നാലം ഘട്ടം – ക്യാമ്പയിൻ 11 – സൂറത്തു ശുഅറാഉ് – ആയത്ത് 176 മുതൽ 199വരെ

സൂറത്തു ശുഅറാഉ് : 176-199

വിഭാഗം – 10

26:176

  • كَذَّبَ أَصْحَـٰبُ لْـَٔيْكَةِ ٱلْمُرْسَلِينَ ﴾١٧٦﴿
  • ‘ഐക്കത്ത്’ [മരക്കാവു] കാര്‍ മുര്‍സലുകളെ വ്യാജമാക്കി:-
  • كَذَّبَ أَصْحَابُ الْأَيْكَةِ ഐക്കത്തുകാര്‍ വ്യാജമാക്കി الْمُرْسَلِينَ മുര്‍സലുകളെ
26:177
  • إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ ﴾١٧٧﴿
  • അതായത്, ശുഐബ് അവരോടു പറഞ്ഞപ്പോള്‍. ‘നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!’
  • إِذْ قَالَ لَهُمْ അവരോട് പറഞ്ഞപ്പോള്‍ شُعَيْبٌ ശുഐബ് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ

26:178

  • إِنِّى لَكُمْ رَسُولٌ أَمِينٌ ﴾١٧٨﴿
  • ‘നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂലാകുന്നു’.
  • إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ ഒരു റസൂലാണ്

26:179

  • فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾١٧٩﴿
  • ‘ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
  • فَاتَّقُوا اللَّـهَ അതുകൊണ്ടു നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കയും ചെയ്യുവിന്‍

26:180

  • وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ ﴾١٨٠﴿
  • ‘അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം, ലോകരക്ഷിതാവിന്‍റെമേല്‍ അല്ലാതെ (ബാധ്യത) ഇല്ല.’
  • وَمَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ അതിന്‍റെ പേരില്‍ مِنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَىٰ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ മേല്‍ അല്ലാതെ

‘ഐക്കത്ത്’ (الْأَيْكَة) എന്നാല്‍, വൃക്ഷങ്ങള്‍ അധികം തിങ്ങിനില്‍കുന്ന മരക്കാവ്‌ എന്നര്‍ത്ഥം. മദ്-യനി (*) ന്‍റെ അടുത്തായിരുന്നു ഈ മരക്കാവ്‌. മദ്-യന്‍കാരടക്കമുള്ള അവിടുത്തെ നിവാസികളിലേക്ക് ശുഐബ് (عليه الصلاة والسلام) നബിയെ അല്ലാഹു റസൂലായി നിയോഗിച്ചു. ഐക്കത്തുകാരും, മദ്-യന്‍കാരും വെവ്വേറെ രണ്ടു ജനങ്ങളായിരുന്നുവെന്നും, ശുഐബ് (عليه الصلاة والسلام) നബി ഒരു പ്രാവശ്യം അവരിലേക്കും മറ്റൊരു പ്രാവശ്യം ഇവരിലേക്കും റസൂലായി നിയോഗിക്കപ്പെടുകയാണുണ്ടായതെന്നും ചില പണ്ഡിതന്‍മാര്‍ പ്രസ്താവിക്കുന്നു. പക്ഷെ, രണ്ടുകൂട്ടരും ഒരേ ജനതയായിരുന്നുവെന്നതാണ്‌ ശരിയായ അഭിപ്രായമെന്ന് ഇബ്നുകഥീറും (رحمه الله) മറ്റു ചിലരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ഏതായാലും അദ്ദേഹം നിയോഗിക്കപ്പെട്ട ആ സമുദായം, അളത്തത്തിലും, തൂക്കത്തിലും വഞ്ചനയും, കൃത്രിമവും നടത്തുന്നവരും, കൊള്ള, കവര്‍ച്ച മുതലായ അക്രമങ്ങള്‍ ചെയ്തിരുന്നവരുമായിരുന്നു. ശുഐബ് (عليه الصلاة والسلام) അവരെ ഇങ്ങിനെ ഉപദേശിച്ചു:-


(*). പടം 4-ല്‍ നോക്കുക.


