ആറാം ഘട്ടം – ക്യാമ്പയിൻ 05 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 56 മുതൽ 69 വരെ

സൂറത്തുല്‍ അങ്കബൂത്ത് : 56-69
വിഭാഗം – 5

മുശ്‌രിക്കുകളെയും, വേദക്കാരെയും സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം, അവരുടെ മര്‍ദ്ദനങ്ങളും അക്രമങ്ങളും ഹേതുവായി, അല്ലാഹുവിനെ ആരാധിക്കുന്നതിനും, മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സാദ്ധ്യമാകാതെ വരുന്ന പരിതഃസ്ഥിതിയില്‍ നാടുവിട്ട് (ഹിജ്റ) പോയിക്കൊള്ളുവാന്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു നിര്‍ദ്ദേശം നല്‍കുന്നു:-

29:56

  • يَـٰعِبَادِىَ ٱلَّذِينَ ءَامَنُوٓا۟ إِنَّ أَرْضِى وَٰسِعَةٌ فَإِيَّـٰىَ فَٱعْبُدُونِ ﴾٥٦﴿
  • വിശ്വസിച്ചവരായ എന്‍റെ അടിയാന്മാരെ, നിശ്ചയമായും എന്‍റെ ഭൂമി വിശാലമായതാകുന്നു; അതുകൊണ്ട് നിങ്ങള്‍ എന്നെത്തന്നെ ആരാധിക്കുവിന്‍.
  • يَا عِبَادِيَ എന്‍റെ അടിയാന്‍മാരെ الَّذِينَ آمَنُوا വിശ്വസിച്ചവരായ إِنَّ أَرْضِي നിശ്ചയമായും എന്‍റെ ഭൂമി وَاسِعَةٌ വിശാലമായതാണ് فَإِيَّايَ അതുകൊണ്ട് എന്നെ فَاعْبُدُونِ എന്നെ (ത്തന്നെ) ആരാധിക്കുവിന്‍

29:57

  • كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ ﴾٥٧﴿
  • ഓരോ ആത്മാവും [ആളും] മരണം ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുന്നു.
  • كُلُّ نَفْسٍ എല്ലാ ആത്മാവും, ആളും, ദേഹവും ذَائِقَةُ الْمَوْتِ മരണം ആസ്വദിക്കുന്നതാണ് ثُمَّ പിന്നീടു إِلَيْنَا നമ്മുടെ അടുക്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

29:58

  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُبَوِّئَنَّهُم مِّنَ ٱلْجَنَّةِ غُرَفًا تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ نِعْمَ أَجْرُ ٱلْعَـٰمِلِينَ ﴾٥٨﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, സ്വര്‍ഗ്ഗത്തില്‍ നിന്നും അടിഭാഗത്തു കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഉന്നത സൗധങ്ങളില്‍, നിശ്ചയമായും നാം അവര്‍ക്കു താമസസൗകര്യം ചെയ്തുകൊടുക്കുന്നതാകുന്നു; അവരതില്‍ നിത്യവാസികളായിക്കൊണ്ട്‌. പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം വളരെ വിശിഷ്ടം!
  • وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ لَنُبَوِّئَنَّهُم നിശ്ചയമായും നാം അവരെ താമസിപ്പിക്കും, സൗകര്യം ചെയ്തുകൊടുക്കും مِّنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍നിന്നു غُرَفًا ഉന്നത സൗധങ്ങളില്‍, മണിമാളികകളില്‍ تَجْرِي ഒഴുകും مِن تَحْتِهَا അതിന്‍റെ അടിയില്‍കൂടി الْأَنْهَارُ നദികള്‍ خَالِدِينَ നിത്യവാസികളായിക്കൊണ്ട് فِيهَا അവയില്‍ نِعْمَ എത്രയോ വിശിഷ്ടം أَجْرُ الْعَامِلِينَ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം, കൂലി

29:59

  • ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴾٥٩﴿
  • അതായത്: സഹനം കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിന്‍റെമേല്‍ (കാര്യങ്ങള്‍) ഭരമേല്പിച്ചുകൊണ്ടിരിക്കുകയും ചെയ്തവര്‍.
  • الَّذِينَ صَبَرُوا സഹനം കൈകൊണ്ടവര്‍ وَعَلَىٰ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ يَتَوَكَّلُونَ ഭരമേല്‍പ്പിക്കുകയും ചെയ്യുന്ന

29:60

  • وَكَأَيِّن مِّن دَآبَّةٍ لَّا تَحْمِلُ رِزْقَهَا ٱللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٦٠﴿
  • എത്രയോ ജീവികളാണ്, അവയുടെ ആഹാരം അവ (സ്വയം) വഹിക്കാത്തതായുള്ളത്?! അവയ്ക്കും, നിങ്ങള്‍ക്കും അല്ലാഹു ആഹാരം നല്‍കുന്നു. അവന്‍ (എല്ലാം) കേള്‍ക്കുന്നവനാണ്, അറിയുന്നവനാണ്.
  • وَكَأَيِّن എത്രയോ, എത്രയാണ് مِّن دَابَّةٍ ജീവിയായിട്ട് لَّا تَحْمِلُ വഹിക്കാത്ത, ഏല്‍ക്കാത്ത رِزْقَهَا അതിന്‍റെ ആഹാരം, ഉപജീവനം اللَّـهُ يَرْزُقُهَا അതിന് (അവയ്ക്ക്) അല്ലാഹു ആഹാരം നല്‍കുന്നു وَإِيَّاكُمْ നിങ്ങള്‍ക്കും وَهُوَ അവന്‍ السَّمِيعُ കേള്‍ക്കുന്നവനാണ് الْعَلِيمُ അറിയുന്നവനാണ്

