَادُ يَوْمٍ ഒരു നിശ്ചിത ദിവസം, ദിവസത്തിന്റെ നിശ്ചയം لَّا تَسْتَأْخِرُونَ നിങ്ങള്‍ പിന്നോട്ട് പോകയില്ല, പിന്തുകയില്ല عَنْهُ അതില്‍നിന്നു, അതുവിട്ടു سَاعَةً ഒരു നാഴികയും وَلَا تَسْتَقْدِمُونَ നിങ്ങള്‍ മുന്നോട്ടു പോകയുമില്ല, മുന്തുകയുമില്ല
‘പുനരുത്ഥാനത്തെക്കുറിച്ചു നിങ്ങള്‍ പറയാറുണ്ടല്ലോ. അതു വാസ്തവമാണെങ്കില്‍ അതെപ്പോഴാണ് സംഭവിക്കുക? അതൊന്നു പറഞ്ഞു തരണം’ എന്നു അവിശ്വാസികള്‍ പരിഹാസപൂര്‍വ്വം ചോദിക്കുകയാണ്. ‘അതിനൊരു നിശ്ചിതസമയമുണ്ട്. അതു എപ്പോഴാണെന്നു പറയാന്‍ വയ്യ. പക്ഷേ, അതു വന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നു യാതൊരു രക്ഷയും, നീക്കുപോക്കും ലഭിക്കുന്നതല്ല. ഇതാണ് നിങ്ങള്‍ ആലോചിക്കേണ്ടത്’ എന്നാണതിനുള്ള മറുപടി.
വിഭാഗം – 4
34:31
- وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَٰذَا ٱلْقُرْءَانِ وَلَا بِٱلَّذِى بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ ﴾٣١﴿
- അവിശ്വസിച്ചവര്‍ പറയുകയാണ്: ‘ഈ ഖുര്‍ആനിലാകട്ടെ, ഇതിന്റെ മുമ്പുള്ളതിലാകട്ടെ, ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ’. (ആ) അക്രമികള്‍ – അവരില്‍ ചിലര്‍ ചിലരുടെ നേരെ വാക്ക് [സംസാരം] ആവര്‍ത്തിച്ചു (തര്‍ക്കിച്ചു) കൊണ്ട് – തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ നിറുത്തപ്പെട്ടവരാകുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍?! (ഹാ! അതു വല്ലാത്തൊരു കാഴ്ചയായിരിക്കും.) അതായത്: ബലഹീനരായി ഗണിക്കപ്പെട്ടിട്ടുള്ളവര്‍ വലിയവരെന്നു (ഗര്‍വ്വു) നടിച്ചവരോടു പറയും: ‘നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളാകുമായിരുന്നു!’.
- وَقَالَ പറഞ്ഞു (പറയുന്നു) الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ بِهَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ وَلَا بِالَّذِي യാതൊന്നിലുമില്ല بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ള وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍, കാണുകയാണെങ്കില്‍ إِذِ الظَّالِمُونَ അക്രമികളാകുന്ന സന്ദര്‍ഭം مَوْقُوفُونَ നിറുത്തപ്പെട്ടവര്‍ عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ يَرْجِعُ ആവര്‍ത്തിച്ചുകൊണ്ടു بَعْضُهُمْ അവരില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരുടെ നേരെ, ചിലരോട് الْقَوْلَ വാക്കു(സംസാരം) يَقُولُ പറയും الَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവര്‍ لِلَّذِينَ اسْتَكْبَرُوا വലിയവരെന്നു (ഗര്‍വ്വ്) നടിച്ചവരോടു لَوْلَا أَنتُمْ നിങ്ങളിലായിരുന്നുവെങ്കില്‍ لَكُنَّا ഞങ്ങള്‍ ആകുമായിരുന്നു مُؤْمِنِينَ സത്യവിശ്വാസികള്‍
34:32
- قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم ۖ بَلْ كُنتُم مُّجْرِمِينَ ﴾٣٢﴿
- വലിയവരെന്നു (ഗര്‍വ്വു) നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോടു പറയും: ‘ഞങ്ങളാണോ, നിങ്ങള്‍ക്കു സന്‍മാര്‍ഗ്ഗം വന്നെത്തിയശേഷം നിങ്ങളെ അതില്‍നിന്നു തടഞ്ഞത്?! പക്ഷേ, നിങ്ങള്‍ (സ്വയം) കുറ്റവാളികളായിരുന്നു.’
