സൂറത്തുല്‍ അഹ്സാബ് : 01-08
അഹ്‌സാബ് (സംഘടിത കക്ഷികൾ)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 73 – വിഭാഗം (റുകുഅ്) 9
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം – 1
33:1
- يَٰٓأَيُّهَا ٱلنَّبِىُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلْكَٰفِرِينَ وَٱلْمُنَٰفِقِينَ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا ﴾١﴿
- ഹേ, നബിയേ [പ്രവാചകാ], അല്ലാഹുവിനെ സൂക്ഷിക്കുക. അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കുകയും ചെയ്യരുത്. നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു.
- يَا أَيُّهَا النَّبِيُّ ഹേ, നബിയേ, പ്രാവചകാ اتَّقِ اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുക وَلَا تُطِعِ അനുസരിക്കയും അരുതു الْكَافِرِينَ അവിശ്വാസികളെ وَالْمُنَافِقِينَ കപടവിശ്വാസികളെയും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍
33:2
- وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ مِن رَّبِّكَ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا ﴾٢﴿
- നിന്‍റെ രക്ഷിതാവിങ്കല്‍നിന്ന്‍ നിനക്കു ‘വഹ്‌യ്’ [ദിവ്യബോധനം] നല്‍കപ്പെടുന്നതിനെ നീ പിന്‍പറ്റുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി സൂക്ഷമമായറിയുന്നവനാകുന്നു.
- وَاتَّبِعْ പിന്‍പറ്റുകയും ചെയ്യുക مَا يُوحَىٰ വഹ്‌യു (ദിവ്യബോധനം, സന്ദേശം) നല്‍കപ്പെടുന്നതിനെ إِلَيْكَ നിനക്കു مِن رَّبِّكَ നിന്‍റെ രക്ഷിതാവില്‍നിന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതിനെപ്പറ്റി خَبِيرًا സൂക്ഷമമായറിയുന്നവന്
33:3
- وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا ﴾٣﴿
- (എല്ലാ കാര്യത്തിലും) അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. ഭരമേൽപിക്കപ്പെടുന്നവനായി അല്ലാഹു തന്നെമതി.
- وَتَوَكَّلْ ഭരമേൽപിക്കയും ചെയ്യുക عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ وَكَفَىٰ മതി بِاللَّـهِ അല്ലാഹുതന്നെ وَكِيلًا ഏല്‍പിക്കപ്പെടുന്നവനായിട്ടു
മദനീ സൂറത്തുകളില്‍ പെട്ടതാണ് ഈ അദ്ധ്യായം. മദീനായില്‍ ഇസ്ലാമിന്‍റെ ശത്രുക്കളായിരുന്ന ജൂതന്മാരെയും, കപടവിശ്വാസികളെയും സംബന്ധിച്ചു ഈ സൂറത്തില്‍ പല പ്രസ്താവനകളും കാണാം. കൂടാതെ, പ്രധാനപ്പെട്ട പല നിയമനിര്‍ദ്ദേശങ്ങളും, മറ്റു സൂറത്തുകളില്‍ വിവരിക്കപ്പെട്ടിട്ടില്ലാത്ത പല മതവിധികളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
‘തഖ്‌വാ’ (تقوى) എന്ന ധാതുപദത്തില്‍നിന്നുള്ള കല്‍പനക്രിയയാണ് ‘ഇത്തഖി’ (اتف) എന്ന വാക്ക്. ‘സൂക്ഷിക്കുക, കാക്കുക, പേടിക്കുക’ എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. അല്ലാഹുവിന്‍റെ വിധിവിലക്കുകളും, നിയമനിര്‍ദ്ദേശങ്ങളും അനുസരിക്കുകവഴി അവനോടു ഭയഭക്തി ഉണ്ടായിരിക്കുക എന്നത്രെ ‘തഖ്‌വാ’ കൊണ്ടു ഉദ്ദേശിക്കപ്പെടുന്നത്. അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക എന്നു പറഞ്ഞതിനെത്തുടര്‍ന്ന്‍ അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കരുതെന്നും, അല്ലാഹുവില്‍നിന്നു ലഭിക്കുന്ന ദിവ്യസന്ദേശങ്ങളെ പിന്‍പറ്റണമെന്നും പ്രസ്താവിച്ചതില്‍ നിന്നുതന്നെ ‘തഖ്‌വാ’യുടെ ഉദ്ദേശ്യം മനസ്സിലാക്കാം. ഇതേ അര്‍ത്ഥോദ്ദേശ്യത്തോടു കൂടിത്തന്നെയാണ്, ഈ വാക്കു ഖുര്‍ആനിലും ഹദീസിലും, ഇസ്‌ലാമികഗ്രന്ഥങ്ങളിലും സാധാരണ ഉപയോഗിക്കപ്പെടാറുള്ളതും.
ഈ കല്‍പനകള്‍ പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അഭിമുഖീകരിച്ചു കൊണ്ടാണുള്ളതെങ്കിലും, വാസ്തവത്തില്‍ അവ സമുദായത്തിനു മുഴുവനും ബാധകമാണെന്നുള്ളതില്‍ സംശയമില്ല. അതുകൊണ്ടാണ് രണ്ടാം വചനത്തില്‍ ‘നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായറിയുന്നവനാകുന്നു’ എന്നു പറഞ്ഞിരിക്കുന്നത്. ശത്രുക്കളുടെ ഇംഗിതങ്ങള്‍ക്കു വിധേയനായോ, അവരെ പ്രീണിപ്പിക്കാമെന്നുദ്ദേശിച്ചോ മതപ്രബോധനത്തില്‍ വിട്ടുവീഴ്ച ചെയ്‌വാനും, സത്യത്തെ മറച്ചുവെക്കാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കലും മുതിരുകയില്ലെന്നു സ്പഷ്ടമാണ്. എങ്കിലും, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അങ്ങിനെയൊരു വ്യാമോഹത്തിന്‍റെ കവാടം തന്നെ ഈ കല്‍പനകള്‍മൂലം അല്ലാഹു അടച്ചുകളയുന്നു. സത്യവിശ്വാസികള്‍ക്കാകട്ടെ, ഇതു കൂടുതല്‍ ധൈര്യവും, ദൃഢമനസ്കതയും ഉളവാക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിലോ, പരോക്ഷത്തിലോ ഉള്ള യാതൊരു ശത്രുവിന്‍റെയും പ്രകോപനങ്ങള്‍ക്കും, അഭീഷ്ടങ്ങള്‍ക്കും വഴങ്ങാതെ – ഋജുവായ സത്യമാര്‍ഗ്ഗത്തില്‍നിന്നു തരിമ്പുപോലും വ്യതിചലിക്കാതെ – സത്യപ്രബോധനം നടത്തുമ്പോള്‍ പലവിധ വിഷമങ്ങളെയും തരണം ചെയ്യേണ്ടിവരും. അതു സ്വാഭാവികമാണ്. അതില്‍നിന്നു മോചനം ലഭിക്കുവാനും, രക്ഷനേടുവാനുമുള്ള ഏകമാര്‍ഗ്ഗമത്രെ ‘തവക്കുല്‍’ (التوكل) അതെ, കാര്യങ്ങള്‍ അല്ലാഹുവില്‍ അര്‍പ്പിക്കല്‍. അതുകൊണ്ട് ‘തവക്കുലി’നെപ്പറ്റി ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിക്കുന്നു.
