ഏഴാംഘട്ടം – ക്യാമ്പയിൻ 05 – സൂറത്തുല്‍ അഹ്സാബ്‌ : ആയത്ത് 28 മുതൽ 36 വരെ

സൂറത്തുല്‍ അഹ്സാബ്‌ : 28-36

വിഭാഗം – 4

33:28

  • يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ إِن كُنتُنَّ تُرِدْنَ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًا جَمِيلًا ﴾٢٨﴿
  • ഹേ, നബിയേ! നിന്‍റെ ഭാര്യമാരോടു പറയുക: ‘നിങ്ങള്‍ ഐഹികജീവിതവും, അതിന്‍റെ അലങ്കാരവും ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ വരുവിന്‍; നിങ്ങള്‍ക്കു ഞാന്‍ ‘മുത്ത്അത്ത്’ [മോചനവിഭവം] നല്‍കുകയും, നിങ്ങളെ ഭംഗിയായ വിട്ടയക്കല്‍ വിട്ടയച്ചു തരുകയും ചെയ്യാം.
  • يَا أَيُّهَا النَّبِيُّ ഹേ നബിയേ قُل പറയുക لِّأَزْوَاجِكَ തന്‍റെ ഭാര്യമാരോടു إِن كُنتُنَّ നിങ്ങളാണെങ്കില്‍ تُرِدْنَ നിങ്ങള്‍ ഉദ്ദേശിക്കുക الْحَيَاةَ الدُّنْيَا ഐഹികജീവിതം وَزِينَتَهَا അതിന്‍റെ അലങ്കാരവും, മോടിയും فَتَعَالَيْنَ എന്നാല്‍ നിങ്ങള്‍ വരുക أُمَتِّعْكُنَّ നിങ്ങള്‍ക്കു ഞാന്‍ മുത്ത്അത്തു നല്‍കാം, മോചനവിഭവം തരാം وَأُسَرِّحْكُنَّ നിങ്ങളെ വിട്ടയച്ചു (വേര്‍പ്പെടുത്തി) തരുകയും ചെയ്യാം سَرَاحًا ഒരു വിട്ടയക്കല്‍ جَمِيلًا ഭംഗിയായ, നല്ല

33:29

  • وَإِن كُنتُنَّ تُرِدْنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلْءَاخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلْمُحْسِنَٰتِ مِنكُنَّ أَجْرًا عَظِيمًا ﴾٢٩﴿
  • ‘നിങ്ങള്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, പരലോകഭവനത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍, എന്നാല്‍ നിശ്ചയമായും, നിങ്ങളില്‍നിന്നു പുണ്യവതികളായുള്ളവര്‍ക്കു അല്ലാഹു മത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു.’
  • وَإِن كُنتُنَّ നിങ്ങളാണെങ്കില്‍ تُرِدْنَ നിങ്ങള്‍ ഉദ്ദേശിക്കുന്നു اللَّـهَ وَرَسُولَهُ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും وَالدَّارَ الْآخِرَةَ പരലോക ഭവനത്തെയും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു أَعَدَّ ഒരുക്കിയിരിക്കുന്നു لِلْمُحْسِنَاتِ പുണ്യവതികള്‍ക്കു, നന്മ ചെയ്യുന്നവര്‍ക്കു مِنكُنَّ നിങ്ങളില്‍നിന്നു أَجْرًا عَظِيمًا വമ്പിച്ച പ്രതിഫലം

വിവാഹമോചനം (طلاق) നടത്തുമ്പോള്‍ ഭാര്യക്കു – ഒരു മനസ്സമാധാനവും, തല്ക്കാലാശ്വാസവും എന്ന നിലക്കു ഒരു പാരിതോഷികം കൊടുക്കേണ്ടതുണ്ട്.ഇതിന്നാണ് ‘മുത്ത്അത്ത്’ (متعة) എന്നു പറയുന്നത്. (കൂടുതല്‍ വിവരം 49-ാം വചനത്തിന്‍റെ വിവരണത്തില്‍ കാണാം). ഐഹികസുഖമാണു തങ്ങളുടെ ലക്ഷ്യമെങ്കില്‍ തങ്ങളെ വളരെ നല്ല നിലയില്‍ വിവാഹമോചനം നല്‍കി വിട്ടയച്ചുതരാം; അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പ്രീതിയും പരലോകസൗഖ്യവുമാണ് തങ്ങളുടെ ലക്ഷ്യമെങ്കില്‍ തങ്ങള്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ അതിന് അനുയോജ്യമായതല്ല; ഐഹികമായ ആഡംബരമോഹവും പാരത്രികഗുണങ്ങളുംകൂടി സമ്മേളിക്കുവാന്‍ നിവൃത്തിയില്ല. പക്ഷേ, ഇവിടെ വെച്ചു നന്മയും പുണ്യവും ചെയ്യുന്നവര്‍ക്കു -നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാര്‍ എന്ന നിലക്കു വിശേഷിച്ചും – വമ്പിച്ച പ്രതിഫലങ്ങള്‍ അല്ലാഹുവിങ്കല്‍ ലഭിക്കുവാനിരിക്കുന്നുമുണ്ടു; അതുകൊണ്ട് ഈ രണ്ടില്‍ ഏതാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നു തീര്‍ച്ചപ്പെടുത്തണം എന്നത്രെ ഈ വചനങ്ങളുടെ താൽപര്യം. ആകയാല്‍ ഈ വചനങ്ങള്‍ക്കു اية التخسير (അഭിപ്രായത്തിനു വിട്ടുകൊടുക്കുന്ന ആയത്ത്) എന്നു പറയപ്പെടുന്നു. ചോദ്യത്തിലടങ്ങിയ ഗൗരവം മനസ്സിലാക്കുവാന്‍ യഥാര്‍ത്ഥ സത്യവിശ്വാസികള്‍ക്കു പ്രയാസമുണ്ടാവുകയില്ലല്ലോ.

ഒമ്പതു പേരാണ് ഈ അവസരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരായി ഉണ്ടായിരുന്നത്; ഖുറൈശിഗോത്രത്തില്‍പെട്ട ആയിശാ, ഹഫ്സ്വ, ഉമ്മുഹബീബ, സൗദ, ഉമ്മുസലമ എന്നിവരും, അസദ് വംശക്കാരിയായ സൈനബ്, ഹിലാല്‍ ഗോത്രക്കാരിയായ മൈമൂന, നള്വീര്‍ വംശത്തില്‍ പെട്ട സ്വഫിയ്യ, മുസ്വ്-ത്തലഖ് ഗോത്രക്കാരിയായ ജുവൈരിയ്യ എന്നിവരും رضي الله عنهن ആയിരുന്നു അവര്‍. (*). ഈ വചനം കേള്‍ക്കേണ്ട താമസം: അവരെല്ലാവരും ഏകസ്വരത്തില്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, പരലോകത്തെയും തന്നെ തിരഞ്ഞെടുത്തു. الحمد لله


(*). عائشة، حفصة، ام حبيبة، سودة، ام سلمة، زينب، ميمونة، صفية، جويرية رضي الله عنهن


