ആറാം ഘട്ടം – ക്യാമ്പയിൻ 06 – സൂറത്തുര്‍ റൂം : ആയത്ത് 01 മുതൽ 19 വരെ

സൂറത്തുര്‍ റൂം : 01-19

റൂം (റോമാക്കാർ)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 60 – വിഭാഗം (റുകുഅ്) – 6

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം – 1

30:1

  • الٓمٓ ﴾١﴿
  • ‘അലിഫ് – ലാം – മീം’
  • الٓمٓ അലിഫ് – ലാം – മീം

30:2

  • غُلِبَتِ ٱلرُّومُ ﴾٢﴿
  • റോമക്കാര്‍ പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു.
  • غُلِبَتِ ജയിക്കപ്പെട്ടു, പരാജയപ്പെടുത്തപ്പെട്ടു الرُّومُ റോമാ, റോമക്കാര്‍

30:3

  • فِىٓ أَدْنَى ٱلْأَرْضِ وَهُم مِّنۢ بَعْدِ غَلَبِهِمْ سَيَغْلِبُونَ ﴾٣﴿
  • അടുത്ത നാട്ടില്‍ അവര്‍, തങ്ങളുടെ (ഈ) പരാജയത്തിനുശേഷം അടുത്ത് വിജയം നേടുകയും ചെയ്യും;-
  • فِي أَدْنَى الْأَرْضِ അടുത്ത ഭൂമിയില്‍ (നാട്ടില്‍) وَهُم അവര്‍ مِّن بَعْدِ غَلَبِهِمْ അവരെ ജയിച്ചതി (അവരുടെ പരാജയത്തി)നുശേഷം سَيَغْلِبُونَ വഴിയെ (അടുത്ത്) വിജയിക്കും

30:4

  • فِى بِضْعِ سِنِينَ ۗ لِلَّهِ ٱلْأَمْرُ مِن قَبْلُ وَمِنۢ بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ ٱلْمُؤْمِنُونَ ﴾٤﴿
  • ചില്ലറ കൊല്ലങ്ങള്‍ക്കുള്ളില്‍, മുമ്പും, പിമ്പും, ആജ്ഞാധികാരം അല്ലാഹുവിന്നത്രെ. അന്നത്തെ ദിവസം, സത്യവിശ്വാസികള്‍ സന്തോഷം കൊള്ളുന്നതാകുന്നു;-
  • فِي بِضْعِ سِنِينَ ചില്ലറ (സ്വല്പം) കൊല്ലങ്ങളില്‍ لِلَّـهِ അല്ലാഹുവിനാണ് الْأَمْرُ ആജ്ഞ, അധികാരം, കാര്യം مِن قَبْلُ മുമ്പ് وَمِن بَعْدُ പിമ്പും وَيَوْمَئِذٍ അന്ന്, ആ ദിവസം يَفْرَحُ സന്തോഷംകൊള്ളും الْمُؤْمِنُونَ സത്യവിശ്വാസികള്‍

30:5

  • بِنَصْرِ ٱللَّهِ ۚ يَنصُرُ مَن يَشَآءُ ۖ وَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾٥﴿
  • അല്ലാഹുവിന്റെ സഹായത്താല്‍ അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ തന്നെയാണ് കരുണാനിധിയായ പ്രതാപശാലി.
  • بِنَصْرِ اللَّـهِ അല്ലാഹുവിന്റെ സഹായത്താല്‍ يَنصُرُ അവന്‍ സഹായിക്കും, രക്ഷിക്കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവന്‍തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി

30:6

  • وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ وَعْدَهُۥ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٦﴿
  • അല്ലാഹുവിന്റെ വാഗ്ദത്തം! അല്ലാഹു അവന്റെ വാഗ്ദത്തത്തിന് വ്യത്യാസം ചെയ്യുന്നതല്ല. പക്ഷേ, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
  • وَعْدَ اللَّـهِ അല്ലാഹുവിന്റെ വാഗ്ദത്തം لَا يُخْلِفُ اللَّـهُ അല്ലാഹു വ്യത്യാസം (ലംഘനം) ചെയ്കയില്ല وَعْدَهُ തന്റെ വാഗ്ദത്തത്തിനു وَلَـٰكِنَّ പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും, മിക്കവരും لَا يَعْلَمُونَ അറിയുന്നില്ല

വാചകഘടനയില്‍ പരസ്പരബന്ധമുള്ള 2 മുതല്‍ 6 കൂടിയ ഈ വചനങ്ങളുടെ അര്‍ത്ഥം മൊത്തത്തില്‍ ഇങ്ങിനെ സംഗ്രഹിക്കാം:-

‘അടുത്ത നാട്ടില്‍വെച്ച് റോമക്കാര്‍ പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു. തങ്ങളുടെ (ഈ) പരാജയത്തിനുശേഷം, ഏതാനും (സ്വല്പം) കൊല്ലങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയം നേടുന്നതുമാണ്. മുമ്പും, പിമ്പും (എക്കാലത്തും) ആജ്ഞാധികാരം അല്ലാഹുവിന്നത്രെ. അന്ന് സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ സഹായത്തില്‍ സന്തോഷമടയുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ തന്നെയാണ് കരുണാനിധിയായ പ്രതാപശാലി. (ഇപ്പറഞ്ഞത്) അല്ലാഹുവിന്റെ വാഗ്ദത്തമത്രെ. അല്ലാഹു തന്റെ വാഗ്ദത്തം ലംഘിക്കുന്നതല്ല. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.’

