ഏഴാംഘട്ടം – ക്യാമ്പയിൻ 06 – സൂറത്തുല്‍ അഹ്സാബ്‌ : ആയത്ത് 37 മുതൽ 48 വരെ

സൂറത്തുല്‍ അഹ്സാബ്‌ : 37-48

33:37

  • وَإِذْ تَقُولُ لِلَّذِىٓ أَنْعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِى فِى نَفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَىٰهُ ۖ فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَٰكَهَا لِكَىْ لَا يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌ فِىٓ أَزْوَٰجِ أَدْعِيَآئِهِمْ إِذَا قَضَوْا۟ مِنْهُنَّ وَطَرًا ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا ﴾٣٧﴿
  • (നബിയേ) അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള – നീയും അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള – വനോടു നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): ‘നിന്‍റെ ഭാര്യയെ (വിവാഹമോചനം ചെയ്യാതെ) നിനക്കുവേണ്ടി നീ വെച്ചുകൊണ്ടിരിക്കുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക’ എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരുന്നു. അല്ലാഹുവാണ് നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരുന്നു. അങ്ങനെ സൈദ്‌ അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു [വിവാഹമോചനം നടത്തി] കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെമേല്‍, തങ്ങളുടെ ദത്തുപുത്രന്‍മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ – അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ – യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അത്). അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
  • وَإِذْ تَقُولُ നീ പറഞ്ഞിരുന്ന സന്ദര്‍ഭം لِلَّذِي യാതൊരുവനോട് أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِ അവന്‍റെ മേല്‍ وَأَنْعَمْتَ عَلَيْهِ അവനു നീയും അനുഗ്രഹം ചെയ്തിരിക്കുന്നു أَمْسِكْ നീ വെച്ചു കൊണ്ടിരിക്കുക عَلَيْكَ നിനക്കു زَوْجَكَ നിന്‍റെ ഭാര്യയെ وَاتَّقِ اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക وَتُخْفِي നീ മറച്ചുവെക്കുകയും ചെയ്യുന്നു فِي نَفْسِكَ നിന്‍റെ മനസ്സില്‍ مَا യാതൊരു കാര്യം اللَّـهُ مُبْدِيهِ അല്ലാഹു അതിനെ വെളിവാക്കുന്നവനാണ് وَتَخْشَى നീ പേടിക്കയും ചെയ്യുന്നു النَّاسَ മനുഷ്യരെ وَاللَّـهُ أَحَقُّ അല്ലാഹുവത്രെ ഏറ്റവും അര്‍ഹന്‍, അവകാശപ്പെട്ടവന്‍ أَن تَخْشَاهُ നീ അവനെ പേടിക്കുവാന്‍ فَلَمَّا قَضَىٰ അങ്ങനെ നിര്‍വ്വഹിച്ചപ്പോള്‍, തീര്‍ത്തപ്പോള്‍ زَيْدٌ സൈദു مِّنْهَا അവളില്‍ നിന്നു وَطَرًا ആവശ്യം زَوَّجْنَاكَهَا അവളെ നിനക്കു നാം ഭാര്യയാക്കി (വിവാഹം ചെയ്തു) തന്നു لِكَيْ لَا يَكُونَ ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേല്‍ حَرَجٌ ഒരു വിഷമം (ഞെരുക്കം) فِي أَزْوَاجِ ഭാര്യമാരുടെ കാര്യത്തില്‍ أَدْعِيَائِهِمْ തങ്ങളുടെ ദത്തുപുത്രന്‍മാരുടെ إِذَا قَضَوْا അവര്‍ നിര്‍വ്വഹിച്ചാല്‍ مِنْهُنَّ അവരില്‍നിന്നു وَطَرًا ആവശ്യം وَكَانَ ആകുന്നു, ആയിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്‍റെ കല്പന, കാര്യം مَفْعُولًا പ്രാവര്‍ത്തികമാക്കപ്പെട്ടതു (നടപ്പാക്കപ്പെട്ടതു)

‘അല്ലാഹുവും നീയും അനുഗ്രഹം ചെയ്തുകൊടുത്തവന്‍’ എന്നു പറഞ്ഞതു സൈദുബ്നു ഹാരിഥഃ (رضي الله عنه)യെ ക്കുറിച്ചാകുന്നു. ഇസ്ലാമിലേക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുകപോലെയുള്ള കണക്കറ്റ അനുഗ്രഹങ്ങള്‍ അല്ലാഹു അദ്ദേഹത്തിനു ചെയ്തുകൊടുത്തിട്ടുണ്ടല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാണെങ്കില്‍, അദ്ദേഹത്തെ വാത്സല്യപൂര്‍വ്വം വളര്‍ത്തുകയും, അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുയും ചെയ്തു. അദ്ദേഹത്തിന്‍റെ പുത്രനായ ഉസാമഃ (رضي الله عنه)യെയും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വളരെയധികം സ്നേഹിച്ചിരുന്നു. ‘റസൂലിന്‍റെ പ്രിയങ്കരന്‍’ എന്ന അര്‍ത്ഥത്തില്‍ രണ്ടു പേരേക്കുറിച്ചും ‘ഹിബ്ബു റസൂലില്ലാഹി’ (حب رسول الله) എന്നുപോലും പറയപ്പെട്ടിരുന്നു.

സൈദ്‌ (رضي الله عنه) തന്‍റെ ഭാര്യയുമായി യോജിച്ചു പോകുകയില്ലെന്നു കണ്ടപ്പോള്‍ അവരെ വിവാഹമോചനം (طلاق) നടത്തുന്നതിനെപ്പറ്റി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ആലോചിച്ചു. ഇരുഭാഗത്തെയും ഗുണകാംക്ഷിയാണല്ലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ). അപ്പോഴായിരുന്നു അദ്ദേഹത്തോടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഭാര്യയെ വെച്ചുകൊള്ളുവാനും, അല്ലാഹുവിനെ സൂക്ഷിക്കുവാനും പറഞ്ഞത്. ഈ വിവാഹം അധികം നീണ്ടുപോകുകയില്ലെന്നും, സൈദ്‌ (رضي الله عنه) ഭാര്യയെ വേര്‍പ്പെടുത്തുകത്തന്നെ ചെയ്യുമെന്നും, അനന്തരം സൈനബ (رضي الله عنها)യെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവാഹം ചെയ്‌വാനിരിക്കുന്നുവെന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അറിവു ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നടക്കുവാനിരിക്കുന്ന ആ വിഷയത്തെക്കുറിച്ച് സൈദു (رضي الله عنه) നോടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്നും പ്രസ്താവിച്ചില്ല. ഭാര്യയെ വിവാഹമോചനം നടത്താതിരിക്കുവാന്‍ സാധാരണമട്ടില്‍ ഉപദേശിക്കുകയാണ് ചെയ്തത്. ജനസംസാരത്തിനു ഇടയാകരുതെന്നും, അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ നടപ്പിലാക്കിക്കൊള്ളുമെന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കരുതി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യം നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരിക്കുന്നു’, (وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ) എന്നു പറഞ്ഞത്.

യഥാര്‍ത്ഥവും സത്യവും തുറന്നു പറയുന്നതില്‍ ആരെയും ശങ്കിക്കേണ്ടതില്ല, അതില്‍ ജനസംസാരം ഭയപ്പെടേണ്ടതുമില്ല, അതു തുറന്നു പറയാതിരിക്കുന്നതില്‍ അല്ലാഹുവിനെ ഭയപ്പെടുകയാണ് വേണ്ടത് എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

‘സൈദ്‌ അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചുകഴിഞ്ഞ്’ (وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ) എന്നു പറഞ്ഞതിന്‍റെ വിവക്ഷ ഭാര്യയുമായി യോജിച്ചുപോകുകയില്ലെന്ന് കണ്ട് അവരെ വിവാഹ മോചനം ചെയ്തു എന്നത്രെ. ഇതു അറബിഭാഷയിലെ ഒരു പ്രത്യേക പ്രയോഗമാണ്. സൈനബ (رضي الله عنها)യെ വിവാഹമോചനം നടത്തുകയല്ലാതെ നിവൃത്തിയില്ലെന്ന് സൈദ്‌ (رضي الله عنه) ന് ബോധ്യം വരുകയും, അദ്ദേഹം വിവാഹമോചനം ചെയ്യുകയും ചെയ്തു. അനന്തരം ഇദ്ദഃ കാലം കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശമനുസരിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ വിവാഹം കഴിക്കയും ഉണ്ടായി. ഈ വിവാഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗ്രഹമോ ആവശ്യമോ അനുസരിച്ച് ഉത്ഭവിച്ചതായിരുന്നില്ല. പോറ്റുമക്കള്‍ക്ക് യഥാര്‍ത്ഥ മക്കളുടെ സ്ഥാനം കല്‍പിക്കുന്നതിനാല്‍ അവരുടെ ഭാര്യമാരാകുന്ന സ്ത്രീകളെ ഒരിക്കലും പോറ്റുപിതാക്കള്‍ക്കു വിവാഹം ചെയ്‌വാന്‍ പാടില്ലെന്നാണ് ജാഹിലിയ്യാ നിയമം. ഈ സമ്പ്രദായം തുടച്ചുനീക്കി തല്‍സ്ഥാനത്തു ഇസ്‌ലാമികനിയമം പ്രാവര്‍ത്തികമാക്കിക്കാണിക്കുവാന്‍ വേണ്ടി അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്തതായിരുന്നു ആ വിവാഹം. അതുകൊണ്ടാണ് സൈദു അവളില്‍നിന്നു ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ അവളെ നാം നിനക്കു ഭാര്യയായിത്തന്നു (فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا) എന്നു അല്ലാഹു പറഞ്ഞത്. ഈ പരമാര്‍ത്ഥം തുടര്‍ന്നുള്ള ആയത്തുകളില്‍നിന്നു കൂടുതല്‍ സ്പഷ്ടമായി മനസ്സിലാക്കാം. ആയിശ (رضي الله عنها) പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം, തിര്‍മദി (رحمهما الله) മുതലായവര്‍ നിവേദനം ചെയ്യുന്നു: ‘മുഹമ്മദു നബി അല്ലാഹുവിന്‍റെ കിതാബില്‍ നിന്നും വല്ലതും – ജനങ്ങളെ അറിയിക്കാതെ – മറച്ചുവെക്കുമായിരുന്നുവെങ്കില്‍ ഈ (37-ാം) ആയത്തു മറച്ചു വെക്കേണ്ടതായിരുന്നു.’ (*). 53-ാം വചനത്തില്‍ വരുന്നതുപോലെ, കാര്യം തുറന്നുപറയാന്‍ അല്ലാഹു നാണിക്കുകയില്ലല്ലോ.


