സൂറത്തുര്‍ റൂം : 20-32
വിഭാഗം – 3
30:20
- وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَآ أَنتُم بَشَرٌ تَنتَشِرُونَ ﴾٢٠﴿
- അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, മണ്ണില്‍ നിന്ന് നിങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് നിങ്ങളതാ (ഭൂമിയില്‍) വ്യാപിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരായിരിക്കുന്നു!
- وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് أَنْ خَلَقَكُم നിങ്ങളെ അവന്‍ സൃഷ്ടിച്ചതു مِّن تُرَابٍ മണ്ണില്‍ നിന്നു ثُمَّ പിന്നീടു إِذَا أَنتُم നിങ്ങളതാ, എന്നിട്ടു നിങ്ങള്‍ بَشَرٌ മനുഷ്യര്‍ (ആയിരിക്കുന്നു) تَنتَشِرُونَ വ്യാപിച്ചുകൊണ്ടിരിക്കുന്ന, പരന്നുകിടക്കുന്ന
30:21
- وَمِنْ ءَايَـٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ ﴾٢١﴿
- അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്, നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്കു ഇണകളെ (ഭാര്യമാരെ) അവന്‍ സൃഷ്ടിച്ചു തന്നിട്ടുള്ളതും – നിങ്ങള്‍ അവരുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്നേഹബന്ധവും, കാരുണ്യവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്.
- وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് أَنْ خَلَقَ അവന്‍ സൃഷ്ടിച്ചിരിക്കുന്നതു لَكُم നിങ്ങള്‍ക്കു مِّنْ أَنفُسِكُمْ നിങ്ങളില്‍നിന്നു തന്നെ (നിങ്ങളുടെ വര്‍ഗ്ഗത്തില്‍നിന്നു) أَزْوَاجًا ഇണകളെ (ഭാര്യമാരെ) لِّتَسْكُنُوا നിങ്ങള്‍ സമാധാനപ്പെടുവാന്‍, അടങ്ങുവാന്‍ إِلَيْهَا അവരിലേക്ക് (അവരുടെ അടുക്കല്‍) وَجَعَلَ അവന്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു بَيْنَكُم നിങ്ങള്‍ക്കിടയില്‍ مَّوَدَّةً സ്നേഹബന്ധം وَرَحْمَةً കരുണയും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يَتَفَكَّرُونَ ചിന്തിക്കുന്ന
30:22
- وَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفُ أَلْسِنَتِكُمْ وَأَلْوَٰنِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّلْعَـٰلِمِينَ ﴾٢٢﴿
- അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതു തന്നെയാണ്, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും, നിങ്ങളുടെ ഭാഷകളും, നിങ്ങളുടെ വര്‍ണ്ണങ്ങളും വ്യത്യസ്തമായിരിക്കുന്നതും. നിശ്ചയമായും, അറിവുള്ളവര്‍ക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
- وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെ خَلْقُ السَّمَاوَاتِ ആകാശങ്ങളെ സൃഷ്ടിച്ചതു وَالْأَرْضِ ഭൂമിയെയും وَاخْتِلَافُ വ്യത്യാസപ്പെട്ടതും أَلْسِنَتِكُمْ നിങ്ങളുടെ ഭാഷകള്‍ وَأَلْوَانِكُمْ നിങ്ങളുടെ വര്‍ണ്ണങ്ങളും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّلْعَالِمِينَ അറിവുള്ളവര്‍ക്ക്
ഇവിടെ ‘ലാമി’നു അകാരം (فتح) കൊടുത്തു, (عالَمين) എന്നും വായനയുണ്ട്. അപ്പോള്‍, ‘ലോകര്‍ക്കു ദൃഷ്ടാന്തങ്ങളുണ്ട്’ എന്ന് അര്‍ത്ഥമായിരിക്കും.
ഒരേ മാതാപിതാക്കളില്‍നിന്ന് ഉത്ഭവിച്ച മനുഷ്യന്‍ പെറ്റുപെരുകി ഇന്നു ഭൂലോകം മുഴുവനും വ്യാപിച്ചു കിടക്കുന്നു. ഇതിനിടയ്ക്കു എത്രയെത്ര കോടി മനുഷ്യര്‍ മണ്‍മറഞ്ഞു പോയിരിക്കുമെന്ന് അല്ലാഹുവിനേ അറിഞ്ഞുകൂടു. ഇവരെല്ലാവരും മനുഷ്യപ്രകൃതിയിലും, ആകൃതിയിലും യോജിക്കുന്നുവെങ്കിലും വ്യക്തികളുടെ രൂപം, നിറം, ഭാഷ, ശബ്ദം, സ്വഭാവം ആദിയായതില്‍ ഓരോരുത്തരും വ്യത്യസ്തരാണല്ലോ. ഒരേ ഭാഷ സംസാരിക്കുന്നവര്‍ പോലും, ശബ്ദത്തിലും, ഭാഷണശൈലിയിലും വ്യത്യസ്തരായിരിക്കും. അതുപോലെത്തന്നെ, കറുത്തവര്‍, വെളുത്തവര്‍ എന്നിങ്ങിനെയുള്ള വര്‍ഗ്ഗത്തില്‍ പെട്ടവരെന്നു പറയപ്പെടുന്ന വ്യക്തികള്‍പോലും പരസ്പരം വര്‍ണ്ണവ്യത്യാസമുള്ളവരാണ്. എനി രൂപങ്ങള്‍ നോക്കുകയാണെങ്കില്‍, ഒരാളെപ്പോലെ മറ്റൊരാളില്ലതന്നെ. അതുകൊണ്ടാണ് മനുഷ്യര്‍ തമ്മതമ്മില്‍ തിരിച്ചറിയുന്നതും. എല്ലാവരും എല്ലാ വിഷയത്തിലും തികച്ചും സാമ്യമുള്ളവരായിരുന്നുവെങ്കില്‍ ലോകത്തു നേരിടാവുന്ന ബുദ്ധിമുട്ടുകള്‍ വിവരിക്കുവാന്‍ പ്രയാസമത്രെ. ആദ്യമനുഷ്യന്‍ സംസാരിച്ച ഭാഷതന്നെയായിരിക്കണം അദ്ദേഹത്തിന്റെ ആദ്യസന്തതികളും സംസാരിച്ചിരിക്കുക. എന്നാല്‍ പിന്നീട് സന്താനപരമ്പരകള്‍ വര്‍ദ്ധിച്ചതോടുകൂടി കാലാന്തരത്തില്‍ ഭാഷകളും വര്‍ദ്ധിച്ചുവന്നു. ഇന്നു ഭൂമിയില്‍ അയ്യായിരത്തില്‍പ്പരം മനുഷ്യഭാഷകള്‍ ഉപയോഗിക്കപ്പെടുന്നുവത്രെ. (*). ഇവരെയെല്ലാം ഈ വിധം സൃഷ്ടിച്ച് കൈകാര്യം നടത്തിവരുന്ന സൃഷ്ടാവ് പരമശക്തനും, അതിമഹാനുംതന്നെ! മനുഷ്യരില്‍മാത്രം നിലകൊള്ളുന്നതും, പ്രഥമദൃഷ്ട്യാ എല്ലാവര്‍ക്കും കണ്ടറിയാവുന്നതുമായ ഇത്തരം വസ്തുതകള്‍ – ഓരോന്നും – അവന്റെ ശക്തിമഹാത്മ്യങ്ങള്‍ക്കു തെളിവല്ലയോ? നിശ്ചയമായും അതെ.