അടുത്തനാട് (أَدْنَى الْأَرْضِ) എന്നു പറഞ്ഞതു റോമാസാമ്രാജ്യത്തില്‍നിന്നു അറേബ്യായെ തൊട്ടുകിടക്കുന്ന പ്രദേശങ്ങളാകുന്നു. അറേബ്യാ ഉപദ്വീപിന്‍റെ രണ്ടു അയല്‍രാജ്യങ്ങളായിരുന്നു റോമാ സാമ്രാജ്യവും, പേര്‍ഷ്യാ സാമ്രാജ്യവും. പലപ്പോഴും അവ തമ്മില്‍ ഏറ്റുമുട്ടാറുണ്ടായിരുന്നു. ഹിജ്റയുടെ അല്‍പ്പം മുമ്പ് നടന്ന ഒരു ഏറ്റുമുട്ടലില്‍ പേര്‍ഷ്യക്കാര്‍ ജയിക്കുകയും, റോമാക്കാരുടെ കീഴിലുള്ള ചിലസ്ഥലങ്ങള്‍ ‘അവര്‍ കയ്യടക്കുകയും ചെയ്തു.’ റോമക്കാര്‍ വേദക്കാരായ ക്രിസ്ത്യാനികളും, പേര്‍ഷ്യക്കാര്‍ ബഹുദൈവാരാധകന്‍മാരുമായിരുന്നു. അതുകൊണ്ടു റോമക്കാരുടെ വിജയത്തില്‍ മുസ്ലിംകള്‍ക്കും, പേര്‍ഷ്യക്കാരുടെ വിജയത്തില്‍ മക്കാ മുശ്രിക്കുകള്‍ക്കും താല്‍പര്യമുണ്ടാകുക സ്വാഭാവികമാണല്ലോ. മുശ്‌രിക്കുകള്‍ക്കു ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള വൈരം മൂര്‍ദ്ധന്യത്തിലെത്തിയിരുന്ന അക്കാലത്തു വിശേഷിച്ചും. അങ്ങനെ, പേര്‍ഷ്യക്കാരുടെ പ്രസ്തുത വിജയം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വ്യസനകരമായിരുന്നു. അതേ അവസരത്തില്‍ ഖുറൈശികളില്‍ അതു അഹങ്കാരവും ആവേശവും ഉളവാക്കി. ‘ഞങ്ങളുടെ സഹോദരങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ പരാജയപ്പെടുത്തിയതുപോലെ, ഞങ്ങള്‍ നിങ്ങളെയും പരാജയപ്പെടുത്തും’ എന്നിങ്ങിനെ ഖുറൈശികള്‍ അഭിമാനിക്കുകയായി.

ഈ അവസരത്തിലാണ് മേല്‍കണ്ട ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചത്. താല്‍ക്കാലികമായ ആ പരാജയത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ക്കു അധികമൊന്നും ആഹ്ലാദിക്കുവാന്‍ വകയില്ല; അല്‍പം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പരാജയം തിരിച്ചടിക്കുകതന്നെ ചെയ്യും; അന്ന് മുസ്‌ലിംകള്‍ക്കു തികച്ചും സന്തോഷിക്കാം; ലോകകാര്യങ്ങളെല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണുളളത്; അവന്‍റെ യുക്തംപോലെ അവന്‍ അവ കൈകാര്യം ചെയ്യുന്നു; അതില്‍ മറ്റാരുടെയും ഇഷ്ടത്തിനോ അനുമാനത്തിനോ സ്ഥാനമില്ല; അടുത്തകാലത്തു റോമക്കാര്‍ വിജയംവരിക്കുമെന്ന ഈ പ്രവചനം കേവലം ഒരു അനുമാനമോ മതിപ്പോ അല്ല; അല്ലാഹുവിങ്കല്‍നിന്നുള്ള വാഗ്ദത്തമാണത്: ഒരിക്കലും അതില്‍ മാറ്റം സംഭവിക്കാന്‍ പോകുന്നില്ല എന്നൊക്കെയാണ് ഈ വചനങ്ങള്‍ മുഖേന അല്ലാഹു പ്രസ്താവിക്കുന്നത്.

റോമാക്കാരുടെ വിജയം ഏതു കൊല്ലത്തിലായിരിക്കുമെന്ന് തിട്ടപ്പെടുത്തിപ്പറയാതെ فِي بِضْعِ سِنِينَ (ചില്ലറ കൊല്ലങ്ങളിലായി) എന്നത്രെ അല്ലാഹു പറഞ്ഞിരിക്കുന്നത്. മൂന്നു മുതല്‍ ഒമ്പതുവരെയുള്ള എണ്ണത്തിനാണ് ആ വാക്ക് (بِضْعِ) ഉപയോഗിക്കപ്പെടുന്നത്. അപ്പോള്‍ ഒമ്പതു കൊല്ലം കഴിയുന്നതിനു മുമ്പേ ഈ പ്രവചനം പുലരണം. അന്നത്തെ ചുറ്റുപാടും, ഇരു രാഷ്ട്രങ്ങളുടെയും പൊതു നിലപാടുകളും നോക്കുമ്പോള്‍, ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ റോമക്കാര്‍ക്കു വിജയം കൈവരുന്ന ഒരന്തരീക്ഷം ഉണ്ടാവുക അസംഭവ്യമായാണ് ഖുറൈശികള്‍ കരുതിയത്. എന്നാല്‍ മുസ്‌ലിംകള്‍ക്കാകട്ടെ – ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവനയുണ്ടായിരിക്കെ – ഒരു നേരിയ സംശയം പോലുമുണ്ടായില്ല. അങ്ങനെ, ഖുര്‍ആനെ നിഷേധിക്കുവാനുള്ള ഒരവസരം മുശ്രിക്കുകളും, അതിന്റെ സത്യത സ്ഥാപിക്കുവാന്‍ പുതിയൊരവസരം മുസ്ലിംകളും കാത്തിരിപ്പായി. അത്രയുമല്ല, മുസ്ലിംകളുടെ ഭാഗത്തുനിന്ന് അബൂബക്കര്‍ സിദ്ധീഖും (رضي الله عنه) മുശ്രിക്കുകളുടെ ഭാഗത്തുനിന്ന് ഉബ്ബയുബ്നു ഖലഫും (ابي بن خلف) തമ്മില്‍ ഒരു പന്തയംതന്നെ നടക്കുകയുണ്ടായി.(*). വിജയം മുസ്ലിംകള്‍ക്കാണ് ഉണ്ടായതെന്ന് പറയേണ്ടതില്ലല്ലോ. ഹുദൈബിയ്യാ സന്ധിയുണ്ടായതിന്‍റെ അടുത്ത് – അതിനു മുമ്പാണെന്നും അഭിപ്രായമുണ്ട് – റോമക്കാര്‍ പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തി. മുസ്ലിംകള്‍ അതില്‍ സന്തോഷിക്കുകയും ചെയ്തു. അതിനുമുമ്പായി ബദ്ര്‍ യുദ്ധത്തില്‍വെച്ച് ഖുറൈശീ നേതാക്കള്‍ പലരും കൊല്ലപ്പെട്ടു പോയിരുന്നു.