26:181
  • أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ ﴾١٨١﴿
  • ‘നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍; (ജനങ്ങളെ) നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ ആകരുത്’.
  • أَوْفُوا നിങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍ الْكَيْلَ അളത്തം, അളവ് وَلَا تَكُونُوا നിങ്ങള്‍ ആകരുതു مِنَ الْمُخْسِرِينَ നഷ്ടപ്പെടുത്തുന്നവരില്‍

26:182

  • وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ﴾١٨٢﴿
  • ‘ശരിയായിട്ടുള്ള തുലാസ്സുകൊണ്ട് തൂക്കുകയും ചെയ്യുവിന്‍’.
  • وَزِنُوا നിങ്ങള്‍ തൂക്കുകയും ചെയ്യുവിന്‍ بِالْقِسْطَاسِ തുലാസ്സു (ത്രാസ്സ്) കൊണ്ടു الْمُسْتَقِيمِ ശരിയായ, ചൊവ്വായ
26:183
  • وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ﴾١٨٣﴿
  • ‘ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ (കബളിച്ചെടുത്തു) ചേതപ്പെടുത്തുകയും ചെയ്യരുത്. കുഴപ്പക്കാരായിക്കൊണ്ട് നാട്ടില്‍ അനര്‍ത്ഥം ചെയ്യുകയും അരുത്’.
  • وَلَا تَبْخَسُوا ചേതപ്പെടുത്തുകയും അരുത്, നഷ്ടമുണ്ടാക്കരുതു النَّاسَ ജനങ്ങള്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തുക്കള്‍, സാധനങ്ങള്‍ وَلَا تَعْثَوْا നിങ്ങള്‍ അനര്‍ത്ഥം (നാശം) ചെയ്കയും അരുത് فِي الْأَرْضِ ഭൂമിയില്‍ مُفْسِدِينَ കുഴപ്പമുണ്ടാക്കുന്നവരായി, നാശകാരികളായി

26:184

  • وَٱتَّقُوا۟ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلْأَوَّلِينَ ﴾١٨٤﴿
  • ‘നിങ്ങളെയും, ആദിമ സൃഷ്ടികളെ [പൂര്‍വ്വജനങ്ങളെ]യും സൃഷ്ടിച്ചുണ്ടാക്കിയവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍.’
  • وَاتَّقُوا സൂക്ഷിക്കയും ചെയ്യുവിന്‍ الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവനെ وَالْجِبِلَّةَ സൃഷ്ടികളെയും, ജനങ്ങളെയും الْأَوَّلِينَ ആദിമന്‍മാരായ, പൂര്‍വ്വികരായ

സത്യനിഷേധികളായ ഇതര സമുദായങ്ങള്‍ അവരുടെ നബിമാരോട് പറഞ്ഞ മറുപടികളില്‍ നിന്നും വിഭിന്നമായിരുന്നില്ല ഇവരുടെ മറുപടിയും. ധാര്‍മ്മികബോധം നഷ്ടപ്പെട്ട് ദേഹേച്ഛകള്‍ക്കും, ഭൗതികസുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുന്ന എല്ലാവരുടെയും നില ഇതു തന്നെയായിരിക്കും. അതില്‍ മുന്‍കാലക്കാരും പില്‍ക്കാലക്കാരും തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണുകയില്ല. റസൂലുകളെ ധിക്കരിച്ച പല സമുദായങ്ങളുടെയും സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടിയശേഷം അല്ലാഹു ഒരിടത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടായി പറഞ്ഞിട്ടുള്ള ചില വചനങ്ങള്‍ ഇവിടെ സ്മരണീയമാകുന്നു:-

كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ ﴿٥٢﴾ أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ ﴿٥٣﴾ فَتَوَلَّ عَنْهُمْ فَمَا أَنتَ بِمَلُومٍ ﴿٥٤﴾ وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ ﴿٥٥﴾ :الذاريات

സാരം: ‘ഇതുപോലെത്തന്നെ, ഇവരുടെ മുമ്പുള്ളവരും ഏതൊരു റസൂല്‍ ചെല്ലുന്നതായാലും, അദ്ദേഹം ജാലവിദ്യക്കാരന്‍ (അഥവാ ആഭിചാരി) എന്നോ, ഭ്രാന്തന്‍ എന്നോ പറയാതിരുന്നിട്ടില്ല. അവരന്യോന്യം ഇതുസംബന്ധിച്ച് ഒസിയ്യത്ത് ചെയ്തിരിക്കുകയാണോ?! പക്ഷേ, (അതല്ല) അവര്‍ ധിക്കാരികളായ ജനങ്ങളാകുന്നു. അതുകൊണ്ട്, നീ അവരില്‍നിന്ന് മാറിനിന്നുകൊള്ളുക. (അവരെ അവരുടെ പാട്ടിനു വിട്ടേക്കുക). എന്നാല്‍, നീ ആക്ഷേപിക്കപ്പെടുന്നവനല്ലതന്നെ. നീ ഓര്‍മ്മപ്പെടുത്തുക (ഉപദേശിക്കുക)യും ചെയ്യുക. കാരണം, ഉപദേശം വിശ്വാസികള്‍ക്ക് ഫലം ചെയ്യുന്നതാകുന്നു. (51:52-55).