മുസ്‌ലിം (رحمه الله), അഹ്മദ് (رحمه الله) മുതലായവര്‍ ജാബിര്‍ (رضي الله عنه) വഴി നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസിന്‍റെ സാരം അറിയുന്നതു സന്ദര്‍ഭോചിതമാണ്. അദ്ദേഹം പറയുന്നു: അബൂബക്കര്‍ (رضي الله عنه) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വാതില്‍ക്കല്‍ വന്നു പ്രവേശനത്തിനു അനുമതി ചോദിച്ചു. വാതില്‍ക്കല്‍ കുറെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീടു ഉമറും (رضي الله عنه) വന്നു സമ്മതം തേടി. ആദ്യം സമ്മതം ലഭിച്ചില്ല. കുറെ കഴിഞ്ഞശേഷം രണ്ടുപേര്‍ക്കും അകത്തു കടക്കുവാന്‍ അനുമതി കിട്ടി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മൗനമായിരിക്കയായിരുന്നു. ഭാര്യമാര്‍ ചുറ്റുപുറവും കൂടിയിട്ടുമുണ്ട്. ഉമര്‍ (رضي الله عنه) പറഞ്ഞു: ‘ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സംസാരിക്കും – അവിടുന്നു ചിരിച്ചേക്കാം!’ അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു : ‘അല്ലാഹുവിന്‍റെ റസൂലേ, സൈദിന്‍റെ മകള്‍ (എന്‍റെ ഭാര്യ) അൽപം മുമ്പ് എന്നോടു ചിലവിനു കൊടുക്കാനാവശ്യപ്പെട്ടു: അപ്പോള്‍ ഞാനവളുടെ കഴുത്തിനു കൊടുത്ത ഇടി അങ്ങുന്നു കണ്ടിരുന്നുവെങ്കില്‍!’ ഇതു കേട്ടപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ അണപ്പല്ലുകള്‍ കാണപ്പെടുമാറു ചിരിച്ചുപോയി! തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തുടര്‍ന്നു പറഞ്ഞു: ‘ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ടു എന്‍റെ ചുറ്റുപാടും വന്നുകൂടിയിരിക്കുന്നു!’ അപ്പോള്‍ അബൂബക്കര്‍ (رضي الله عنه) ആയിശാ (رضي الله عنها)യുടെയും, ഉമര്‍ (رضي الله عنه) ഹഫ്സ്വയുടെയും നേരെ തിരിഞ്ഞു അവരെ അടിക്കുവാന്‍ ശ്രമിക്കുകയും ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കൈവശം ഇല്ലാത്തതിനു ആവശ്യപ്പെടുകയാണോ നിങ്ങള്‍?’ എന്നു അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ തടഞ്ഞു. ഈ അവസരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാര്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പക്കല്‍ ഇല്ലാത്തതു ഇനിമേലില്‍ ഞങ്ങള്‍ ആവശ്യപ്പെടുകയില്ലെന്നു പറഞ്ഞു. പിന്നീടു ആയത്തു അവതരിച്ചു. ആദ്യമായി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആയിശാ (رضي الله عنها) യോടു, ‘ഞാന്‍ നിന്നോടൊരു കാര്യം പറയുന്നു; നിന്‍റെ മാതാപിതാക്കളോടു ആലോചന ചെയ്യാതെ ബദ്ധപ്പെട്ട് അതിനു മറുപടി പറയരുത്’ എന്നു ഉണര്‍ത്തിക്കൊണ്ട് …يَا أَيُّهَا النَّبِيُّ قُل എന്നു (തുടങ്ങുന്ന ഈ വചനം) ഓതിക്കേള്‍പ്പിച്ചു. ആയിശാ (رضي الله عنها) ഉടനെ മറുപടി നല്‍കി: ‘അവിടുത്തെ കാര്യത്തിലാണോ ഞാന്‍ മാതാപിതാക്കളോടു ആലോചന നടത്തുന്നത്?! ഞാനിതാ അല്ലാഹുവിനെയും, റസൂലിനെയും തിരഞ്ഞെടുത്തിരിക്കുന്നു. മറ്റുള്ള ഭാര്യമാരോട് ഈ വിവരം (ഞാന്‍ പറഞ്ഞതു) അറിയിക്കരുത് എന്നു ഞാന്‍ അങ്ങയോടപേക്ഷിക്കയും ചെയ്യുന്നു’. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹു എന്നെ പരുഷസ്വഭാവിയാക്കിയിട്ടില്ല; സൗമ്യമായി പെരുമാറുന്ന അദ്ധ്യാപകനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. നീ എന്തു തിരഞ്ഞെടുത്തുവെന്ന് എന്നോടു ആര്‍ ചോദിച്ചാലും ഞാനതു പറയാതിരിക്കയില്ല’. (ٲحمد و مسلم وغيرهما)

വിശ്വാസം, ഭയഭക്തി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടുള്ള സ്നേഹബഹുമാനം ആദിയായവയിലെല്ലാംതന്നെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാര്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ചു എത്രയോ ഉയര്‍ന്ന പടിയിലാണെന്നു പറയേണ്ടതില്ല. മറ്റു സ്ത്രീകള്‍ക്കില്ലാത്ത ഉന്നതപദവികള്‍ അല്ലാഹു അവര്‍ക്കു നല്‍കിയിട്ടുമുണ്ട്. ഈ അദ്ധ്യായത്തില്‍തന്നെ ഇതിനു പല തെളിവുകളും കാണാം. അവര്‍ സത്യവിശ്വാസികളുടെ മാതാക്കളും സമുദായത്തിന്‍റെ മാതൃകാവനിതകളുമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ ഭര്‍ത്താവും, തങ്ങള്‍ അവിടുത്തെ ഭാര്യമാരുമെന്ന നിലക്ക് – മനുഷ്യസഹജവും സ്ത്രീസഹജവുമായ നിലയില്‍ – ഇത്തരം ചില പെരുമാറ്റങ്ങള്‍ ചിലപ്പോള്‍ പ്രകടമായേക്കുന്നതില്‍ അത്ഭുതപ്പെടുവാനില്ല. അതേ സമയത്തു ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ സമുദായം മാതൃകയാക്കി സ്വീകരിക്കേണ്ടതും, എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ പല പാഠങ്ങളും അവര്‍ മുസ്‌ലിം സമുദായത്തിന് നല്‍കുകയും ചെയ്യുന്നു. എത്രയോ ഇസ്‌ലാമിക നിയമങ്ങള്‍ക്കും, ഉപദേശങ്ങള്‍ക്കും ഇത്തരം സംഭവങ്ങള്‍ കാരണമായിട്ടുണ്ടെന്നു ഖുര്‍ആനും നബിചര്യയും പരിശോധിക്കുന്നവര്‍ക്കറിയാം. ഇവയില്‍ പ്രധാനമായ ചിലതെല്ലാം ഈ സൂറത്തില്‍ കാണാവുന്നതുമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:-

33:30

  • يَٰنِسَآءَ ٱلنَّبِىِّ مَن يَأْتِ مِنكُنَّ بِفَٰحِشَةٍ مُّبَيِّنَةٍ يُضَٰعَفْ لَهَا ٱلْعَذَابُ ضِعْفَيْنِ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا ﴾٣٠﴿
  • നബിയുടെ പത്നിമാരേ! നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ വല്ല ചീത്ത വൃത്തിയും കൊണ്ടുവരുന്ന [പ്രവര്‍ത്തിക്കുന്ന]തായാല്‍, അവള്‍ക്കു രണ്ടിരട്ടിയായി ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്. അതു അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമായതാകുന്നു.
  • يَا نِسَاءَ النَّبِيِّ നബിയുടെ സ്ത്രീകളേ (പത്നിമാരേ) مَن ആരെങ്കിലും يَأْتِ വരുന്നതായാല്‍ مِنكُنَّ നിങ്ങളില്‍നിന്നു بِفَاحِشَةٍ വല്ല ചീത്തവൃത്തിയും കൊണ്ടു مُّبَيِّنَةٍ വ്യക്തമായ, പ്രത്യക്ഷമായ يُضَاعَفْ ഇരട്ടിയാക്കപ്പെടും لَهَا അവള്‍ക്കു الْعَذَابُ ശിക്ഷ ضِعْفَيْنِ രണ്ടിരട്ടി وَكَانَ ذَٰلِكَ അതാകുന്നു عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ يَسِيرًا നിസ്സാരമായത്

പ്രത്യക്ഷത്തില്‍തന്നെ ചീത്തയായി ഗണിക്കപ്പെടുന്ന എല്ലാ തെറ്റുകുറ്റങ്ങളും فَاحِشَةٍ مُّبَيِّنَةٍ (വ്യക്തമായ ചീത്തവൃത്തി)യില്‍ ഉള്‍പ്പെടുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വെറുപ്പിക്കല്‍, മഹാപാപങ്ങള്‍ മുതലായവയെല്ലാം ഇതിനു ഉദാഹരണങ്ങളാകുന്നു. അടുത്ത വചനങ്ങളില്‍നിന്നു ഗ്രഹിക്കാവുന്നതുപോലെ, വഹ്‌യിന്‍റെ കേന്ദ്രത്തില്‍ ജീവിച്ചു വരുന്ന അവര്‍ ഇതരസ്ത്രീകളെക്കാള്‍ പലനിലക്കും ഉന്നത പദവിയിലുള്ളവരാണ്. എന്നിരിക്കെ, മറ്റാരെപ്പോലെയും തെറ്റുകുറ്റങ്ങള്‍ വരാതിരിക്കുവാന്‍ പ്രത്യേകം ബാധ്യസ്ഥരായിരിക്കുകയും ചെയ്യുമല്ലോ അവര്‍. അല്ലാഹു അവരോടു ഈ താക്കീതു നല്‍കുവാനുള്ള കാരണം അതാണ്‌. കൂടുതല്‍ അറിവും പദവിയും ഉള്ളവര്‍ അല്ലാഹുവിന്‍റെ ശിക്ഷയെ കൂടുതല്‍ ഭയപ്പെടേണ്ടതുണ്ടെന്നു ഇതില്‍നിന്നു നമുക്കു മനസ്സിലാക്കാം.

വ്യഭിചാരത്തെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ട്  فَاحِشَةٍ (ചീത്തവൃത്തി) എന്ന പദം ഉപയോഗിക്കപ്പെടാറുണ്ട്, ഇവിടെയും അതാണ്‌ ഉദ്ദേശ്യമെന്നത്രെ ചില മഹാന്‍മാരുടെ അഭിപ്രായം. പക്ഷേ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരില്‍ നിന്നു ആ മഹാപാപം സംഭവിച്ചേക്കാന്‍ ഇടയുണ്ടെന്ന നിഗമനത്തിലല്ല ഈ താക്കീത്. ശിര്‍ക്കിനെ നിഷ്കാസനം ചെയ്‌വാനായി നിയോഗിക്കപ്പെട്ട റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു: ‘നീ ശിര്‍ക്കു ചെയ്‌താല്‍ നിശ്ചയമായും നിന്‍റെ കര്‍മ്മം നിഷ്ഫലമാകുകതന്നെ ചെയ്യും’ (لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ) എന്നും മറ്റും അല്ലാഹു താക്കീതു ചെയ്തിരിക്കുന്നുവല്ലോ. അതുപോലെ, കാര്യത്തിന്‍റെ ഗൗരവം മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുകയാണ് ഇത്തരം താക്കീതുകളുടെ പ്രധാന ലക്ഷ്യം. ആയത്തിന്‍റെ അവസാന വാചകം നോക്കുക. എത്ര മഹാന്‍മാരായാലും ശരി, കുറ്റം ചെയ്തവര്‍ക്കു തക്ക ശിക്ഷ കൊടുക്കുന്നതില്‍ അല്ലാഹുവിനു യാതൊരു മടിയും പക്ഷഭേദവുമില്ല; സത്യത്തിനും നീതിക്കും മുമ്പില്‍ എല്ലാവരും അവന്‍റെ അടുക്കല്‍ സമന്‍മാരാണ് എന്ന് ആ വാക്യം ജനങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്.

