സൂറത്തുല്‍ അഹ്സാബ് : 59-73
വിഭാഗം – 8
33:59
- يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾٥٩﴿
- ഹേ, നബിയേ! നിന്‍റെ ഭാര്യമാരോടും, പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും പറയുക: അവര്‍ തങ്ങളുടെമേല്‍ തങ്ങളുടെ മേലാടകളില്‍നിന്നും (കുറെഭാഗം) താഴ്ത്തിയിട്ടു കൊള്ളണമെന്നും അവര്‍ (തിരിച്ച്) അറിയപ്പെടുവാന്‍ വളരെ എളുപ്പമുള്ളതാണത്. അപ്പോഴവര്‍ക്കു ശല്യംബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
- يَا أَيُّهَا النَّبِيُّ ഹേ നബിയേ قُل لِّأَزْوَاجِكَ നിന്‍റെ ഭാര്യമാരോടു പറയുക وَبَنَاتِكَ നിന്‍റെ പുത്രിമാരോടും وَنِسَاءِ الْمُؤْمِنِينَ സത്യവിശ്വാസികളുടെ സ്ത്രീകളോടും يُدْنِينَ അവര്‍ താഴ്ത്തിയിടണം, തൂക്കിയിടട്ടെ عَلَيْهِنَّ അവരുടെ മേല്‍ مِن جَلَابِيبِهِنَّ അവരുടെ മേലാട (ജില്‍ബാബു)കളില്‍നിന്ന് ذَٰلِكَ അതു أَدْنَىٰ കൂടുതല്‍ അടുത്തതാണ്, എളുപ്പമായതാണ് أَن يُعْرَفْنَ അവര്‍ അറിയപ്പെടുവാന്‍ (അവരെ തിരിച്ചറിയാന്‍) فَلَا يُؤْذَيْنَ അപ്പോള്‍ അവര്‍ ശല്യപ്പെടുത്തുകയില്ല وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കും, സത്യവിശ്വാസികള്‍ക്കും ശല്യമുണ്ടാക്കുന്നതിനെപ്പറ്റി ശക്തിമത്തായ താക്കീതു ചെയ്തശേഷം, അവരുടെ പരിശുദ്ധതയും മാന്യതയും കാത്തുരക്ഷിക്കുന്നതിനാവശ്യമായ ചില നിയമനിര്‍ദ്ദേശങ്ങളാണ് ഈ വചനത്തില്‍ അല്ലാഹു വ്യക്തമാകുന്നത്. അമുസ്‌ലിം സ്ത്രീകളെയും, ചാരിത്ര്യശുദ്ധിയില്‍ താല്‍പര്യമില്ലാത്ത സ്ത്രീകളുടെയും വേഷവിധാനങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു നിലപാടു മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനത്തില്‍ ആചരിക്കേണ്ടതുണ്ടെന്നു ഈ വാക്യം ചൂണ്ടിക്കാട്ടുന്നു. വീട്ടിലായിരിക്കുമ്പോള്‍ ഉപയോഗിക്കാറുള്ള കുപ്പായം, മക്കന, ഉടുതുണി മുതലായവക്കുപുറമെ, വെളിയില്‍ പോകുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വീട്ടുകാര്‍ വിശേഷിച്ചും – ശരീരം മറയത്തക്ക ഒരു വസ്ത്രം ധരിച്ചിരിക്കണമെന്നു അതു ശാസിക്കുകയും ചെയ്യുന്നു. ഈ ശാസനയില്‍ അടങ്ങിയ യുക്തിയും അല്ലാഹു നമുക്കു വിവരിച്ചുതരുന്നു. ഇങ്ങിനെ ശരീരം മൂടിമറച്ച ഒരു സ്ത്രീയെ കാണുമ്പോള്‍, അവള്‍ ഒരു മുസ്‌ലിംസ്ത്രീയാണെന്നും, ചാരിത്രശുദ്ധിയില്‍ താല്‍പര്യമുള്ള മാന്യസ്ത്രീയാണെന്നും എല്ലാവര്‍ക്കും മനസ്സിലാകും. അഥവാ മറ്റുള്ളവരില്‍നിന്ന് ഇവരെ വേഗം തിരിച്ചറിയുവാന്‍ ഇതു കാരണമാകുന്നു. മാത്രമല്ല, ഹൃദയശുദ്ധിയും, സ്വഭാവഗുണവുമില്ലാത്ത ആളുകള്‍ അന്യസ്ത്രീകളുമായി കണ്ടുമുട്ടുമ്പോള്‍ ഉണ്ടായേക്കാനിടയുള്ള ശല്യങ്ങള്‍ക്കു – അഹിതമായ പെരുമാറ്റങ്ങള്‍ക്കും സംസാരങ്ങള്‍ക്കും – ഇതു തടസ്സമായിത്തീരുകയും ചെയ്യും. (ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ)
‘ജില്‍ബാബു’ (جلباب) എന്ന പദത്തിന്‍റെ ബഹുവചനമാണ് ‘ജലാബീബ്’ (جلابيب) മേലാട എന്നു ഇതിനു അര്‍ത്ഥം പറയാം. പ്രധാന തഫ്സീറുകളിലും, അറബി നിഘണ്ടുക്കളിലും ഈ വാക്കിനു കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളില്‍ പരസ്പരം അക്ഷരവ്യത്യാസം കാണാമെങ്കിലും സാരത്തില്‍ ഏതാണ്ടെല്ലാം യോജിക്കുന്നുണ്ട്, ‘മക്കനയെക്കാള്‍ വലിയ വസ്ത്രം, മൂടിപ്പുതക്കുന്നുതു, പുതപ്പു, മുഖമൂടി (ആളെ തിരിച്ചറിയാതിരിക്കാന്‍വേണ്ടി തലയും മുഖവും മൂടുന്നതു), ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം, കുപ്പായത്തിനും മക്കനക്കും മീതെയായി സ്ത്രീകള്‍ ചുറ്റിപ്പുതക്കുന്ന മൂടുപടം, മുകളില്‍നിന്നു അടിവരെ മറക്കുന്നതു, വിശാലമായ വസ്ത്രം’ എന്നൊക്കെയാണ് അവ. (*). ‘മേല്‍മൂടി, മേലാട, ചുറ്റിപ്പുത, മേലങ്കി, മൂടുവസ്ത്രം’ മുതലായ വാക്കുകളില്‍ മലയാളത്തില്‍ ഇതിനു വിവര്‍ത്തനം നല്‍കപ്പെടുന്നു. (**). ‘അവരുടെമേല്‍ താഴ്ത്തിയിടണം’ (يُدْنِينَ عَلَيْهِنَّ)എന്നു അല്ലാഹു പറഞ്ഞ വാക്കു ശ്രദ്ധേയമാകുന്നു. ശരീരം മുഴുവനും – തലയും, കഴുത്തും, മുഖവും അടക്കം – ‘ജില്‍ബാബു’ കൊണ്ടു മൂടി മറക്കേണ്ടതുണ്ടെന്നാണ് പ്രത്യക്ഷത്തില്‍ ഇതില്‍നിന്നു വരുന്നത്. പക്ഷേ, സൂറത്തുന്നൂര്‍ 31-ാം വചനത്തില്‍നിന്നും, അതിന്‍റെ വ്യാഖ്യാനത്തില്‍നിന്നുമായി, സ്ത്രീയുടെ മുഖവും കൈപടങ്ങളും മറക്കല്‍ നിര്‍ബ്ബന്ധമല്ലെന്നു നാം കണ്ടു. അതുകൊണ്ടു ഇവിടെയും, മുന്‍കയ്യും മുഖവും നിര്‍ബ്ബന്ധത്തില്‍നിന്നു ഒഴിവാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. സാധാരണനിലയിലാകുമ്പോള്‍ മാത്രമാണ് സൂറത്തുന്നൂറില്‍ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും, വെളിയില്‍ പോകുമ്പോള്‍ മുഖവും മറക്കേണ്ടതുണ്ടെന്നാണ് ഈ വചനത്തിന്‍റെ താല്‍പര്യമെന്നും, എങ്കിലും കണ്ണിന്‍റെ കാഴ്ചക്കു ഭംഗംവരാത്തവണ്ണം കണ്ണുകള്‍ അതില്‍നിന്നു ഒഴിവാക്കണമെന്നും സഹാബികളും, താബിഉകളും അടക്കമുള്ള പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ടുതാനും. الله اعلم