(*). كما في الفتح وابن جرير


സൈദു (رضي الله عنه)ന്‍റെ പേര്‍ ഖുര്‍ആനില്‍ എടുത്തുപറഞ്ഞതും, അല്ലാഹുവും റസൂലും അനുഗ്രഹം ചെയ്തുകൊടുത്തവന്‍ എന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചതും, ഖുര്‍ആന്‍ നിലനില്‍ക്കുന്ന കാലത്തെല്ലാം അദ്ദേഹത്തിന്‍റെ കീര്‍ത്തി പരത്തുന്ന ഒരു മഹാഭാഗ്യമത്രെ. സൈനബ (رَضي اللَّه عنها) യാകട്ടെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിവാഹത്തോടുകൂടി സത്യവിശ്വാസികളുടെ മാതാക്കളില്‍ ഒരാളായിത്തീരുകയും ചെയ്തു. അവര്‍ അഭിമാനപൂര്‍വ്വം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാരോടു ഇങ്ങിനെ പറഞ്ഞിരുന്നതായി ഹദീസില്‍ വന്നിട്ടുണ്ട് : ‘നിങ്ങളെ നിങ്ങളുടെ വീട്ടുകാര്‍ വിവാഹം ചെയ്യിച്ചു കൊടുത്തതാണ്; എന്നെ ഏഴു ആകാശങ്ങള്‍ക്കുമീതെനിന്നു അല്ലാഹു വിവാഹം ചെയ്യിച്ചു കൊടുത്തതാണ്.’ (ബുഖാരി).

‘നിന്‍റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക’ എന്നീ വാക്യങ്ങള്‍ (أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّـهَ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈദ്‌ (رضي الله عنه)നോടു പറഞ്ഞതാണ്. തുടര്‍ന്നുള്ള രണ്ടു വാക്യങ്ങള്‍ – ‘അല്ലാഹു വെളിവാക്കാന്‍പോകുന്ന കാര്യം നീ മനസ്സില്‍ മറച്ചുവെക്കുന്നു’ എന്നും, ‘പേടിക്കുവാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍ അല്ലാഹുവാണെന്നിരിക്കെ നീ ജനങ്ങളെ പേടിക്കുന്നു’ എന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞതുമാകുന്നു. ‘വെളിവാക്കുവാന്‍പോകുന്ന കാര്യം’ എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, സൈനബ (رضي الله عنها) യെ സൈദു (رضي الله عنه) വിവാഹമോചനം ചെയ്‌വാന്‍ പോകുന്നതും, പിന്നീടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈനബ (رضي الله عنها) യെ വിവാഹം ചെയ്യുമെന്നുള്ളതുമാണ്.

വേറെ ഒന്നുരണ്ടു അഭിപ്രായങ്ങളും ഇവിടെ സ്ഥലംപിടിച്ചുകാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ സൈനബ (رضي الله عنها) യെ കണ്ടുവെന്നും, അവരുടെ സൗന്ദര്യത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആകൃഷ്ടനായെന്നും, അങ്ങനെ അവരെ വിവാഹം ചെയ്തു കിട്ടുവാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ആഗാഹം തോന്നിയെന്നും, ഇതിനെ ഉദ്ദേശിച്ചാണ് ‘അല്ലാഹു വെളിവാക്കാന്‍പോകുന്ന കാര്യം മറച്ചുവെക്കുന്നു’ വെന്നു പറഞ്ഞതെന്നും ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഉല്‍കൃഷ്ട പദവിക്കും സ്വഭാവത്തിനും ഒട്ടും നിരക്കാത്തതും, ഇസ്ലാമിന്‍റെ വൈരികളില്‍നിന്നു രൂപം പൂണ്ടതുമായ ഈ പ്രസ്താവനയെ മഹാന്‍മാരായ പല പണ്ഡിതന്മാരും തക്ക തെളിവുകള്‍ സഹിതം ശക്തിയുക്തം ഖണ്ഡിച്ചുകഴിഞ്ഞതാണ്. ഈ പഴഞ്ചന്‍ പ്രസ്താവനയെ വിമര്‍ശിക്കാന്‍ മുതിര്‍ന്ന ചിലര്‍, അതിനെക്കാള്‍ വമ്പിച്ച അബദ്ധത്തില്‍ പതിക്കുകയും ചെയ്തിരിക്കുന്നു. വിമര്‍ശനത്തിനു ഇവര്‍ കണ്ടുപിടിച്ച പുതിയ സൂത്രമാണിതിനു കാരണം. ‘നീ നിന്‍റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുക’ (أَمْسِكْ عَلَيْكَ زَوْجَكَ) എന്നു തുടങ്ങി ‘പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ അല്ലാഹുവാണ്’ (وَاللَّـهُ أَحَقُّ أَن تَخْشَاهُ) എന്നതുവരെയുള്ള എല്ലാ വാക്യങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈദ്‌ (رضي الله عنه)നോടു പറഞ്ഞതായിട്ടാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ‘അല്ലാഹു വെളിവാക്കാന്‍ പോകുന്ന കാര്യമെന്നും, ‘നീ മനസ്സില്‍ മറച്ചുവെക്കുന്നു’വെന്നും പറഞ്ഞതിനു ഇവര്‍ നല്‍കുന്ന വ്യാഖ്യാനം ഇതാകുന്നു: ‘സൈനബ’ (رَضي اللَّه عنها) യുമായി യോജിച്ചുപോകയില്ലെന്നു സൈദ്‌ (رضي الله عنه)നു ബോധ്യപ്പെട്ടിട്ടുണ്ട്; നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നിര്‍ദ്ദേശപ്രകാരം നടത്തപ്പെട്ടിട്ടുള്ള ആ വിവാഹം അവസാനിപ്പിക്കുന്നതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു മനോവേദനയുണ്ടാക്കും; എങ്ങിനെയെങ്കിലും ഭാര്യയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നപക്ഷം പാവത്തിനൊരു കൂലീനയെ കിട്ടിയപ്പോഴേക്കു അവളെ പൂജിക്കുകയാണെന്നും മറ്റും ജനങ്ങള്‍ കളിയാക്കുകയും ചെയ്യും; എന്നിങ്ങിനെയുള്ള ധര്‍മ്മസങ്കടത്തിലാണ് സൈദ്‌ (رضي الله عنه)’.

കേള്‍ക്കുമ്പോള്‍ തന്നെ ബാലിശമെന്നു തോന്നത്തക്ക ഈ അഭിപ്രായം, കേവലം അബദ്ധമത്രെ. 1-ആമതായി ശാസനാരൂപത്തിലുള്ള ക്രിയകളും, വാര്‍ത്താരൂപത്തിലുള്ള ക്രിയകളും തമ്മില്‍ കൂട്ടിച്ചേര്‍ത്തു (عطف ചെയ്തു) പറയുവാന്‍ പാടില്ലെന്നുള്ളതു അറബിസാഹിത്യശാസ്ത്രത്തി (علم المعاني) ലെ ഒരു അംഗീകൃത തത്വമാകുന്നു. അപ്പോള്‍,  أَمْسِكْ (നീ വെച്ചുകൊണ്ടിരിക്കുക) എന്ന ക്രിയയോടു കൂട്ടിചെര്‍ത്തുകൊണ്ട് وَاتَّقِ (സൂക്ഷിക്കുകയും ചെയ്യുക) എന്നു പറഞ്ഞതുപോലെ وَتُخْفِي (നീ മറച്ചുവെക്കുകയും ചെയ്യുന്നു) എന്നും,  وَ تَخْشَى (നീ പേടിക്കുകയും ചെയ്യുന്നു) എന്നുമുള്ള ക്രിയകള്‍ അതിനോടുകൂടിച്ചേര്‍ന്നതാണെന്നു വെക്കുവാന്‍ നിവൃത്തിയില്ല. 2-ആമതായി: ഈ വാദം ഹദീസുകള്‍ക്കും വിരുദ്ധമാകുന്നു. ഇമാം ബുഖാരി (رحمه الله) ‘കിതാബുത്തൗഹീദി’ല്‍ ഉദ്ധരിച്ച രണ്ടു രിവായത്തുകളില്‍ ഒന്നിന്‍റെ വാചകം നോക്കുക:

جَاءَ زَيْدُ بنُ حَارِثَةَ يَشْكُو، فَجَعَلَ النبيُّ صَلَّى اللهُ عليه وسلَّمَ يقولُ: اتَّقِ اللَّهَ، وأَمْسِكْ عَلَيْكَ زَوْجَكَ

(സൈദുബ്നു ഹാരിഥഃ സങ്കടപ്പെട്ടുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി: ‘നീ അല്ലാഹുവിനെ സൂക്ഷിക്കുക: നിന്‍റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുകയും ചെയ്യുക’). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വാചകത്തില്‍ വേറെ വാക്കുകളൊന്നും ഈ രിവായത്തില്‍ ഇല്ലാത്ത സ്ഥിതിക്കു ആയത്തിലെ തുടര്‍ന്നുള്ള വാക്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈദ്‌ (رضي الله عنه)നോടു പറഞ്ഞതല്ലെന്നു മനസ്സിലാക്കാം. രണ്ടാമത്തെ രിവായത്തിലെ വാചകം ഇതാണ്:

وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ وَتَخْشَى النَّاسَ انزلت في شأن زينب وزيد بن حارثة

(‘അല്ലാഹു വെളിവാക്കുവാന്‍ പോകുന്നകാര്യം നീ നിന്‍റെ മനസ്സില്‍ ഒളിച്ചുവെക്കുകയും, നീ ജനങ്ങളെ പേടിക്കുകയും ചെയ്യുന്നു’വെന്നുള്ളതു സൈനബായുടെയും, സൈദുബ്നു ഹാരിഥഃയുടെയും വിഷയത്തില്‍ അവതരിച്ചതാണ്‌.). ഈ രണ്ടു വാക്യങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതല്ലെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു പറഞ്ഞതാണെന്നുമാണ് ഈ രണ്ടു രിവായത്തും മനസ്സിലാക്കിത്തരുന്നത്. എനി കൂടുതല്‍ തെളിവുകള്‍ പരിശോധിക്കേണ്ടതില്ലല്ലോ.

