ഏഴാംഘട്ടം – ക്യാമ്പയിൻ 07 – സൂറത്തുല്‍ അഹ്സാബ്‌ : ആയത്ത് 49 മുതൽ 58 വരെ

സൂറത്തുല്‍ അഹ്സാബ്‌ : 49-58

അടുത്ത വചനം മുതല്‍ സംസാരമുഖം മറ്റൊരു വശത്തേക്കു തിരിയുന്നു. ചില വൈവാഹിക നിയമങ്ങളാണ് അടുത്ത ആയത്തുകളില്‍ പ്രതിപാദിക്കുന്നത്. നിയമങ്ങള്‍ വിവരിക്കുമ്പോള്‍ മനുഷ്യരാല്‍ വിരചിതമായ സാധാരണ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന പ്രതിപാദനരീതിയും, ഖുര്‍ആന്‍റെ പ്രതിപാദനരീതിയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചുനോക്കുക! അല്ലാഹു പറയുന്നു:-

33:49

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَكَحْتُمُ ٱلْمُؤْمِنَٰتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا ۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحًا جَمِيلًا ﴾٤٩﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസികളായ സ്ത്രീകളെ വിവാഹം ചെയ്യുകയും, പിന്നീട് അവരെ സ്പര്‍ശിക്കുന്നതിനു മുമ്പായി അവരെ നിങ്ങള്‍ വിവാഹമോചനം [‘ത്വലാഖ്’] ചെയ്കയും ചെയ്യുന്നതായാല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കേണ്ടുന്ന യാതൊരു ‘ഇദ്ദയും’ നിങ്ങളോട് അവര്‍ക്കു (ബാധ്യത) ഇല്ല. എന്നാല്‍, നിങ്ങള്‍ അവര്‍ക്കു ‘മുത്ത്അത്ത്’ [മോചനവിഭവം] നല്‍കുകയും, അവരെ ഭംഗിയായ പിരിച്ചയക്കല്‍ പിരിച്ചയക്കുകയും ചെയ്യണം.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചിട്ടുള്ളവരേ إِذَا نَكَحْتُمُ നിങ്ങള്‍ വിവാഹം കഴിച്ചാല്‍ الْمُؤْمِنَاتِ സത്യവിശ്വാസിനികളെ ثُمَّ طَلَّقْتُمُوهُنَّ പിന്നീടു നിങ്ങളവരെ വിവാഹമോചനവും ചെയ്തു مِن قَبْلِ മുമ്പായി أَن تَمَسُّوهُنَّ നിങ്ങളവരെ സ്പര്‍ശിക്കുന്നതിനു فَمَا لَكُمْ എന്നാല്‍ നിങ്ങള്‍ക്കില്ല, നിങ്ങളോടില്ല عَلَيْهِنَّ അവരുടെമേല്‍ (ബാധ്യത) مِنْ عِدَّةٍ യാതൊരു ഇദ്ദഃയും تَعْتَدُّونَهَا നിങ്ങള്‍ എണ്ണി (കണക്കാക്കി) വരുന്ന فَمَتِّعُوهُنَّ എന്നാലവര്‍ക്കു നിങ്ങള്‍ ‘മുത്ത്അത്തു’ നല്‍കണം وَسَرِّحُوهُنَّ നിങ്ങളവരെ പിരിച്ചുവിടുകയും വേണം سَرَاحًا ഒരു പിരിക്കല്‍ جَمِيلًا ഭംഗിയായ, നല്ലതായ

‘സ്പര്‍ശിക്കുന്നതിനുമുമ്പായി’ എന്നു പറഞ്ഞതിന്‍റെ താല്പര്യം സംയോഗം ഉണ്ടാകുന്നതിനുമുമ്പ് എന്നാണ്. ഇതേ ഉദ്ദേശ്യത്തില്‍ ‘തൊടുക, സമീപിക്കുക, ചൊല്ലുക, മൂടുക, വിവാഹം നടത്തുക’ (ملامسة، قُرُبَاﻥ، اتيان، تغشى، نكاح) എന്നിങ്ങിനെയുള്ള പദപ്രയോഗങ്ങളും ഖുര്‍ആന്‍ ഉപയോഗിച്ചു കാണാം. ഖുര്‍ആന്‍റെ ഭാഷാമാര്യാദകളില്‍ ഒന്നാണ് ഇത്തരം പ്രയോഗങ്ങള്‍. ഭാര്യയും ഭര്‍ത്താവുമായി – വിവാഹമോചനം കൊണ്ടോ, മരണം കൊണ്ടോ വേര്‍പ്പെട്ടശേഷം ഭാര്യക്കു മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ലാതെ, നിര്‍ബ്ബന്ധമായും അവള്‍ കാത്തിരിക്കേണ്ടുന്ന കാലത്തിനാണ് ‘ഇദ്ദഃ’ (العِدَّة) എന്നു പറയുന്നത്. ഋതുകാലം എത്താത്തവളും, ഋതുകാലം കഴിഞ്ഞവളും മുമ്മൂന്നു മാസവും, ഋതുമതികള്‍ മൂന്നു ഋതുകാലവും, ഗര്‍ഭിണികള്‍ പ്രസവംവരെയും, ഭര്‍ത്താവു മരണപ്പെട്ടവള്‍ നാലു മാസവും പത്തു ദിവസവും ‘ഇദ്ദഃ’ ആചരിക്കേണ്ടതുണ്ട്. മുന്‍വിവാഹത്തില്‍ ഗര്‍ഭം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കലാണ് ഇദ്ദഃയുടെ ഉദ്ദേശ്യങ്ങളില്‍ പ്രധാനമായത്. പിതൃബന്ധത്തില്‍ കലര്‍പ്പോ സംശയമോ ഉണ്ടായേക്കുന്നതു ഇസ്‌ലാമിക ദൃഷ്ട്യാ വമ്പിച്ച ആപത്താണല്ലോ. വിവാഹത്തിന്നുശേഷം വധൂവരന്‍മാര്‍ തമ്മില്‍ സമീപനം ഉണ്ടാകാതിരിക്കുന്നപക്ഷം വിവാഹമോചനത്തിന്‍റെ പേരില്‍ ഇദ്ദഃ ആവശ്യമില്ല എന്നാണ് ആയത്തിന്‍റെ സാരം.

‘നിങ്ങളോടു അവര്‍ക്കു ബാധ്യതയില്ല,’ (مَا لَكُمْ عَلَيْهِنَّ) എന്നും നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദഃ’ (عِدَّةٍ تَعْتَدُّونَهَا) എന്നുമുള്ള പ്രയോഗത്തില്‍ ചില സൂചനകളുണ്ട്: സ്ത്രീ ഇദ്ദഃ ആചരിക്കുന്നതു പുരുഷന്‍റെ ഒരവകാശം വകവെച്ചു കൊടുക്കലാണ്. ഇതു സ്ത്രീകളുടെ കടമയാണ്. സന്താനത്തിന്‍റെ വംശബന്ധം പിതാവുമായിട്ടാണുള്ളത്. ഇദ്ദഃയുടെ കാലം മൊത്തക്കണക്കില്‍ പൂര്‍ത്തിയാക്കിയാല്‍ പോരാ, കൃത്യമായിത്തന്നെ പൂര്‍ത്തിയാക്കണം എന്നൊക്കെയാണത്.

വിവാഹമോചനം നിമിത്തം ഭര്‍ത്താവുമായി വേര്‍പെടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ അസ്വാസ്ഥ്യത്തിനു ഒരു താല്‍ക്കാലിക ആശ്വാസമെന്ന നിലക്ക് ഭര്‍ത്താവു ഭാര്യക്കു കൊടുക്കേണ്ടതുള്ള വിഭവത്തിനാണ് ‘മുത്ത്അത്ത് (المتعة) എന്നു പറയുന്നത്. ഇതു എത്രയാണെന്നു നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല, പരിതഃസ്ഥിതിയനുസരിച്ചു ഇതു കണക്കാക്കേണ്ടിയിരിക്കുന്നു. സൂ: അല്‍ബഖറഃയില്‍ അല്ലാഹു പറയുന്നു:

وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ : سورة البقرة: ٢٣٦

സാരം: ‘അവര്‍ക്കു – വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കു – നിങ്ങള്‍ ‘മുത്ത്അത്ത്’ കൊടുക്കുകയും ചെയ്യണം. കഴിവുള്ളവനു അവന്‍റെ സാദ്ധ്യത അനുസരിച്ചും, തിടുക്കകാരന്നു അവന്‍റെ കഴിവനുസരിച്ചും ബാധ്യതയുണ്ട്.’ ഇതിനെതുടര്‍ന്നുള്ള (അല്‍ബഖറഃയിലെ) ആയത്തില്‍, സ്പര്‍ശനത്തിനുമുമ്പ് വിവാഹമോചനം, ചെയ്യപ്പെടുന്ന സ്ത്രീക്ക് ‘മഹ്ര്‍’ (വിവാഹമൂല്യം) നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‍റെ പകുതി കൊടുക്കണമെന്നു വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇങ്ങിനെ പകുതി ‘മഹ്ര്‍’ കൊടുക്കപ്പെടേണ്ടുന്നവള്‍ക്കു ‘മുത്ത്അത്ത്’ കൊടുക്കല്‍ നിര്‍ബന്ധമില്ലെന്നും ആ ആയത്തുകളില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. ആകയാല്‍, സ്പര്‍ശനത്തിനുമുമ്പ് വിവാഹമോചനം നല്‍കപ്പെടുന്നവള്‍ക്കു ‘മുത്ത്അത്തു’ കൊടുക്കണമെന്ന നിര്‍ബ്ബന്ധം, അവള്‍ക്കു മഹ്ര്‍ നിര്‍ണ്ണയിക്കപ്പെടാത്തപ്പോഴാണെന്നും, ‘മഹ്ര്‍’ നിര്‍ണ്ണയിക്കപ്പെടാത്തപക്ഷം അവള്‍ക്കു ‘മുത്ത്അത്ത്’ മാത്രമേ നിര്‍ബ്ബന്ധമായി കൊടുക്കേണ്ടതുള്ളുവെന്നും, മനസ്സിലാക്കാവുന്നതാകുന്നു. കൂടുതല്‍ വിശദീകരണത്തിന് അല്‍ബഖറഃ 236, 241 ആയത്തുകളുടെ വിവരണം നോക്കുക.

ഭംഗിയായനിലയില്‍ പിരിച്ചുവിടണം (سَرِّحُوهُنَّ سَرَاحًا جَمِيلًا) എന്നു പറഞ്ഞതു പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഭര്‍ത്താവിനും ഭാര്യക്കുമിടയില്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ചുരുക്കം – ഖുര്‍ആന്‍റെ ഭാഷയില്‍ إِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ (സദാചാര മര്യാദയനുസരിച്ചു വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍ ഗുണകരമായ നിലക്കു പിരിച്ചയക്കുക) എന്നുള്ളതാണ്. ദേഹത്തിലോ, മാനത്തിലോ, സ്വത്തിലോ, അവകാശത്തിലോ ഒന്നുംതന്നെ യാതൊരു അനീതിയും കൈകടത്തലും വരാതെയായിരിക്കണം ഭാര്യമാരെ പിരിച്ചുവിടുന്നത്.