(*).ثوب كبير من الخملر, الملحفة, الملحاف, القناع, ثوب يتر جميع البدن, الملاثة, التي تشتمل بها المرأة فوق الدزع والخمار ما يستر من فوق الى اسفل, الثوب الواسع ونحوها
(**). Gown, Flowing outer garment എന്നു ‘ഖാമൂസ് അസ്-രീയിലും Smock, Women’s gown എന്നു ‘ഫറാഇദി’ലും കാണാം.
പര്‍ദ്ദയെക്കുറിച്ചു വന്നിട്ടുള്ള ഖുര്‍ആന്‍റെ പ്രസ്താവനകളും, നബിവചനങ്ങളും നിഷ്പക്ഷമായി പരിശോധിച്ചാല്‍ ഇവിടെ നാം സ്വീകരിക്കേണ്ടുന്ന നയം ഇതാണെന്നുകാണാം: സ്ത്രീകള്‍ മുഖം മറക്കണമെന്നോ മറക്കരുതെന്നോ സ്വതവേ നിര്‍ബ്ബന്ധമില്ല. സാധാരണഗതിയില്‍ ഈ രണ്ടിലൊന്നില്‍ നിര്‍ബ്ബന്ധം ചെലുത്തുവാനും പാടില്ല. പരിതസ്ഥിതികളുടെയോ, ചുറ്റുപാടിന്‍റെയോ വ്യത്യാസം അനുസരിച്ച് മുഖവും കഴിയുന്നത്ര മറക്കുന്നതു ചിലപ്പോള്‍ നന്നായിരിക്കുകയും, ചിലപ്പോള്‍ അത്യാവശ്യമായിത്തീരുകയും ചെയ്യും.(***).
(***). (دمشق) ഡമസ്കസ്കാരനായ മുഹമ്മദു നാസിറുദ്ദീന്‍ അല്‍ബാനീ (محمد ناصر الدين الالباني) എന്ന പണ്ഡിതന്‍ حجاب المرأة المسلم (മുസ്‌ലിം സ്ത്രീയുടെ പര്‍ദ്ദ) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥത്തില്‍ ഖുര്‍ആന്‍റെയും, സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ പര്‍ദ്ദയുടെ നാനാവശങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിന്‍റെ രണ്ടാംപതിപ്പു കാണുവാന്‍ സാധിച്ചത്. ഈ വിഷയകമായി വളരെ ചര്‍ച്ച നടത്തിയശേഷം അദ്ദേഹം ഈ അഭിപ്രായത്തിന്നാണ് മുന്‍ഗണന അതില്‍ നല്‍കിയിരിക്കുന്നത്. (الحمدلله).
സൂറത്തുന്നൂറില്‍വെച്ച് ഇസ്‌ലാമിലെ പര്‍ദ്ദയെപ്പറ്റി സവിസ്തരം വിവരിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു ഇവിടെ കൂടുതല്‍ദീര്‍ഘിപ്പിക്കേണ്ടതില്ല. ഒരു കാര്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നതു ഇന്നത്തെ പരിതസ്ഥിതിയില്‍ അധികപ്പറ്റാവുകയില്ല: ഇസ്‌ലാമിക സംസ്കാരങ്ങളെയും, ധാര്‍മ്മികമൂല്യങ്ങളെയും പുച്ഛിച്ചുകൊണ്ടുള്ള ഭൗതിക പരിഷ്കാരങ്ങളുടെ തേര്‍വാഴ്ച നിര്‍വിഘ്നം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു – അറിഞ്ഞോ അറിയാതെയോ – മുസ്‌ലിം സ്ത്രീകളുടെ പര്‍ദ്ദയെ കഴിവതും വെട്ടിക്കുറക്കുവാനും, അതിനുവേണ്ടി ഖുര്‍ആനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുവാനും, മുസ്ലിംകളുടെ പര്‍ദ്ദാസമ്പ്രദായം അവരുടെ പുരോഗതിക്കു തടസ്സമാണെന്നു ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്നു കാണാം. ഇവരുടെ കെണിവലയില്‍ അകപ്പെടാതിരിക്കുവാനും, അങ്ങിനെ, 57-ാം വചനത്തിലെ താക്കീതിനു പാത്രമായിത്തീരാതിരിക്കുവാനും ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതാകുന്നു.’ والله الموفق
33:60
- ۞ لَّئِن لَّمْ يَنتَهِ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْمُرْجِفُونَ فِى ٱلْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلًا ﴾٦٠﴿
- കപടവിശ്വാസികളും, തങ്ങളുടെ ഹൃദയത്തില്‍ രോഗമുള്ളവരും, മദീനായില്‍ (കള്ളവാര്‍ത്ത പ്രചരിപ്പിച്ച്) ഭീതി ഉളവാക്കുന്നവരും വിരമിക്കാത്തപക്ഷം, നിശ്ചയമായും (നബിയേ) നിന്നെ നാം അവരില്‍ ഇളക്കിവിടുക തന്നെ ചെയ്യും. പിന്നീടു, അല്‍പമാത്രമല്ലാതെ, അവര്‍ അവിടത്തില്‍ നിന്നോടു അയല്‍വാസം നടത്തുകയില്ല;-
- لَّئِن لَّمْ يَنتَهِ വിരമിച്ചില്ലെങ്കില്‍ الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരുകൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ രോഗം وَالْمُرْجِفُونَ ഭീതിയുണ്ടാക്കുന്നവരും فِي الْمَدِينَةِ മദീനായില്‍ لَنُغْرِيَنَّكَ നിശ്ചയമായും നിന്നെ നാം ഇളക്കിവിടും, പ്രേരിപ്പിക്കും بِهِمْ അവരില്‍ ثُمَّ لَا يُجَاوِرُونَكَ പിന്നീടു അവര്‍ നിന്നോടു അയല്‍വാസം നടത്തുകയില്ല فِيهَا അതില്‍ إِلَّا قَلِيلًا അല്‍പമായിട്ടല്ലാതെ
33:61
- مَّلْعُونِينَ ۖ أَيْنَمَا ثُقِفُوٓا۟ أُخِذُوا۟ وَقُتِّلُوا۟ تَقْتِيلًا ﴾٦١﴿
- (അതും) ശപിക്കപ്പെട്ടവരായ നിലയില്‍! എവിടെവെച്ച് കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, (നിര്‍ദ്ദാക്ഷിണ്യം) അറുകൊലചെയ്യപ്പെടുകയും ചെയ്യുന്നതാണ്.
