ആറാം ഘട്ടം – ക്യാമ്പയിൻ 02 – സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 14 മുതൽ 27 വരെ

സൂറത്തുല്‍ അങ്കബൂത്ത് : 14-27

വിഭാഗം – 2

29:14

  • وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَـٰلِمُونَ ﴾١٤﴿
  • നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക്‌ അയക്കുകയുണ്ടായി; എന്നിട്ട് അദ്ദേഹം അവരില്‍ അമ്പതു സംവത്സരം ഒഴിച്ച് ആയിരം കൊല്ലം കഴിഞ്ഞുകൂടി. അങ്ങനെ, അവര്‍ അക്രമികളായിരിക്കവെ ജലപ്രളയം അവരെ പിടികൂടി.
  • وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക്‌ فَلَبِثَ എന്നിട്ടു അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു فِيهِمْ അവരില്‍ أَلْفَ سَنَةٍ ആയിരം കൊല്ലം إِلَّا خَمْسِينَ അമ്പതൊഴിച്ച് عَامًا സംവത്സരം فَأَخَذَهُمُ എന്നിട്ടു അവര്‍ക്കു പിടിപെട്ടു الطُّوفَانُ ജലപ്രളയം وَهُمْ അവരായിരിക്കെ ظَالِمُونَ അക്രമികള്‍

29:15

  • فَأَنجَيْنَـٰهُ وَأَصْحَـٰبَ ٱلسَّفِينَةِ وَجَعَلْنَـٰهَآ ءَايَةً لِّلْعَـٰلَمِينَ ﴾١٥﴿
  • അപ്പോള്‍, അദ്ദേഹത്തെയും, (അദ്ദേഹത്തോടൊപ്പം) കപ്പലിലുള്ളവരെയും നാം രക്ഷപ്പെടുത്തി. അതു [ആ സംഭവം] നാം ലോകര്‍ക്കു ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.
  • فَأَنجَيْنَاهُ അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി وَأَصْحَابَ السَّفِينَةِ കപ്പലിലുള്ളവരെയും وَجَعَلْنَاهَا നാമതിനെ ആക്കുകയും ചെയ്തു آيَةً ഒരു ദൃഷ്ടാന്തം لِّلْعَالَمِينَ ലോകര്‍ക്കു

950 കൊല്ലക്കാലം ബഹുമാനപ്പെട്ട നൂഹ് (عليه الصلاة والسلام) നബി തന്റെ ജനതയെ തൗഹീദിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിനു പ്രവാചകത്വം ലഭിച്ചതുമുതല്‍ ജലപ്രളയം ഉണ്ടായതുവരെയുള്ള കാലമായിരിക്കും ഇതു എന്നാണ് ഈ വചനത്തില്‍നിന്ന്‍ മനസ്സിലാകുന്നത്. അപ്പോള്‍ അതിനുമുമ്പും പിമ്പുമായി കുറച്ചു കാലംകൂടി അദ്ദേഹം ജീവിച്ചിരുന്നിരിക്കണം. (*) ഏതായാലും മുന്‍കാലത്തുള്ളവര്‍ ഇന്നത്തെക്കാള്‍ അധികം ജീവിച്ചിരിക്കാറുണ്ടായിരുന്നുവെന്ന വസ്തുത ചരിത്രങ്ങളില്‍ നിന്നറിയാവുന്നതാണ്. ഇതിനു ശാസ്‌ത്രീയമായിത്തന്നെ ചില കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടു കാണാം. നൂഹ് (عليه الصلاة والسلام) നബിയുടെ ആയുഷ്ക്കാലം ചരിത്രത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു ഉദാഹരണമായിരിക്കുകയും ചെയ്യാം. الله اعلم


(*) ബൈബ്ള്‍ പറയുന്നതു ഇങ്ങിനെയാണ്‌: ‘ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു. നോഹയുടെ ആയുഷ്ക്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു. പിന്നെ അവന്‍ മരിച്ചു (ഉല്‍പ്പത്തി 9:28, 29) ഇതില്‍ ഖുര്‍ആന്റെ പ്രസ്താവനക്കു യോജിക്കാത്ത ഭാഗം നമുക്കു സ്വീകരിപ്പാന്‍ നിവൃത്തിയില്ല.


ഇത്രയും ദീര്‍ഘിച്ച കാലത്തെ പ്രബോധനം അദ്ദേഹം നടത്തിയിട്ടും വളരെ കുറഞ്ഞ ആളുകള്‍ – ഏറെക്കുറെ എണ്‍പതു പേരാണെന്നു പറയപ്പെടുന്നു – മാത്രമാണ് അദ്ദേഹത്തില്‍ വിശ്വസിച്ചത്. ജനത ആകമാനം അദ്ദേഹത്തെ നിഷേധിക്കയും ധിക്കരിക്കയും ചെയ്തപ്പോഴാണ് അല്ലാഹുവിന്റെ കല്‍പനപ്രകാരം അദ്ദേഹം കപ്പല്‍ നിര്‍മ്മിച്ചതും, തുടര്‍ന്ന്‍ ജലപ്രളയമുണ്ടായതും. ഹൂദ്‌, ശുഅറാഅ് തുടങ്ങിയ സൂറത്തുകളില്‍ ഈ സംഭവത്തെപ്പറ്റി കുറെ വിവരം നാം കാണുകയുണ്ടായി. എനിയും ചില സൂറത്തുകളില്‍ വീണ്ടും കൂടുതല്‍ വിവരം കാണാവുന്നതുമാണ്. إِنْ شَاءَ اللَّهُ