26:185
  • قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ ﴾١٨٥﴿
  • അവര്‍ പറഞ്ഞു: ‘നിശ്ചയമായും നീ, ആഭിചാരബാധിതരില്‍ പെട്ടവന്‍തന്നെയാകുന്നു’.
  • قَالُوا അവര്‍ പറഞ്ഞു إِنَّمَا أَنتَ നിശ്ചയമായും നീ مِنَ الْمُسَحَّرِينَ സിഹ്ര്‍ (ആഭിചാരം, മാരണം) ബാധിച്ചവരില്‍ പെട്ടവനാകുന്നു

26:186

  • وَمَآ أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ ٱلْكَـٰذِبِينَ ﴾١٨٦﴿
  • ‘നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല; നീ വ്യാജവാദികളില്‍ പെട്ടവന്‍ തന്നെയാണെന്ന് നിശ്ചയമായും ഞങ്ങള്‍ നിന്നെക്കുറിച്ച് ധരിക്കുന്നു’.
  • وَمَا أَنتَ നീ അല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُنَا ഞങ്ങളെപ്പോലുള്ള وَإِن نَّظُنُّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ ധരിക്കുന്നു, വിചാരിക്കുന്നു لَمِنَ الْكَاذِبِينَ കള്ളം പറയുന്നവരില്‍ (വ്യാജവാദികളില്‍) പെട്ടവന്‍തന്നെ എന്നു
26:187
  • فَأَسْقِطْ عَلَيْنَا كِسَفًا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾١٨٧﴿
  • ‘അതുകൊണ്ട്, ആകാശത്തുനിന്ന് ചില തുണ്ടങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തിക്കൊള്ളുക; – നീ സത്യവാദികളില്‍ പെട്ടവനാണെങ്കില്‍!’
  • .فَأَسْقِطْ എന്നാല്‍ (അതുകൊണ്ടു) നീ വീഴ്ത്തുക عَلَيْنَا ഞങ്ങളില്‍, ഞങ്ങളുടെമേല്‍ كِسَفًا തുണ്ടങ്ങളെ, കഷ്ണങ്ങളെ مِّنَ السَّمَاءِ ആകാശത്തുനിന്ന് إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍നിന്നു, സത്യവാദികളില്‍ (പെട്ടവന്‍)

26:188

  • قَالَ رَبِّىٓ أَعْلَمُ بِمَا تَعْمَلُونَ ﴾١٨٨﴿
  • അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതിനെക്കുറിച്ച് എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാകുന്നു’.
  • قَالَ അദ്ദേഹം പറഞ്ഞു رَبِّي أَعْلَمُ എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്, കൂടുതല്‍ അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

(അതുകൊണ്ട് നിങ്ങളെ സംബന്ധിച്ച് വേണ്ടുന്ന നടപടികള്‍ അവന്‍ എടുത്തുകൊള്ളുന്നതാകുന്നു. എന്‍റെ കടമ ഞാന്‍ നിര്‍വ്വഹിക്കുന്നുവെന്നുമാത്രം.)

26:189
  • فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ ۚ إِنَّهُۥ كَانَ عَذَابَ يَوْمٍ عَظِيمٍ ﴾١٨٩﴿
  • അങ്ങനെ, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അതിനാല്‍, മേഘത്തണലിന്‍റെ ദിവസത്തിലെ ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അത് ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷയായിരുന്നു!
  • فَكَذَّبُوهُ അങ്ങനെ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَخَذَهُمْ അതിനാല്‍ അവരെ പിടികൂടി, പിടിപ്പെട്ടു عَذَابُ ശിക്ഷ يَوْمِ الظُّلَّةِ മേഘത്തണലിന്‍റെ ദിവസത്തിലെ إِنَّهُ كَانَ തീര്‍ച്ചയായും അതാകുന്നു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച

