ആറാം ഘട്ടം – ക്യാമ്പയിൻ 11 – സൂറത്തു ലുഖ്മാന്‍ : ആയത്ത് 12 മുതൽ 19 വരെ

സൂറത്തു ലുഖ്മാന്‍: 12-19

വിഭാഗം – 2

31:12

  • وَلَقَدْ ءَاتَيْنَا لُقْمَـٰنَ ٱلْحِكْمَةَ أَنِ ٱشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ حَمِيدٌ ﴾١٢﴿
  • ലുഖ്മാന്നു നാം വിജ്ഞാനം നൽകുകയുണ്ടായിട്ടുണ്ട് – ‘അല്ലാഹുവിന്ന് നീ നന്ദി ചെയ്യണം’. എന്ന്. ആർ (അല്ലാഹുവിന്) നന്ദി കാണിക്കുന്നുവോ അവൻ തനിക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുന്നതായാലോ, എന്നാൽ നിശ്ചയമായും അല്ലാഹു ധന്യനാണ്, സ്തുത്യർഹനാണ്.
  • وَلَقَدْ ءَاتَيْنَا തീർച്ചയായും നാം കൊടുക്കുകയുണ്ടായി لُقْمَـٰنَ ലുഖ്മാന്നു ٱلْحِكْمَةَ വിജ്ഞാനം, തത്വജ്ഞാനം أَنِ ٱشْكُرْ നീ നന്ദിചെയ്യണമെന്നു لِلَّـهِ അല്ലാഹുവിനു وَمَن يَشْكُرْ ആരെങ്കിലും നന്ദി ചെയ്യുന്നതായാൽ فَإِنَّمَا يَشْكُرُ എന്നാൽ അവൻ നിശ്ചയമായും നന്ദിചെയ്യുന്നു لِنَفْسِهِۦ തനിക്കുവേണ്ടിത്തന്നെ وَمَن كَفَرَ ആരെങ്കിലും നന്ദികേടുചെയ്‌താൽ, അവിശ്വസിച്ചാൽ فَإِنَّ ٱللَّـهَ എന്നാൽ നിശ്ചയമായും അല്ലാഹു غَنِىٌّ ധന്യനാണ്, അനാശ്രയനാണ് حَمِيدٌ സ്തുത്യർഹനാണ്

‘ലുക്വ് മാനുൽ ഹകീം’ (لقمان الحكيم) അഥവാ വിജ്ഞാനിയായ ലുക്വ് മാൻ എന്ന പേർ പരക്കെ ഇന്നും പ്രചാരത്തിലുണ്ട്. ഖുർആൻ അവതരിച്ച കാലത്തും ആ നാമം പ്രചാരത്തിലുണ്ടായിരുന്നു. അദ്ദേഹം വിജ്ഞാനമൊഴി (*) കളായി പല നീതിവാക്യങ്ങളും ഗ്രന്ഥങ്ങളിൽ സ്ഥലംപിടിച്ചുകാണാം. ഇദ്ദേഹം ഏതു കാലക്കാരനും ദേശക്കാരനുമായിരുന്നുവെന്നുള്ളതിൽ പല അഭിപ്രായങ്ങൾ കാണാം. പക്ഷേ ഒന്നിനും മതിയായ തെളിവുകളില്ല. ഏതായാലും ബുദ്ധിയും, വിവേകവും, ജ്ഞാനവും തികഞ്ഞ ഒരു മഹാനായിരുന്നു അദ്ദേഹമെന്നതിൽ സംശയമില്ല.

അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്നു ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിനും സ്വീകാര്യമായ തെളിവുകൾ ഒന്നും കാണുന്നില്ല. പ്രവാചകനായിരുന്നില്ല – മഹാ വിജ്ഞാനിയായിരുന്ന ഒരു മഹാനായിരുന്നു – എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ലുക്വ്-മാന്നു നാം വിജ്ഞാനം നൽകിയിട്ടുണ്ടെന്നു അല്ലാഹു നൽകിയ കീർത്തിപത്രവും തുടർന്നുള്ള ആയത്തുകളിൽ അദ്ദേഹത്തെക്കുറിച്ചു ചെയ്ത പ്രസ്താവനകളും അദ്ദേഹത്തിന്റെ മഹത്വത്തിനു ധാരാളം മതിയായ ലക്ഷ്യങ്ങളാണ്. സൂറത്തുൽ ബക്വറഃയിൽ അല്ലാഹു പറയുന്നു :


(*) ‘മൗനം ഒരു വിജ്ഞാനമാണ്. അതു പ്രവർത്തനത്തിൽ വരുത്തുന്നവർ കുറവാണ്’ (الصَّمْتُ حِكَمٌ, وَقَلِيلٌ فَاعِلُهُ) എന്നും, ‘മകനേ, നീ മധുരമായിരിക്കരുത് – നിന്നെ വിഴുങ്ങിയേക്കും, നീ കയ്പുമായിരിക്കരുത് – നിന്നെ തുപ്പിക്കളഞ്ഞേക്കും’ (يا بني، لا تكن حلواً فتبلع ولا تكن مرا فتلفظ) എന്നും മറ്റും അദ്ദേഹത്തിന്റെ മൊഴികളായി രേഖപ്പെടുത്തപ്പെടുന്നു.


يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ – سورة البقرة : 269

(അവൻ – അല്ലാഹു ഉദ്ദേശിക്കുന്നവർക്കു അവൻ വിജ്ഞാനം നൽകുന്നു. ആർക്ക് വിജ്ഞാനം നൽകപ്പെടുന്നുവോ അവന് അധികരിച്ച നന്മ നൽകപ്പെട്ടുപോയി!)

ലുക്വ് മാൻ (رضي الله عنه) ന്നു ലഭിച്ച വിജ്ഞാനവും തത്വചിന്തയും – ഇന്നറിയപ്പെടുന്ന പല തത്വശാസ്ത്ര നിപുണന്മാരെപ്പോലെ – അദ്ദേഹത്തെ എത്തിച്ചത് ദൈവനിഷേധത്തിലേക്കോ, ആദ്ധ്യാത്മിക ചിന്താനിരാകരണത്തിലേക്കോ ആയിരുന്നില്ല. നേരെമറിച്ച് അദ്ദേഹത്തിന്റെ വിജ്ഞാനം അദ്ദേഹത്തെ നയിച്ചതു അല്ലാഹുവിന്റെ മഹത്വങ്ങളും, അവന്റെ പ്രീതിമാര്‍ഗ്ഗവും മനസ്സിലാക്കുന്നതിലേക്കും, അവനോടു കൂറും ഭക്തിയും കാണിക്കുന്നതിലേക്കുമായിരുന്നു. ആ വിജ്ഞാനത്തിന്റെ രത്നചുരുക്കം – അഥവാ ആകെത്തുക – അല്ലാഹുവിനു നന്ദിചെയ്യണം (أنِ اشْكُرْ لِلهِ) എന്നുള്ളതായിരുന്നു. കൂടുതലുള്ളതെല്ലാം ഈ മൂലവിജ്ഞാനത്തിന്റെ വിശദാംശങ്ങളാകുന്നു. ലോകസൃഷ്ടാവിന്റെ നിഷേധത്തിൽ അധിഷ്ഠിതമായ ആധുനിക സാങ്കേതിക തത്വശാസ്ത്രക്കാരുടെ നന്ദികെട്ട വിജ്ഞാനവും, ലുഖ്‌മാന്റെ നന്ദിയുടെ നന്ദിയാകുന്ന വിജ്ഞാനവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ആയത്തിലെ തുടർന്നുള്ള രണ്ടു കനത്ത വാക്യങ്ങളിൽ അല്ലാഹു ചൂണ്ടികാട്ടിയതു നോക്കുക! ലുക്വ് മാൻ (رضي الله عنه) തന്റെ മകനു നൽകിയ ഏതാനും സാരോപദേശങ്ങൾ അടുത്ത ചില വചനങ്ങളിൽ അല്ലാഹു ഉദ്ധരിക്കുന്നു.

31:13

  • وَإِذْ قَالَ لُقْمَـٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَـٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ ﴾١٣﴿
  • ലുക്വ് മാൻ, തന്റെ മകനോടു അദ്ദേഹം അവന് സദുപദേശം നൽകിക്കൊണ്ടിരിക്കവെ പറഞ്ഞ സന്ദർഭം (ഓർക്കുക) : ‘എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവിനോടു പങ്കുചേർക്കരുത്. നിശ്ചയമായും (അവനോട്) പങ്കുചേർക്കൽ വമ്പിച്ച അക്രമമത്രെ.’
  • وَإِذْ قَالَ പറഞ്ഞ സന്ദർഭം, പറഞ്ഞപ്പോൾ لُقْمَـٰنُ ലുക്വ് മാൻ لِٱبْنِهِۦ തന്റെ മകനോടു وَهُوَ അദ്ദേഹം يَعِظُهُۥ അവനു സദുപദേശം നൽകിക്കൊണ്ടിരിക്കെ يَـٰبُنَىَّ എന്റെ കുഞ്ഞു (ഓമന) മകനേ لَا تُشْرِكْ നീ പങ്കുചേർക്കരുതു, ശിർക്ക് ചെയ്യരുതു بِٱللَّـهِ അല്ലാഹുവിൽ إِنَّ ٱلشِّرْكَ നിശ്ചയമായും ശിർക്കു لَظُلْمٌ അക്രമം തന്നെ عَظِيمٌ വമ്പിച്ച

ഉപദേശങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപെട്ടതു ശിർക്കിൽ അകപ്പെടാതിരിക്കുവാനും, തൗഹീദിൽ ചരിക്കുവാനുമുള്ള ഉപദേശമാകുന്നു. തൗഹീദിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള ഏതു നന്മയും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അതുകൊണ്ടാണ് ലുക്വ് മാൻ (رضي الله عنه) തന്റെ മകനോടു ഒന്നാമതായി ഈ ഉപദേശം നൽകുന്നത്. മാതാപിതാക്കൾ തങ്ങളുടെ സന്താനങ്ങൾക്കു സദുപദേശങ്ങൾ വഴി മതശിക്ഷണം നൽകിക്കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകത, അവരുടെ ആദ്ധ്യാത്മിക നില നന്നാക്കുന്നതിൽ മാതാപിതാക്കൾക്കുള്ള കടമ, ഉപദേശങ്ങളിൽ മുൻഗണന നൽകേണ്ടുന്ന കാര്യങ്ങൾ, ഉപദേശവേളയിൽ അനുവർത്തിക്കേണ്ടുന്ന നയവും സൗമ്യതയും എന്നിങ്ങനെ പലതും അദ്ദേഹത്തിന്റെ ഉപദേശങ്ങളിൽ നിന്ന് നമുക്കു മനസ്സിലാക്കാം. ഓരോ വിഷയവും അദ്ദേഹം മകന്റെ മുമ്പിൽ വെക്കുന്നത്, ‘എന്റെ കുഞ്ഞുമകനേ’ (يَٰبُنَىَّ) എന്ന സംബോധനയോടുകൂടിയാണ്. ഓരോന്നും അവതരിപ്പിക്കുന്നത്, ഹൃദ്യമായ ഭാഷയിലും, ഓരോന്നിന്റെയും സമാപനമാകട്ടെ, യുക്തിപൂർവം കാര്യകാരണത്തോടുകൂടിയും ! (13, 16, 17, 18, 19 വചനങ്ങൾ നോക്കുക.) ഹാ, എത്ര ആകർഷണീയം! എന്തൊരു മാതൃക !

മാതാപിതാക്കൾ മക്കളുടെ ജനയിതാക്കളും രക്ഷിതാക്കളുമാണ്. അവർക്കു പ്രകൃത്യാ മക്കളോടു അളവറ്റ വാത്സല്യവും കൃപയും ഉണ്ടായിരിക്കും. ആകയാൽ, അവർ മറ്റാരെക്കാളും അവരുടെ ഗുണകാംക്ഷികളായിരിക്കുമെന്നതും സ്വാഭാവികമാണ്. പക്ഷേ, മാതാപിതാക്കളുടെ സ്ഥിതിഗതികൾക്കനുസരിച്ച് അതിന്റെ നിർവ്വഹണത്തിലും, പ്രയോഗത്തിലും വ്യത്യാസം ഉണ്ടായിരിക്കുമെന്നുമാത്രം. എന്നാൽ, മാതാപിതാക്കളിൽ പ്രകൃത്യാ നൽകപ്പെട്ടിരിക്കുന്ന ആ പ്രേരണകൊണ്ടു ഇസ്‌ലാം മതിയാക്കുന്നില്ല. മക്കൾക്ക് വേണ്ടുന്ന ശിക്ഷണങ്ങളും, മാർഗ്ഗദർശനങ്ങളും നൽകുന്നതും, അവരെ സൽപന്ഥാവിൽ വളർത്തതുന്നതും മതദൃഷ്ട്യാ രക്ഷിതാക്കളുടെ ഒഴിച്ചു കൂടാത്ത കടമകൂടിയാകുന്നു. ഈ വസ്തുത പല ഖുർആൻ വാക്യങ്ങളിൽ നിന്നും, നബി വാക്യങ്ങളിൽ നിന്നും പരക്കെ അറിയപ്പെട്ടിട്ടുള്ളതാണല്ലോ.

ഇതിനു ഒരു മറുവശമുണ്ട്. മക്കളുടെ പേരിൽ മാതാപിതാക്കൾക്കുള്ള വാത്സല്യത്തിന്റെയും, ഗുണകാംക്ഷയുടെയും ആഴമാകട്ടെ, തങ്ങൾക്കുവേണ്ടി അവർ അനുഭവിക്കേണ്ടി വന്നിട്ടുള്ള യാതനകളുടെ അളവുകളാകട്ടെ ശരിക്കു മനസ്സിലാക്കുവാൻ മക്കൾക്കു സാധിക്കുന്നതല്ല. സാധിച്ചാൽ തന്നെയും അതിനു തികച്ചും അനുയോജ്യമായ പ്രതിഫലം നൽകി ആ കടപ്പാടു തീർക്കുവാൻ അവർക്കു അസാധ്യമാവുന്നു. മാതാപിതാക്കളെ വല്ലവരുടെയും അടിമകളായി കണ്ടെത്തുകയും, അപ്പോൾ അവരെ വിലകൊടുത്തുവാങ്ങി സ്വതന്ത്രരാക്കി വിടുകയും ചെയ്യുന്നതായാലല്ലാതെ, മാതാപിതാക്കൾക്കു പ്രതിഫലം കൊടുക്കുവാൻ മക്കൾക്കു സാധ്യമല്ല’ എന്ന നബിവചനം (لاَ يَجْزِي وَلَدٌ وَالِدًا إِلاَّ أَنْ يَجِدَهُ مَمْلُوكًا فَيَشْتَرِيَهُ فَيُعْتِقَهُ‏ – رواه مسلم) ഇവിടെ സ്മരണീയമാകുന്നു.