(*). യൂറോപ്പില്‍ ഏറെക്കുറെ 580ഉം, ഏഷ്യയില്‍ 900ഉം, ആഫ്രിക്കയില്‍ 275ഉം, അമേരിക്കയില്‍ 1600ഉം, ഭാഷകളുണ്ടെന്നു കാണുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലുംകൂടി 200ഓളം ഭാഷകളാണുള്ളത്. വനവാസികളും, മരുഭൂവാസികളും അവര്‍ക്കിടയില്‍ ഉപയോഗിക്കുന്ന പല ഭാഷകളും, ഉപഭാഷകളും ഇതിനു പുറമെയും!
30:23
- وَمِنْ ءَايَـٰتِهِۦ مَنَامُكُم بِٱلَّيْلِ وَٱلنَّهَارِ وَٱبْتِغَآؤُكُم مِّن فَضْلِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَسْمَعُونَ ﴾٢٣﴿
- അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്, നിങ്ങള്‍ രാത്രിയും, പകലും ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ (ഉപജീവനമാര്‍ഗ്ഗം) അന്വേഷിക്കുന്നതും. നിശ്ചയമായും, അതില്‍ കേള്‍ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
- وَمِنْ آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് مَنَامُكُم നിങ്ങളുടെ ഉറക്ക് بِاللَّيْلِ രാത്രിയില്‍ وَالنَّهَارِ പകലും وَابْتِغَاؤُكُم നിങ്ങള്‍ അന്വേഷിക്കുന്നതും مِّن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്ന് إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്കു يَسْمَعُونَ കേള്‍ക്കുന്ന
30:24
- وَمِنْ ءَايَـٰتِهِۦ يُرِيكُمُ ٱلْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءً فَيُحْىِۦ بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ ﴾٢٤﴿
- അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്, (നിങ്ങള്‍ക്കു) ഭയപ്പാടും പ്രത്യാശയുമായിക്കൊണ്ട് അവന്‍ നിങ്ങള്‍ക്കു മിന്നല്‍ കാണിച്ചുതരുന്നതും; ആകാശത്തുനിന്നു വെള്ളം ഇറക്കി അതുമൂലം ഭൂമിയെ – അതിന്‍റെ നിര്‍ജ്ജീവാവസ്ഥക്കുശേഷം – ജീവിപ്പിക്കുന്നതും. നിശ്ചയമായും, ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്കു അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
- وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് يُرِيكُمُ അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നുവെന്നതു الْبَرْقَ മിന്നല്‍ خَوْفًا ഭയപ്പാടായിക്കൊണ്ടു, ഭയത്തിന്നായി وَطَمَعًا പ്രത്യാശയായും, ആശക്കും وَيُنَزِّلُ അവന്‍ ഇറക്കുന്നുവെന്നതും مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَيُحْيِي എന്നിട്ടവന്‍ ജീവിപ്പിക്കുന്നു بِهِ അതുകൊണ്ടു, അതുമൂലം الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്റെ മരണത്തിനു (നിര്‍ജ്ജീവതക്കു) ശേഷം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍, ലക്ഷ്യങ്ങള്‍ لِّقَوْمٍ يَعْقِلُونَ ബുദ്ധികൊടുക്കുന്ന (മനസ്സിരുത്തുന്ന) ജനങ്ങള്‍ക്ക്
മിന്നലേറ്റ് അപായം പിണഞ്ഞേക്കുമോ എന്ന ഭയവും, അതോടൊപ്പം മഴ പെയ്തേക്കുമെന്ന പ്രതീക്ഷയുമാണ് ‘ഭയപ്പാടും പ്രത്യാശയുമായിക്കൊണ്ട്’ (خَوْفًا وَطَمَعًا) എന്നു പറഞ്ഞതിന്റെ താല്‍പര്യം. ആകാശഭൂമികള്‍ക്കിടയിലും, മനുഷ്യര്‍ക്കിടയിലും നിത്യേന നടന്നുകൊണ്ടിരിക്കുന്ന വിവധ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയശേഷം പ്രപഞ്ചത്തിന്റെ ഒന്നാകെയുള്ള നിലനില്‍പ്പിനെക്കുറിച്ചും ചിന്തിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അവയില്‍ നിന്നെല്ലാം സ്പഷ്ടമായി മനസ്സിലാക്കാവുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ അടുത്ത വചനങ്ങളില്‍ അല്ലാഹു മനുഷ്യന്റെ മുമ്പില്‍ വെക്കുന്നു. കഴിഞ്ഞ നാലു വചനങ്ങളുടെയും, അവസാനത്തെ വാക്യങ്ങള്‍ പ്രത്യേകം ഒന്നു ശ്രദ്ധിച്ചു നോക്കുക. മേല്‍ പ്രസ്താവിച്ച ഓരോ ദൃഷ്ടാന്തങ്ങളിലും അടങ്ങിയ പാഠങ്ങള്‍ മനസ്സിലാക്കുവാനും, അവയുടെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കുവാനും സാധിക്കേണമെങ്കില്‍ ചില ഉപാധികള്‍ ആവശ്യമാണെന്നു അവ ചൂണ്ടിക്കാട്ടുന്നു. അതെ, മനുഷ്യന്‍ ചിന്തിക്കണം, അവനു അറിവുണ്ടായിരിക്കണം, പറയുന്ന കാര്യം അവന്‍ ശ്രദ്ധ കൊടുത്തു കേള്‍ക്കണം, ബുദ്ധി ഉപയോഗപ്പെടുത്തുകയും വേണം. ഇല്ലാത്തപക്ഷം മനുഷ്യനും ആടുമാടുകളും തമ്മില്‍ വ്യത്യാസമില്ലതന്നെ. അല്ല, അവയെക്കാള്‍ മോശക്കാരനായിരിക്കും മനുഷ്യന്‍.
(أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ – الأعراف : ١٧٩)
30:25
- وَمِنْ ءَايَـٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلْأَرْضُ بِأَمْرِهِۦ ۚ ثُمَّ إِذَا دَعَاكُمْ دَعْوَةً مِّنَ ٱلْأَرْضِ إِذَآ أَنتُمْ تَخْرُجُونَ ﴾٢٥﴿
- അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്, അവന്റെ കൽപനപ്രകാരം ആകാശവും ഭൂമിയും നിലനിന്നുവരുന്നതും, പിന്നീട്, ഭൂമിയില്‍നിന്ന് നിങ്ങളെ അവന്‍ ഒരൊറ്റ വിളി വിളിച്ചാല്‍ അപ്പോള്‍ നിങ്ങളതാ, പുറത്തുവരുന്നതാണ്!
- وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെ أَن تَقُومَ നിലനില്‍ക്കുന്നതു السَّمَاءُ ആകാശം وَالْأَرْضُ ഭൂമിയും بِأَمْرِهِ അവന്റെ കൽപനപ്രകാരം ثُمَّ പിന്നീടു إِذَا دَعَاكُمْ അവന്‍ നിങ്ങളെ വിളിച്ചാല്‍ دَعْوَةً ഒരു വിളി مِّنَ الْأَرْضِ ഭൂമിയില്‍നിന്നു إِذَا أَنتُمْ അപ്പോള്‍ നിങ്ങളതാ تَخْرُجُونَ പുറത്തുവരുന്നു.
30:26
- وَلَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَـٰنِتُونَ ﴾٢٦﴿
- ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ (മുഴുവനും) അവന്റേതാകുന്നു: എല്ലാവരും അവന് കീഴടങ്ങുന്നവരത്രെ.
- وَلَهُ അവന്നുള്ളതാണ് مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും كُلٌّ എല്ലാവരും لَّهُ അവനു قَانِتُونَ കീഴൊതുങ്ങിയവരാണ്, കീഴടങ്ങുന്നവരാണ്.
യാതൊരു തൂണും, പിടിയും കൂടാതെ ഈ മഹാപ്രപഞ്ചം അതിന്റേതായ ചിട്ടയും വ്യവസ്ഥയും അനുസരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്നു. ഭൂമി ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. മേഘവും വായുവും അതിനുമീതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രന്‍ അതിനുചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെല്ലാം ചേര്‍ന്നു – മറ്റു ചില ഉപഗ്രഹങ്ങളെപ്പോലെ – സൂര്യഗോളത്തെ വൃത്തംവെച്ചുകൊണ്ടിരിക്കുന്നു. സൂര്യനും, സൂര്യകുടുംബവും ചേര്‍ന്നു ആയിരക്കണക്കിലുള്ള ഇതര സൂര്യകുടുംബങ്ങളോടൊപ്പം വേറെ ഏതോ അതിബൃഹത്തായ ചില ഉന്നങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോന്നിലും സ്ഥിതിചെയ്യുന്ന വസ്തുക്കളുടെ സൃഷ്ടിരഹസ്യങ്ങളെയോ, അതതില്‍ നടമാടിക്കൊണ്ടിരിക്കുന്ന നിത്യസംഭവങ്ങളെയോ സംബന്ധിച്ചും സ്വന്തം പാര്‍പ്പിടമായ ഭൂമിയെക്കുറിച്ചും അല്പജ്ഞനായ മനുഷ്യന് ഒരു എത്തും പിടിയുമില്ലതന്നെ. ഒരു വിഘ്നവും പറ്റാതെ ഇതെല്ലാം വ്യവസ്ഥാപിതമായ നിലയില്‍ സൃഷ്ടിച്ച് നിലനിറുത്തി നിയന്ത്രിച്ചുപോരുന്ന സൃഷ്ടാവ്, കേവലം നിസ്സാരമായ ഈ ഭൂമിയുടെ നിശ്ചിത കാലാവധി എത്തുമ്പോള്‍, അതിലെ നിവാസികളെ ആകമാനം നശിപ്പിക്കുകയും, അനന്തരം അവനുദ്ദേശിക്കുമ്പോള്‍ ഒരൊറ്റ വിളി വിളിച്ച് അവരെയെല്ലാം അവന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്യുന്നു.
إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ: يس – ٥٣
(അത് ഒരൊറ്റ അട്ടഹാസമല്ലാതെ – മറ്റൊന്നും – ആയിരിക്കയില്ല. അപ്പോഴേക്കും അവര്‍ മുഴുവനും തന്നെ നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നവരായിരിക്കും.).
അല്ലാഹുവിന്റെ നിയമനിശ്ചയങ്ങള്‍ക്കു വിധേയമായിട്ടല്ലാതെ ജീവിതം, മരണം, രോഗം, ആരോഗ്യം, സുഖം, ദുഃഖം, അടക്കം, ഇളക്കം, കറക്കം ആദിയായ ഏതും സംഭവിക്കുന്നില്ല. എല്ലാം അവന്റെ നിയന്ത്രണത്തിനു വിധേയമാണ്. അതിനെ അതിലംഘിക്കുവാനോ, അതില്‍നിന്നു കുതറിപ്പോകുവാനോ ഒരാള്‍ക്കും സാധ്യമല്ല. താല്‍ക്കാലികമായ ചില അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ അല്ലാഹു നല്‍കിയിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അവന്റെ വിധിവിലക്കുകള്‍ അനുസരിക്കാത്ത എത്രയോ ആളുകളുണ്ടെന്നതു വാസ്തവംതന്നെ. എന്നാല്‍ അതെല്ലാം അവന്‍ ശരിക്കും കണ്ടറിഞ്ഞുകൊണ്ടിരിക്കുകയാണ്. ആ സ്വാതന്ത്ര്യം അവസാനിക്കുന്നതോടുകൂടി അവരുടെ ആ കഴിവും അവസാനിക്കുന്നു. അല്ലാഹുവിന്റെ ശിക്ഷാനടപടികള്‍ക്കു അവര്‍ തികച്ചും കീഴടങ്ങേണ്ടി വരുകയും ചെയ്യുന്നു.
30:27
- وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢٧﴿
- അവന്‍ തന്നെയാണ് സൃഷ്ടിയെ ആദ്യമുണ്ടാക്കുന്നവന്‍, പിന്നീട് അവന്‍ അതു ആവര്‍ത്തിക്കുന്നു. അതാകട്ടെ, അവന്റെമേല്‍ വളരെ എളിയ കാര്യവുമാണ്. ആകാശങ്ങളിലും, ഭൂമിയിലും അത്യുന്നതമായ ഉപമ അവനുണ്ടുതാനും. അവന്‍ പ്രതാപശാലിയാണ്, അഗാധജ്ഞനാണ്.