- قَالَ പറയും الَّذِينَ اسْتَكْبَرُوا വലുപ്പം (ഗര്‍വ്വ്) നടിച്ചവര്‍ لِلَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവരോടു أَنَحْنُ ഞങ്ങളാണോ صَدَدْنَاكُمْ നിങ്ങളെ തടഞ്ഞു, തട്ടിത്തിരിച്ചതു عَنِ الْهُدَىٰ സന്‍മാര്‍ഗ്ഗത്തില്‍ നിന്നു, നേര്‍മ്മാര്‍ഗ്ഗം വിട്ടു بَعْدَ إِذْ جَاءَكُم അതു നിങ്ങള്‍ക്കു വന്നതിനുശേഷം بَلْ പക്ഷേ كُنتُم നിങ്ങളായിരുന്നു مُّجْرِمِينَ കുറ്റവാളികള്‍
34:33
- وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُۥٓ أَندَادًا ۚ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَجَعَلْنَا ٱلْأَغْلَٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ ﴾٣٣﴿
- ബലഹീനരായി ഗണിക്കപ്പെട്ടവര്‍, വലിയവരെന്നു (ഗര്‍വ്വു) നടിച്ചവരോടു വീണ്ടും പറയും; ‘എങ്കിലും, രാവും പകലുമുള്ള (നിങ്ങളുടെ) കുതന്ത്രം! ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കുന്നതിനും, അവനു സമന്‍മാരെ ആക്കുന്നതിനും നിങ്ങള്‍ ഞങ്ങളോട് ആജ്ഞാപിച്ചു കൊണ്ടിരുന്നപ്പോഴത്തെ (കുതന്ത്രം! അതാണ് ഞങ്ങളെ തടഞ്ഞത്)’. ശിക്ഷ കാണുന്ന അവസരത്തില്‍ അവര്‍ (ഇരുകൂട്ടരും) ഖേദം മറച്ചുവെക്കുന്നതാണ്. അവിശ്വസിച്ചവരുടെ കഴുത്തുകളില്‍ നാം ആമങ്ങള്‍ [വിലങ്ങുകള്‍] ഏര്‍പ്പെടുത്തുന്നതുമാണ്. അവര്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതിനല്ലാതെ അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ?!
- وَقَالَ പറയും الَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവര്‍ لِلَّذِينَ اسْتَكْبَرُوا വലിയവരായി നടിച്ചവരോടു بَلْ എങ്കിലും, പക്ഷേ مَكْرُ اللَّيْلِ രാത്രിയിലെ കുതന്ത്രം وَالنَّهَارِ പകലിലെയും إِذْ تَأْمُرُونَنَا നിങ്ങള്‍ ഞങ്ങളോടു ആജ്ഞാപിച്ചുകൊണ്ടിരുന്നപ്പോള്‍ أَن نَّكْفُرَ ഞങ്ങള്‍ അവിശ്വസിക്കുവാന്‍ بِاللَّـه അല്ലാഹുവില്‍ وَنَجْعَلَ لَهُ ഞങ്ങള്‍ അവനു ആക്കുവാനും أَندَادًا സമന്‍മാരെ, തുല്യന്‍മാരെ وَأَسَرُّوا അവര്‍ സ്വകാര്യമാക്കും (മറച്ചുവെക്കും) النَّدَامَةَ ഖേദം لَمَّا رَأَوُا അവര്‍ കാണുമ്പോള്‍ الْعَذَابَ ശിക്ഷ وَجَعَلْنَا നാം ആക്കുകയും ചെയ്യും الْأَغْلَالَ ആമങ്ങളെ, വിലങ്ങുകളെ فِي أَعْنَاقِ കഴുത്തുകളില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ هَلْ يُجْزَوْنَ അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ إِلَّا مَا യാതൊന്നിനല്ലാതെ كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഖുര്‍ആനെയും, അതിനുമുമ്പുള്ള വേദഗ്രന്ഥങ്ങളെയും നിഷേധിക്കുകമാത്രമല്ല, ഒരിക്കലും തങ്ങളതില്‍ വിശ്വസിക്കുകയില്ലെന്നു അഹങ്കാരപൂര്‍വ്വം പ്രഖ്യാപിക്കുകയും ചെയ്യുന്ന ആ ധിക്കാരികള്‍, അല്ലാഹുവിന്റെ മുമ്പില്‍ ഹാജറാക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ചില രംഗങ്ങളാണ് ഈ വചനങ്ങളില്‍ കാണുന്നത്. അവരില്‍ അവിശ്വാസത്തിനും ദുര്‍മ്മാര്‍ഗ്ഗത്തിനും കൊടിപിടിച്ചും, അവയുടെ പ്രചാരണത്തിന് വേണ്ടി ഭഗീരഥപ്രയത്നങ്ങള്‍ നടത്തിയും, കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരുന്ന വലിയവരും, അവരുടെ ഇംഗിതത്തിനും താളത്തിനും വഴങ്ങിക്കൊണ്ടിരുന്ന അനുഗാമികളും പരസ്പരം ആരോപണങ്ങളും, പ്രത്യാരോപണങ്ങളും നടത്തുന്നതാണ്. പക്ഷേ, ഫലമെന്തു? ശിക്ഷയില്‍ രണ്ടുകൂട്ടരും പങ്കാളികള്‍തന്നെ.