ഈ സൂറത്തിന്‍റെ വ്യാഖ്യാനത്തില്‍

باب ‏{‏وَتُخْفِي فِي نَفْسِكَ مَا اللَّهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَنْ تَخْشَاهُ‏}

എന്ന ഒരു ശീര്‍ഷകം തന്നെ ബുഖാരിയിലുണ്ട്. നാം രണ്ടാമതായി ഉദ്ധരിച്ച അതേ രിവായത്ത് തന്നെ ഇവിടെയും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു. ഈ ശീര്‍ഷകത്തിന്‍റെ വിശദീകരണവേളയില്‍, നാം മേല്‍ പ്രസ്താവിച്ച വസ്തുതകള്‍ക്കു നിദാനമായ പല രിവായത്തുകളും ഉദ്ധരിച്ചശേഷം ഇമാം അസ്ഖലാനി (رحمه الله) തന്‍റെ ‘ഫത്ത്ഹുല്‍ബാരി’യില്‍ പറയുകയാണ്‌: ‘വേറെയും പലതും ഈ വിഷയത്തില്‍ വന്നിട്ടുണ്ട്; പല മുഫസ്സിറുകളും അവയെ ഉദ്ധരിച്ചിട്ടുമുണ്ട്. അതില്‍ സമയം ചിലവഴിക്കുന്നതു ശരിയല്ല. ഞാന്‍ ഉദ്ധരിച്ചതാണ് സ്വീകാര്യയോഗ്യമായത്. അതിന്‍റെ ആകെ സാരം ഇതാകുന്നു: സൈനബ് പിന്നീടു തന്‍റെ ഭാര്യയാകുവാന്‍ പോകുന്നുണ്ടെന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയിച്ചുകൊടുത്തിരുന്നതിനെയാണ് അവിടുന്നു മറച്ചുവെച്ചിരുന്നത് (*). ഇതു മറച്ചുവെക്കുവാന്‍ കാരണം, മകന്‍റെ ഭാര്യയെ വിവാഹംകഴിച്ചുവെന്നുള്ള ജനസംസാരത്തെ ഭയന്നതായിരുന്നു. അല്ലാഹുവാകട്ടെ, ‘ജാഹിലിയ്യത്തി’ന്‍റെ ദത്തുപുത്രനിയമങ്ങളെ തീരെ എടുത്തുകളയുവാന്‍ ഉദ്ദേശിക്കുകയും ചെയ്തു. മുസ്‌ലിംകളില്‍ അതു കൂടുതല്‍ സ്വീകാര്യമായിത്തീരുവാന്‍വേണ്ടി, അവരുടെ നേതാവുമുഖാന്തരം തന്നെ അതു സംഭവിക്കുകയും ചെയ്തു.’ (راجه فتح البارى ج ٨ ص ٤٢٥).


(*). മറിച്ചു ചിലര്‍ പ്രസ്താവിക്കുന്നതുപോലെ, അവരെ വിവാഹംകഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹമല്ല എന്നു താല്‍പര്യം.


പോറ്റുപുത്രന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്‌താല്‍ പിന്നീടു ആ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനു ഇസ്ലാമില്‍ യാതൊരു വിരോധവുമില്ലെന്നു പ്രയോഗത്തില്‍ കാണിച്ചുകൊടുക്കലാണ്, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സൈനബ (رَضي اللَّه عنها) യെ വിവാഹം ചെയ്തുകൊടുത്തതിലുള്ള യുക്തിയെന്നു ഈ ആയത്തില്‍ അല്ലാഹു വ്യക്തമാക്കി. അടുത്ത ആയത്തില്‍ വീണ്ടും പറയുന്നതു നോക്കുക:

33:38

  • مَّا كَانَ عَلَى ٱلنَّبِىِّ مِنْ حَرَجٍ فِيمَا فَرَضَ ٱللَّهُ لَهُۥ ۖ سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۚ وَكَانَ أَمْرُ ٱللَّهِ قَدَرًا مَّقْدُورًا ﴾٣٨﴿
  • അല്ലാഹു നബിക്കു നിശ്ചയിച്ചു (നിയമിച്ചു) കൊടുത്തതില്‍, അദ്ദേഹത്തിന്‍റെമേല്‍ യാതൊരു വിഷമവും ഉണ്ടാകുവാനില്ല;- മുന്‍കഴിഞ്ഞുപോയിട്ടുള്ളവരില്‍ (നടപ്പാക്കപ്പെട്ടിരുന്ന) അല്ലാഹുവിന്‍റെ നടപടിക്രമം തന്നെ, അല്ലാഹുവിന്‍റെ കല്‍പ്പന വ്യവസ്ഥാപിതമായ ഒരു (ഖണ്ഡിത) വ്യവസ്ഥയാകുന്നു.
  • مَّا كَانَ ഉണ്ടായിട്ടില്ല, ഇല്ല, ഉണ്ടാകാനില്ല عَلَى النَّبِيِّ നബിയുടെമേല്‍ مِنْ حَرَجٍ ഒരു വിഷമവും, തെറ്റും فِيمَا فَرَضَ اللَّـهُ അല്ലാഹു നിയമിച്ചതില്‍, നിശ്ചയിച്ചതില്‍ لَهُ അദ്ദേഹത്തിനു سُنَّةَ اللَّـهِ അല്ലാഹുവിന്‍റെ നടപടി, ചട്ടം, മാര്‍ഗ്ഗം فِي الَّذِينَ خَلَوْا മുന്‍കഴിഞ്ഞുപോയവരില്‍ مِن قَبْلُ മുമ്പ് وَكَانَ ആകുന്നു, ആയിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്‍റെ കല്പന, കാര്യം قَدَرًا നിര്‍ണ്ണയം, വ്യവസ്ഥ مَّقْدُورًا നിര്‍ണ്ണയം ചെയ്യപ്പെട്ട, വ്യവസ്ഥ ചെയ്യപ്പെട്ട (ഖണ്ഡിതമായ)

33:39

  • ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخْشَوْنَهُۥ وَلَا يَخْشَوْنَ أَحَدًا إِلَّا ٱللَّهَ ۗ وَكَفَىٰ بِٱللَّهِ حَسِيبًا ﴾٣٩﴿
  • അതായതു: അല്ലാഹുവിന്‍റെ ദൗത്യങ്ങളെ എത്തിച്ചു [പ്രബോധനംചെയ്തു] കൊടുക്കുകയും, അവനെ പേടിക്കുകയും, അല്ലാഹുവിനെയല്ലാതെ ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവര്‍! [അവരില്‍ നടപ്പാക്കപ്പെട്ട നടപടി തന്നെ നബിയിലും നടപ്പാക്കിയിരിക്കയാണ്.]
    വിചാരണ നടത്തുവാനായി അല്ലാഹുതന്നെ മതി!,
  • الَّذِينَ يُبَلِّغُونَ എത്തിച്ചുകൊടുക്കുന്ന (പ്രബോധനം ചെയ്യുന്ന)വര്‍ رِسَالَاتِ اللَّـهِ അല്ലാഹുവിന്‍റെ ദൗത്യങ്ങളെ وَيَخْشَوْنَهُ അവനെ പേടിക്കുകയും ചെയ്യുന്നു وَلَا يَخْشَوْنَ പേടിക്കുന്നുമില്ല أَحَدًا ഒരാളെയും إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ وَكَفَىٰ മതി بِاللَّـهِ അല്ലാഹു(തന്നെ) حَسِيبًا വിചാരണക്കാരന്‍

സൈനബ (رضي الله عنها) യുടെ വിവാഹവിഷയത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചു യാതൊരു ആക്ഷേപവും ആരോപണവുമില്ല; അല്ലാഹു നിയമിച്ചുകൊടുത്തതു നടപ്പില്‍ വരുത്തുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു; ഇത്തരം കാര്യങ്ങളില്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍മാര്‍ മുഖേന ജനങ്ങള്‍ക്കു മാതൃക കാട്ടുകയെന്നതു അല്ലാഹുവിന്റെ മുമ്പേയുള്ള നടപടിയാണ്; അവന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതു അവരുടെ ചുമതലയാണ്; അതില്‍ അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും അവര്‍ ഭയപ്പെടുന്നതുമല്ല; അവിശ്വാസികളും വക്രബുദ്ധികളും എന്തു തന്നെ പറഞ്ഞാലും അതു വിലവെക്കേണ്ടതില്ല; അതിനെപ്പറ്റി വിചാരണ ചെയ്തു നടപടി എടുക്കുവാന്‍ അല്ലാഹു മാത്രംമതി; അതവന്‍ നടത്തിക്കൊള്ളും എന്നൊക്കെയാണ് അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ‘മുഹമ്മദ്‌ അവന്‍റെ മകന്‍റെ ഭാര്യയെ വിവാഹം കഴിച്ചു’ എന്നു ആക്ഷേപിക്കുന്നവരെ അല്ലാഹു ഒരു യാഥാര്‍ത്ഥ്യം – മൗലിക പ്രധാനമായ ഒരു സിദ്ധാന്തം – ഓര്‍മ്മിപ്പിക്കുന്നു:-

33:40

  • مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا ﴾٤٠﴿
  • മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല; എങ്കിലും, (അദ്ദേഹം) അല്ലാഹുവിന്‍റെ റസൂലും, നബിമാരില്‍ അവസാനത്തേവനുമാകുന്നു. അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാകുന്നു.
  • مَّا كَانَ അല്ല, ആയിട്ടില്ല مُحَمَّدٌ മുഹമ്മദു أَبَا أَحَدٍ ഒരാളുടെയും പിതാവു, ബാപ്പ مِّن رِّجَالِكُمْ നിങ്ങളുടെ പുരുഷന്‍മാരില്‍പെട്ട وَلَـٰكِن എങ്കിലും, പക്ഷേ رَّسُولَ اللَّـهِ അല്ലാഹുവിന്‍റെ റസൂലത്രെ وَخَاتَمَ النَّبِيِّينَ നബിമാരില്‍ അവസാനത്തവനും, അന്ത്യപ്രവാചകനും وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِكُلِّ شَيْءٍ എല്ലാ വസ്തുവെ (കാര്യത്തെ)പ്പറ്റിയും عَلِيمًا അറിയുന്നവന്‍