- وَهُوَ അവനാണ് الَّذِي يَبْدَأُ ആദ്യമായുണ്ടാക്കുന്നവന്‍ الْخَلْقَ സൃഷ്ടിയെ ثُمَّ يُعِيدُهُ പിന്നീടതിനെ ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു وَهُوَ അതാകട്ടെ أَهْوَنُ വളരെ (ഏറ്റവും) നിസ്സാരമാണ് عَلَيْهِ അവനു وَلَهُ അവന്നുണ്ടു (താനും) الْمَثَلُ ഉപമ, ഉപമാനം (ഗുണം, നിലപാടു) الْأَعْلَىٰ അത്യുന്നതമായ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍ الْعَزِيزُ പ്രതാപശാലിയാണ് الْحَكِيمُ അഗാധജ്ഞനാണ്
പരമശൂന്യതയില്‍നിന്ന് വാതകമോ ഹേതുകമോ ആയ ഒന്നുംതന്നെയില്ലാത്ത ശുദ്ധ നാസ്തിയില്‍നിന്ന് – സൃഷ്ടികളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കി അസ്തിത്വം നല്‍കിയ അവന് അവ നശിച്ചശേഷം അവയെ പുനര്‍ജീവിപ്പിക്കുവാനുണ്ടോ വല്ല വിഷമവും?! അവനു തുല്യനോ സമനോ ആയി എങ്ങും ആരുമില്ല; പങ്കുകാരോ സഹായകരോ ഇല്ല; ഒന്നിനോടും അവനെ ഉപമിപ്പിക്കുവാനോ താരതമ്യപ്പെടുത്തുവാനോ ഇല്ല. എണ്ണത്തില്‍ ഒരുവന്‍. ഗുണവിശേഷങ്ങളില്‍ ഏകന്‍. ഉപമയില്‍ നിസ്തുലന്‍. ശക്തിപ്രതാപങ്ങളില്‍ തുണയില്ല, വിജ്ഞാനത്തില്‍ ഇണയുമില്ല. അവന്‍ പരിപൂര്‍ണ്ണന്‍! അവന്‍ പരിശുദ്ധന്‍! അതെ, അവന്‍മാത്രം പരിപൂര്‍ണ്ണനും പരമപരിശുദ്ധനും!! അവന്റെ ഏകത്വത്തിന് തെളിവായി ഒരു ഉദാഹരണംകൂടി കാണുക:-
വിഭാഗം – 4
30:28
- ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَـٰنُكُم مِّن شُرَكَآءَ فِى مَا رَزَقْنَـٰكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْقِلُونَ ﴾٢٨﴿
- നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഒരു ഉപമ അവന്‍ വിവരിച്ചുതരുകയാണ്: നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള വസ്തുവില്‍ നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവരില്‍ [അടിമകളില്‍] നിന്ന് വല്ല പങ്കുകാരും നിങ്ങള്‍ക്കുണ്ടോ?- എന്നിട്ട്, നിങ്ങള്‍ നിങ്ങളെത്തന്നെ (പരസ്പം) ഭയപ്പെടുന്നതുപോലെ, അവരെയും ഭയപ്പെട്ടു കൊണ്ടിരിക്കുമാറ് അതില്‍ നിങ്ങള്‍ (ഇരുകൂട്ടരും) സമന്‍മാരായിരിക്കുക (- ഇങ്ങിനെ ഉണ്ടാകുമോ?!) ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്ക് നാം ഇപ്രകാരം ലക്ഷ്യങ്ങള്‍ വിവരിച്ചുകൊടുക്കുന്നു.
- ضَرَبَ لَكُم നിങ്ങള്‍ക്കു അവന്‍ വിവരിച്ചു തരുകയാണ് مَّثَلًا ഒരു ഉപമ مِّنْ أَنفُسِكُمْ നിങ്ങളില്‍നിന്നു തന്നെ هَل لَّكُم നിങ്ങള്‍ക്കുണ്ടോ مِّن مَّا مَلَكَتْ അധീനപ്പെടുത്തിയ (ഉടമയാക്കിയ)തില്‍നിന്നു أَيْمَانُكُم നിങ്ങളുടെ വലങ്കൈകള്‍ مِّن شُرَكَاءَ വല്ല പങ്കുകാരും فِي مَا رَزَقْنَاكُمْ നിങ്ങള്‍ക്കു നാം നല്‍കിയതില്‍ فَأَنتُمْ എന്നിട്ടു നിങ്ങള്‍ فِيهِ അതില്‍ سَوَاءٌ ഒരുപോലെയാണ്, സമമാണ് تَخَافُونَهُمْ നിങ്ങളവരെ ഭയപ്പെടുന്നു كَخِيفَتِكُمْ നിങ്ങള്‍ ഭയപ്പെടുന്നതുപോലെ أَنفُسَكُمْ നിങ്ങളെത്തന്നെ (തമ്മതമ്മില്‍) كَذَٰلِكَ അപ്രകാരം نُفَصِّلُ നാം വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്തങ്ങളെ لِقَوْمٍ يَعْقِلُونَ ബുദ്ധികൊടുക്കുന്ന ജനങ്ങള്‍ക്ക്
അല്ലാഹു നിങ്ങളുടെ കൈവശം തന്നിട്ടുള്ള സ്വത്തുക്കളില്‍ നിങ്ങളുടെ ഉടമസ്ഥതയിലിരിക്കുന്ന നിങ്ങളുടെ അടിമകളും കൂട്ടവകാശികളായിരിക്കുക, എന്നിട്ട് അവരും നിങ്ങളും ഒരുപോലെ അധികാരത്തിലും കൈകാര്യത്തിലും സമന്മാരായിരിക്കുക, സ്വതന്ത്രരും യജമാനന്‍മാരുമായ നിങ്ങള്‍ പരസ്പം മാനിച്ചും പേടിച്ചുംകൊണ്ടിരിക്കുന്ന പ്രകാരം അവരെയും പേടിക്കുകയും മാനിക്കുകയും ചെയ്യുക, ഇതു സംഭവ്യമാണോ? ഒരിക്കലുമല്ല. എന്നിരിക്കെ, അല്ലാഹുവിന്റെ ഉടമാവകാശങ്ങളില്‍ എങ്ങിനെയാണ് മറ്റുള്ളവര്‍ക്കു – എല്ലാവരും അവന്റെ ഉടമസ്ഥതയിലുള്ളവ രാണല്ലോ – പങ്കുണ്ടാവുക?! എന്നത്രെ ആയത്തിന്റെ താല്പര്യം. മനുഷ്യന്റെ സ്വത്തു വാസ്തവത്തില്‍ അല്ലാഹു നല്‍കിയതാണ്. അടിമകളുടെ മേലുള്ള മനുഷ്യന്റെ അവകാശം ഒരു സാങ്കേതികമായ അവകാശം മാത്രവുമാണ്. സൃഷ്ടികളാകട്ടെ, അല്ലാഹുവിന്റെ ഉടമത്തത്തില്‍നിന്നു ഒരു വിധേനയും ഒഴിവാകുന്നവരുമല്ല.