ഈ സൂറത്തില്‍ പ്രത്യേകം പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ ചിലതാണു അടുത്ത ആയത്തുകളില്‍ കാണുന്നത്:
33:4
- مَّا جَعَلَ ٱللَّهُ لِرَجُلٍ مِّن قَلْبَيْنِ فِى جَوْفِهِۦ ۚ وَمَا جَعَلَ أَزْوَٰجَكُمُ ٱلَّٰٓـِٔى تُظَٰهِرُونَ مِنْهُنَّ أُمَّهَٰتِكُمْ ۚ وَمَا جَعَلَ أَدْعِيَآءَكُمْ أَبْنَآءَكُمْ ۚ ذَٰلِكُمْ قَوْلُكُم بِأَفْوَٰهِكُمْ ۖ وَٱللَّهُ يَقُولُ ٱلْحَقَّ وَهُوَ يَهْدِى ٱلسَّبِيلَ ﴾٤﴿
- ഒരു മനുഷ്യനും തന്നെ അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയങ്ങളെ ഉണ്ടാക്കിയിട്ടില്ല; നിങ്ങള്‍ ‘ളിഹാര്‍’ (എന്ന വിവാഹമോചനം) ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കുകയും ചെയ്തിട്ടില്ല; നിങ്ങളുടെ ദത്തുപുത്രന്മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കുകയും ചെയ്തിട്ടില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള (നിരര്‍ത്ഥ) വാക്കുകളത്രെ. അല്ലാഹു യഥാര്‍ത്ഥം പറയുന്നു. അവന്‍ തന്നെ (ശരിയായ) മാര്‍ഗ്ഗം കാട്ടിത്തരുകയും ചെയ്യുന്നു.
- مَّا جَعَلَ اللَّـهُ അല്ലാഹു ആക്കിയിട്ടില്ല, ഉണ്ടാക്കിയിട്ടില്ല لِرَجُلٍ ഒരു മനുഷ്യനും, പുരുഷനും مِّن قَلْبَيْنِ രണ്ടു ഹൃദയങ്ങളെ فِي جَوْفِهِ അവന്‍റെ ഉള്ളില്‍ وَمَا جَعَلَ അവന്‍ ആക്കിയിട്ടുമില്ല أَزْوَاجَكُمُ നിങ്ങളുടെ ഭാര്യമാരെ اللَّائِي യാതൊരുവരായ تُظَاهِرُونَ مِنْهُنَّ നിങ്ങളവരെ ‘ളിഹാര്‍’ ചെയ്യുന്നു أُمَّهَاتِكُمْ നിങ്ങളുടെ ഉമ്മമാര്‍ وَمَا جَعَلَ അവന്‍ ആക്കിയിട്ടുമില്ല أَدْعِيَاءَكُمْ നിങ്ങളുടെ ദത്തു പുത്രന്‍മാരെ أَبْنَاءَكُمْ നിങ്ങളുടെ പുത്രന്‍മാര്‍ ذَٰلِكُمْ അതു قَوْلُكُم നിങ്ങളുടെ വാക്കാണ്, പറയുന്നതാണ് بِأَفْوَاهِكُمْ നിങ്ങളുടെ വായകള്‍ കൊണ്ടു وَاللَّـهُ അല്ലാഹു يَقُولُ പറയുന്നു الْحَقَّ യഥാര്‍ത്ഥം, ന്യായമായതു وَهُوَ അവന്‍ يَهْدِي കാട്ടിത്തരുകയും ചെയ്യുന്നു السَّبِيلَ മാര്‍ഗ്ഗം
വിഷയത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് അതിനാസ്പദമായ ഒരു യാഥാര്‍ത്ഥ്യം – അഥവാ വിഷയത്തിനൊരു പീഠിക – അല്ലാഹു ഈ വചനത്തില്‍ ആദ്യമായി ചൂണ്ടിക്കാട്ടുന്നു. ‘ഏതൊരു മനുഷ്യന്നുംതന്നെ അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയം ഏര്‍പ്പെടുത്തിയിട്ടില്ല’
(مَّا جَعَلَ اللَّـهُ لِرَجُلٍ مِّن قَلْبَيْنِ فِي جَوْفِهِ) എന്നുള്ളതാണത്. അപ്പോള്‍, ഒരേ കാര്യത്തില്‍ വ്യത്യസ്തമായ രണ്ടഭിപ്രായങ്ങളോ, രണ്ടു ആശയഗതികളോ, രണ്ടുതരം സമീപനമോ ഒരേ സമയത്ത് ഒരാള്‍ക്ക് ഉണ്ടായിക്കൂടാത്തതാണ്. അതുപോലെത്തന്നെ, ഒരേ വേളയില്‍ വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും മനുഷ്യനു സാദ്ധ്യമല്ലെന്നു വ്യക്തമാണ്. ഈ യാഥാര്‍ത്ഥ്യത്തിനു വിരുദ്ധമായി അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന രണ്ടു സമ്പ്രദായങ്ങളെക്കുറിച്ചാണ് അല്ലാഹു തുടര്‍ന്നു പ്രസ്താവിച്ചത്. ഒരേ സ്ത്രീയില്‍ ഭാര്യത്വവും, മാതൃസ്ഥാനവും കല്‍പിക്കലും, ഒരേ മനുഷ്യനില്‍ പോറ്റുപുത്രന്‍റെ സ്ഥാനവും യഥാര്‍ത്ഥ പുത്രന്‍റെ സ്ഥാനവും കല്‍പിക്കലും. ഇതാണാ സമ്പ്രദായങ്ങള്‍.
ഒരാള്‍ക്കു തന്‍റെ ഭാര്യയോടു വല്ല വെറുപ്പും നേരിടുമ്പോള്‍ അവന്‍ അവളോടു أنتِ عليّ كظَهْرِ أمي (നീ എനിക്ക് എന്‍റെ മാതാവിന്‍റെ മുതുകുപോലെയാണ്.) എന്നുപറയും. എന്‍റെ മാതാവുമായി ഭാര്യാഭര്‍തൃബന്ധം നടത്തുവാന്‍ പാടില്ലാത്തതുപോലെയാണ് നിന്‍റെയും അവസ്ഥ എന്നു താല്‍പര്യം. ഇതിന് ‘ളിഹാര്‍’ (ظهار – മുതുകു പോലെയാക്കുക) എന്നു പറയപ്പെടും. ഇതോടെ അവളുമായുള്ള സമീപനം നിഷിദ്ധമായി ഗണിക്കപെടുന്നു. ഈ വാക്കുമൂലം ഒരാളുടെ ഭാര്യ അവന്‍റെ മാതാവാകുന്നില്ലെന്നും, അതുകൊണ്ടു ഭാര്യയെ മാതാവിനെപ്പോലെ ഗണിക്കുന്നതു പാടില്ലാത്തതാണെന്നും അല്ലാഹു ഉണര്‍ത്തുന്നു. എനി, ഒരാള്‍ ഭാര്യയോടു അങ്ങിനെ പറഞ്ഞു പോയാല്‍, അതിനു പ്രായശ്ചിത്തം ചെയ്തു മടക്കിയെടുക്കേണ്ടതുണ്ടെന്ന് സൂറത്തുല്‍ മുജാദലഃ (المجادلة)യില്‍ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ വിവരം അവിടെവെച്ചു കാണാം. ان شاء الله
അന്യരുടെ മക്കളെ ദത്തെടുത്തു സ്വന്തം മക്കളെപ്പോലെ പോറ്റി വളര്‍ത്തുകയും, സ്വന്തം മക്കള്‍ക്കുള്ളതുപോലെ സ്വത്തവകാശം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും വകവെച്ചു കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായവും ഇസ്‌ലാമിനു മുമ്പ് അറബികളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ത്യയിലും ഈ സമ്പ്രദായം അപരിചിതമല്ല. ഇങ്ങിനെയുള്ള ദത്തുപുത്രനാണ് ‘ദഇയ്യ്’ (دعى) എന്നു പറയപ്പെടുന്നത്. ഇതിന്‍റെ ബഹുവചനമാണ് ‘അദ്ഇയാഉ് (ادعياء) ഈ ഖുര്‍ആന്‍വാക്യം അവതരിക്കുന്നതുവരെ ഞങ്ങളെല്ലാം സൈദുബ്നുഹാരിഥഃ (رضي الله عنه) യെ സൈദുബ്നു മുഹമ്മദ് എന്നല്ലാതെ വിളിക്കാറുണ്ടായിരുന്നില്ലെന്നും, ഈ ആയത്തു അവതരിപ്പിച്ചപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അദ്ദേഹത്തോടു: നീ സൈദ്ബ്നു ഹാരിഥഃത്തബ്നു ശുറാഹിലാണ് (ശുറാഹിലിന്‍റെ മകനായ ഹാരിഥഃയുടെ മകനാണ്) എന്നു പറയുകയുണ്ടായെന്നും ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിച്ചിട്ടുണ്ട്. സൈദുബ്നുഹാരിഥഃ (رضي الله عنه)യുടെ കഥ ഇതാണ്:-