ആദ്യം അവര്‍ക്ക് അതികഠിനമായ ഉഷ്ണം ബാധിച്ചു. തണലും വെള്ളവും പ്രയോജനപ്പെടാതായി. ശ്വാസം കഴിപ്പാന്‍പോലും വിഷമമായി. അങ്ങിനെയിരിക്കെ, ഒരു വലിയ കാര്‍മേഘം അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ടു. അവരെല്ലാം മൈതാനിയില്‍ അതിന്‍റെ തണലില്‍ കൂട്ടമായി ഒരുമിച്ചുകൂട്ടി. പെട്ടെന്ന് മേഘം അവരില്‍ ഒരു അഗ്നി വര്‍ഷം നടത്തി. അതില്‍ അവരെല്ലാം വെന്തു നശിച്ചുപോയി’ ഇതായിരുന്നു അവര്‍ക്കു മേഘത്തണലിന്‍റെ ദിവസത്തില്‍ ബാധിച്ച ശിക്ഷ (عَذَابُ يَوْمِ الظُّلَّةِ) എന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ആ ദിവസം അവരെ സംബന്ധിച്ചിടത്തോളം എത്രമേല്‍ വമ്പിച്ച ദിവസമാണെന്ന് പറയേണ്ടതില്ലല്ലോ. കഴിഞ്ഞ കഥകളുടെയെല്ലാം അവസാനത്തില്‍ അല്ലാഹു ഓര്‍മ്മിപ്പിച്ചു വന്നതുപോലെ ഇവിടെയും അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു:-

26:190
  • إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾١٩٠﴿
  • നിശ്ചയമായും അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
  • إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ أَكْثَرُهُم അവരില്‍ അധികമാളുകളും അല്ല مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍

26:191

  • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾١٩١﴿
  • നിശ്ചയമായും നിന്‍റെ റബ്ബ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ الْعَزِيزُ അവന്‍തന്നെയാണ് പ്രതാപശാലി الرَّحِيمُ കരുണാനിധി

ഈ സൂറത്തിന്‍റെ ആദ്യവചനങ്ങളില്‍ അവിശ്വാസികള്‍ക്ക്‌ നല്‍കപ്പെടുന്ന ഉല്‍ബോധനങ്ങളുടെ നേരെ അവര്‍ കൈകൊണ്ട അവഗണനയെക്കുറിച്ചും, പരിഹാസത്തെക്കുറിച്ചും പ്രസ്താവിക്കുകയുണ്ടായി. അതിനെത്തുടര്‍ന്ന് അല്ലാഹുവിന്‍റെ ഏകത്വത്തിനും, മഹത്വത്തിനുമുള്ള – പ്രകൃതിപരവും, ചരിത്രപരവുമായ – പല  ദൃഷ്ടാന്തങ്ങളും വിവരിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്ക് നല്‍കുന്ന ഈ ഉല്‍ബോധനം – അതെ അവര്‍ക്ക്  ഓതിക്കേള്‍പ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ – എങ്ങനെയുള്ളതാണ്, അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് എവിടെനിന്നു ലഭിച്ചു എന്നിത്യാദി കാര്യങ്ങളെക്കുറിച്ചാണ് ഇനിയുള്ള വചനങ്ങളില്‍ പ്രതിപാദിക്കുന്നത് ;-

വിഭാഗം – 11

26:192

  • وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَـٰلَمِينَ ﴾١٩٢﴿
  • നിശ്ചയമായും അത് [ഖുര്‍ആന്‍] ലോകരക്ഷിതാവ് അവതരിപ്പിച്ചതുതന്നെ.
  • وَإِنَّهُ നിശ്ചയമായും അതു لَتَنزِيلُ അവതരിപ്പിച്ചതു തന്നെ, ഇറക്കിക്കൊടുക്കല്‍ തന്നെ رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ, ലോകരുടെ റബ്ബിന്‍റെ

26:193

  • نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ﴾١٩٣﴿
  • (ആ) വിശ്വസ്തനായ ആത്മാവ് [ജിബ്രീല്‍] അതുംകൊണ്ട് ഇറങ്ങിയിരിക്കുകയാണ്; –
  • نَزَلَ بِهِ അതുമായി അവതരിച്ചു, അതുംകൊണ്ടു ഇറങ്ങിയിരിക്കുന്നു الرُّوحُ الْأَمِينُ വിശ്വസ്തനായ ആത്മാവ്

26:194

  • عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ﴾١٩٤﴿
  • നിന്‍റെ ഹൃദയത്തില്‍, നീ താക്കീതു നല്‍കുന്നവരുടെ കൂട്ടത്തില്‍ ആയിരിക്കുവാന്‍വേണ്ടി; –
  • عَلَىٰ قَلْبِكَ നിന്‍റെ ഹൃദയത്തില്‍ لِتَكُونَ നീ ആയിരിക്കുവാന്‍വേണ്ടി مِنَ الْمُنذِرِينَ താക്കീതു ചെയ്യുന്നവരില്‍ (പെട്ടവന്‍)