33:50

  • يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَحْلَلْنَا لَكَ أَزْوَٰجَكَ ٱلَّٰتِىٓ ءَاتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّٰتِى هَاجَرْنَ مَعَكَ وَٱمْرَأَةً مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِىِّ إِنْ أَرَادَ ٱلنَّبِىُّ أَن يَسْتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلْمُؤْمِنِينَ ۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِىٓ أَزْوَٰجِهِمْ وَمَا مَلَكَتْ أَيْمَٰنُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾٥٠﴿
  • ഹേ, നബിയേ, നീ പ്രതിഫലങ്ങള്‍ [വിവാഹമൂല്യങ്ങള്‍] കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നാം നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു; അല്ലാഹു നിനക്കു ‘ഫൈആ’ക്കി [യുദ്ധത്തില്‍ കൈവശം വരുത്തി] ത്തന്നവരില്‍ നിന്നും നിന്‍റെ വലങ്കൈ ഉടമയാക്കിയിട്ടുള്ളതും [അടിമസ്ത്രീകളെയും], നിന്‍റെഒന്നിച്ചു (രാജ്യം ത്യജിച്ച്) ഹിജ്ര പോന്നവരായ നിന്‍റെ പിതൃവ്യപുത്രിമാരെയും, അമ്മായികളുടെ പുത്രികളെയും, നിന്‍റെ അമ്മാമന്‍റെ പുത്രികളെയും, നിന്‍റെ ഇളയമ്മ – മൂത്തമ്മമാരുടെ പുത്രികളെയും. സത്യവിശ്വാസിനിയായ ഒരു സ്ത്രീ അവളുടെ സ്വന്തം ദേഹം നബിക്കു ദാനം നല്‍കിയെങ്കില്‍, നബി അവളെ വിവാഹം ചെയ്തെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം – സത്യവിശ്വാസികള്‍ക്കില്ലാതെ നിനക്കു മാത്രമായുള്ളതെന്ന നിലക്കു – അവളെയും (അനുവദിച്ചിരിക്കുന്നു). തീര്‍ച്ചയായും നമുക്കറിയാം, അവരുടെ ഭാര്യമാരുടെയും, അവരുടെ വലങ്കൈകള്‍ ഉടമയാക്കിയതിന്‍റെ [അടിമകളുടെ]യും കാര്യത്തില്‍ അവരുടെ മേല്‍ നാം നിയമിച്ചിരിക്കുന്നതെന്താണെന്നു. നിന്‍റെമേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാകുന്നു. (ഇതെല്ലാം നിനക്കു അനുവദിച്ചത്). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • يَا أَيُّهَا النَّبِيُّ ഹേ നബിയേ إِنَّا أَحْلَلْنَا നാം അനുവദിച്ചു തന്നിരിക്കുന്നു, ‘ഹലാലാ’ക്കിയിട്ടുണ്ടു لَكَ നിനക്കു أَزْوَاجَكَ നിന്‍റെ ഭാര്യമാരെ اللَّاتِي آتَيْتَ നീ കൊടുത്തിട്ടുള്ളവരായ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങളെ وَمَا مَلَكَتْ ഉടമയാക്കിയതും, അധീനമാക്കിയതും يَمِينُكَ നിന്‍റെ വലങ്കൈ مِمَّا യാതൊന്നില്‍നിന്നു أَفَاءَ اللَّـهُ അല്ലാഹു ‘ഫൈആ’ക്കിത്തന്ന, യുദ്ധത്തില്‍ കൈവശപ്പെടുത്തിത്തന്ന عَلَيْكَ നിനക്കു وَبَنَاتِ عَمِّكَ നിന്‍റെ പിതൃവ്യന്‍റെ പുത്രികളെയും وَبَنَاتِ عَمَّاتِكَ നിന്‍റെ അമ്മായികളുടെ പുത്രികളെയും وَبَنَاتِ خَالِكَ നിന്‍റെ അമ്മാമന്‍റെ പുത്രികളെയും وَبَنَاتِ خَالَاتِكَ നിന്‍റെ ഇളയമ്മമൂത്തമ്മകളുടെ പുത്രികളെയും اللَّاتِي هَاجَرْنَ ഹിജ്ര വന്നവരായ مَعَكَ നിന്‍റെ ഒന്നിച്ചു وَامْرَأَةً مُّؤْمِنَةً സത്യവിശ്വാസിനിയായ സ്ത്രീയെയും إِن وَهَبَتْ അവള്‍ ദാനം നല്‍കിയാല്‍ نَفْسَهَا അവളുടെ ദേഹം, അവളെത്തന്നെ لِلنَّبِيِّ നബിക്കു إِنْ أَرَادَ النَّبِيُّ നബി ഉദ്ദേശിച്ചാല്‍ أَن يَسْتَنكِحَهَا അവളെ വിവാഹം ചെയ്തെടുക്കുവാന്‍ خَالِصَةً لَّكَ നിനക്കു മാത്രമുള്ളതായിട്ടു مِن دُونِ الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കില്ലാതെ, (കൂടാതെ) قَدْ عَلِمْنَا തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ടു مَا فَرَضْنَا നാം നിയമിച്ചിട്ടുള്ളതു, നിയമിക്കേണ്ടതു عَلَيْهِمْ അവരുടെ മേല്‍ فِي أَزْوَاجِهِمْ അവരുടെ ഭാര്യമാരില്‍ وَمَا مَلَكَتْ ഉടമയാക്കിയതിലും أَيْمَانُهُمْ അവരുടെ വലങ്കൈകള്‍ لِكَيْلَا يَكُونَ ഉണ്ടാകാതിരിക്കുവാന്‍വേണ്ടി عَلَيْكَ നിനക്കു, നിന്‍റെ മേല്‍ حَرَجٌ ഒരു വിഷമവും (ഇടുക്കവും) وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വിവാഹം ചെയ്‌വാന്‍ അനുവദിക്കപ്പെട്ട സ്ത്രീകള്‍ ഏതൊക്കെയാണെന്നു വിവരിക്കുന്നതാണ് ഈ വചനം.

1). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മഹ്ര്‍ കൊടുത്തു വിവാഹം കഴിച്ച നിലവിലുള്ള ഭാര്യമാര്‍ തന്നെ.

2). ‘ഫൈആ’യി ലഭിച്ച – അഥവാ യുദ്ധത്തില്‍ ശത്രുഭാഗത്തുനിന്നു കൈവശം വന്ന – അടിമസ്ത്രീകളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഉടമസ്ഥതയിലുള്ളവര്‍.

3). പിതൃവ്യന്‍, അമ്മാമന്‍, അമ്മായി, ഇളയമ്മ – മൂത്തമ്മ എന്നിവരുടെ പെണ്‍മക്കളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൂടെ മദീനായിലേക്കു ഹിജ്റ പോന്നവര്‍, ഈ മൂന്നു ഇനം സ്ത്രീകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെന്നപോലെ മറ്റുള്ള സത്യവിശ്വാസികള്‍ക്കും അനുവദനീയംതന്നെയാകുന്നു.

4). സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകളില്‍ ആരെങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു തന്‍റെ ദേഹത്തെ ദാനമാക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവളെ വിവാഹം ചെയ്തു സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നപക്ഷം അത്തരം സ്ത്രീകള്‍, ഒടുവില്‍ പറഞ്ഞ ഈ ഇനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുമാത്രം അനുവദനീയമായതും, മറ്റാര്‍ക്കും അനുവദിക്കപ്പെടാത്തതുമാകുന്നു. (خَالِصَةً لَّكَ مِن دُونِ الْمُؤْمِنِينَ)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മിക്ക ഭാര്യമാര്‍ക്കും 12 1/2 ‘ഊഖിയ’ വെള്ളി (*) യായിരുന്നു മഹ്ര്‍ നിശ്ചയിക്കപ്പെട്ടിരുന്നത്. ഉമ്മുഹബീബ (رضي الله عنها) യുടെ വിവാഹം അബീസീനീയായില്‍വെച്ച് നജ്ജാശി (നെഗാശീ) രാജാവു മുഖാന്തരമാണ് ഉണ്ടായത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുവേണ്ടി അദ്ദേഹം അവര്‍ക്കു 400 ദീനാര്‍ (പൊന്‍പണം) മഹ്ര്‍ കൊടുത്തു. സഫിയ്യ (رضي الله عنها), ജൂവൈരിയ്യ (رضي الله عنها) എന്നിവരുടെ മഹ്ര്‍ അവരെ അടിമത്തത്തില്‍നിന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മോചിപ്പിച്ചു കൊടുത്തുവെന്നുള്ളതായിരുന്നു. ഈ രണ്ടുപേരും യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവരായിരുന്നു.


(*). ഊഖിയ (اوقية)ക്ക് 40 ദിര്‍ഹം (വെള്ളിപ്പണം) ആകുന്നു.


‘വലങ്കൈ ഉടമയാക്കിയവര്‍’ എന്നു പറഞ്ഞതു സ്വന്തം ഉടമസ്ഥതയിലുള്ള അടിമകളെ ഉദ്ദേശിച്ചാകുന്നു. (ഈ പ്രയോഗത്തെക്കുറിച്ച് സൂ: മുഅ്മിനൂന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വിവരിച്ചുകഴിഞ്ഞതാണ്. അടിമത്തത്തെ സംബന്ധിച്ച് പല വിവരങ്ങളും സൂ: മുഹമ്മദില്‍ കാണാം. إن شاء الله). യുദ്ധത്തില്‍വെച്ച് ‘ഫൈആയി’ ലഭിക്കുന്നവര്‍ – അഥവാ യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ട് അധീനത്തില്‍ വന്നവര്‍ – എന്നു അടിമകളെ വിശേഷിപ്പിച്ചതു കൊണ്ട് ഒരാള്‍ക്കു ദാനമായി ലഭിച്ചതോ, അയാള്‍ വിലക്കു വാങ്ങിയതോ ആയ അടിമസ്ത്രീകള്‍ തീരെ അനുവദനീയമല്ല എന്നുദ്ദേശമാക്കിക്കൂടാത്തതാണ്. കാരണം, ഇങ്ങിനെയുള്ള അടിമകളുടെ ഉടമസ്ഥതയും ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദമ്പതിയായിരുന്ന മാരിയ (مارية القبطية – رَضي اللَّه عنها) എന്ന മഹതി ഒരു അടിമസ്ത്രീയായിരുന്നുവല്ലോ. ഈജിപ്തിലെ ഭരണാധികാരിയായിരുന്ന മുഖൗഖീസ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അവരെ സമ്മാനമായി അയച്ചുകൊടുത്തതായിരുന്നു. ഇവരിലാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പുത്രന്‍ ഇബ്രാഹീം ജനിച്ചതും. ഈ സൂറത്തു അവതരിച്ചതിനുശേഷമായിരുന്നു അത്. അപ്പോള്‍, ‘അല്ലാഹു നിനക്കു ഫൈആക്കിത്തന്നിട്ടുള്ള’ (مِمَّا أَفَاءَ اللَّـهُ عَلَيْكَ) എന്നു വിശേഷിപ്പിച്ചതു അടിമകളുടെ ഉത്ഭവത്തെയും, അടിമകളില്‍വെച്ച് കൂടുതല്‍ ഉത്തമമായ വകുപ്പിനെയും ചൂണ്ടിക്കാണിച്ചതാണെന്നു മനസ്സിലാക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സത്യവിശ്വാസികള്‍ക്കും ‘ഫൈഉ’ അനുവദനീയമാക്കിയതു അല്ലാഹു അവര്‍ക്കു ചെയ്തുകൊടുത്ത ഒരു അനുഗ്രഹമാണെന്ന സൂചനയും അതിലടങ്ങിയിരിക്കുന്നു. യുദ്ധത്തില്‍ ലഭിക്കുന്ന സ്വത്തുക്കള്‍ (الغنيمة) മുമ്പുള്ള നബിമാര്‍ക്കു അനുവദിക്കപ്പെട്ടിരുന്നില്ലെന്നും, അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സിദ്ധിച്ച പ്രത്യേകതകളില്‍ ഒന്നാണെന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി പ്രധാന ഹദീസുഗ്രന്ഥങ്ങളിലെല്ലാം കാണാവുന്നതാണ്.

ചില മതസ്ഥര്‍ വളരെ അകന്ന കുടുംബബന്ധം പോലുമുള്ള സ്ത്രീകളെ വിവാഹം ചെയ്യാറില്ല. മറ്റു ചില മതസ്ഥര്‍ സഹോദരസഹോദരിമാരുടെ മക്കളെപോലും വിവാഹം നടത്താറുമുണ്ട്. ഇസ്ലാമാകട്ടെ, രണ്ടിനുമിടയില്‍ ഒരു മദ്ധ്യനില അംഗീകരിച്ചിരിക്കുകയാണ് മാതാപിതാക്കളുടെ നേരെ സഹോദരസഹോദരിമാരെ അന്യോന്യം വിവാഹബന്ധം പാടില്ലാത്ത അടുത്ത ബന്ധുക്കളായും, അവരുടെ മക്കളെയും, അവരെക്കാള്‍ അകന്നവരെയും പരസ്പരം വിവാഹബന്ധത്തിലേര്‍പ്പെടാവുന്ന കുടുംബങ്ങളായും ഇസ്‌ലാം ഗണിക്കുന്നു. ‘നിന്‍റെ പിതൃവ്യന്‍റെയും അമ്മായികളുടെയും, അമ്മാമന്‍റെയും ഇളയമ്മ മൂത്തമ്മമാരുടെയും പുത്രിമാരെയും’ എന്നു പ്രത്യേകം എടുത്തുപറഞ്ഞതു ഈ വസ്തുത വ്യക്തമാക്കിയതാകുന്നു.