അല്ലാഹുവിന്‍റെ ഭൂമി കുടുസ്സായതല്ല – വിശാലമായതാണ്. എന്നിരിക്കെ, ഒരു നാട്ടില്‍വെച്ച് അവനെ ആരാധിക്കുവാനും, അവന്‍റെ മതം അനുഷ്ഠിക്കുവാനും സാധ്യമാകാത്ത പക്ഷം, സാധ്യമാകുന്ന മറ്റൊരു നാട്ടില്‍ പോയിട്ടെങ്കിലും അതു ചെയ്യേണ്ടതാണ്. നാടുവിട്ട് പോകുകയെന്നതു വളരെ വിഷമം പിടിച്ചതുതന്നെ. എന്നാല്‍ അതുമൂലം നേരിടാവുന്ന വിഷമങ്ങളില്‍വെച്ച് ഏറ്റവും വലിയതു മരണമാണല്ലോ. എവിടെയായിരുന്നാലും അതാര്‍ക്കും കൂടാതെ കഴിയുകയില്ല. മരണാനന്തരം മടങ്ങിച്ചെല്ലുന്നതു അല്ലാഹുവിങ്കലേക്കാണുതാനും. ക്ഷമയും സഹനവും സ്വീകരിച്ചുകൊണ്ടും, കാര്യങ്ങളെല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചുകൊണ്ടും സല്‍ക്കര്‍മ്മം ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് നിശ്ചയമായും അവന്‍ സ്വര്‍ഗ്ഗത്തില്‍ അത്യുന്നതവും, ശാശ്വതവുമായ സുഖസൗകര്യങ്ങള്‍ നല്‍കുന്നു. മറ്റൊന്നുള്ളതു ഉപജീവനത്തിന്‍റെ കാര്യമാണ്. ഈ ലോകത്ത് എത്രയോ ജീവികള്‍ -അതില്‍ മനുഷ്യരും മനുഷ്യേതരജീവികളും ഉള്‍പ്പെടുന്നു – അതതിന്‍റെ ഉപജീവനകാര്യം സ്വയം നടത്തുവാനോ, നികത്തുവാനോ കഴിയാത്തതായിട്ടുണ്ട്. അവയ്ക്കെല്ലാം ഓരോ വിധത്തില്‍ ആഹാരം ലഭിക്കാതിരിക്കുന്നില്ല. അവയ്ക്കു മാത്രമല്ല, വാസ്തവത്തില്‍ എല്ലാവര്‍ക്കും തന്നെ ഭക്ഷണം നല്‍കുന്നതു അല്ലാഹുവാണ്. എവിടെയായാലും എല്ലാവര്‍ക്കും അവന്‍ അതു നല്‍കുന്നതാകുന്നു. അവന്‍ എല്ലാ കാര്യവും – എല്ലാവരുടെ കാര്യവും – അറിയുന്നവനത്രെ. എന്നൊക്കെയാണ് ചുരുക്കത്തില്‍ ഈ വചനങ്ങളുടെ സാരം. ഇതനുസരിച്ച് സഹാബികള്‍ ആദ്യം അബീസീനിയായിലേക്കും, പിന്നീട് മദീനായിലേക്കും ഹിജ്റ പോയതു പ്രസിദ്ധമാണ്.

ജനപ്പെരുപ്പം നിമിത്തം ഭൂമിയില്‍ മനുഷ്യനു പാര്‍പ്പിടമില്ലാതെ കുഴങ്ങുമെന്നും, ഭക്ഷണമില്ലാതെ കഷ്ടപ്പെടുമെന്നും പെരുമ്പറയടിച്ചുകൊണ്ട് അതിന്‍റെ പേരില്‍ മനുഷ്യജനനം നിയന്ത്രിക്കുവാന്‍ പ്രകൃതിവിരുദ്ധവും, തികച്ചും ആഭാസകരവുമായ മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുകയും, അവ പ്രചാരത്തില്‍വരുത്തി പരസ്യമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലമാണല്ലോ ഇത്. ഇതിനു ഏതെല്ലാം ന്യായീകരണങ്ങള്‍ സമര്‍ത്ഥിക്കപ്പെട്ടാലും ശരി, ഈ പ്രസ്ഥാനത്തിന്റെ തുടക്കം തന്നെ അല്ലാഹുവിനെക്കുറിച്ചുള്ള അവിശ്വാസത്തില്‍ നിന്നു ഉടലെടുത്തതാകുന്നു. അല്ലാഹുവാണ് ഭൂലോകത്തിന്‍റെയും മനുഷ്യവര്‍ഗ്ഗത്തിന്‍റെയും സൃഷ്ടാവെന്നും, അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണെന്നും, അവനാണ് എല്ലാവര്‍ക്കും യഥാര്‍ത്ഥത്തില്‍ ഉപജീവനം നല്‍കുന്നവനെന്നും വിശ്വസിക്കുന്ന ഒരാള്‍ക്കുംതന്നെ ഈ പ്രസ്ഥാനത്തെ അനുകൂലിക്കുവാന്‍ സാദ്ധ്യമല്ല. അല്ലാഹുവിന്‍റെ ഭൂമി വിശാലമാണെന്നും, എല്ലാവര്‍ക്കും ആഹാരം നല്‍കുന്നവന്‍ അവനാണെന്നും – ഈ ആയത്തുകളിലും മറ്റു പല ആയത്തുകളിലുമായി – അല്ലാഹു ആവര്‍ത്തിച്ചു പറയുന്നതിനെ അവഗണിച്ചുകൊണ്ടല്ലാതെ ആ സംരംഭങ്ങളില്‍ പങ്കുചേരുവാനോ അനുകൂലിക്കുവാനോ ഒരു മുസ്‌ലിമിന്നും നിര്‍വ്വാഹമില്ലാത്തതാണ്. ഈ വിഷയം ഇവിടെ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. അല്ലാഹു സഹായിച്ചാല്‍ സൂ: സുഖ്റുഫിലും മറ്റും കൂടുതല്‍ സംസാരിക്കാം. والله الموفق

