ഏഴാംഘട്ടം – ക്യാമ്പയിൻ 09 – സൂറത്തു ‘സബഉ്’ : ആയത്ത് 01 മുതൽ 11 വരെ

സൂറത്തു ‘സബഉ്’ : 01-11

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 54 – വിഭാഗം (റുകുഉ്) 6

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

34:1

  • ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْءَاخِرَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ ﴾١﴿
  • അല്ലാഹുവിനത്രെ സര്‍വ്വസ്തുതിയും! ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) യാതൊരുവനുള്ളതാണോ അവന്നു് (സ്തുതി). പരലോകത്തിലും അവന്നു തന്നെയാണ് സ്തുതി. അഗാധജ്ഞനും, സൂക്ഷ്മജ്ഞനും അവനത്രെ.
  • الْحَمْدُ സ്തുതി (സ്തുതിയായിട്ടുള്ളതെല്ലാം) لِلَّـهِ അല്ലാഹുവിനാണ് الَّذِي യാതൊരുവന്‍ لَهُ അവന്നാണ്‌ مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَلَهُ الْحَمْدُ അവനുതന്നെയാണ് സ്തുതി فِي الْآخِرَةِ പരലോകത്തു وَهُوَ അവന്‍, അവനത്രെ الْحَكِيمُ അഗാധജ്ഞന്‍ الْخَبِيرُ സൂക്ഷ്മജ്ഞന്‍

34:2

  • يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ ٱلرَّحِيمُ ٱلْغَفُورُ ﴾٢﴿
  • ഭൂമിയില്‍ കടന്നുകൂടുന്നതും, അതില്‍നിന്നു പുറത്തുവരുന്നതും, ആകാശത്തുനിന്നു ഇറങ്ങുന്നതും, അതില്‍ കേറിച്ചെല്ലുന്നതും (എല്ലാം) അവന്‍ അറിയുന്നു. അവനത്രെ കരുണാനിധിയും വളരെ പൊറുക്കുന്നവനുമായുള്ളവന്‍
  • يَعْلَمُ അവന്‍ അറിയുന്നു مَا يَلِجُ പ്രവേശിക്കുന്നതു, കടന്നുവരുന്നതു فِي الْأَرْضِ ഭൂമിയില്‍ وَمَا يَخْرُجُ പുറത്തുവരുന്നതും مِنْهَا അതില്‍നിന്നു وَمَا يَنزِلُ ഇറങ്ങുന്നതും مِنَ السَّمَاءِ ആകാശത്തുനിന്നു وَمَا يَعْرُجُ കയറിവരുന്നതും فِيهَا അതില്‍ وَهُوَ അവന്‍ (തന്നെ) الرَّحِيمُ കരുണാനിധി الْغَفُورُ (വളരെ) പൊറുക്കുന്നവന്‍

പ്രത്യക്ഷമായും, പരോക്ഷമായും ആകാശഭൂമികളില്‍ അനുനിമിഷം വര്‍ഷിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹ കോടികളുടെ പേരില്‍ – നടക്കുന്നതും നടക്കേണ്ടതുമായ – എല്ലാ സ്തുതികീര്‍ത്തനങ്ങളുടെയും അര്‍ഹതയും, അവകാശവും അല്ലാഹുവിനാകുന്നു. പരലോകത്തുവെച്ച് അവന്റെ നല്ല അടിയാന്മാര്‍ക്കു അനുഭവപ്പെടുന്ന എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചുള്ള സ്തുതിയും അവനുമാത്രമാകുന്നു.