(*). അന്ന് ഇസ്‌ലാമില്‍ പന്തയം വിരോധിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. പന്തയം വിരോധിക്കപ്പെട്ടതു ഹിജ്രക്കു ശേഷം മദീനായില്‍വെച്ചായിരുന്നു. പന്തയത്തില്‍ പ്രതിഫലമായി നിശ്ചയിക്കപ്പെട്ടി രുന്ന ഒട്ടകങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നിര്‍ദ്ദേശപ്രകാരം ധര്‍മ്മം കൊടുക്കപ്പെടുകയാണ് ചെയ്തത്. റോമക്കാരുടെ വിജയം ഉണ്ടായതു ഒമ്പതാമത്തെ കൊല്ലത്തിലാണെന്നും, ഏഴാമത്തെ കൊല്ലത്തിലാണെന്നും അഭിപ്രായങ്ങളുണ്ട്. الله ٲعلم.


ഈ വചനങ്ങളുടെ അവസാനത്തില്‍ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (പക്ഷേ, മനുഷ്യരില്‍ അധികമാളുകളും അറിയുന്നില്ല) എന്നു പറഞ്ഞിട്ടുള്ളതു ശ്രദ്ധേയമാകുന്നു. റോമായുടെയും പേര്‍ഷ്യായുടെയും അന്നത്തെ നിലവെച്ചു നോക്കുമ്പോള്‍ അടുത്ത കാലത്തൊന്നും റോമക്കാര്‍ക്കു വിജയം പ്രതീക്ഷിക്കുവാന്‍ വകയില്ലായിരുന്നു. പക്ഷേ, എല്ലാ കാര്യവും അല്ലാഹുവിന്റെ ആജ്ഞാധികാരപരിധിയില്‍ മാത്രം ഉള്‍കൊള്ളുന്നതും, അവന്റെ ഉദ്ദേശത്തിനും നിയന്ത്രണത്തിനും വിധേയമായതുമാണ്. ബാഹ്യമായ കാര്യകാരണബന്ധത്തിന്‍റെ ശൃംഖല ഇവിടെയുണ്ടെന്നുള്ളതു വാസ്തവം തന്നെ. എന്നാല്‍ ആ ശൃംഖലയുടെ തുടക്കവും, നീക്കവും, ഒടുക്കവും എല്ലാംതന്നെ, ആ നിയന്ത്രണത്തില്‍ നിന്നു ഒഴിവല്ല. ഒരു കാര്യത്തിന്റെ കാരണങ്ങളുടെ ബാഹ്യമായ പട്ടിക പൂര്‍ത്തിയായിക്കഴിഞ്ഞതുകൊണ്ടുമാത്രം അക്കാര്യം സംഭവിക്കുകയില്ല. മനുഷ്യനു അദൃശ്യവും അജ്ഞാതവുമായ ചില ഉപാധികള്‍കൂടി സമ്മേളിക്കുമ്പോള്‍ മാത്രമേ അതു സംഭവിക്കുകയുള്ളു. കാര്യകാരണബന്ധങ്ങള്‍ ഏര്‍പ്പെടുത്തിയതുതന്നെ അല്ലാഹുവാണ്. അവയ്ക്ക് അടിസ്ഥാനവും നിദാനവുമായി മറ്റൊരു കാര്യകാരണവ്യവസ്ഥയും, അവന്റെ പക്കല്‍ ഉണ്ടായിരിക്കാം. എന്നിത്യാദി യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കയും, മനസ്സിലാക്കുകയും ചെയ്യുന്നവര്‍ മനുഷ്യരില്‍ തുലോം കുറവാണ്. അജ്ഞതയും ബുദ്ധികൊടുത്തു ചിന്തിക്കായ്മയുമാണതിനു കാരണം. കേവലം കണ്ണില്‍കണ്ടതിനപ്പുറം മറ്റൊന്നുംതന്നെ സ്ഥിതി ചെയ്യുന്നില്ലെന്നും, മനുഷ്യന്‍റെ അറിവു സമ്പൂര്‍ണ്ണമാണെന്നുമുള്ള ചിലരുടെ ധാരണയാണ് മറ്റൊരു കാരണം. മിക്ക മനുഷ്യരും ഇത്തരക്കാരാണ്. ഇവരുടെ അറിവിന്‍റെ പരിമിതി – അഥവാ ആകെത്തുക – അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നതു നോക്കുക:-

30:7

  • يَعْلَمُونَ ظَـٰهِرًا مِّنَ ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ عَنِ ٱلْـَٔاخِرَةِ هُمْ غَـٰفِلُونَ ﴾٧﴿
  • ഐഹികജീവിതത്തില്‍ നിന്നുള്ള ഒരു ബാഹ്യവശം അവര്‍ അറിയുന്നു (അത്രമാത്രം); പരലോകത്തെ സംബന്ധിച്ച് അവരാകട്ടെ, ബോധരഹിതരാണുതാനും.
  • يَعْلَمُونَ അവര്‍ അറിയുന്നു ظَاهِرًا ഒരു ബാഹ്യവശം مِّنَ الْحَيَاةِ ജീവിതത്തില്‍നിന്നു الدُّنْيَا ഐഹികമായ, ഇഹത്തിന്റെ وَهُمْ അവരോ, അവരാകട്ടെ عَنِ الْآخِرَةِ പരലോകത്തെപ്പറ്റി هُمْ അവര്‍ غَافِلُونَ ബോധാരഹിതരാണ്, ശ്രദ്ധയില്ലാത്തവരാണ്

ഭക്ഷണം, പാര്‍പ്പിടം, ധനസമ്പാദനം, സുഖഭോഗത്തിനുള്ള ഉപാധികള്‍ എന്നിങ്ങിനെ ഐഹികജീവിതത്തിന്‍റെ ചില ബാഹ്യവശങ്ങളെക്കുറിച്ചുമാത്രമേ മിക്ക ജനങ്ങള്‍ക്കും അറിവുള്ളു. അവമാത്രമാണവരുടെ ചിന്താവിഷയവും.