29:61

  • وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ ﴾٦١﴿
  • ‘ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, സൂര്യനെയും, ചന്ദ്രനെയും കീഴ്പ്പെടുത്തുകയും ചെയ്തതാരാണ്’ എന്നു നീ അവരോട് [ബഹുദൈവവിശ്വാസികളോട്] ചോദിക്കുന്ന പക്ഷം, തീര്‍ച്ചയായും, അവര്‍ പറയും: ‘അല്ലാഹുവാണ്’ എന്ന്‍. (അപ്പോള്‍, എങ്ങിനെയാണ് അവര്‍ (തൗഹീദില്‍ നിന്ന്‍) തെറ്റിക്കപ്പെടുന്നത്?!
  • وَلَئِن سَأَلْتَهُم നീ അവരോടു ചോദിക്കുന്ന പക്ഷം مَّنْ خَلَقَ സൃഷ്ടിച്ചതാരാണ് السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَسَخَّرَ കീഴ്പ്പെടുത്തുകയും, നിയന്ത്രിക്കുകയും ചെയ്തതു الشَّمْسَ സൂര്യനെ وَالْقَمَرَ ചന്ദ്രനെയും لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹു എന്നു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ് يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നത്

ലോകസൃഷ്ടാവും, ലോകകാര്യങ്ങള്‍ നിയന്ത്രിക്കുന്നവനും അല്ലാഹുവാണെന്നു മുശ്‌രിക്കുകളും സമ്മതിക്കുന്നു. എന്നിരിക്കെ ആരാധ്യനായി അവനല്ലാത്തവരെ സ്വീകരിക്കുന്നതില്‍ യാതൊരു ന്യായവുമില്ല, അതുതികച്ചും വിഡ്ഢിത്തം മാത്രമാണ് എന്നു സാരം.

മനുഷ്യന്‍റെ ജീവിതപ്രശ്നങ്ങളില്‍ അതിപ്രധാനമായ ഒന്നത്രെ ആഹാരത്തിന്‍റെ കാര്യം. എന്നാല്‍ ആഹാരത്തിന്‍റെ സാക്ഷാല്‍ കൈകാര്യകര്‍ത്താവ് അല്ലാഹുതന്നെയാണ്. മനുഷ്യന്‍ അതിനുവേണ്ടി എന്തു നടപടിയെടുത്താലും ശരി, അല്ലാഹു കണക്കാക്കിയതേ ആര്‍ക്കും ലഭിക്കുകയുള്ളൂ. അവന്‍ ഉദ്ദേശിക്കുന്നതനുസരിച്ചായിരിക്കും അതില്‍ ഏറ്റക്കുറവുകള്‍ അനുഭവപ്പെടുന്നത്. അവനല്ലാത്തവരെ ഇലാഹായി സ്വീകരിച്ചതുകൊണ്ട് ഇക്കാര്യത്തിലും യാതൊരു മാറ്റവും നേരിടുവാനില്ല. അപ്പോള്‍, ആ നിലക്കും അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന്‍ അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു:-

29:62

  • ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥٓ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴾٦٢﴿
  • അല്ലാഹു, തന്‍റെ അടിയാന്‍മാരില്‍ നിന്ന്‍ താന്‍ ഉദ്ദേശിക്കുന്നവന് ആഹാരം [ഉപജീവനമാര്‍ഗ്ഗം] വിശാലപ്പെടുത്തിക്കൊടുക്കുകയും, അവന് [താന്‍ ഉദ്ദേശിക്കുന്നവന്] ഇടുക്കമാക്കുകയും ചെയ്യുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാണ്.
  • اللَّـهُ അല്ലാഹു يَبْسُطُ വിശാലമാക്കുന്നു الرِّزْقَ ആഹാരം, ഉപജീവനം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്‍മാരില്‍ നിന്നു وَيَقْدِرُ അവന്‍ ഇടുക്കമാക്കുക (കുടുസ്സാക്കുക, കണക്കാക്കുക)യും ചെയ്യുന്നു لَهُ അവനു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُلِّ شَيْءٍ എല്ലാ വസ്തുവെ (കാര്യത്തെ) പ്പറ്റിയും عَلِيمٌ അറിയുന്നവനാണ്