ഇവരെക്കുറിച്ച് ‘നിന്‍റെ ഒന്നിച്ചു ഹിജ്റ പോന്നവരായ (اللَّاتِي هَاجَرْنَ مَعَكَ) എന്നും വിശേഷിപ്പിച്ചിരിക്കുന്നുവല്ലോ. ഈ ഇനങ്ങളില്‍ അന്നു മദീനയില്‍ നിലവിലുണ്ടായിരുന്ന സ്ത്രീകള്‍ മക്കായില്‍ നിന്നുള്ള ഹിജ്രയില്‍ പങ്കെടുത്തവരായിരുന്നു. മാത്രമല്ല, അക്കാലത്തു ശിര്‍ക്കിന്‍റെ നാടുകളി (دار الشرك) ല്‍ നിന്നു ഇസ്‌ലാമിനെ അംഗീകരിച്ചവര്‍ ഇസ്‌ലാമിന്‍റെ നാട്ടി (دارالإسلام) ലേക്കു ഹിജ്റ പോരേണ്ടതും ഉണ്ടായിരുന്നു. ആ നിലക്ക് ഇസ്‌ലാമിനുവേണ്ടി കഷ്ടനഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ചുവരുന്ന ആ സ്ത്രീകള്‍ക്കു മറ്റുള്ളവരെക്കാള്‍ മുന്‍ഗണന നല്‍കേണ്ടതുമുണ്ട്. ഈ വിശേഷണംകൊണ്ടുദ്ദേശ്യം ഇതൊക്കെയാണ്. അല്ലാതെ, ഹിജ്റ പോരാത്തവരെ വിവാഹം ചെയ്‌വാന്‍ പാടില്ലെന്നു വിരോധിക്കുകയല്ല ഇതുകൊണ്ടുദ്ദേശ്യം. ഇസ്‌ലാമിനു വിജയം കൈവന്നതിനു ശേഷം – അടിയന്തരഘട്ടം നേരിട്ടാലല്ലാതെ ഹിജ്റയില്ല (لا هِجْرَةَ بَعْدَ الفَتْحِ) എന്നുള്ളതും സ്മരണീയമാകുന്നു. പക്ഷെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ചിടത്തോളം ഹിജ്റയില്‍ പങ്കുള്ള കുടുംബങ്ങളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും വരാവുന്നതാണ്. (كما في البيضاوى وغيره)

അവസാനത്തെ ഇനം സ്ത്രീകളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു പ്രത്യേകമായി അല്ലാഹു അനുവദിച്ചു കൊടുത്തതാണെന്നു അല്ലാഹുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ആകയാല്‍, ഏതെങ്കിലും ഒരു സ്ത്രീ തനിക്കു മഹ്റിന്‍റെ ആവശ്യമില്ലെന്നും, തന്‍റെ ദേഹം ദാനമായിത്തരുന്നുവെന്നും പറഞ്ഞാല്‍, അവളെ ആ നിലക്കു ഭാര്യയായി സ്വീകരിക്കുവാന്‍ ഒരു മുസ്ലിമിനും പാടുള്ളതല്ല. അങ്ങിനെയുള്ള വിവാഹബന്ധം ഇസ്‌ലാമിക ദൃഷ്ടിയില്‍ സാധ്യവുമല്ല. ആദ്യത്തെ മൂന്നു ഇനം സ്ത്രീകളെക്കുറിച്ചും പ്രസ്താവിച്ചപ്പോള്‍ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭീമുഖീകരിച്ചുകൊണ്ടു – ‘നിന്‍റെ’ എന്നും ‘നിനക്ക്’ എന്നുമായിരുന്നു പ്രയോഗം. ഈ ഇനത്തെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍ ശൈലിയില്‍ അല്ലാഹു മാറ്റം വരുത്തിയതു നോക്കുക. ‘നബിക്കു അവളുടെ ദേഹം ദാനം നല്‍കിയെങ്കില്‍’ എന്നും, ‘നബി അവളെ വിവാഹം ചെയ്തു സ്വീകരിക്കാന്‍ ഉദ്ദേശിച്ചെങ്കില്‍’ എന്നും (إِن وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ النَّبِيُّ أَن يَسْتَنكِحَهَا) ആണല്ലോ ഇവിടത്തെ വാചകം. മുന്‍ശൈലിയനുസരിച്ചാണെങ്കില്‍ ‘നീ’ എന്നും ‘നിനക്ക്’ എന്നും പറയേണ്ടതായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പ്രവാചകനെന്ന നിലക്കും – താഴെ വരുന്ന ആയത്തുകളില്‍ നിന്നും ആയിശാ (رضي الله عنها) യുടെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നതുപോലെ – തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അല്ലാഹു കൊടുത്തരുളിയ പ്രത്യേകതകളില്‍ ഒന്നെന്നനിലക്കുമാണ് ഈ അനുവാദം എന്നത്രെ ഈ പ്രയോഗം കാണിക്കുന്നത്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ സ്വന്തം ദേഹത്തേക്കാള്‍ ബന്ധപ്പെട്ടവനാണ്. (النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ) എന്നുള്ള 6-ാം വചനം ഇവിടെ സ്മരണീയമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യയായി ജീവിക്കുവാന്‍ – സ്വന്തം അവകാശങ്ങളെ അവഗണിച്ചുകൊണ്ടു – ഒരു സ്ത്രീ ആവേശവും അപേക്ഷയും സമര്‍പ്പിക്കുമ്പോള്‍ അതു അവളുടെ സത്യവിശ്വാസത്തിന്‍റെയും ത്യാഗമനസ്ഥിതിയുടെയും ആഴത്തെയാണല്ലോ കാണിക്കുന്നത്. അവളുടെ അപേക്ഷ നിരസിക്കുന്നതു എത്രമാത്രം സങ്കടകരമായിരിക്കും?! നുബുവ്വത്തിന്‍റെ പദവിയെക്കുറിച്ചു സാമാന്യം അറിവോ, സത്യവിശ്വാസത്തിന്‍റെ മധുരിമയോ സിദ്ധിക്കാത്തവര്‍ക്കു മാത്രമെ ഇതിലടങ്ങിയ യുക്തിരഹസ്യത്തെപ്പറ്റി സംശയിക്കുവാന്‍ അവകാശമുള്ളു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാരില്‍ ഒരാളായ സൗദഃ (رضي الله عنها) യെ അവിടുന്ന് വിവാഹമോചനം ചെയ്‌വാന്‍ ഉദ്ദേശിക്കുകയുണ്ടായി. തന്നെ വിവാഹമോചനം ചെയ്യരുതെന്നും, തനിക്കു യാതൊരവകാശവും വകവെച്ചു തരേണ്ടതില്ലെന്നും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാരില്‍ ഒരാളായിക്കൊണ്ടു ‘മഹ്ശറില്‍’ ഒരുമിച്ചുകൂടുകമാത്രമാണ് തന്‍റെ ഉദ്ദേശ്യമെന്നും ആ മഹതി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടപേക്ഷിച്ചു അതനുസരിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ അടുക്കല്‍ താമസിക്കാറുണ്ടായിരുന്ന ഊഴം അവര്‍ ആയിശാ (رضي الله عنها) യുടെ ഊഴത്തില്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം ദേഹത്തെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ദാനം ചെയ്ത ഒരു മഹതിയായിരുന്നു ഖൗലഃ (رضي الله عنها). വളരെ സദ്‌വൃത്തരായ ഒരു മഹതിയായിരുന്നു അവര്‍. വേറെയും ചില സ്ത്രീകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു സ്വയം ദാനം ചെയ്തതായി നിവേദനങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും, ഇങ്ങിനെ ദാനംചെയ്ത ഒരു സ്ത്രീയുമായും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ദാമ്പത്യസമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് ഇമാം അസ്ഖലാനി (رحمه الله) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. (كما في الفتح وغيره)

ആയിശാ (رضي الله عنها) പ്രസ്താവിച്ചതായ ഇമാം ബുഖാരിയും, മുസ്‌ലിമും (رحمهما الله) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് സ്വന്തം ദേഹത്തെ ദാനം നല്‍കുന്ന സ്ത്രീകളെക്കുറിച്ചു എനിക്കു രോഷം തോന്നാറുണ്ടായിരുന്നു. ‘ഒരു സ്ത്രീ അവളുടെ ദേഹത്തെ ദാനം കൊടുക്കുകയോ?! എന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ, …..تُرْجِي مَن تَشَاءُ എന്നുള്ള (അടുത്ത) ഖുര്‍ആന്‍ വചനം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞുപോയി مَا أَرَى رَبَّكَ إِلَّا يُسَارِعُ فِي هَوَاكَ (അങ്ങയുടെ റബ്ബ് അങ്ങയുടെ ഇഷ്ടത്തില്‍ ധൃതി കൂട്ടുന്നതായിട്ടല്ലാതെ എനിക്കു കാണുമാറാകുന്നില്ല!) സ്വന്തം ദേഹത്തെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ദാനം നല്‍കാന്‍ ഒരു സ്ത്രീ സന്നദ്ധയാകുന്നതു ആ സ്ത്രീക്കു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യാപദവി സിദ്ധിക്കുവാനുള്ള അത്യാഗ്രഹംകൊണ്ടു മാത്രമാണെന്നു അനസു (رضي الله عنه) തന്‍റെ മകളോടു പറഞ്ഞതായി ഇമാം ബുഖാരിയും അഹ്മദും (رحمهما الله) നിവേദനംചെയ്യുന്നു. വിവാഹം കഴിക്കുന്നതിലും, അടിമസ്ത്രീകളെ ദമ്പതിമാരായി സ്വീകരിക്കുന്നതിലും സത്യവിശ്വാസികള്‍ വേറെയും പല നിയമങ്ങളും, മര്യാദകളും പാലിക്കേണ്ടതുണ്ട്. നാലില്‍കൂടുതല്‍ ഭാര്യമാരെ ആര്‍ക്കും വിവാഹം കഴിച്ചുകൂടാ, മഹ്ര്‍ കൊടുക്കല്‍ എല്ലാവര്‍ക്കും നിര്‍ബ്ബന്ധമാണ്, സാക്ഷികള്‍ വേണം, കൈകാര്യക്കാരന്‍ – ‘വലിയ്യ്‌ – വേണം, ഇങ്ങിനെ പലതും. ഇവിടെ അതൊന്നും വിവരിച്ചിട്ടില്ല. ഖുര്‍ആനിലെ മറ്റുചില വചനങ്ങളില്‍നിന്നും, നബിചര്യയില്‍നിന്നും അതു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ‘അവരുടെ ഭാര്യമാരുടെയും വലങ്കൈ ഉടമയാക്കിയവരുടെയും കാര്യത്തില്‍ നിയമിച്ചിട്ടുള്ളതു നമുക്കറിയാം. (….قَدْ عَلِمْنَا مَا فَرَضْنَا) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം ഇതൊക്കെയാണ്. തുടര്‍ന്നുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ച വിവാഹവിഷയത്തില്‍ ചില പ്രത്യേക നിയമങ്ങളും വിട്ടുവീഴ്ചയും ഏര്‍പ്പെടുത്തുവാനുള്ള കാരണം അല്ലാഹു ചൂണ്ടിക്കാട്ടിയതു നോക്കുക: لِكَيْلَا يَكُونَ عَلَيْكَ حَرَجٌ (നിന്‍റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ്.) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു അല്ലാഹുവിങ്കലുള്ള സ്ഥാനപദവി എത്രമാത്രം മഹത്തരമാണെന്നു ഈ വാക്യത്തില്‍നിന്നും അടുത്ത വചനത്തില്‍നിന്നും – അല്ല, ഈ സൂറഃയിലെ പല ആയത്തുകളില്‍നിന്നും – ഏറെക്കുറെ ഊഹിക്കാവുന്നതാണ് അല്ലാഹു പറയുന്നു:-