29:16

  • وَإِبْرَٰهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾١٦﴿
  • ഇബ്രാഹീമിനെയും (ഓര്‍ക്കുക), അതായതു: അദ്ദേഹം തന്റെ ജനതയോട് (ഇപ്രകാരം) പറഞ്ഞ സന്ദര്‍ഭം: ‘നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അതാണ്‌ നിങ്ങള്‍ക്കു നല്ലതു – നിങ്ങള്‍ (വാസ്‌തവം) അറിയുന്നുവെങ്കില്‍!
  • وَإِبْرَاهِيمَ ഇബ്രാഹീമിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِقَوْمِهِ തന്റെ ജനതയോടു اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ ذَٰلِكُمْ അതാണ്‌ خَيْرٌ لَّكُمْ നിങ്ങള്‍ക്കു നല്ലത് إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു (എങ്കില്‍)

29:17

  • إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَـٰنًا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ ﴾١٧﴿
  • ‘നിങ്ങള്‍ അല്ലാഹുവിനുപുറമെ (ചില) വിഗ്രഹങ്ങളെയാണ് ആരാധിച്ചു വരുന്നത്; നിങ്ങള്‍ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു. നിശ്ചയമായും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ ആരാധിച്ചു വരുന്നവര്‍ (ആരും) നിങ്ങള്‍ക്കു യാതൊരു ഉപജീവനവും അധീനമാക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ഉപജീവനത്തിന് അല്ലാഹുവിങ്കല്‍ അന്വേഷിക്കുവിന്‍, അവനെ ആരാധിക്കുകയും, അവനോടു നന്ദി കാണിക്കുകയും ചെയ്യുവിന്‍. അവങ്കലേക്കത്രെ നിങ്ങള്‍ മടക്കപ്പെടുന്നത്.
  • إِنَّمَا تَعْبُدُونَ നിശ്ചയമായും നിങ്ങള്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ أَوْثَانًا ചില വിഗ്രഹങ്ങളെ وَتَخْلُقُونَ നിങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, പടച്ചുണ്ടാക്കുന്നു إِفْكًا വ്യാജം إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَمْلِكُونَ അവര്‍ സ്വാധീനമാക്കുന്നില്ല, ഉടമയാക്കുന്നില്ല (ശക്തരല്ല) لَكُمْ നിങ്ങള്‍ക്കു رِزْقًا ആഹാരം, ഉപജീവനം فَابْتَغُوا അതുകൊണ്ടു നിങ്ങള്‍ അന്വേഷിക്കുവിന്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ الرِّزْقَ ഉപജീവനം, ആഹാരം وَاعْبُدُوهُ അവനെ ആരാധിക്കയും ചെയ്യുവിന്‍ وَاشْكُرُوا لَهُ അവനോടു നന്ദികാണിക്കയും ചെയ്യുവിന്‍ إِلَيْهِ അവങ്കലേക്കത്രെ, അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

29:18

  • وَإِن تُكَذِّبُوا۟ فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ ﴾١٨﴿
  • ‘നിങ്ങള്‍ കളവാക്കുകയാണെങ്കില്‍, നിങ്ങളുടെ മുമ്പ് പല സമുദായങ്ങളും കളവാക്കുകയുണ്ടായിട്ടുണ്ട്. ‘റസൂലിന്റെ [ദൈവദൂതന്റെ] മേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (കടമ) ഇല്ല’.
  • وَإِن تُكَذِّبُوا നിങ്ങള്‍ വ്യാജമാക്കുന്ന പക്ഷം فَقَدْ كَذَّبَ എന്നാല്‍ കളവാക്കിയിട്ടുണ്ട് أُمَمٌ പല സമുദായങ്ങള്‍ مِّن قَبْلِكُمْ നിങ്ങള്‍ക്കു മുമ്പ് وَمَا عَلَى الرَّسُولِ റസൂലിന്റെമേല്‍ ഇല്ല إِلَّا الْبَلَاغُ എത്തിച്ചുകൊടുക്കല്‍ (പ്രബോധനം) അല്ലാതെ الْمُبِينُ സ്പഷ്ടമായ