- مَّلْعُونِينَ ശപിക്കപ്പെട്ടവരായിക്കൊണ്ടു أَيْنَمَا ثُقِفُوا അവര്‍ എവിടെവെച്ചു കാണപ്പെട്ടാലും, അവരെ കണ്ടുമുട്ടിയാലും أُخِذُوا അവര്‍ പിടിക്കപ്പെടും وَقُتِّلُوا അവര്‍ അറുകൊല ചെയ്യപ്പെടുകയും ചെയ്യും تَقْتِيلًا ഒരു (നിഷ്കരുണമായ) കൊലനടത്തല്‍
33:62
- سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا ﴾٦٢﴿
- മുമ്പുകഴിഞ്ഞു പോയിട്ടുള്ളവരില്‍ (സ്വീകരിച്ച) അല്ലാഹുവിന്‍റെ നടപടിക്രമം (തന്നെ)! അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റം വരുത്തലും നീ കണ്ടെത്തുന്നതേയല്ല.
- سُنَّةَ اللَّـهِ അല്ലാഹുവിന്‍റെ നടപടി فِي الَّذِينَ യാതൊരുകൂട്ടരില്‍ خَلَوْا കഴിഞ്ഞുപോയ مِن قَبْلُ മുമ്പ് وَلَن تَجِدَ നീ കണ്ടെത്തുന്നതേയല്ല لِسُنَّةِ اللَّـهِ അല്ലാഹുവിന്‍റെ നടപടിക്കു تَبْدِيلًا ഒരു മാറ്റം വരുത്തലും
ബാഹ്യത്തില്‍മാത്രം മുസ്‌ലിംവേഷം ധരിച്ച മുനാഫിഖുകളും, ദേഹേച്ഛകള്‍ക്കും, തോന്നിയവാസങ്ങള്‍ക്കും അനുസരിച്ചു കഴിഞ്ഞുകൂടുന്ന പിഴച്ച മനസ്ഥിതിക്കാരും, മുസ്‌ലിംകള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഭീതിയും, നടുക്കവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആളുകളും – അവരവരുടെ നിലപാടു നിറുത്തല്‍ ചെയ്യാത്തപക്ഷം നേരിടേണ്ടിവരുന്ന ഭവിഷ്യത്തിനെക്കുറിച്ച് അല്ലാഹു താക്കീതു നല്‍കുകയാണ്. എനിയും ഈ നില അവര്‍ തുടരുകയാണെങ്കില്‍ അവരെ മദീനയില്‍നിന്നു നിന്ദ്യന്മാരായ നിലയില്‍ ആട്ടിപ്പുറത്താക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു കല്പന കൊടുക്കും; പിന്നീടവര്‍ക്കു അയല്പക്കത്തൊന്നും താമസിക്കുവാന്‍ നിര്‍വ്വാഹമുണ്ടായിരിക്കയില്ല; വല്ല അവസരവും അതിനവര്‍ക്കു ലഭിച്ചാല്‍തന്നെ, ശപിക്കപ്പെട്ട ഒരു വര്‍ഗ്ഗമായിട്ടല്ലാതെ ജീവിക്കുവാനും സാധ്യമാകുകയില്ല; കാരണം, കിട്ടിയേടത്തുവെച്ച് അവരെ പിടിച്ചു നിഷ്കരുണം കൊല ചെയ്തുകളയുന്നതാണ്. ഇതാണ് താക്കീത്. ഈ വചനം അവതരിച്ചതിനുശേഷം അധികം താമസിയാതെ മുസ്ലിംകള്‍ക്കു ഇത്തരക്കാരുടെ ശല്യം ഇല്ലാതായിത്തീരുകയും മദീനായില്‍ അവരുടെ പ്രതാപം നാമാവശേഷമാകുകയും ചെയ്തു.
33:63
- يَسْـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِ ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ ۚ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا ﴾٦٣﴿
- മനുഷ്യര്‍ അന്ത്യസമയത്തെപ്പറ്റി നിന്നോടു ചോദിക്കുന്നു. പറയുക: ‘നിശ്ചയമായും അതിന്‍റെ അറിവു അല്ലാഹുവിങ്കല്‍ മാത്രമാകുന്നു.’ (നബിയേ) നിനക്കു അറിയിച്ചുതരുന്നതു എന്താണ്. [നിനക്കു എന്തറിയാം]?! അന്ത്യസമയം (ഒരുപക്ഷേ) അടുത്ത അവസരത്തില്‍ ഉണ്ടായേക്കാം.
- يَسْأَلُكَ നിന്നോടു ചോദിക്കുന്നു, ചോദിക്കും النَّاسُ മനുഷ്യര്‍ عَنِ السَّاعَةِ അന്ത്യസമയത്തെപ്പറ്റി قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചയമായും അതിന്‍റെ അറിവു, വിവരം عِندَ اللَّـهِ അല്ലാഹുവിങ്കല്‍ മാത്രമാണ് وَمَا എന്തൊന്നാണ് يُدْرِيكَ നിനക്കറിയിച്ചു തരുന്നതു لَعَلَّ السَّاعَةَ അന്ത്യസമയം ആയേക്കാം تَكُونُ ഉണ്ടാവുക قَرِيبًا അടുത്തു
33:64
- إِنَّ ٱللَّهَ لَعَنَ ٱلْكَٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا ﴾٦٤﴿
- അവിശ്വാസികളെ നിശ്ചയമായും അല്ലാഹു ശപിച്ചിരിക്കുന്നു; അവര്‍ക്കു ജ്വലിക്കുന്ന അഗ്നിയെ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു;-
- إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَنَ الْكَافِرِينَ അവിശ്വാസികളെ ശപിച്ചിരിക്കുന്നു وَأَعَدَّ لَهُمْ അവര്‍ക്കു ഒരുക്കുകയും ചെയ്തിരിക്കുന്നു سَعِيرًا ജ്വലിക്കുന്ന തീ
33:65
- خَٰلِدِينَ فِيهَآ أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا ﴾٦٥﴿
- അതില്‍ (അവര്‍) എന്നെന്നും നിത്യവാസികളായ നിലയില്‍. യാതൊരു ബന്ധുവിനെയാകട്ടെ, സഹായകനെയാകട്ടെ അവര്‍ കണ്ടെത്തുകയില്ല.