കല്‍ബു ഗോത്രക്കാരനായ സൈദ് (رضي الله عنه) ഒരു യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടു. അന്നദ്ദേഹം ചെറുപ്പമായിരുന്നു. ഹക്കീമുബ്നുഹുസാം (رضي الله عنه) തന്‍റെ അമ്മായിയായ ഖദീജ (رضي الله عنها) ക്കുവേണ്ടി അദ്ദേഹത്തെ വിലക്കുവാങ്ങി. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഖദീജ (റ)യെ വിവാഹം ചെയ്തശേഷം അവര്‍ സൈദ് (رضي الله عنه)നെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സമ്മാനിച്ചു. പിന്നീടു സൈദ് (റ)ന്‍റെ പിതാവും, പിതൃവ്യനുംകൂടി വന്ന് അദ്ദേഹത്തെ തങ്ങള്‍ക്കു വിട്ടുകൊടുപ്പാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇഷ്ടംപോലെ ചെയ്തുകൊള്ളുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തിന്നു സമ്മതം കൊടുത്തു. പക്ഷെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കൂടെ ജീവിക്കുവാനാണ് സൈദ് (رضي الله عنه) ഇഷ്ടപ്പെട്ടത്. അനന്തരം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ അടിമത്തത്തില്‍ നിന്നു സ്വതന്ത്രനാക്കുകയും, ഒരു പോറ്റുപുത്രനായിക്കരുതുകയും ചെയ്തു. അങ്ങനെ, ജനങ്ങള്‍ അദ്ദേഹത്തെ സൈദുബ്നു മുഹമ്മദു (മുഹമ്മദിന്‍റെ മകന്‍ സൈദ്) എന്നു വിളിച്ചുവന്നു. സൈദ് (رضي الله عنه)ന്‍റെ ഭാര്യയായിരുന്ന സൈനബ് (رضي الله عنها) വിവാഹമോചനം ചെയ്യപ്പെടുകയും, അനന്തരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ വിവാഹം ചെയ്യുകയുമുണ്ടായി. ഈ സംഭവം താഴെ വിവരിക്കുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ‘മകന്‍റെ ഭാര്യയെ വിവാഹം ചെയ്‌വാന്‍ പാടില്ലെന്നു മുഹമ്മദു പറയുന്നു, അവന്‍റെ മകന്‍റെ ഭാര്യയെ അവന്‍ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു’. എന്നു ജനസംസാരമായി. ഈ സന്ദര്‍ഭത്തിലാണ് ഈ ആയത്ത് അവതരിക്കുന്നത്. പോറ്റുമക്കള്‍ക്കു യഥാര്‍ത്ഥ മക്കളുടെ നിയമം ബാധകമല്ലെന്നത്രെ അതു പ്രഖ്യാപിക്കുന്നത്. പോറ്റുമക്കളെ സ്വീകരിക്കുന്നതിനെയും, അവരെ മക്കളെപ്പോലെ സ്നേഹിച്ചു വളര്‍ത്തുന്നതിനെയും ഈ വചനം നിരോധിക്കുന്നില്ലതാനും.
വാക്കുകള്‍കൊണ്ടു യാഥാര്‍ത്ഥ്യം മാറിപ്പോകുകയില്ലല്ലോ. എന്നിരിക്കെ ‘നീ എന്‍റെ മാതാവിനെപ്പോലെയാണ്’ എന്നു ഒരാള്‍ ഭാര്യയോടു പറയുമ്പോഴേക്കും അവളെങ്ങിനെ മാതാവായിത്തീരും?! അഥവാ മാതാവിന്‍റെ നിയമം അവള്‍ക്കെങ്ങിനെ ബാധകമാകും?! അതുപോലെത്തന്നെ ദത്തുമക്കളെക്കുറിച്ചു മക്കളെന്നു പറയുമ്പോഴേക്കും അവരെങ്ങിനെ യഥാര്‍ത്ഥ മക്കളായിത്തീരും?! വാദംകൊണ്ടോ വാചകംകൊണ്ടോ യഥാര്‍ത്ഥമായ കുടുംബബന്ധം സ്ഥാപിതമാകുകയില്ലല്ലോ. ذَٰلِكُمْ قَوْلُكُم بِأَفْوَاهِكُمْ (അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള വാക്കുകളാണ്) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നതു ഈ വസ്തുതയാകുന്നു. പോറ്റുമക്കളെപ്പറ്റി അല്ലാഹു തുടര്‍ന്നുപറയുന്നു:-
33:5
- ٱدْعُوهُمْ لِءَابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَآ أَخْطَأْتُم بِهِۦ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾٥﴿
- അവരെ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തു വിളിച്ചുകൊള്ളുവിന്‍. അതത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്. എനി, അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍, അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരന്‍മാരും, നിങ്ങളുടെ ‘മൗലാ’ക്കളും [ബന്ധപ്പെട്ടവരും] ആകുന്നു. നിങ്ങള്‍ അബദ്ധം ചെയ്തുപോയതില്‍ നിങ്ങളുടെമേല്‍ കുറ്റമില്ലതാനും. പക്ഷെ, നിങ്ങളുടെ ഹൃദയങ്ങള്‍ കരുതിക്കൂട്ടിച്ചെയ്തതാണ് (കുറ്റകരം). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
- ادْعُوهُمْ നിങ്ങളവരെ വിളിക്കുവിന്‍ لِآبَائِهِمْ അവരുടെ പിതാക്കളിലേക്കു (ചേര്‍ത്തു) هُوَ അതത്രെ أَقْسَطُ ഏറ്റം നീതിയായതു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ فَإِن لَّمْ تَعْلَمُوا എനി നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍ آبَاءَهُمْ അവരുടെ പിതാക്കളെ فَإِخْوَانُكُمْ എന്നാല്‍ നിങ്ങളുടെ സഹോദരങ്ങളാണ് فِي الدِّينِ മതത്തില്‍ وَمَوَالِيكُمْ നിങ്ങളുടെ മൗലാക്കളുമാണ്, ബന്ധപ്പെട്ടവരുമാണ് وَلَيْسَ ഇല്ലതാനും عَلَيْكُمْ നിങ്ങളുടെമേല്‍ جُنَاحٌ കുറ്റം فِيمَا യാതൊന്നില്‍ أَخْطَأْتُم നിങ്ങള്‍ അബദ്ധംചെയ്ത, പിഴച്ച بِهِ അതില്‍, അതിനെപ്പറ്റി وَلَـٰكِن പക്ഷെ مَّا تَعَمَّدَتْ കരുതിക്കൂട്ടിച്ചെയ്തതാണ് قُلُوبُكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
ദത്തുമക്കളെ അവരുടെ യഥാര്‍ത്ഥ പിതാക്കളോട് ചേര്‍ത്ത് – ഇന്നയാളുടെ മകന്‍, അല്ലെങ്കില്‍ മകള്‍ എന്നു – വിളിക്കുവാനും, പോറ്റുപിതാക്കളോടു ചേര്‍ത്തു വിളിക്കാതിരിക്കുവാനും ഈ വചനം കല്പിക്കുന്നു. എനി, യഥാര്‍ത്ഥ പിതാക്കള്‍ ആരാണെന്നറിയപ്പെടാത്തപക്ഷം അവരെ സഹോദരങ്ങളും ‘മൗലാ’ (ബന്ധു)ക്കളുമായി ഗണിച്ചുകൊള്ളണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളെല്ലാം സഹോദരങ്ങളാണല്ലോ. (إِنَّمَا الْمُؤْمِنُونَ إِخْوَةٌ) അതുകൊണ്ടു അങ്ങിനെയുള്ളവരെ ‘സഹോദരാ’ (يا أخي) എന്നോ ‘മൗലാ’ (يا مولاى) എന്നോ വിളിക്കേണ്ടതാകുന്നു. ഇതനുസരിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈദ് (റ)നോടു ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്, أَنْتَ أَخُونَا وَمَوْلَانَا (നീ നമ്മുടെ സഹോദരനും മൗലായുമാണ്.)