‘നിങ്ങള്‍ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു’ (وَتَخْلُقُونَ إِفْكًا) എന്ന് ഇബ്രാഹീം നബി (عليه الصلاة والسلام) അവരോടു പറഞ്ഞതു വളരെ അര്‍ത്ഥവത്താകുന്നു. സ്വന്തം കൈകളാല്‍ നിര്‍മ്മിക്കപ്പെട്ടതും, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്തതും, ഉപകാരമോ അപകാരമോ ചെയ്‌വാന്‍ കഴിവില്ലാത്തതുമായ നിര്‍ജ്ജീവ വസ്തുക്കളെ ദൈവങ്ങളെന്നും, ആരാധ്യന്മാരെന്നും നിശ്ചയിച്ച് അവയുടെ മുമ്പില്‍ അങ്ങേഅറ്റത്തെ ഭക്തിയാരാധനകളും, അപേക്ഷകളും അര്‍പ്പിക്കുന്നതില്‍പരം വ്യാജനിര്‍മ്മാണം മറ്റെന്താണുള്ളത്?! ചില പ്രത്യേക ദേവിദേവന്‍മാരുടെ പ്രതിമയെന്ന സങ്കല്‍പ്പത്തില്‍ അവയ്ക്കു ചില നാമകരണങ്ങള്‍ ചെയ്യുന്നതും, അവയുടെ പേരില്‍ – അവയുടെ പ്രസാദം, അനുഗ്രഹം, കോപശാപങ്ങള്‍ ആദിയായവയെ സ്ഥാപിക്കുന്ന – പലതരം കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതും വിഗ്രഹാരാധകന്മാരുടെ പതിവാണ്. ഓരോ വിഗ്രഹത്തിനും മറ്റേതിന്നില്ലാത്ത മഹത്വങ്ങളും കഴിവുകളും അവര്‍ വെച്ചു കെട്ടിയിട്ടുണ്ടാവും. ചുരുക്കിപ്പറഞ്ഞാല്‍ അടിതൊട്ടു മുടിയോളം വ്യാജത്തിന്‍മേല്‍ കെട്ടിപ്പടുത്തു വ്യാജത്തില്‍മാത്രം നിലക്കൊള്ളുന്ന ഒരു പ്രസ്ഥാനമാണ് വിഗ്രഹപ്രസ്ഥാനമെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതു ബുദ്ധി ജീവികള്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ഏതാണ്ട് മുശ്രിക്കുകള്‍ക്കിടയില്‍ നിലനിന്നുവരുന്ന അതേമാതിരി പല കള്ളക്കഥകളും, വ്യാജപ്രസ്താവനകളും ചില മഹാത്മാക്കളുടെ പേരില്‍ ഇന്നു മുസ്‌ലിംകള്‍ക്കിടയിലും പ്രചാരത്തിലുണ്ടെന്നതു ഏറ്റവും ഖേദകരമായ ഒരു പരമാര്‍ത്ഥമത്രെ. അവയുടെ അടിസ്ഥാനത്തിലാണ് ശിര്‍ക്കുപരമായ പല പ്രവര്‍ത്തനങ്ങളും കാലക്രമത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചത്. ചിലപ്പോള്‍, മരണപ്പെട്ടുപോയ മഹാത്മാക്കളോ, ജീവിച്ചിരിപ്പുള്ള വ്യക്തികളോ അല്ലാത്ത – തനി സങ്കല്‍പ്പിതമായ- അജ്ഞാത നാമങ്ങളെച്ചൊല്ലിയും ഇത്തരം കെട്ടുകഥകളും പ്രാര്‍ത്ഥനാ വഴിപാടുകളും, കര്‍മ്മങ്ങളും നടന്നുവരുന്നു. معاذ الله (അല്ലാഹുവില്‍ ശരണം!)

അല്ലാഹുവിനുപുറമെ നിങ്ങള്‍ ആരാധിച്ചുവരുന്നവരാരും തന്നെ നിങ്ങളുടെ ജീവിതത്തിന് അനിവാര്യമായ ആഹാരം തരുവാന്‍ ശക്തരല്ല. ആഹാരം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്. ആകാശത്തുനിന്ന് മഴ പെയ്യിപ്പിച്ച് ഭൂമിയെ ഉല്‍പ്പാദനയോഗ്യമാക്കുന്നതും, ആഹാരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതും അവന്‍ മാത്രമാണ്. എന്നിരിക്കെ, ഉപജീവനമാര്‍ഗ്ഗം അന്വേഷിക്കേണ്ടതും, അതിനപേക്ഷിക്കേണ്ടതും അവനോടത്രെ. അതുപോലെത്തന്നെ, ജനങ്ങളുടെ സൃഷ്ടാവും, രക്ഷിതാവുമെല്ലാം അവന്‍ മാത്രമായിരിക്കെ ജനങ്ങളുടെ എല്ലാ വിധേനയുമുള്ള ആരാധനയും, കൂറും, ഭക്തിയും അവനുമാത്രം അവകാശപ്പെട്ടതാണ്. ഈ നഗ്നമായ യാഥാര്‍ത്ഥ്യത്തിനും, സ്പഷ്ടമായ യുക്തിതത്വത്തിനും കടകവിരുദ്ധമാണു നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ഈ നില നിങ്ങള്‍ കൈവിടാത്തപക്ഷം, നിങ്ങള്‍ക്കു രക്ഷകിട്ടുമെന്നു നിങ്ങള്‍ കരുതേണ്ട. നിങ്ങളെല്ലാം അല്ലാഹുവിങ്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ട്. അവന്‍ നിങ്ങളുടെമേല്‍ തീര്‍ച്ചയായും നടപടിയെടുക്കും. ഇതൊക്കെ അറിഞ്ഞിട്ടു പിന്നെയും നിങ്ങള്‍ നിങ്ങളുടെ ഇതേ നിലപാടു തുടരുകയാണെങ്കില്‍, നിങ്ങളുടെ മുമ്പും ഇതുപോലെ ദൈവദൂതന്മാരെ നിഷേധിച്ച ജനങ്ങളുടെ അനുഭവങ്ങള്‍ നിങ്ങള്‍ക്കുമുണ്ടാവും. ദൈവദൂതന്മാര്‍ക്ക് സത്യപ്രബോധനം ചെയ്യുക എന്ന ബാദ്ധ്യത മാത്രമേയുള്ളു എന്നൊക്കെ ഇബ്രാഹീം നബി (عليه الصلاة والسلام) ജനങ്ങളെ താക്കീതു ചെയ്യുകയാണ്.

ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പ്രസ്താവന ഉദ്ധരിച്ചശേഷം – അതിനൊരു വിശദീകരണമെന്നോണം – തൗഹീദില്‍ വിശ്വസിക്കാത്ത എല്ലാ സത്യനിഷേധികളെയും അഭിമുഖീകരിച്ചുകൊണ്ട് – അല്ലാഹു പറയുന്നു:-

29:19

  • أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾١٩﴿
  • അല്ലാഹു സൃഷ്ടിയെ ആദ്യമായുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് അവര്‍ കാണുന്നില്ലേ?! പിന്നീട് അവനതു (രണ്ടാമതും) ആവര്‍ത്തിക്കുന്നു. നിശ്ചയമായും അത് അല്ലാഹുവിന് നിസ്സാരമാണ്.
  • أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, കണ്ടിട്ടില്ലേ كَيْفَ എങ്ങിനെയാണ് يُبْدِئُ اللَّـهُ അല്ലാഹു ആദ്യമായുണ്ടാക്കുന്നതു, ആരംഭമാക്കുന്നതു الْخَلْقَ സൃഷ്ടിയെ ثُمَّ പിന്നെ يُعِيدُهُ അവനതു ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍يَسِيرٌ നിസ്സാരമാണ്

29:20

  • قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢٠﴿
  • പറയുക: ‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരി(ച്ചു നോ)ക്കുവിന്‍, എന്നിട്ട് അവന്‍ എങ്ങിനെയാണ് സൃഷ്ടി തുടങ്ങിയിരിക്കുന്നതെന്ന് നോ (ക്കി മനസ്സിലാ)ക്കുവിന്‍!’ പിന്നീട്, അല്ലാഹു അവസാനത്തെ ഉത്‌ഭവം ഉത്‌ഭവിപ്പിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിന്നും കഴിവുള്ളവനാകുന്നു.
  • قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ട് നോക്കുവിന്‍ كَيْفَ എങ്ങിനെയാണ് بَدَأَ അവന്‍ ആരംഭിച്ചിരിക്കുന്നതു, ആദ്യം ചെയ്തതു الْخَلْقَ സൃഷ്ടിയെ ثُمَّ اللَّـهُ പിന്നീടു അല്ലാഹു يُنشِئُ ഉത്‌ഭവിപ്പിക്കുന്നു النَّشْأَةَ الْآخِرَةَ അവസാനത്തെ ഉത്‌ഭവിപ്പിക്കല്‍, ഉണ്ടാക്കല്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌

മനുഷ്യര്‍ കണ്ണു തുറന്ന് വെളിയിലേക്ക് ദൃഷ്ടിപതിക്കട്ടെ! കാലെടുത്ത് ഭൂമിയിലൂടെ സഞ്ചരിച്ചുനോക്കട്ടെ! ഉന്നതമായ ആകാശം, കണക്കറ്റ നക്ഷത്രഗ്രഹങ്ങള്‍, ചലിക്കുന്നതും അല്ലാത്തതുമായ വന്‍ഗോളങ്ങള്‍, പര്‍വ്വതങ്ങള്‍, മൈതാനങ്ങള്‍, വൃക്ഷങ്ങള്‍, കായ്കനികള്‍, അരുവികള്‍, സമുദ്രങ്ങള്‍, മനുഷ്യനടക്കമുള്ള ലക്ഷോപലക്ഷം ജീവികള്‍ എന്നിങ്ങിനെ എണ്ണിപ്പറഞ്ഞവസാനിപ്പിക്കുവാന്‍ കഴിയാത്ത പലതും അവര്‍ക്കു കാണാം. അവയെല്ലാം ശുദ്ധശൂന്യതയില്‍നിന്ന്‍ സൃഷ്ടിച്ചുണ്ടാക്കിയ ഒരു മഹാ ശക്തിയുണ്ടല്ലോ. വ്യവസ്ഥാപിതമായ നിലയില്‍ നിലനിന്നുപോരുന്ന ഇവയെല്ലാം സ്വയമങ്ങ് അസ്തിത്വം പൂണ്ടതാണെന്നുവെച്ച് തൃപ്തിയടയുവാന്‍ മനുഷ്യബുദ്ധിക്കു സാദ്ധ്യമല്ലതന്നെ. തൃപ്തിയടയുവാന്‍ കഴിയുന്നവരുണ്ടെങ്കില്‍ അവരുടെ ബുദ്ധി മനുഷ്യബുദ്ധിയല്ലെന്നുവേണം പറയുവാന്‍ മുമ്പുണ്ടായിരുന്ന ഒരു മാതൃകയോ, ഏതെങ്കിലും ഒന്നിന്റെ സഹായമോ കൂടാതെ പുത്തനായും, ആദ്യമായും അവയെല്ലാം നിര്‍മ്മിച്ചുണ്ടാക്കിയ ആ സര്‍വ്വശക്തനായ കര്‍ത്താവുതന്നെ, അവയുടെ നാശത്തിനുശേഷം അവയ്ക്കൊരു പുതിയ ഘടനാവ്യവസ്ഥയും നല്‍കും. അവരുടെ മരണത്തിനുശേഷം അവര്‍ക്കൊരു പുതിയ ജീവിതവും നല്‍കും. ആദ്യത്തെ സൃഷ്ടിയുടെ കര്‍ത്താവായ അവന് രണ്ടാമത്തെ സൃഷ്ടിയുടെ കാര്യം കൂടുതല്‍ നിസ്സാരമായിരിക്കുമല്ലോ.

(وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ: الروم)

29:21

  • يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ ۖ وَإِلَيْهِ تُقْلَبُونَ ﴾٢١﴿
  • അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കും; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ കരുണയും ചെയ്യും. അവങ്കലേക്കു തന്നെ നിങ്ങള്‍ തിരിച്ചുകൊണ്ടു വരപ്പെടുകയും ചെയ്യും.
  • يُعَذِّبُ അവന്‍ ശിക്ഷിക്കും, ശിക്ഷിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَرْحَمُ അവന്‍ കരുണയും ചെയ്യുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَإِلَيْهِ അവനിലേക്കുതന്നെ تُقْلَبُونَ നിങ്ങള്‍ തിരിച്ചു കൊണ്ടു വരപ്പെടുകയും ചെയ്യും

29:22

  • وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ ﴾٢٢﴿
  • ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ, നിങ്ങള്‍ (അവനെ) അസാദ്ധ്യമാക്കുന്നവരല്ല; അല്ലാഹുവിനു പുറമെ ഒരു രക്ഷാകര്‍ത്താവാകട്ടെ, ഒരു സഹായകനാകട്ടെ, നിങ്ങള്‍ക്കില്ലതാനും.
  • وَمَا أَنتُم നിങ്ങളല്ല بِمُعْجِزِينَ അസാധ്യമാക്കുന്നവര്‍ (പരാജയപ്പെടുത്തുന്നവര്‍) فِي الْأَرْضِ ഭൂമിയില്‍ وَلَا فِي السَّمَاءِ ആകാശത്തിലുമല്ല وَمَا لَكُم നിങ്ങള്‍ക്കു ഇല്ലതാനും مِّن دُونِ اللَّـهِ അല്ലാഹുവിനെക്കൂടാതെ مِن وَلِيٍّ ഒരു രക്ഷാകര്‍ത്താവും, ബന്ധുവും وَلَا نَصِيرٍ ഒരു സഹായകനും ഇല്ല

29:23

  • وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَـٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ ﴾٢٣﴿
  • അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലും, അവനുമായി കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാകട്ടെ, അക്കൂട്ടര്‍ എന്റെ [അല്ലാഹുവിന്റെ] കാരുണ്യത്തെസംബന്ധിച്ച് ആശ വെടിഞ്ഞിരിക്കുകയാണ്; അക്കൂട്ടര്‍ക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ وَلِقَائِهِ അവനുമായി കണ്ടുമുട്ടുന്നതിലും أُولَـٰئِكَ അക്കൂട്ടര്‍ يَئِسُوا നിരാശപ്പെട്ടിരിക്കുന്നു, ആശ വെടിഞ്ഞിരിക്കുന്നു مِن رَّحْمَتِي എന്റെ കാരുണ്യത്തില്‍നിന്നു وَأُولَـٰئِك അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ

മേല്‍ പ്രസ്താവിച്ചതുപോലുള്ള യാഥാര്‍ത്ഥ്യങ്ങളും, വ്യക്തമായ ന്യായങ്ങളും നിരത്തിവെച്ചുകൊണ്ട് ഇബ്രാഹീം നബി (عليه الصلاة والسلام) തന്റെ ജനതയെ വളരെ ശക്തിപൂര്‍വ്വം ഉപദേശിച്ചു.

വിഭാഗം – 3

29:24

  • فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ ﴾٢٤﴿
  • എന്നാല്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി, ‘അവനെ കൊലപ്പെടുത്തുവിന്‍, അല്ലെങ്കില്‍ അവനെ ചുട്ടെരിക്കുവിന്‍’ എന്ന്‍ അവര്‍ പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. എന്നിട്ട്, അല്ലാഹു അദ്ദേഹത്തെ അഗ്നിയില്‍ നിന്നു രക്ഷപ്പെടുത്തി. നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
  • فَمَا كَانَ എന്നാല്‍ ആയിരുന്നില്ല جَوَابَ قَوْمِهِ അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ اقْتُلُوهُ നിങ്ങളവനെ കൊല്ലുവിന്‍ أَوْ حَرِّقُوهُ അല്ലെങ്കില്‍ നിങ്ങളവനെ (ചുട്ട്) കരിക്കുവിന്‍ فَأَنجَاهُ اللَّـهُ അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി مِنَ النَّارِ അഗ്നി (തീ) യില്‍ നിന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ വിശ്വസിക്കുന്ന