- خَالِدِينَ ശാശ്വതരായ നിലയില്‍ فِيهَا അതില്‍ أَبَدًا എക്കാലവും لَّا يَجِدُونَ അവര്‍ കണ്ടെത്തുകയില്ല وَلِيًّا ഒരു ബന്ധുവെയും وَلَا نَصِيرًا സഹായകനെയും ഇല്ല
33:66
- يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠ ﴾٦٦﴿
- നരകത്തില്‍ അവരുടെ മുഖങ്ങള്‍ മറിച്ചിടപ്പെടുന്ന ദിവസം (അന്ന്) അവര്‍ പറഞ്ഞുകൊണ്ടിരിക്കും: ‘ഹാ! ഞങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്തിരുന്നെങ്കില്‍ നന്നായേനെ!’
- يَوْمَ تُقَلَّبُ മറച്ചിടപ്പെടുന്ന ദിവസം وُجُوهُهُمْ അവരുടെ മുഖങ്ങള്‍ فِي النَّارِ നരകത്തില്‍ يَقُولُونَ അവര്‍ പറഞ്ഞുകൊണ്ടിരിക്കും يَا لَيْتَنَا ഹാ ഞങ്ങളായിരുന്നെങ്കില്‍ നന്നായേനെ أَطَعْنَا اللَّـهَ ഞങ്ങള്‍ അല്ലാഹുവിനെ അനുസരിച്ചിരുന്നു وَأَطَعْنَا الرَّسُولَا റസൂലിനെയും അനുസരിച്ചിരുന്നു (എങ്കില്‍)
33:67
- وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠ ﴾٦٧﴿
- അവര്‍ (ഇങ്ങിനെ) പറയുകയും ചെയ്യും: ‘ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും, ഞങ്ങളുടെ മൂപ്പന്മാരെയും അനുസരിച്ചുകളഞ്ഞു; അങ്ങനെ, അവര്‍ ഞങ്ങളെ വഴി പിഴപ്പിച്ചിരിക്കയാണ്;
- وَقَالُوا അവര്‍ പറയുകയും ചെയ്യും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ إِنَّا നിശ്ചയമായും ഞങ്ങള്‍ أَطَعْنَا ഞങ്ങള്‍ അനുസരിച്ചു سَادَتَنَا ഞങ്ങളുടെ നേതാക്കളെ وَكُبَرَاءَنَا ഞങ്ങളില്‍ വലിയവരെ (മൂപ്പന്‍മാരെ)യും فَأَضَلُّونَا അങ്ങനെ അവര്‍ ഞങ്ങളെ പിഴപ്പിച്ചു السَّبِيلَا വഴി
33:68
- رَبَّنَآ ءَاتِهِمْ ضِعْفَيْنِ مِنَ ٱلْعَذَابِ وَٱلْعَنْهُمْ لَعْنًا كَبِيرًا ﴾٦٨﴿
- ‘ഞങ്ങളുടെ രക്ഷിതാവേ! അവര്‍ക്ക് ശിക്ഷയില്‍നിന്നു രണ്ടിരട്ടി നീ നല്‍കേണമേ! അവരെ വമ്പിച്ച ശാപം ശപിക്കുകയും ചെയ്യേണമേ!!’
- رَبَّنَا ഞങ്ങളുടെ റബ്ബേ آتِهِمْ നീ അവര്‍ക്കു കൊടുക്കേണമേ ضِعْفَيْنِ രണ്ടിരട്ടി مِنَ الْعَذَابِ ശിക്ഷയില്‍നിന്നു وَالْعَنْهُمْ അവരെ നീ ശപിക്കുകയും വേണമേ لَعْنًا كَبِيرًا വലുതായ (വമ്പിച്ച) ശാപം
അന്ത്യസമയമാകുന്ന പ്രളയഘട്ടത്തെപ്പറ്റി ചോദിക്കുന്നവരോട് അതിനെക്കുറിച്ചു അല്ലാഹുവിനുമാത്രമേ അറിവുള്ളുവെന്ന് മറുപടി പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്പിക്കുന്നു. അല്ലാഹുവല്ലാത്ത ഒരാള്‍ക്കും ഇതു സംബന്ധിച്ച വിവരം അവന്‍ നല്‍കിയിട്ടില്ലാത്ത സ്ഥിതിക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അതെങ്ങിനെ അറിയുവാന്‍ സാധിക്കും?! എന്നാല്‍, അതിനെക്കുറിച്ചു ചോദ്യംചെയ്യുന്നവര്‍, വാസ്തവത്തില്‍ മരണാനന്തരജീവിതത്തെയും, പരലോകത്തെയും നിഷേധിക്കുന്നവരാണ്. ആകയാല്‍, അന്നത്തെ ദിവസം ആ നിഷേധികളുടെ അവസ്ഥ എന്തായിരിക്കുമെന്നു അല്ലാഹു തുടര്‍ന്നു വിവരിക്കുന്നു. അഥവാ, അന്ത്യസമയം എപ്പോളെന്നല്ല അവര്‍ അന്വേഷിക്കേണ്ടത്; അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെയും, അന്നത്തെ അവരുടെ സ്ഥിതിഗതികളെയും സംബന്ധിച്ചാണ് അന്വേഷിച്ചറിയേണ്ടതു എന്നു അവരെ ഓര്‍മ്മിപ്പിക്കുന്നു.