‘മൗലാ’ (مولى) എന്ന വാക്കു പല അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാറുള്ള ഒരു പദമാകുന്നു. ഇതിന്‍റെ ബഹുവചനമാണ് ‘മവാലീ’ (موالى) ‘വലാഉ’ (ولاء) എന്ന ധാതുവില്‍ നിന്നുള്ളതാണത്. കുടുംബബന്ധം (قرابة) എന്നും, അടുപ്പം (قرب) എന്നും അതിനര്‍ത്ഥമുള്ളതുകൊണ്ട് കുടുംബപരമായ ബന്ധമുള്ളവര്‍ക്കും, അടുത്ത സ്നേഹബന്ധമുള്ളവര്‍ക്കും ആ വാക്കു ഉപയോഗിക്കാം. ചില പ്രത്യേക കാരണത്താല്‍ ഉണ്ടാകുന്ന പാര്‍ശ്വബന്ധത്തി (قرابة سببية)നും ഇസ്‌ലാമില്‍ അംഗീകരണം നല്‍കപ്പെട്ടിട്ടുണ്ട്. ഇതിനു ”മുവാലാത്ത്’ (موالاة) എന്നും ‘മുആഖാത്ത്’ (مؤاخاة) എന്നും പറയപ്പെടുന്നു. മൈത്രീബന്ധമെന്നും, സാഹോദര്യബന്ധമെന്നും അര്‍ത്ഥം, മദീനയില്‍വെച്ച് മുഹാജിറുകളും അന്‍സാരികളും തമ്മിലുണ്ടായിരുന്ന ബന്ധം ഇതായിരുന്നു. സ്വത്തവകാശം തുടങ്ങിയ ചില നിയമങ്ങളൊഴിച്ച് മറ്റു സുഖദുഃഖങ്ങളില്‍ അന്യോന്യം പങ്കുകാരാകത്തക്കവണ്ണമുള്ള ഈ കൂട്ടുകെട്ട് എക്കാലത്തും മനുഷ്യര്‍ക്കിടയില്‍ വളരെ ഉപകാരപ്രദംതന്നെയാണ്. അറബിഗോത്രങ്ങള്‍ക്കിടയില്‍ ഇത്തരം ‘മുവാലാത്ത്’ മുമ്പ് നടപ്പിലുണ്ടായിരുന്നു. അതവര്‍ക്കു സ്വൈര്യജീവിതവും, പ്രതാപവും, ശക്തിയും നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ചിലപ്പോള്‍ ചില ആളുകളെക്കുറിച്ച് مولى بنى فلان (ഇന്ന ഗോത്രക്കാരുടെ മൗലാ) എന്ന പറയപ്പെട്ടുകാണുന്നത്.
മറ്റൊരു തരത്തിലുള്ള ‘വലാആ’ണ് ولاء العتاقة (അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച ബന്ധം). ഒരാളോ ഒരു കുടുംബമോ ഒരു അടിമയെ സ്വതന്ത്രനാക്കി വിട്ടാല്‍ അവന്‍ അവന്‍റെ, അല്ലെങ്കില്‍ ആ കുടുംബത്തിന്‍റെ മൗലായായിത്തീരുന്നു. അതുപോലെത്തന്നെ, ഏതെങ്കിലും ഒരാളുടെ കൈക്ക് ഇസ്‌ലാമില്‍ വന്ന ആളെക്കുറിച്ചും അയാളുടെ മൗലാ എന്നു പറഞ്ഞുവരാറുണ്ട്. ഇമാം അബൂഹനീഫ (رضي الله عنه) യുടെ കുടുംബം ഇസ്‌ലാമില്‍ വന്നപ്പോള്‍ അവര്‍ക്കു ഇസ്ലാമിലേക്കു പ്രചോദനം നല്‍കിയ ആളുകളോടുചേര്‍ത്ത് ഇന്നവരുടെ മൗലാക്കള്‍ എന്നു പറയപ്പെട്ടിരുന്നു. ഈ വാസ്തവം മനസ്സിലാക്കാത്ത ചിലര്‍ ഈ പ്രയോഗത്തെ തെറ്റിദ്ധരിച്ച് ഇമാം അബൂഹനീഫ (رضي الله عنه) അടിമവംശജനായിരുന്നുവെന്നു ധരിച്ചുപോയിട്ടുണ്ട്.
ചുരുക്കത്തില്‍ ‘വലാഉ’ എന്ന ധാതുവില്‍നിന്നുള്ള ‘മൗലാ’ എന്ന വാക്ക് പല അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ടെന്നു മനസ്സിലാക്കാം. ഏതര്‍ത്ഥത്തിലുള്ള മൗലാ ആയാലും ശരി, അറബികള്‍ക്കിടയില്‍ അങ്ങനെ മൗലാ എന്നു സംബോധന ചെയ്യുന്നതില്‍ അഭിമാനമല്ലാതെ -അപമാനമൊന്നും- ഉണ്ടായിരുന്നതുമില്ല. ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഈ വചനംമുഖേന അല്ലാഹു ചെയ്യുന്നത്. കാരണം, അതു പരസ്പരം സ്നേഹബന്ധത്തിനും ഐക്യബോധത്തിനും ഉതകുന്നു. പല സഹാബിമാരുടെയും പേരുകളോടോപ്പം ഇന്ന ആളുടെ മൗലയാണദ്ദേഹം എന്നു വിശേഷിപ്പിച്ചുകാണുന്നതു മേല്‍പറഞ്ഞ അടിസ്ഥാനത്തിലാകുന്നു. ഏതു തരത്തിലുള്ള ‘വലാഉ’ – ആയിരുന്നാലും ശരി, അന്യോന്യം ബന്ധപ്പെട്ട ഇരു കക്ഷികള്‍ക്കും ഈ (മൗല എന്നുള്ള) പേര്‍ അന്വര്‍ത്ഥമാകുമെന്നും അറബികള്‍ അങ്ങിനെ അതു ഉപയോഗിക്കാറുണ്ടെന്നും അറിഞ്ഞിരിക്കുന്നതു ചരിത്രപാരായണം ചെയ്യുന്നവര്‍ക്കു വളരെ ആവശ്യമാകുന്നു.
മറ്റുചില സമുദായങ്ങളെപ്പോലെ അറബികളും തങ്ങളുടെ വംശപരമ്പരയും, കുടുംബപ്പേരും, നിലനിറുത്തുകയും പരിചയപ്പെടുകയും ചെയ്യുന്നതു മുന്‍പിതാക്കളുടെ പേരുകളിലാകുന്നു. ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഈ വഴക്കംതന്നെ. നമ്മുടെ നാട്ടിലേതുപോലെ, ഏതെങ്കിലും പറമ്പിന്‍റെയോ, പാറയുടെയോ,ഇല്ലത്തിന്‍റെയോ, തൊടിയുടെയോ മറ്റോ പേരുകളിലല്ല. ‘ഇന്ന പിതാമഹന്‍റെ വംശത്തില്‍ ഇന്നിന്ന പിതാക്കളുടെ മകനായ ഇന്നവനാണ് തന്‍റെ പിതാവ് -അല്ലെങ്കില്‍ മാതാവ്- എന്നായിരിക്കും അറബികള്‍ ഒരാളെ പരിചയപ്പെടുത്തുക. നാമാകട്ടെ, ഏതെങ്കിലും ഒരു തൊടിയുടെയോ മറ്റോ പേരു പറഞ്ഞായിരിക്കും കുടുംബത്തെ പരിചയപ്പെടുത്തുന്നത്. ഇന്ന ആളുടെ മകന്‍ ഇന്നവന്‍ എന്നതിന്‍റെ സ്ഥാനത്തു ഇന്നേടത്തുവീട്ടില്‍ ഇന്നവന്‍ എന്നു പറയും. കൂടാതെ, പലപ്പോഴും ഈ വീട്ടുപേര്‍ മാതൃകുടുംബത്തിന്‍റേതുമായിരിക്കും. മക്കളെ പിതാക്കളോടു ചേര്‍ത്തു വിളിക്കണമെന്ന ഖുര്‍ആന്‍റെ ശാസനക്കു നിരക്കാത്ത ഈ സമ്പ്രദായം, ഇന്ത്യന്‍ മുസലിംകളില്‍ ഇന്നും അവശേഷിപ്പുള്ള പല അനിസ്ലാമികാചാരങ്ങളില്‍ ഒന്നാകുന്നു. മുസ്‌ലിംകള്‍ കഴിവതും ഈ നില മാറ്റേണ്ടതുണ്ട്.