ചുരുക്കിപ്പറഞ്ഞാൽ മാതാപിതാക്കളുടെ പേരിലുള്ള കടപ്പാടിനേക്കാൾ എത്രയോ വമ്പിച്ചതാണ് മക്കൾക്കു അവരുടെ നേരെയുള്ള കടപ്പാട്. അതുകൊണ്ടാണ് ഈ വശത്തെക്കുറിച്ച്‌ ഖുർആനും, നബിവചനങ്ങളും കൂടുതൽ ശക്തമായ ഭാഷയിൽ ആവർത്തിച്ചാവർത്തിച്ച് ഉൽബോധനം നൽകുന്നതും. പലപ്പോഴും ശിർക്കിനെക്കുറിച്ചു താക്കീതു ചെയ്തതിന്റെ തൊട്ടടുത്ത വാചകം ഖുർആനിൽ മാതാപിതാക്കളെ സംബന്ധിച്ച ഉപദേശമായിരിക്കും. മാത്രമല്ല, ചിലപ്പോൾ അല്ലാഹുവിന്റെ ഒരു പ്രത്യേക ആജ്ഞാനിർദേശം (വസ്വിയ്യത്ത്) കൂടിയാണതെന്ന മുഖവുരയും അതൊന്നിച്ചു കാണാം. (അടുത്ത ആയത്തും, സൂഃ ഇസ്രാഉ് 23, സൂ: അങ്കബൂത്ത് : 8, സൂ: അഹ്ക്വാഫ് 15 എന്നിവയും ഇതിന് ഉദാഹരണമാണ്.) ലുക്വ് മാൻ (رضي الله عنه) ചെയ്ത ഒന്നാമത്തെ ഉപദേശം ഉദ്ധരിച്ചശേഷം – അടുത്ത ഉപദേശം ഉദ്ധരിക്കുന്നതിനുമുമ്പായി – അല്ലാഹു മനുഷ്യരോടാകമാനം ചെയ്യുന്ന വസ്വിയ്യത്തിൽ മാതാപിതാക്കൾക്കു കൽപിക്കുന്ന സ്ഥാനം എന്തുമാത്രമാണെന്നു പരിശോധിച്ചു നോക്കുക!-

31:14

  • وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍ وَفِصَـٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ ﴾١٤﴿
  • മനുഷ്യനോട് അവന്റെ മാതാപിതാക്കളെപ്പറ്റി നാം ‘വസ്വിയ്യത്ത്’ [ആജ്ഞാ നിർദേശം] നൽകിയിരിക്കുന്നു: അവന്റെ മാതാവ് ക്ഷീണത്തിനുമേൽ ക്ഷീണത്തോടെ അവനെ (ഗർഭം) ചുമന്നു; അവന്റെ (മുലകുടി അവസാനിപ്പിച്ചുള്ള) വേർപാടാകട്ടെ, രണ്ടുവർഷം കൊണ്ടുമാണ്; ‘എനിക്കും, നിന്റെ മാതാപിതാക്കൾക്കും നീ നന്ദിചെയ്യണം. എന്റെ അടുക്കലേക്കാണ് നിങ്ങളുടെ തിരിച്ചുവരവ്.
  • وَوَصَّيْنَا നാം വസ്വിയ്യത്ത് (ആജ്ഞാ നിർദേശം) നൽകി ٱلْإِنسَـٰنَ മനുഷ്യനു بِوَٰلِدَيْهِ അവന്റെ മാതാപിതാക്കളെപ്പറ്റി حَمَلَتْهُ അവനെ (ഗർഭം) ചുമന്നു أُمُّهُ അവന്റെ മാതാവ് وَهْنًا ക്ഷീണത്തോടെ, ബലഹീനമായി عَلَىٰ وَهْنٍ ക്ഷീണത്തിനുമേൽ وَفِصَـٰلُهُ അവന്റെ വേർപാടു (മുലകുടിമാറ്റൽ) فِى عَامَيْنِ രണ്ടു വർഷത്തിനകമായിരിക്കും, രണ്ടു കൊല്ലം കൊണ്ടായിരിക്കും, أَنِ ٱشْكُرْ നീ നന്ദി ചെയ്യണമെന്നു لِى എനിക്കു وَلِوَٰلِدَيْكَ നിന്റെ മാതാപിതാക്കൾക്കും إِلَىَّ എന്റെ അടുക്കലേക്കാണ് ٱلْمَصِيرُ തിരിച്ചുവരവ്