33:51

  • ۞ تُرْجِى مَن تَشَآءُ مِنْهُنَّ وَتُـْٔوِىٓ إِلَيْكَ مَن تَشَآءُ ۖ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ۚ ذَٰلِكَ أَدْنَىٰٓ أَن تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَآ ءَاتَيْتَهُنَّ كُلُّهُنَّ ۚ وَٱللَّهُ يَعْلَمُ مَا فِى قُلُوبِكُمْ ۚ وَكَانَ ٱللَّهُ عَلِيمًا حَلِيمًا ﴾٥١﴿
  • അവരില്‍ [ഭാര്യമാരില്‍]നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു (മാറ്റി) നിറുത്താം; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കു അടുപ്പിച്ചുകൊള്ളുകയും ചെയ്യാം. നീ വിട്ടുനിറുത്തിയവരില്‍ ആരെയെങ്കിലും നീ ആവശ്യപ്പെടുന്നതായാലും നിനക്കു തെറ്റില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ വ്യസനിക്കാതിരിക്കുവാനും. നീ അവര്‍ക്കു കൊടുത്തതുകൊണ്ട് അവര്‍ – അവരെല്ലാവരും – തൃപ്തിപ്പെടുവാനും കൂടുതല്‍ അടുപ്പമായ[സൗകര്യപ്രദമായ]താണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെ അല്ലാഹു അറിയുന്നതാകുന്നു. അല്ലാഹു സര്‍വ്വജ്ഞനും, സഹനമുള്ളവനുമാകുന്നു.
  • تُرْجِي നീ പിന്നോട്ടു നിറുത്താം, പിന്തിക്കാം مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ مِنْهُنَّ അവരില്‍ നിന്നു وَتُؤْوِي നീ അടുപ്പിക്കുകയും ചെയ്യാം, അണപ്പിക്കാം إِلَيْكَ നിങ്കലേക്കു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ وَمَنِ ഏതൊരാളെ, ആരെയെങ്കിലും ابْتَغَيْتَ നീ ആവശ്യപ്പെട്ടാല്‍, നിനക്കു വേണമെന്നുവെച്ചാല്‍ مِمَّنْ عَزَلْتَ നീ വിട്ടുനിറുത്തിയ(അകറ്റിവെച്ച)വരില്‍നിന്നു فَلَا جُنَاحَ എന്നാല്‍ തെറ്റില്ല عَلَيْكَ നിന്‍റെമേല്‍ ذَٰلِكَ أَدْنَىٰ അതു കൂടുതല്‍ അടുപ്പം (സൗകര്യം) ഉള്ളതാണ് أَن تَقَرَّ കുളിര്‍ക്കുവാന്‍ (സമധാനിക്കുവാന്‍) أَعْيُنُهُنَّ അവരുടെ കണ്ണുകള്‍ وَلَا يَحْزَنَّ അവര്‍ വ്യസനിക്കാതിരിക്കുവാനും وَيَرْضَيْنَ അവര്‍ തൃപ്തിപ്പെടുവാനും بِمَا آتَيْتَهُنَّ നീ അവര്‍ക്കു കൊടുത്തതുകൊണ്ടു كُلُّهُنَّ അവരെല്ലാവരും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مَا فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിലുള്ളതു وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَلِيمًا സഹനമുള്ളവന്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ഇഷ്ടപ്പെട്ടവരുമായി വിവാഹബന്ധം തുടരാം, അല്ലാത്തവരെ വിവാഹമോചനം നല്‍കി വിടാം, നിലവിലുള്ള ഭാര്യമാര്‍ക്കിടയില്‍ – ഇന്നിന്ന ദിവസങ്ങളില്‍ ഇന്നിന്നവരുടെ കൂടെ താമസിക്കുക എന്ന് ഊഴം നിശ്ചയിക്കാം, ഇതില്‍നിന്നു ഒഴിവാക്കണമെന്നു തോന്നുന്നവരെ ഒഴിവാക്കുകയും ചെയ്യാം എന്നൊക്കെയാണ് ‘നീ ഉദ്ദേശിക്കുന്നവരെ പിന്നോട്ടുമാറ്റി നിര്‍ത്തുകയും, ഉദ്ദേശിക്കുന്നവരെ നിന്നിലേക്കു അടുപ്പിക്കുകയും ചെയ്യാം’ എന്നു പറഞ്ഞതിന്‍റെ സാരം. ഒന്നിലധികം ഭാര്യമാരുള്ളവര്‍ അവര്‍ക്കിടയില്‍ താമസത്തിനു സമമായി ഊഴം നിശ്ചയിക്കല്‍ നിര്‍ബ്ബന്ധമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചിടത്തോളം അതു നിര്‍ബ്ബന്ധമില്ലെന്നും, യുക്തംപോലെ ചെയ്യാമെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം. ഇതനുസരിച്ചു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചില ഭാര്യമാരെ ഊഴത്തിന്‍റെ നിര്‍ബ്ബന്ധത്തില്‍ നിന്ന് ഒഴിവാക്കിയെന്നും, പക്ഷേ, അതു പ്രാവര്‍ത്തികമാക്കാതെ വീണ്ടും ഊഴം പാലിക്കുകതന്നെ ചെയ്തിരുന്നുവെന്നും ബലവത്തായ ഹദീസുകളില്‍ കാണാവുന്നതാണ്. ഇമാം അഹ്മദു (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ ആയിശാ (رَضي اللَّه عنها) പറയുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ ഭാര്യമാര്‍ക്കിടയില്‍ (ദിവസങ്ങള്‍) ഭാഗിക്കുകയും, അതില്‍ നീതി പാലിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവിടുന്നു ഇങ്ങിനെ പറയുമായിരുന്നു:

اللَّهُمَّ هَذَا فِعْلِي فِيمَا أَمْلِكُ فَلاَ تَلُمْنِي فِيمَا تَمْلِكُ وَلاَ أَمْلِكُ‏

(അല്ലാഹുവേ, എന്‍റെ അധീനത്തില്‍പ്പെട്ട കാര്യത്തിലുള്ള എന്‍റെ പ്രവൃത്തിയാണിത്‌. നിന്‍റെ അധീനത്തിലുള്ളതും, എന്‍റെ അധീനത്തിലല്ലാത്തതുമായ കാര്യത്തില്‍ നീ എന്നെ കുറ്റപ്പെടുത്തരുതേ!).

വിവാഹമോചനം നല്‍കിയവരെ വീണ്ടും വിവാഹത്തിലേക്കു മടക്കി എടുക്കുകയും, ഊഴത്തില്‍നിന്നു ഒഴിവാക്കിയവര്‍ക്കു വീണ്ടും ഊഴം വകവെച്ചുകൊടുക്കുകയും ചെയ്യുന്നതിനു വിരോധമില്ല എന്നാണ് ആയത്തിലെ അടുത്ത വാക്യം കാണിക്കുന്നത്. അഥവാ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു യുക്തവും, ഹിതവും അനുസരിച്ചു പ്രവര്‍ത്തിച്ചു കൊള്ളുവാന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു സ്ത്രീയെ അകറ്റിനിറുത്തിയതിലോ, മറ്റേവളെ അടുപ്പിച്ചതിലോ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെമേല്‍ ആക്ഷേപത്തിനു വഴിയില്ല. ഇന്നപ്രകാരമേ ചെയ്യാവു എന്ന് നിര്‍ബ്ബന്ധം നിശ്ചയിച്ചിട്ടില്ലല്ലോ. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യാണെങ്കില്‍ നീതിക്കും മര്യാദക്കും എതിരായി ഒന്നും പ്രവര്‍ത്തിക്കുന്ന ആളുമല്ല. അപ്പോള്‍, ഭാര്യമാരുടെ കാര്യത്തില്‍ അവിടുന്ന് സ്വീകരിക്കുന്ന നയങ്ങളെല്ലാം ഔദാര്യപൂര്‍വ്വമായിരിക്കും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരാകട്ടെ, ഐഹികസുഖസൗകര്യങ്ങളെക്കാള്‍ അല്ലാഹുവിന്‍റെയും, റസൂലിന്‍റെയും പ്രീതിയെ ലക്ഷ്യമാക്കി നിലകൊള്ളുന്നവരാണു താനും. ചുരുക്കത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു മേല്‍ പ്രസ്താവിച്ച സ്വാതന്ത്ര്യം അല്ലാഹു വിട്ടുകൊടുത്തതു കൊണ്ട് അവിടുത്തെ ഭാര്യമാര്‍ക്ക് സന്തോഷവും മനസ്സമാധാനവും ഉണ്ടാകുവാനേ അവകാശമുള്ളു. അവകാശവാദങ്ങള്‍ പുറപ്പെടുവിക്കുവാനോ, അതിന്‍റെ പേരില്‍ വഴക്കും പിണക്കവും ഉണ്ടാക്കുവാനോ പിന്നെ പഴുതുണ്ടായിരിക്കുന്നതുമല്ല. ‘അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും’ (….ذَٰلِكَ أَدْنَىٰ أَن تَقَرَّ) എന്നു തുടങ്ങിയ വാക്യത്തിന്‍റെ വിവരണത്തില്‍ ഇമാം ഇബ്നുജരീര്‍ (رحمه الله) ഇബ്നുകഥീര്‍ (رحمه الله) മുതലായ പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം സ്വീകരിച്ചതും, ഖുര്‍ആന്‍റെ വാക്യങ്ങളോടും ഹദീസുകളോടും കൂടുതല്‍ അനുയോജ്യവുമായ വിവരണമാണ് മുകളില്‍ കണ്ടത്. ഈ വാക്യത്തിനു ചിലര്‍ വേറെ വ്യാഖ്യാനം നല്‍കിയിട്ടുണ്ടെങ്കിലും അതു പ്രസക്തമായിത്തോന്നുന്നില്ല.

28 മുതല്‍ 34 കൂടിയ ആയത്തുകളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരെക്കുറിച്ചു പലതും പ്രസ്താവിച്ചു. ഐഹികസുഖങ്ങളെ ഉദ്ദേശിക്കുന്നവര്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വിട്ടുപിരിഞ്ഞുപോയിക്കൊള്ളാമെന്നും, അല്ലാത്തവര്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യൊന്നിച്ചു അച്ചടക്കത്തോടും അനുസരണത്തോടുംകൂടി ജീവിക്കണമെന്നും അറിയിച്ചു. അവരുടെ ഉന്നതപദവികളെയും, അവരുടെ കടമകളെയും വിവരിക്കുകയും ചെയ്തു. 50-ാം വചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വിവാഹം ചെയ്യാവുന്ന സ്ത്രീകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കി. തുടര്‍ന്നുകൊണ്ട് ഇഷ്ടപ്പെട്ട ഭാര്യമാരെ സ്വീകരിക്കുവാനും, അല്ലാത്തവരെ വിട്ടേക്കുവാനും മറ്റുമുള്ള സ്വാതന്ത്ര്യങ്ങള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു നല്‍കുകയും ചെയ്തു. എനി, ഇപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യൊന്നിച്ച് നിലവിലുണ്ടായിരിക്കുന്ന ഭാര്യമാരെല്ലാം തന്നെ, പിരിഞ്ഞുപോകുകയോ, പിരിച്ചുവിടുകയോ ചെയ്യേണ്ടുന്ന ആവശ്യമില്ലാത്തവരും മരണംവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരായിരിക്കുവാന്‍ തികച്ചും അര്‍ഹരായ ഭാഗ്യവതികളും ആയിരിക്കുമല്ലോ.