ജുസ്ഉ് – 22

33:31

  • ۞ وَمَن يَقْنُتْ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعْمَلْ صَٰلِحًا نُّؤْتِهَآ أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقًا كَرِيمًا ﴾٣١﴿
  • അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും നിങ്ങളില്‍നിന്ന് ആര്‍ വിനയം (അഥവാ ഭക്തി) കാണിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ, അവള്‍ക്കു അവളുടെ പ്രതിഫലം രണ്ടു പ്രാവശ്യം നാം നല്‍കുന്നതാകുന്നു. അവള്‍ക്കു മാന്യമായ ഉപജീവനം നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
  • وَمَن يَقْنُتْ ആര്‍ ഭക്തി (വിനയം) കാണിക്കുന്നുവോ مِنكُنَّ നിങ്ങളില്‍നിന്നു لِلَّـهِ അല്ലാഹുവിനോടു, അല്ലാഹുവിനു وَرَسُولِهِ അവന്‍റെ റസൂലിനോടും وَتَعْمَلْ അവള്‍ പ്രവര്‍ത്തിക്കുകയും صَالِحًا സല്‍ക്കര്‍മ്മം نُّؤْتِهَا അവള്‍ക്കു നാം കൊടുക്കും أَجْرَهَا അവളുടെ പ്രതിഫലം مَرَّتَيْنِ രണ്ടു പ്രാവശ്യം وَأَعْتَدْنَا നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു لَهَا അവള്‍ക്കു رِزْقًا كَرِيمًا മാന്യമായ ഉപജീവനം, ആഹാരം

ദുര്‍വൃത്തികള്‍ ചെയ്യുന്നപക്ഷം സാധാരണക്കാരെ അപേക്ഷിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പത്നിമാര്‍ക്കു കൂടുതല്‍ ശിക്ഷയുണ്ടായിരിക്കുമെന്നപോലെത്തന്നെ, ഭക്തിയോടും അച്ചടക്കത്തോടും കൂടി ഇരിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്കു കൂടുതല്‍ പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ആഢംബര ജീവിതവും ഐഹികസുഖസൗകര്യങ്ങളും ത്യജിച്ചുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയൊന്നിച്ചു ക്ഷമാപൂര്‍വ്വം ജീവിക്കുന്നതിനുപകരം പരലോകത്തുവെച്ച് മാന്യമായ ഉപജീവനം അല്ലാഹു അവര്‍ക്കു തയ്യാറാക്കി വെച്ചിരിക്കുന്നുവെന്നു സന്തോഷവാര്‍ത്തയും അറിയിക്കുന്നു.

33:32

  • يَٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ ۚ إِنِ ٱتَّقَيْتُنَّ فَلَا تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِۦ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا ﴾٣٢﴿
  • നബിയുടെ പത്നിമാരേ! നിങ്ങള്‍ ഭയഭക്തി (അഥവാ സൂക്ഷ്മത) കാണിക്കുന്നപക്ഷം നിങ്ങള്‍ സ്ത്രീകളില്‍പെട്ട (മറ്റ്) ഒരാളെപ്പോലെയുമല്ല; അതിനാല്‍, നിങ്ങള്‍ വാക്കില്‍ [സംസാരത്തില്‍] താഴ്മ കാണിക്കരുത്. (കാരണം:) അപ്പോള്‍ ഹൃദയത്തില്‍ വല്ല രോഗവുമുള്ളവനു മോഹം തോന്നിയേക്കും. നിങ്ങള്‍ മര്യാദപെട്ട വാക്കു പറഞ്ഞു കൊള്ളുകയും ചെയ്യണം.
  • يَا نِسَاءَ النَّبِيِّ നബിയുടെ സ്ത്രീകളേ (പത്നിമാരേ) لَسْتُنَّ നിങ്ങളല്ല كَأَحَدٍ ഒരാളെപ്പോലെയും مِّنَ النِّسَاءِ സ്ത്രീകളില്‍ നിന്നുള്ള إِنِ اتَّقَيْتُنَّ നിങ്ങള്‍ ഭയഭക്തി (സൂക്ഷമത) പാലിച്ചാല്‍ فَلَا تَخْضَعْنَ അതിനാല്‍ നിങ്ങള്‍ താഴ്മ കാണിക്കരുത് بِالْقَوْلِ വാക്കില്‍, സംസാരം കൊണ്ടു فَيَطْمَعَ അപ്പോള്‍ മോഹിക്കും الَّذِي യാതൊരുവന്‍ فِي قَلْبِهِ തന്‍റെ ഹൃദയത്തിലുണ്ടു مَرَضٌ (ഏതെങ്കിലും) രോഗം وَقُلْنَ നിങ്ങള്‍ പറയുകയും ചെയ്യുക قَوْلًا വാക്കു مَّعْرُوفًا മര്യാദപ്പെട്ട, നല്ല, സദാചാരപ്രദമായ

إِنِ اتَّقَيْتُنَّ (നിങ്ങള്‍ ഭയഭക്തി – അഥവാ സൂക്ഷ്മത – പാലിക്കുന്നപക്ഷം) എന്ന വാക്ക് അതിന്‍റെ മുമ്പുള്ള വാക്യത്തോടു ചേര്‍ന്നതായും, അതിന്‍റെ പിന്നിലുള്ള വാചകത്തോടു ചേര്‍ന്നതായും വരാവുന്നതാണ്. മുന്‍ വാചകത്തോടു ബന്ധപ്പെട്ടതാണെന്നുവെക്കുമ്പോള്‍ വാചകത്തിന്‍റെ സാരം ഇപ്രകാരമായിരിക്കും: ‘നിങ്ങള്‍ ഭയഭക്തിയുള്ളവരാണെങ്കില്‍, നിങ്ങള്‍ മറ്റേതു സ്ത്രീകളെപ്പോലെയുമായിരിക്കയില്ല – എല്ലാവരെക്കാളും ഉപരിയായ ഒരു സ്ഥാനം നിങ്ങള്‍ക്കുണ്ട്. ആകയാല്‍ നിങ്ങള്‍ വാക്കില്‍ താഴ്മ കാണിക്കരുത്….’ പിന്നീടുള്ള വാചകത്തോടു ബന്ധപ്പെട്ടതാണ് ആ വാക്കെന്നു വെക്കുമ്പോള്‍ ഇങ്ങിനെ സാരം വരും: ‘നിങ്ങള്‍ മറ്റേതൊരു സ്ത്രീയെപ്പോലെയുമല്ല. നിങ്ങള്‍ ശരിക്കു സൂക്ഷ്മത പാലിക്കുകയാണെങ്കില്‍ വാക്കില്‍ താഴ്മ കാണിക്കരുത്….’ ഈ രണ്ടു വിധത്തിലും ഇവിടെ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഓരോന്നിനും ചില ന്യായവശങ്ങളുമുണ്ട്. ഇവിടെ അതു വിസ്തരിച്ചു ദീര്‍ഘിപ്പിക്കേണ്ടതില്ല. ഏതായാലും മനുഷ്യന്‍റെ ശ്രേഷ്ടതയുടെയും, യോഗ്യതയുടെയും സാക്ഷാല്‍ മാനദണ്ഡം അല്ലാഹുവിന്‍റെ അടുക്കല്‍ ‘തഖ്-വാ’ (ഭയഭക്തിയാകുന്ന സൂക്ഷ്മത) തന്നെ. إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ (നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍വെച്ചു ഏറ്റവും തഖ്‌വയുള്ളവനാണ്) എന്നതുപോലെയുള്ള ഖുര്‍ആന്‍ വാക്യങ്ങളില്‍നിന്നു അതു സ്പഷ്ടമാണ്. തഖ്‌വായോടൊപ്പം മറ്റുതരത്തിലുള്ള വല്ല യോഗ്യതകളും ഉണ്ടെങ്കില്‍ അതും പരിഗണിക്കപ്പെടുമെന്നുമാത്രം. خِيَارُهُمْ فِي الْجَاهِلِيَّةِ خِيَارُهُمْ فِي الإِسْلاَمِ إِذَا فَقُهُوا (ജാഹിലിയ്യാ കാലത്തു ഉത്തമന്മാരായുള്ളവര്‍ ഇസ്ലാമിലും ഉത്തമന്‍മാരാണ് – അവര്‍ കാര്യം ഗ്രഹിച്ചിട്ടുണ്ടെങ്കില്‍) (മു) എന്ന ഹദീസില്‍നിന്നും മറ്റും ഇതു മനസ്സിലാക്കാം.