അല്ലാഹുവിന്‍റെ ഉദ്ദേശം അനുസരിച്ച് ചിലര്‍ക്ക് വിശാലമായും, മറ്റു ചിലര്‍ക്കു കുടുസ്സായും അവന്‍ ആഹാരം നല്‍കുമെന്നു പറഞ്ഞതിന്‍റെ താല്‍പര്യം, യാതൊരു തത്വദീക്ഷയുമില്ലാതെ തോന്നിയപോലെ അവന്‍ പ്രവര്‍ത്തിക്കുന്നുവെന്നല്ല. നേരെ മറിച്ച് ആര്‍ക്കാണ്, എങ്ങിനെയാണ് എത്രയാണ് അത് നല്‍കേണ്ടതെന്നും മറ്റുമുള്ള എല്ലാ കാര്യങ്ങളും – ചെറുതും വലുതുമെന്ന വ്യത്യാസമില്ലാതെ – അറിയുന്നവനാണവന്‍. ആ അറിവനുസരിച്ച് തികച്ചും യുക്തമായ നിലയില്‍ അവനതു നിയന്ത്രിക്കുന്നു. ഈ പരമാര്‍ത്ഥമാണ് ആയത്തിലെ അവസാനവാക്യം വ്യക്തമാക്കുന്നത്. പക്ഷേ, മനുഷ്യന്‍റെ അനുമാനങ്ങള്‍ക്കതീതമാണത്. മനുഷ്യന്‍റെ ആഗ്രഹമോ പ്രയത്നമോ അല്ല അതിന്‍റെ തോതു നിര്‍ണ്ണയിക്കുന്നതു – വാസ്തവത്തില്‍ അവ രണ്ടും ഒഴിച്ചുകൂടാത്തതാണെങ്കിലും ശരി.

അറിവ്, ബുദ്ധി, സാമര്‍ത്ഥ്യം, പരിചയം, ശരീരസ്ഥിതി ആദിയായ ഗുണങ്ങളിലെല്ലാം സമനിലക്കാരെന്നു കാണപ്പെടുന്ന രണ്ടുപേര്‍ ഒരേ ദിവസം മുതല്‍ ഒരേതരം തൊഴില്‍ ചെയ്തു തുടങ്ങിയെന്ന് വെക്കുക. അല്ലെങ്കില്‍ ഒരേ തോതില്‍ മുതലിറക്കി ഒരേ രീതിയില്‍ വ്യവസായം ആരംഭിച്ചുവെന്നു കരുതുക: കുറച്ചു ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോഴേക്കു രണ്ടാളുടേയും അദ്ധ്വാനഫലങ്ങളില്‍ തീര്‍ച്ചയായും വ്യത്യാസം കാണാം. ഒരുപക്ഷെ, ഒരുവന്‍ വലിയൊരു തുക സമ്പാദിച്ചിരിക്കുകയും, മറ്റേവന്‍ വലിയൊരു സംഖ്യക്ക് കടപ്പെട്ടിരിക്കുകയും ചെയ്തിരിക്കും. ഏതായാലും, രണ്ടാളുടെയും നില ശരിക്കും ത്യല്യമായിക്കാണുകയില്ല. എന്താണിതിനു കാരണം? എടുക്കുന്നവനും, കൊടുക്കുന്നവനും, കണക്കാക്കുന്നവനുമെല്ലാം യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണ് എന്നതു തന്നെ. നമ്മുടെ പ്രവര്‍ത്തനങ്ങളും, ആസൂത്രണങ്ങളുമെല്ലാം തന്നെ കേവലം ബാഹ്യമായ ചില കാരണങ്ങള്‍ മാത്രമാണ്. ഒരേ കാരണത്താല്‍ – അല്ലെങ്കില്‍ ഒരേ മാര്‍ഗ്ഗത്തിലൂടെ – അനുഭവപ്പെടുന്ന ഫലം പരസ്‌പരം വ്യത്യസ്തമോ, വിരുദ്ധമോ ആയിട്ടാണ് കാണപ്പെടുന്നതെങ്കില്‍, അതിന്‍റെയെല്ലാം പിന്നില്‍ വേറെ ഒരു അദൃശ്യ ഹസ്തംകൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നു തീര്‍ച്ചതന്നെ. ഇല്ലായിരുന്നുവെങ്കില്‍ ഓരോ മനുഷ്യന്റെയും അദ്ധ്വാനം, സാമര്‍ത്ഥ്യം, കഴിവ് ആദിയായവയുടെ തോതനുസരിച്ച് – കൃത്യമായിത്തന്നെ – സമ്പത്തും ജീവിതവിഭവങ്ങളും ഓരോരുത്തന്നും ഈ ലോകത്തു ലഭ്യമാകേണ്ടിയിരുന്നു. അല്ലാഹു വേറൊരിടത്തു പറയുന്നതു നോക്കുക:

 مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَن نُّرِيدُ…. – الاسراء  18

ക്ഷണികമായതിനെ – ഐഹിക വിഭവങ്ങളെ -ആരെങ്കിലും ഉദ്ദേശിക്കുന്നതായാല്‍ അവനു – അതായതു നാം ഉദ്ദേശിക്കുന്നവര്‍ക്ക് – അതില്‍ വെച്ചു നാം ഉദ്ദേശിക്കുന്നത് വേഗം നല്‍കുന്നതാണ്…. എന്നു സാരം.