മുഹമ്മദ്‌ നിങ്ങളില്‍ ആരുടെയും പിതാവല്ല. എന്നിരിക്കെ, അദ്ദേഹം എങ്ങിനെയാണ് സൈദിന്‍റെ പിതാവാകുന്നതും, സൈദ്‌ അദ്ദേഹത്തിന്‍റെ പുത്രനാകുന്നതും?! അപ്പോള്‍ പുത്രന്‍ വിവാഹം കഴിച്ചവളെ പിതാവു വിവാഹം ചെയ്തുവെന്ന വാദം തികച്ചും നിരര്‍ത്ഥമാകുന്നു. യഥാര്‍ത്ഥ പുത്രനല്ലെങ്കിലും പോറ്റുപുത്രനായ സ്ഥിതിക്കു ഈ വിവാഹം ആക്ഷേപാര്‍ഹമാണെന്നാണ് വാദമെങ്കില്‍ അതിനും പ്രസക്തിയില്ല. കാരണം അദ്ദേഹം അല്ലാഹുവിന്‍റെ റസൂലാണ്. അവന്‍റെ നിയമവ്യവസ്ഥകള്‍ പ്രബോധനം ചെയ്‌വാനും, നടപ്പില്‍ വരുത്തി മാതൃക കാണിക്കുവാനും ബാദ്ധ്യസ്ഥനാണദ്ദേഹം. നിങ്ങളുടെ ഈ ദുഷിച്ച മാമൂല്‍ നടപടിക്കു അറുതി വരുത്തി അല്ലാഹുവിന്‍റെ നിയമം പ്രായോഗികരംഗത്ത് വരുത്തുകയാണ് അദ്ദേഹം ചെയ്തത്. എനി ഒരു നബിയോ, റസൂലോ വരുവാനുണ്ടായിരുന്നുവെങ്കില്‍, അവര്‍ മുഖാന്തരം ഇതു നടപ്പിലാക്കാമെന്നു വെക്കാമായിരുന്നു. പക്ഷേ, എനി ഒരു റസൂലോ നബിയോ വരുവാനുമില്ല. മുഹമ്മദ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്ത്യപ്രവാചകനാണ്. പ്രവാചകത്വശൃംഖല അദ്ദേഹത്തോടുകൂടി അവസാനിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഭൂത – വര്‍ത്തമാന – ഭാവി വ്യത്യാസമില്ലാതെ, സകല കാര്യങ്ങളും അറിയുന്ന സര്‍വ്വജ്ഞനാണല്ലോ അല്ലാഹു. അതുകൊണ്ട് അവന്‍റെ ആജ്ഞാനിര്‍ദ്ദേശങ്ങളെക്കുറിച്ച് ചോദ്യം ചെയ്‌വാന്‍ അല്‍പജ്ഞനായ മനുഷ്യന്‍ ഒട്ടും അര്‍ഹതയില്ല. അല്ലാഹുവിന്‍റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ അപ്പടി ചോദ്യംചെയ്യാതെ അനുസരിക്കുവാനേ അവനു അവകാശമുള്ളു. അതു അവന്‍റെ കടമയാകുന്നു. ഇതാണ് ഈ ആയത്തിലടങ്ങിയ ആശയങ്ങളുടെ രത്നച്ചുരുക്കം.

‘നുബുവ്വത്ത്’ (പ്രവാചകത്വം) സിദ്ധിച്ചവരെല്ലാം റസൂലായിക്കൊള്ളണമെന്നില്ല. ‘രിസാലത്താ’കുന്ന ദിവ്യ ദൗത്യം കൂടി ലഭിച്ചവര്‍ക്കാണ് റസൂല്‍ എന്ന് പറയുന്നത്. അപ്പോള്‍ മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നബിമാരില്‍ അവസാനത്തെ ആളാണ്‌ എന്നു പറയുമ്പോള്‍, അവിടുത്തേക്കു ശേഷം നബിയുമില്ല, റസൂലുമില്ല എന്നു വ്യക്തമാണ്.

(‘ഖാത്തമുന്നബിയ്യീന്‍’) എന്നും, (‘ഖാത്തിമുന്നബിയ്യീന്‍’) എന്നും ഇവിടെ വായനയുണ്ട്. ഖുര്‍ആന്‍ വായനക്കാരായ പണ്ഡിതനേതാക്കളില്‍ മിക്കവരും, ‘ഖാതിം’ എന്നാണ് വായിച്ചിട്ടുള്ളത്. രണ്ടായാലും ‘നബിമാരില്‍ അവസാനത്തേവന്‍’ – അഥവാ അന്ത്യപ്രവാചകന്‍ – എന്നുതന്നെയാണ് അതിന്‍റെ അര്‍ത്ഥം. ഇതിന്‍റെ ക്രിയാരൂപമായ ‘ഖത്തമ’ എന്ന വാക്കു ‘അവസാനിപ്പിച്ചു’ എന്നും ‘മുദ്രവെച്ചു’ – അഥവാ ‘സീല്‍വെച്ചു’ എന്നുമുള്ള അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഇതനുസരിച്ചു ‘ഖാത്തമ്’ എന്ന പദത്തിന്നു; ‘മുദ്ര’ – അഥവാ ‘സീല്‍’ എന്നും അര്‍ത്ഥം വരും. ‘ഖാത്തമുന്നബിയ്യീന്‍’ എന്ന വാക്കിനു ‘നബിമാരുടെ മുദ്ര’ എന്നു വിവര്‍ത്തനം ചെയ്യാമെങ്കില്‍തന്നെ, അതിന്‍റെ വിവക്ഷ ‘നബിമാരില്‍ അവസാനത്തെ ആള്‍’ എന്നു മാത്രമാകുന്നു. ഏതെങ്കിലും ഒന്നില്‍ സീല്‍വെച്ചു എന്നു പറഞ്ഞാല്‍ അതില്‍ എനി ഒന്നും ഏറ്റുവാനോ, കുറക്കുവാനോ നിവൃത്തിയില്ലാതാക്കി എന്നാണ് ഉദ്ദേശ്യം.

خَاتَم എന്ന പദത്തിന്‍റെ ‘സീല്‍ – അല്ലെങ്കില്‍ – മുദ്ര’ എന്ന അര്‍ത്ഥത്തെ ചൂഷണം ചെയ്തും, ദുര്‍വ്യാഖ്യാനം ചെയ്തും വരുന്ന ഒരു കക്ഷി അടുത്ത കാലത്തു നമ്മുടെ നാടുകളില്‍ ഉണ്ടായിട്ടുണ്ട്. ‘ഖാദിയാനികള്‍’ എന്നപേരില്‍ അറിയപ്പെടുന്ന ‘അഹമ്മദിയ്യാ’ സമുദായക്കാരാണിത്. മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അന്ത്യപ്രവാചകനാണെന്നു സമ്മതിച്ചാല്‍, അവരുടെ നേതാവും നബിത്വവാദിയുമായ മീര്‍സാഗുലാം അഹ്മദ്ഖാദിയാനിക്കു നബിത്വം കല്പിക്കുവാന്‍ നിര്‍വ്വാഹമില്ലല്ലോ ഇതാണിതിനു കാരണം. ആകയാല്‍, خَاتَمَ النَّبِيِّينَ എന്ന വാക്കിനു ‘നബിമാരുടെ സീല്‍’ എന്നു വാക്കര്‍ത്ഥം കൊടുക്കുകയും, നബിമാരില്‍വെച്ച് ശ്രേഷ്ഠന്‍ എന്നു അതിനു വിവക്ഷ നല്‍കുകയുമാണ് ഇവരുടെ പതിവ്. ഖുര്‍ആനില്‍ നിന്നോ, ഹദീസില്‍ നിന്നോ, പ്രധാന അറബി നിഘണ്ടുക്കളില്‍നിന്നോ ഇവര്‍ക്കു തെളിവുകള്‍ ഉദ്ധരിക്കാനില്ല. എല്ലാം നേരെ മറിച്ചാണുള്ളത്. അതുകൊണ്ട് ഏതെങ്കിലും അറബിഗ്രന്ഥങ്ങളിലോ മറ്റോ തങ്ങളുടെ വാദത്തിനു അനുകൂലമാക്കി ചിത്രീകരിക്കുവാന്‍ സാധിച്ചേക്കുന്ന വല്ല പ്രയോഗങ്ങളും കണ്ടാല്‍, അവര്‍ അതു പൊക്കിക്കാട്ടുന്നത് കാണാം. സ്ഥലദൈര്‍ഘ്യത്തെ ഓര്‍ത്തു ഇവിടെ കൂടുതല്‍ വിസ്തരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെശേഷം ഒരു നബിയോ റസൂലോ വരാമെന്നുള്ള വാദം ഇസ്ലാമിന്‍റെ മൗലിക സിദ്ധാന്തത്തിനു കടകവിരുദ്ധമായതും, മുസ്‌ലിം സമുദായത്തിന്‍റെ ഏകകണ്ഠമായ അഭിപ്രായത്തിനും തീരുമാനത്തിനും എതിരായതും ആണെന്നു പരക്കെ അറിയപ്പെട്ടതാണല്ലോ. എങ്കിലും സാധാരണക്കാരുടെ ഓര്‍മ്മക്കുവേണ്ടി ഈ വ്യാജവാദത്തിന്‍റെ പൊള്ളത്തരം വ്യക്തമാക്കുന്ന അല്പം ചില സംഗതികള്‍ മാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം:-