31:15

  • وَإِن جَـٰهَدَاكَ عَلَىٰٓ أَن تُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفًا ۖ وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ۚ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾١٥﴿
  • ‘നിനക്കു (യഥാർഥത്തിൽ) യാതൊരു അറിവുമില്ലാത്ത ഏതെങ്കിലുമൊന്നിനെ എന്നോടു നീ പങ്കുചേർക്കുവാൻ അവർ നിന്നെ ബുദ്ധിമുട്ടിക്കുന്നപക്ഷം, അപ്പോൾ നീ അവരെ അനുസരിക്കരുത്. ഇഹത്തിൽ നീ അവരോട് സദാചാരമനുസരിച്ച്‌ (നല്ല നിലക്കു) സഹവസിക്കുകയും ചെയ്യണം; എന്റെ അടുക്കലേക്കു (ഖേദിച്ചു) മടങ്ങിയവരുടെ മാർഗ്ഗം പിൻപറ്റുകയും ചെയ്യുക. പിന്നീട് പിന്നീട്, നിങ്ങളുടെ (എല്ലാവരുടെയും) മടക്കം എന്റെ അടുക്കലേക്കുതന്നെ. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.
  • وَإِن جَـٰهَدَاكَ അവർ രണ്ടാളും നിന്നെ ബുദ്ധിമുട്ടിച്ചാൽ, നിർബ്ബന്ധിച്ചാൽ عَلَىٰٓ أَن تُشْرِكَ നീ പങ്കുചേർക്കുവാൻ بِى എന്നോട്, എന്നിൽ مَا لَيْسَ ഇല്ലാത്ത യാതൊന്നിനെ لَكَ നിനക്കു بِهِۦ അതിനെപ്പറ്റി عِلْمٌ ഒരറിവും فَلَا تُطِعْهُمَا അപ്പോൾ നീ അവരെ അനുസരിക്കരുത് وَصَاحِبْهُمَا നീ അവരോട് സഹവസിക്കയും ചെയ്യണം فِى ٱلدُّنْيَا ഇഹത്തിൽ مَعْرُوفًا സദാചാരപ്രകാരം (നല്ല നിലയിൽ) وَٱتَّبِعْ നീ പിൻപറ്റുകയും ചെയ്യുക سَبِيلَ مَنْ യാതൊരുവരുടെ മാർഗം أَنَابَ إِلَىَّ എന്നിലേക്ക് മടങ്ങിയ, ഖേദിച്ചുവന്ന ثُمَّ إِلَىَّ പിന്നെ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടങ്ങിവരവ് فَأُنَبِّئُكُم അപ്പോൾ ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തും, അറിയിച്ചുതരും بِمَا യാതൊന്നിനെപ്പറ്റി كُنتُمْ تَعْمَلُونَ നിങ്ങൾ പ്രവർത്തിച്ചുവന്നിരുന്ന

മാതാപിതാക്കളോടുള്ള കടമകൾക്ക് ഇസ്‌ലാം കൽപിക്കുന്ന ഗൗരവവും, മറ്റു പല കാര്യങ്ങളും ഈ വചനങ്ങളിൽനിന്നു മനസ്സിലാക്കുവാൻ കഴിയും :

1) പിതാവിനെ അപേക്ഷിച്ച് മാതാവിനോടുള്ള കടമയാണ് കൂടുതൽ ശക്തമായത്. കാരണം വ്യക്തമാണ്. ഏതാണ്ട് പത്ത് മാസത്തോളം അവൾ ഗർഭം ചുമന്ന് ബുദ്ധിമുട്ടി. അനന്തരം പ്രസവവേദനയും സഹിക്കേണ്ടിവന്നു. പ്രസവശേഷം കുറേ മാസങ്ങളോളം ഊണിനും ഉറക്കിനുപോലും സമയം കിട്ടാത്തവിധം ശിശുവിന് മുലകൊടുത്തതും ശുശ്രൂഷിച്ചും അവൾ കഴിച്ചുകൂട്ടേണ്ടിവന്നു. ഇതുകൊണ്ടും അവസാനിച്ചില്ല. മുലകുടി മാറ്റിയശേഷം പിന്നെയും കുറേകാലം അവൾ കുഞ്ഞിനുവേണ്ടി കഷ്ടപ്പെടേണ്ടതുണ്ട്. പിതാവാകട്ടെ, രക്ഷിതാവെന്ന നിലയിൽ മക്കളെ സംബന്ധിച്ച് അവനുള്ള ബാധ്യതകളും വിഷമതകളും വളരെ വമ്പിച്ചതു തന്നെ. എങ്കിലും മാതാവിന്റെ ത്യാഗങ്ങൾ അതിനെക്കാൾ എത്രയോ വമ്പിച്ചതു . അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് : ‘ഞാൻ നന്നായി സഹവസിക്കുവാൻ ഏറ്റവും അവകാശപ്പെട്ടവർ ആരാണോ എന്നു ഒരാൾ ചോദിച്ചപ്പോൾ അവിടുന്ന് أُمَّكَ (നിന്റെ ഉമ്മയാണ്) എന്നു ഉത്തരം പറഞ്ഞത്. ‘പിന്നെ ആരാണ്?’ എന്ന് ചോദ്യകർത്താവ് വീണ്ടും ചോദിച്ചു. അപ്പോഴും അതേ ഉത്തരം തന്നെ അവിടുന്നു പറഞ്ഞു. മൂന്നാമതു ചോദിച്ചപ്പോഴും അതേ ഉത്തരം തന്നെ നൽകി. നാലാമത്തെ പ്രാവശ്യത്തിൽ തിരുമേനി പറഞ്ഞു: أَبُوكَ ثُمَّ أَدْنَاكَ أَدْنَاكَ നിന്റെ ബാപ്പയാണ്. പിന്നെ നിന്നോടു കൂടുതൽ അടുത്തുവരും, പിന്നെ കൂടുതൽ അടുത്തവരുമായിരിക്കും. (ബു. മു.)