വിഭാഗം – 9
33:69
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ ءَاذَوْا۟ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُوا۟ ۚ وَكَانَ عِندَ ٱللَّهِ وَجِيهًا ﴾٦٩﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ യാതൊരു കൂട്ടരെ പോലെ ആവരുത്: അവര്‍ മൂസായെ ശല്യപ്പെടുത്തുകയും, എന്നിട്ടു അവര്‍ പറഞ്ഞതില്‍നിന്നു അല്ലാഹു അദ്ദേഹത്തെ ഒഴിവാ(ക്കി നിരപരാധിത്വം തെളിയി)ക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ പ്രമുഖനായ ഒരാളുമായിരുന്നു.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَكُونُوا നിങ്ങള്‍ ആകരുതു كَالَّذِينَ യാതൊരു കൂട്ടരെപ്പോലെ آذَوْا مُوسَىٰ അവര്‍ മൂസായെ ശല്യപ്പെടുത്തി فَبَرَّأَهُ اللَّـهُ എന്നിട്ടദ്ദേഹത്തെ അല്ലാഹു ഒഴിവാക്കി, നിരപരാധിയാക്കി مِمَّا قَالُوا അവര്‍ പറഞ്ഞതില്‍നിന്നു وَكَانَ അദ്ദേഹമായിരുന്നുതാനും عِندَ اللَّـهِ അല്ലാഹുവിന്‍റെ അടുക്കല്‍ وَجِيهًا പ്രമുഖന്‍
57, 58 എന്നീ ആയത്തുകളുടെ വിവരണത്തില്‍നിന്ന് ‘ശല്യപ്പെടുത്തുക’ എന്നതിന്‍റെ വിവിധ രൂപങ്ങള്‍ നാം മനസ്സിലാക്കിയല്ലോ. മൂസാ (عليه السلام) നബിക്കു അദ്ദേഹത്തിന്‍റെ സമുദായത്തില്‍നിന്ന് അനുഭവപ്പെട്ട ശല്യങ്ങള്‍ നിരവധിയാണെന്നു പറയേണ്ടതില്ല. അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തെ നിഷേധിച്ചിരുന്ന പ്രത്യക്ഷ ശത്രുവിഭാഗക്കാരില്‍നിന്നു മാത്രമല്ല. അദ്ദേഹത്തിന്‍റെ സ്വന്തം ജനതയായ ഇസ്രാഈല്യരില്‍ നിന്നുപോലും ധാരാളം ശല്യങ്ങള്‍ അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നിരുന്നു. അവയില്‍ ഏതെങ്കിലും ചില വിഷയങ്ങളെക്കുറിച്ചു ഇവിടെ പ്രത്യേകം സൂചനകളൊന്നും അല്ലാഹു നല്‍കിയിട്ടില്ല. എന്നിരിക്കെ, ഇവിടെ അവ മൊത്തത്തില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. ഖുര്‍ആനിലും, ഹദീസിലും, മഹാന്‍മാരുടെ ഗ്രന്ഥങ്ങളിലും കാണപ്പെടുന്ന പല സംഭവങ്ങളും ഇവിടെ അതിനു ഉദാഹരണമായി എടുക്കാവുന്നതുമാകുന്നു.
ശത്രുക്കളുമായി യുദ്ധം നടത്തേണ്ടുന്ന ഘട്ടം വന്നപ്പോള്‍ ഇസ്രാഈല്യര്‍ മൂസാ (عليه السلام) നബിയോടു പറഞ്ഞു: ‘നീയും, നിന്‍റെ റബ്ബും പോയി യുദ്ധംചെയ്തുകൊള്ളുക. ഞങ്ങളിവിടെ ഇരിക്കുകയാണ്,’ – 5:24.
(فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ : سورة المائدة : ٢٤)
‘തീഹു’ മരുഭൂമിയില്‍വെച്ച് ‘മന്നാ’യും ‘സല്‍വാ’യും (ഒരു തരം കട്ടിത്തേനും, കാടപ്പക്ഷിയും) സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്ന അവസരത്തില്‍ അവര്‍ പറഞ്ഞു: ‘നിശ്ചയമായും ഞങ്ങള്‍ ഒരേ ഭക്ഷണത്തിന്‍മേല്‍ ക്ഷമിച്ചുകൊണ്ടിരിക്കുകയില്ല’ 2:61:-
(لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ: سورة البقرة : ٦١)
മറ്റൊരവസരത്തില്‍ അവര്‍ ശഠിച്ചു: ‘ഞങ്ങള്‍ അല്ലാഹുവിനെ പരസ്യമായിക്കാണുവോളം നിന്നെ ഞങ്ങള്‍ വിശ്വസിക്കുകയില്ല.’2:55:-
(لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّـهَ جَهْرَةً : سورة البقرة: ٥٥).
മൂസാനബി (عليه السلام) തൗറാത്തു ഏറ്റുവാങ്ങുവാന്‍വേണ്ടി സീനാപര്‍വ്വതത്തില്‍ പോയി വന്നപ്പോഴേക്കും അവര്‍ പശുക്കുട്ടിയെ ദൈവമാക്കി ആരാധിച്ച സംഭവം പ്രസിദ്ധമാണ്. ഇങ്ങിനെ പലതും.
മൂസാ (عليه السلام) വളരെ ലജ്ജാശീലനായിരുന്നുവെന്നും, അതിനാല്‍ ശരീരത്തിന്‍റെ അല്‍പഭാഗം വെളിവാകുന്നതില്‍ അദ്ദേഹം വളരെ സങ്കോചപ്പെട്ടിരുന്നുവെന്നും, അദ്ദേഹത്തിനു വെള്ളപ്പാണ്ഡോ മറ്റോ ഉള്ളതുകൊണ്ടാണതെന്നു ജനങ്ങള്‍ പറഞ്ഞുപരത്തുകയുണ്ടായെന്നും, അദ്ദേഹം ഏകനായി കുളിക്കുവാന്‍വേണ്ടി വസ്ത്രങ്ങള്‍ അഴിച്ചുവെച്ച ഒരവസരത്തില്‍ ആ പ്രസ്താവന ശരിയല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ അല്ലാഹു ഒരു അവസരം ഉണ്ടാക്കിയെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു. തുടര്‍ന്നുകൊണ്ട് ഈ ഖുര്‍ആന്‍വചനം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതുകയും ചെയ്തു. (അഹ്മദു, ബുഖാരീ (رضي الله عنه) മുതലായവര്‍ ഇതു ഉദ്ധരിച്ചിരിക്കുന്നു). ഹാറൂന്‍ നബി (عليه السلام)യെ കാണാതായ ഒരവസരത്തില്‍ മൂസാ (عليه السلام) അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നു എന്നും മറ്റുമുള്ള വേറെ ആരോപണങ്ങളും അദ്ദേഹത്തിന്‍റെപേരില്‍ നടത്തപ്പെട്ടതായി ചില രിവായാത്തുകള്‍ കാണാം.