ഈ ലോകത്തു അല്ലാഹു നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചോ, അതിലടങ്ങിയ യുക്തി രഹസ്യങ്ങളെക്കുറിച്ചോ, സ്വന്തം ജീവിതത്തിന്റെ സാക്ഷാല്‍ ലക്ഷ്യത്തെക്കുറിച്ചോ, ഭാവിയില്‍ നേരിടാനിരിക്കുന്ന അവസ്ഥകളെക്കുറിച്ചോ ഒന്നുംതന്നെ അവര്‍ക്ക് എത്തും പിടിയുമില്ല. ഐഹികജീവിതത്തെ സംബന്ധിച്ചിടത്തോളം ഇതാണവരുടെ നിലപാടെങ്കില്‍, പരലോകത്തെ സംബന്ധിച്ച് അവരുടെ നില എന്തായിരിക്കുമെന്നു പറയേണ്ടതുണ്ടോ?! അങ്ങിനെ ഒരു ജീവിതത്തെപ്പറ്റി അവര്‍ക്കു വിഭാവനം ചെയ്‌വാന്‍പോലും സാധിക്കുന്നില്ല. തികച്ചും അവരതിനെപ്പറ്റി അശ്രദ്ധരാകുന്നു. വാസ്തവത്തില്‍, സ്വന്തം മനസ്സാക്ഷിയോടുകൂടി അവര്‍ അല്‍പമൊന്നു ചിന്തിച്ചുനോക്കിയിരുന്നെങ്കില്‍ തങ്ങളുടെ ഈ ഭീമമായ അബദ്ധം ഏറെക്കുറെ അവര്‍ക്കു ബോധ്യപ്പെടുമായിരുന്നു. അല്ലാഹു പറയുന്നു:-

30:8

  • أَوَلَمْ يَتَفَكَّرُوا۟ فِىٓ أَنفُسِهِم ۗ مَّا خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۗ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ بِلِقَآئِ رَبِّهِمْ لَكَـٰفِرُونَ ﴾٨﴿
  • അവര്‍ തങ്ങളുടെ മനസ്സുകളില്‍ [സ്വയം] ചിന്തിച്ചു നോക്കുന്നില്ലേ?! ആകാശങ്ങളും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും ന്യായമായ കാര്യത്തോടും, ഒരു നിശ്ചിത അവധിയോടും കൂടിയല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരില്‍ അധികപേരും തന്നെ, തങ്ങളുടെ രക്ഷിതാവുമായി കാണുന്നതില്‍ അവിശ്വസിക്കുന്നവരാണുതാനും.
  • أَوَلَمْ يَتَفَكَّرُوا അവര്‍ ചിന്തിച്ചുനോക്കുന്നില്ലേ فِي أَنفُسِهِم അവരുടെ മനസ്സുകളില്‍, സ്വയം തന്നെ مَّا خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതും إِلَّا بِالْحَقِّ ന്യായത്തോടുകൂടിയല്ലാതെ, മുറപ്രകാരമല്ലാതെ وَأَجَلٍ ഒരു അവധിയോടും مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട, നിശ്ചിതമായ وَإِنَّ كَثِيرًا നിശ്ചയമായും അധികപേരും مِّنَ النَّاسِ മനുഷ്യരില്‍നിന്നു بِلِقَاءِ കാണുന്നതില്‍ رَبِّهِمْ തങ്ങളുടെ രക്ഷിതാവുമായി لَكَافِرُونَ അവിശ്വസിക്കുന്നവര്‍ തന്നെ

أَجَلٍ مُّسَمًّى (നിശ്ചിത അവധി) എന്നു പറഞ്ഞതു ലോകാവസാനത്തെ – അഥവാ ഖിയാമത്തുനാളിനെ – ഉദ്ദേശിച്ചാകുന്നു. അതിനുശേഷം ഒരു പുതിയ ലോകഘടനയായിരിക്കും നിലവില്‍ വരുക. ഈ ഭൂമിയും ആകാശങ്ങളുമെല്ലാം മറ്റൊരു രൂപത്തിലായി മാറ്റപ്പെടുന്നതായിരിക്കും അന്ന്.

(يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ….. – ابراهيم)

30:9

  • أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓا۟ أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا۟ ٱلْأَرْضَ وَعَمَرُوهَآ أَكْثَرَ مِمَّا عَمَرُوهَا وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ ﴾٩﴿
  • ഭൂമിയില്‍ അവര്‍ സഞ്ചരിക്കുന്നില്ലേ? എന്നാലവര്‍ക്ക് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നെന്നു നോക്കിക്കാണാമായിരുന്നുവല്ലോ! അവര്‍ [മുമ്പുള്ളവര്‍] ഇവരെക്കാള്‍ ശക്തിയില്‍ കേമന്‍മാരായിരുന്നു. അവര്‍ ഭൂമിയെ ഉഴുതു മറി(ച്ചു കൃഷിയുണ്ടാ)ക്കുകയും, ഇവര്‍ അതിനെ നിവാസയോഗ്യമാക്കിയതിനേക്കാള്‍ അവര്‍ അതിനെ നിവാസ യോഗ്യമാക്കുകയും ചെയ്തു. വ്യക്തമായ തെളിവുകളുംകൊണ്ട് അവരുടെ അടുക്കല്‍ അവരുടെ റസൂലുകള്‍ [ദൈവദൂതന്‍മാര്‍] ചെല്ലുകയും ചെയ്തിരുന്നു. എന്നാല്‍, അല്ലാഹു അവരോട് (യാതൊന്നും) അനീതി പ്രവര്‍ത്തിക്കുകയുണ്ടായിട്ടില്ല. പക്ഷേ, അവര്‍ തങ്ങളോടു തന്നെ അനീതി പ്രവര്‍ത്തിക്കുകയായിരുന്നു ചെയ്തതു.
  • أَوَلَمْ يَسِيرُوا അവര്‍ സഞ്ചരിക്കുന്നില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا എന്നാലവര്‍ക്കു നോക്കിക്കാണാമായിരുന്നു كَيْفَ كَانَ എങ്ങിനെ ആയിരുന്നു عَاقِبَةُ പര്യവസാനം, കലാശം الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവരുടെ كَانُوا അവരായിരുന്നു أَشَدَّ مِنْهُمْ ഇവരെക്കാള്‍ ഊക്കന്‍മാര്‍, കേമന്‍മാര്‍ قُوَّةً ശക്തിയാല്‍ وَأَثَارُوا അവര്‍ ഉഴുതു (ഇളക്കി) മറിക്കുകയും ചെയ്തു الْأَرْضَ ഭൂമിയെ وَعَمَرُوهَا അതില്‍ നിവസിക്കുകയും (കുടിയിരിക്കുകയും, നിവാസയോഗ്യമാക്കുകയും) ചെയ്തു أَكْثَرَ കൂടുതല്‍ مِمَّا عَمَرُوهَا ഇവര്‍ നിവസിച്ചതിനെക്കാള്‍ وَجَاءَتْهُمْ അവര്‍ക്കു ചെല്ലുകയും ചെയ്തു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുംകൊണ്ട് فَمَا كَانَ എന്നാല്‍ ഉണ്ടായില്ല اللَّـهُ അല്ലാഹു لِيَظْلِمَهُمْ അവരോടു അനീതി (അക്രമം) ചെയ്യുക وَلَـٰكِن كَانُوا പക്ഷേ അവരായിരുന്നു أَنفُسَهُمْ തങ്ങളോടു തന്നെ يَظْلِمُونَ അനീതി ചെയ്യും