1) മനുഷ്യന്‍ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലാത്തതുകൊണ്ടു ആദ്യകാലങ്ങളില്‍ അല്ലാഹുവിന്‍റെ ഏകമതമായ ഇസ്ലാം അതിന്‍റെ പരിപൂര്‍ണ്ണമായ രൂപത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് മുമ്പ് അവതരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറിയപ്പെട്ടിടത്തോളം, ശരീഅത്തും (ഇസ്ലാമിക നിയമസംഹിതയും) വേദഗ്രന്ഥവുമാണെന്നനിലക്കു മനുഷ്യസമുദായത്തില്‍ അല്ലാഹുവിനാല്‍ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം തൗറാത്താകുന്നു. അതാകട്ടെ, ഇസ്രാഈല്‍ സമുദായത്തിലേക്കു റസൂലായി നിയോഗിക്കപ്പെട്ട മൂസാ (عليه الصلاة والسلام) നബിയുടെ കൈക്ക് അവര്‍ക്കുവേണ്ടി അവതരിപ്പിക്കപ്പെട്ടതായിരുന്നു. മുഹമ്മദ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി മനുഷ്യലോകത്തിനാകമാനമുള്ള ദൈവദൂതനാകകൊണ്ടും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നിയോഗമായപ്പോഴേക്കും മനുഷ്യസമുദായത്തിന്‍റെ ബുദ്ധിപരമായ വളര്‍ച്ച പൂര്‍ണ്ണദശ പ്രാപിച്ചതുകൊണ്ടും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥം – ഖുര്‍ആന്‍ – ഇസ്ലാമിന്‍റെ പരിപൂര്‍ണ്ണവും സര്‍വ്വജനീനവുമായ വേദഗ്രന്ഥമായിത്തീര്‍ന്നു. ആ ഗ്രന്ഥം യാതൊരു മാറ്റത്തിരുത്തവും കൂടാതെ ലോകാവസാനം വരെ നിലനില്‍ക്കുന്നതാണെന്നു അല്ലാഹു ഉറപ്പു നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, എനി ഒരു പ്രവാചകന്‍റെയോ റസൂലിന്‍റെയോ വരവിനാകട്ടെ, വേദഗ്രന്ഥത്തിന്‍റെ അവതരണത്തിനാകട്ടെ ആവശ്യമില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ വിയോഗത്തിനു അല്പം മുമ്പ് മനുഷ്യസമുദായത്തോടാകമാനം യാത്ര പറഞ്ഞ ഒരു മഹാ സമ്മേളനമാണല്ലോ ‘ഹജ്ജത്തുല്‍ വിദാഉ’ (حجة الوداع). ഈ സമ്മേളനത്തില്‍വെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അവതരിച്ച ഖുര്‍ആന്‍ വചനം ഈ പരമാര്‍ത്ഥം സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا – سورة المائدة : ٤

(ഇന്ന് നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തരുകയും, എന്‍റെ അനുഗ്രഹം നിങ്ങളില്‍ പരിപൂര്‍ണ്ണമാക്കുകയും, നിങ്ങള്‍ക്ക് ഇസ്‌ലാമിനെ മതമായി ഞാന്‍ തൃപ്തിപ്പെട്ടുതരുകയും ചെയ്തിരിക്കുന്നു. (മാഇദ : 4)). വിശുദ്ധ ഖുര്‍ആന്‍റെ സംരക്ഷണത്തെക്കുറിച്ച് അല്ലാഹു പറയുന്നതു നോക്കുക:

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ – سورة الحجر: ٩

നാം തന്നെയാണു പ്രമാണത്തെ -ഖുര്‍ആനെ- അവതരിപ്പിച്ചിരിക്കുന്നത്. നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നവരുമാകുന്നു. (ഹിജ്ര്‍ : 9).

2) ആദ്യകാലത്തു മനുഷ്യന്‍ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലെന്നപോലെത്തന്നെ വാര്‍ത്താവിതരണം, ഗതാഗതസൗകര്യം, അന്യോന്യ സമ്പര്‍ക്കം ആദിയായ നാഗരീക തുറകളിലും മുന്‍സമുദായങ്ങള്‍ വളരെയേറെ പിന്നിലായിരുന്നു. അതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കുമുമ്പ് ഭൂലോകത്തു നിയുക്തരായ എല്ലാ നബിമാരും ചില പ്രത്യേക സമുദായങ്ങളിലേക്കുമാത്രം നിയുക്തരായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയാകട്ടെ, കാലദേശവ്യത്യാസമില്ലാതെ, ലോകാവസാനംവരേക്കുമുള്ള എല്ലാ ജനങ്ങള്‍ക്കും വേണ്ടി നിയുക്തരായ റസൂലും അദ്ദേഹം കൊണ്ടു വന്ന ദൈവിക നിയമസംഹിത സകല ജനങ്ങള്‍ക്കും ബാധകമായതുമാകുന്നു. ഇക്കാരണത്താലും എനി ഒരു പ്രാവചകന്‍റെയോ വേദഗ്രന്ഥത്തിന്‍റെയോ ആവശ്യം ലോകത്തിനു അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു:

١): قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا – سورة الأعراف : ١٥٨
٢): وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ – سورة سبإ :٢٨

1. പറയുക: ഹേ, മനുഷ്യരെ! ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമുള്ള അല്ലാഹുവിന്‍റെ റസൂലാകുന്നു. (അഅ്റാഫ് : 158).

2. മനുഷ്യര്‍ക്ക് ആകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനും ആയിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല. (സബഉ: 28). ജാബിര്‍ (رضي الله عنه) നിവേദനം ചെയ്തതും, ബുഖാരീ (رحمه الله) യും മുസ്‌ലിമും (رحمه الله) ഉദ്ധരിച്ചതുമായ ഒരു നബിവചനവും ഈ വസ്തുത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതര നബിമാര്‍ക്ക് സിദ്ധിച്ചിട്ടില്ലാത്ത അഞ്ചു പ്രത്യേകതകള്‍ വിവരിക്കുന്ന കൂട്ടത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:

وكانَ النبيُّ يُبْعَثُ إلى قَوْمِهِ خَاصَّةً وبُعِثْتُ إلى النَّاسِ عَامَّةً

(ഒരു നബി അദ്ദേഹത്തിന്‍റെ ജനതയിലേക്കു മാത്രമായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്. ഞാന്‍ മനുഷ്യരിലേക്കു പൊതുവായി നിയോഗിക്കപ്പെട്ടിരിക്കുന്നു.).

3. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ നിയോഗം ജനസമുദായത്തിനു ആകമാനമാണെന്നതും, വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിന്‍റെ പരിപൂര്‍ണ്ണ നിയമസംഹിതയാണെന്നതും ശരിതന്നെ, എന്നാലും ഇടക്കാലത്തു സമുദായത്തെ ഉദ്ധരിക്കുവാന്‍ നബിമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതു ആവശ്യമല്ലേ? എന്നാണ് പുത്തന്‍ നബിത്വവാദികളുടെ ഒരു ന്യായം. കേവലം സാധാരണക്കാരായ പൊതുജനങ്ങള്‍ ഈ ന്യായം ശരിയാണെന്നു കരുതുകയും ചെയ്തേക്കും. എന്നാല്‍, പ്രത്യേക വേദഗ്രന്ഥമോ നിയമസംഹിതയോ ഇല്ലാത്ത നബിമാരുടെ ചുമതല തങ്ങള്‍ക്കുമുമ്പ് നിലവിലുള്ള ദൈവിക നിര്‍ദ്ദേശങ്ങള്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കുക എന്നുള്ളതാണ് അവര്‍ക്കു അല്ലാഹുവിങ്കല്‍നിന്നും പ്രവാചകത്വത്തിന്‍റെ സ്ഥാനപദവി ലഭിച്ചിരിക്കുമെന്നുമാത്രം. ഖുര്‍ആന്‍റെ അനുയായികളാകട്ടെ, പ്രവാചകത്വപദവി ഇല്ലാതെത്തന്നെ ഈ കൃത്യം ലോകാവസാനംവരെ നിലനിറുത്തിപ്പോരുവാന്‍ ബാദ്ധ്യസ്ഥരാകുന്നു. ആ നിലക്കും ഒരു പ്രവാചകന്‍റെ ആവശ്യം എനി അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു:

١) : وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ : سورة آل عمران : ١٠٤
٢): وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ : سورة التوبة : ٧١

1. നന്‍മയിലേക്കു ക്ഷണിക്കുകയും, സല്‍ക്കാര്യംകൊണ്ടു കല്പിക്കുകയും, നിഷിദ്ധകാര്യത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കട്ടെ. (ആലുഇംറാന്‍ : 104).
2. സത്യവിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും ചിലര്‍ ചിലരുടെ – അന്യോന്യം – കാര്യകര്‍ത്താക്കളാകുന്നു. അവര്‍ സല്‍ക്കാര്യംകൊണ്ടു കല്‍പിക്കുകയും, നിഷിദ്ധമായതിനെ വിരോധിക്കുകയും ചെയ്യുന്നു. (തൌബ : 71).

വിമതസ്ഥര്‍ക്കു മതപ്രബോധനം ചെയ്യുന്നതും, അന്യോന്യം ഉപദേശിക്കുന്നതും മുസ്ലിംകളുടെ കടമയും കര്‍ത്തവ്യവുമാണെന്നു കാണിക്കുന്ന നിരവധി ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും ഉണ്ടെന്നു പറയേണ്ടതില്ല. പണ്ഡിതന്‍മാരിലാണ് ഈ ചുമതല പ്രധാനമായും നിലകൊള്ളുന്നത്. അതുകൊണ്ടാണ് ഒരു ഹദീസില്‍

….وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ (പണ്ഡിതന്‍മാര്‍ നബിമാരുടെ അനന്തരാവകാശികളാണ്) എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതും. (അബൂദാവൂദ്; തിര്‍മദി).

4) ലോകത്തു എന്തു മാറ്റങ്ങള്‍ തന്നെ സംഭവിച്ചാലും, ഖുര്‍ആന്‍ അതിന്‍റെ സാക്ഷാല്‍ രൂപത്തിനു ഭംഗം വരാതെ കാത്തുസൂക്ഷിക്കുമെന്നു അല്ലാഹു പറഞ്ഞുവല്ലോ. മനുഷ്യസമുദായം എത്ര ദുഷിച്ചാലും അവരില്‍ അല്പം ചിലരെങ്കിലും സത്യത്തില്‍ നിലക്കൊള്ളുന്നവരായും, ഇസ്ലാമിന്‍റെ സിദ്ധാന്തങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നവരായും ലോകാവസാനംവരെ അവശേഷിക്കാതിരിക്കുകയില്ലെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. മാത്രമല്ല, ഇതൊരു യാഥാര്‍ത്ഥ്യം തന്നെയാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രവചനം ചെയ്തിട്ടുമുണ്ട്. അവിടുന്ന് പറയുന്നു:-

لاَ يَزَالُ مِنْ أُمَّتِي أُمَّةٌ قَائِمَةٌ بِأَمْرِ اللَّهِ، لاَ يَضُرُّهُمْ مَنْ خَذَلَهُمْ وَلاَ مَنْ خَالَفَهُمْ حَتَّى يَأْتِيَهُمْ أَمْرُ اللَّهِ وَهُمْ عَلَى ذَلِكَ – متفق عليه

(എന്‍റെ സമുദായത്തില്‍, അല്ലാഹുവിന്‍റെ കല്‍പന അനുസരിച്ച് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ടായിക്കൊണ്ടേയിരിക്കും. അവരെ കൈവെടിയുന്നവരാകട്ടെ, അവരോടു ഭിന്നിച്ചു നില്‍ക്കുന്നവരാകട്ടെ – ആരും തന്നെ – അവര്‍ക്കു ഉപദ്രവം വരുത്തുകയില്ല. അങ്ങിനെ, അവര്‍ അതേ നിലയിലിരിക്കെ അല്ലാഹുവിന്‍റെ കല്‍പന (ലോകാവസാനം) വന്നെത്തും. (ബു; മു).