ഇബ്രാഹീം (عليه السلام) നബിയുടെ ചരിത്രവും, അദ്ദേഹം അഗ്നികുണ്ഡത്തില്‍ നിന്ന്‍ രക്ഷപ്പെട്ട സംഭവവും സൂ: അമ്പിയാഇല്‍ വെച്ച് വിസ്തരിച്ചു പറഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ അതു ആവര്‍ത്തിക്കേണ്ടതില്ല. അഗ്നിയില്‍നിന്നു രക്ഷപ്പെട്ടശേഷവും അദ്ദേഹം പ്രബോധനം തുടര്‍ന്നുകൊണ്ടിരുന്നു. സ്വജനതക്കിടയില്‍ താമസിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം നാടുവിട്ടുപോകുകയും ചെയ്തു. താഴെ വചനങ്ങള്‍ ഇതിനെക്കുറിച്ചു പ്രസ്താവിക്കുന്നു.

29:25

  • وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَـٰنًا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَـٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ ﴾٢٥﴿
  • (വീണ്ടും) അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനു പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ (ആരാധ്യവസ്തുക്കളായി) സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള താല്‍പ്പര്യത്തിന്നായി മാത്രമാകുന്നു. പിന്നെ, ഖിയാമത്തുനാളില്‍ നിങ്ങളില്‍ ചിലര്‍ ചിലരെ നിഷേധിക്കുന്നതും, ചിലര്‍ ചിലരെ ശപിക്കുന്നതുമാകുന്നു; നിങ്ങളുടെ സങ്കേതം നരകവുമായിരിക്കും; സഹായികളായിട്ട്‌ നിങ്ങള്‍ക്ക് (ആരും തന്നെ) ഉണ്ടാവുകയുമില്ല’.
  • وَقَالَ അദ്ദേഹം പറയുകയും ചെയ്തു إِنَّمَا اتَّخَذْتُم നിശ്ചയമായും നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْثَانًا വിഗ്രഹങ്ങളെ مَّوَدَّةَ بَيْنِكُمْ നിങ്ങള്‍ക്കിടയിലുള്ള താല്‍പ്പര്യത്തിനു, സ്നേഹബന്ധത്തിനു (മാത്രം) فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ ثُمَّ പിന്നെ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ يَكْفُرُ നിഷേധിക്കും بَعْضُكُم നിങ്ങളില്‍ ചിലര്‍ بِبَعْضٍ ചിലരെ, ചിലരില്‍ وَيَلْعَنُ ശപിക്കുകയും ചെയ്യും بَعْضُكُم നിങ്ങളില്‍ ചിലര്‍ بَعْضًا ചിലരെ وَمَأْوَاكُمُ നിങ്ങളുടെ സങ്കേതം, അഭയസ്ഥാനം النَّارُ നരകമാകുന്നു, അഗ്നിയാണ് وَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായി (ആരും), സഹായികളില്‍പെട്ട(വര്‍)

29:26

  • فَـَٔامَنَ لَهُۥ لُوطٌ ۘ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢٦﴿
  • അപ്പോള്‍, ലൂത്ത്വ് അദ്ദേഹത്തെ വിശ്വസിച്ചു. അദ്ദേഹം [ഇബ്രാഹീം] പറഞ്ഞു: ‘ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് ‘ഹിജ്റ’ [നാടുവിട്ട്] പോകുകയാണ്; നിശ്ചയമായും, അവന്‍ തന്നെയാണ്, പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവന്‍.’
  • فَآمَنَ അപ്പോള്‍ വിശ്വസിച്ചു لَهُ അദ്ദേഹത്തെ لُوطٌ ലൂത്ത്വ് وَقَالَ അദ്ദേഹം പറയുകയും ചെയ്തു إِنِّي مُهَاجِرٌ നിശ്ചയമായും ഞാന്‍ ഹിജ്റ (നാടുവിട്ടു) പോകുന്നവനാണ് إِلَىٰ رَبِّي എന്‍റെ റബ്ബിങ്കലേക്ക് إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെയാണ് الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍

വിഗ്രഹാരാധനയുടെ നിരര്‍ത്ഥതയും, കൊള്ളരുതായ്മയും നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടു പിന്നെയും നിങ്ങളതില്‍ മൂടുറച്ചുകൊണ്ട്‌കൊണ്ടിരിക്കുന്നത് നിങ്ങള്‍ തമ്മതമ്മിലുള്ള സ്നേഹതാല്‍പര്യബന്ധങ്ങള്‍ നിലനിറുത്തുവാനും, അതിന്നു ഭംഗം നേരിടാതിരിക്കുവാനും വേണ്ടി മാത്രമാണെന്നാണ്, ആ മന:ശാസ്ത്രപടുവായ പ്രവാചകവര്യന്‍ അവരോടു പറയുന്നത്. ഈ ആവശ്യാര്‍ത്ഥം ഏറ്റവും കടുത്ത ഈ മഹാപാപം നിങ്ങളിപ്പോള്‍ ന്യായീകരിച്ചുകൊണ്ടിരിക്കുന്നുവല്ലോ. എന്നാല്‍ ഖിയാമത്തുനാളില്‍ നിങ്ങള്‍ തമ്മിലുള്ള ഈ ബന്ധം മുറിഞ്ഞു പോകും. നിങ്ങള്‍ പരസ്‌പരം വൈരികളും, നിഷേധികളുമായി മാറും. നിങ്ങള്‍ അന്യോന്യം ശപിക്കും. ഒടുക്കം സഹായത്തിനും രക്ഷക്കും ആരുമില്ലാതെ എല്ലാവരും കാലാകാലം നരകശിക്ഷ അനുഭവിക്കേണ്ടതായും വരും എന്നൊക്കെ അദ്ദേഹം ജനങ്ങളെ താക്കീതുചെയ്യുന്നു.