ഇങ്ങിനെയുള്ള യാതൊരു ശല്യങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു സത്യവിശ്വാസികളില്‍നിന്നു ഉണ്ടാകരുതെന്നും, അങ്ങിനെ വല്ലതും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരുമെന്നല്ലാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അതുകൊണ്ടു ദോഷമൊന്നും പിണയുവാനില്ലെന്നും, അല്ലാഹു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നിരപരാധിത്വം തെളിയിക്കുകതന്നെ ചെയ്യുമെന്നും സത്യവിശ്വാസികളെ അല്ലാഹു ഇതുമൂലം താക്കീത് ചെയ്യുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങള്‍ക്കിടയില്‍ പൊതുസ്വത്തുക്കള്‍ ഭാഗിച്ചുകൊടുത്തു കൊണ്ടിരിക്കെ ഒരാള്‍ പറയുകയുണ്ടായി: ‘അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു ഓഹരി ചെയ്യലാണിത്.’ ഇതുകേട്ടപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മുഖം ചുവന്നു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ കാരുണ്യം മൂസാനബിയിലുണ്ടാകട്ടെ! ഇതിനെക്കാള്‍ വലിയ തോതില്‍ അദ്ദേഹത്തിനു ശല്യം ബാധിക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ടും അദ്ദേഹം അതു ക്ഷമിച്ചു.
(رحمة الله على موسى لقد اوذى بأكثر من هذا فصبر – متفق عليه)
33:70
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًا سَدِيدًا ﴾٧٠﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; നേരെ ചൊവ്വായ വാക്കുപറയുകയും ചെയ്യുവിന്‍;-
- يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ اتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَقُولُوا പറയുകയും ചെയ്യുവിന്‍ قَوْلًا سَدِيدًا ചൊവ്വായ (നേരായ) വാക്കു
33:71
- يُصْلِحْ لَكُمْ أَعْمَٰلَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا ﴾٧١﴿
- (എന്നാല്‍) അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മങ്ങളെ നന്നാക്കിത്തരുകയും, നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ, തീര്‍ച്ചയായും അവന്‍ വമ്പിച്ച ഭാഗ്യം പ്രാപിച്ചു.
- يُصْلِحْ لَكُمْ അവന്‍ നിങ്ങള്‍ക്കു നന്നാക്കിത്തരും أَعْمَالَكُمْ നിങ്ങളുടെ കര്‍മ്മങ്ങളെ, പ്രവര്‍ത്തനങ്ങളെ وَيَغْفِرْ لَكُمْ നിങ്ങള്‍ക്കുപൊറുത്തുതരുകയും ചെയ്യും ذُنُوبَكُمْ നിങ്ങളുടെ പാപങ്ങളെ وَمَن يُطِعِ ആരെങ്കിലും അനുസരിച്ചാല്‍, ആര്‍ വഴിപ്പെട്ടുവോ اللَّـهَ وَرَسُولَهُ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും فَقَدْ فَازَ എന്നാലവന്‍ ഭാഗ്യം പ്രാപിച്ചു فَوْزًا عَظِيمًا വമ്പിച്ചഭാഗ്യം, വിജയം
രണ്ടു കാര്യങ്ങള്‍ അല്ലാഹു ഇവിടെ സത്യവിശ്വാസികളെ ഉപദേശിക്കുന്നു. രണ്ടു കാര്യങ്ങള്‍ അവരോടു വാഗ്ദാനവും ചെയ്യുന്നു. അനുസരണവും സല്ക്കര്‍മ്മവും വഴി അല്ലാഹുവിനെ സൂക്ഷിക്കുക, അഥവാ അവനോടു ഭയഭക്തിയുണ്ടായിരിക്കുക, അക്രമത്തിന്‍റെയും അന്യായത്തിന്‍റെയും കലര്‍പ്പില്ലാത്ത നേരെ ചൊവ്വായ വാക്കുകള്‍ പറയുക, ഇതാണ് രണ്ടു ഉപദേശങ്ങള്‍. ഈ രണ്ടു ഉപദേശങ്ങള്‍ സ്വീകരിക്കുന്ന സത്യവിശ്വാസികള്‍ക്ക് അവരുടെ കര്‍മ്മങ്ങളും പ്രവൃത്തികളും അവന്‍ നന്നാക്കിക്കൊടുക്കും. അഥവാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടുന്ന സഹായവും പരിതസ്ഥിതികളും പ്രദാനം ചെയ്കയും, അതിനു നല്ല പ്രതിഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഇതത്രെ വാഗ്ദാനങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്പനാനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു ജീവിക്കുന്നതാരോ അവര്‍തന്നെയാണ് ഇഹത്തിലും പരത്തിലും വമ്പിച്ച ഭാഗ്യം സിദ്ധിക്കുന്നവര്‍.
33:72
- إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَٰنُ ۖ إِنَّهُۥ كَانَ ظَلُومًا جَهُولًا ﴾٧٢﴿
- ആകാശങ്ങളുടെയും, ഭൂമിയുടെയും, പര്‍വ്വതങ്ങളുടെയുംമേല്‍ (ഈ) ‘അമാനത്തി’നെ നാം (എടുത്ത്) കാട്ടുകയുണ്ടായി. എന്നാലവ അത് ഏറ്റെടുക്കുന്നതിന് വിസമ്മതിക്കുകയും, അതിനെപ്പറ്റി പേടിക്കുകയും ചെയ്തു. മനുഷ്യന്‍ അതു ഏറ്റെടുത്തു. നിശ്ചയമായും അവന്‍, അക്രമകാരിയും, അറിവുകെട്ടവനുമാകുന്നു.