ഐഹികമായ പ്രാബല്യംകൊണ്ടും, നാഗരീകതകൊണ്ടും, ഈ മുശ്രിക്കുകളെക്കാള്‍ വളരെ കേമന്‍മാരായിരുന്നു ഇവരുടെ മുമ്പുണ്ടായിരുന്ന ആ സമുദായങ്ങള്‍. ഇവരെക്കാളധികം കാലം അവര്‍ ജീവിക്കുകയും, ഇവരെക്കാളധികം ഭൗതികനേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. وَمَا بَلَغُوا مِعْشَارَ مَا آتَيْنَاهُمْ –  سبإ (നാം അവര്‍ക്കു നല്‍കിയിട്ടുള്ളതിന്റെ പത്തിനൊന്നു കണ്ട് ഇവര്‍ എത്തിച്ചേര്‍ന്നിട്ടില്ല.) എന്നാല്‍, ദൈവദൂതന്‍മാര്‍ അവരുടെ അടുക്കല്‍ ചെന്ന് ഉപദേശിച്ചപ്പോള്‍ അവരെ നിഷേധിക്കുകയും, അതുവഴി തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയുമാണവര്‍ ചെയ്തത്.

30:10

  • ثُمَّ كَانَ عَـٰقِبَةَ ٱلَّذِينَ أَسَـٰٓـُٔوا۟ ٱلسُّوٓأَىٰٓ أَن كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ وَكَانُوا۟ بِهَا يَسْتَهْزِءُونَ ﴾١٠﴿
  • പിന്നീട്, ദുഷ്പ്രവൃത്തി ചെയ്ത (ആ) കൂട്ടരുടെ പര്യവസാനം ഏറ്റവും ദുരവസ്ഥയായിത്തീര്‍ന്നു; (അതെ) അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെപ്പറ്റി പരിഹസിച്ചുകൊണ്ടിരിക്കുകയും ചെയ്തതിനാല്‍!
  • ثُمَّ كَانَ പിന്നീടു ആയിത്തീര്‍ന്നു عَاقِبَةَ പര്യവസാനം الَّذِينَ أَسَاءُوا ദുഷ്പ്രവര്‍ത്തി ചെയ്തവരുടെ السُّوأَىٰ ഏറ്റവും ദുഷിച്ചതു (വലിയ ദുരവസ്ഥ) أَن كَذَّبُوا അവര്‍ കളവാക്കിയതിനാല്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَكَانُوا അവരായിരുന്നു بِهَا അവയെ, അവയെപ്പറ്റി يَسْتَهْزِئُونَ പരിഹസിക്കും

ഏറ്റവും വലിയ ദുരവസ്ഥ (السُّوأَىٰ) എന്നു പറഞ്ഞതു, ഇഹത്തില്‍ അവര്‍ക്കു ബാധിച്ച നാശനഷ്ടങ്ങളും, പരലോകത്തില്‍ ബാധിക്കുവാനിരിക്കുന്ന വമ്പിച്ച ശിക്ഷകളും ആകുന്നു. വരാനിരിക്കുന്ന കാര്യങ്ങള്‍ക്കു വന്നുകഴിഞ്ഞ കാര്യങ്ങള്‍ മുഖേനയും, കാണാത്ത കാര്യങ്ങള്‍ക്കു കണ്ടു കഴിഞ്ഞ വസ്തുതകള്‍ മുഖേനയുമാണല്ലോ തെളിവു നല്‍കുക. ഇതനുസരിച്ച് പുനരുത്ഥാനത്തെ ആദ്യസൃഷ്ടിപ്പു മുഖേന സ്ഥാപിച്ചുകൊണ്ട് അന്നത്തെ ദിവസം സംഭവിക്കാനിരിക്കുന്ന ചില ഭവിഷ്യത്തുകളെക്കുറിച്ച് അല്ലാഹു താക്കീതു നല്‍കുന്നു:-

വിഭാഗം – 2

30:11

  • ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيْهِ تُرْجَعُونَ ﴾١١﴿
  • അല്ലാഹു സൃഷ്ടിയെ ആദ്യമുണ്ടാക്കുന്നു; പിന്നീടതു ആവര്‍ത്തിക്കുന്നു; പിന്നീട് അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
  • اللَّـهُ يَبْدَأُ അല്ലാഹു ആരംഭിക്കുന്നു, ആദ്യമുണ്ടാക്കുന്നു الْخَلْقَ സൃഷ്ടിയെ, സൃഷ്ടിപ്പു ثُمَّ പിന്നീടു يُعِيدُهُ അതിനെ ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു ثُمَّ إِلَيْهِ പിന്നീടു അവങ്കലേക്കു തന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

താഴെ 27-ാം വചനവും അതിന്റെ വിവരണവും നോക്കുക.

30:12

  • وَيَوْمَ تَقُومُ ٱلسَّاعَةُ يُبْلِسُ ٱلْمُجْرِمُونَ ﴾١٢﴿
  • അന്ത്യസമയം (ലോകാവസാനഘട്ടം) നിലവില്‍ വരുന്ന ദിവസം, കുറ്റവാളികള്‍ ആശയറ്റുപോകുന്നതാണ്.
  • وَيَوْمَ تَقُومُ നിലവില്‍ വരുന്ന (നിലനില്‍ക്കുന്ന) ദിവസം السَّاعَةُ ആ ഘട്ടം, (അന്ത്യഘട്ടം, അന്ത്യസമയം) يُبْلِسُ നിരാശപ്പെടും, ആശമുറിയും الْمُجْرِمُونَ കുറ്റവാളികള്‍