‘മൗലാ’ എന്ന വാക്കിന്‍റെയും ‘വലാഇ’ന്‍റെയും അര്‍ത്ഥവ്യാപ്തിയും പ്രയോഗങ്ങളും ആലോചിക്കാതെ മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടിയ ആപത്തുകളും ചില്ലറയല്ല. മുന്‍കാലങ്ങളില്‍ ഇന്ത്യയെപ്പോലെയുള്ള ദൂരരാജ്യങ്ങളില്‍ പല മഹാന്‍മാരുടെ കൈക്കും ഇസ്‌ലാം മതപ്രചാരണം നടന്നപ്പോള്‍ ഇസ്‌ലാമിനെ ആശ്ലേഷിച്ചിരുന്ന ആളുകളെക്കുറിച്ച് – അതതു ദേശത്തെ മതപ്രചാരകന്‍മാരുടെ പേരോടുചേര്‍ത്തുകൊണ്ടു – ഇന്ന ആളുടെ മൗലാക്കള്‍ എന്നു പറയപ്പെട്ടിരുന്നു. മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള ഈ പാര്‍ശ്വബന്ധത്തെ കാലക്രമത്തില്‍ കുടുംബബന്ധങ്ങളായി ചിലര്‍ ചിത്രീകരിക്കുകയും, തെറ്റിദ്ധരിക്കുകയും ചെയ്തുവന്നു. അങ്ങനെ, തങ്ങള്‍ ആ മഹാന്‍മാരുടെ സന്തതികളില്‍പെട്ടവരാണെന്നു പലരും അവകാശപ്പെട്ടു. നൂറുക്കണക്കിലുള്ള സയ്യിദുകുടുംബങ്ങളും (തങ്ങമ്മാരും) സിദ്ദീഖികളും, ഫാറുഖികളും, ആയിരക്കണക്കിലുള്ള ഉസ്മാനീ കുടുംബങ്ങളുമെല്ലാം ഇന്ത്യയില്‍ ഇന്നു കാണപ്പെടുന്നതു ഇക്കാരണത്താലാകുന്നു. ഈ വംശവാദത്തില്‍തന്നെ പല വ്യാജപരമ്പരയും, അവക്കിടയില്‍ കക്ഷിവഴക്കുകളും ഉണ്ടായിട്ടുമുണ്ട്. ഇസ്‌ലാമില്‍ പുതുതായി പ്രവേശിക്കുന്നവര്‍ – അവര്‍ എത്ര കുലീനകുടുംബത്തില്‍പെട്ടവരായിരുന്നുവെങ്കിലും – ഒരു താണതരക്കാരായി ഗണിക്കപ്പെടുന്ന ഒരു ദുഷിച്ച സമ്പ്രദായവും മിക്കവര്‍ക്കിടയിലും എങ്ങിനെയോ കടന്നുകൂടിയിരിക്കുന്നു. തങ്ങളുടെ പഴയ കുടുംബപ്പേര്‍ മാറ്റിപ്പറയുവാന്‍ ഇതും ചിലര്‍ക്കു പ്രോത്സാഹനം നല്‍കിയിരിക്കുന്നു. സ്വന്തം പിതാക്കള്‍ അയോഗ്യരായതുകൊണ്ടും ചിലര്‍ ഈനില സ്വീകരിക്കാറുണ്ട്. ഇസ്‌ലാമികദൃഷ്ട്യാ ഇതെല്ലാംതന്നെ വമ്പിച്ച തെറ്റാണെന്നു പറയേണ്ടതില്ല.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ജാഹിലിയ്യത്തി’ല്‍ (ഇസ്‌ലാമിനു മുമ്പുള്ള അജ്ഞാനകാലത്തു) നിങ്ങളില്‍ ഉത്തമന്മാരായുള്ളവര്‍ ഇസ്‌ലാമിലും നിങ്ങളില്‍വെച്ച് ഉത്തമന്‍മാര്‍തന്നെ – അവര്‍ വിജ്ഞാനം നേടിയാല്‍’ (ബു; മു). ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി കാണാം: ‘നിങ്ങളുടെ കുടുംബബന്ധം ചേര്‍ക്കുമാറു (പാലിക്കത്തക്കവണ്ണം) നിങ്ങളുടെ കുടുംബപരമ്പരയില്‍ നിന്നും നിങ്ങള്‍ പഠിച്ചിരിക്കുവിന്‍…..’ (തി). വേറൊരു ഹദീസില്‍ ഇങ്ങിനെ വന്നിരിക്കുന്നു: ‘അറിഞ്ഞുകൊണ്ട് തന്‍റെ പിതാവല്ലാത്തവരോട് ചേര്‍ത്തിക്കൊണ്ട് (കുടുംബം) വാദിക്കുന്നവന്‍ അവിശ്വാസിയാകാതിരിക്കയില്ല.’ (ഇബ്നുകഥീര്‍.)
33:6
- ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَٰتُهُمْ ۗ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَٰبِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَٰجِرِينَ إِلَّآ أَن تَفْعَلُوٓا۟ إِلَىٰٓ أَوْلِيَآئِكُم مَّعْرُوفًا ۚ كَانَ ذَٰلِكَ فِى ٱلْكِتَٰبِ مَسْطُورًا ﴾٦﴿
- നബി [പ്രവാചകന്‍] സത്യവിശ്വാസികളോടു അവരുടെ സ്വന്തം ദേഹങ്ങളെക്കാള്‍ ബന്ധപ്പെട്ട ആളാകുന്നു; അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ അവരുടെ മാതാക്കളുമാണ്; സത്യവിശ്വാസികളില്‍ നിന്നും, ‘മുഹാജിറു’കളില്‍നിന്നും (പരസ്പരം) രക്തബന്ധമുള്ളവര്‍ – അവരില്‍ ചിലര്‍ ചിലരോട് – അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ [നിയമമനുസരിച്ച്] കൂടുതല്‍ബന്ധപ്പെട്ടവരുമാണ്; നിങ്ങള്‍ നിങ്ങളുടെ ബന്ധുമിത്രങ്ങള്‍ക്കു സമുചിതമായ വല്ലതും ചെയ്തു കൊടുക്കുന്നതായാലൊഴികെ [അതിനു തടസ്സമില്ല.] ഇപ്പറഞ്ഞത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതായിരിക്കുന്നു. [സ്ഥിരപ്പെട്ട നിയമമാണ്.]