നിക്ഷേപങ്ങള്‍, ധാതുവസ്തുക്കള്‍, മരിച്ചുമണ്ണടിഞ്ഞവര്‍, ദ്രവിച്ചു നശിച്ചുപോയവ, വറ്റിപോയ ജലാംശങ്ങള്‍ പുരാണാവശിഷ്ടങ്ങള്‍ എന്നിങ്ങനെ ഭൂമിക്കുള്ളില്‍ പ്രവേശിച്ചുകഴിഞ്ഞ സകലവും അല്ലാഹു അറിയുന്നു. സസ്യങ്ങള്‍, ജീവികള്‍, ഉറവുകള്‍ ആദിയായി ഭൂമിക്കുള്ളില്‍ നിന്നു വെളിക്കുവരുന്ന വസ്തുക്കളെയും അവന്‍ അറിയുന്നു. മഴ, മഞ്ഞു, കാറ്റ്, ഇടി, മലക്കുകള്‍, ദൈവീക കല്‍പനകള്‍ എന്നിത്യാദി ആകാശത്തുനിന്നു ഭൂമിയിലേക്കു വരുന്നവയെയും, മനുഷ്യകര്‍മ്മങ്ങള്‍, ആത്മാക്കള്‍, മലക്കുകള്‍. ആവി, വാതകം, റോക്കറ്റു മുതലായി ഭൂമിയില്‍ നിന്ന് മേല്‍പോട്ടുയര്‍ന്നുപോകുന്ന സര്‍വ്വത്തെയും അല്ലാഹു അറിയുന്നു. അല്‍പജ്ഞാനികള്‍ ധരിക്കുന്നതുപോലെ – അല്ലെങ്കില്‍ വക്രതാല്‍പര്യക്കാര്‍ ജല്‍പിക്കാറുള്ളതുപോലെ – അവന്‍ കാര്യങ്ങളെ മൊത്തത്തില്‍മാത്രം അറിയുകയല്ല ചെയ്യുന്നത്. എല്ലാ ഓരോ കാര്യവും ശരിക്കുശരിയായി സവിസ്തരം അറിയുന്ന അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമത്രെ അവന്‍. (അടുത്ത വചനത്തിന്റെ അവസാനഭാഗവും ശ്രദ്ധിക്കുക.)

34:3

  • وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَٰلِمِ ٱلْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَٰبٍ مُّبِينٍ ﴾٣﴿
  • അവിശ്വസിച്ചവര്‍ പറയുകയാണ്‌ : ‘അന്ത്യസമയം നമുക്കു വരികയില്ല’ എന്നു! (നബിയേ) പറയുക: ‘ഇല്ലാതേ! അദൃശ്യത്തെ അറിയുന്നവനായ എന്റെ രക്ഷിതാവുതന്നെയാണ (സത്യം)! അതു നിശ്ചയമായും നിങ്ങള്‍ക്കു വരുകതന്നെ ചെയ്യും. ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുത്തൂക്കവും അവനില്‍നിന്നു് (അവനറിയാതെ) വിട്ടുപോകുന്നതല്ല. അതിനെക്കാള്‍ ചെറുതാകട്ടെ, വലുതാകട്ടെ. (ഒന്നും തന്നെ) സ്പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ (രേഖപ്പെടുത്തപ്പെടാതെ)യില്ല.’
  • وَقَالَ പറഞ്ഞു, പറയുകയാണ്‌ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَا تَأْتِينَا നമുക്കു വരികയില്ല السَّاعَةُ അന്ത്യസമയം قُلْ പറയുക بَلَىٰ ഇല്ലാതേ, (ഉണ്ട്) وَرَبِّي എന്റെ റബ്ബുതന്നെയാണു لَتَأْتِيَنَّكُمْ അതു നിങ്ങള്‍ക്കു വരുകതന്നെ ചെയ്യും عَالِمِ الْغَيْبِ അദൃശ്യത്തെ അറിയുന്നവനായ (റബ്ബ്) لَا يَعْزُبُ വിട്ടുപോക(ഒഴിവാക)യില്ല عَنْهُ അവനില്‍നിന്നു مِثْقَالُ ذَرَّةٍ ഒരു അണുതൂക്കവും فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലും ഇല്ല وَلَا أَصْغَرُ ചെറിയതുമില്ല مِن ذَٰلِكَ അതിനെക്കാള്‍ وَلَا أَكْبَرُ വലിയതുമില്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ

പുനരുത്ഥാനത്തെ പരിഹാസപൂര്‍വ്വം നിഷേധിക്കുന്നവരോട് അല്ലാഹുവില്‍ ആണയിട്ടു (സത്യം ചെയ്തു, കൊണ്ടു മറുപടി കൊടുക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്ന മൂന്നു ഖുര്‍ആന്‍ വചനങ്ങളില്‍ രണ്ടാമത്തേതാണിത്). ഒന്നാമത്തേതു:

 وَيَسْتَنبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ : سورة يونس: ٥٣

(അതു യഥാര്‍ത്ഥമാണോ എന്ന് അവര്‍ നിന്നോടു വര്‍ത്തമാനമന്വേഷിക്കുന്നു. പറയുക: ഓ! എന്റെ റബ്ബുതന്നെയാണ! നിശ്ചയമായും അതു യഥാര്‍ത്ഥംതന്നെ. (സൂ.യൂനുസ്: 53). മൂന്നാമത്തെ വചനം:

زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ : سورة التغابن :٧

(അവിശ്വസിച്ചവര്‍ ജല്‍പിക്കുകയാണു, അവര്‍ പുനരെഴുന്നേല്‍പിക്കപ്പെടുകയില്ലെന്നു! പറയുക: എന്റെ റബ്ബുതന്നെയാണ! നിശ്ചയമായും നിങ്ങള്‍ പുനരെഴുന്നേല്‍പിക്കപ്പെടുന്നതാണു (സൂ: തഗാബുന്‍: 7). വിഷയത്തിന്റെ ഗൗരവമാണ് ഈ വചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ആയത്തിലെ ആശയം ഒന്നുകൂടി വ്യക്തമായ ഭാഷയില്‍ ഈ വചനങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു.

34:4

  • لِّيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ ۚ أُو۟لَٰٓئِكَ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٤﴿
  • വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു പ്രതിഫലം നല്‍കുവാന്‍വേണ്ടിയാകുന്നു (അത്). അക്കൂട്ടരാകട്ടെ, അവര്‍ക്കു പാപമോചനവും, മാന്യമായ ഉപജീവനവുമുണ്ടായിരിക്കും
  • لِّيَجْزِيَ അവന്‍ പ്രതിഫലം കൊടുക്കുവാന്‍വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത أُولَـٰئِكَ അക്കൂട്ടര്‍ لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ

34:5

  • وَٱلَّذِينَ سَعَوْ فِىٓ ءَايَٰتِنَا مُعَٰجِزِينَ أُو۟لَٰٓئِكَ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ ﴾٥﴿
  • (നമ്മെ) പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരായിക്കൊണ്ട് നമ്മുടെ ‘ആയത്തു’കളില്‍ (കുഴപ്പത്തിന്) പരിശ്രമം നടത്തിയിട്ടുള്ളവരാകട്ടെ, അക്കൂട്ടര്‍ക്കു വേദനയേറിയ കഠിന ദണ്ഡനയാകുന്ന ശിക്ഷയുമുണ്ടായിരിക്കും.
  • وَالَّذِينَ سَعَوْا പരിശ്രമം നടത്തിയ (കുഴപ്പമുണ്ടാക്കുന്ന)വര്‍ فِي آيَاتِنَا നമ്മുടെ ലക്ഷ്യ(ദൃഷ്ടാന്ത)ങ്ങളില്‍ مُعَاجِزِينَ അസാധ്യമാക്കുന്നവരായിട്ടു, (പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടു) أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ عَذَابٌ അവര്‍ക്കുണ്ട് ശിക്ഷ مِّن رِّجْزٍ കഠിന ദണ്ഡനയാകുന്ന, കടുത്തയാതനയില്‍പെട്ട أَلِيمٌ വേദനയേറിയ

34:6

  • وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ ﴾٦﴿
  • അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ കണ്ടറിയുന്നതാണ്: നിന്റെ രക്ഷിതാവിങ്കല്‍ നിന്നു നിനക്കു ഇറക്കപ്പെട്ടിട്ടുള്ളതു തന്നെയാണ്, യഥാര്‍ത്ഥമെന്നും, സ്തുത്യര്‍ഹനായ പ്രതാപശാലിയായുള്ളവന്റെ [അല്ലാഹുവിന്റെ] പാതയിലേക്കു അതു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നുവെന്നും
  • وَيَرَى കാണുന്നതാണ് الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവു الَّذِي أُنزِلَ ഇറക്കപ്പെട്ടതു إِلَيْكَ നിനക്കു مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നു هُوَ الْحَقَّ അതു തന്നെയാണ് യഥാര്‍ത്ഥം (എന്നു) وَيَهْدِي അതു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു എന്നും إِلَىٰ صِرَاطِ الْعَزِيزِ പ്രതാപശാലിയുടെ പാതയിലേക്കു الْحَمِيدِ സ്തുത്യര്‍ഹാനായ

‘അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍’ എന്നു പറഞ്ഞതു വേദഗ്രന്ഥങ്ങളെയും, മതകാര്യങ്ങളെയുംകുറിച്ചു അറിയുന്നവരെപ്പറ്റിയാണ്‌, ലൗകികമോ ശാസ്ത്രീയമോ ആയ അറിവുകള്‍ ആ യാഥാര്‍ത്ഥ്യം അറിയുവാന്‍ മതിയാവുകയില്ലല്ലോ. (5-ാം വചനത്തിലെ ആശയത്തെക്കുറിച്ചു താഴെ 38-ാം വചനത്തില്‍ പ്രസ്താവിക്കുന്നുണ്ട്.)