- إِنَّا നിശ്ചയമായും നാം عَرَضْنَا നാം കാട്ടി, പ്രദര്‍ശിപ്പിച്ചു الْأَمَانَةَ അമാനത്തിനെ عَلَى السَّمَاوَاتِ ആകാശങ്ങളുടെമേല്‍ وَالْأَرْضِ ഭൂമിയുടെയും وَالْجِبَالِ പര്‍വ്വതങ്ങളുടെയും فَأَبَيْنَ അപ്പോഴവ വിസമ്മതിച്ചു أَن يَحْمِلْنَهَا അവ അതു ഏറ്റെടുക്കുന്നതിനു, വഹിക്കുന്നതിനു وَأَشْفَقْنَ അവ പേടിക്കുകയും ചെയ്തു مِنْهَا അതിനെപ്പറ്റി وَحَمَلَهَا അതു ഏറ്റെടുത്തു, വഹിച്ചു الْإِنسَانُ മനുഷ്യന്‍ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു ظَلُومًا അക്രമകാരി جَهُولًا അറിവുകെട്ടവന്‍, മൂഢന്‍
33:73
- لِّيُعَذِّبَ ٱللَّهُ ٱلْمُنَٰفِقِينَ وَٱلْمُنَٰفِقَٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَٰتِ وَيَتُوبَ ٱللَّهُ عَلَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًۢا ﴾٧٣﴿
- കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാന്‍ വേണ്ടിയത്രെ (അതു); സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയുംമേല്‍ അല്ലാഹു പശ്ചാത്താപം സ്വീകരിക്കുവാനും (വേണ്ടിയാകുന്നു). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
- لِّيُعَذِّبَ اللَّـهُ അല്ലാഹു ശിക്ഷിക്കുവാന്‍വേണ്ടി الْمُنَافِقِينَ കപടവിശ്വാസികളെ وَالْمُنَافِقَاتِ കപടവിശ്വാസിനികളെയും وَالْمُشْرِكِينَ ബഹുദൈവ വിശ്വാസികളെയും وَالْمُشْرِكَاتِ ബഹുദൈവ വിശ്വാസിനികളെയും وَيَتُوبَ اللَّـهُ അല്ലാഹു പശ്ചാത്താപം (മടക്കം) സ്വീകരിക്കുവാനും عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെമേല്‍ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളുടെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
‘അമാനത്ത്’ (الامانة) എന്നാല്‍, വിശ്വാസപൂര്‍വ്വം ഒരാളുടെ പക്കല്‍ സൂക്ഷിക്കുവാന്‍ എല്പിക്കപ്പെടുന്ന അനാമത്ത് – അഥവാ സൂക്ഷിപ്പുവസ്തു – എന്നാകുന്നു. വിശ്വസ്ഥത എന്നത്രെ വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം. അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങളാകുന്ന മതശാസനങ്ങളാ (التكاليف الدينية)ണ് ഇവിടെ വിവക്ഷ. നിര്‍ബ്ബന്ധനിയമങ്ങള്‍ (الفرائض) എന്നും, അനുസരണം (الطاعة) എന്നും മറ്റും ചില മഹാന്‍മാര്‍ ഈ ‘അമാനത്തി’നു വിവക്ഷ നല്കാറുണ്ടെങ്കിലും, അവയെല്ലാം തന്നെ സാരത്തില്‍ പരസ്പരം യോജിച്ചതോ, അല്ലെങ്കില്‍ അമാനത്തിലെ ചില പ്രധാന വശങ്ങളെ ചൂണ്ടിക്കാട്ടുന്നതോ ആണെന്നുകാണാം.
വളരെ അര്‍ത്ഥഗര്‍ഭമായതും, ആഴത്തില്‍ ചിന്തിച്ചു ഗ്രഹിക്കേണ്ടതുമായ വചനങ്ങളാണിത്. ആകാശഭൂമികളും, പര്‍വ്വതങ്ങളുമെല്ലാം സൃഷ്ടികളില്‍ വമ്പിച്ചതുതന്നെ. എങ്കിലും അവയുടെ പ്രകൃതിസ്വഭാവങ്ങള്‍ ഈ അമാനത്താകുന്ന ശാസനാഭാരം ഏറ്റുവാങ്ങി സ്വീകരിക്കുവാന്‍ പര്യാപ്തങ്ങളല്ല. അഥവാ അതു അവയ്ക്കു യോജിച്ചതല്ല. കേവലം ഒരു ചെറുജീവിയായ മനുഷ്യന്‍റെ ആകൃതിയും, പ്രകൃതിയും ഒന്നു വേറെയാണ്. വിശേഷബുദ്ധിയും, വിവേചനാശക്തിയും, അവനു പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഈ അമാനത്ത് ഏറ്റുവാങ്ങുവാനും, അത് കൈകാര്യം ചെയ്‌വാനും അര്‍ഹന്‍ അവനത്രെ. അതു അവന്നാണ് യോജിപ്പും. അങ്ങനെ, പ്രസ്തുത സൂക്ഷിപ്പുമുതല്‍ അല്ലാഹു മനുഷ്യനെയാണ് ഏല്പിച്ചതു മനുഷ്യനാണത് ഏറ്റെടുത്തത്. ഉപമാരൂപത്തില്‍ പറഞ്ഞ ആദ്യത്തെ വചനത്തിന്‍റെ രത്നച്ചുരുക്കം ഇതാകുന്നു.
ഈ അമാനത്തിന്‍റെ ഗൗരവത്തെയാണ് وَأَشْفَقْنَ مِنْهَا (അവ അതിനെപ്പറ്റി പേടിക്കയും ചെയ്തു) എന്ന വാക്യം കുറിക്കുന്നത്. وَحَمَلَهَا الْإِنسَانُ (മനുഷ്യന്‍ അതു ഏറ്റെടുക്കുകയും ചെയ്തു) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, അവന്‍റെ പ്രകൃതിവിശേഷത അതിനെ അനുകൂലിച്ചുവെന്നുമാകുന്നു. അല്ലെങ്കില്‍ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിക്കുന്നതുപോലെ, ഇതു ആത്മീയലോകത്തുവെച്ചു നടന്ന സംഭവത്തെ ഉദ്ധരിച്ചതുമായിരിക്കാം. അതായത്: അല്ലാഹുവിന്‍റെ ഏകത്വത്തെ സമ്മതിച്ചുകൊണ്ടുള്ള ഒരു കരാര്‍ ആത്മീയലോകത്തുവെച്ച് അല്ലാഹുവിനോടു മനുഷ്യവര്‍ഗ്ഗം നടത്തുകയുണ്ടായിട്ടുണ്ടെന്നു സൂ: അഅ്റാഫ് 172ല്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. അതുപോലെയുള്ള ഒരു സംഭവമായിരിക്കാം. الله اعلم ഏതായാലും ആയത്തിലടങ്ങിയ തത്വം നാം മുകളില്‍ പ്രസ്താവിച്ചതുതന്നെ.
മതശാസനകളാകുന്ന അമാനത്തു ഏറ്റെടുത്തതു മനുഷ്യനാണെന്നു പറഞ്ഞിരിക്കകൊണ്ട് മലക്കുകളിലോ, ജിന്നുകളിലോ അല്ലാഹുവിന്‍റെ യാതൊരുവിധ ശാസനകളും ഉണ്ടാവുകയില്ലെന്നു അര്‍ത്ഥമില്ല. ജിന്നുവര്‍ഗ്ഗത്തെ നിഷേധിക്കുന്നവരും, മലക്കുകളെ വിദ്യുച്ഛക്തിപോലുള്ള എന്തോ ചില ശക്തികളായി ചിത്രീകരിക്കുന്നവരും തങ്ങളുടെ പൊള്ളവാദങ്ങള്‍ക്ക് ഇതുപോലെയുള്ള ചില ഖുര്‍ആന്‍വാക്യങ്ങളെ ചൂഷണം ചെയ്യാറുണ്ട്. സന്ദര്‍ഭോചിതം നാമതിനെ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. മലക്കുകളെപ്പറ്റി സൂ: തഹ്‌രീമില്‍
لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ : سورة التحريم
(അല്ലാഹു അവരോടു കൽപിച്ചതിനു അവര്‍ അനുസരണക്കേടു ചെയ്കയില്ല: അവരോടു കല്പിക്കപ്പെടുന്നതു അവര്‍ ചെയ്യുകയും ചെയ്യും) എന്നു പറഞ്ഞിട്ടുള്ളതും, ജിന്നുകളെയും മനുഷ്യരെയുംകുറിച്ച് സൂ: ദാരിയാത്തില്‍
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ : سورة الذاريات
(ജിന്നിനെയും ‘ഇന്‍സിനെ’ -മനുഷ്യനെ- യും എന്നെ ആരാധിക്കുവാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.) എന്നുംമറ്റും അല്ലാഹു പറഞ്ഞിരിക്കുന്നതും ഇവിടെ ഓര്‍ക്കേണ്ടതാകുന്നു. പക്ഷേ, മലക്കുകളോടും, ജിന്നുകളോടുമുള്ള ശാസനകള്‍ അവരുടെ പ്രകൃതിസ്വഭാവങ്ങള്‍ക്കും, പ്രത്യേകതകള്‍ക്കും അനുയോജ്യമായിരിക്കുമെന്നും, നമുക്കു അതിനെപ്പറ്റി -ഖുര്‍ആനിലോ ഹദീസിലോ പ്രസ്താവിച്ചുകണ്ടതല്ലാതെ- ഒന്നും തീര്‍ത്തുപറയുവാന്‍ സാധ്യമല്ലെന്നും വ്യക്തമാണ്.