33:52

  • لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعْدُ وَلَآ أَن تَبَدَّلَ بِهِنَّ مِنْ أَزْوَٰجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ رَّقِيبًا ﴾٥٢﴿
  • ശേഷം (ഇനിമേലില്‍) നിനക്ക് സ്ത്രീകള്‍ [ഭാര്യമാര്‍] അനുവദനീയമാകുന്നതല്ല; (പുതുതായി) വല്ല ഭാര്യമാരെയും ഇവര്‍ക്കുപകരം സ്വീകരിക്കുകയും പാടില്ല – അവരുടെ നന്‍മ (അഥവാ സൗന്ദര്യം) നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി; നിന്‍റെ വലങ്കൈ ഉടമപ്പെടുത്തിയവരൊഴികെ. (അവരെ സ്വീകരിക്കാം). അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.
  • لَّا يَحِلُّ لَكَ നിനക്കു അനുവദനീയമാകയില്ല النِّسَاءُ സ്ത്രീകള്‍ (ഭാര്യമാര്‍) مِن بَعْدُ ശേഷം, പിന്നീടു (മേലില്‍) وَلَا أَن تَبَدَّلَ നീ പകരം സ്വീകരിക്കലും പാടില്ല بِهِنَّ അവര്‍ക്കു, ഇവര്‍ക്കു مِنْ أَزْوَاجٍ വല്ല ഭാര്യമാരെയും وَلَوْ أَعْجَبَكَ നിന്നെ ആശ്ചര്യ (കൗതുക)പ്പെടുത്തിയാലും حُسْنُهُنَّ അവരുടെ നന്‍മ, ഗുണം إِلَّا مَا مَلَكَتْ ഉടമപ്പെടുത്തിയതൊഴികെ يَمِينُكَ നിന്‍റെ വലങ്കൈ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും رَّقِيبًا വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍

ഈ വചനം അവതരിക്കുമ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരായി ഒമ്പതു പേരാണു നിലവിലുണ്ടായിരുന്നത്. ആയിശഃ, ഹഫ്സഃ, ഉമ്മുഹബീബഃ, സൗദഃ, ഉമ്മുസല്‍മഃ, സഫിയ്യഃ, മൈമൂനഃ, സൈനബ്, ജുവൈരിയ്യഃ (رَضي اللَّه عنها) എന്നിവരാണവര്‍. (*). ഇതിനുശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുതുതായി വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. ഒരു ഭാര്യയെ വിവാഹമോചനം ചെയ്ത് പകരം പുതിയൊരു ഭാര്യയെ സ്വീകരിക്കലും ഉണ്ടായിട്ടില്ല. ഇബ്രാഹീം എന്ന കുട്ടിയുടെ മാതാവും ഈജിപ്തില്‍നിന്നു സമ്മാനമായി അയച്ചുകൊടുക്കപ്പെട്ട അടിമസ്ത്രീയുമായിരുന്ന മാരിയ്യഃ (رَضي اللَّه عنها)യെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വീകരിച്ചതു ഈ വചനം അവതരിച്ചതിനുശേഷമായിരുന്നു. അടിമസ്ത്രീകളെ സ്വീകരിക്കുന്നതിനു വിരോധമില്ലെന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതാണല്ലോ.


(*). ഈ ഒമ്പതുപേരെ സംബന്ധിച്ച് കൂടുതല്‍ വിവരം ഈ സൂറത്തിന് ശേഷമുള്ള വ്യാഖ്യാന കുറിപ്പില്‍ നോക്കുക.

വിഭാഗം – 7

33:53

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَٰظِرِينَ إِنَىٰهُ وَلَٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا ﴾٥٣﴿
  • ഹേ, വിശ്വസിച്ചവരേ, നബിയുടെ വീടുകളില്‍ വല്ല ഭക്ഷണത്തിലേക്കും (ക്ഷണിച്ചുകൊണ്ട്) നിങ്ങള്‍ക്കു അനുവാദം കിട്ടിയാലല്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്; അതിന്‍റെ പാകം [വേവ്] നോക്കിക്കൊണ്ടിരിക്കുന്നവരല്ലാത്ത നിലക്കു (വേണം പ്രവേശിക്കുന്നത്).
    പക്ഷെ, നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ പ്രവേശിച്ചു കൊള്ളുവിന്‍; ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞുപോരുകയും ചെയ്യുവിന്‍; വല്ല വര്‍ത്തമാനത്തിനുമായി നേരംപോക്കിലേര്‍പ്പെട്ടു നില്‍ക്കാതെയും (ആയിരിക്കണം). (കാരണം) നിശ്ചയമായും അതൊക്കെ, നബിയെ ശല്യപ്പെടുത്തുന്നതാണ്. അപ്പോള്‍ (അതു തുറന്നുപറയുവാന്‍) നിങ്ങളെക്കുറിച്ചു അദ്ദേഹത്തിനു ലജ്ജയായിരിക്കയും ചെയ്യും.
    അല്ലാഹുവാകട്ടെ, യഥാര്‍ത്ഥത്തെക്കുറിച്ച് (തുറന്നുകാട്ടുവാന്‍) ലജ്ജകാണിക്കുകയില്ല. നിങ്ങള്‍ അവരോടു [നബിയുടെ ഭാര്യമാരോട്] വല്ല സാമാനവും ചോദിക്കുന്നതായാല്‍ മറയുടെ പിന്നില്‍നിന്ന് ചോദിച്ചുകൊള്ളണം. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും, അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ ശുദ്ധമായിട്ടുള്ളതത്രെ അത്. അല്ലാഹുവിന്‍റെ റസൂലിനു ശല്യമുണ്ടാക്കുവാന്‍ നിങ്ങള്‍ക്കു പാടുള്ളതുമല്ല. അദ്ദേഹത്തിന്‍റെശേഷം അദ്ദേഹത്തിന്‍റെ ഭാര്യമാരെ ഒരിക്കലും നിങ്ങള്‍ വിവാഹം കഴിപ്പാനും പാടില്ല. നിശ്ചയമായും, അതൊക്കെ അല്ലാഹുവിന്‍റെ അടുക്കല്‍ വമ്പിച്ച കാര്യമാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുതു بُيُوتَ النَّبِيِّ നബിയുടെ വീടുകളില്‍ إِلَّا أَن يُؤْذَنَ സമ്മതം നല്‍കപ്പെട്ടാലൊഴികെ لَكُمْ നിങ്ങള്‍ക്കു إِلَىٰ طَعَامٍ വല്ല ഭക്ഷണത്തിലേക്കും غَيْرَ نَاظِرِينَ നോക്കിക്കൊണ്ടിരിക്കുന്നവരല്ലാതെ إِنَاهُ അതിന്‍റെ പാകം, വേവു وَلَـٰكِنْ പക്ഷേ إِذَا دُعِيتُمْ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ فَادْخُلُوا അപ്പോള്‍ പ്രവേശിച്ചു കൊള്ളുവിന്‍ فَإِذَا طَعِمْتُمْ നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ فَانتَشِرُوا നിങ്ങള്‍ നിരന്നുകൊള്ളുക (പിരിഞ്ഞുപോവുക) وَلَا مُسْتَأْنِسِينَ നേരംപോക്കിലേര്‍പ്പെടാത്തവരായും, (തങ്ങിനില്‍ക്കാതെയും) لِحَدِيثٍ വല്ല വര്‍ത്തമാനത്തിനും إِنَّ ذَٰلِكُمْ നിശ്ചയമായും അതു كَانَ يُؤْذِي ശല്യപ്പെടുത്തുന്നതാകുന്നു النَّبِيَّ നബിയേ فَيَسْتَحْيِي അപ്പോഴദ്ദേഹത്തിനു ലജ്ജയുണ്ടാകും مِنكُمْ നിങ്ങളെക്കുറിച്ചു وَاللَّـهُ അല്ലാഹുവാകട്ടെ لَا يَسْتَحْيِي അവന്‍ ലജ്ജ കാണിക്കയില്ല مِنَ الْحَقِّ യഥാര്‍ത്ഥത്തെ (കാര്യത്തെ)ക്കുറിച്ചു وَإِذَا سَأَلْتُمُوهُنَّ നിങ്ങളവരോടു ചോദിക്കുന്നതായാല്‍ مَتَاعًا വല്ല സാമാനവും, ഉപകരണവും فَاسْأَلُوهُنَّ എന്നാലവരോടു ചോദിക്കുവിന്‍ مِن وَرَاءِ حِجَابٍ മറയുടെ പിന്നില്‍നിന്നു ذَٰلِكُمْ أَطْهَرُ അതു കൂടുതല്‍ ശുദ്ധമായതാണ്, വെടിപ്പുള്ളതാണ് لِقُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ക്കു وَقُلُوبِهِنَّ അവരുടെ ഹൃദയങ്ങള്‍ക്കും وَمَا كَانَ لَكُمْ നിങ്ങള്‍ക്കു പാടില്ലതാനും أَن تُؤْذُوا നിങ്ങള്‍ ശല്യപ്പെടുത്തല്‍, സ്വൈരം കെടുത്തല്‍ رَسُولَ اللَّـهِ അല്ലാഹുവിന്‍റെ റസൂലിനെ وَلَا أَن تَنكِحُوا നിങ്ങള്‍ വിവാഹം ചെയ്യലും പാടില്ല أَزْوَاجَهُ അദ്ദേഹത്തിന്‍റെ ഭാര്യമാരെ مِن بَعْدِهِ അദ്ദേഹത്തിനു ശേഷം أَبَدًا ഒരിക്കലും, എന്നെന്നും إِنَّ ذَٰلِكُمْ നിശ്ചയമായും അതു كَانَ ആകുന്നു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ عَظِيمًا വമ്പിച്ചത്

അനസ് (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരി – മുസ്‌ലിം മുതലായവര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസിന്‍റെ സാരം ഇപ്രകാരമാണ്: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈനബ (رَضي اللَّه عنها)യെ വിവാഹം കഴിച്ച അവസരത്തില്‍ കുറെ ആളുകളെ (സദ്യക്ക്) ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിച്ചശേഷം ആളുകള്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്ഥലം വിട്ടെഴുന്നേറ്റു പോകാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ എഴുന്നേറ്റുപോകുന്നില്ല. അങ്ങനെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുന്നു സ്ഥലം വിട്ടുപോയി. ഈ അവസരത്തില്‍ ഏതാനും പേര്‍ സ്ഥലംവിട്ടു. മൂന്നുപേര്‍ അവിടെത്തന്നെ ഇരുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) (കുറെ കഴിഞ്ഞു മടങ്ങി) വീട്ടിലേക്കു വന്നപ്പോഴും അവരവിടെ ഇരിക്കുന്നുണ്ടായിരുന്നു. പിന്നീടു അവരും എഴുന്നേറ്റുപോയി. ഈ വിവരം ഞാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അറിയിച്ചു. അവിടുന്നു വീട്ടില്‍ പ്രവേശിച്ചു. ഞാനും (പതിവുപോലെ) ഒന്നിച്ചു പ്രവേശിക്കുവാന്‍ ഉദ്ദേശിച്ചു. നോക്കുമ്പോള്‍ എനിക്കും തിരുമേനിക്കുമിടയില്‍ മറ ഇടപ്പെട്ടിരുന്നു. ഈയവസരത്തില്‍

يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِ

എന്നുള്ള (ഈ) ആയത്ത് അല്ലാഹു അവതരിപ്പിച്ചു. ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സേവനം ചെയ്തുകൊടുക്കുവാന്‍വേണ്ടി പത്തു വയസ്സു പ്രായത്തില്‍ മാതാവു കൂട്ടിക്കൊണ്ടുവന്ന്, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു എല്പിച്ചുകൊടുത്ത ആളാണ്‌ അനസ് (رضي الله عنه). തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വിയോഗംവരേക്കും വിശ്വസ്തനായ ഒരു ഭൃത്യനും, വീട്ടിലെ ഒരംഗവും എന്ന നിലയില്‍ അദ്ദേഹം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടൊപ്പം ജീവിച്ചുപോന്നു. എന്നാല്‍, പര്‍ദ്ദാസമ്പ്രദായം നടപ്പിലായപ്പോള്‍ അതു അദ്ദേഹത്തിനും ബാധകമായിരുന്നു.