30:13

  • وَلَمْ يَكُن لَّهُم مِّن شُرَكَآئِهِمْ شُفَعَـٰٓؤُا۟ وَكَانُوا۟ بِشُرَكَآئِهِمْ كَـٰفِرِينَ ﴾١٣﴿
  • തങ്ങളുടെ (ആരാധ്യന്‍മാരായ) പങ്കുകാരില്‍നിന്ന് അവര്‍ക്കു ശുപാര്‍ശക്കാര്‍ ഉണ്ടായിരിക്കയുമില്ല; അവര്‍ തങ്ങളുടെ പങ്കാളികളെത്തന്നെ നിഷേധിക്കുന്നവരായിരിക്കയും ചെയ്യും.
  • وَلَمْ يَكُن ഉണ്ടായിരിക്കയുമില്ല لَّهُم അവര്‍ക്കു مِّن شُرَكَائِهِمْ അവരുടെ പങ്കുകാരില്‍നിന്നു شُفَعَاءُ ശുപാര്‍ശക്കാര്‍ وَكَانُوا അവര്‍ ആക്കുകയും ചെയ്യും بِشُرَكَائِهِمْ അവരുടെ പങ്കുകാരെ كَافِرِينَ നിഷേധിക്കുന്നവര്‍

ആരാധ്യവസ്തുക്കള്‍ അല്ലാഹുവിന്റെ മുമ്പില്‍ തങ്ങള്‍ക്കു ശുപാര്‍ശ ചെയ്യുമെന്നുള്ള അവരുടെ വാദം തനി വിഡ്ഢിത്തമായിരുന്നുവെന്ന് അവര്‍ക്ക് അനുഭവപ്പെടും. അവമൂലം യാതൊരു നന്‍മയും ലഭിക്കുവാനില്ലെന്നു കാണുമ്പോള്‍ അവയുമായുള്ള തങ്ങളുടെ ബന്ധത്തെത്തന്നെ അവര്‍ നിഷേധിക്കുകയും ചെയ്യും.

30:14

  • وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَتَفَرَّقُونَ ﴾١٤﴿
  • അന്ത്യസമയം നിലവില്‍ വരുന്ന ദിവസം, അന്ന് അവര്‍ വേര്‍പിരിയുന്നതാകുന്നു.
  • وَيَوْمَ تَقُومُ നിലവില്‍ വരുന്ന ദിവസം السَّاعَةُ ആ (അന്ത്യ) സമയം يَوْمَئِذٍ അന്ന് يَتَفَرَّقُونَ അവര്‍ വേര്‍പിരിയും

30:15

  • فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَهُمْ فِى رَوْضَةٍ يُحْبَرُونَ ﴾١٥﴿
  • എന്നാല്‍, വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ (സ്വര്‍ഗ്ഗീയമായ) ഒരു പൂന്തോപ്പില്‍ ആനന്ദം കൊള്ളുന്നതാകുന്നു.
  • فَأَمَّا الَّذِينَ آمَنُوا എന്നാല്‍ വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കയും ചെയ്ത الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ فَهُمْ എന്നാലവര്‍ فِي رَوْضَةٍ ഒരു പൂന്തോപ്പില്‍, ഉദ്യാനത്തില്‍ يُحْبَرُونَ ആനന്ദം നല്‍കപ്പെടും, സന്തോഷമടയും

30:16

  • وَأَمَّا ٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَا وَلِقَآئِ ٱلْـَٔاخِرَةِ فَأُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ ﴾١٦﴿
  • എന്നാല്‍ അവിശ്വസിക്കുകയും, നമ്മുടെ ലക്ഷ്യങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും വ്യാജമാക്കുകയും ചെയ്തിട്ടുള്ളവരോ, അവര്‍ ശിക്ഷയില്‍ ഹാജറാക്കപ്പെടുന്നവരുമായിരിക്കും.
  • وَأَمَّا الَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചവര്‍ وَكَذَّبُوا കളവാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَلِقَاءِ الْآخِرَةِ പരലോകം കണ്ടുമുട്ടുന്നതിനെയും فَأُولَـٰئِكَ അക്കൂട്ടര്‍ فِي الْعَذَابِ ശിക്ഷയില്‍ مُحْضَرُونَ ഹാജരാക്കപ്പെടുന്നവരാണ്

ഇങ്ങിനെ രണ്ടു വിഭാഗക്കാരായി മനുഷ്യവര്‍ഗ്ഗം അന്ന് വേര്‍പിരിയും. എനി, നല്ലവരും ദുഷ്ടരും ഇടകലര്‍ന്നുള്ള ജീവിതം ഉണ്ടാകുകയില്ല. ഇന്നുമുതല്‍ അവര്‍ക്കിടയില്‍ സമ്പര്‍ക്കവുമില്ല. സത്യവിശ്വാസികളും സല്‍കര്‍മ്മികളുമായ സജ്ജനങ്ങള്‍ സ്വര്‍ഗ്ഗീയ പൂങ്കാവനങ്ങളില്‍ പൂമൊട്ടറുത്തും, പൂമ്പട്ടുടത്തും, സംഗീതഗാനങ്ങളാസ്വദിച്ചും നിത്യാനന്ദം കൊള്ളും. നേരെമറിച്ച് അല്ലാഹുവില്‍ അവിശ്വസിച്ച്‌ – തൗഹീദിനെ നിഷേധിച്ച് – റസൂലിനെയും വേദഗ്രന്ഥത്തെയും ധിക്കരിച്ച് – പരലോകജീവിതത്തെയും പുനരുത്ഥാനത്തെയും പാടെ അവഗണിച്ച് – കഴിഞ്ഞു കൂടിയിരുന്ന ദുര്‍ജ്ജനങ്ങള്‍ അവര്‍ണ്ണനീയമായ നരകശിക്ഷ അനുഭവിക്കുകയും ചെയ്യും. അല്ലാഹു നമ്മെയെല്ലാം സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

30:17

  • فَسُبْحَـٰنَ ٱللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ ﴾١٧﴿
  • ആകയാല്‍, നിങ്ങള്‍ (അസ്തമന) സന്ധ്യാവേളയിലാകുമ്പോഴും, പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്റെ പരിശുദ്ധതയെ പ്രകീര്‍ത്തനം [തസ്ബീഹു] ചെയ്യുക.
  • فَسُبْحَانَ اللَّـهِ ആകയാല്‍ അല്ലാഹുവിന്റെ തസ്ബീഹ് നടത്തുക, പ്രകീര്‍ത്തനം ചെയ്യുക, പരിശുദ്ധതയെ വാഴ്ത്തുന്നു حِينَ تُمْسُونَ നിങ്ങള്‍ സന്ധ്യാസമയത്തിലാകുമ്പോള്‍ (വൈകുന്നേരം) وَحِينَ تُصْبِحُونَ നിങ്ങള്‍ പ്രഭാത സമയത്താകുമ്പോഴും (കാലത്തും)