അല്ലാഹുവിന്‍റെ അമാനത്താകുന്ന ഈ ചുമതലാഭാരം ഏറ്റെടുക്കുകവഴി മനുഷ്യന്‍ വമ്പിച്ച ഒരു ഉത്തരവാദിത്തം ഏറ്റിരിക്കുകയാണ്. ആ ഉത്തരവാദിത്തം വേണ്ടതുപോലെ നിറവേറ്റുന്നപക്ഷം അവന്‍ ഉല്‍കൃഷ്ടനും, മഹാഭാഗ്യവാനുമാകുന്നു. എന്നാല്‍, അവന്‍റെ പൊതുനില നോക്കുമ്പോള്‍ അവന്‍ അക്രമകാരിയും, അനീതി ചെയ്യുന്നവനുമാണ്; അവന്‍ അറിവുകെട്ടവനും ഭോഷനുമാണ്. പല വിഡ്ഢിത്തത്തിലും അവന്‍ ചെന്നുചാടും. മനുഷ്യസഹജമാണതെല്ലാം. പല പ്രേരണകള്‍ക്കും, താല്‍ക്കാലികമായ ദേഹേച്ഛകള്‍ക്കും. വിവിധ വിചാരവികാരങ്ങള്‍ക്കും അവന്‍ വിധേയനാകും. അങ്ങനെ, ഭവിഷ്യത്തിനെപ്പറ്റി ആലോചിക്കാതെ അനീതിയും വിഡ്ഢിത്തവും അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതിനെയെല്ലാം അതിജയിച്ചുകൊണ്ട് തന്‍റെ യഥാര്‍ത്ഥ ജീവിതത്തിനുവേണ്ടി പരിശ്രമിക്കുവാനാവശ്യമായ ഉപാധികള്‍ അവന്‍റെ വശം തന്നെയുണ്ടുതാനും. നന്‍മകളെയും, തിന്‍മകളെയും വിവേചിച്ചറിയുവാനുള്ള ബുദ്ധിശക്തി അവനിലുണ്ട്. കൂടാതെ, അവന്‍റെ യഥാര്‍ത്ഥമായ വിജയത്തിനു ആസ്പദമായ സകല മാര്‍ഗ്ഗദര്‍ശനങ്ങളും പ്രവാചകന്മാര്‍മുഖേന യഥാവിധി അല്ലാഹു കൊടുത്തരുളിയിട്ടുമുണ്ട്. ചുരുക്കത്തില്‍, ഒരു വശത്തു അവനെ വമ്പിച്ച നാശഗര്‍ത്തത്തിലേക്കു ആഴ്ത്തുന്ന ദുഷ് പ്രേരണകളും, മറ്റൊരുവശത്തു അവനെ മഹാഭാഗ്യത്തിലേക്കു ഉയര്‍ത്തിക്കൊണ്ടുപോകുന്ന സല്‍പ്രേരണകളും അവന്‍റെകൂടെയുണ്ട്. ഇവ രണ്ടില്‍ ഏതാണവന്‍ അനുസരിക്കുന്നത്? ഏതിനാണു അവന്‍ മുന്‍ഗണന നല്‍കുന്നത്? ഈ പരീക്ഷണമത്രെ ‘അമാനത്തു’ ഏല്‍പിക്കപ്പെട്ടതിന്‍റെ ഉദ്ദേശ്യവും.
ദുഷ് പ്രേരണകള്‍ക്കു വശംവദനായി, അല്ലാഹുവിനെ ധിക്കരിക്കുന്ന മുശ്‌രിക്കോ മുനാഫിഖോ ആയിത്തീരുകയാണെങ്കില്‍, അല്ലാഹുവിങ്കല്‍ നിന്നു അവനു ശിക്ഷ ലഭിക്കുന്നു. അതല്ല, സല്‍പ്രേരണകള്‍ക്കനുസരിച്ചു കൊണ്ടു – അല്ലാഹുവിനു കീഴ്പെട്ടുജീവിക്കുന്ന മുഅ്മിനാവുകയാണെങ്കില്‍, സ്വാഭാവികമായി വരുന്ന അവന്‍റെ തെറ്റുകുറ്റങ്ങള്‍ക്ക് അല്ലാഹു മാപ്പു നല്‍കുകയും. അവന്‍റെ കൃപാകടാക്ഷത്തിനു പാത്രമാക്കുകയും ചെയ്യും. പുരുഷനെന്നോ സ്ത്രീയെന്നോ ഇവിടെ വകഭേദമില്ല. രക്ഷാശിക്ഷകളുടെ മാനാദണ്ഡം എല്ലാവര്‍ക്കും ഒന്നുതന്നെ.
അല്ലാഹു നമുക്കെല്ലാം പൊറുത്തുതരുകയും, കരുണ നല്‍കുകയും ചെയ്യട്ടെ. അല്ലാഹു ഏല്‍പിച്ച അമാനത്തു വേണ്ടതുപോലെ കാത്തുസൂക്ഷിക്കുവാന്‍ അവന്‍ നമുക്കു തൌഫീഖു നല്‍കട്ടെ. ആമീന്‍.
والحمد لله أولاً وآخراًതിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നീ പറയുന്ന കാര്യം അവനില്‍ ഉണ്ടായിരുന്നാല്‍ നീ അവനെ പരദൂഷണം പറഞ്ഞു. നീ പറയുന്നതു അവനില്‍ ഇല്ലെങ്കിലോ, നീ അവനെപ്പറ്റി അപരാധം – നുണ – പറഞ്ഞു.’ (മുസ്ലിം.)

Leave a comment