എത്ര അര്‍ത്ഥവത്തായ ഒരു താക്കീതാണിത്?! തെറ്റായ ആദര്‍ശങ്ങളും, പിഴച്ച നടപടിക്രമങ്ങളും സ്വീകരിച്ചു വരുന്ന ജനങ്ങള്‍ക്കിടയില്‍ അനുഭവത്തില്‍ കണ്ടുവരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌ ഇബ്രാഹീം നബി (عليه السلام) എടുത്തുകാട്ടിയത്. തങ്ങള്‍ സ്വീകരിച്ച ആദര്‍ശത്തിന്റെയോ ചെയ്തികളുടെയോ ചീത്തത്തം ശരിക്കും മനസ്സിലായാല്‍ പോലും – സഹവര്‍ത്തികളുടെയും, സ്വകക്ഷിയുടെയും അലോഗ്യവും വെറുപ്പും സമ്പാദിക്കാതിരിക്കുവാന്‍ വേണ്ടി – അതില്‍ തന്നെ പറ്റിപ്പിടിച്ചുകൂടുകയും, മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് അതിനു ന്യായീകരണമുണ്ടാക്കുകയും ചെയ്യുക മിക്കവരുടെയും പതിവാകുന്നു. ചിലപ്പോള്‍, ചുറ്റുപാടു മാറുന്നതോടെ ഇത്തരം ആളുകള്‍ അവരുടെ നിലപാടില്‍ മാറ്റം വരുത്തുവാന്‍ തയ്യാറായെന്നും വരും. സമനിലയിലുള്ളവര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ മാത്രമല്ല, ഉയര്‍ന്ന നിലവാരത്തിലും താണ നിലവാരത്തിലുമുള്ളവര്‍ തമ്മിലുള്ള കൂട്ടുബന്ധങ്ങളും ഇതിനു കാരണമായിത്തീരാറുണ്ട്. മേലേക്കിടയിലുള്ളവരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നാല്‍ മാത്രമേ തങ്ങള്‍ക്കു കാര്യലാഭം കൈവരികയുള്ളു, അല്ലെങ്കില്‍ അവരുടെ മര്‍ദ്ദനപരമായ പെരുമാറ്റത്തില്‍ നിന്നു രക്ഷ കിട്ടുകയുള്ളൂവെന്ന് താഴേക്കിടയിലുള്ളവര്‍ ധരിക്കുന്നു. മേലേക്കിടയിലുള്ളവരാകട്ടെ, തങ്ങളുടെ നേതൃത്വവും, സ്വാധീനവും, സ്വാര്‍ത്ഥതാല്‍പര്യങ്ങളും സംരക്ഷിക്കുവാനായി താഴേക്കിടയിലുള്ളവരുടെ അപ്രീതി സമ്പാദിക്കാതിരിക്കുവാന്‍ അവരും മുതിരുന്നു. ഇതാണ് ഈ രണ്ടു വിഭാഗക്കാരെയും തമ്മില്‍ ആ ദുഷിച്ച സഹവര്‍ത്തിത്വത്തില്‍ കൂട്ടിയിണക്കുന്നത്. ഏതു വിഷയത്തിലാണോ ഒരാള്‍ക്കു മറ്റവരേക്കള്‍ ഉന്നതി ലഭിച്ചിട്ടുള്ളത് എങ്കില്‍, ആ വിഷയത്തില്‍ അയാളെക്കാള്‍ താണ പടിയിലുള്ളവരുടെ എണ്ണം കുറഞ്ഞുപോകാതെ നിലനില്‍ക്കുന്നത് അയാളുടെ നേതൃത്വത്തിന്റെ നിലനില്‍പ്പിനു ആവശ്യമാണല്ലോ.