അന്യപുരുഷന്‍മാരുമായി സംസാരിക്കുമ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാര്‍ അനുവര്‍ത്തിക്കേണ്ടുന്ന ഒരു നയമാണ് ആയത്തിന്‍റെ അവസാനത്തെ ഭാഗം ചൂണ്ടിക്കാട്ടുന്നത്. സംസാരത്തില്‍ താഴ്മയും വിധേയത്വവും പ്രകടമാക്കരുത്; അതേസമയത്ത് മര്യാദയോടും സദാചാരനിഷ്ഠയോടുകൂടിയായിരിക്കയും വേണമെന്നത്രെ അത്. ജനങ്ങളില്‍ കപടവിശ്വാസികളും, സദാചാരമര്യാദകളില്‍ വേണ്ടത്ര ശ്രദ്ധയില്ലാത്തവരും ഉണ്ടായിരിക്കും. മാത്രമല്ല, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരെക്കുറിച്ചു വല്ല ആരോപണങ്ങള്‍ക്കും അവസരം ലഭിക്കുവാനാഗ്രഹിക്കുന്ന ചില കുബുദ്ധികളും അന്നു മദീനായിലുണ്ടായിരുന്നു. ആയിശാ (رَضي اللَّه عنها) യുടെ പേരില്‍ അവര്‍ നിര്‍മ്മിച്ചുണ്ടാക്കിയ അപരാധം പ്രസിദ്ധമാണല്ലോ. സ്ത്രീകള്‍ അന്യപുരുഷന്‍മാരുമായി സംസാരിക്കുന്നതു വളരെ താഴ്മയോടും മാര്‍ദ്ദവത്തോടും കൂടിയാകുമ്പോള്‍ അതിനു ഒരു പ്രത്യേക ആകര്‍ഷകത്വമുണ്ടാകുക സ്വാഭാവികമാണ്. ചില സ്ത്രീകളുടെ ശബ്ദംതന്നെ പ്രത്യേകം ആകര്‍ഷകമായെന്നുവരും. ശ്രോതാവു ദുര്‍ബ്ബലഹൃദയനോ, അശുദ്ധ ഹൃദയനോ ആണെങ്കില്‍ അവന്‍ ആ സംസാരം മൂലം അനാവശ്യമായ വിചാരവികാരങ്ങള്‍ക്കു വിധേയനായേക്കുകയും ചെയ്യും. അശുഭകരമായ ഇത്തരം സംഗതികള്‍ക്കു ഇടയാക്കരുതെന്നാണ് ഈ കല്പനയുടെ ഉദ്ദേശ്യം. ഈ സൂറത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരെ അഭിമുഖീകരിച്ച് പ്രസ്താവിച്ചിട്ടുള്ള മിക്ക വിധികളും മുസ്‌ലിംസ്ത്രീകള്‍ക്കെല്ലാംതന്നെ ബാധകമായതാണെന്നു ഓര്‍ക്കേണ്ടതാകുന്നു.

33:33
  • وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴾٣٣﴿
  • നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരിക്കുകയും ചെയ്യുക. ആദ്യത്തെ ‘ജാഹിലിയ്യത്തി’ന്‍റെ [അജ്ഞാനകാലത്തെ] സൗന്ദര്യപ്രദര്‍ശനം (പോലെ) നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുകയും അരുത്. നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, ‘സകാത്ത്’ കൊടുക്കുകയും ചെയ്യണം. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക.
    നിങ്ങളില്‍നിന്ന് – (പ്രവാചകന്‍റെ) വീട്ടുകാരേ – മാലിന്യം നീക്കിക്കളയുവാനും, നിങ്ങളെ ഒരു (നല്ല) ശുദ്ധീകരണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
  • وَقَرْنَ നിങ്ങള്‍ അടങ്ങിയിരിക്കുകയും ചെയ്യുക فِي بُيُوتِكُنَّ നിങ്ങളുടെ വീടുകളില്‍ وَلَا تَبَرَّجْنَ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുതു تَبَرُّجَ الْجَاهِلِيَّةِ ‘ജാഹിലിയ്യത്തി’ന്‍റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കല്‍ الْأُولَىٰ ആദ്യത്തെ (മുമ്പേത്തെ) وَأَقِمْنَ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ നമസ്കാരം وَآتِينَ കൊടുക്കുകയും ചെയ്യുക الزَّكَاةَ സക്കാത്തു وَأَطِعْنَ അനുസരിക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്‍റെ റസൂലിനെയും إِنَّمَا يُرِيدُ നിശ്ചയമായും ഉദ്ദേശിക്കുന്നുള്ളു اللَّـهُ അല്ലാഹു لِيُذْهِبَ പോക്കുവാന്‍, നീക്കിക്കളയുവാന്‍ (മാത്രം) عَنكُمُ നിങ്ങളില്‍നിന്നു الرِّجْسَ മാലിന്യം, വൃത്തികേടു أَهْلَ الْبَيْتِ വീട്ടുകാരേ وَيُطَهِّرَكُمْ നിങ്ങളെ ശുദ്ധിയാക്കുവാനും تَطْهِيرًا ഒരു ശുദ്ധിയാക്കല്‍

ശരീരത്തില്‍ മറക്കേണ്ടുന്ന ഭാഗം മുഴുവന്‍ മറക്കാതിരിക്കുക, ശരീരഭാഗങ്ങള്‍ പുറമെ കാണത്തക്ക ലോലമോ നേര്‍ത്തതോ ആയ വസ്ത്രം ധരിക്കുക, ദേഹം മറച്ചിട്ടുണ്ടെങ്കിലും പുരുഷന്‍മാരെ ആകര്‍ഷിക്കുമാറുള്ള വേഷം അണിയുക, വശ്യമായ നിലയിലുള്ള സൗന്ദര്യസാമഗ്രികള്‍ ഉപയോഗിക്കുക മുതലായതെല്ലാം സൗന്ദര്യ പ്രദര്‍ശനത്തി (تَبَرُّجَ) ല്‍ ഉള്‍പ്പെടുന്നു. ഇസ്‌ലാമിനു മുമ്പുള്ള അജ്ഞാനകാലത്തിനും, അന്നു നടപ്പിലുണ്ടായിരുന്ന ദുരാചാരങ്ങള്‍ക്കും പറയപ്പെടുന്ന വാക്കാണ് ‘ജാഹിലിയ്യത്ത്’ (جَاهِلِيَّة), ‘മാലിന്യം’ (رِّجْس) എന്നു പറഞ്ഞതില്‍ സ്ഥാനമാനങ്ങള്‍ക്കു ക്ഷതം ബാധിക്കുന്ന കാര്യങ്ങളും, പാപങ്ങളും ഉള്‍പ്പെടുന്നു.

ജാഹിലിയ്യത്തിലെ സ്ത്രീകളെപ്പോലെയുള്ള വേഷസംവിധാനങ്ങളും, സൗന്ദര്യപ്രകടനങ്ങളും പുരുഷസമ്പര്‍ക്കങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരായ നിങ്ങള്‍ക്കു ഒരിക്കലും യോജിച്ചതല്ല; അതെല്ലാം നിങ്ങള്‍ വര്‍ജ്ജിക്കണം; നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരുന്ന് നിങ്ങളുടെ അന്തസ്സും മാന്യതയും പാലിക്കണം. എന്നൊക്കെയാണ് അല്ലാഹു അവരെ ഉപദേശിക്കുന്നത്. അച്ചടക്കസംബന്ധമായ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നുകൊണ്ട് നമസ്കാരത്തെപ്പറ്റിയും സകാത്തിനെപ്പറ്റിയും ഓര്‍മ്മിപ്പിക്കുന്നു. അവസാനം ഇതിനെല്ലാം നിദാനമായി നിലകൊള്ളുന്ന ഒരു കാര്യം – അതെ, എല്ലാ വിഷയത്തിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്നു – കൽപിക്കുന്നു. ഇത്രയും വ്യക്തമായും ശക്തമായും ഉപദേശിക്കുന്നതു യാതൊരു വിധത്തിലും നിങ്ങളെ വിഷമിപ്പിക്കുവാന്‍വേണ്ടിയല്ല; നേരെമറിച്ച് പ്രവാചകന്‍റെ വീട്ടുകാരായ നിങ്ങള്‍ എല്ലാ നിലക്കും മറ്റേതു സ്ത്രീകളേക്കാളും പരിശുദ്ധരും, നിര്‍മ്മലരുമായിരിക്കേണ്ടതുണ്ട്; അതിനുവേണ്ടി മാത്രമാണ് എന്ന് സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ഒരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്:-

إِنَّ الْمَرْأَةَ عَوْرَةٌ فإذا خَرَجَتْ من بَيْتِهَا اسْتَشْرَفَهَا الشَّيْطَانُ… وَأَقْرَبُ ما تَكُونُ من رحمة ربِّها، وهي في قَعرِ بيتها – الترمذى والبزار

(സാരം: നിശ്ചയമായും സ്ത്രീ ഗോപ്യമായി വെക്കപ്പെടേണ്ടവളാണ്. അവള്‍ അവളുടെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ പിശാചു അവളെ വെളിക്കു വരുത്താന്‍ ശ്രമിക്കും. അവളുടെ റബ്ബിന്‍റെ കാരുണ്യത്തോടു അവള്‍ കൂടുതല്‍ അടുത്തവളായിരിക്കുക അവള്‍ അവളുടെ വീട്ടിനുള്ളിലായിരിക്കുമ്പോഴാണ്.) (തി; ബസ്സാര്‍).