29:63

  • وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ مِنۢ بَعْدِ مَوْتِهَا لَيَقُولُنَّ ٱللَّهُ ۚ قُلِ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ ﴾٦٣﴿
  • ‘ആകാശത്തുനിന്ന്‍ (മഴ) വെള്ളം ഇറക്കിയിട്ട്‌ അതുമൂലം, ഭൂമിയെ – അതു നിര്‍ജ്ജീവമായതിനുശേഷം – ജീവിപ്പിക്കുന്ന [ഉല്‍പാദന യോഗ്യമാക്കുന്ന]വന്‍ ആരാണ്?’ എന്ന്‍ അവരോടു നീ ചോദിക്കുന്നപക്ഷം, നിശ്ചയമായും അവര്‍ പറയും: ‘അല്ലാഹുവാണ്’ എന്നു. പറയുക: ‘അല്ലാഹുവിന്നാണ് സ്‌തുതി!’ പക്ഷേ, അവരില്‍ അധികമാളും ബുദ്ധി കൊടു(ത്ത് ചിന്തി)ക്കുന്നില്ല.
  • وَلَئِن سَأَلْتَهُم നീ അവരോടു ചോദിക്കുന്നപക്ഷം مَّن نَّزَّلَ ആരാണ് ഇറക്കിയതു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَحْيَا എന്നിട്ടു ജീവിപ്പിച്ചു بِهِ അതുമൂലം الْأَرْضَ ഭൂമിയെ مِن بَعْدِ مَوْتِهَا അതു നിര്‍ജ്ജീവമായതിനു ശേഷം لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹുവാണ് എന്ന്‍ قُلِ പറയുക الْحَمْدُ സ്‌തുതി, സ്തോത്രം لِلَّـهِ അല്ലാഹുവിനാണ് بَلْ أَكْثَرُهُمْ എങ്കിലും അവരിലധികവും لَا يَعْقِلُونَ ബുദ്ധികൊടുക്കുന്നില്ല, മനസ്സിരുത്തുന്നില്ല

61-ാം വചനത്തിലെ ആശയം തന്നെയാണ് ഈ വചനവും ഉള്‍ക്കൊള്ളുന്നത്. അല്ലാഹുവല്ലാതെ സൃഷ്ടാവില്ലെന്നും, സുര്യചന്ദ്രാദികളെ നിയന്ത്രിക്കല്‍, മഴ വര്‍ഷിപ്പിച്ച് ഭൂമിയെ ഉല്‍പാദനയോഗ്യമാക്കല്‍ തുടങ്ങിയ വന്‍കാര്യങ്ങളെല്ലാം നടത്തുന്നതു അവന്‍ തന്നെയാണെന്നും അവര്‍ക്കറിയാം. ഏറ്റവും അടിസ്ഥാനപരമായ ഈ യാഥാര്‍ത്ഥ്യം അവര്‍ സമ്മതിക്കുന്നതിന്റെ പേരിലാണ് അല്ലാഹുവിനെ സ്തുതിക്കുവാന്‍ നബി (സ) യോട് കല്‍പ്പിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം സമ്മതിക്കുന്നതിന്‍റെ അനന്തരഫലമാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് അംഗീകരിക്കല്‍. രണ്ടും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി ബഹുദൈവവിശ്വാസികള്‍ ഒട്ടും മനസ്സിലാക്കുന്നില്ല: ലവലേശം ചിന്തിക്കുന്നുമില്ല. ഇതാണവര്‍ക്ക് പിണഞ്ഞ ആപത്ത്.

വിഭാഗം – 7

29:64

  • وَمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ ٱلدَّارَ ٱلْـَٔاخِرَةَ لَهِىَ ٱلْحَيَوَانُ ۚ لَوْ كَانُوا۟ يَعْلَمُونَ ﴾٦٤﴿
  • ഈ ഐഹിക ജീവിതം, വിനോദവും, കളിയും അല്ലാതെ (മറ്റൊന്നും) അല്ല. നിശ്ചയമായും പരലോക ഭവനമാകട്ടെ, അതാണ്‌ (യഥാര്‍ത്ഥത്തിലുള്ള) ജീവിതം. അവര്‍ക്കറിയാമായിരുന്നുവെങ്കില്‍ (അവര്‍ ഐഹിക ജീവിതത്തിനു പ്രാധാന്യം നല്‍കുമായിരുന്നില്ല)!
  • وَمَا هَـٰذِهِ الْحَيَاةُ ഈ ജീവിതമല്ല الدُّنْيَا ഐഹികമായ, ഇഹത്തിലെ إِلَّا لَهْوٌ വിനോദമല്ലാതെ وَلَعِبٌ കളിയും, വിളയാട്ടും وَإِنَّ الدَّارَ الْآخِرَةَ നിശ്ചയമായും പരലോകഭാവനമാകട്ടെ لَهِيَ അതുതന്നെയാണ് الْحَيَوَانُ ജീവിതം, ജീവസ്സുള്ളതു لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അറിയും (എങ്കില്‍)

ഐഹിക ജീവിതത്തില്‍ മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങളും, ഉപാധികളുമായി പലതുണ്ടെങ്കിലും, അവയുടെ ആകെത്തുക പരിശോധിച്ചു നോക്കിയാല്‍ വെറും കളിവിനോദമാണെന്നു കാണാം. ഒന്നിനും നിലനില്‍പില്ല. എല്ലാം ക്ഷണഭംഗുരങ്ങളാണ്. ഭാവിയിലേക്കു നേട്ടമുണ്ടാക്കുന്നതോ, ശാശ്വതമായി നിലകൊള്ളുന്നതോ ഒന്നുംതന്നെ അതിലില്ല. അനശ്വരമായ പാരത്രിക ജീവിതമാണ് അവനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമായ ജീവിതം. അതുകൊണ്ട് ആ ജീവിതത്തിലേക്ക് ഉപയോഗപ്രദമായിത്തീരുന്നതെന്തോ അതു സമ്പാദിക്കുവാന്‍ ശ്രമിക്കുകയാണ് അവന്‍ ഇവിടെവെച്ച് ചെയ്യേണ്ടത്. ഇഹലോകവും, പരലോകവും തമ്മിലുള്ള അന്തരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീസില്‍ ഇങ്ങിനെ വിവരിക്കുന്നു:-

وَاللَّهِ مَا الدُّنْيَا فِي الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ فِي الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ – مسلم

സാരം: അല്ലാഹുവാണ സത്യം! പരലോകത്തെ അപേക്ഷിച്ച് ഇഹലോകം, നിങ്ങളിലൊരാള്‍ അവന്റെ വിരല്‍ സമുദ്രത്തില്‍ ഇടുന്നതിനു തുല്ല്യമാണ്. എന്തുമാത്രം (വെള്ളം) കൊണ്ടാണ് അതു തിരിച്ചെടുക്കുന്നതു എന്നു അവന്‍ പരിശോധിച്ചു നോക്കട്ടെ. (മുസ്‌ലിം).