26:195

  • بِلِسَانٍ عَرَبِىٍّ مُّبِينٍ ﴾١٩٥﴿
  • സ്പഷ്ടമായ അറബിഭാഷയില്‍.
  • بِلِسَانٍ ഒരു ഭാഷയില്‍ عَرَبِيٍّ അറബിയായ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ

‘നീ ജനങ്ങള്‍ക്ക് താക്കീതു നല്‍കുന്ന മുര്‍സലുകളുടെ കൂട്ടത്തില്‍ പെട്ട ആളായിരിക്കുവാന്‍വേണ്ടി നിന്‍റെ ഹൃദയത്തില്‍ അതുമായി – വിശുദ്ധ ഖുര്‍ആനുമായി – വിശ്വസ്തനായ ആത്മാവ് ഇറങ്ങിയിരിക്കുകയാണ്. അത് ലോകരക്ഷിതാവായ അല്ലാഹു അവതരിപ്പിച്ചതു തന്നെയാകുന്നു. സ്പഷ്ടമായ അറബിഭാഷയിലാണ് അതുള്ളത്’ എന്നു സാരം. ഈ ചെറിയ നാല് ആയത്തുകളില്‍ പല പ്രധാന സംഗതികളും അടങ്ങിയിട്ടുണ്ട്. അതിന്‍റെ സംഗ്രഹം ഇങ്ങിനെ മനസ്സിലാക്കാം:-

(1). ‘അല്ലാഹു അവതരിപ്പിച്ചത് എന്ന് പറയാതെ, ലോകരക്ഷിതാവ് അവതരിപ്പിച്ചത്’ (تَنزِيلُ رَبِّ الْعَالَمِينَ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അപ്പോള്‍, സ്വാഭാവികമായും അല്ലാഹുവിന്‍റെ രക്ഷാകര്‍ത്തൃത്വത്തിന്‍കീഴില്‍ നിലകൊള്ളുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശകവും, അനുയോജ്യവുമായിരിക്കണം അത് (ഖുര്‍ആന്‍). എല്ലാവരും തങ്ങളുടെ രക്ഷിതാവിനാല്‍ അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ഥം സ്വീകരിക്കുവാന്‍ കടമപ്പെട്ടവരുമായിരിക്കും. അവരുടെ യഥാര്‍ത്ഥ നന്‍മകള്‍ എന്തൊക്കെയാണെന്നും, ഏതൊക്കെയാണെന്നും ശരിക്കും കണക്കിലെടുത്തുകൊണ്ടായിരിക്കും അത് അവതരിപ്പിച്ചിരിക്കുക. അവരുടെ നന്മക്കും, ഗുണത്തിനും അതിനെക്കാള്‍ ഉതകുന്ന മറ്റൊരു പ്രമാണം ഉണ്ടായിരിക്കുകയില്ല.

(2).’ലോകരക്ഷിതാവ് അവതരിപ്പിച്ചതുതന്നെ’ (وَإِنَّهُ لَتَنزِيلُ الخ) എന്ന് ഊന്നിപ്പറഞ്ഞതും അര്‍ത്ഥവത്താകുന്നു. അത് (ഖുര്‍ആന്‍) മുഹമ്മദ്‌ (صلى الله عليه وسلم‏) നബി സ്വന്തം നിലക്ക് പറഞ്ഞതല്ല, മറ്റു വല്ല മനുഷ്യരില്‍നിന്നോ, ജിന്ന്, മലക്ക്, മുതലായവരില്‍നിന്നോ രൂപംകൊണ്ടതുമല്ല. അല്ലാഹുതന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നബി (صلى الله عليه وسلم‏)ക്ക് എത്തിച്ചുകൊടുത്തത് ജിബ്രീല്‍ (عليه السلام) ആയതുകൊണ്ട് അത് അല്ലാഹുവില്‍ നിന്നല്ലാതെയാകുന്നുമില്ല. അല്ലാഹു അദ്ദേഹം മുഖേന അത് എത്തിച്ചുകൊടുത്തുവെന്നു മാത്രമേയുള്ളു. എന്നൊക്കെ ഈ പ്രയോഗത്തില്‍ സൂചനകളുണ്ട്.