5) മേല്‍പറഞ്ഞതെല്ലാം ശരി, എന്നാലും ഒരു പ്രവാചകന്‍ എന്തുകൊണ്ടു വന്നുകൂടാ? എന്നാണ് എനി ചോദിക്കുവാനുള്ളത്. ഇതിനു ഏറ്റവും വ്യക്തവും, പ്രധാനവുമായ മറുപടി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നബിമാരില്‍ അവസാനത്തെ ആളാണെന്നു പ്രഖ്യാപിക്കുന്ന നമ്മുടെ ആയത്തുതന്നെയാണ്. പക്ഷേ, മേല്‍ സൂചിപ്പിച്ച പ്രകാരം, അതിന്‍റെ അര്‍ത്ഥവിവക്ഷയെ സംബന്ധിച്ചിടത്തോളം പുതിയ കൃത്രിമ നബിമാരുടെ അനുയായികള്‍ പല ദുര്‍വ്യാഖ്യാനങ്ങളും നടത്തിയിരിക്കയാണല്ലോ. ആ സ്ഥിതിക്കു ഇവരുടെ ദുര്‍വ്യാഖ്യാനങ്ങള്‍ തികച്ചും നിരര്‍ത്ഥമാണെന്നു കാണിക്കുന്ന ചില സംഗതികള്‍ കൂടി ഇവിടെ ഓര്‍മ്മിക്കുന്നതു നന്നായിരിക്കും.

1-ആമതായി ഈ ആയത്തിലെ خَاتَمَ النَّبِيِّينَ എന്ന വാക്കിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നല്‍കുന്ന അര്‍ത്ഥം എന്താണെന്നു നോക്കാം. തിരുമേനിയാണല്ലോ ഖുര്‍ആന്‍ ജനങ്ങള്‍ക്കു പ്രബോധനം ചെയ്തതും, വിവരിച്ചുതന്നതും. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വ്യാഖ്യാനത്തിനാണ് ഏതു നിലക്കും മുന്‍ഗണന നല്‍കേണ്ടത്. 2-ആമതായി പ്രധാന അറബിനിഘണ്ടുക്കളും പണ്ഡിതന്‍മാരും അതിനു നല്‍കിയ അര്‍ത്ഥം എന്താണെന്നും, 3-ആമതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തും, അതിനുശേഷവും പുതിയ നബിത്വവാദത്തെക്കുറിച്ചു സ്വീകരിക്കപ്പെട്ടിരുന്ന നിലപാട് എന്താണെന്നും പരിശോധിച്ചുനോക്കാം. ഈ വിഷയകമായി പ്രധാന ഹദീസുഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഹദീസുകള്‍ ഏതാനും ഉദ്ധരിക്കുന്ന പക്ഷം അതു വളരെയധികം ദീര്‍ഘിച്ചു പോകും. പല സഹാബികള്‍ വഴിയായും, പല വാചകങ്ങളിലായും വന്നിട്ടുള്ള പ്രസിദ്ധമായ നിരവധി ഹദീസുകളില്‍ രണ്ടെണ്ണം മാത്രം ഉദാഹരണത്തിനു ഇവിടെ ചൂണ്ടിക്കാട്ടുന്നു:

1). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ജാബിര്‍ (رضي الله عنه) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്‍റെ ചുരുക്കം ഇതാണ്. ‘എന്‍റെയും മറ്റു നബിമാരുടെയും ഉപമ, ഒരു പുരുഷന്‍റേതുപോലെയാണ്; അയാള്‍ ഒരു വീടു നിര്‍മ്മിച്ചു. ഒരു ഇഷ്ടികക്കല്ലിന്‍റെ സ്ഥാനം ഒഴിച്ചു മറ്റെല്ലാം അയാള്‍ പൂര്‍ത്തിയാക്കുകയും ഭംഗിയാക്കി നിര്‍മ്മിക്കുകയും ചെയ്തു. ആകയാല്‍, അതില്‍ പ്രവേശിച്ച് അതു നോക്കുന്നവരെല്ലാവരും പറയുകയായി: ‘ഈ ഒരു കല്ലിന്‍റെ സ്ഥാനം ഒഴിച്ചു മറ്റുള്ളതെല്ലാം എന്തൊരു ഭംഗി?!’ എന്നാല്‍, ഈ കല്ലിന്‍റെ സ്ഥാനം ഞാനാകുന്നു. പ്രവാചകന്‍മാര്‍ എന്നെകൊണ്ടു അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു. (فأنا موضع اللبنة ختم بي الأنبياء). ഈ ഹദീസ് ഇമാം ബുഖാരി, മുസ്‌ലിം (رحمهما الله) തുടങ്ങിയ പല മഹാന്‍മാരും ഉദ്ധരിച്ചതാകുന്നു. ഇവിടെയും ഇതുപോലുള്ള മറ്റു സ്ഥലങ്ങളിലും خَتَم എന്ന ക്രിയക്കു ‘സീല്‍ വെക്കപ്പെട്ടു’ എന്നു വിവര്‍ത്തനം ചെയ്താല്‍പോലും, ‘അവസാനിപ്പിക്കപ്പെട്ടു’വെന്നല്ലാതെ അതിനു വിവക്ഷ നല്‍കുവാന്‍ സാധ്യമാവുകയില്ല. ‘എന്നെക്കൊണ്ടു നബിമാര്‍ക്ക് ശ്രേഷ്ഠത നല്കപ്പെട്ടുവെന്നാണ്’ ഇതിന്‍റെ അര്‍ത്ഥമെന്നു അറബി അറിയാവുന്ന ഒരു ‘അഹ്മദി’ക്കു പോലും പറയുവാന്‍ പറ്റുകയില്ല.

2) അലിയ്യ് (رضي الله عنه) നോടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി: എന്നെ സംബന്ധിച്ചിടത്തോളം നീ, മൂസാനബിയെ സംബന്ധിച്ച് ഹാറൂന്‍റെ പദവിയിലാകുന്നു. പക്ഷേ, എന്‍റെശേഷം ഒരു നബിയും ഇല്ല’. (إلا أنه لا نبي بعدي) ഈ ഹദീസും ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചതാണ്.

അറബിഭാഷാ നിഘണ്ടുക്കളില്‍ പ്രസിദ്ധവും പ്രധാനവുമായ എല്ലാ നിഘണ്ടുക്കളിലും കാണാവുന്ന ചില വാക്കുകളാണ് ഇവ:

(1) خاتَمُ القَوْم آخرُهم

(2) خِتامُ القَوْم وخاتِمُهُم وخاتَمُهُم: آخرُهم

(3)  ختم الشيء : بلغ آخره

അതായതു: 1). ജനങ്ങളുടെ ‘ഖാത്തം’ എന്നു പറഞ്ഞാല്‍ അവരില്‍ അവസാനത്തെ ആള്‍ എന്നാകുന്നു. 2). ജനങ്ങളുടെ ‘ഖിത്താമും’, ‘ഖാത്തമും’ ഖാത്തിമും’ എല്ലാംതന്നെ അവരില്‍ അവസാനത്തേവനാകുന്നു. 3). ഒരു കാര്യം ‘ഖത്ത്മുചെയ്തു’ എന്നു പറഞ്ഞാല്‍ അതിന്‍റെ അന്ത്യത്തിങ്കലെത്തി എന്നര്‍ത്ഥം. കൂടുതല്‍ ഉദാഹരണങ്ങള്‍ ഉദ്ധരിക്കേണ്ടതില്ല.

മുഹമ്മദ്‌ മുസ്തഫാ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കുശേഷം ഒരു പുതിയ നബി വരികയില്ലെന്നും, വിശുദ്ധ ഖുര്‍ആനും നബിവാക്യങ്ങളും അക്കാര്യം തുറന്നു പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതില്‍ ഇസ്‌ലാമികവൃത്തത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കും പക്ഷാന്തരമില്ല. ഇതു ഇസ്‌ലാമിലെ ഒരു മൗലികസിദ്ധാന്തമായി മുസ്‌ലിംകള്‍ അംഗീകരിക്കുകയും, ഇതിനെതിരായ വിശ്വാസം അനിസ്‌ലാമികവും, ഇതിനെതിരായ വാദം ഇസ്‌ലാമില്‍നിന്നുള്ള വ്യതിയാനവുമായി അവര്‍ കണക്കാക്കുകയും ചെയ്യുന്നു. സഹാബികളുടെ കാലത്തും, അവരുടെ കാലശേഷവും മാത്രമല്ല, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തും, ചില പ്രവാചകത്വവാദികള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ വാദത്തെക്കുറിച്ചു പരിശോധിക്കുകയോ, തെളിവുകള്‍ അന്വേഷിക്കുകയോ ചെയ്‌വാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോ ഉത്തരവാദപ്പെട്ട മുസ്‌ലിംഭരണകര്‍ത്താക്കളില്‍ ആരെങ്കിലുമോ മുതിര്‍ന്നിട്ടില്ല. നേരെമറിച്ച് ഇസ്‌ലാമിക ഭരണകൂടം അവര്‍ കള്ളവാദികളാണെന്നു വിധിക്കുകയും, യുദ്ധമോ വധമോ നടത്തുകയുമാണുണ്ടായിട്ടുള്ളത്. ഇസ്‌ലാംചരിത്രം വായിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണിത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ശേഷം ഒരാള്‍ ‘താന്‍ പ്രവാചകനാണെന്നു വാദിക്കുമ്പോള്‍ അതിനു തെളിവുണ്ടോ എന്നു പരിശോധിക്കുന്നതുപോലും സത്യവിശ്വാസത്തില്‍നിന്നുള്ള വ്യതിയാനമായിട്ടാണു ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രവാചകസമാപ്തി (ختم النبوة) യെക്കുറിച്ചു പല പണ്ഡിതന്‍മാരും പ്രത്യേകം ഗ്രന്ഥങ്ങള്‍തന്നെ രചിച്ചിരിക്കുന്നു. കൂടുതല്‍ വിവരം അത്തരം ഗ്രന്ഥങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്.