മുശ്രിക്കുകള്‍ തങ്ങളുടെ ഹജ്ജുകര്‍മ്മങ്ങളില്‍ ഇങ്ങിനെ പറയാറുണ്ടായിരുന്നു: لا شَرِيكَ لك إِلا شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ (ഒരു പങ്കുകാരനല്ലാതെ നിനക്കു – അല്ലാഹുവിനു – പങ്കുകാരില്ല, ആ പങ്കുകാരനും അവന്റെ ഉടമസ്ഥതയിലുള്ളതും നിനക്ക് ഉടമപ്പെടുന്നതുതന്നെയാണ്.). തങ്ങള്‍ ആരാധിച്ചുവരുന്ന വിഗ്രഹത്തെയും, അതിന്റെ പേരില്‍ നീക്കിവെച്ച സ്വത്തുക്കളെയും ഉദ്ദേശിച്ചാണ് അവര്‍ ഇങ്ങിനെ പറയുന്നത്. ഈ മുശ്രിക്കുകള്‍ മാത്രമല്ല ഇവരെപ്പോലുള്ള എല്ലാ മുശ്രിക്കുകളും ബുദ്ധികൊടുത്തു ആലോചിക്കുന്നപക്ഷം തങ്ങളുടെ വിഡ്ഢിത്തം ഈ ഒരൊറ്റ ഉപമകൊണ്ടു മനസ്സിലാക്കാം എന്നാണ് ആയത്തിന്റെ അവസാനവാക്യം ചൂണ്ടിക്കാട്ടുന്നത്.
‘വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ (مَّا مَلَكَتْ أَيْمَانُ) എന്ന വാക്കിന്റെ ഉദ്ദേശ്യം അടിമകളാകുന്നു. (ഈ പ്രയോഗത്തെ സംബന്ധിച്ച് സൂ: മുഅ്മിനൂന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ വായിച്ച വിശദീകരണം ഓര്‍ക്കുക). മേല്‍ വിവരിച്ച ദൃഷ്ടാന്തങ്ങള്‍ വഴി അവിശ്വാസികള്‍ സത്യം മനസ്സിലാക്കി സത്യവിശ്വാസം സ്വീകരിക്കാത്തതിനു കാരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:
30:29
- بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓا۟ أَهْوَآءَهُم بِغَيْرِ عِلْمٍ ۖ فَمَن يَهْدِى مَنْ أَضَلَّ ٱللَّهُ ۖ وَمَا لَهُم مِّن نَّـٰصِرِينَ ﴾٢٩﴿
- പക്ഷേ, അക്രമം പ്രവര്‍ത്തിക്കുന്നവര്‍ യാതൊരു അറിവുമില്ലാതെ തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റിയിരിക്കുകയാണ്. എന്നിരിക്കെ, അല്ലാഹു വഴിപിഴപ്പിച്ചവരെ ആരാണ് സന്മാര്‍ഗ്ഗത്തിലാക്കുക?! അവര്‍ക്കു യാതൊരു സഹായിയുമില്ലതാനും.
- بَلِ പക്ഷേ اتَّبَعَ പിന്‍പറ്റി, തുടര്‍ന്നു الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിക്കുന്നവര്‍ أَهْوَاءَهُم തങ്ങളുടെ ഇച്ഛകളെ بِغَيْرِ عِلْمٍ യാതൊരു അറിവുമില്ലാതെ فَمَن എന്നിരിക്കെ ആരാണ് يَهْدِي സന്മാര്‍ഗ്ഗം കാണിക്കുന്നതു مَنْ യാതൊരുവര്‍ക്കു أَضَلَّ اللَّـهُ അല്ലാഹു വഴിപിഴപ്പിച്ച وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ യാതൊരു സഹായികളും, സഹായികളില്‍പെട്ട (ആരും)
അല്ലാഹുവിന്റെ ഏകത്വം, അവന്റെ ശക്തിമാഹാത്മ്യങ്ങള്‍, മരണാനന്തരജീവിതം ആദിയായവയെ പല ദൃഷ്ടാന്തങ്ങള്‍ മുഖേനയും സ്ഥാപിച്ചശേഷം പ്രകൃതിമതമായ തൗഹീദിന്റെ മതത്തിലേക്കു അല്ലാഹു മനുഷ്യനെ ക്ഷണിക്കുന്നു:-
30:30
- فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٣٠﴿
- ആകയാല്‍, ശുദ്ധമനസ്കനായ നിലയില്‍ നീ നിന്റെ മുഖത്തെ (ഈ) മതത്തിലേക്കു ചൊവ്വാക്കി നിറുത്തുക; മനുഷ്യരെ അല്ലാഹു യാതൊരു പ്രകൃതിയിലായി സൃഷ്ടിച്ചിരിക്കുന്നുവോ, അല്ലാഹുവിന്റെ ആ പ്രകൃതി (മതം)! അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റമേ ഇല്ല. അതത്രെ (വക്രതയില്ലാതെ) ശരിയായി നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
- فَأَقِمْ ആകയാല്‍ നിലനിറുത്തുക وَجْهَكَ നിന്റെ മുഖം لِلدِّينِ മതത്തിലേക്ക് حَنِيفًا ശുദ്ധമനസ്കനായ നിലയില്‍ فِطْرَتَ اللَّـهِ അല്ലാഹുവിന്റെ പ്രകൃതി, സൃഷ്ടിപ്പു الَّتِي فَطَرَ അവന്‍ പ്രകൃതം ചെയ്ത, സൃഷ്ടിച്ചതായ النَّاسَ മനുഷ്യരെ عَلَيْهَا അതുപ്രകാരം, അതിന്റെമേല്‍ لَا تَبْدِيلَ മാറ്റം ഇല്ല, പകരമാക്കലില്ല لِخَلْقِ اللَّـهِ അല്ലാഹുവിന്റെ സൃഷ്ടിപ്പിനു ذَٰلِكَ അതു, അതത്രെ الدِّينُ الْقَيِّمُ ശരിയായി നിലനില്‍ക്കുന്ന (വക്രതയില്ലാത്ത) മതം وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല.