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയിരിക്കണമെന്നു പറഞ്ഞതുകൊണ്ടു അവള്‍ ഒരിക്കലും, ഒരു കാര്യത്തിനും പുറത്തിറങ്ങിക്കൂടാ എന്നുദ്ദേശ്യമില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ നമസ്കാരത്തിനും ജുമുഅക്കും പോയിരുന്നതും, യുദ്ധയാത്രകളില്‍ പുരുഷന്‍മാരെ അനുഗമിച്ചിരുന്നതും മറ്റും പ്രസിദ്ധമാണ്, സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതു തടയരുതെന്നും പെരുന്നാളിന്‍റെ പ്രാര്‍ത്ഥനയോഗത്തില്‍ അവരെ പങ്കെടുപ്പിക്കണമെന്നുമുള്ള നബിവചനങ്ങളും പ്രസ്താവ്യമത്രെ. ചുരുക്കത്തില്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ, പുറത്തിറങ്ങുക, അടുത്ത ബന്ധുക്കളോടുകൂടിയല്ലാതെ യാത്രചെയ്യുക, അന്യപുരുഷന്‍മാരുമായി സമ്പര്‍ക്കത്തിന്നിടയാകുന്ന രംഗങ്ങളില്‍ പങ്കെടുക്കുക, ഇതൊക്കെയാണ് വിലക്കപ്പെട്ടിരിക്കുന്നത്.

‘വീട്ടുകാരേ’ (أَهْلَ الْبَيْتِ) എന്നു സംബോധന ചെയ്തതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വീട്ടുകാരെ ഉദ്ദേശിച്ചാണല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പത്നിമാരെല്ലാവരും അതില്‍ ഉള്‍പ്പെടുമെന്നു വ്യക്തമാണ്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി അടുത്ത കുടുംബ ബന്ധമുള്ളവരും, അവിടുത്തോടൊന്നിച്ചു താമസിച്ചു വരുന്നവരുമായ ആളുകളും ‘വീട്ടുകാരില്‍’ (‘അഹ്ലുല്‍ ബൈത്തി’ല്‍) ഉള്‍പ്പെടും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍, പ്രിയപുത്രിയായ ഫാത്തിമഃ (رضي الله عنها), അവരുടെ മക്കളായ ഹസന്‍ (رضي الله عنه), ഹുസൈന്‍ (رضي الله عنه), ഭര്‍ത്താവായ അലി (رضي الله عنه) എന്നിവരെയെല്ലാം ചേര്‍ത്തുകൊണ്ട് ‘എന്‍റെ വീട്ടുകാര്‍’ (أَهْلَ الْبَيْتِى) എന്നു പ്രസ്താവിച്ചതു അതുകൊണ്ടാകുന്നു. മേല്‍ വചനങ്ങളില്‍ പലേടത്തും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പത്നിമാരെ അഭിമുഖീകരിച്ചുകൊണ്ടു ഉപയോഗിച്ച സാമാന്യനാമം (ضمير) സ്ത്രീലിംഗം (كُنّ) ആയിരുന്നു. അതേസമയത്തു ഇവിടെ ‘അഹ്ലുല്‍ ബൈത്തി’നെ സംബോധന ചെയ്തുകൊണ്ട് ഉപയോഗിച്ച സര്‍വ്വനാമം പുല്ലിംഗം (كم) ആകുന്നുവെന്നതു ശ്രദ്ധേയമാണ്. ഈ വാക്കിനെക്കുറിച്ചും, ഇതിന്‍റെപേരില്‍ ഉണ്ടായിട്ടുള്ള പല തെറ്റുദ്ധാരണകളെക്കുറിച്ചും സൂ: ശൂറാ :23ന്‍റെ വിവരണത്തില്‍ കൂടുതല്‍ വിവരം കാണാം. إن شاء الله

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പത്നിമാരോടു വീട്ടില്‍ അടങ്ങിയിരിക്കുവാനും മറ്റും ഉപദേശിച്ചശേഷം, അവര്‍ വീട്ടില്‍ വെച്ചു നിത്യേന ശ്രദ്ധ പതിക്കേണ്ടതുള്ളതും, ഇതരവീടുകളില്‍വെച്ച് ലഭിക്കാറില്ലാത്തതുമായ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു:-

33:34

  • وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا ﴾٣٤﴿
  • അല്ലാഹുവിന്‍റെ ‘ആയത്തുക’ളായും വിജ്ഞാനമായും നിങ്ങളുടെ വീടുകളില്‍വെച്ചു ഓതിക്കേള്‍പ്പിക്കപ്പെടുന്നതിനെ നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു നിഗൂഢമായും അല്ലാഹു നിഗൂഢജ്ഞാനമുള്ളവനും സൂക്ഷ്മജ്ഞാനമുള്ളനുവമാകുന്നു.
  • وَاذْكُرْنَ നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക, സ്മരിക്കുക مَا يُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതു, പാരായണം ചെയ്യപ്പെടുന്നതു فِي بُيُوتِكُنَّ നിങ്ങളുടെ വീടുകളില്‍ مِنْ آيَاتِ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകളായി وَالْحِكْمَةِ വിജ്ഞാനമായും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു لَطِيفًا നിഗൂഢജ്ഞന്‍, സൗമ്യശീലന്‍ خَبِيرًا സൂക്ഷ്മജ്ഞന്‍

ഖുര്‍ആന്‍വചനങ്ങളും, അല്ലാത്തവയുമായ ദൈവിക സന്ദേശങ്ങള്‍ (വഹ്‌യുകള്‍) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സാധാരണ ലഭിച്ചുകൊണ്ടിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അപ്പപ്പോള്‍ അവ പ്രബോധനം ചെയ്യുകയും, മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുകയും ചെയ്യും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ തിരുവായില്‍നിന്നു നിത്യേന പുറത്തുവരുന്ന വിജ്ഞാനമൊഴികള്‍ ഇതിനു പുറമെയും. ഇതെല്ലാം മിക്കപ്പോഴും അവിടുത്തെ വാസസ്ഥലങ്ങളില്‍ വെച്ചാണല്ലോ സംഭവിക്കുന്നത്. അവ കാണുവാനും, കേള്‍ക്കുവാനും, ഗ്രഹിക്കുവാനും, മറ്റുള്ളവര്‍ക്കു പഠിപ്പിക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പതിന്മാരെക്കാളധികം മറ്റാര്‍ക്കാണ് ഭാഗ്യം ലഭിക്കുക?! ഇക്കാര്യം പ്രത്യേകം ഓര്‍മ്മിക്കണമെന്നത്രെ ഈ വചനം അവരെ ഉണര്‍ത്തുന്നത്. സത്യവിശ്വാസികളുടെ മാതാക്കളും, മാതൃകാവനിതകളുമായ അവര്‍ അതിനു കൂടുതല്‍ ബാധ്യതയുള്ളവരുമാണല്ലോ. ഹൃദയത്തില്‍ വക്രതയോ രോഗമോ ഉള്ള ചില മുസ്‌ലിം നാമധാരികളും, ഇസ്‌ലാമിന്‍റെ വിരോധികളും എന്തുതന്നെ പറഞ്ഞാലുംശരി, ഈ ബാധ്യത മുസ്ലിംകളുടെ മാതാക്കളായ അവര്‍ തികച്ചും നിറവേറ്റുകയുണ്ടായിട്ടുണ്ടെന്നതില്‍ നമുക്ക് സംശയമില്ല. الحمد لله

വിശുദ്ധ ഖുര്‍ആനുപുറമെ, ജനങ്ങളില്‍ പ്രബോധനം ചെയ്യേണ്ടുന്ന വേറെ ദൈവിക സന്ദേശങ്ങളൊന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ലഭിക്കുകയുണ്ടായിട്ടില്ല – അഥവാ ‘രിസാലത്തിന്‍റെ വഹ്‌യാ’ (وحي الرسالة)കുന്ന ദിവ്യസന്ദേശം ഖുര്‍ആന്‍ മാത്രമാണുള്ളത് – എന്നും, ഖുര്‍ആനല്ലാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സിദ്ധിച്ചിട്ടുള്ള എല്ലാ വഹ്‌യുകളും കേവലം ‘ഇല്‍ഹാം’ (അന്തര്‍ബോധം) വഴിമാത്രം ലഭിച്ചതാണ് – അഥവാ മലക്കുമുഖേന ലഭിച്ച വഹ്‌യു ഖുര്‍ആന്‍ മാത്രമേയുള്ളു – എന്നും, ‘ഇല്‍ഹാം’ വഴി ലഭിക്കുന്ന വഹ്‌യുകളില്‍ തെറ്റായതും, ശരിയായതും ഉണ്ടാവാമെന്നും, അവയൊന്നും തന്നെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ദൗത്യസന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നവയല്ലെന്നും മറ്റും ഇപ്പോള്‍ ചില പുത്തന്‍വാദങ്ങള്‍ കേള്‍ക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. (*). ഇതു തികച്ചും തെറ്റായ വാദമാണെന്നു ഈ ആയത്തില്‍നിന്നും മറ്റുപല ആയത്തുകളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കവുന്നതാണ്.