2) ശിശുക്കളുടെ മുലകുടികാലം രണ്ടു കൊല്ലമാണ്. പക്ഷേ, സംഗതിവശാൽ അതിൽ ഏറ്റക്കുറവ് വരുത്തേണ്ടിവരുകയോ, മാതാവല്ലാത്തവരെക്കൊണ്ട് അതു നടത്തേണ്ടിവരികയോ ചെയ്യുന്നപക്ഷം മാതാപിതാക്കൾ അന്യോന്യം ആലോചിച്ച് വേണ്ടതുപോലെ ചെയ്യാമെന്നും മറ്റുമുള്ള വിശദവിവരം സൂറത്തുൽ ബക്വറഃ 233-ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്.

3) മാതാപിതാക്കളോടു മക്കൾ എപ്പോഴും നന്ദിയും കൂറും ഉള്ളവരായിരിക്കണം. ‘എനിക്കും നിന്റെ മാതാപിതാക്കൾക്കും നന്ദി ചെയ്യുക’

(أَنِ اشْكُرْ لِي وَلِوَالِدَيْكَ) എന്ന് – അല്ലാഹുവിനോടൊപ്പം മാതാപിതാക്കളെയും ചേർത്തുകൊണ്ടു – പറഞ്ഞ വാക്യം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. എന്നാൽ, അല്ലാഹുവിനോടുള്ള കൂറും ഭക്തിയും മറ്റാരോടുള്ളതിനെക്കാളും പ്രാധാന്യമർഹിക്കുന്നുവെന്നത് വിസ്മരിച്ചുകൂടാ.

4) മാതാപിതാക്കളെ അനുസരിക്കലും, അവർക്കു നന്ദി ചെയ്യലും വമ്പിച്ച കടമയാണെന്നുവെച്ച് അവർ കൽപിക്കുന്നതെന്തും അനുസരിക്കാമെന്നു വിചാരിക്കാവതല്ല. തൗഹീദിനെതിരായി ശിർക്കുപരമായ വിശ്വാസമോ പ്രവൃത്തിയോ സ്വീകരിക്കുവാൻ അവർ നിർബ്ബന്ധിക്കുന്നപക്ഷം അതനുസരിക്കുവാൻ പാടില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الخَالِقِ – شرح السنة സൃഷ്ടാവിന്റെ കൽപനക്കു വിപരീതമായി ഒരു സൃഷ്ടിയെയും അനുസരിച്ചുകൂടാ എന്നു സാരം.

5) മാതാപിതാക്കൾ ആദർശത്തിൽ യോജിക്കാത്തവരോ, അമുസ്‌ലിംകളോ ആയിരുന്നാലും – ശിർക്ക് ചെയ്‍വാൻ നിർബന്ധിക്കുന്നവരായിരുന്നാൽ പോലും – അവരുടെ മരണം വരെ അവരോടു നന്നായി പെരുമാറേണ്ടതാകുന്നു. എന്നിരിക്കെ, സ്വഭാവദോഷത്തിന്റെയോ, അറിവില്ലായ്മയുടെയോ, വാർദ്ധക്യസഹജമായുണ്ടാകുന്ന സ്വഭാവവൈകല്യങ്ങളുടെയോ പേരിൽ മാതാപിതാക്കളെ വെറുക്കുന്നതും അവരോടു അപമര്യാദയായി വർത്തിക്കുന്നതും എത്രമാത്രം അക്രമമായിരിക്കും ?! അവരോടു പരുഷമായി സംസാരിക്കരുതെന്നും, മാന്യമായ വാക്കുകൾ പറയണമെന്നും, താഴ്മയോടെ പെരുമാറണമെന്നും, അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും സൂഃ ഇസ്രാഉ്: 23, 24 വചനങ്ങളിൽ അല്ലാഹു വ്യകതമായി പ്രസ്‌താവിച്ചിട്ടുള്ളതാണ്.

‘നിനക്കു യാതൊരു അറിവും ഇല്ലാത്തതിനെ എന്നോടു പങ്കുചേർക്കുവാൻ…’ എന്നു പറഞ്ഞതിന്റെ താൽപര്യവും, ഈ ആയത്തുമായി ബന്ധപ്പെട്ട മറ്റു ചില സംഗതികളും സൂഃ അൻകബൂത്ത് 8-ാം വചനത്തിന്റെ വിവരണത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. അതിവിടെ ഓർമ്മിക്കാം. മക്കൾക്കുവേണ്ടി മാതാക്കൾ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾ ഏറിയകൂറും അവരുടെ ശൈശവത്തിലായിരിക്കുമല്ലോ. അതുകൊണ്ട് മക്കൾക്കു മിക്കവാറും അതിനെക്കുറിച്ച് വേണ്ടത്ര മനസ്സിലാക്കുവാൻ അവസരം കിട്ടുകയില്ല. പിതാക്കൾ മക്കൾക്കുവേണ്ടി അനുഭവിക്കുന്ന വിഷമങ്ങൾ ഏറെക്കുറെ മനസ്സിലാക്കുവാൻ മക്കൾക്കു അവസരം ലഭിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടായിരിക്കാം, പിതാവിന്റെ ത്യാഗത്തെക്കുറിച്ച് വിശേഷിച്ചൊന്നും ഇവിടെ എടുത്തുപറഞ്ഞു കാണാത്തത്. الله ٲعلم അടുത്ത വചനങ്ങളിൽലുക്വ് മാൻ (رضي الله عنه)ന്റെ സദുപദേശം തുടരുന്നു:-