29:65

  • فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ ﴾٦٥﴿
  • എന്നാല്‍, അവര്‍ [ബഹുദൈവവിശ്വാസികള്‍] കപ്പലില്‍ കയറിയാല്‍, കീഴ്വണക്കം അല്ലാഹുവിന്നു നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനെ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതാണ്. എന്നിട്ട് കരയിലേക്ക് അവന്‍ അവരെ രക്ഷപ്പെടുത്തിക്കൊടുക്കുമ്പോഴോ – അപ്പോള്‍ അവരതാ – (അവനോടു) പങ്കുചേര്‍ക്കുന്നു!
  • فَإِذَا رَكِبُوا എന്നാല്‍ അവര്‍ കയറിയാല്‍ فِي الْفُلْكِ കപ്പലില്‍ دَعَوُا അവര്‍ വിളിക്കും, പ്രാര്‍ത്ഥിക്കും اللَّـهَ അല്ലാഹുവിനെ مُخْلِصِينَ നിഷ്കളങ്കമാക്കിക്കൊണ്ടു لَهُ അവനു الدِّينَ കീഴ്വണക്കം, അനുസരണം, മതം فَلَمَّا نَجَّاهُمْ എന്നിട്ട് അവരെ അവന്‍ രക്ഷപ്പെടുത്തുമ്പോള്‍ إِلَى الْبَرِّ കരയിലേക്ക് إِذَا അപ്പോഴതാ هُمْ അവര്‍ يُشْرِكُونَ പങ്കുചേര്‍ക്കുന്നു, ശിര്‍ക്കുവെക്കുന്നു

29:66

  • لِيَكْفُرُوا۟ بِمَآ ءَاتَيْنَـٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ ﴾٦٦﴿
  • നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍ അവര്‍ നന്ദികേടുകാണിക്കട്ടെ! അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ! എന്നാല്‍ വഴിയെ അവര്‍ക്കു അറിയാറാകും!
  • لِيَكْفُرُوا അവര്‍ നന്ദികേടു കാണിക്കട്ടെ, കാണിക്കുവാന്‍ വേണ്ടി بِمَا آتَيْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍ وَلِيَتَمَتَّعُوا അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ, ചെയ്യുവാനായിട്ടും فَسَوْفَ എന്നാല്‍ വഴിയെ يَعْلَمُونَ അവന്‍ അറിയും

ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന ഒരു കനത്ത തക്കീതാണിത്. അവര്‍ കപ്പലില്‍ കയറി സമുദ്രയാത്ര ചെയ്യുമ്പോള്‍, കാറ്റിലും കോളിലും പെട്ടോ മറ്റോ വല്ല ആപത്തും പിണയുന്ന പക്ഷം, അവരുടെ ആരാധ്യന്മാരെയല്ല വിളിച്ചു പ്രാര്‍ത്ഥിക്കുക. നിഷ്കളങ്കമായ ഭയഭക്തിയോടുകൂടി അല്ലാഹുവിനെത്തന്നെ വിളിച്ചു പ്രാര്‍ത്ഥിക്കും. ആപത്തു നീങ്ങി കരയിലേക്കു രക്ഷപ്പെട്ടു കഴിയുന്നതോടെ അതെല്ലാം മറന്ന് വീണ്ടും പഴയ ശിര്‍ക്കു തന്നെ ആവര്‍ത്തിക്കുകയും ചെയ്യും. ആപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിനോടാണ് തങ്ങള്‍ക്കു അഭയം തേടുവാനുള്ളതെന്നോ അവനാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നോ ഉള്ള ഭാവംപോലും അവരില്‍ പ്രകടമാകുകയില്ല. ഈ മുശ്‌രിക്കുകളെ അല്ലാഹു താക്കീതു ചെയ്യുകയാണ്: അവരങ്ങനെ നന്ദികേട് കാണിച്ചാലും, സുഖജീവിതം നയിച്ചുകൊണ്ടും നടക്കട്ടെ, അതിന്റെ ഫലം അവര്‍ക്കു വഴിയെ അറിയാം എന്ന്‍.

لِيَكْفُرُوا എന്നും, وَلِيَتَمَتَّعُوا എന്നുമുള്ള ക്രിയാരൂപങ്ങള്‍ക്ക് ‘അവര്‍ നന്ദികേടു കാണിക്കുവാന്‍ വേണ്ടിയും, അവര്‍ സുഖമാസ്വദിക്കുവാന്‍ വേണ്ടിയും’ എന്നും അര്‍ത്ഥം വരാവുന്നതാണ്. അവര്‍ കരയിലേക്കു രക്ഷപ്പെട്ടശേഷം വീണ്ടും ശിര്‍ക്കു തുടരുന്നതിന്റെ അനന്തരഫലം അത് രണ്ടുമായിരിക്കും എന്നാണ് അപ്പോള്‍ അതിന്റെ സാരം. وَلِيَتَمَتَّعُوا എന്നതിലെ ‘ലാമി’നു ‘സുകൂന്‍’ കൊടുത്തുകൊണ്ടും ഇവിടെ വായനയുണ്ട്. ഇതനുസരിച്ച് നാം ആദ്യം നല്‍കിയ അര്‍ത്ഥം തന്നെയാണ് നല്‍കേണ്ടതും.