ചുരുക്കത്തില്‍, മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുശേഷം അല്ലാഹുവില്‍നിന്നു വഹ്-യ് ലഭിക്കുകയും പ്രവാചകത്വസ്ഥാനം ലഭിക്കുകയും ചെയ്യുന്ന ഒരു പ്രവാചകനും ഈ ലോകത്തു എനി വരുവാനില്ല. ഉണ്ടെന്നു എപ്പോഴെങ്കിലും ആരെങ്കിലും വാദിക്കുന്നപക്ഷം അവര്‍ക്കു സിദ്ധിക്കുന്ന വഹ്-യും, പ്രവാചകത്വവും, സഹായവും എല്ലാംതന്നെ പിശാചില്‍ നിന്നുള്ളതായിരിക്കും.

هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ الشَّيَاطِينُ . تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ – سورة الشعراء : ٢٢١،٢٢٢

(നിങ്ങള്‍ക്കു ഞാന്‍ വര്‍ത്തമാനം അറിയിച്ചുതരട്ടെയോ, ആരുടെമേലിലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്നു? മഹാ വ്യാജകാനും, ദുഷ്ടനുമായ എല്ലാവരുടെയും മേലത്രെ അവര്‍ ഇറങ്ങുന്നത്. (സൂ: ശുഅറാഉ് : 221, 222). അതുകൊണ്ട് പുതിയൊരു നബിത്വവാദം ഉന്നയിക്കുന്നവരോടു നമുക്കു പറയാം: لَكُمْ دِينُكُمْ وَلِيَ دِينِ (നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്കു എന്‍റെ മതം).

വിഭാഗം – 6

33:41

  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ ٱللَّهَ ذِكْرًا كَثِيرًا ﴾٤١﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍, ധാരാളം സ്മരണ.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ اذْكُرُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍, ഓര്‍മ്മിക്കുവിന്‍ ذِكْرًا كَثِيرًا ധാരാളമായ സ്മരണ, അധികമായ ഓര്‍മ്മ

33:42

  • وَسَبِّحُوهُ بُكْرَةً وَأَصِيلًا ﴾٤٢﴿
  • കാലത്തും, വൈകുന്നേരവും അവനു് ‘തസ്ബീഹു’ [പരിശുദ്ധിയെ കീര്‍ത്തനം] ചെയ്യുകയും ചെയ്യുവിന്‍.
  • وَسَبِّحُوهُ നിങ്ങള്‍ അവനു തസ്ബീഹു (പരിശുദ്ധിയുടെ കീര്‍ത്തനം) ചെയ്യുകയും വേണം بُكْرَةً രാവിലെ وَأَصِيلًا വൈകുന്നേരവും

സ്മരിക്കുക, ഓര്‍മ്മിക്കുക, പറയുക, കീര്‍ത്തനം ചെയ്യുക, പ്രഖ്യാപിക്കുക എന്നിങ്ങിനെ അര്‍ത്ഥങ്ങള്‍ വരാവുന്ന വാക്കാണ് ذِكْر (ദിക്ര്‍) മനസാ, വാചാ, കര്‍മ്മണാ അല്ലാഹുവിനെക്കുറിച്ചുള്ള ബോധമാണ് സാക്ഷാല്‍ ദിക്ര്‍. ഹംദു, തസ്ബീഹ്, ദുആ, നമസ്കാരം, തക്ബീര്‍, തഹ്ലീല്‍, ധ്യാനം മുതലായവമൂലമാണതു പ്രകടിപ്പിക്കുക. അതുകൊണ്ടു സാധാരണമായി ദിക്ര്‍ എന്നു പറയുന്നതു ഇവയെക്കുറിച്ചാണ്. ദിക്റിന്‍റെ കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് തസ്ബീഹും, നമസ്കാരവും. (സൂ: റൂം : 18ന്‍റെയും സൂ: അങ്കബൂത്ത് 45ന്‍റെയും വിവരണത്തില്‍ വായിച്ചതു ഇവിടെയും ഓര്‍ക്കുക). അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, അവന്‍റെ സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതിന്നുള്ള ഒരു കാരണമെന്നോണം അല്ലാഹു പറയുന്നു:-

33:43

  • هُوَ ٱلَّذِى يُصَلِّى عَلَيْكُمْ وَمَلَٰٓئِكَتُهُۥ لِيُخْرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَكَانَ بِٱلْمُؤْمِنِينَ رَحِيمًا ﴾٤٣﴿
  • നിങ്ങളുടെ മേല്‍ അനുഗ്രഹം നേരുന്നവനത്രെ അവന്‍ [അല്ലാഹു]; അവന്‍റെ മലക്കുകളും തന്നെ (അനുഗ്രഹം നേരുന്നു); – നിങ്ങളെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്കു വരുത്തുവാന്‍ വേണ്ടി. അവന്‍ സത്യവിശ്വാസികളില്‍ വളരെ കരുണയുള്ളവനാണ് താനും.
  • هُوَ അവന്‍ الَّذِي يُصَلِّي സ്വലാത്തു (അനുഗ്രഹം) നേരുന്നവനാണ് عَلَيْكُمْ നിങ്ങളുടെമേല്‍ وَمَلَائِكَتُهُ അവന്‍റെ മലക്കുകളും لِيُخْرِجَكُم നിങ്ങളെ അവന്‍ പുറത്തു കൊണ്ടുവരുവാന്‍വേണ്ടി مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു وَكَانَ അവന്‍ ആകുന്നു بِالْمُؤْمِنِينَ സത്യവിശ്വാസികളില്‍ رَحِيمًا വളരെ കരുണയുള്ളവന്‍

33:44

  • تَحِيَّتُهُمْ يَوْمَ يَلْقَوْنَهُۥ سَلَٰمٌ ۚ وَأَعَدَّ لَهُمْ أَجْرًا كَرِيمًا ﴾٤٤﴿
  • അവര്‍ അവനെ കാണുന്ന ദിവസം അവര്‍ക്കുള്ള ഉപചാരം, ‘സലാം’ എന്ന് (സമാധാനസന്ദേശം) ആയിരിക്കും. അവര്‍ക്കു മാന്യമായ പ്രതിഫലം അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
  • تَحِيَّتُهُمْ അവരുടെ ഉപചാരം, അഭിവാദ്യം يَوْمَ يَلْقَوْنَهُ അവരവനെ കാണുന്ന ദിവസം سَلَامٌ സലാമാണ് وَأَعَدَّ لَهُمْ അവര്‍ക്കു അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു أَجْرًا كَرِيمًا മാന്യമായ പ്രതിഫലം

يُصَلِّي എന്ന വാക്കിന്നാണ് അനുഗ്രഹം നേരുക എന്നു അര്‍ത്ഥം കല്‍പിച്ചത്‌. صلوة (സ്വലാത്ത്) എന്ന ധാതുവില്‍നിന്നുള്ള ക്രിയാരൂപമത്രെ അത്. ‘പ്രാര്‍ത്ഥന, അനുഗ്രഹം, കാരുണ്യം’ എന്നൊക്കെയാണതിന്‍റെ അര്‍ത്ഥം. അല്ലാഹു സത്യവിശ്വാസികള്‍ക്കു അനുഗ്രഹവും കാരുണ്യവും നല്‍കുന്നു. മലക്കുകള്‍ക്കുമിടയില്‍ അവരുടെ ഗുണഗണങ്ങളെ പുകഴ്ത്തുകയും ചെയ്യുന്നു. ‘അല്ലാഹു അനുഗ്രഹം നേരുന്നു’ (‘സ്വലാത്ത് ചെയ്യുന്നു’) എന്നു പറഞ്ഞതിന്‍റെ സാരം ഇതാണ്. മലക്കുകള്‍ സത്യവിശ്വാസികള്‍ക്കു ഗുണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കു പാപമോചനം തേടുകയും ചെയ്യുന്നതായി സൂറത്തുല്‍ മുഅ്മിന്‍ (ഗാഫിര്‍) 7,8,9 വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. മലക്കുകള്‍ അനുഗ്രഹം നേരുന്നതിന്‍റെ ഉദ്ദേശ്യം ഇതത്രെ. അങ്ങനെ, അസത്യം, ദുര്‍മ്മാര്‍ഗ്ഗം, അജ്ഞത, ദുര്‍ഭാഗ്യം ആദിയായ അന്ധകാരങ്ങളില്‍നിന്ന് സത്യവിശ്വാസികള്‍ക്കു വിമുക്തി ലഭിക്കുവാനും, സന്‍മാര്‍ഗ്ഗത്തിന്‍റെയും സല്‍ഭാഗ്യത്തിന്‍റെയും വെളിച്ചത്തിലേക്കു എത്തിച്ചേരുവാനും അല്ലാഹുവിന്‍റെയും മലക്കുകളുടെയും ‘സ്വലാത്തു’ അവര്‍ക്കു സഹായകമായിത്തീരുന്നു.