(*). ഇസ്‌ലാമിലെ അംഗീകൃത പ്രമാണങ്ങള്‍, മൗലികസിദ്ധാന്തങ്ങള്‍, അനുഷ്ഠാനകര്‍മ്മങ്ങള്‍, നിയമങ്ങള്‍ ആദിയായ തുറകളില്‍, ഇന്നത്തെ ഭൗതിക താല്‍പര്യങ്ങളുമായി പൊരുത്തപ്പെടാത്ത വശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടു കാണുവാനും, ബഹുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി, ഇസ്‌ലാമില്‍നിന്ന് അവര്‍ സ്വയം അകന്നുപോകുവാനും വേണ്ടി പുതുതായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പരിപാടിയുടെ പല ഇനങ്ങളില്‍ ഒന്നുമാത്രമാണ് ഈ വാദം. തല്‍കര്‍ത്താക്കളുടെ പുത്തന്‍ യുക്തിവാദങ്ങള്‍ മുഴുവന്‍ രൂപംകൊണ്ടു കഴിഞ്ഞിട്ടില്ലെങ്കിലും, മതബോധവും ദീര്‍ഘ ദൃഷ്ടിയും ഉള്ളവര്‍ക്കു അവരുടെ ലക്ഷ്യവും മാര്‍ഗ്ഗവും അജ്ഞാതമല്ല.


നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വീട്ടില്‍വെച്ചു ജനങ്ങളെ കേള്‍പ്പിക്കുന്നതു അല്ലാഹുവിന്‍റെ ആയത്തുകള്‍ മാത്രമല്ല. വിജ്ഞാനമാകുന്ന ‘ഹിക്ക്മത്തും’ അവരെ കേള്‍പ്പിക്കേണ്ടതായുണ്ട്. مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّـهِ وَالْحِكْمَةِ (അല്ലാഹുവിന്‍റെ ‘ആയത്തു’കളില്‍ നിന്നും ‘ഹിക്ക്മത്തി’ല്‍നിന്നും നിങ്ങളുടെ വീടുകളില്‍ പാരായണം ചെയ്യപ്പെടുന്നതു) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. സൂ: നിസാഉ് 113ല്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു:

وَأَنزَلَ اللَّـهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ : سورة النساء : ١١٣

(അല്ലാഹു നിനക്കു കിത്താബും ഹിക്ക്മത്തും ഇറക്കിത്തന്നിരിക്കുന്നു) എന്നും, സൂ: ബഖറ 231ല്‍, സത്യവിശ്വാസികളോടു:

وَمَا أَنزَلَ عَلَيْكُم مِّنَ الْكِتَابِ وَالْحِكْمَةِ يَعِظُكُم بِهِ : سورة البقرة: ٢٣١

(….വേദഗ്രന്ഥത്തില്‍നിന്നും, ഹിക്ക്മത്തില്‍നിന്നും നിങ്ങള്‍ക്കു അവന്‍ – അല്ലാഹു – ഇറക്കിത്തന്നിട്ടുള്ളതും ഓര്‍ക്കുവിന്‍. അതുമുഖേന അവന്‍ നിങ്ങള്‍ക്കു സദുപദേശം നല്‍കുന്നു.) എന്നും പറയുന്നു. അപ്പോള്‍,

(1) പാരായണത്തിലും, സദുപദേശത്തിലും അല്ലാഹുവിന്‍റെ ആയത്തുകള്‍ക്കുപുറമെ ‘ഹിക്ക്മത്തി’നും പങ്കുണ്ടെന്നും,

(2) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു വേദഗ്രന്ഥം – ഖുര്‍ആന്‍- മാതമല്ല, അതിനുപുറമെ ‘ഹിക്മത്തും’ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്നു

(3) സത്യവിശ്വാസികള്‍ വേദഗ്രന്ഥത്തിനു പുറമെ ‘ഹിക്ക്മത്തും’ സ്വീകരിക്കേണ്ടതുണ്ടെന്നും സ്പഷ്ടമാണല്ലോ. എനി, ഖുര്‍ആനാകുന്ന വേദഗ്രന്ഥമോ, ദൃഷ്ടാന്തങ്ങളും ലക്ഷ്യങ്ങളുമാകുന്ന ആയത്തുകളോ അല്ലാത്ത മറ്റു വല്ലതും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളില്‍ പ്രബോധനം ചെയ്യേണ്ടതുണ്ടോ എന്നാണ് നമുക്ക് അറിയാനുള്ളത്.

സൂ: മാഇദ : 71ല്‍

يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ : سورة المائدة : ٦٧

(ഹേ, റസൂലേ, നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്കു ഇറക്കപ്പെട്ടതിനെ നീ എത്തിച്ച് – പ്രബോധനം ചെയ്തു – കൊടുക്കുക. നീ അതു ചെയ്തില്ലെങ്കില്‍ നീ അവന്‍റെ ‘രിസാലത്ത്’ – ദൗത്യം – എത്തിച്ചുകൊടുത്തിട്ടില്ല.) എന്ന് അല്ലാഹു പറയുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ഇറക്കപ്പെട്ടതില്‍ വേദഗ്രന്ഥം ഒറ്റക്കല്ല ഉള്ളതെന്നും, ഹിക്ക്മത്തും കൂടി ഉണ്ടെന്നും നാം കണ്ടുവല്ലോ. എന്നിരിക്കെ, ഖുര്‍ആനും, ഹിക്ക്മത്തും പ്രബോധനം ചെയ്തെങ്കിലേ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ രിസാലത്താകുന്ന ദൗത്യനിര്‍വ്വഹണം പൂര്‍ത്തിയാകുകയുള്ളുവെന്നും ഈ ആയത്തില്‍നിന്ന് വ്യക്തമാണ്.

സൂ: ജുമുഅയിലെ ഒരു ആയത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കുക:

يَتْلُوعَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ – سورة الجمعة : ٢

(അവര്‍ക്കു തന്‍റെ – അല്ലാഹുവിന്‍റെ -ആയത്തുകള്‍ ഓതിക്കൊടുക്കുകയും, അവര്‍ക്കു സംസ്കാരം -ആത്മപരിശുദ്ധി – ഉണ്ടാക്കുകയും, അവര്‍ക്കു വേദഗ്രന്ഥവും ഹിക്മത്തും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ അവരില്‍നിന്നു അവന്‍ നിയോഗിച്ചു.) വേദഗ്രന്ഥത്തെപ്പോലെത്തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിക്ക്മത്തും പഠിപ്പിക്കേണ്ടതുണ്ടെന്നു ഈ വചനം കൂടുതല്‍ സ്പഷ്ടമാക്കുന്നു. ‘ഹിക്ക്മത്ത്’ എന്നാല്‍ ‘വിജ്ഞാനം, യുക്തി, തത്വജ്ഞാനം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു ഖുര്‍ആനു പുറമെ ലഭിക്കുന്ന എല്ലാ ജ്ഞാനങ്ങളും ഹിക്ക്മത്തില്‍ ഉള്‍പ്പെടുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യകളും വചനങ്ങളുമാകുന്ന സുന്നത്താണ് അതുകൊണ്ട് വിവക്ഷ.

വിഭാഗം – 5

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരെസ്സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം, മൊത്തത്തില്‍ എല്ലാ സ്ത്രീപുരുഷന്‍മാരെയും സംബന്ധിച്ചാണ് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നത്. ഇതുവരെയുള്ള വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരല്ലാത്ത സ്ത്രീകള്‍ക്കു തങ്ങളെപ്പറ്റിയും ഖുര്‍ആനില്‍ പ്രസ്താവിച്ചു കാണുവാന്‍ ആഗ്രഹമുണ്ടാകുമല്ലോ. മാത്രമല്ല, ഖുര്‍ആന്‍റെ പല പ്രസ്താവനകളും പ്രത്യക്ഷത്തില്‍ പുരുഷന്‍മാരെ അഭിമുഖീകരിച്ചായിരിക്കും കാണുക. ആ നിലക്കും മുസ്‌ലിംസ്ത്രീകള്‍ക്കു അങ്ങിനെ ആഗ്രഹം തോന്നുവാന്‍ ഇടയുണ്ട്. ചില സ്ത്രീകള്‍ ഇതിനെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിക്കുകതന്നെ ചെയ്തിരുന്നു. ‘അന്‍സാരി’ക്കാരിയായ ഉമ്മുഇമാറ (ام عمارة – رَضي اللَّه عنها) യും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നി ഉമ്മുസലമ (ام سلمة – رَضي اللَّه عنها)യും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഇതിനെപ്പറ്റി ചോദിക്കുകയുണ്ടായെന്നും, അനന്തരം താഴെ കാണുന്ന വചനം അവതരിച്ചുവെന്നും ഹദീസുകളില്‍ കാണാം. (*).