31:16

  • يَـٰبُنَىَّ إِنَّهَآ إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِى صَخْرَةٍ أَوْ فِى ٱلسَّمَـٰوَٰتِ أَوْ فِى ٱلْأَرْضِ يَأْتِ بِهَا ٱللَّهُ ۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ ﴾١٦﴿
  • (ലുക്വ് മാൻ പറഞ്ഞു 🙂 ‘എന്റെ കുഞ്ഞുമകനേ, നിശ്ചയമായും (ഒരു) കാര്യം – അതൊരു കടുകിന്റെ മണിയുടെ തൂക്കമായിരുന്നാലും, എന്നിട്ടതു ഒരു പാറകല്ലി (ന്റെ ഉള്ളി)ലോ, ആകാശങ്ങളിലോ, ഭൂമിയിലോ (എവിടെയെങ്കിലും) ആയിരിക്കുകയും ചെയ്താലും, അല്ലാഹു അതു (രംഗത്തു) കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു നിഗൂഢജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു.
  • يَـٰبُنَىَّ എന്റെ കുഞ്ഞുമകനേ إِنَّهَآ നിശ്ചയമായും അതു (ഒരു കാര്യം) إِن تَكُ അതായിരുന്നാൽ مِثْقَالَ حَبَّةٍ ഒരു (ധാന്യ) മണിയുടെ തൂക്കം مِّنْ خَرْدَلٍ കടുകിൽ നിന്നുള്ള فَتَكُن എന്നിട്ടു അതായിരിക്കുകയും (ചെയ്‌താൽ) فِى صَخْرَةٍ ഒരു പാറകല്ലിൽ أَوْ فِى ٱلسَّمَـٰوَٰتِ അല്ലെങ്കിൽ ആകാശങ്ങളിൽ أَوْ فِى ٱلْأَرْضِ അല്ലെങ്കിൽ ഭൂമിയിൽ يَأْتِ بِهَا അതിനെ കൊണ്ടുവരും ٱللَّـهُ അല്ലാഹു إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു لَطِيفٌ നിഗൂഢജ്ഞാനിയാണ്, സൗമ്യനാണ് خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്

31:17

  • يَـٰبُنَىَّ أَقِمِ ٱلصَّلَوٰةَ وَأْمُرْ بِٱلْمَعْرُوفِ وَٱنْهَ عَنِ ٱلْمُنكَرِ وَٱصْبِرْ عَلَىٰ مَآ أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ ﴾١٧﴿
  • ‘എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം നിലനിറുത്തണം; സദാചാരംകൊണ്ടു കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യണം; നിനക്കു ബാധിക്കുന്നതിൽ [ആപത്തുകളിൽ] നീ ക്ഷമ കൈകൊള്ളുകയും വേണം. നിശ്ചയമായും അത് (എല്ലാം തന്നെ) ഖണ്ഡിതമായ [ഒഴിച്ചുകൂടാത്ത] കാര്യങ്ങളിൽപെട്ടതാകുന്നു.
  • يَـٰبُنَىَّ എന്റെ കുഞ്ഞുമകനേ أَقِمِ ٱلصَّلَوٰةَ നീ നമസ്കാരം നിലനിറുത്തുക وَأْمُرْ നീ കൽപിക്കുകയും ചെയ്യുക بِٱلْمَعْرُوفِ സദാചാരം കൊണ്ടു, നല്ല കാര്യത്തെക്കുറിച്ചു وَٱنْهَ വിരോധിക്കുകയും ചെയ്യുക عَنِ ٱلْمُنكَرِ ദുരാചാരത്തെ (വെറുക്കപ്പെട്ടതിനെ)ക്കുറിച്ചു وَٱصْبِرْ ക്ഷമിക്കുകയും ചെയ്യുക عَلَىٰ مَآ أَصَابَكَ നിനക്കു ബാധിച്ചതിൽ, ആപത്തു വന്നതിൽ إِنَّ ذَٰلِكَ നിശ്ചയമായും അതു مِنْ عَزْمِ ٱلْأُمُورِ ഖണ്ഡിതമായ (ഒഴിച്ചുകൂടാത്ത, ദൃഢതരമായ) കാര്യങ്ങളിൽപെട്ടതാണു