സത്യവിശ്വാസികള്‍ക്കു അല്ലാഹുവിങ്കല്‍ നിന്നു സലാം ലഭിക്കുന്നു. (സൂ: യാസീന്‍ : 58). മരണവേളയില്‍ അവരുടെ അടുക്കല്‍ മലക്കുകള്‍ ചെന്ന് സലാം പറയുകയും, സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. (സൂ: നഹ്ല്‍ : 32). സ്വര്‍ഗ്ഗത്തിന്‍റെ കാവല്‍ക്കാരായ മലക്കുകള്‍ അവര്‍ക്കു സലാം പറഞ്ഞുകൊണ്ട് അവരെ സ്വാഗതം ചെയ്യും. (സൂ: സുമര്‍ : 73). ‘സലാം! സലാം!!’ എന്നിങ്ങിനെയല്ലാതെ, വ്യര്‍ത്ഥമായതോ, പാപകരമായതോ ആയ ഒന്നുംതന്നെ അവര്‍ സ്വര്‍ഗ്ഗത്തില്‍വെച്ചു കേള്‍ക്കുകയില്ല. (സൂ: വാഖിഅഃ : 25, 26). സ്വര്‍ഗ്ഗത്തില്‍ അവരുടെ ഉപചാരവാക്യം സലാമായിരിക്കും. (സൂ: യൂനുസ് : 10). ചുരുക്കത്തില്‍, എവിടെയും, ആരില്‍നിന്നും, അവര്‍ക്കു സലാമിന്‍റെ – ശാന്തിയുടെ – സമാധാനത്തിന്‍റെ – രക്ഷയുടെ – അഭിവാദ്യമാണ് സിദ്ധിക്കുന്നത്. അപ്പോള്‍, ‘സത്യവിശ്വാസികളെ’ എന്നു സംബോധന ചെയ്തുകൊണ്ട് ഈ രണ്ടു വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ച പ്രസ്താവനകള്‍ ഓരോന്നും ഓരോ സത്യവിശ്വാസിക്കും എത്രമേല്‍ ആവേശകരമാണെന്ന് ആലോചിച്ചുനോക്കുക! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നമസ്കാരാനന്തരം, സാധാരണ ദുആ ചെയ്തിരുന്നതുപോലെ നാമും ദുആ ചെയ്യുക: اللَّهُمَّ أنْتَ السَّلاَمُ وَمِنْكَ السَّلاَمُ (അല്ലാഹുവേ, നീയാണ് സലാം, നിന്‍റെ പക്കല്‍നിന്നാണു സലാം). അല്ലാഹുവേ, നീ ഞങ്ങള്‍ക്കു അനുഗ്രഹവും, അന്ധകാരങ്ങളില്‍നിന്നു മോചനവും, നിത്യശാന്തിയും നല്‍കണേ! آمين

33:45

  • يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَٰكَ شَٰهِدًا وَمُبَشِّرًا وَنَذِيرًا ﴾٤٥﴿
  • ഹേ, നബിയേ! നിശ്ചയമായും നാം നിന്നെ സാക്ഷിയും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് അയച്ചിരിക്കുകയാണ്;
  • يَا أَيُّهَا النَّبِيُّ ഹേ നബിയേ إِنَّا നിശ്ചയമായും നാം أَرْسَلْنَاكَ നിന്നെ അയച്ചിരിക്കുന്നു شَاهِدًا സാക്ഷിയായി وَمُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും وَنَذِيرًا താക്കീതു നല്‍കുന്നവനായും

33:46

  • وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًا مُّنِيرًا ﴾٤٦﴿
  • അല്ലാഹുവിലേക്കു അവന്‍റെ ഉത്തരവനുസരിച്ച് ക്ഷണിക്കുന്നവനായും, പ്രകാശം നല്‍കുന്ന ഒരു വിളക്കായും (നിന്നെ അയച്ചിരിക്കുന്നു).
  • وَدَاعِيًا ക്ഷണിക്കുന്ന (വിളിക്കുന്ന)വനായും إِلَى اللَّـهِ അല്ലാഹുവിലേക്ക് بِإِذْنِهِ അവന്‍റെ ഉത്തരവു (സമ്മത) പ്രകാരം وَسِرَاجًا വിളക്കായും مُّنِيرًا പ്രകാശം (വെളിച്ചം) നല്‍കുന്ന

33:47

  • وَبَشِّرِ ٱلْمُؤْمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضْلًا كَبِيرًا ﴾٤٧﴿
  • സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് വലുതായഔദാര്യം (അഥവാ അനുഗ്രഹം) ഉണ്ടെന്നു നീ അവര്‍ക്കു സന്തോഷ വാര്‍ത്ത അറിയിക്കുക.
  • وَبَشِّرِ സന്തോഷവാര്‍ത്ത അറീക്കുക الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു بِأَنَّ لَهُم അവര്‍ക്കുണ്ടെന്നു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു فَضْلًا അനുഗ്രഹം, ഔദാര്യം كَبِيرًا വലുതായ, മഹത്തായ

33:48

  • وَلَا تُطِعِ ٱلْكَٰفِرِينَ وَٱلْمُنَٰفِقِينَ وَدَعْ أَذَىٰهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا ﴾٤٨﴿
  • അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കയും ചെയ്യരുതു. അവരുടെ ശല്യത്തെ നീ (അവഗണിച്ചു) വിട്ടേക്കുകയും, അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യക. ഭരമേല്‍പ്പിക്കപ്പെടുന്നവനായി അല്ലാഹുതന്നെ മതി!
  • وَلَا تُطِعِ നീ അനുസരിക്കയും അരുതു الْكَافِرِينَ അവിശ്വാസികളെ وَالْمُنَافِقِينَ കപടവിശ്വാസികളെയും وَدَعْ വിട്ടു (തള്ളി) കളയുകയും ചെയ്യുക أَذَاهُمْ അവരുടെ ശല്യത്തെ, ഉപദ്രവത്തെ, സ്വൈരക്കേടിനെ وَتَوَكَّلْ ഭരമേല്‍പ്പിക്കയും ചെയ്യുക عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ وَكَفَىٰ بِاللَّـهِ അല്ലാഹു തന്നെ മതി وَكِيلًا ഭരമേല്‍പ്പിക്കപ്പെടുന്നവന്‍, ഭരമേല്‍ക്കുന്നവന്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ റസൂലായി നിയോഗിച്ചതിന്‍റെ ഉദ്ദേശ്യങ്ങളും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്ഥാനപദവികളും, കര്‍ത്തവ്യങ്ങളും ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു.

1). സമുദായത്തിന്‍റെ സ്ഥിതിഗതികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുക, അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങള്‍ അവര്‍ പാലിച്ചതിനെ സംബന്ധിച്ചു ഖിയാമത്തുനാളില്‍ സാക്ഷ്യം വഹിക്കുക, ആചാരാനുഷ്ഠാനങ്ങളിലും, ജീവിതത്തിന്‍റെ നാനാവശങ്ങളിലും അവര്‍ക്കു മാതൃകാ സാക്ഷ്യം കാണിച്ചുകൊടുക്കുക എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘സാക്ഷി’ (شَاهِد) യാകുന്നു.

2). സജ്ജനങ്ങള്‍ക്കു അല്ലാഹുവിങ്കല്‍നിന്ന് ഉണ്ടാകുവാനിരിക്കുന്ന പുണ്യഫലങ്ങളെയും, പ്രതിഫലങ്ങളെയും കുറിച്ചു ‘സന്തോഷവാര്‍ത്ത അറിയിക്കുന്നവനും’ (مُبَشِّر) ആകുന്നു.

3) ദുര്‍ജ്ജനങ്ങള്‍ക്കു അല്ലാഹുവിങ്കല്‍നിന്നു ഉണ്ടാകുവാനിരിക്കുന്ന ശിക്ഷകളെയും, ഭവിഷ്യത്തുകളെയുംകുറിച്ചു ഭയപ്പെടുത്തുന്ന ‘താക്കീതുകാരനും’ (نَذِير) ആകുന്നു.

4). അല്ലാഹുവിന്‍റെ ഉത്തരവും, കല്‍പ്പനയും, അനുമതിയും അനുസരിച്ചു അല്ലാഹുവിങ്കലേക്കു – അഥവാ തൗഹീദിന്‍റെയും സന്മാര്‍ഗ്ഗത്തിന്‍റെയും പാതയിലേക്കു – പ്രബോധനം വഴി ജനങ്ങളെ ‘ക്ഷണിക്കുന്നവനും’ (دَاعِيًا إِلَى ٱللَّهِ) ആകുന്നു.

5) അജ്ഞാനവും, അസത്യവും, ദുരാചാരവും നിറഞ്ഞു’ ഇരുട്ടുമൂടിയ ലോകത്തിനു ജ്ഞാനത്തിന്‍റെയും, സത്യത്തിന്‍റെയും, സദാചാരത്തിന്‍റെയും വെളിച്ചം നല്‍കുന്നതിനുവേണ്ടി ഹിറാമല ഗുഹയില്‍ നിന്ന് ഉദയം ചെയ്ത് ലോകമാകമാനം പ്രഭപരത്തി പ്രകാശിപ്പിച്ചുവന്ന സൂര്യ ‘വിളക്കും’ (سِرَاجًا مُّنِير) ആകുന്നു.

സത്യവിശ്വാസികള്‍ക്കു സന്തോഷവാര്‍ത്തയും, അല്ലാത്തവര്‍ക്കു ഭയവാര്‍ത്തയും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അതിന്നെതിരില്‍ അവിശ്വാസികളുടെയും, കപടവിശ്വാസികളുടെയും ചേരിയില്‍നിന്നു വിവിധരൂപത്തിലുള്ള എതിര്‍പ്പുകളും, ഉപദ്രവങ്ങളും അനുഭവപ്പെട്ടുകൊണ്ടിരിക്കുക സ്വാഭാവികമാണ്. ഇത് അന്നും ഇന്നും എന്നും കാണാവുന്ന ഒരു യാഥാര്‍ത്ഥ്യമത്രെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മുകളില്‍ വിവരിച്ച കൃത്യനിര്‍വ്വഹണത്തില്‍ ഇവരുടെ ശല്യം മൂലം നേരിടുന്ന വിഘാതങ്ങളെ അവഗണിച്ചു മുന്നോട്ടു പോകുവാനും, എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചു മനസ്സമാധാനപ്പെട്ടുകൊണ്ടിരിക്കുവാനും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു. ഈ മഹത്തായ ഉപദേശം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യയെ മാതൃകയാക്കുന്ന എല്ലാ മതപ്രബോധകന്‍മാരും സദാ ഓര്‍മ്മിച്ചിരിക്കേണ്ടതുണ്ട്.

അടുത്ത വചനം മുതല്‍ സംസാരമുഖം മറ്റൊരു വശത്തേക്കു തിരിയുന്നു. ചില വൈവാഹിക നിയമങ്ങളാണ് അടുത്ത ആയത്തുകളില്‍ പ്രതിപാദിക്കുന്നത്. നിയമങ്ങള്‍ വിവരിക്കുമ്പോള്‍ മനുഷ്യരാല്‍ വിരചിതമായ സാധാരണ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന പ്രതിപാദനരീതിയും, ഖുര്‍ആന്‍റെ പ്രതിപാദനരീതിയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചുനോക്കുക! അല്ലാഹു പറയുന്നു:-

Leave a comment