30:31
- مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ ﴾٣١﴿
- അവങ്കലേക്ക് [അല്ലാഹുവിങ്കലേക്ക്] മനസ്സു മടങ്ങിയവരായ നിലയില്‍ (അതിനെ അവലംബിച്ചുകൊള്ളുക). അവനെ സൂക്ഷിക്കുകയും, നമസ്കാരം നിലനിറുത്തുകയും ചെയ്യുവിന്‍. നിങ്ങള്‍ ‘മുശ്രിക്കുകളു’ടെ [പരദൈവവിശ്വാസികളുടെ] കൂട്ടത്തില്‍ ആകുകയും അരുത്.
- مُنِيبِينَ മനസ്സു മടങ്ങിയവരായി, വിനയപ്പെട്ടവരായിട്ടു إِلَيْهِ അവങ്കലേക്ക് وَاتَّقُوهُ അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَأَقِيمُوا നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്കാരം وَلَا تَكُونُوا നിങ്ങള്‍ ആകുകയും അരുതു مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍ പെട്ട(വ൪)
30:32
- مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ ﴾٣٢﴿
- അതായതു: തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തവരുടെ കൂട്ടത്തില്‍ (ആകരുതു). ഓരോ സംഘവും തങ്ങളുടെ പക്കലുള്ളതില്‍ ആഹ്ളാദം കൊള്ളുന്നവരാണ്.
- مِنَ الَّذِينَ അതായതു യാതൊരുവരില്‍ فَرَّقُوا അവര്‍ ഭിന്നിപ്പിച്ചിരിക്കുന്നു دِينَهُمْ തങ്ങളുടെ മതത്തെ وَكَانُوا അവരാകുകയും ചെയ്തിരിക്കുന്നു شِيَعًا പല കക്ഷികള്‍ كُلُّ حِزْبٍ എല്ലാ (ഓരോ) സംഘവും بِمَا لَدَيْهِمْ തങ്ങളുടെ പക്കലുള്ളതുകൊണ്ടു فَرِحُونَ ആഹ്ളാദം (അഭിമാനം കൊള്ളുന്നവരാണ്)
മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് പരിശുദ്ധമായ ഒരു പ്രകൃതിയോടുകൂടിയാണ്, ചുറ്റുപാടിന്റെ സമ്മര്‍ദ്ദവും, പരിതസ്ഥിതികളുടെ പ്രേരണയും വിഘാതമല്ലെങ്കില്‍ – മനുഷ്യന്‍ അവന്റെ സാക്ഷാല്‍ പ്രകൃതിയില്‍തന്നെ വളരുകയാണെങ്കില്‍ – ലോകസൃഷ്ടാവിനെക്കുറിച്ചുള്ള ബോധത്തിലും, അവന്റെ തൗഹീദിലും അധിഷ്ഠിതമായ സത്യവിശ്വാസം അവനുണ്ടാകാതിരിക്കുകയില്ല. മാനുഷികമായ ധാര്‍മ്മികമൂല്യങ്ങളോട് ഇണങ്ങുന്ന പ്രേരണകളായിരിക്കും അവനില്‍ ഉല്‍ഭൂതമാകുന്നതും, അവന്റെ ബുദ്ധി തേടുന്നതും, അവന്റെ നന്മയായി അവന്‍ കാണുന്നതും അതായിരിക്കും. സൃഷ്ടാവിന്റെ നിഷേധത്തിനോ, പരദൈവ സങ്കല്പത്തിനോ അവന്‍ മുതിരുകയില്ല. ഇതേ പ്രകൃതിമതമത്രെ ഇസ്‌ലാം. യാതൊരു വക്രതയും കൂടാതെ, ശുദ്ധമനസ്സോടെ ആ മതത്തിലേക്കു നേര്‍ക്കുനേരെ തിരിഞ്ഞുവരണമെന്നാണ് നിരവധി ദൃഷ്ടാന്തങ്ങള്‍ നിരത്തിക്കാട്ടിക്കൊണ്ട് അല്ലാഹു മനുഷ്യനെ ആഹ്വാനം ചെയ്യുന്നത്.
ഈ പരിശുദ്ധമായ പ്രകൃതി വിട്ട് മനുഷ്യനെ ഇടവും വലവും തിരിച്ചുവിടുന്നതും, അവരെ വ്യത്യസ്ത മതക്കാരും ജാതികളുമായി തരം തിരിക്കുന്നതും പ്രതികൂലമായ സാഹചര്യങ്ങളും ചുറ്റുപാടുകളുമാണെന്ന വസ്തുത ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ചൂണ്ടിക്കാട്ടുന്നു:
(ما من مولود إلا يولد على الفطرة فأبواه يهودانه وينصرانه ويمجسانه كما تنتج البهيمة بهيمة جمعاء هل تحسون فيها من جدعاء ثم يقول -فطرة الله – الى قوله : ذَٰلِكَ الدِّينُ الْقَيِّمُ – متفق عليه)
സാരം: ‘ഏതു കുട്ടിയും ശുദ്ധപ്രകൃതി – ഇസ്‌ലാമിക പ്രകൃതി – യോടുകൂടിയല്ലാതെ ജനിക്കുന്നില്ല. എന്നിട്ട് അവന്റെ മാതാപിതാക്കള്‍ അവനെ യഹൂദനാക്കുന്നു, അല്ലെങ്കില്‍ നസ്രാണിയാക്കുന്നു, അല്ലെങ്കില്‍ ‘മജൂസി’ (അഗ്നിയാരാധകന്‍) ആക്കുന്നു. മൃഗങ്ങള്‍ അവയവം പൂര്‍ത്തിയായ മൃഗത്തെ പ്രസവിക്കുന്നതുപോലെത്തന്നെ. അതില്‍ (പ്രസവവേളയില്‍) കാതു മുറിക്കപ്പെട്ടതായി വല്ലതും നിങ്ങള്‍ കാണാറുണ്ടോ?’ ഇത്രയും പറഞ്ഞശേഷം തിരുമേനി(സ്വ) ഇതിന്നു തെളിവായി (30-ാം വചനത്തിലെ) فِطْرَتَ اللَّـهِ എന്നുതുടങ്ങി ذَٰلِكَ الدِّينُ الْقَيِّمُ വരെ ഉദ്ധരിക്കുകയും ചെയ്തിരുന്നു. (ബു; മു). മൃഗകുട്ടികള്‍ ജനിക്കുമ്പോള്‍ അവ അവയവം പൂര്‍ണ്ണമായ നിലയിലാണ് ജനിക്കുന്നതെന്നപോലെ മനുഷ്യമക്കള്‍ ജനിക്കുന്നതും അവരുടേതായ ശുദ്ധ പ്രകൃതിയോടെയാണെന്നും, പിന്നീട് മൃഗങ്ങളുടെ കാതുകള്‍ മനുഷ്യരാല്‍ മുറിക്കപ്പെടുന്നതു (*) പോലെ മനുഷ്യന്‍ വഴിപിഴച്ചുപോകുന്നതും പുറത്തുനിന്നുള്ള ഇടപെടല്‍ കൊണ്ടാണെന്നുമാണ് ഹദീസിന്റെ താല്‍പര്യം. ഹദീസില്‍ മാതാപിതാക്കള്‍ എന്നും യഹൂദി – നസ്രാണി – മജൂസി എന്നും പ്രസ്താവിച്ചതു കേവലം ചില ഉദാഹരണങ്ങള്‍ മാത്രമാണെന്നു വ്യക്തമാണ്.