ഇബ്രാഹീം (عليه السلام) നബിയുടെ സുദീര്‍ഘമായ സദുപദേശങ്ങളും അദ്ദേഹം അഗ്നിയില്‍ നിന്ന്‍ അത്ഭുതകരമാം വണ്ണം രക്ഷപ്പെട്ടതും അദ്ദേഹത്തിന്‍റെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം പ്രയോജനപ്പെട്ടില്ല. എങ്കിലും ലൂത്ത്വ് (عليه السلام) അദ്ദേഹത്തെ വിശ്വസിക്കുകയും, അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്തു. എനി, ആ നാട്ടില്‍ അദ്ദേഹത്തിന് ആശക്കു വകയില്ലാതായി. അദ്ദേഹം തന്‍റെ റബ്ബിങ്കലേക്ക് – അഥവാ റബ്ബ് അനുഗ്രഹിച്ചരുളുകയും കല്പിച്ചരുളുകയും ചെയ്യുന്ന ഒരിടത്തേക്ക് – നാടുവിട്ടുപോകുവാന്‍ ഉറച്ചു. അതെ, ഇറാഖില്‍ നിന്നും ശാമിലേക്കു നീങ്ങി. സഹോദരപുത്രനായ ലൂത്ത്വ് (عليه السلام) അല്ലാതെ, സ്വദേശത്തുനിന്ന്‍ തന്‍റെ അനുയായികളായി മറ്റാരും ഉണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹു അദ്ദേഹത്തിനു പിന്നീട് പ്രദാനം ചെയ്ത അനുഗ്രഹങ്ങള്‍ അളവറ്റതും, ഇണയറ്റതുമായിരുന്നു. അല്ലാഹു പറയുന്നു:

29:27

  • وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَـٰبَ وَءَاتَيْنَـٰهُ أَجْرَهُۥ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ ﴾٢٧﴿
  • അദ്ദേഹത്തിന് ഇസ്ഹാഖിനെയും, യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിയില്‍ നാം പ്രവാചകത്വവും, വേദഗ്രന്ഥവും ഏര്‍പ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പ്രതിഫലം ഇഹത്തില്‍ നാം അദ്ദേഹത്തിന് നല്‍കി. അദ്ദേഹം പരലോകത്തിലാകട്ടെ, നിശ്ചയമായും സദ്‌വൃത്തന്മാരില്‍പെട്ടവനുമാകുന്നു.
  • وَوَهَبْنَا لَهُ അദ്ദേഹത്തിനു നാം പ്രദാനം ചെയ്തു إِسْحَاقَ ഇസ്ഹാഖിനെ وَيَعْقُوبَ യഅ്ഖൂബിനെയും وَجَعَلْنَا നാം ആക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു فِي ذُرِّيَّتِهِ അദ്ദേഹത്തിന്‍റെ സന്തതിയില്‍ النُّبُوَّةَ പ്രവാചകത്വം وَالْكِتَابَ വേദഗ്രന്ഥവും وَآتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു أَجْرَهُ തന്‍റെ പ്രതിഫലം فِي الدُّنْيَا ഇഹത്തില്‍ وَإِنَّهُ നിശ്ചയമായും അദ്ദേഹം فِي الْآخِرَةِ പരലോകത്തില്‍ لَمِنَ الصَّالِحِينَ സദ്‌വൃത്തന്മാരില്‍പെട്ടവന്‍ തന്നെ

സ്വന്തം നാട്ടില്‍നിന്നും, സ്വന്തം കുടുംബത്തില്‍നിന്നും ഇബ്രാഹീം നബി (عليه السلام) ബഹിഷ്കൃതനായി. അദ്ദേഹം നാടും വീടും വിട്ടുപോയി. പക്ഷേ, അല്ലാഹു അദ്ദേഹത്തെ പാഴാക്കിയില്ല. ശാമില്‍ വന്നശേഷം അദേഹത്തിന് പുത്രനായി ഇസ്ഹാഖ് (عليه السلام) നബിയെയും, പൗത്രനായി യഅ്ഖൂബ് (عليه السلام) നബിയെയും അവന്‍ പ്രദാനം ചെയ്തു. അവരുടെ സന്താനപരമ്പര വര്‍ദ്ധിപ്പിച്ച് നാളിതുവരെ നിലനിറുത്തുകയും ചെയ്തു. പ്രവാചകത്വവും വേദഗ്രന്ഥവും നല്‍കി ആ പരമ്പരയെ അനുഗ്രഹിക്കുകയും ചെയ്തു. അദ്ദേഹത്തിനു ശേഷം അന്ത്യപ്രവാചകനായ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിവരെ അറിയപ്പെട്ടിട്ടുള്ള പ്രവാചകന്മാരെല്ലാം ആ പരമ്പരയില്‍ ഉള്‍പ്പെട്ടവരാകുന്നു. പിതാവില്ലാതെ ജനിച്ച ഈസാ (عليه السلام) നബിയുടെ മാതാവും അതില്‍പെട്ടവരാണ്. അദ്ദേഹത്തിനുശേഷം ലോകത്തു നിലവില്‍വന്ന എല്ലാ സനാതന തത്വങ്ങളുടെയും ഉറവിടം ആ പരമ്പരയാകുന്നു. ഇങ്ങിനെയുള്ള മഹത്തായ അനുഗ്രഹങ്ങള്‍ പലതും ഈ ലോകത്തു അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ, പരലോകത്തില്‍ അദ്ദേഹം അല്ലാഹുവിന്‍റെ സദ്‌വൃത്തന്മാരായ അടിയാന്മാരില്‍ പെട്ടവനാണെന്ന സാക്ഷ്യപത്രം നല്‍കുകയും ചെയ്തിരിക്കയാണ്. صلى الله عليه وعلى نبينا وسلم

Leave a comment