വിഗ്രഹാരാധകന്മാരായ മുശ്‌രിക്കുകള്‍ ആപല്‍ഘട്ടങ്ങളിലെങ്കിലും തങ്ങളുടെ പങ്കുകാരെ വിട്ടേച്ച്‌ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുമെന്നു അല്ലാഹു പറയുന്നു. എന്നാല്‍, സാധാരണമായ ആവശ്യങ്ങളില്‍ അല്ലാഹുവിനെമാത്രം വിളിക്കുകയും, ആപത്തുകളില്‍ ‘നേര്‍ച്ച’ക്കാരെയും മറ്റും വിളിക്കുകയും ചെയ്യുന്ന ചിലരെ മുസ്‌ലിംകള്‍ക്കിടയില്‍ കാണാമെന്നതു വളരെ ആശ്ചര്യകരവും വേദനാജനകവുമാണ്. ഇതും, ഇതുപോലുള്ളതുമായ ഖുര്‍ആന്‍ വചനങ്ങള്‍ അവര്‍ക്കും വമ്പിച്ച താക്കീതാണെന്നുള്ളതില്‍ സംശയമില്ല.

29:67

  • أَوَلَمْ يَرَوْا۟ أَنَّا جَعَلْنَا حَرَمًا ءَامِنًا وَيُتَخَطَّفُ ٱلنَّاسُ مِنْ حَوْلِهِمْ ۚ أَفَبِٱلْبَـٰطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ يَكْفُرُونَ ﴾٦٧﴿
  • നിര്‍ഭയമായ ഒരു ‘ഹറം’ [അലംഘ്യ സങ്കേതം] നാം ഏര്‍പ്പെടുത്തിയിട്ടുള്ളത് അവര്‍ കാണുന്നില്ലേ?! അവരുടെ ചുറ്റുപാടില്‍നിന്ന്‍ ജനങ്ങള്‍ റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും, മിഥ്യയായിട്ടുള്ളതില്‍ അവര്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ അവര്‍ അവിശ്വസിക്കുക (അഥവാ നന്ദികേടു കാണിക്കുക) യും ചെയ്യുകയാണോ?!
  • أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ أَنَّا جَعَلْنَا നാം ഏര്‍പ്പെടുത്തി (ആക്കി)യിട്ടുള്ളതു حَرَمًا ഒരു ഹറം, അലംഘ്യസ്ഥാനം, പരിപാവനസ്ഥലം آمِنًا നിര്‍ഭയമായ وَيُتَخَطَّفُ റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു النَّاسُ മനുഷ്യര്‍ مِنْ حَوْلِهِمْ അവരുടെ ചുറ്റുപാടില്‍ നിന്നും أَفَبِالْبَاطِلِ എന്നിട്ടും വ്യര്‍ത്ഥമായ (മിഥ്യയായ)തിലോ يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു وَبِنِعْمَةِ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തിലോ يَكْفُرُونَ അവര്‍ അവിശ്വസിക്കുന്നു, നന്ദികേടു കാണിക്കുന്നു

29:68

  • وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِٱلْحَقِّ لَمَّا جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَـٰفِرِينَ ﴾٦٨﴿
  • അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ തനിക്കു സത്യം വന്നെത്തുമ്പോള്‍ അതിനെ വ്യാജമാക്കുകയോ ചെയ്തവനെക്കാള്‍ കൂടുതല്‍ അക്രമിയായുള്ളവന്‍ ആരാണ്?! അവിശ്വാസികള്‍ക്കു നരകത്തില്‍ പാര്‍പ്പിടം ഇല്ലയോ?! (നിശ്ചയമായും ഉണ്ട്.)
  • وَمَنْ أَظْلَمُ കൂടുതല്‍ അക്രമി ആരാണു مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിയുണ്ടാക്കിയ) വനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ كَذِبًا വ്യാജം أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ بِالْحَقِّ സത്യത്തെ لَمَّا جَاءَهُ അതു തനിക്കു വന്നപ്പോള്‍ أَلَيْسَ ഇല്ലയോ فِي جَهَنَّمَ നരകത്തില്‍ مَثْوًى പാര്‍പ്പിടം لِّلْكَافِرِينَ അവിശ്വാസികള്‍ക്കു