കേവലം ദീര്‍ഘമായ ഈ തിരുവചനത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്ഥാനപദവികളെ മാനിച്ചുകൊണ്ട് സത്യവിശ്വാസികള്‍ ആചരിക്കേണ്ടുന്ന പല മര്യാദകളെക്കുറിച്ചും അല്ലാഹു പ്രസ്താവിക്കുന്നു. അവയില്‍ ഒരു കാര്യം – തിരുമേനിയുടെ ശേഷം അവിടുത്തെ പത്നിമാരെ ആരും വിവാഹം ചെയ്തുകൂടാ എന്നതു – ഒഴിച്ച് മറ്റെല്ലാം തന്നെ, മുസ്‌ലിംകള്‍ എപ്പോഴും പരസ്പരം ആചരിക്കേണ്ടതുതന്നെയാകുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാര്യത്തില്‍ അവ കൂടുതല്‍ കര്‍ശനമായി സ്വീകരിക്കപ്പെടേണ്ടതുണ്ടുതാനും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വീടുകളില്‍, അഥവാ അവിടുത്തെ ഭാര്യമാര്‍ നിവസിക്കുന്ന വീടുകളില്‍, പ്രവേശനത്തിനുള്ള അനുവാദം കിട്ടിയല്ലാതെ ആര്‍ക്കും ഇനിമേലില്‍ പ്രവേശിക്കാന്‍ പാടില്ല എന്നു ഈ വചനം പ്രഖ്യാപിക്കുന്നു. (അനുവാദം ചോദിക്കുന്ന രൂപം, അതിന്‍റെ ആവശ്യകത, അനുവാദം കൂടാതെ പ്രവേശിക്കാവുന്ന വീടുകള്‍ ആദിയായവയെക്കുറിച്ചു സൂറത്തുന്നൂറില്‍ വിശദീകരിച്ചു പറഞ്ഞിട്ടുള്ളതാണ്). അനധികൃതമായി അന്യവീടുകളില്‍ പ്രവേശിക്കുന്നതിനാല്‍ നേരിടുവാനിടയുള്ള ദോഷങ്ങളെക്കുറിച്ചു ആര്‍ക്കും ഊഹിച്ചറിയാമല്ലോ. സദ്യ വേളകളിലാവട്ടെ, അല്ലാത്തപ്പോഴാകട്ടെ, ക്ഷണിക്കപ്പെടാതെ ഭക്ഷണത്തില്‍ചെന്നു പങ്കെടുക്കുന്നതും, ക്ഷണിക്കപ്പെട്ടാല്‍തന്നെയും വീട്ടില്‍ച്ചെലുമ്പോള്‍ അനുമതികൂടാതെ പ്രവേശിക്കുന്നതും പാടില്ലാത്തതാണ്. ഭക്ഷണം പാകമാകുന്നതു – തയ്യാറാകുന്നതു- നോക്കിക്കാത്തുകൊണ്ടിരി ക്കുന്നതും ഉചിതമല്ല. ഇതും വീട്ടുകാര്‍ക്കു പല നിലക്കും ശല്യമായി അനുഭവപ്പെടും. അതുകൊണ്ടു മുന്‍കൂട്ടിച്ചെന്നു കാത്തിരിക്കാന്‍ ഇടവരാതെ യഥാസമയത്തു മാത്രം ചെന്നു ചേരേണ്ടതാകുന്നു. ക്ഷണിക്കപ്പെട്ടവര്‍മാത്രം ചെല്ലുക, ഭക്ഷണം കഴിഞ്ഞാലുടന്‍ സ്ഥലം വിട്ടുപോരുക. പിന്നീടവിടെ ചുറ്റിപറ്റി നില്‍ക്കാതിരിക്കുക. ഇതെല്ലം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. ക്ഷണിക്കപ്പെടാതെ സദ്യവട്ടങ്ങളിലും, ഭക്ഷണവേളയിലും കടന്നുചെല്ലുന്ന സമ്പ്രദായം കേവലം നിന്ദ്യവും അന്യായവും കൂടിയാണ്. ക്ഷണിക്കപ്പെട്ടവന്‍ ക്ഷണം നിരസിക്കുന്നതും ശരിയല്ല. ഇത്തരം പല കാര്യങ്ങളെക്കുറിച്ചും ഹദീസില്‍ കൂടുതല്‍ വിശദീകരിച്ചുകാണാം. ദീര്‍ഘിച്ചുപോകുമെന്നു കരുതി വിട്ടുകളയുകയാണ്.

ഇതെല്ലം കേവലം നിസ്സാരകാര്യങ്ങളല്ലേ, ഇത്ര ഗൗരവത്തോടെ അവ എടുത്തുപറയേണ്ടതുണ്ടോ? എന്നൊക്കെ പലരും ധരിച്ചേക്കാം. അല്ല, ഇക്കാലത്തു പലരുടെ വാക്കിലും പ്രവൃത്തിയിലും പ്രത്യക്ഷത്തില്‍തന്നെ ആ നില പ്രകടമാകാറുമുണ്ട്‌. ഇവര്‍ക്കുള്ള മറുപടിയത്രെ അല്ലാഹു പറഞ്ഞത്: ‘നിശ്ചയമായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. അതു തുറന്നു പറയുവാന്‍ അദ്ദേഹത്തിനു ലജ്ജയുണ്ടായേക്കാം. അല്ലാഹുവാകട്ടെ യഥാര്‍ത്ഥത്തെക്കുറിച്ചു ലജ്ജ കാണിക്കയില്ല. (…..إِنَّ ذَٰلِكُمْ كَانَ يُؤْذِي النَّبِيَّ). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ശല്യപ്പെടുത്തുന്നതു പ്രത്യേകിച്ചും, സത്യവിശ്വാസികള്‍ക്കു ശല്യം ഉണ്ടാക്കുന്നതു പൊതുവിലും അല്ലാഹുവിങ്കല്‍ എത്രമാത്രം ആക്ഷേപകരമാണെന്നു ഇതേ വചനത്തിലെ തുടര്‍ന്നുള്ള വാക്യങ്ങളും, താഴെ വരുന്ന 57 – 59 എന്നീ വചനങ്ങളും മറ്റും പരിശോധിച്ചാലറിയാവുന്നതാണ്. ഒരാള്‍ക്കു മറ്റൊരാളെക്കൊണ്ട് ഏതെങ്കിലും തരത്തില്‍ ശല്യം ഉണ്ടാവാന്‍ പാടില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ശല്യപ്പെടുത്തുന്നതു മറ്റാരെ ശല്യപ്പെടുത്തുന്നതിനെക്കാളും ഭയങ്കരമാണ്. അന്യന്‍റെ പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്ന സ്വൈര്യക്കേടിനെക്കുറിച്ചു തുറന്നുപറയുവാന്‍ മാന്യന്‍മാരായ ആളുകള്‍ മടിച്ചേക്കുക സ്വാഭാവികമാണ്. അതു മറ്റുള്ളവര്‍ കണ്ടറിയേണ്ടതാണ്, കണ്ടറിയാത്തവരെ അതു ഓര്‍മ്മിപ്പിക്കുന്നതു ആവശ്യവുമാണ് എന്നിങ്ങിനെ പലതും ഈ വാക്യത്തില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിയും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരോടു വല്ല സാധനവും ആവശ്യപ്പെടേണ്ടതുണ്ടാകുമ്പോള്‍ അതു മറയുടെ പിന്നില്‍ നിന്ന് ചോദിക്കണം, അഥവാ അകത്തു കടന്നുചെന്നും മുഖത്തോടു മുഖമായും അവരോടു സംസാരിച്ചു കൂടാ. ഇതാണ് ആയത്തിലെ മറ്റൊരു കല്‍പന. ഇതിനു രണ്ടു കാരണവും അല്ലാഹു പറയുന്നു: ഇരുകൂട്ടരുടെയും ഹൃദയങ്ങളുടെ നിഷ്കളങ്കതക്കും, ശുദ്ധതക്കും അതാണ്‌ അനുയോജ്യമായത്; തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരുടെ അന്തസ്സിനും, മാന്യതക്കും, നിരക്കാത്ത പെരുമാറ്റം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ശല്യപ്പെടുത്തലുമാണ്. ഇതാണെങ്കില്‍ മഹാപാപവും! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരെ സംബന്ധിച്ചു മാത്രമല്ല അന്യസ്ത്രീകളെ സംബന്ധിച്ചു പൊതുവില്‍ ആചരിക്കേണ്ടുന്ന ഒരു മര്യാദയാണിത്‌. മാന്യതയിലും ശ്രഷ്ഠതയിലും ഉന്നത നിലവാരത്തിലുള്ളവരാകുമ്പോള്‍ വിശേഷിച്ചും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരില്‍ പര്‍ദ്ദ നടപ്പാക്കിയാല്‍ കൊള്ളാമെന്നു ഉമര്‍ (رضي الله عنه) ആഗ്രഹിച്ചിരുന്നതായും, ഉമര്‍ (رضي الله عنه)ന്‍റെ അഭിപ്രായം ശരിവെച്ചുകൊണ്ട്‌ അവതരിച്ച ചില ഖുര്‍ആന്‍ വചനങ്ങളില്‍ ഈ ആയത്തും ഉള്‍പ്പെടുന്നതായും ഹദീസുകളില്‍ കാണാം. പക്ഷേ, വഹ്‌യു ലഭിക്കാത്ത സ്ഥിതിക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു നടപ്പിലാക്കാന്‍ മുമ്പോട്ടു വന്നതുമില്ല. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വന്തം ഇഷ്ടപ്രകാരം ഒന്നും കല്പിക്കുകയില്ലല്ലോ. (وَمَا يَنطِقُ عَنِ الْهَوَىٰ). അനസ് (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ഉമര്‍ (رضي الله عنه) പറയുകയുണ്ടായി: റസൂലേ, അങ്ങയുടെ അടുക്കല്‍ നല്ല മനുഷ്യരും, ചീത്ത മനുഷ്യരും പ്രവേശിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് സത്യവിശ്വാസികളുടെ മാതാക്കളോടു (അങ്ങയുടെ ഭാര്യമാരോടു) പര്‍ദ്ദ സ്വീകരിക്കുവാന്‍ അങ്ങുന്നു കല്പിച്ചിരുന്നുവെങ്കില്‍?!’ അങ്ങനെ, ഹിജ്ര അഞ്ചാംകൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍ ജഹ്ശിന്‍റെ മകള്‍ സൈനബയെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവാഹം കഴിച്ച ആ വിവാഹ സദ്യ കഴിഞ്ഞ രാവിലെ പര്‍ദ്ദയുടെ ഈ വചനം അവതരിച്ചു. (ബു; മു മുതലായവര്‍). അനസ് (رضي الله عنه)ന്‍റെ ഈ പ്രസ്താവനയും. അല്‍പംമുമ്പ് ഉദ്ധരിച്ച പ്രസ്താവനയും പരസ്പരം പിന്‍ബലം നല്‍കുന്നവയാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അനുഷ്ടിക്കേണ്ടുന്ന മര്യാദകളെ സംബന്ധിച്ചുള്ള കല്‍പനകള്‍ അവത്രിക്കുവാന്‍ പല നിലക്കും യോജിച്ച ഒരു സന്ദര്‍ഭത്തിലാണ് ഇതിന്‍റെ അവതരണമുണ്ടായതെന്ന് അവയില്‍ നിന്നു ഗ്രഹിക്കാം.

ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: إِنَّمَا جُعِلَ الِاسْتِئْذَانُ مِنْ أَجْلِ البَصَرِ (പ്രവേശനത്തിനു സമ്മതം ചോദിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ളതുതന്നെ കണ്ണിന്‍റെ – നോട്ടത്തിന്‍റെ – കാരണത്താലാകുന്നു – ബു; മു). മറ്റൊരു നബിവചനം അബൂഹുറൈറ (رضي الله عنه) ഇപ്രകാരം നിവേദനം ചെയ്യുന്നു. ‘കണ്ണുകളുടെ വ്യഭിചാരം നോട്ടമാണ്, ചെവികളുടെ വ്യഭിചാരം കേള്‍ക്കാന്‍ ശ്രമിക്കലാണ്, നാവിന്‍റെ വ്യഭിചാരം സംസാരിക്കലാണ്, കയ്യിന്‍റെ വ്യഭിചാരം സ്പര്‍ശിക്കലാണ്, കാലിന്‍റെ വ്യഭിചാരം കാലടിവെക്കലാണ് – നടന്നുചെല്ലലാണ് – , ഹൃദയം ഇച്ഛിക്കുകയും മോഹിക്കുകയും ചെയ്യുന്നു; ജനനേന്ദ്രിയം അതിനെ യഥാര്‍ത്ഥമാക്കുകയോ കളവാക്കുകയോ ചെയ്യും.’ (ബു; മു).

റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലശേഷം, അവിടുത്തെ ഭാര്യയായിരുന്ന ഒരാളെയും ആര്‍ക്കും തീരെ വിവാഹം ചെയ്‌വാന്‍ പാടില്ല എന്നാണ് ആയത്തില്‍ അവസാനമായി പ്രസ്താവിച്ചത്. തിരുമേനിയുടെ ഭാര്യമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണെന്നു 6-ാം വചനത്തില്‍ പറഞ്ഞുവല്ലോ. അപ്പോള്‍ മാതാക്കളെ വിവാഹം ചെയ്‌വാന്‍ പാടില്ലെന്നപോലെ അവരെയും വിവാഹം ചെയ്തുകൂടാത്തതാണ്. നിലവിലുള്ള ഒമ്പതു ഭാര്യമാര്‍ക്കുപുറമെ എനി മറ്റാരെയും വിവാഹം ചെയ്യരുതെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വിലക്കിയതുപോലെ, പ്രസ്തുത ഭാര്യമാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ശേഷം വേറെ ഭര്‍ത്താക്കളെ സ്വീകരിക്കുന്നതും ഇതുമൂലം തടയപ്പെട്ടിരിക്കുകയാണ്. ഇതെല്ലം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഉന്നതസ്ഥാനത്തെയും, അവിടുത്തെ പത്നിമാരോടു സത്യവിശ്വാസികള്‍ ബഹുമാനപൂര്‍വ്വം പെരുമാറേണ്ടുന്നതിന്‍റെ ആവശ്യകതയും കുറിക്കുന്നു. ‘നിശ്ചയമായും അതു അല്ലാഹുവിന്‍റെ അടുക്കല്‍ വമ്പിച്ച കാര്യമാണ്’ (إِنَّ ذَٰلِكُمْ كَانَ عِندَ اللَّـهِ عَظِيمًا) എന്നുള്ള സമാപനവാക്യം മനസ്സിരുത്തി ആലോചിച്ചുനോക്കുക!

പ്രത്യക്ഷത്തില്‍ അച്ചടക്കമര്യാദയും, നിയമങ്ങളും പാലിക്കുന്നവരില്‍തന്നെ, ദുര്‍വിചാരക്കാരും, കളങ്കഹൃദയന്മാരും ഉണ്ടായേക്കാം. നേരെമറിച്ച് സദ്ദുദ്ദേശവും, ശുദ്ധഹൃദയവും ഉള്ളവര്‍ക്ക് ചിലപ്പോള്‍ നിയമാതിര്‍ത്തികള്‍ കൃത്യമായി പാലിക്കാന്‍ കഴിയാതെയും വന്നേക്കാം. എന്നാല്‍ ഓരോരുത്തരുടെയും ഉള്ളുകള്ളികളെല്ലാം അല്ലാഹു അറിയുമെന്നും, അതതിനു തക്ക നടപടികള്‍ അവന്‍ എടുത്തുകൊള്ളുമെന്നും അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നുകൊണ്ട് പര്‍ദ്ദ ആചരിക്കണമെന്ന നിയമത്തില്‍നിന്നു ഒഴിവാക്കപ്പെട്ടിട്ടുള്ളവരെക്കുറിച്ച് പ്രസ്താവിക്കുകയും ചെയ്യുന്നു.

33:54

  • إِن تُبْدُوا۟ شَيْـًٔا أَوْ تُخْفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًا ﴾٥٤﴿
  • നിങ്ങള്‍ വല്ലകാര്യവും വെളിവാക്കുകയോ, അല്ലെങ്കില്‍ മറച്ചുവെക്കുകയോ ചെയ്യുന്നപക്ഷം, അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനാകുന്നു.
  • إِن تُبْدُوا നിങ്ങള്‍ വെളിവാക്കുന്ന പക്ഷം شَيْئًا വല്ല കാര്യവും أَوْ تُخْفُوهُ അല്ലെങ്കിലതു മറച്ചുവെക്കുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു بِكُلِّ شَيْءٍ എല്ലാ കാര്യത്തെപ്പറ്റിയും عَلِيمًا അറിയുന്നവന്‍

33:55

  • لَّا جُنَاحَ عَلَيْهِنَّ فِىٓ ءَابَآئِهِنَّ وَلَآ أَبْنَآئِهِنَّ وَلَآ إِخْوَٰنِهِنَّ وَلَآ أَبْنَآءِ إِخْوَٰنِهِنَّ وَلَآ أَبْنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتْ أَيْمَٰنُهُنَّ ۗ وَٱتَّقِينَ ٱللَّهَ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ شَهِيدًا ﴾٥٥﴿
  • തങ്ങളുടെ പിതാക്കളിലാകട്ടെ, പുത്രന്‍മാരിലാകട്ടെ, സഹോദരന്‍മാരിലാകട്ടെ, സഹോദരന്‍മാരുടെ പുത്രന്‍മാരിലാകട്ടെ, സഹോദരിമാരുടെ പുത്രന്‍മാരിലാകട്ടെ, തങ്ങളുടെ സ്ത്രീകളിലാകട്ടെ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരിലാകട്ടെ, (ഒന്നും തന്നെ) അവരുടെമേല്‍ യാതൊരു കുറ്റവുമില്ല. (നബിയുടെ പത്നിമാരേ) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍! നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിന്‍റെമേലും സാക്ഷ്യംവഹിക്കുന്നവനാകുന്നു.
  • لَّا جُنَاحَ തെറ്റില്ല عَلَيْهِنَّ അവരുടെമേല്‍ فِي آبَائِهِنَّ അവരുടെ പിതാക്കളില്‍ وَلَا أَبْنَائِهِنَّ അവരുടെ പുത്രന്‍മാരിലുമില്ല وَلَا إِخْوَانِهِنَّ അവരുടെ സഹോദരന്‍മാരിലുമില്ല وَلَا أَبْنَاءِ إِخْوَانِهِنَّ അവരുടെ സഹോദരപുത്രന്‍മാരിലുമില്ല وَلَا أَبْنَاءِ أَخَوَاتِهِنَّ അവരുടെ സഹോദരീ പുത്രന്‍മാരിലുമില്ല وَلَا نِسَائِهِنَّ അവരുടെ സ്ത്രീകളിലുമില്ല وَلَا مَا مَلَكَتْ ഉടമപ്പെടുത്തിയവരിലുമില്ല أَيْمَانُهُنَّ അവരുടെ വലങ്കൈകള്‍ وَاتَّقِينَ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുവിന്‍, ഭയഭക്തി കാണിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ, അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്‍റെമേലും شَهِيدًا സാക്ഷ്യം വഹിക്കുന്നവന്‍, സന്നദ്ധന്‍

ഏഴു കൂട്ടരെയാണ് ഇവിടെ ഒഴിവാക്കപ്പെട്ടിട്ടുള്ളത്‌, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരല്ലാത്ത ഇതരസ്ത്രീകളുടെ പര്‍ദ്ദാ നിയമത്തിലും ഈ ഏഴു കൂട്ടര്‍ ഒഴിവാക്കപ്പെട്ടവര്‍ തന്നെ. കൂടുതല്‍ അടുത്ത കുടുംബങ്ങളെക്കുറിച്ചാണ് ഇവിടെ പ്രസ്താവിച്ചത്. അമ്മാമന്‍മാരും, പിതൃവ്യന്‍മാരും മറ്റുചിലരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നും. ‘തങ്ങളുടെ സ്ത്രീകള്‍’ (نسائهن) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം മുസ്‌ലിംസ്ത്രീകള്‍ എന്നാണെന്നും, വിമതസ്ഥരായ സ്ത്രീകളിലും പര്‍ദ്ദാനിയമം ആചരിക്കണമെന്നും മറ്റും സൂറത്തുന്നൂറില്‍ വേണ്ടതുപോലെ നാം വിവരിച്ചുകഴിഞ്ഞതാകുന്നു. (സൂ: നൂര്‍ 31-ആം വചനവും വിവരണവും നോക്കുക).

33:56

  • إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا ﴾٥٦﴿
  • നിശ്ചയമായും, അല്ലാഹുവും, അവന്‍റെ മലക്കുകളും നബിയുടെമേല്‍ ‘സ്വലാത്ത്’ [അനുഗ്രഹം] നേരുന്നു. ഹേ, വിശ്വസിച്ചവരേ, അദ്ദേഹത്തിന്‍റെ മേല്‍ നിങ്ങള്‍ ‘സ്വലാത്ത്’ [അനുഗ്രഹം] നേരുകയും, (ശരിയാംവണ്ണം) ‘സലാം’ [ശാന്തി] നേരുകയും ചെയ്യുവിന്‍.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു وَمَلَائِكَتَهُ അവന്‍റെ മലക്കുകളും يُصَلُّونَ അവര്‍ അനുഗ്രഹം നേരുന്നു, സ്വലാത്തു ചെയ്യുന്നു عَلَى النَّبِيِّ നബിയുടെമേല്‍ يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ صَلُّوا നിങ്ങള്‍ അനുഗ്രഹം നേരുവിന്‍ عَلَيْهِ അദ്ദേഹത്തിന്‍റെമേല്‍ وَسَلِّمُوا നിങ്ങള്‍ സലാം നേരുകയും ചെയ്യുവിന്‍ تَسْلِيمًا (ശരിയാംവണ്ണമുള്ള) ഒരു സലാം നേരല്‍

صلوة (‘സ്വലാത്ത്’) എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും. سلام (‘സലാം’) എന്ന വാക്കിനു ‘ശാന്തി, സമാധാനം, രക്ഷ’ എന്നിങ്ങനെയും അര്‍ത്ഥം വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സ്വലാത്തു’ കൊണ്ടുദ്ദേശ്യം അവന്‍റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നത്രെ. മലക്കുകളെ സംബന്ധിച്ചാകുമ്പോള്‍ പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചാകുമ്പോള്‍ അനുഗ്രഹത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, ഉദ്ദേശ്യമായിരിക്കും. ഇതുപോലെത്തന്നെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സലാമിന്‍റെ ഉദ്ദേശ്യം സമാധാനവും, ശാന്തിയും, രക്ഷയും നല്‍കുക എന്നും, നമ്മെ സംബന്ധിച്ചിടത്തോളം അതിനായി പ്രാര്‍ത്ഥിക്കുക എന്നും താല്‍പര്യമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പേരില്‍ ‘സ്വലാത്ത്’ ചൊല്ലുക, അഥവാ അനുഗ്രഹം നേരുക എന്നു പറയുന്നതിന്‍റെയും, ‘സലാം’ ചൊല്ലുക അഥവാ ശാന്തി – അല്ലെങ്കില്‍ സമാധാനം – നേരുക എന്നു പറയുന്നതിന്‍റെയും ഉദ്ദേശ്യം ഇതില്‍ നിന്നും വ്യക്തമാണല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പേരില്‍ ‘സ്വലാത്തും സലാമും’ നേരുന്നതിന്‍റെ പ്രാധാന്യം ഈ തിരുവചനത്തില്‍ നിന്നു ഗ്രഹിക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ സമുദായത്തിനു കൂടി ലഭിക്കുന്ന ഭാഗ്യമായിരിക്കുന്നതാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അലി (رضي الله عنه) നിവേദനം ചെയ്യുന്നു: ‘യാതൊരുവന്‍റെ അടുക്കല്‍ വെച്ച് എന്നെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ അവന്‍ എന്‍റെ മേല്‍ ‘സ്വലാത്തു’ നേര്‍ന്നില്ലയോ അവനെത്ര ലുബ്ധന്‍. (തി.). മറ്റൊരു നബിവചനം ഇബ്നുമസ്ഊദു (رضي الله عنه) ഉദ്ധരിക്കുന്നു: ‘ജനങ്ങളില്‍ വെച്ച് ഖിയാമത്തു നാളില്‍ എന്നോടു ഏറ്റവും ബന്ധപ്പെട്ടവന്‍, അവരില്‍വെച്ചു എന്‍റെ മേല്‍ കൂടുതല്‍ ‘സ്വലാത്തു’ നടത്തുന്നവനാകുന്നു.’ (തി). തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു കേട്ടതായി അബ്ദുല്ലാഹിബ്നു അംറും (رضي الله عنه) അബൂഹുറൈറ (رضي الله عنه)യും ഉദ്ധരിക്കുന്നു: ‘എന്‍റെ മേല്‍ ആരെങ്കിലും ഒരു പ്രാവശ്യം ‘സ്വലാത്തു’ നേര്‍ന്നാല്‍, അല്ലാഹു അവന്‍റെ മേല്‍ അതിന് പത്തു പ്രാവശ്യം സ്വലാത്തു നേരുന്നതാണ്. (മു.).