34:7

  • وَقَالَ ٱلَّذِينَ كَفَرُوا۟ هَلْ نَدُلُّكُمْ عَلَىٰ رَجُلٍ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍ جَدِيدٍ ﴾٧﴿
  • അവിശ്വസിച്ചവര്‍ പറയുകയാണ്: ‘നിങ്ങള്‍ എല്ലാ വിധേനയും (നശിച്ചു) ഛിന്നഭിന്നമാക്കപ്പെട്ടാല്‍, (വീണ്ടും) നിങ്ങള്‍ ഒരു പുതിയ സൃഷ്ടിയില്‍തന്നെ ആയിരിക്കുമെന്നു നിങ്ങളോടു വര്‍ത്തമാനം അറിയിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ?!
  • وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ هَلْ نَدُلُّكُمْ ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ عَلَىٰ رَجُلٍ ഒരു പുരുഷനെ (മനുഷ്യനെ)പ്പറ്റി يُنَبِّئُكُمْ നിങ്ങള്‍ക്കു വര്‍ത്തമാനമറിയിക്കുന്ന إِذَا مُزِّقْتُمْ നിങ്ങള്‍ ഛിന്നഭിന്നമാക്കപ്പെട്ടാല്‍, പിച്ചിച്ചീന്തപ്പെട്ടാല്‍ كُلَّ مُمَزَّقٍ എല്ലാ (വിധ) ഛിന്നഭിന്നമാക്കലും إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَفِي خَلْقٍ ഒരു സൃഷ്ടിയില്‍ തന്നെയായിരിക്കും جَدِيدٍ പുതുതായ

34:8

  • أَفْتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةٌۢ ۗ بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ فِى ٱلْعَذَابِ وَٱلضَّلَٰلِ ٱلْبَعِيدِ ﴾٨﴿
  • അവന്‍ അല്ലാഹുവിന്റെമേല്‍ കളവു കെട്ടിച്ചമയ്ക്കുകയാണോ, അതല്ല, അവനു വല്ല ഭ്രാന്തുമുണ്ടോ?!’ പക്ഷെ, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷയിലും, വിദൂരമായ വഴിപിഴവിലുമായിരിക്കും.
  • أَفْتَرَىٰ അവന്‍ കെട്ടിച്ചമച്ചിരിക്കയാണോ عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ كَذِبًا കളവു, വ്യാജം أَم بِهِ അതല്ല (ഒരുപക്ഷെ) അവന്നുണ്ടോ جِنَّةٌ വല്ല ഭ്രാന്തും بَلِ പക്ഷേ, എങ്കിലും الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ فِي الْعَذَابِ ശിക്ഷയിലായിരിക്കും وَالضَّلَالِ വഴിപിഴവിലും الْبَعِيدِ വിദൂരമായ, അകന്ന