(3). സൂറത്തു- ശൂറാ : (الشورى) -51ല്‍ വരുന്നതുപോലെ, അല്ലാഹുവില്‍നിന്നു പ്രവാചകന്‍മാര്‍ക്ക്, ദിവ്യസന്ദേശങ്ങള്‍ ലഭിക്കുന്നത് ഒന്നിലധികം പ്രകാരത്തില്‍ ആകാവുന്നതാണ്. അവയില്‍ ഒന്ന് ഒരു മലക്കിനെ ദൂതനായി അയച്ച് അദ്ദേഹം മുഖാന്തരം സന്ദേശമെത്തിക്കുക എന്നുള്ളതാകുന്നു. ഇപ്രകാരമാണ് ഖുര്‍ആന്‍റെ അവതരണം നടന്നിട്ടുള്ളത്. ‘അതുംകൊണ്ട് വിശ്വസ്തനായ ആത്മാവ് ഇറങ്ങിയിരിക്കുകയാണ്’ (نَزَلَ بِهِ الرُّوحُ الْأَمِينُ) എന്ന് പറഞ്ഞത് ഇതിനെക്കുറിച്ചാകുന്നു. ‘വിശ്വസ്തനായ ആത്മാവ്’ കൊണ്ടുദ്ദേശ്യം ജിബ്രീല്‍ (عليه السلام) തന്നെ. ജിബ്രീല്‍ തങ്ങളുടെ ശത്രുവാണെന്നും മറ്റും ജൂതന്‍മാര്‍ പറഞ്ഞുവന്നതിനെക്കുറിച്ചുള്ള ഒരു പ്രസ്താവനയില്‍ അല്ലാഹു ഇങ്ങിനെ പറയുന്നു. ‘ആരെങ്കിലും ജിബ്രീലിന് ശത്രുവാണെങ്കില്‍ (ആയിക്കൊള്ളട്ടെ) എന്നാല്‍, അദ്ദേഹം നിന്‍റെ ഹൃദയത്തില്‍ അല്ലാഹുവിന്‍റെ ഉത്തരവുപ്രകാരം അത് അവതരിപ്പിച്ചിരിക്കുകയാണ്’

(قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّـهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ :سورة البقرة: ٩٧)

ജിബ്‌രീല്‍ (عليه السلام) നെ ഉദ്ദേശിച്ച് ‘അല്‍-റൂഹുല്‍ അമീന്‍’ എന്നാണല്ലോ ഇവിടെ പറഞ്ഞത്. ചിലപ്പോള്‍ ‘അല്‍-റൂഹ്’ (الرُّوحُ = ആത്മാവ്) എന്നും ചിലപ്പോള്‍ ‘റൂഹുല്‍ ഖുദുസ്സ്’ (رُوحِ الْقُدُس = പരിശുദ്ധാത്മാവ്) എന്നും പറയാറുണ്ട്‌. അല്ലാഹുവില്‍നിന്ന് നബിമാര്‍ക്ക് വഹ്‌യുകള്‍ (ദിവ്യസന്ദേശങ്ങള്‍) എത്തിച്ചുകൊടുക്കുന്ന മഹാദൂതനാണ്‌ (النّامُوسَ الأَكْبَرَ) അദ്ദേഹം, അഭൗതിക സൃഷ്ടികളായ ആത്മീയജീവികളത്രെ മലക്കുകള്‍. അതുകൊണ്ട് ആത്മാവ് എന്നര്‍ത്ഥമുള്ള ‘റൂഹ്’ എന്ന പ്രയോഗം ഇവിടെ സ്പഷ്ടമാണ്. ഒരു പ്രത്യേക ആളെ ഉദ്ദേശിക്കുന്നതിനെയാണ് ‘അല്‍’ (ال) എന്ന അവ്യയം കുറിക്കുന്നത്. ആ പ്രത്യേക ആത്മാവത്രെ ജിബ്‌രീല്‍ (عليه السلام).

(4). ജിബ്‌രീല്‍ (عليه السلام)നെ വിശ്വസ്തന്‍ (الْأَمِينُ) എന്ന് വിശേഷിപ്പിച്ചതിലും രഹസ്യമുണ്ട്. യാതൊരു കൃത്രിമമോ, മാറ്റത്തിരുത്തമോ അദ്ദേഹത്തില്‍നിന്നു സംഭവിക്കുകയില്ല. അല്ലാഹു ഏല്‍പിച്ച അതേപ്രകാരംതന്നെ സൂക്ഷ്മമായും കൃത്യമായും അദ്ദേഹം തന്‍റെ ദൗത്യം നിര്‍വ്വഹിക്കുന്നതാണ്, എന്ന് താല്‍പര്യം. അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരമല്ലാതെ അത് സംഭവിക്കുകയില്ലെന്ന് മേലുദ്ധരിച്ച ആയത്തിലും പ്രസ്താവിച്ചുവല്ലോ.