ഒരു വിഭാഗത്തിനു മറ്റേവിഭാഗത്തെ പഴിചാരി ഒഴിവാകുവാന്‍ മാര്‍ഗ്ഗമില്ലെന്നു കാണുമ്പോള്‍ – അപമാനവും നിരാശയും നിമിത്തം – അവര്‍ മിണ്ടുവാന്‍ കഴിയാതെ മൗനമവലംബിക്കുന്നതിനെക്കുറിച്ചാണ് وَأَسَرُّوا النَّدَامَةَ (അവര്‍ ഖേദം മറച്ചുവെക്കും) എന്നു പറഞ്ഞത്. ശിക്ഷ അനുഭവിക്കുമ്പോള്‍ സഹിക്കവയ്യാതെ, അവര്‍ നിലവിളിച്ച് അട്ടഹസിക്കുകയും, രക്ഷക്കപേക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നു മറ്റു വചനങ്ങളില്‍ പറഞ്ഞിട്ടുള്ളതു അവരുടെ വേറെ ചില രംഗങ്ങളെ വിവരിച്ചതാകുന്നു.
34:34
- وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا بِمَآ أُرْسِلْتُم بِهِۦ كَٰفِرُونَ ﴾٣٤﴿
- ഒരു രാജ്യത്തും തന്നെ, വല്ല താക്കീതുകാരനേയും നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാര്‍ പറയാതിരുന്നിട്ടില്ല: ‘നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ നിശ്ചയമായും അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാണ്’ എന്ന്.
- وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല فِي قَرْيَةٍ ഒരു രാജ്യത്തിലും مِّن نَّذِيرٍ ഒരു താക്കീതുകാരനെയും إِلَّا قَالَ പറയാതെ مُتْرَفُوهَا അതിലെ സുഖലോലുപന്മാര്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ بِمَا യാതൊന്നില്‍ أُرْسِلْتُم بِهِ നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശ്വാസികളാണ് (നിഷേധികളാണ്)
34:35
- وَقَالُوا۟ نَحْنُ أَكْثَرُ أَمْوَٰلًا وَأَوْلَٰدًا وَمَا نَحْنُ بِمُعَذَّبِينَ ﴾٣٥﴿
- ‘ഞങ്ങള്‍, സ്വത്തുക്കളും, മക്കളും അധികമുള്ളവരാകുന്നു; ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ലതാനും’ എന്നും അവര്‍ പറയും.
- وَقَالُوا അവര്‍ പറയുകയും ചെയ്യും نَحْنُ ഞങ്ങള്‍ أَكْثَرُ കൂടുതലുള്ളവരാണ് أَمْوَالًا സ്വത്തുക്കള്‍ وَأَوْلَادًا മക്കളും وَمَا نَحْنُ ഞങ്ങളല്ലതാനും بِمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവര്‍
34:36
- قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٣٦﴿
- പറയുക (നബിയേ): ‘നിശ്ചയമായും എന്റെ റബ്ബ് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലപ്പെടുത്തികൊടുക്കുന്നു; (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) കുടുസ്സാക്കുകയും ചെയ്യുന്നു. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.’
- قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്റെ റബ്ബ് يَبْسُطُ വിശാലപ്പെടുത്തുന്നു, നീട്ടിക്കൊടുക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ കുടുസ്സാക്കുക (കണക്കാക്കുക, ഇടുക്കമാക്കുക)യും ചെയ്യുന്നു وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനത്തില്‍ വിശ്വസിക്കുന്നവര്‍ താരതമ്യേന സാധുക്കളും, സാധാരണക്കാരുമാണ്. ഖുറൈശി പ്രമാണികളായ ആളുകളാകട്ടെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ധിക്കരിക്കുകയും, അവഹേളിക്കുകയുമാണ് ചെയ്യുന്നത്. ഇതില്‍ അസ്വാസ്ഥ്യപ്പെടേണ്ടതില്ലെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. കാരണം, സുഖജീവിതത്തിനാവശ്യമായ ഉപാധികള്‍ ലഭിക്കുകയും, അങ്ങനെ ഭൗതികമായ ആഢംബരജീവിതത്തില്‍ ലയിക്കുകയും ചെയ്തിട്ടുള്ള ആളുകള്‍ പ്രവാചകന്‍മാരെ നിഷേധിക്കലും, ദിവ്യദൗത്യങ്ങളെ അവഹേളിക്കലും പണ്ടുമുതല്‍ക്കേയുള്ള ഒരു പാരമ്പര്യമാണ്. ഓരോ പ്രവാചകന്റെയും കാലത്തുള്ള സുഖലോലുപന്‍മാരുടെ നില ഇതുതന്നെയായിരുന്നു. ഈ സമുദായത്തില്‍മാത്രം കാണപ്പെടുന്ന ഒരു പ്രവണതയല്ല ഇത്.
സത്യപ്രബോധനത്തെ നിരാകരിക്കലോ, പ്രവാചകന്‍മാരെ നിഷേധിക്കലോ മാത്രമല്ല ഇവര്‍ ചെയ്യുന്നത്. തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള സുഖസൗകര്യങ്ങളില്‍ അഹങ്കരിക്കുകയും, അതെല്ലാം തങ്ങളുടെ യോഗ്യതയുടെ അടയാളമായി ഗണിക്കുകയും ചെയ്യും. അല്ലാഹുവിങ്കല്‍ തങ്ങള്‍ക്കുള്ള പ്രത്യേക അടുപ്പംമൂലമാണ് അവന്‍ തങ്ങള്‍ക്കു ഇതെല്ലം നല്‍കിയിരിക്കുന്നതെന്നും, ആകയാല്‍ തങ്ങളൊരിക്കലും അല്ലാഹുവിന്റെ ശിക്ഷക്കു പാത്രമാകുകയില്ലെന്നുമായിരിക്കും അവരുടെ ധാരണ. പ്രവാചകന്‍മാരുടെ കാലത്തും അവരെ നിഷേധിക്കുന്ന അവിശ്വാസികളിലും മാത്രമല്ല ഇത്തരം സ്വഭാവങ്ങള്‍ കാണപ്പെടുക. ഭൗതികസുഖങ്ങള്‍ക്കും, ദേഹേച്ഛകള്‍ക്കും മുന്‍ഗണന നല്‍കിവരുന്ന ധനികരും പ്രമാണികളുമായ എല്ലാവരിലും – അവര്‍ മുസ്‌ലിംകളോ അമുസ്‌ലിംകളോ ആകട്ടെ – ഏറെക്കുറെ ഈ സ്വഭാവങ്ങള്‍ കാണാവുന്നതാണ്. അടുത്ത വചനങ്ങളില്‍ ഇത്തരം ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ക്കുള്ള മറുപടി കാണുക:
വിഭാഗം – 5
34:37
- وَمَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَٰتِ ءَامِنُونَ ﴾٣٧﴿
- നിങ്ങളുടെ സ്വത്തുക്കളാകട്ടെ, നിങ്ങളുടെ മക്കളാകട്ടെ, നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്കു സാമീപ്യസ്ഥാനം നല്‍കുന്നവയല്ല തന്നെ; പക്ഷെ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാരോ അക്കൂട്ടര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനു് ഇരട്ടി പ്രതിഫലമുണ്ടായിരിക്കും. അവരാകട്ടെ, മണിമന്ദിരങ്ങളില്‍ നിര്‍ഭയരുമായിരിക്കും.