(*). വിഗ്രഹങ്ങള്‍ക്കു വഴിപാടു നേര്‍ന്ന ചില മൃഗങ്ങളുടെ കാതു മുറിക്കുന്ന സമ്പ്രദായം മുശ്രിക്കുകളിലുണ്ടായിരുന്നു.
ഇസ്‌ലാമിലെ വിശ്വാസങ്ങള്‍ മാത്രമല്ല, അതിലെ നിയമങ്ങളും അനുഷ്ഠാന മുറകളും എല്ലാംതന്നെ, പരിശോധിച്ചാല്‍ മനുഷ്യപ്രകൃതിക്ക് തികച്ചും യോജിച്ച ഏകമതം ഇസ്‌ലാമാണെന്നുള്ളതില്‍ സംശയമില്ല. ഈ യാഥാര്‍ത്ഥ്യം ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞതും, ബുദ്ധിമതികളും നിഷ്പക്ഷഹൃദയരുമായ പല ചിന്തകന്‍മാരാലും സമ്മതിക്കപ്പെട്ടതുമാകുന്നു. ഇവിടെ ഇതിനെപ്പറ്റി കൂടുതല്‍ സ്പര്‍ശിക്കുന്നില്ല. മനുഷ്യപ്രകൃതിക്ക് ഉപയുക്തമല്ലാത്ത ഏതു മതത്തിനും സ്ഥിരതയും നിലനില്‍പ്പും ഉണ്ടാകുവാന്‍ നിവൃത്തിയില്ല. ഒന്നുകില്‍ കാലാനുസൃതമായ ഭേദഗതികള്‍ക്കു വിധേയമാകുക, അല്ലെങ്കില്‍ ഭാഗികമായോ പൂര്‍ണ്ണമായോ പുറംതള്ളപ്പെട്ടു കാലാഹരണപ്പെടുക, രണ്ടിലൊന്നു ആവശ്യമായിരിക്കും. മനുഷ്യപ്രകൃതിക്കനുസരിച്ചതും, കാലദേശ വ്യത്യാസമെന്യെ മനുഷ്യവര്‍ഗ്ഗത്തിന്നാകമാനം പ്രായോഗികമായതുമായ മതം, മനുഷ്യസൃഷ്ടാവിനാല്‍ അവതരിപ്പിക്കപ്പെട്ട മതമായിരിക്കുവാനേ നിര്‍വ്വാഹമുള്ളു. അതത്രെ ഇസ്‌ലാം. അതുകൊണ്ടാണ് അതിനെക്കുറിച്ച് ‘അല്ലാഹു നല്‍കിയ പ്രകൃതി’ (فِطْرَتَ اللَّـهِ) എന്നും, ‘പ്രകൃതിമതം’ (دين الفطرة) എന്നുമൊക്കെ പറയുന്നത്. അതിനുമാത്രമേ യാതൊരു ന്യൂനതയും ബാധിക്കാത്തവണ്ണം സ്വയം പര്യാപ്തതയുമുള്ളു. (ذَٰلِكَ الدِّينُ الْقَيِّمُ). പക്ഷേ, ക്ഷണികങ്ങളായ താല്പര്യങ്ങളോ, ചിന്താ ശൂന്യതയോ കാരണമായി മിക്ക മനുഷ്യരും ഈ പരമാര്‍ത്ഥം മനസ്സിക്കാതിരിക്കുകയാണ് ചെയ്യുന്നത്.
(وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُون)
لَا تَبْدِيلَ لِخَلْقِ اللَّـهِ (അല്ലാഹുവിന്റെ സൃഷ്ടിപ്പിന്നു മാറ്റമേയില്ല) എന്ന വാക്യം ഗൗരവമായ ഒരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടുന്നു: അല്ലാഹു ഓരോ വസ്തുവിന്നും അതതിന്റെ സൃഷ്ടിയില്‍ നിശ്ചയിച്ചിട്ടുള്ള പ്രകൃതിക്കു മാറ്റം വരുന്നതല്ല. അഥവാ ഓരോന്നും അവന്‍ ഉദ്ദേശിച്ചതും നിര്‍ണ്ണയിച്ചതുമായ സ്വഭാവത്തോടുകൂടിത്തന്നെ നിലകൊള്ളും. അതില്‍ മാറ്റത്തിരുത്തങ്ങള്‍ ചെയ്‌വാന്‍ ആര്‍ക്കും സാധ്യമല്ല. അതു മാറ്റം ചെയ്യപ്പെടുവാന്‍ പറ്റുകയുമില്ല. (أي لا يقدر أحد أن يغيره أو ما ينبغي أن يغير – كما فى البيضاوي)
മനുഷ്യപ്രകൃതിക്കനുയോജ്യമായ ഏക മതമാണ് അല്ലാഹു അവനു നിയമിച്ചിരിക്കുന്നത്. അതുകൊണ്ടു ആ മതം വിട്ട് മറ്റേതു മതവും ആ പ്രകൃതിക്കു യോജിച്ചതായിരിക്കയില്ല. അതേപ്രകൃതി നിലനില്‍ക്കുന്നേടത്തോളം കാലം – അതിനു ആരാലും മാറ്റം വരുത്തപ്പെടുന്നതല്ലതാനും – ആ മതം മനുഷ്യരില്‍ പ്രായോഗികമല്ലാതിരിക്കയുമില്ല. ഇതാണതിന്റെ ചുരുക്കം. അതുകൊണ്ടാണ്, ഈ വാക്യത്തിന് ‘അല്ലാഹുവിന്റെ മതത്തിനു മാറ്റമില്ല’ (أي: لا تبديل لدين الله) എന്നു പല മഹാന്‍മാരും (*) വ്യാഖ്യാനം നല്‍കിക്കാണുന്നതും, ഇമാം ബുഖാരി അതിനെ സ്ഥിരീകരിച്ചതും. ചില സ്ഥാപിത താല്പര്യക്കാര്‍ – പ്രവാചകന്മാരുടെ കൈക്കു വെളിപ്പെടുന്ന അസാധാരണ സംഭവങ്ങളെ നിഷേധിക്കേണ്ടുന്ന ആവശ്യാര്‍ത്ഥം തങ്ങള്‍ക്കു തെളിവായി ഉപയോഗപ്പെടുത്തുവാന്‍ വേണ്ടി – ഈ വാക്യത്തിന്ന്‍ ചിലപ്പോള്‍ ഇങ്ങിനെ അര്‍ത്ഥം കൽപിക്കാറുണ്ട്: ‘അല്ലാഹു ഓരോന്നിനും നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്വഭാവങ്ങളില്‍ അവന്‍ ഒരിക്കലും മാറ്റം വരുത്തുകയില്ല. ഈ അര്‍ത്ഥം ശരിയല്ലെന്നും, ഇതു താല്പര്യപൂര്‍വ്വം കൽപിക്കുന്ന അര്‍ത്ഥമാണെന്നും ഇതിന് മുമ്പ് പല തവണ നാം കാര്യകാരണസഹിതം വിവരിച്ചിട്ടുണ്ട്.