34:9

  • أَفَلَمْ يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًا مِّنَ ٱلسَّمَآءِ ۚ إِنَّ فِى ذَٰلِكَ لَءَايَةً لِّكُلِّ عَبْدٍ مُّنِيبٍ ﴾٩﴿
  • എന്നാല്‍, ആകാശത്തില്‍നിന്നും, ഭൂമിയില്‍നിന്നും അവരുടെ മുന്നിലും പിന്നിലുമുള്ളതിലേക്ക് അവര്‍ നോക്കിക്കാണുന്നില്ലേ?! നാം ഉദ്ദേശിക്കുകയാണെങ്കില്‍, നാമവരെ ഭൂമിയില്‍ ആഴ്ത്തിക്കളയും; അല്ലെങ്കില്‍, ആകാശത്തുനിന്ന് അവരുടെമേല്‍ നാം തുണ്ടങ്ങള്‍ വീഴ്ത്തും. നിശ്ചയമായും (അല്ലാഹുവിലേക്കു) മനസ്സു മടങ്ങുന്ന എല്ലാ അടിയാന്നും അതില്‍ ദൃഷ്ടാന്തമുണ്ട്.
  • أَفَلَمْ يَرَوْا എന്നാലവര്‍ കണ്ടില്ലേ; നോക്കുന്നില്ലേ إِلَىٰ مَا യാതൊന്നിലേക്കു بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ള وَمَا خَلْفَهُم അവരുടെ പിന്നിലുള്ളതിലേക്കും مِّنَ السَّمَاءِ ആകാശത്തുനിന്നു് وَالْأَرْضِ ഭൂമിയില്‍നിന്നും إِن نَّشَأْ നാം ഉദ്ദേശിക്കുന്നുവെങ്കില്‍ نَخْسِفْ بِهِمُ അവരെ നാം വിഴുങ്ങിക്കും, ആഴ്ത്തും الْأَرْضَ ഭൂമിയെ, ഭൂമിയില്‍ أَوْ نُسْقِطْ അല്ലെങ്കില്‍ നാം വീഴ്ത്തും عَلَيْهِمْ അവരുടെ മീതെ كِسَفًا കഷ്ണങ്ങളെ, തുണ്ടുകളെ مِّنَ السَّمَاءِ ആകാശത്തുനിന്നു് إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّكُلِّ عَبْدٍ എല്ലാ (ഓരോ) അടിയാന്നും مُّنِيبٍ മനസ്സുമടങ്ങുന്ന, ഭക്തിപ്പെട്ടുവരുന്ന

മരണാനന്തരജീവിതത്തെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിക്കുന്നതിനെ പരിഹസിച്ചുകൊണ്ടു മുശ്രിക്കുകള്‍ പറയാറുള്ള ചില വാക്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. ആയത്തുകളുടെ ആശയം സ്പഷ്ടമാണല്ലോ. അടുത്ത ആയത്തുകളില്‍ ദാവൂദ് (عليه الصلاة والسلام) നബിക്കും, സുലൈമാന്‍ (عليه الصلاة والسلام) നബിക്കും നല്‍കപ്പെട്ട ചില പ്രത്യേകാനുഗ്രഹങ്ങളെക്കുറിച്ചു പറയുന്നു:

വിഭാഗം – 2

34:10

  • ۞ وَلَقَدْ ءَاتَيْنَا دَاوُۥدَ مِنَّا فَضْلًا ۖ يَٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ ۖ وَأَلَنَّا لَهُ ٱلْحَدِيدَ ﴾١٠﴿
  • ദാവൂദിനു നമ്മുടെ വകയായി ഒരു (പ്രത്യേക) അനുഗ്രഹം (അഥവാ ശ്രേഷ്ഠത) നാം നല്‍കയുണ്ടായിട്ടുണ്ട്;- അതായത്: ‘ഹേ, പര്‍വ്വതങ്ങളേ, അദ്ദേഹത്തോടൊപ്പം – പക്ഷികളുമൊന്നിച്ചു – കീര്‍ത്തനമാവര്‍ത്തിക്കുക!’ (എന്നു പറഞ്ഞു). അദ്ദേഹത്തിനു നാം ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു;-
  • وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട് دَاوُودَ ദാവൂദിനു مِنَّا നമ്മില്‍നിന്നു (നമ്മുടെ വക) فَضْلًا ഒരനുഗ്രഹം, ദയവു, ശ്രേഷ്ഠത يَا جِبَالُ ഹേ, പര്‍വ്വതങ്ങളേ, മലകളേ أَوِّبِي (കീര്‍ത്തനം) ആവര്‍ത്തിക്കുക, മടക്കിചെയ്യുക مَعَهُ അദ്ദേഹത്തോടൊപ്പം وَالطَّيْرَ പക്ഷികളുമൊന്നിച്ചു, പക്ഷികളോടും (വിളിച്ചുപറഞ്ഞു) وَأَلَنَّا നാം മയപ്പെടുത്തി (മൃദുവാക്കി) കൊടുക്കുകയും ചെയ്തു لَهُ അദ്ദേഹത്തിനു الْحَدِيدَ ഇരുമ്പ്