31:18

  • وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴾١٨﴿
  • നീ മനുഷ്യരോടു നിന്റെ കവിൾ കോട്ടരുത് [മുഖം തിരിക്കരുത്;] അഹന്ത കാട്ടി ഭൂമിയിൽകൂടി നടക്കുകയും അരുത്. നിശ്ചയമായും ദുരഭിമാനിയായ എല്ലാ (ഓരോ) അഹങ്കാരിയെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
  • وَلَا تُصَعِّرْ നീ കോട്ടുക (ചരിക്കുക, തിരിക്കുക, ചുളിക്കുക)യും അരുതു خَدَّكَ നിന്റെ കവിൾ (മുഖം) لِلنَّاسِ മനുഷ്യരോടു وَلَا تَمْشِ നീ നടക്കുകയും ചെയ്യരുതു فِى ٱلْأَرْضِ ഭൂമിയിൽ مَرَحًا അഹങ്കരിച്ചുകൊണ്ടു إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുകയില്ല كُلَّ مُخْتَالٍ എല്ലാ (ഓരോ) അഹങ്കാരിയെയും, പത്രാസു നടിക്കുന്നവനെയും فَخُورٍ ദുരഭിമാനിയായ, യോഗ്യത നടിക്കുന്ന, അന്തസ്സു കാണിക്കുന്ന

31:19

  • وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ ﴾١٩﴿
  • ‘നിന്റെ നടത്തത്തിൽ കരുതിക്കൊള്ളുക [മിതത്വം പാലിക്കുക]യും, നിന്റെ ശബ്ദത്തിൽനിന്നു (അൽപമൊന്ന്) താഴ്ത്തുകയും ചെയ്യുക. നിശ്ചയമായും ശബ്ദങ്ങളിൽവെച്ചു ഏറ്റവും വെറുപ്പായതു കഴുതകളുടെ ശബ്ദമത്രെ.’
  • وَٱقْصِدْ നീ കരുതുക (മിതത്വം പാലിക്കുക)യും ചെയ്യണം فِى مَشْيِكَ നിന്റെ നടത്തത്തിൽ وَٱغْضُضْ നീ താഴ്ത്തുക (കുറക്കുകയും) ചെയ്യുക مِن صَوْتِكَ നിന്റെ ശബ്ദത്തിൽ നിന്ന് (അൽപം) إِنَّ أَنكَرَ നിശ്ചയമായും കൂടുതൽ വെറുപ്പായതു ٱلْأَصْوَٰتِ ശബ്ദങ്ങളിൽ لَصَوْتُ ശബ്ദംതന്നെ ٱلْحَمِيرِ കഴുതകളുടെ

അഹംഭാവം മൂലം ജനങ്ങളുടെ നേരെ മുഖം ചുളിക്കുകയോ, അവഗണന നിമിത്തം അവരിൽ നിന്നു മുഖം തിരിക്കുകയോ ചെയ്യാതെ, പ്രസന്നമുഖത്തോടും വിനയത്തോടും കൂടി പെരുമാറണമെന്നാണ് وَلَا تُصَعِّرْ خَدَّكَ لِلنَّاسِ (മനുഷ്യരോടു കവിൾ കോട്ടരുതു) എന്നു പറഞ്ഞതിന്റെ സാരം. ഉറക്കെ ശബ്ദമുണ്ടാക്കിയും, അനാവശ്യമായി സംസാരിച്ചും മറ്റുള്ളവരെ ശല്യപെടുത്തുന്ന വായാടികൾക്കു വമ്പിച്ചൊരു താക്കീതാണ് അവരുടെ ശബ്ദത്തെ കഴുതയുടെ ശബ്ദത്തോടു ഉപമിച്ചതിൽ അടങ്ങിയിരിക്കുന്നത്. ശ്രോതാവിന്റെ ഹിതം നോക്കാതെ ഉച്ചത്തിൽ ശബ്ദമിടുന്നതു ഒരു യോഗ്യതയാണെങ്കിൽ, ആ യോഗ്യത കഴുതക്കാണല്ലോ കൂടുതൽ അവകാശപ്പെടാവുന്നത്.

ലുക്വ് മാൻ (رضي الله عنه)ന്റെ ഉപദേശങ്ങൾ ഇതോടെ അവസാനിച്ചു. ഓരോന്നിന്റെയും താല്‍പര്യം യാതൊരു വ്യാഖ്യാനമോ, വിവരണമോ കൂടാതെത്തന്നെ വ്യക്തമാണ്. ചുരുക്കത്തിൽ, മനുഷ്യൻ അല്ലാഹുവുമായി ഇടപെടേണ്ടതെങ്ങിനെയെന്നും, ജനങ്ങളുമായുള്ള പെരുമാറ്റം എങ്ങിനെയായിരിക്കണമെന്നും അദ്ദേഹം ഇതിൽ മകനെ ഓർമ്മിപ്പിച്ചിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിശ്വാസപരമായും, കർമ്മപരമായും, സ്വഭാവസംബന്ധമായുമുള്ള പല തത്വോപദേശങ്ങളുടെയും സമാഹാരമത്രെ അവ. ഓരോ വ്യക്തിയും നിത്യം ഓർമ്മിച്ചിരിക്കേണ്ടുന്ന ഉപദേശങ്ങളായതു കൊണ്ടുത്തന്നെയാണ് അല്ലാഹു ഖുർആനിൽ അവയെ ഉദ്ധരിച്ചതും. അവയെ മാതൃകയാക്കി ജീവിക്കുന്ന സജ്ജനങ്ങളിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ.

Leave a comment