30:18

  • وَلَهُ ٱلْحَمْدُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ ﴾١٨﴿
  • ആകാശങ്ങളിലും ഭൂമിയിലും (എല്ലാ) സ്തുതിയും അവനുതന്നെ – സായാഹ്നസമയത്തും, നിങ്ങള്‍ മദ്ധ്യാഹ്നവേളയിലാകുമ്പോഴും (പ്രകീര്‍ത്തനം ചെയ്യുക).
  • وَلَهُ അവനുതന്നെ الْحَمْدُ സ്തുതി, സ്തോത്രം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَعَشِيًّا സായാഹ്നവേളയിലും, (സായംകാലത്തും) وَحِينَ تُظْهِرُونَ നിങ്ങള്‍ മദ്ധ്യാഹ്നവേളയിലാകുമ്പോഴും, (ഉച്ചസമയത്തും)

سُبْحَانَ اللَّـهِ (സുബ്ഹാനല്ലാഹി) എന്ന വാക്കിന് ‘അല്ലാഹുവിന്റെ പരിശുദ്ധതയെ പ്രകീര്‍ത്തനം ചെയ്യുക’ എന്നു നിര്‍ദ്ദേശരൂപത്തിലും, ‘പ്രകീര്‍ത്തനം ചെയ്യുന്നു’ എന്നു വാര്‍ത്താരൂപത്തിലും അര്‍ത്ഥം വരാവുന്നതാകുന്നു. (*). ഏതര്‍ത്ഥം കല്പിച്ചാലും പ്രസ്തുത നാലു സമയങ്ങളിലും മനുഷ്യന്‍ അല്ലാഹുവിന്റെ സ്തുതികീര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് ഈ വചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ആശയം അല്പാല്പ വ്യത്യാസത്തോടു കൂടി മറ്റുപല സ്ഥലത്തും ഖുര്‍ആനില്‍ ആവര്‍ത്തിച്ചുകാണാം. (ത്വാഹാ : 130; ഇസ്രാഉ് 78; ഇന്‍സാന്‍ 25,26 മുതലായവ നോക്കുക).


(*). سُبْحَانَ എന്ന പദം سبح എന്ന ക്രിയയുടെ ധാതുരൂപത്തില്‍ (مصدر) ആണെങ്കിലും ക്രിയയുടെയും, നാമത്തിന്റെയും അര്‍ത്ഥത്തിലും അതു ഉപയോഗിക്കപ്പെടാറുണ്ട്, ചിലപ്പോള്‍ ആശ്ചര്യ (تعجب)ത്തെയും, വേറെ ചിലപ്പോള്‍ മഹത്വ (تعظيم)ത്തെയും കുറിക്കുകയും ചെയ്യും. എല്ലാം സന്ദര്‍ഭംകൊണ്ടു മനസ്സിലാക്കേണ്ടതാകുന്നു.


അല്ലാഹുവിനു സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുവാനും, അവന്റെ മഹത്വത്തെ വാഴ്ത്തുവാനും ഏതവസരത്തിലും മനുഷ്യന്‍ ബാദ്ധ്യസ്ഥനത്രെ. പക്ഷേ, അവന്റെ പരിതസ്ഥിതികളും ജീവിതരീതിയും കണക്കിലെടുക്കുമ്പോള്‍, എല്ലാ സമയവും അതിനായി വിനിയോഗിക്കുവാന്‍ അവനു പ്രയാസമായിത്തീരുന്നു. അതുകൊണ്ട് ചില പ്രത്യേക സമയങ്ങളില്‍ ആ കടമ നിര്‍വ്വഹിച്ചുകൊള്ളണമെന്നു ആജ്ഞാപിക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യന്റെ സാധാരണ ദിനചര്യകളും, ജോലിസമയങ്ങളും, വിശ്രമവേളകളും പരിഗണിക്കുമ്പോഴും, അനുദിനം രാപ്പകലുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിമാറ്റങ്ങള്‍ പരിഗണിക്കുമ്പോഴും ആ നാലു പ്രത്യേക സമയങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് വളരെ യുക്തവും പ്രായോഗികവുമായിട്ടുണ്ടെന്നു കാണാം.

ദൈവകീര്‍ത്തനത്തിന്റെ വിവിധ രൂപങ്ങള്‍ അടങ്ങുന്നതും, ആരാധനാകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമായ നിര്‍ബ്ബന്ധനമസ്കാരങ്ങള്‍ ആ സമയങ്ങളില്‍തന്നെ നിര്‍ബ്ബന്ധമാക്കിയിട്ടുള്ളതും അതുകൊണ്ടുതന്നെയാണ്.

1-ആമത്തെ സമയം അസ്തമന സന്ധ്യാവേള (حِينَ تُمْسُونَ) യാണല്ലോ. സൂര്യാസ്തമനം കഴിഞ്ഞ ഉടനെത്തന്നെ നിര്‍വ്വഹിക്കേണ്ടുന്ന ‘മഗ്-രിബ്’ നമസ്കാരവും, അല്‍പസമയംകൂടി താമസിച്ചശേഷം പാതിരാക്കുമുമ്പായി നിര്‍വ്വഹിക്കേണ്ടതുള്ള ‘ഇശാ’ നമസ്കാരവും ഈ സമയത്താകുന്നു.

2-ആമതു പറഞ്ഞ സമയം പ്രഭാതവേള (حِينَ تُصْبِحُونَ)യാണ്. ഇതാണ് ‘സുബ്ഹ്’ നമസ്കാരത്തിന്റെ സമയം.

3-ആമത്തേതു സായാഹ്ന (عَشِيًّا) സമയമാണ്. ഇത് ‘അസ്ര്‍’ നമസ്കാരത്തിനുള്ള സമയവുമാകുന്നു.

4-ആമത്തേതു മദ്ധ്യാഹ്നാവേള, (حِينَ تُظْهِرُونَ) ഇതു ‘ളുഹ്റി’ന്റെ സമയവുമത്രെ. ഓരോ സമയവും നിശ്ചയിക്കപ്പെട്ടതില്‍ അടങ്ങിയ യുക്തിരഹസ്യങ്ങള്‍ വിശദീകരിക്കുന്ന പക്ഷം അതു വളരെ ദീര്‍ഘിച്ചുപോകുന്നതാണ്.