(*). قال في الفتح : أخرج الطبري من طريق إبراهيم النخعي في قوله : لا تبديل لخلق الله قال : لدين الله . ومن طرق عن مجاهد وعكرمة وقتادة وسعيد بن جبير والضحاك مثله ، وفيه قول آخر الخ – ص ٤١٦ ج ٨
പ്രകൃതി മതത്തിലേക്കു വക്രതയില്ലാത്ത ശുദ്ധമനസ്സോടുകൂടി വരുവാന്‍ ആഹ്വാനം ചെയ്തതോടൊപ്പം ആ വരവിന്റെ സ്വഭാവം എപ്രകാരമായിരിക്കണമെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ, ഭക്തിപൂര്‍വ്വം അല്ലാഹുവിലേക്കു മനസ്സു മടങ്ങിക്കൊണ്ട് (مُنِيبِينَ إِلَيْهِ) ആയിരിക്കണം അത്. ഇല്ലാത്തപക്ഷം അതു കേവലം നാമമാത്രമായിരിക്കും. മതം സ്വീകരിക്കുന്നതോടുകൂടി എല്ലാ കാര്യത്തിലും അല്ലാഹുവിനെ സൂക്ഷിച്ചുപോരേണ്ടതും (وَاتَّقُوهُ) അതിന്റെ അംഗീകരണത്താല്‍ അനിവാര്യമായിത്തീരുന്ന കടമകളില്‍ പ്രധാനമായ നമസ്കാരം നിലനിറുത്തേണ്ടതും (وَأَقِيمُوا الصَّلَاةَ) ഉണ്ട്. ഇലാത്തപക്ഷം അതു കേവലം കാപട്യവുമായിരിക്കും. ക്രിയാത്മകമായ ഈ നിര്‍ബ്ബന്ധങ്ങള്‍ക്കു പുറമെ, നിഷേധാത്മകമായ ചില നിര്‍ബ്ബന്ധങ്ങളും കൂടിയുണ്ട്. അതില്‍വെച്ച് അതിപ്രധാനമായതാണ് ആരാധനകളില്‍ മറ്റാരെയും പങ്കുചേര്‍ക്കുവാന്‍ പാടില്ല (وَلَا تَكُونُوا مِنَ الْمُشْرِكِينَ) എന്നുള്ളത്. പരദൈവങ്ങളെ സ്വീകരിക്കുന്നവരാകട്ടെ, ഒരേ വിഭാഗക്കാരോ ഏകീകൃത സ്വഭാവക്കാരോ അല്ല. അവരില്‍ എത്രയോ കക്ഷികളും വിഭാഗക്കാരുമുണ്ട്. ചിലര്‍ക്കു ഒരു വിഗ്രഹം, ചിലര്‍ക്കു മറ്റൊരു വിഗ്രഹം. വേറെ ചിലര്‍ക്കു മൂന്നു ദൈവം. ഇനിയുമൊരുകൂട്ടര്‍ക്കു മുപ്പത്തിമുക്കോടി ദൈവങ്ങള്‍, അതുപോലെത്തന്നെ ചിലര്‍ പ്രതിമയെയും, മറ്റു ചിലര്‍ ദേവന്മാരെയും, വേറെ ചിലര്‍ ജീവിച്ചിരിക്കുന്നവരെയും ആരാധിക്കുന്നു. നടപടിക്രമങ്ങളിലുള്ള വ്യത്യാസങ്ങള്‍ വേറെയും. ഓരോ കക്ഷിയും താന്താങ്ങളുടെ വിശ്വാസവും പ്രവൃത്തിയുമാണ് കൂടുതല്‍ നല്ലതെന്നു തൃപ്തിയടയുകയും അതിലഭിമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പരദൈവവിശ്വാസത്തിന്റെ (ശിര്‍ക്കിന്റെ) ഒരു വകുപ്പിലും ഉള്‍പ്പെടാതെ സൂക്ഷിക്കേണ്ടതാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞിരിക്കയാണ്.
മതത്തെ ഭിന്നിപ്പിച്ച് കക്ഷികളായിത്തീരുകയും, താന്താങ്ങള്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടുപോകരുത് എന്നുള്ള ഈ താക്കീതു ഇന്നു മുസ്‌ലിം സമുദായംതന്നെ പൊതുവില്‍ വിസ്മരിച്ചു കളഞ്ഞിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ ഇസ്‌ലാമിനെവിട്ട് മറ്റൊരു മതം സ്വീകരിക്കുകയല്ല അവര്‍ ചെയ്യുന്നത്. ഇസ്‌ലാമില്‍തന്നെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പലരും ശിര്‍ക്കുപരമായ പല ആചാരസമ്പ്രദായങ്ങളും നടപ്പാക്കുന്നു. പലരും ചേരികളും കക്ഷികളുമായി പിരിയുന്നു. അങ്ങിനെ ഇസ്ലാമിന്റെ പേരില്‍ പലതും വെച്ചുകെട്ടുകയും, പലതും അതില്‍നിന്നു വെട്ടിക്കുറക്കുകയും ചെയ്തിരിക്കയാണ് ഇന്നു സമുദായം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. آمين

Leave a comment