34:11

  • أَنِ ٱعْمَلْ سَٰبِغَٰتٍ وَقَدِّرْ فِى ٱلسَّرْدِ ۖ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ بَصِيرٌ ﴾١١﴿
  • (നാം കൽപിച്ചു) : ‘വിശാലമയവയെ [വലിയ പടയങ്കികളെ] നിര്‍മ്മിക്കുക; (കണ്ണികള്‍) മടയുന്നതില്‍ തോതു കണക്കാക്കുകയും ചെയ്യുക’ എന്ന്; ‘നിങ്ങള്‍ (എല്ലാവരും) സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും വേണം; നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞാന്‍ കണ്ടറിയുന്നവനാകുന്നു’ (എന്നും).
  • أَنِ اعْمَلْ നിര്‍മ്മിക്കുക എന്നു سَابِغَاتٍ വിശാലമായവയെ وَقَدِّرْ തോതുവെക്കണം (കണക്കാക്കിയുണ്ടാക്കണം) എന്നും فِي السَّرْدِ മടച്ചിലില്‍, നെയ്ത്തില്‍ وَاعْمَلُوا നിങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും صَالِحًا സല്‍ക്കര്‍മ്മം إِنِّي നിശ്ചയമായും ഞാന്‍ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്

അല്ലാഹുവിനു ‘തസ്ബീഹു’ (പ്രകീര്‍ത്തനം) നടത്തുന്നതില്‍ ദാവൂദ് (عليه الصلاة والسلام) നബിയോടൊപ്പം പങ്കെടുക്കത്തക്കവണ്ണം മലകളെയും, പക്ഷികളെയും അല്ലാഹു അദ്ദേഹത്തിനു കീഴ്പെടുത്തിക്കൊടുത്തതിനെക്കുറിച്ചാണ് 10-ാം വചനത്തില്‍ ആദ്യം പ്രസ്താവിച്ചിരിക്കുന്നത്. സൂറത്തുല്‍ അമ്പിയാഉ് 79-ാം വചനത്തിലും അതിന്റെ വിവരണത്തിലും ഇതിനെപ്പറ്റി നാം വേണ്ടതുപോലെ വിവരിച്ചിട്ടുള്ളതുകൊണ്ടു ഇവിടെ അതാവര്‍ത്തിക്കുന്നില്ല. ഈ വിഷയത്തെ അന്യഥാ ചിലര്‍ വ്യാഖ്യാനിക്കുന്നതിനെക്കുറിച്ചും നാം അവിടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇരുമ്പുകൊണ്ടുള്ള സാധനസാമഗ്രികള്‍ വളരെ വേഗത്തില്‍ നിര്‍മ്മിക്കുവാന്‍തക്കവണ്ണം അല്ലാഹു ദാവൂദ് (عليه الصلاة والسلام) നബിക്കു അതിനെ മൃദുവാക്കിക്കൊടുത്തിരുന്നുവെന്നാണ് 10-ാം വചനത്തിന്റെ അവസാന വാക്യത്തില്‍ പ്രസ്താവിക്കുന്നത്. മെഴുകോ, പൊടിമാവോ കൊണ്ടെന്നപോലെ, അത്രവേഗത്തില്‍ ഇരുമ്പുകൊണ്ടു ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ അദ്ദേഹത്തിനു സാദ്ധ്യമായിരുന്നുവെന്നു പല മഹാന്മാരും പറഞ്ഞുകാണുന്നു. ഇതിനെക്കുറിച്ച്‌ ചിലര്‍: ‘അങ്ങിനെയാണെങ്കില്‍ അതുകൊണ്ടു എങ്ങിനെയാണ് വാളും മറ്റും ഉണ്ടാക്കുക?’ എന്നു പരിഹാസപൂര്‍വ്വം ചോദിക്കാറുണ്ട്. ഇരുമ്പു കഴിയുന്നത്ര കാച്ചി പതംവരുത്തിയാണ് ഉപകരണങ്ങളുണ്ടാക്കുകയെന്നും, പിന്നീടതു ഊട്ടി ശരിപ്പെടുത്തുമ്പോള്‍ പഴയപടി കടുപ്പമുള്ളതായിത്തീരുകയാണ് ചെയ്യുന്നതെന്നും ഓര്‍ക്കാതെയുള്ള ഒരു ചോദ്യമത്രെ അത്. മെഴുകിനോടും, മാവിനോടും ഉപമിച്ചതു കേവലം ഒരു ഉപമാലങ്കാരമാണെങ്കിലും, മറ്റാര്‍ക്കുമുള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യം ഈ വിഷയത്തില്‍ ദാവൂദു (عليه الصلاة والسلام) നബിക്കു ലഭിച്ചിരുന്നുവെന്നു തീര്‍ച്ചയാണ്. അല്ലാമാ സയ്യിദുഖുതുബ് ചൂണ്ടിക്കാണിച്ചതുപോലെ, സാധാരണപോലെ ഇരുമ്പു കാച്ചി ചൂടുപിടിപ്പിച്ച് പതം വരുത്തി പണിയെടുക്കുവാന്‍ പാകമാക്കുന്നതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. സാധാരണമാര്‍ഗ്ഗത്തിലൂടെയല്ലാതെ ഇരുമ്പു മയമാക്കികിട്ടുന്ന ഒരു ‘മുഅ്ജിസത്ത്’ (അമാനുഷികസംഭവം) ആയിരുന്നു അത് എന്നാണ് മനസ്സിലാക്കേണ്ടത്. الله ٲعلم . അല്ലാത്തപക്ഷം ഈ പ്രസ്താവനക്കു വിശിഷ്യാ സ്ഥാനമില്ലല്ലോ. ദാവൂദ് (عليه الصلاة والسلام)നു നല്‍കിയ ചില പ്രത്യേകാനുഗ്രഹങ്ങളെന്ന നിലക്കാണ് ഇതും, മലകളുടെയും പക്ഷികളുടെയും പ്രകീര്‍ത്തനവും അല്ലാഹു ഇവിടെയും മറ്റു പലേടത്തും എടുത്തുപറയുന്നത്.