നിര്‍ബ്ബന്ധ നമസ്കാരങ്ങള്‍ അഞ്ചെണ്ണമാണെന്നോ, ഓരോന്നിന്റെയും സമയവും രൂപങ്ങളും ഇന്നിന്നതാണെന്നോ ഖുര്‍ആനില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. അതേസമയത്ത് നമസ്കാരകര്‍മ്മത്തിന്റെ പ്രധാന വശങ്ങള്‍ മുഴുവനും ഖുര്‍ആന്‍റെ പല ഭാഗങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടുതാനും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ചര്യയില്‍ നിന്നും വചനങ്ങളില്‍നിന്നുമാണ് നിലവിലുള്ള നമസ്കാരക്രമം മുസ്‌ലിംലോകം അന്നുമുതല്‍ ഇന്നുവരെ അംഗീകരിച്ചുവന്നിട്ടുള്ളത്. വിശദാംശങ്ങളില്‍ കേവലം നിസ്സാരമായ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാണപ്പെട്ടേക്കാമെങ്കിലും പ്രായോഗികരംഗത്ത് എല്ലാ മുസ്ലിംകളും ഒരേ രൂപത്തില്‍ തന്നെ അതു ആചരിച്ചുവരുന്നു. മൗലികമോ, പ്രധാനപ്പെട്ടതോ ആയ ഒരു വിഷയത്തിലും അവര്‍ക്കിടയില്‍ പക്ഷാന്തരമില്ല. അവയത്രയും ഇസ്‌ലാമില്‍ അനിവാര്യമായി അറിയപ്പെട്ടതത്രെ. എനി, നിര്‍ബ്ബന്ധ നമസ്കാരങ്ങളുടെ എണ്ണത്തിലോ, സമയങ്ങളിലോ, പ്രത്യക്ഷരൂപത്തിലോ ഏതെങ്കിലും വിഭാഗക്കാര്‍ക്ക് – അവര്‍ മുസ്ലിംകള്‍ എന്ന പേരില്‍ അറിയപ്പെടുന്നവരാണെങ്കിലും ശരി – ഭിന്നാഭിപ്രായം കാണുന്നുണ്ടെങ്കില്‍, അവര്‍ നബിചര്യക്കും നബിവചനങ്ങള്‍ക്കും പൂര്‍ണ്ണമായോ, ഭാഗികമായോ സ്ഥാനം കല്പിക്കാത്തവരാണെന്നു മനസ്സിലാക്കണം. ഇങ്ങിനെയുള്ളവര്‍ ഇസ്‌ലാമില്‍ ശരിയായ അംഗത്വം അര്‍ഹിക്കാത്തവരാണെന്ന വസ്തുത ഖുര്‍ആന്റെ അനേകം പ്രസ്താവനകളില്‍നിന്ന് വ്യക്തമായിട്ടുള്ളതുമാകുന്നു.

30:19

  • يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَيُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ ﴾١٩﴿
  • അവന്‍ നിര്‍ജ്ജീവമായതില്‍നിന്നു ജീവിയെ പുറത്തുവരുത്തുന്നു; ജീവിയില്‍നിന്നു നിര്‍ജ്ജീവമായതിനെയും പുറത്തുവരുത്തുന്നു. ഭൂമി നിര്‍ജ്ജീവമായതിനുശേഷം അതിനെ ജീവിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ, നിങ്ങളും (മരണശേഷം) പുറത്തുകൊണ്ടുവരപ്പെടും.
  • يُخْرِجُ അവന്‍ പുറത്തുവരുത്തുന്നു الْحَيَّ ജീവിയെ, ജീവനുള്ള വസ്തുവെ مِنَ الْمَيِّتِ നിര്‍ജ്ജീവമായതില്‍ നിന്നു وَيُخْرِجُ പുറത്തു വരുത്തുകയും ചെയ്യുന്നു الْمَيِّتَ നിര്‍ജ്ജീവമായതിനെ مِنَ الْحَيِّ ജീവനുള്ളതില്‍നിന്നു وَيُحْيِي അവന്‍ ജീവിപ്പിക്കയും ചെയ്യുന്നു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്റെ മരണത്തിന് (നിര്‍ജ്ജീവാവസ്ഥക്ക്) ശേഷം وَكَذَٰلِكَ അപ്രകാരംതന്നെ تُخْرَجُونَ നിങ്ങളും പുറത്തുവരുത്തപ്പെടുന്നു, വെളിക്ക് കൊണ്ടുവരപ്പെടുന്നു

ഇന്ദ്രിയബീജത്തില്‍നിന്നു മനുഷ്യന്‍ ഉത്ഭവിക്കുന്നു. മുട്ടയില്‍നിന്നു പറവകള്‍ പുറത്തുവരുന്നു. മറിച്ച് മനുഷ്യരില്‍നിന്ന് ഇന്ദ്രിയം പുറത്തുവരുന്നു. പക്ഷിയില്‍നിന്ന് മുട്ടയും, ഇങ്ങിനെ, നിര്‍ജ്ജീവമായതില്‍ നിന്നു ജീവികളും, ജീവികളില്‍നിന്ന് നിര്‍ജ്ജീവവസ്തുക്കളും പുറത്തു വരുന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്കു സുപരിചിതമാണ്. ഉണങ്ങിവരണ്ട് തരിശും, ഉപയോഗശൂന്യവുമായി കിടക്കുന്ന ഭൂമിയില്‍ മഴ വര്‍ഷിച്ച ശേഷം സസ്യലദാതികളാല്‍ അതു ജീവസ്സുള്ളതും, ചൈതന്യമുള്ളതുമായി മാറുന്നു. ഇതേപ്രകാരംതന്നെയാണ് മനുഷ്യന്റെ മരണാനന്തരസ്ഥിതിയും. അവന്‍ മരണമടഞ്ഞശേഷം വീണ്ടും ജീവിപ്പിക്കപ്പെടുമെന്നും അതില്‍ അസാംഗത്യമായി ഒന്നുമില്ലെന്നും ഉള്ളതിന്ന് ഇതെല്ലാം തെളിവാണ്. മാത്രമല്ല, മനുഷ്യന്റെ ഉത്ഭവവും, അവന്റെ പ്രകൃതിയും, മറ്റു പലതും അതിനു തെളിവു നല്‍കുന്നു. നോക്കുക:-

Leave a comment