(*). رواء الطبراني عن ام عمارة واحمد والثانى عن ام سلمة رضي الله عنهما


അല്ലാഹു പറയുന്നു:

33:35

  • إِنَّ ٱلْمُسْلِمِينَ وَٱلْمُسْلِمَٰتِ وَٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ وَٱلْقَٰنِتِينَ وَٱلْقَٰنِتَٰتِ وَٱلصَّٰدِقِينَ وَٱلصَّٰدِقَٰتِ وَٱلصَّٰبِرِينَ وَٱلصَّٰبِرَٰتِ وَٱلْخَٰشِعِينَ وَٱلْخَٰشِعَٰتِ وَٱلْمُتَصَدِّقِينَ وَٱلْمُتَصَدِّقَٰتِ وَٱلصَّٰٓئِمِينَ وَٱلصَّٰٓئِمَٰتِ وَٱلْحَٰفِظِينَ فُرُوجَهُمْ وَٱلْحَٰفِظَٰتِ وَٱلذَّٰكِرِينَ ٱللَّهَ كَثِيرًا وَٱلذَّٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴾٣٥﴿
  • നിശ്ചയമായും, ‘മുസ്‌ലിം’കളായ [കീഴൊതുക്കമുള്ള] പുരുഷന്‍മാരും സ്ത്രീകളും, ‘മുഅ്മിനു’കളായ [സത്യവിശ്വാസികളായ] പുരുഷന്‍മാരും സ്ത്രീകളും, ഭക്തന്മാരായ പുരുഷന്‍മാരും സ്ത്രീകളും, സത്യവാന്‍മാരായ പുരുഷന്‍മാരും സ്ത്രീകളും, ക്ഷമാശീലരായ പുരുഷന്‍മാരും സ്ത്രീകളും, ഭയപ്പാടുള്ള പുരുഷന്‍മാരും സ്ത്രീകളും, ദാനധര്‍മ്മം ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും, നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, ഇവര്‍ക്കു (എല്ലാവര്‍ക്കും) അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.
  • إِنَّ الْمُسْلِمِينَ നിശ്ചയമായും മുസ്‌ലിം (കീഴൊതുക്കമുള്ള) പുരുഷന്‍മാര്‍ وَالْمُسْلِمَاتِ മുസ്‌ലിം സ്ത്രീകളും وَالْمُؤْمِنِينَ മുഅ്മിനു (സത്യവിശ്വാസി)കളായ പുരുഷന്‍മാരും وَالْمُؤْمِنَاتِ മുഅ്മിനുകളായ സ്ത്രീകളും وَالْقَانِتِينَ ഭക്തന്‍മാരും وَالْقَانِتَاتِ ഭക്തരായ സ്ത്രീകളും وَالصَّادِقِينَ സത്യവാന്‍മാരും وَالصَّادِقَاتِ സത്യവതികളും وَالصَّابِرِينَ ക്ഷമാശീലന്മാരും, സഹാനശീലന്‍മാരും وَالصَّابِرَاتِ ക്ഷമാശീലരായ സ്ത്രീകളും وَالْخَاشِعِينَ ഭയപ്പാടുള്ള പുരുഷന്‍മാരും وَالْخَاشِعَاتِ ഭയപ്പാടുള്ള സ്ത്രീകളും وَالْمُتَصَدِّقِينَ ദാനധര്‍മ്മം കൊടുക്കുന്ന പുരുഷന്‍മാരും وَالْمُتَصَدِّقَاتِ ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും وَالصَّائِمِينَ നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും وَالصَّائِمَاتِ നോമ്പനുഷ്ഠിക്കുന്ന സ്ത്രീകളും وَالْحَافِظِينَ കാക്കുന്ന (സൂക്ഷിക്കുന്ന) പുരുഷന്‍മാരും فُرُوجَهُمْ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ وَالْحَافِظَاتِ സൂക്ഷിക്കുന്ന സ്ത്രീകളും وَالذَّاكِرِينَ اللَّـهَ അല്ലാഹുവിനെ ഓര്‍ക്കുന്ന പുരുഷന്‍മാരും كَثِيرًا ധാരാളം, വളരെ وَالذَّاكِرَاتِ ഓര്‍ക്കുന്ന സ്ത്രീകളും أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُم അവര്‍ക്കു مَّغْفِرَةً പാപമോചനം وَأَجْرًا പ്രതിഫലവും عَظِيمًا വമ്പിച്ച, മഹത്തായ

മേല്‍ പ്രസ്താവിച്ച സല്‍ഗുണങ്ങളുള്ള ആളുകള്‍ ആരാവട്ടെ – പുരുഷനായാലും സ്ത്രീയായാലും ശരി – അവര്‍ക്കു അല്ലാഹു പൊറുത്തുകൊടുക്കുകയും വമ്പിച്ച പ്രതിഫലങ്ങള്‍ നല്‍കുകയുംചെയ്യും. പിന്നീടു നല്‍കുമെന്നുമാത്രമല്ല, അതു ഇപ്പോള്‍തന്നെ തയ്യാറാക്കി വെച്ചുകഴിഞ്ഞിരിക്കുകയാണെന്നുകൂടി അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിനെ സദാ ഓര്‍ക്കുകയും, ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ചു ചിന്തിക്കുകയും, അതിനെത്തുടര്‍ന്നു തങ്ങളുടെ നന്‍മക്കുവേണ്ടി ഹൃദയംഗമായ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്ന ബുദ്ധിമാന്മാരെക്കുറിച്ചു അല്ലാഹു പറയുന്നു:

فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ : سورة آل عمران : ١٩٥

(അപ്പോള്‍ അവരുടെ റബ്ബ് അവര്‍ക്കു മറുപടി നല്‍കുന്നതാണ്: ആണാവട്ടെ, പെണ്ണാവട്ടെ നിങ്ങളില്‍നിന്നു കര്‍മ്മം ചെയ്ത ഒരാളുടെ കര്‍മ്മവും ഞാന്‍ പാഴാക്കുകയില്ല എന്നു. (ആലുഇംറാന്‍ : 195).

ഇസ്‌ലാമിനെ പ്രാവര്‍ത്തികമാക്കുകവഴി അല്ലാഹുവിനു കീഴ്പെട്ട്‌ അനുസരണം കാണിക്കുന്നവന്‍ എന്നത്രെ ‘മുസ്‌ലിം’ (مسلم) എന്ന വാക്കിന്‍റെ വിവക്ഷ. മനപൂര്‍വ്വം സത്യവിശ്വാസം സ്വീകരിച്ചവന്‍ എന്നാണ് ‘മുഅ്മിന്‍’ എന്ന വാക്കിന്‍റെ താല്‍പര്യം. ചിലപ്പോള്‍ ഈ വാക്കുകള്‍ (ഇസ്‌ലാം – ഈമാന്‍ എന്നിവയും, മുസ്‌ലിം – മുഅ്മിന്‍ എന്നിവയും) ഒരേ ഉദ്ദേശ്യത്തിലും ഉപയോഗിക്കാറുണ്ട്. ഇസ്ലാമില്ലാത്ത ഈമാന്‍കൊണ്ടു പ്രയോജനമില്ല; ഈമാനില്ലാത്ത ഇസ്‌ലാംകൊണ്ടും പ്രയോജനമില്ല. അഥവാ ശരിയായ ഈമാനുണ്ടെങ്കില്‍ ഇസ്‌ലാം ഉണ്ടാകാതിരിക്കുവാന്‍ നിവൃത്തിയില്ല. യഥാര്‍ത്ഥ മുസ്‌ലിം മുഅ്മിനല്ലാതാകുവാനും തരമില്ല. ഇതാണതിനു കാരണം. ചുരുക്കത്തില്‍ രണ്ടു വാക്കിന്‍റെയും സാക്ഷാല്‍ വിവക്ഷ വ്യത്യസ്തങ്ങളാണെങ്കിലും, പ്രായോഗികമായി നോക്കുമ്പോള്‍ അവ പരസ്പം വേറിട്ടുനില്‍ക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതാകുന്നു. യഥാര്‍ത്ഥത്തിലുള്ള ഈമാന്‍ ഹൃദയത്തില്‍ സ്ഥലം പിടിക്കാതെ ബാഹ്യത്തില്‍ ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ സ്വീകരിച്ചുവരുന്നവരെ മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) എന്നു തരംതിരിക്കുന്നതു ഇതുകൊണ്ടാകുന്നു. അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ള പാപമോചനത്തിനും, മഹത്തായ പ്രതിഫലത്തിനും, എല്ലാ പുരുഷന്‍മാരും സ്ത്രീകളും അര്‍ഹരായിത്തീരുന്നതിനും ആവശ്യമായ പത്തുഗുണങ്ങള്‍ ഈ വചനത്തില്‍ പ്രസ്താവിച്ചിട്ടുള്ളതു ശ്രദ്ധിക്കുക.