സമുദ്രത്തില്‍ വെച്ചുണ്ടാകുന്ന ആപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിനോടുമാത്രം സഹായത്തിനു പ്രാര്‍ത്ഥിച്ച് തൗഹീദ് പ്രകടിപ്പിക്കുന്ന ആ മുശ്‌രിക്കുകള്‍ നിവസിക്കുന്നതു മക്കാഹറമിലാണല്ലോ. അതിന്‍റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ ആക്രമണങ്ങളും, രക്തച്ചൊരിച്ചലും നിത്യേന നടമാടിക്കൊണ്ടിരിക്കുന്നു. അതേസമയത്തു ഖുറൈശികളാകട്ടെ, ഏറ്റവും ശക്തിമത്തായ കോട്ടകളിലെന്നപോലെ യുദ്ധഭീതിയും, ആക്രമണഭയവും നേരിടാതെ ഹറമില്‍ സമാധാനപൂര്‍വ്വം കഴിഞ്ഞുകൂടുന്നു. പരിശുദ്ധ കഅ്ബയുടെ പരിസരപ്രദേശമായ ആ ആദരണീയ സ്ഥലത്തിന്റെ അതിര്‍ത്തിക്കുള്ളില്‍വെച്ച് അക്രമങ്ങളും, കയ്യേറ്റങ്ങളും പാടില്ലെന്നും, ഹറമില്‍ പ്രവേശിച്ചവരെല്ലാം നിര്‍ഭയരായിരിക്കുമെന്നുമുള്ള അല്ലാഹുവിന്റെ നിയമം ഖുറൈശികളും അല്ലാത്തവരും ഒരുപോലെ പാലിച്ചുവരുന്നു. കപ്പലുകളിലാകുമ്പോള്‍ തങ്ങളുടെ വിഗ്രഹാദി ദൈവങ്ങളെ വിട്ടേച്ച് അല്ലാഹുവിനെമാത്രം വിളിച്ചു രക്ഷക്കപേക്ഷിക്കുന്നതുപോലെ, ഹറമില്‍ സുരക്ഷിതമായി സമാധാനത്തോടെ കഴിഞ്ഞുകൂടുന്ന അവസരത്തിലും എന്തുകൊണ്ട് അവര്‍ക്കു അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുകയും, അവനുമാത്രം ആരാധന നടത്തുകയും ചെയ്തുകൂടാ?! അല്ലാഹു അവര്‍ക്കു നല്‍കിയ ഈ മഹത്തായ അനുഗ്രഹത്തിനു നന്ദി കാണിക്കുന്നതിനുപകരം, വിഗ്രഹങ്ങളെ അല്ലാഹുവിനു സമമാക്കി ആരാധിക്കുകയും, അവയോടു പ്രാര്‍ത്ഥിക്കുകയുമാണല്ലോ അവര്‍ ചെയ്യുന്നത്. ഇതില്‍പരം അക്രമം മറ്റേതാണ്?! അതിനാല്‍, അല്ലാഹു അവര്‍ക്കു മരണാനന്തരം നരകത്തിലാണ് പാര്‍പ്പിടം ഒരുക്കിവെച്ചിട്ടുള്ളത്. അവരെ ശിക്ഷിക്കുവാന്‍ അതില്‍ ധാരാളം സ്ഥലമുണ്ടു!

അവിശ്വാസികളെക്കുറിച്ച് പലതും പ്രസ്താവിച്ചശേഷം വിശ്വാസികളായ സജ്ജനങ്ങളുടെ നേട്ടത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു:-

29:69

  • وَٱلَّذِينَ جَـٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ ﴾٦٩﴿
  • നമ്മുടെ കാര്യത്തില്‍ സമരം നടത്തുന്നവരാകട്ടെ, അവരെ നാം നമ്മുടെ മാര്‍ഗ്ഗങ്ങളില്‍ നയിക്കുകതന്നെ ചെയ്യുന്നതാണ്. നിശ്ചയമായും, അല്ലാഹു സുകൃതന്മാരോടു കൂടെയായിരിക്കുന്നതുമാകുന്നു.
  • وَالَّذِينَ جَاهَدُوا സമരം നടത്തുന്നവര്‍ فِينَا നമ്മുടെ കാര്യത്തില്‍ لَنَهْدِيَنَّهُمْ നിശ്ചയമായും നാം അവരെ നയിക്കും سُبُلَنَا നമ്മുടെ മാര്‍ഗ്ഗങ്ങളില്‍ وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَمَعَ الْمُحْسِنِينَ സുകൃതവാന്മാരുടെ (സല്‍ഗുണവാന്മാരുടെ, പുണ്യവാന്മാരുടെ) കൂടെയായിരിക്കും

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ – അവന്റെ തൗഹീദിനെ ഉയര്‍ത്തുകയും, മതത്തെ സഹായിക്കുകയും ചെയ്യുന്ന വിഷയത്തില്‍ – വേണ്ടിവന്നാല്‍ അടര്‍ക്കളത്തിലിറങ്ങി യുദ്ധം നടത്തുകവരെയുള്ള സമരങ്ങള്‍ നടത്തുവാന്‍ തയ്യാറുള്ള സത്യവിശ്വാസികള്‍ക്കു അവന്റെ പ്രീതിയും പ്രതിഫലവും കൂടുതല്‍ കൂടുതല്‍ ലഭിക്കുവാനുതകുന്ന മാര്‍ഗ്ഗങ്ങളില്‍ ചരിക്കുവാനുള്ള മാര്‍ഗ്ഗദര്‍ശനവും സഹായവും അവന്‍ ചെയ്തുകൊടുക്കും. അവന്‍, അങ്ങിനെയുള്ള സല്‍ഗുണവാന്മാരുടെ പക്ഷത്തായിരിക്കുന്നതുമാണ്. അല്ലാഹു ഏതു പക്ഷത്താണോ ആ പക്ഷത്തിലുള്ളവരത്രെ ഏറ്റവും വലിയ ഭാഗ്യവാന്‍മാര്‍. സൂ: മുഹമ്മദ്‌ 17ല്‍ അല്ലാഹു ഇപ്രകാരം പറയുന്നു: وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْوَاهُمْ – محمد സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്ക് അല്ലാഹു കൂടുതല്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും, അവര്‍ക്കുവേണ്ടുന്ന ഭയഭക്തി നല്‍കുകയും ചെയ്യുമെന്ന് സാരം.

അല്ലാഹു നമ്മെയെല്ലാം ഭയഭക്തരും, സുകൃതന്മാരുമായ അടിയാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. آمين

[التسويد: ١٨ ربيع الٲول ١٣٨٠: ٦٠/٨/٣١ م والتبييض: ٤ جمادى الاخرى ١٣٨٧: ٩/٨/٦٧]

Leave a comment