33:57

  • إِنَّ ٱلَّذِينَ يُؤْذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِى ٱلدُّنْيَا وَٱلْءَاخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا ﴾٥٧﴿
  • അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും യാതൊരുകൂട്ടര്‍ ശല്യപ്പെടുത്തുന്നുവോ അവരെ, നിശ്ചയമായും അല്ലാഹു ഇഹത്തിലും പരത്തിലും ശപിക്കുന്നതാണ്. അവര്‍ക്കു നിന്ദ്യകരമായ ശിക്ഷ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
  • إِنَّ നിശ്ചയമായും الَّذِينَ يُؤْذُونَ اللَّـهَ അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവര്‍ وَرَسُولَهُ അവന്‍റെ റസൂലിനെയും لَعَنَهُمُ اللَّـهُ അല്ലാഹു അവരെ ശപിക്കുന്നതാണ്, ശപിച്ചിരിക്കുന്നു فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും وَأَعَدَّ لَهُمْ അവര്‍ക്കവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു عَذَابًا مُّهِينًا നിന്ദ്യകരമായ ശിക്ഷ

33:58

  • وَٱلَّذِينَ يُؤْذُونَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ بِغَيْرِ مَا ٱكْتَسَبُوا۟ فَقَدِ ٱحْتَمَلُوا۟ بُهْتَٰنًا وَإِثْمًا مُّبِينًا ﴾٥٨﴿
  • സത്യവിശ്വാസികളെയും, സത്യവിശ്വാസിനികളെയും – അവര്‍ പ്രവര്‍ത്തിച്ചതല്ലാത്തതിന്‍റെ പേരില്‍ – ശല്യപ്പെടുത്തുന്നവരാകട്ടെ, അവര്‍ അപരാധവും, പ്രത്യക്ഷമായ കുറ്റവും (സ്വയം) ഏറ്റെടുത്തു കഴിഞ്ഞിരിക്കയാണ്.
  • وَالَّذِينَ يُؤْذُونَ ശല്യപ്പെടുത്തുന്നവര്‍ الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളെയും بِغَيْرِ مَا യാതൊന്നല്ലാത്തതിന്‍റെ പേരില്‍ اكْتَسَبُوا അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള فَقَدِ احْتَمَلُوا എന്നാല്‍ തീര്‍ച്ചയായും അവര്‍ ഏറ്റെടുത്തു, സ്വയം പേറി بُهْتَانًا അപരാധം, കള്ളാരോപണം, നുണ وَإِثْمًا പാപവും, കുറ്റവും مُّبِينًا പ്രത്യക്ഷമായ, സ്പഷ്ടമായ

അല്ലാഹുവിന്‍റെ ഉല്‍കൃഷ്ട ഗുണങ്ങള്‍ക്കോ, ശക്തിമഹാത്മ്യത്തിനോ, അധികാരാവകാശങ്ങള്‍ക്കോ അനുയോജ്യമല്ലാത്തത്തും, അവയെ അവഗണിക്കുന്നതുമായ എല്ലാ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവയാണെന്നു മൊത്തത്തില്‍ പറയാം. അല്ലാഹു പ്രസ്താവിക്കുന്നതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിച്ചിട്ടുള്ള രണ്ടു തിരുവചനങ്ങളില്‍ നിന്നു ഇതു മനസ്സിലാക്കാം:

1. ‘അല്ലാഹു പറയുന്നു: ആദമിന്‍റെ പുത്രന്‍ എന്നെ വ്യാജമാക്കി; അവനു അതു പാടില്ലായിരുന്നു. അവന്‍ എന്നെക്കുറിച്ചു പഴി പറഞ്ഞു; അതും അവനു പാടില്ലായിരുന്നു. അവന്‍ എന്നെ വ്യാജമാക്കിയെന്നു പറഞ്ഞതു അവന്‍റെ ഈ വാക്കാണ്: ‘എന്നെ ആദ്യം സൃഷ്ടിച്ചതുപോലെ അവന്‍ – അല്ലാഹു – എന്നെ വീണ്ടും സൃഷ്ടിക്കുന്നതല്ലതന്നെ.’ എന്നെ പഴി പറഞ്ഞതാകട്ടെ, ‘എനിക്കു സന്താനമുണ്ടെന്നു’ അവന്‍ പറഞ്ഞതാണ്. ഒരു ഇണയെയോ, സന്താനത്തെയോ സ്വീകരിക്കുന്നതില്‍നിന്ന് ഞാന്‍ മഹാ പരിശുദ്ധനുമത്രെ!’ (ബു).

2. അല്ലാഹു പറയുന്നു: ആദമിന്‍റെ പുത്രന്‍ എന്നെ ശല്യപ്പെടുത്തുന്നു. (അതായതു) അവന്‍ കാലത്തെ ചീത്ത പറയുന്നു. ഞാനത്രെ കാലം. രാത്രിയെയും, പകലിനെയും ഞാന്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. (*). (ബു; മു). ഈ ഹദീസുകള്‍ മുമ്പില്‍ വെച്ചുകൊണ്ടു പരിശോധിച്ചാല്‍, ഇന്നു പലരില്‍നിന്നും സാധാരണ കേള്‍ക്കാറുള്ള ‘പ്രകൃതി വഞ്ചിച്ചു; കാലം ചതിച്ചു’ മുതലായ വാക്കുകള്‍ അബദ്ധം നിറഞ്ഞവയാണെന്നു കാണാം.


(*). ‘ഞാനത്രെ കാലം’ എന്ന വാക്യംകൊണ്ടുള്ള വിവക്ഷ തുടര്‍ന്നുള്ള വാക്യത്തില്‍ നിന്നു വ്യക്തമാണ്. ലോകത്തു നടക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹുവിന്‍റെ നിയന്ത്രണമനുസരിച്ചുമാത്രം നടക്കുന്നതാണെന്നു സാരം.


നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്ഥാനപദവികള്‍ക്കു നിരക്കാത്തതും, അവിടുത്തെ തരംതാഴ്ത്തിക്കാട്ടുന്നതുമായ എല്ലാ പ്രസ്താവനകളും, പ്രവര്‍ത്തനങ്ങളും നബിയെ ശല്യപ്പെടുത്തുന്നവതന്നെ. തിരുമേനിയെ പരിഹസിക്കുക, അവിടുത്തെ ചര്യകളെയോ, പ്രവൃത്തികളെയോ പുച്ഛിക്കുക, അല്ലെങ്കില്‍ വിമര്‍ശിക്കുക മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടും. 69-ാം വചനത്തിന്‍റെ വിവരണത്തില്‍ ഇതിനു ചില ഉദാഹരണങ്ങള്‍ കാണാം. സ്വന്തം ദേഹത്തെക്കാളും, മാതാപിതാക്കള്‍, സന്താനങ്ങള്‍ തുടങ്ങിയ മറ്റെല്ലാവരെക്കാളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സ്നേഹിക്കാത്തവന്‍റെ ‘ഈമാന്‍’ പോലും ശരിയായ ഈമാനാവുകയില്ലല്ലോ. അതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഏതെങ്കിലും വിധേന ശല്യപ്പെടുത്തുന്നതും, അവിടുത്തേക്കു മനോവേദന ഉളവാക്കുന്നതും കൂടുതല്‍ ഗൗരവപ്പെട്ടതുമായിരിക്കും. അതുകൊണ്ടുതന്നെയാണ്, അല്ലാഹുവിനെയും, റസൂലിനെയും ശല്യപ്പെടുത്തുന്നതിനെപ്പറ്റി ഒരേ വാക്കില്‍ താക്കീതു നല്‍കിയിരിക്കുന്നതും. അല്ലാഹുവിനെയും, റസൂലിനെയും ശല്യപ്പെടുത്തുന്നവര്‍ക്കു ലഭിക്കുവാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ചതു നോക്കുക! അതില്‍നിന്നു ആ മഹാപാപം എത്രമേല്‍ ഭയങ്കരമാണെന്ന് ഊഹിക്കാവുന്നതാണ്. ഇഹത്തിലും പരത്തിലും അല്ലാഹുവിങ്കല്‍നിന്നുള്ള ശാപം! പോരാ, നിന്ദ്യവും അപമാനകരവുമായ പരലോകശിക്ഷയും!! (അല്ലാഹു നമ്മെ കാക്കട്ടെ, ആമീന്‍).

അല്ലാഹുവിനെയും റസൂലിനെയും ശല്യപ്പെടുത്തുന്നവരെക്കുറിച്ചു പ്രസ്താവിച്ചശേഷം തുടര്‍ന്നുകൊണ്ട് സത്യവിശ്വാസികളെ ശല്യപ്പെടുത്തുന്നവരെ സംബന്ധിച്ചും അല്ലാഹു ഗൗരവമായി താക്കീതുചെയ്യുന്നു. അവര്‍ അതുമൂലം അപരാധവും, പ്രത്യക്ഷമായ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്നു പറഞ്ഞുവല്ലോ. ഇവര്‍ക്കു ലഭിക്കുവാനിരിക്കുന്ന അനന്തരഫലം എന്തായിരിക്കുമെന്നു ഈ വാക്യത്തില്‍നിന്നു അനുമാനിക്കാവുന്നതാണ്. ‘ഒരു മുസ്ലിമിന് ഒരു മുസ്ലിമിന്‍റെ സര്‍വ്വതും – അവന്‍റെ രക്തവും, അവന്‍റെ ധനവും, അവന്‍റെ മാനവും – ഹറാമാണ്‌.’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രഖ്യാപിച്ചതാണല്ലോ (رواه مسلم وغيره) എന്നിരിക്കെ, ഇവയില്‍ ഏതെങ്കിലും ഒന്നിനു ഹാനി വരുത്തുന്നതെല്ലാം അവനു ശല്യമുണ്ടാക്കലായിരിക്കും. പരദൂഷണത്തെ (الغيبة) സംബന്ധിച്ച പ്രസിദ്ധമായ ഒരു ഹദീസില്‍നിന്നു ഇതു മനസ്സിലാക്കാം. ഹദീസു ഇതാണ്: പരദൂഷണം എന്നാല്‍ എന്താണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ചോദിക്കപ്പെട്ടു. അവിടുന്നു പറഞ്ഞു: ‘നീ നിന്‍റെ സഹോദരനെക്കുറിച്ചു അവനു തൃപ്തികേടുവരുത്തുന്നതു പറയലാണ്.’ അപ്പോള്‍ ചോദിക്കപ്പെട്ടു: കണ്ടുവോ: ഞാന്‍ പറയുന്ന കാര്യം അവനില്‍ ഉള്ളതായിരുന്നല്ലോ (എന്നാലതു പരദൂഷണമാകുമോ)?! തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നീ പറയുന്ന കാര്യം അവനില്‍ ഉണ്ടായിരുന്നാല്‍ നീ അവനെ പരദൂഷണം പറഞ്ഞു. നീ പറയുന്നതു അവനില്‍ ഇല്ലെങ്കിലോ, നീ അവനെപ്പറ്റി അപരാധം – നുണ – പറഞ്ഞു.’ (മുസ്ലിം.)

Leave a comment