- وَمَا أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കളല്ല وَلَا أَوْلَادُكُم നിങ്ങളുടെ മക്കളുമല്ല بِالَّتِي تُقَرِّبُكُمْ നിങ്ങളെ അടുപ്പിക്കുന്ന (സാമീപ്യം നല്‍കുന്ന)വ عِندَنَا നമ്മുടെ അടുക്കല്‍ زُلْفَىٰ ഒരു സാമീപ്യം (സാമീപ്യസ്ഥാനം) إِلَّا مَنْ آمَنَ പക്ഷെ ആരെങ്കിലും വിശ്വസിച്ചാല്‍, വിശ്വസിച്ചവര്‍ക്കൊഴികെ وَعَمِلَ صَالِحًا സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് جَزَاءُ الضِّعْفِ ഇരട്ട പ്രതിഫലം بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനു وَهُمْ അവരാകട്ടെ فِي الْغُرُفَاتِ മണിമാളികകളില്‍, കൊട്ടാരങ്ങളില്‍ آمِنُونَ നിര്‍ഭയരായിരിക്കും, സ്വസ്ഥരായിരിക്കും
ഉപജീവനമാര്‍ഗ്ഗങ്ങള്‍ ചിലര്‍ക്കു വിശാലമായും, മറ്റുചിലര്‍ക്കു കുടുസ്സായും ലഭിക്കുന്നു. കൂടുതല്‍ ലഭിക്കുന്നവര്‍ക്കു അവരുടെ കുത്തകാവകാശമായതുകൊണ്ടോ, അവരുടെ ഏതെങ്കിലും അര്‍ഹതകൊണ്ടോ ലഭിക്കുന്നതല്ല അത്. ലഭിക്കാത്തവര്‍ക്കു അവരുടെ ഏതെങ്കിലും സ്ഥാനക്കുറവുകൊണ്ടു ലഭിക്കാത്തതുമല്ല. എല്ലാം അല്ലാഹു കണക്കാക്കുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൂടുതലായും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു കുറവായും അവന്‍ നല്‍കുന്നു. അതെല്ലാം ചില യുക്തിരഹസ്യങ്ങളുടെ അടിസ്ഥാനത്തില്‍ അവന്‍ നിശ്ചയിക്കുന്നതാണ്. മനുഷ്യന്റെ യോഗ്യതയോ അയോഗ്യതയോ, നന്മയോ തിന്മയോ കണക്കാക്കുവാനുള്ള അളവുകോലല്ല അത്. ഈ വാസ്തവം അധിമാളുകളും അറിയുന്നില്ല. അതുകൊണ്ടാണ് അത്തരം ധാരണകള്‍ക്ക് അവര്‍ വശംവദരാകുന്നത്.
ധനം, ഐശ്വര്യം, സന്താനം മുതലായവ സിദ്ധിച്ചതുകൊണ്ടുമാത്രം അല്ലാഹുവിങ്കല്‍ യാതൊരു സ്ഥാനവലിപ്പമോ, സാമീപ്യമോ ആര്‍ക്കും ലഭിക്കുന്നില്ല. അവ വിനിയോഗിക്കേണ്ടുന്നപ്രകാരം വിനിയോഗിക്കുന്നവര്‍ക്കു അതു വമ്പിച്ച നേട്ടമായിരിക്കും. അല്ലാത്തവര്‍ക്കു അതു നഷ്ടത്തിനും നാശത്തിനും മാത്രം ഹേതുവായിത്തീരുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ധനവും മക്കളുമെല്ലാംതന്നെ ഒരു പരീക്ഷണമാകുന്നു. أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ : سورة الأنفال അതുകൊണ്ട് സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങള്‍ക്കു സിദ്ധിച്ച അനുഗ്രഹങ്ങളെ നല്ല മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കു കൂടുതല്‍ ഇരട്ടി പുണ്യഫലം ലഭിക്കുന്നു. കാരണം, മറ്റുള്ളവര്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളില്‍ ഇവരും പങ്കുകാരാണെന്നതിനു പുറമെ, പ്രസ്തുത അനുഗ്രഹങ്ങളെ നല്ല മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കുവാനുള്ള അവസരംകൂടി ഇവര്‍ക്കുണ്ടല്ലോ. അങ്ങനെ, ഇവര്‍ക്കു കൂടുതല്‍ ഉന്നതമായ സ്വര്‍ഗ്ഗീയപദവികള്‍ ലഭിക്കുവാന്‍ അവ കാരണമായിത്തീരുന്നു.
ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ് ഇവിടെ പ്രസ്താവ്യമാണ്. അതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ധനികന്മാരായ ആളുകള്‍ ഞങ്ങളെപ്പോലെ നമസ്കാരം, നോമ്പു മുതലായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു വരുന്നു. അതേസമയത്ത് ഹജ്ജ്, ഉംറഃ, ജിഹാദ് (ധര്‍മ്മസമരം), ദാനധര്‍മ്മങ്ങള്‍ ആദിയായ സല്‍ക്കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നു. അങ്ങനെ, സല്‍ക്കര്‍മ്മങ്ങളില്‍ ഉന്നതമായ സ്ഥാനം ധനികന്മാര്‍ കൈക്കലാക്കുന്നുവല്ലോ?,’ എന്നിങ്ങിനെ മുഹാജിറുകളില്‍ ദരിദ്രന്മാരായ സഹാബികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സങ്കടപ്പെടുകയുണ്ടായി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: ‘നിങ്ങളുടെ മുമ്പില്‍ കടന്നിട്ടുള്ളവരുടെ ഒപ്പം എത്തിച്ചേരുവാനും, നിങ്ങളുടെ പിന്നാലെ വരുന്നവരുടെ മുമ്പില്‍ കടക്കുവാനും പറ്റുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കു പഠിപിച്ചുതരാം: നിങ്ങള്‍ ഓരോ നമസ്കാരത്തിനുശേഷവും മുപ്പത്തിമൂന്നീതു് പ്രാവശ്യം തസ്ബീഹും, ഹംദും, തക്ബീറും (سبحان الله، الحمد لله، الله ٲكبر എന്ന്) ചൊല്ലുക’. പിന്നീടു അവര്‍ വീണ്ടും വന്നു ഇങ്ങിനെ അറിയിച്ചു: ‘ധനികന്മാരായ ഞങ്ങളുടെ സഹോദരങ്ങളും അപ്രകാരം ചെയ്തുവരുന്നുവല്ലോ!’ അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ഖുര്‍ആന്‍ വചനം ഒതുകയാണ് ചെയ്തത്: ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ (അതു അല്ലാഹുവിന്റെ അനുഗ്രഹമാണ്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതവന്‍ കൊടുക്കുന്നു.)’
മനുഷ്യന്‍ മരണപ്പെട്ടാലും മുറിഞ്ഞുപോകാതെ അവശേഷിക്കുന്നതു മൂന്നു കാര്യങ്ങളാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിട്ടുള്ളതു പ്രസിദ്ധമാണ്. നിലനില്‍ക്കുന്ന ദാനധര്‍മ്മങ്ങള്‍, ഉപകാരപ്രദമായ അറിവ്, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന സല്‍ക്കര്‍മ്മികളായ മക്കള്‍ ഇവയാണത്. അപ്പോള്‍, സ്വത്തും, മക്കളും – അവയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാല്‍ – മനുഷ്യനു എത്രമാത്രം അവന്റെ ഭാവിനന്‍മക്കു ഉപകരിക്കുമെന്ന് ആലോചിച്ചു നോക്കുക! നേരെമറിച്ച് അവയെ ദുരുപയോഗപ്പെടുത്തുന്നപക്ഷം അതു ഭാവിജീവിതത്തെ അങ്ങേഅറ്റം നഷ്ടപ്പെടുത്തുകയും ചെയ്യും. ഇങ്ങിനെയുള്ളവരോടു പരലോകത്തുവെച്ചു പറയപ്പെടുന്നതു ഇപ്രകാരമായിരിക്കും:
أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُم بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ : سورة الأحقاف
സാരം: ‘നിങ്ങള്‍ക്കു ലഭിച്ച നല്ല വിഭവങ്ങളെ നിങ്ങള്‍ നിങ്ങളുടെ ഐഹികജീവിതത്തില്‍വെച്ച് നശിപ്പിച്ചുകളയുകയും, അവമൂലം നിങ്ങള്‍ സുഖമനുഭവിക്കുകയും ചെയ്തു. ആകയാല്‍ ഇന്ന് – നിങ്ങള്‍ ഭൂമിയില്‍ ന്യായമില്ലാതെ ഗര്‍വ്വ് നടിച്ചുകൊണ്ടിരിക്കുകയും, നിങ്ങള്‍ തോന്നിയവാസം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്ത കാരണത്താല്‍ – നിങ്ങള്‍ക്കു നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു.’ (സൂ: അഹ്ഖാഫ് – 20). മേല്‍കണ്ട ആശയങ്ങളെ അടുത്ത ആയത്തുകളില്‍ വീണ്ടും ആവര്‍ത്തിച്ചു കാണാം:-

Leave a comment