(5). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഹൃദയത്തിലാണ് ഖുര്‍ആന്‍ അവതരിക്കുന്നതെന്ന് ഇവിടെയും, സൂ : അല്‍ബഖറഃയിലെ ആയത്തിലും അല്ലാഹു വ്യക്തമാക്കുന്നു. കാര്യങ്ങള്‍ ഗ്രഹിക്കുവാനും, സ്മരിക്കുവാനുമുള്ള ആ ആന്തരികശക്തിയാണിവിടെ ഹൃദയം (قلب) കൊണ്ടുദ്ദേശ്യം. അഥവാ ഹൃദയമെന്നു പറയപ്പെടുന്ന ശാരീരികമായ അംശമോ, അവയവമോ അല്ല ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ജിബ്രീല്‍ (عليه السلام) ആ വചനങ്ങള്‍ ഓതിക്കൊടുക്കുന്നു, തിരുമേനി(صلى الله عليه وسلم‏)ക്ക് അത് ഹൃദിസ്ഥമാവുകയും ചെയ്യുന്നു. പിന്നീടത് മറന്നുപോകുന്നതുമല്ല. سَنُقْرِئُكَ فَلَا تَنسَىٰ : سورة الأعلى :٦ (നിനക്ക് നാം ഓതിത്തരും; എന്നിട്ട് നീ മറക്കുകയില്ല.)

ഖുര്‍ആനാകുന്ന ദിവ്യവചനങ്ങളുടെ സാരാംശമോ, അര്‍ത്ഥമോ അല്ല – അക്ഷരങ്ങള്‍ സഹിതമുള്ള വചനങ്ങള്‍ തന്നെയാണ് – നബി (صلى الله عليه وسلم‏)ക്ക് മലക്ക് എത്തിച്ചുകൊടുക്കുന്നത്. അതുകൊണ്ടാണ് ഖുര്‍ആന്ന് അല്ലാഹുവിന്‍റെ വചനം (كلام الله) എന്ന് പറയുന്നത്. ‘നാം നിനക്ക് അത് പാരായണം ചെയ്തുതരുന്നു’ (نَتْلُوهَا عَلَيْكَ : سورة الجاثية) എന്നും, നാം അത് ഓതിത്തരുമ്പോള്‍ ആ ഓതിത്തരുന്നതിനെ പിന്‍പറ്റികൊള്ളുക’ (فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ : سورة القيامة) എന്നും മറ്റു അല്ലാഹു ഖുര്‍ആനെപ്പറ്റി പ്രസ്താവിക്കുന്നതില്‍ നിന്നും ഇത് മനസ്സിലാക്കാം. ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഒരാള്‍, അവിടുത്തേക്ക്‌ ‘വഹ്‌യു’ വരുന്നത് എങ്ങിനെയാണെന്ന് ചോദിക്കയുണ്ടായി. അപ്പോള്‍ അവിടുന്ന് ഇങ്ങിനെ മറുപടി പറഞ്ഞു:-

” أَحْيَانًا يَأْتِينِي مِثْلَ صَلْصَلَةِ الْجَرَسِ ، وَهُوَ أَشَدُّهُ عَلَيَّ فَيُفْصَمُ عَنِّي ، وَقَدْ وَعَيْتُ عَنْهُ مَا قَالَ ، وَأَحْيَانًا يَتَمَثَّلُ لِي الْمَلَكُ رَجُلًا فَيُكَلِّمُنِي فَأَعِي مَا يَقُولُ “: متفق عليه

സാരം: ചിലപ്പോള്‍ മണി അടിക്കുന്നതിന്‍റെ ചലചല ശബ്ദം പോലെയാണത് എനിക്ക് വരുന്നത്. അതാണ്‌, എനിക്ക് കൂടുതല്‍ പ്രയാസകരമായിട്ടുള്ളത്‌. അങ്ങനെ, അത് തീരുമ്പോഴേക്കും മലക്കു പറയുന്നത് എനിക്ക് പാഠമായിട്ടുണ്ടായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍, മലക്ക് മനുഷ്യരൂപത്തില്‍ എനിക്ക് പ്രത്യക്ഷപ്പെടും. അപ്പോള്‍ അദ്ദേഹം പറയുന്നത് എനിക്ക് പാഠമാകുന്നു…… (ബു; മു). വഹ്-യിന്‍റെ ഇനങ്ങളെ സംബന്ധിച്ചും മറ്റും സൂ: ശൂറാ 51-ല്‍ വെച്ച് കൂടുതല്‍ വിവരം നമുക്ക് ലഭിക്കുന്നതാണ്. إن شاء الله