33:36

  • وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا ﴾٣٦﴿
  • സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ – അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍ – തങ്ങളുടെ കാര്യത്തെക്കുറിച്ച് അവര്‍ക്ക് (വേറൊരു) തിരഞ്ഞെടുപ്പ് [അഭിപ്രായം] ഉണ്ടായിരിക്കുവാന്‍ പാടില്ല. അല്ലാഹുവിനോടും,അവന്‍റെ റസൂലിനോടും ആര്‍ അനുസരണക്കേടു കാണിക്കുന്നുവോ അവന്‍, തീര്‍ച്ചയായും വ്യക്തമായ വഴിപിഴവു പിഴച്ചുപോയിരിക്കുന്നു!
  • وَمَا كَانَ لِمُؤْمِنٍ ഒരു സത്യവിശ്വാസിക്കും പാടില്ല, ആകാവതല്ല وَلَا مُؤْمِنَةٍ സത്യവിശ്വാസിനിയായ സ്ത്രീക്കും ഇല്ല إِذَا قَضَى തീരുമാനിച്ചാല്‍, വിധി നടത്തിയാല്‍ اللَّـهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും (ദൂതനും) أَمْرًا ഒരു കാര്യം أَن يَكُونَ ഉണ്ടായിരിക്കല്‍ لَهُمُ അവര്‍ക്കു الْخِيَرَةُ തിരഞ്ഞെടുക്കല്‍ (അഭിപ്രായം) مِنْ أَمْرِهِمْ അവരുടെ കാര്യത്തെക്കുറിച്ചു وَمَن يَعْصِ ആരെങ്കിലും അനുസരണക്കേട്‌ കാണിച്ചാല്‍, എതിരുപ്രവര്‍ത്തിച്ചാല്‍ اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും فَقَدْ ضَلَّ എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു ضَلَالًا مُّبِينًا വ്യക്തമായ വഴിപിഴവ്

ഇസ്ലാമിന്‍റെ ഒരു അടിസ്ഥാന നിയമമാണിത്: അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ ഒരു വിധി പറഞ്ഞുകഴിഞ്ഞാല്‍ അതില്‍നിന്നു വ്യത്യസ്തമായ ഒരഭിപ്രായം ഉണ്ടായിരിക്കുവാന്‍ സത്യവിശ്വാസിയായ ഒരാള്‍ക്കും പാടില്ല. അല്ലാഹു വിധിച്ചതിനെതിരായി അല്ലാഹുവിന്‍റെ റസൂല്‍ ഒരിക്കലും വിധിക്കുകയില്ല. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിക്കുന്ന വിധികളാകട്ടെ, വാസ്തവത്തില്‍ അല്ലാഹുവിന്‍റെ വിധികളായിരിക്കുന്നതുമാണ്. ഈ വിഷയം വളരെ ശക്തിയായ ഭാഷയില്‍ തന്നെ ഖുര്‍ആന്‍ പലപ്പോഴും ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതാണ്.

അപ്പോള്‍, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും – അഥവാ ഖുര്‍ആന്‍റെയും സുന്നത്തിന്‍റെയും – നിയമങ്ങള്‍ക്കെതിരായി ഏതെങ്കിലും പണ്ഡിതന്‍മാരുടെയോ, വിധികര്‍ത്താക്കളുടെയോ അഭിപ്രായങ്ങളെ സ്വീകരിച്ചുവരുന്നവരും, സമുദായ പരിഷ്കര്‍ത്താക്കളെന്നോ, ഇസ്ലാമിന്‍റെ ഗുണകാംക്ഷികളെന്നോ സ്വയം അഭിമാനിച്ചുകൊണ്ട് സാക്ഷാല്‍ ഇസ്‌ലാമിക നിയമങ്ങളില്‍ മാറ്റതിരുത്തങ്ങള്‍ അവതരിപ്പിക്കുന്നവരും വ്യക്തമായ വഴിപിഴവില്‍ അകപ്പെട്ടവരാണെന്നു വ്യക്തമാണ്. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധിവിലക്കുകളില്‍ ഒന്നുപോലും യുക്തിക്കോ ന്യായത്തിനോ എതിരായിരിക്കുകയില്ലെന്നു പറയേണ്ടതില്ല. പക്ഷെ, അവയില്‍ ചിലതിന്‍റെ യുക്തിരഹസ്യങ്ങള്‍ നമുക്ക് സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ കഴിയാതെ വന്നേക്കും. എന്നിരിക്കെ, ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു വിഷയത്തിലുള്ള മതവിധി ഇന്നതാണെന്ന് – അംഗീകൃതമായ മാര്‍ഗ്ഗങ്ങളില്‍കൂടി – അറിഞ്ഞുകഴിഞ്ഞാല്‍, അതു യുക്തിക്കോ ന്യായത്തിനോ യോജിക്കുമോ, ഇല്ലേ എന്നൊന്നും പരിശോധിക്കേണ്ടതില്ല. അതില്‍ ജനഹിതം ആരായേണ്ടതുമില്ല. അതപ്പടി സ്വീകരിക്കുവാന്‍ അവന്‍ തികച്ചും ബാധ്യസ്ഥനാണ്. പക്ഷേ, ഓരോ നിയമത്തിലും അടങ്ങിയിട്ടുള്ള യുക്തിതത്വങ്ങള്‍ കഴിവതും ആരാഞ്ഞറിയുവാന്‍ അവന്‍ പരിശ്രമിക്കേണ്ടതുണ്ട്. ഇസ്ലാമിന്‍റെ മൗലികപ്രധാനമായ ഒരു സിദ്ധാന്തമാണിത്. ഈ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതും, ഇസ്ലാമിന്‍റെ ശത്രുക്കള്‍, ഇസ്‌ലാമിന്‍റെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും പേരില്‍ കളങ്കം ചാര്‍ത്തുവാന്‍ ആയുധമാക്കിയതുമായ ഒരു സംഭവത്തെക്കുറിച്ചാണ് അടുത്ത വചനങ്ങളില്‍ അല്ലാഹു പ്രതിപാദിക്കുന്നത്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പോറ്റുപുത്രനും, അവിടുത്തെ മൗലാ (*)യുമായ സൈദ്ബ്നു ഹാരിഥഃ (رضي الله عنه) ഖുറൈശീ ഗോത്രത്തില്‍ അസദ് കുടുംബത്തില്‍ പെട്ട ജഹ്ശിന്‍റെ മകളും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അമ്മായിയുടെ മകളും കൂടിയായ സൈനബാ (رضي الله عنها)യെ വിവാഹം ചെയ്തിരുന്നു. ഇതു ഹിജ്രക്കു മുമ്പാണ്. താന്‍ കുലീനകുടുംബത്തില്‍ ജനിച്ചവളാണെന്ന നിലക്കു ആദ്യം ഈ വിവാഹത്തില്‍ സൈനബ് (رضي الله عنها) അൽപം അനിഷ്ടം പ്രകടിപ്പിക്കുകയുണ്ടായി. എങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഇഷ്ടവും, വംശപരമായ ഉച്ചനീചത്വത്തിനു ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന വസ്തുതയും മുന്‍നിറുത്തിക്കൊണ്ട്‌ അവര്‍ അതിനു അനുവദിക്കുകയാണുണ്ടായത്. ക്രമേണ അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായി. ഇക്കാരണത്താല്‍ സൈദു (رضي الله عنه) അവര്‍ക്കു വിവാഹമോചനം നല്‍കുവാന്‍ തീരുമാനിച്ചു. ഈ വിവാഹമോചനം നടക്കുവാന്‍ പോകുന്നുവെന്നും, ഇദ്ദഃ (**) കാലം കഴിഞ്ഞശേഷം സൈനബ് (റ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യയാകാന്‍പോകുന്നുവെന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വഹ്‌യു ലഭിച്ചിരുന്നു. പോറ്റുമക്കളെ യഥാര്‍ത്ഥ മക്കളായി ഗണിച്ചിരുന്ന അന്നത്തെ ചുറ്റുപാടില്‍, മുഹമ്മദ്‌ സ്വന്തം മകന്‍റെ ഭാര്യയെ വിവാഹംകഴിച്ചുവെന്നുള്ള ജനസംസാരത്തിനും, ഇസ്ലാമിനെതിരായ കുപ്രചാരങ്ങള്‍ക്കും ഇതു കാരണമായേക്കുമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു തോന്നി. അങ്ങനെ, സൈദു (رضي الله عنه) തന്‍റെ തീരുമാനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിച്ചപ്പോള്‍ അവിടുന്നു അതിനെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ചാണ് അടുത്ത വചനം.


(*) ‘മൗലാ’ (مولى) എന്ന വാക്കിന്‍റെ അര്‍ത്ഥവിവരണം 5-ആം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ നാം വായിച്ചു കഴിഞ്ഞുവല്ലോ.

(**). ഇദ്ദഃയെപ്പറ്റി താഴെ പ്രസ്താവിക്കുന്നുണ്ട്.

Leave a comment