- النَّبِيُّ പ്രവാചകന്‍ أَوْلَىٰ ഏറ്റം ബന്ധപ്പെട്ടവനാണ് بِالْمُؤْمِنِينَ സത്യവിശ്വാസികളുമായി مِنْ أَنفُسِهِمْ അവരുടെ ദേഹങ്ങളെ (ആത്മാക്കളെ)ക്കാള്‍ وَأَزْوَاجُهُ അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ أُمَّهَاتُهُمْ അവരുടെ മാതാക്കളാണ്, ഉമ്മമാരാണ് وَأُولُو الْأَرْحَامِ രക്തബന്ധമുള്ളവര്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلَىٰ ഏറ്റം ബന്ധപ്പെട്ടവരാണ് بِبَعْضٍ ചിലരുമായി, ചിലരോടു فِي كِتَابِ اللَّـهِ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍നിന്നുള്ള وَالْمُهَاجِرِينَ മുഹാജിറുകളില്‍ നിന്നും إِلَّا أَن تَفْعَلُوا നിങ്ങള്‍ ചെയ്യുന്നതായാലല്ലാതെ إِلَىٰ أَوْلِيَائِكُم നിങ്ങളുടെ ബന്ധുമിത്രങ്ങളിലേക്കു مَّعْرُوفًا വല്ല സൽക്കാര്യവും, സമുചിതമായതിനെ, സദാചാരമായതു كَانَ ذَٰلِكَ അതായിരിക്കുന്നു, ആകുന്നു فِي الْكِتَابِ വേദഗ്രന്ഥത്തില്‍ مَسْطُورًا രേഖപ്പെടുത്തപ്പെട്ടതു
വളരെ പ്രധാനങ്ങളായ നാലഞ്ചു കാര്യങ്ങള്‍ അല്ലാഹു ഈ ആയത്തു മുഖേന വിവരിക്കുന്നു:-
1) സത്യവിശ്വാസികളെസംബന്ധിച്ചിടത്തോളം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോടു തങ്ങളെക്കാളും – മറ്റാരെക്കാളും – കൂടുതല്‍ ബന്ധപ്പെട്ട ആളാകുന്നു. (النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ) വളരെ കനത്ത ഒരു യാഥാര്‍ത്ഥ്യമാണ് അല്ലാഹു ഇതു മുഖേന ചൂണ്ടിക്കാട്ടുന്നത്. ഏതെല്ലാം വിഷയത്തിലാണ് ഈ ബന്ധം ഉള്‍ക്കൊള്ളുന്നതെന്നൊരു പരിധി നിശ്ചയിച്ചിട്ടില്ല. അതിനാവശ്യവുമില്ല. ഐഹികവും, പാരത്രികവും, മതപരവുമായ എല്ലാ തുറകളിലും അവിടുന്ന് സത്യവിശ്വാസികളുടെ മാതൃകയും, വഴികാട്ടിയും, ഗുണകാക്ഷിയുമാണ്. ഓരോരുത്തനും തന്‍റെ ദേഹത്തെക്കള്‍ തിരുമേനിയെ മാനിക്കണം, സ്നേഹിക്കണം, അവിടുത്തെ ആവശ്യത്തിനും തീരുമാനത്തിന്നും പ്രാധാന്യം നല്‍കണം, അവിടുത്തെ ദേഹത്തിനും, മാനത്തിനും മുന്‍ഗണന നല്‍കണം, അവിടുത്തെ കല്പനകള്‍ക്കോ നടപടി ക്രമങ്ങള്‍ക്കോ യോജിക്കാത്തതൊന്നും സ്വീകരിച്ചുകൂടാ, ഇതെല്ലാം അതിന്‍റെ അര്‍ത്ഥവ്യാപ്തിയില്‍ ഉള്‍പ്പെടുന്നു. സഹാബികളുടെ ചര്യകള്‍ ഇതിനു സാക്ഷ്യവും വഹിക്കുന്നു. മനുഷ്യന്‍റെ ഐഹികവും, പാരത്രികവുമായ നന്മതിന്‍മകളെ ഒന്നൊഴിയാതെ വിവരിച്ചുതരുന്നതും, അങ്ങേഅറ്റത്തെ വാല്‍സല്യത്തോടും കൃപയോടുംകൂടി ശാശ്വതമോക്ഷത്തിലേക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതും, കാലാകാല ശിക്ഷയില്‍ നിന്നു വിമുക്തരാകുന്നതിനുള്ള താക്കീതുകള്‍ കാലേക്കൂട്ടി നല്‍കുന്നതും അല്ലാഹുവിന്‍റെ റസൂലായ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യല്ലാതെ മറ്റാരാണ്?! സത്യവിശ്വാസികള്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടുള്ള കടപ്പാടെന്താണെന്നും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യവിശ്വാസികളുമായി എത്രമാത്രം ബന്ധപ്പെട്ട ആളാണെന്നും മനസ്സിലാക്കുന്നതിനു ഖുര്‍ആനില്‍ ധാരാളം തെളിവുകള്‍ കാണാം. വിശേഷിച്ചും ഈ സൂറത്തിലെ പല വചനങ്ങളും പ്രത്യേകം ശ്രദ്ധേയമാകുന്നു. ധാരാളം ഹദീസുകളും ഈ വിഷയകമായി ഉദ്ധരിക്കുവാനുണ്ട്. ഉദാഹരണത്തിനു മാത്രം ചിലതു ഇവിടെ സ്മരിക്കുക:
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘എന്‍റെ ദേഹം യാതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളില്‍ ഒരാള്‍ക്കു അവന്‍റെ ദേഹത്തെക്കാളും അവന്‍റെ ധനത്തെക്കാളും, സന്താനങ്ങളെക്കാളും, എല്ലാ മനുഷ്യരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടവന്‍ ഞാനായിത്തീരുന്നതുവരെ അവന്‍ സത്യവിശ്വാസിയാകുകയില്ല.’ ഉമര്‍ (رضي الله عنه) ഒരിക്കല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു പറഞ്ഞു: ‘എന്‍റെ ദേഹം ഒഴിച്ചു മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ അങ്ങുന്നാകുന്നു.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഇല്ല ഉമറേ – തനിക്കു തന്നെക്കാളും ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കാതെ ഒക്കുകയില്ല.’ അദ്ദേഹത്തിനു കാര്യത്തിന്‍റെ ഗൗരവം മനസ്സിലായി. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ! അല്ലാഹു തന്നെയാണ! നിശ്ചയമായും അങ്ങുന്ന് എല്ലാവരെക്കാളും അധികം എനിക്കു ഇഷ്ടപ്പെട്ടവനാകുന്നു – എന്‍റെ സ്വന്തം ദേഹത്തെക്കാള്‍പോലും!’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: الآن ياعمر (ഇപ്പോള്‍ ശരി – ഉമറേ!). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ ഇപ്രകാരം പ്രസ്താവിച്ചതായി അബുഹുറൈറ (رضي الله عنه) നിവേദനം ചെയ്യുന്നു: ‘ഏതൊരു സത്യവിശ്വാസിയും തന്നെ, ഇഹത്തിലും, പരത്തിലും ഞാനവനോടു മനുഷ്യരില്‍വെച്ച് ഏറ്റവും ബന്ധപ്പെട്ടവനല്ലാതില്ല. വേണമെങ്കില്‍ (ഇതിനു തെളിവായി) النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ (നബി സത്യവിശ്വാസികളോടു അവരുടെ സ്വന്തം ദേഹങ്ങളെക്കാള്‍ ബന്ധപ്പെട്ടവനാകുന്നു) എന്ന ആയത്തു ഓതിക്കൊള്ളുക ആകയാല്‍, ഏതെങ്കിലും ഒരു സത്യവിശ്വാസി വല്ല ധനവും വിട്ട് (മരിച്ചു) പോകുന്നപക്ഷം, അവന്‍റെ അവകാശികള്‍ ആരായാലും ശരി അതവര്‍ അനന്തരമെടുത്തുകൊള്ളട്ടെ. ആരെങ്കിലും കടമോ അഗതികളെ (സന്താനങ്ങള്‍ മുതലായ പ്രാരബ്ധങ്ങളെ)യോ വിട്ടുപോകുന്നപക്ഷം എന്‍റെ അടുക്കല്‍ വരട്ടെ. ഞാനവന്‍റെ മൗലാ (ബന്ധു)യാകുന്നു.’ മറ്റൊരു നിവേദനത്തിലെ വാചകം: ‘സത്യവിശ്വാസികളില്‍ ആരെങ്കിലും മരിക്കുകയും കടം ബാക്കി വെക്കുകയും ചെയ്യുന്നതായാല്‍, അതു വീട്ടുന്നതു എന്‍റെ ബാധ്യതയാണ്. ധനം വിട്ടുപോയാല്‍ അതവന്‍റെ അവകാശികള്‍ക്കുമാകുന്നു.’ എന്നാണ്. ഇസ്‌ലാമിനു വിജയങ്ങള്‍ കൈവരികയും ‘ഗനീമത്തു’ സ്വത്തുക്കള്‍ ലഭിച്ചുകൊണ്ടിരിക്കയും ചെയ്ത അവസരത്തിലാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ പ്രഖ്യാപനം ചെയ്തത്. (ഈ ഹദീസുകളെല്ലാം തന്നെ ബുഖാരിയിലും മറ്റും കാണാം.).
2) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പത്നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാകുന്നു. (وَأَزْوَاجُهُ أُمَّهَاتُهُمْ) അഥവാ, മാതാക്കളെപ്പോലെ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. തിരുമേനിക്കുശേഷം അവരെ ആര്‍ക്കും വിവാഹം ചെയ്‌വാനും പാടുള്ളതല്ല. പക്ഷെ, പര്‍ദ്ദ ആചരിക്കുന്നതില്‍ അവര്‍ മറ്റുള്ള സ്ത്രീകളെപ്പോലെത്തന്നെ. 53-ആം വചനം നോക്കുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരെ സംബന്ധിച്ച പല വിഷയങ്ങളും ഈ സൂറത്തില്‍ താഴെ കാണാവുന്നതാണ്.
3) രക്തച്ചാര്‍ച്ചയുള്ള കുടുംബങ്ങള്‍ തമ്മിലാണ് കൂടുതല്‍ ബന്ധമുള്ളത്. മദീനാ ഹിജ്റയെത്തുടര്‍ന്ന്‍ മക്കായില്‍ നിന്നു ഹിജ്റ വന്ന സഹാബികളും, മദീനായിലെ ‘അന്‍സാരി’കളാകുന്ന സഹാബികളും തമ്മില്‍ ഒരു പ്രത്യേക സാഹോദര്യബന്ധം സ്ഥാപിക്കപ്പെട്ടിരുന്നുവല്ലോ. ഹിജ്റയുടെയും, മതസാഹോദര്യത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു അത്. ഇസ്‌ലാമിലെ അനന്തരാവകാശനിയമം അന്നു നടപ്പാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. പ്രസ്തുതബന്ധം അനുസരിച്ച് മുഹാജിറുകള്‍ക്കു അന്‍സാരികളുടെ സ്വത്തില്‍ അനന്തരാവകാശംപോലും നല്‍കപ്പെട്ടിരുന്നു. وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ (രക്തബന്ധമുള്ളവര്‍ പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടവരാണ്) എന്ന വാക്യം ഇത്തരത്തിലുള്ള അനന്തരാവകാശ സമ്പ്രദായത്തെ നിറുത്തലാക്കുകയും സ്വത്തവകാശത്തിനുള്ള അര്‍ഹത കുടുംബബന്ധമാണെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. فِي كِتَابِ اللَّـهِ (അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ – അഥവാ നിയമപ്രകാരം) എന്ന വാക്കു ഈ നിയമത്തിനു സ്ഥിരത നല്‍കുകയും ചെയ്യുന്നു. مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ (സത്യവിശാസികളില്‍ നിന്നും മുഹാജിറുകളില്‍ നിന്നും – അഥവാ മതവിഷയത്തില്‍ സ്വരാജ്യം ത്യജിച്ചു അഭയാര്‍ത്ഥികളായി വന്നവരില്‍ നിന്നും-) എന്നു പറഞ്ഞതു ശ്രദ്ധേയമാണ്. ഹിജ്റയുടെയോ മതത്തിന്‍റെയോ പേരിലുള്ള മൈത്രീബന്ധം നിമിത്തം ഇനിമേലില്‍ സ്വത്തവകാശമില്ലെന്ന സൂചന ഇതില്‍ കാണാം. ഒരു മുസ്‌ലിമിന്‍റെ സ്വത്തവകാശം ലഭിക്കുന്നതിനു അയാളുമായുള്ള കുടുംബബന്ധത്തിനുപുറമെ മതവിശ്വാസത്തിലും യോജിക്കേണ്ടതുണ്ടെന്നും ഈ വാക്കില്‍ നിന്നു ധ്വനിക്കുന്നു. ഇതു ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ വ്യക്തമാക്കിയിട്ടുമുണ്ട്. لَا يَرِثُ الْمُسْلِمُ الْكَافِرَ ، وَلَا يَرِثُ الْكَافِرُ الْمُسْلِمَ – متفق عليه (മുസ്‌ലിം കാഫിറിനെയും – അവിശ്വാസിയെയും – കാഫിര്‍ മുസ്‌ലിമിനെയും അനന്തരമെടുക്കുകയില്ല.- (ബു; മു).
4) രക്തബന്ധമില്ലാത്ത ബന്ധുക്കള്‍ക്കു – അവര്‍ സത്യവിശ്വാസികളോ, മുഹാജിറുകളോ, മറ്റുതരത്തില്‍ മൈത്രിയുള്ളവരോ എന്ന നിലക്കു – ഒസിയ്യത്തായോ മറ്റു വിധത്തിലോ വല്ല ഉപകാരവും ചെയ്യുന്നതിനു ഈ നിയമം ഒരിക്കലും തടസ്സമാകുന്നില്ല (إِلَّا أَن تَفْعَلُوا إِلَىٰ أَوْلِيَائِكُم مَّعْرُوفًا) അനന്തരാവകാശികളെന്ന നിലക്കു നിയമപരമായ അവകാശമൊന്നും അവര്‍ക്കില്ലെന്നു മാത്രം. നിയമപരമായി സ്വത്തവകാശത്തിനു അര്‍ഹരായ കുടുംബാംഗങ്ങള്‍ക്കു ഒസിയ്യത്തിന്‍റെ ആവശ്യം സാധാരണമായി നേരിടുന്നില്ല. അതുകൊണ്ട് ഹദീസില്‍ അതു വിരോധിക്കപ്പെട്ടിട്ടുമുണ്ട്. എനി വല്ല പ്രത്യേക പരിതസ്ഥിതിയിലും അവകാശികളില്‍ ചിലര്‍ക്കു പ്രത്യേകം ഒസിയ്യത്തു ചെയ്യേണ്ടതുണ്ടെങ്കില്‍ അതു മറ്റുള്ള അവകാശികളുടെ അനുമതിയോടുകൂടി ചെയ്യാവുന്നതുമാണ്.
5) ഇതു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട നിയമമാകുന്നു. (كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا) അപ്പോള്‍ വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ഈ നിയമത്തില്‍ ഒരു ഭേദഗതിയും ഒരിക്കലും വരുത്തുവാന്‍ നിവൃത്തിയില്ല; ഖണ്ഡിതമായ നിയമമാണത്. ‘മരുമക്കത്തായ’ക്കാരും, സാക്ഷാല്‍ സ്വത്തിനവകാശികളായ ആളുകള്‍ക്കു – മുഴുവനായോ ഭാഗികമായോ – സ്വത്തു ലഭിക്കാതിരിക്കാന്‍ കൃത്രിമ രേഖകളോ കൈമാറ്റലുകളോ നടത്തുന്നവരും അല്ലാഹുവിന്‍റെ ഈ നിയമത്തെ പ്രത്യക്ഷത്തില്‍ ലംഘിക്കുകയാണു ചെയ്യുന്നത്. ഇത്രയും ഊന്നിപ്പറഞ്ഞ ഈ നിയമം പുറംതള്ളുന്നവര്‍ അവന്‍റെ കടുത്ത ശിക്ഷക്കു തികച്ചും അര്‍ഹരായിരിക്കുകതന്നെ ചെയ്യും. അല്ലാഹു രക്ഷിക്കട്ടെ. ആമീന്‍.
33:7
- وَإِذْ أَخَذْنَا مِنَ ٱلنَّبِيِّۦنَ مِيثَٰقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَٰقًا غَلِيظًا ﴾٧﴿
- (നബിയേ) പ്രവാചകന്‍മാരില്‍ നിന്ന് – നിന്നില്‍നിന്നും, നൂഹ്, ഇബ്രാഹിം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍നിന്നും തന്നെ – നാം തങ്ങളുടെ ഉറപ്പു വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക)! അവരില്‍നിന്നു നാം ഗൗരവപ്പെട്ട ഉറപ്പ് വാങ്ങുകയും ചെയ്തിരിക്കുന്നു.