ദാവൂദ് (عليه الصلاة والسلام) നബിക്കു പടച്ചട്ട – പടയങ്കി – നിര്‍മ്മാണം പഠിപ്പിച്ചതിനെക്കുറിച്ചാണ് 11-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. ഇതിനെപ്പറ്റി സൂ: അമ്പിയാഉ് : 80ലും അതിന്റെ വിവരണത്തിലും കൂടുതല്‍ വിവരം നമുക്കു കഴിഞ്ഞുപോയിരിക്കുന്നു. പടച്ചട്ട മടഞ്ഞുണ്ടാക്കുമ്പോള്‍ അതിന്റെ കണ്ണികളെല്ലാം, അളവും തോതും കൃത്യപ്പെടുത്തിക്കൊള്ളണമെന്ന നിര്‍ദ്ദേശം സൂ: അമ്പിയാഇല്‍ ഇല്ലാത്തതാണ്. ദാവൂദ് (عليه الصلاة والسلام) നു മുമ്പു പടച്ചട്ടകള്‍ ഉണ്ടായിരുന്നുവെങ്കിലും അവ ഇരുമ്പുതകിടു കൊണ്ടുണ്ടാക്കപ്പെട്ടവയായിരുന്നതിനാല്‍, ഭാരം കൂടുതലും ഉപയോഗിക്കാന്‍ സൗകര്യം കുറവും ആയിരുന്നുവെന്നും, ഇരുമ്പുകമ്പികള്‍കൊണ്ടു പരിഷ്കൃത രൂപത്തില്‍ പടയങ്കിമടഞ്ഞുണ്ടാക്കിയതു ആദ്യമായി ദാവൂദ് (عليه الصلاة والسلام) നബിയാണെന്നും മഖാത്തില്‍ (رحمه الله) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. الله اعلم

മേല്‍പ്രസ്താവിച്ച അനുഗ്രഹങ്ങളെക്കുറിച്ചു പറഞ്ഞതോടൊപ്പംതന്നെ, ദാവൂദ് (عليه الصلاة والسلام) നബിയും, അദ്ദേഹത്തിന്റെ ആള്‍ക്കാരും സല്‍ക്കര്‍മ്മങ്ങള്‍വഴി അതിനു നന്ദിചെയ്യേണ്ടതുണ്ടെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അങ്ങിനെയുള്ള അനുഗ്രഹങ്ങളെ അവര്‍ എപ്രകാരം ഉപയോഗപ്പെടുത്തുന്നുവെന്നും, അതില്‍ അവര്‍ നന്ദിയുള്ളവരാണോ എന്നും അല്ലാഹു വീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നു താക്കീതുംചെയ്യുന്നു.

Leave a comment