- وَإِذْ أَخَذْنَا നാം വാങ്ങിയ (എടുത്ത) സന്ദര്‍ഭം مِنَ النَّبِيِّينَ നബിമാരില്‍നിന്നു مِيثَاقَهُمْ അവരുടെ ഉറപ്പ്, ഉടമ്പടി وَمِنكَ നിന്നില്‍നിന്നും وَمِن نُّوحٍ നൂഹില്‍നിന്നും وَإِبْرَاهِيمَ ഇബ്രാഹീമില്‍നിന്നും وَمُوسَىٰ മൂസായില്‍നിന്നും وَعِيسَى ഈസായില്‍നിന്നും ابْنِ مَرْيَمَ മര്‍യമിന്‍റെ മകനായ وَأَخَذْنَا നാം വാങ്ങുകയും ചെയ്തു مِنْهُم അവരില്‍നിന്നു مِّيثَاقًا ഉറപ്പ് غَلِيظًا ഗൗരവപ്പെട്ട ശക്തമായ
33:8
- لِّيَسْـَٔلَ ٱلصَّٰدِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَٰفِرِينَ عَذَابًا أَلِيمًا ﴾٨﴿
- സത്യവാന്‍മാരോട് അവരുടെ സത്യതയെക്കുറിച്ച് അവന് (അല്ലാഹുവിന്) ചോദ്യം ചെയ്‌വാന്‍ വേണ്ടിയാകുന്നു (അത്). അവിശ്വാസികള്‍ക്കു അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
- لِّيَسْأَلَ അവന്‍ ചോദിക്കുവാന്‍ (ചോദ്യം ചെയ്‌വാന്‍) الصَّادِقِينَ സത്യവാന്‍മാരോടു عَن صِدْقِهِمْ അവരുടെ സത്യത്തെ (സത്യതയെ) പ്പറ്റി وَأَعَدَّ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക് عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ
നബിമാരില്‍നിന്നും അല്ലാഹു വാങ്ങിയ ഈ ഉറപ്പിനെ – കരാറിനെ – ക്കുറിച്ചു ഇവിടെ വിശദീകരിച്ചിട്ടില്ലെങ്കിലും, സൂ: ആലുഇംറാനിലും മറ്റും പ്രസ്താവിച്ചിട്ടുള്ളതില്‍നിന്നു നമുക്കതു ഏതാണ്ടു മനസ്സിലാക്കുവാന്‍ കഴിയും. അല്ലാഹു പറയുന്നു:
وَإِذْ أَخَذَ اللَّـهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا : سورة آل عمران : ٨١
(സാരം: നിങ്ങള്‍ക്കു വല്ല വേദഗ്രന്ഥമോ, വിജ്ഞാനമോ ഞാന്‍ നല്‍കുകയും, പിന്നീടു നിങ്ങളുടെ വശമുള്ളതിനെ സത്യമായി സ്ഥാപിക്കുന്ന ഏതെങ്കിലും റസൂല്‍ നിങ്ങള്‍ക്കു വരുകയും ചെയ്യുന്നപക്ഷം, നിങ്ങള്‍ നിശ്ചയമായും അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണമെന്നു അല്ലാഹു നബിമാരോടു കരാറു വാങ്ങിയ സന്ദര്‍ഭം! അവന്‍ പറഞ്ഞു: ‘നിങ്ങള്‍ സമ്മതിക്കുകയും അതിന്‍റെമേല്‍ എന്നോടുള്ള ഉത്തരവാദിത്തഭാരം ഏറ്റെടുക്കുകയും ചെയ്തുവോ?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു.’ (ആലുഇംറാന്‍ : 81). ഏഴാം വചനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞ അതേ അഞ്ചു പ്രവാചകന്‍മാരോടു കല്പിച്ച ഒസിയ്യത്തായിക്കൊണ്ടു സൂ: ശൂറാ 13ല്‍ ഇങ്ങിനെ പറയുന്നു:
أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ : سورة الشورى : ١٣
(നിങ്ങള്‍ മതത്തെ നിലനിറുത്തുവിന്‍, അതില്‍ ഭിന്നിക്കരുത്.)
1. ഗ്രന്ഥകര്‍ത്താവിന്‍റെ ഈ പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത്, സൂറ: ആലു ഇംറാനിലെ 81-ാം സൂക്തത്തിലും ഇവിടെയും പറഞ്ഞ കരാറുകള്‍ ഒന്നുതന്നെയാണെന്നും, ഇത് തന്നെയാണ് ബഹു: അമാനി മൗലവിയുടെ അഭിപ്രായമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഖാദിയാനികള്‍ സാധാരണ ശ്രമം നടത്താറുണ്ട്. ഖാദിയാനീപ്രവാചകത്വം സ്ഥാപിക്കുവാന്‍ ഇക്കൂട്ടര്‍ ചെയ്തുവരാറുള്ള ദുര്‍വ്യാഖ്യാനങ്ങളില്‍ ഒന്നുമാത്രമാണിത്. സൂറ: ആലുഇംറാനിലെ 81-ാം സൂക്തത്തിന്‍റെ അര്‍ത്ഥവും അതിന്ന് അമാനി മൗലവി നല്‍കിയ വിവരണവും പരിശോധിക്കുക
അല്ലാഹു നബിമാര്‍ക്കു ‘രിസാലത്താ’കുന്ന ദിവ്യദൗത്യം നല്‍കുന്നതുതന്നെ ഒരുതരം കരാറാണ് എന്നു പറയാം, അതു ശരിക്കും നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരാണല്ലോ. അതവര്‍ നിര്‍വ്വഹിക്കുമെന്നു ഏറ്റുപറയുമ്പോള്‍ ആ ബാധ്യത കൂടുതല്‍ ഗൗരവപ്പെടുകയും ചെയ്യുന്നു.
‘പ്രാവചകന്‍മാരില്‍നിന്നു കരാര്‍ വാങ്ങി’ എന്നു ആദ്യം പൊതുവില്‍ പറഞ്ഞശേഷം അഞ്ചു പ്രാവാചകന്‍മാരുടെ പേര്‍ പ്രത്യേകം അല്ലാഹു ഇവിടെ എടുത്തുപറഞ്ഞിരിക്കയാണ്. അല്ലാഹുവിങ്കലും, ലോകചരിത്രത്തിലും അവര്‍ക്കുള്ള പ്രത്യേക പദവിയാണത് കുറിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ അഞ്ചു പ്രവാചകവര്യന്മാര്‍ക്കു اولو العزم (ദൃഢചിത്തതയുള്ളവര്‍) എന്ന കീര്‍ത്തിനാമം ലഭിച്ചിരിക്കുന്നതും. നൂഹ് (عليه السلام), ഇബ്രാഹീം (عليه السلام), മൂസാ (عليه السلام), ഈസാ (عليه السلام) എന്നീ നബിമാരുടെ പേരുകള്‍ അവരുടെ കാലക്രമം അനുസരിച്ചുതന്നെ അല്ലാഹു പ്രസ്താവിച്ചു. എന്നാല്‍, ഏറ്റവും ഒടുവിലത്തെ പ്രവാചകവര്യനായ മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പേരുപറഞ്ഞിട്ടില്ല. ‘നിന്നില്‍നിന്നും’ (وَمِنكَ) എന്ന വാക്കിലൂടെ സംബോധനാരൂപത്തില്‍ – ഒന്നാമനായിത്തന്നെ – എടുത്തുപറഞ്ഞിരിക്കുകയാണ്. പ്രാവാചകന്‍മാരില്‍ വെച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കുള്ള ഏറ്റവും ഉല്‍കൃഷ്ട പദവിയെ ഇതു സൂചിപ്പിക്കുന്നു. പ്രവാചകന്‍മാര്‍ തങ്ങളുടെ കൃത്യം നിറവേറ്റുന്നതിലും, സമുദായങ്ങള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതിലും സത്യത പാലിച്ചിട്ടുണ്ടോ എന്നു അല്ലാഹു പരിശോധിക്കുകയും, അതിനെപ്പറ്റി ഖിയാമത്തുനാളില്‍ ചോദ്യംചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ചും, പ്രവാചകന്‍മാരുടെ ദൗത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുണ്ടാകുന്ന ശിക്ഷയെക്കുറിച്ചും ഉള്ള താക്കീതാണ് 8-ആം വചനത്തിലുള്ളത്.
فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ : سورة الاعراف : ٦
(യാതൊരു കൂട്ടരിലേക്കു റസൂല്‍ അയക്കപ്പെട്ടിരിക്കുന്നുവോ അവരോടു നിശ്ചയമായും നാം ചോദ്യംചെയ്യും. റസൂലായി അയക്കപ്പെട്ടവരോടും നിശ്ചയമായും നാം ചോദ്യംചെയ്യും. (സൂ: അഅ്റാഫ് : 6)).

Leave a comment