(6).’സ്പഷ്ടമായ അറബി ഭാഷയിലാണ്’ (بِلِسَانٍ عَرَبِيٍّ مُّبِينٍ) എന്നു പറഞ്ഞുവല്ലോ. ഖുര്‍ആന്‍ അറബിഭാഷയിലാകുവാനുള്ള കാരണം, അറബിഭാഷയില്‍ തന്നെയുള്ള അവാന്തര വിഭാഗങ്ങളും, പ്രാദേശിക വ്യത്യാസങ്ങളും നോക്കുമ്പോള്‍ ഖുര്‍ആന്‍ അംഗീകരിച്ചിട്ടുള്ള ഭാഷാശൈലിയുടെ സവിശേഷത, അറബിഭാഷാ സാഹിത്യത്തില്‍ അതിനുള്ള പ്രത്യേകത മുതലായതിനെപ്പറ്റി മുഖവുര, അദ്ധ്യായം IV -ലും, സൂ: ത്വാഹാ 113-ന്‍റെ വിവരണത്തിലും മറ്റും നാം വിവരിച്ചിട്ടുള്ളത് ഇവിടെ സ്മരിക്കുക. ‘സ്പഷ്ടമായ ഭാഷ’ (لِسَانٍ مُّبِينٍ) എന്ന് ഖുറൈശികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷാശൈലിയെ ഉദ്ദേശിച്ചു പറയപ്പെടാറുണ്ടെന്നും, ഖുര്‍ആന്‍റെ ഭാഷ ഖുറൈശികളുടെ ഭാഷാരീതിയോട് കൂടുതല്‍ അടുപ്പമുണ്ടെന്നും മുഖവുരയില്‍ നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതായാലും, എല്ലാ ഭാഷകളുമെന്നപോലെ അറബിഭാഷയും കാലാന്തരത്തില്‍ – ഭാഷണരീതി, രചനാശൈലി, സാഹിത്യപ്രയോഗം ആദിയായവയില്‍ – പല മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാകുന്നു. എന്നാല്‍, ഖുര്‍ആന്‍റെ ഭാഷാശൈലിയാകട്ടെ – അന്നും, ഇന്നും – പുതുമയോടും, നവചൈതന്യത്തോടും കൂടി അതേ സ്പഷ്ടമായ രൂപത്തില്‍ തന്നെ അവശേഷിക്കുന്നു. എന്നും അങ്ങിനെത്തന്നെ നിലനില്‍ക്കുകയും ചെയ്യും.

26:196
  • وَإِنَّهُۥ لَفِى زُبُرِ ٱلْأَوَّلِينَ ﴾١٩٦﴿
  • നിശ്ചയമായും അത് [ഖുര്‍ആന്‍] മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുമുണ്ട്.
  • وَإِنَّهُ നിശ്ചയമായും അതു لَفِي زُبُرِ ഗ്രന്ഥങ്ങളിലുണ്ടു, ഏടുകളില്‍ തന്നെയുണ്ടു الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ, മുന്‍ഗാമികളുടെ

26:197

  • أَوَلَمْ يَكُن لَّهُمْ ءَايَةً أَن يَعْلَمَهُۥ عُلَمَـٰٓؤُا۟ بَنِىٓ إِسْرَٰٓءِيلَ ﴾١٩٧﴿
  • ഇസ്രാഈല്‍ സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് അതറിയാമെന്നുള്ളത് ഇവര്‍ക്ക് [ഈ അവിശ്വാസികള്‍ക്ക്‌] ഒരു ലക്ഷ്യമാകുന്നില്ലയോ?!
  • أَوَلَمْ يَكُن ആകുന്നില്ലയോ, അല്ലേ لَّهُمْ അവര്‍ക്കു آيَةً ഒരു ലക്ഷ്യം, ദൃഷ്ടാന്തം أَن يَعْلَمَهُ അതിനെ അറിയുമെന്നതു, അദ്ദേഹത്തെ (നബിയെ) അറിയുമെന്നുള്ളതു عُلَمَاءُ പണ്ഡിതന്‍മാര്‍, അറിവുള്ളവര്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളിലെ, ഇസ്രാഈല്യരുടെ

അത്, അഥവാ ഖുര്‍ആന്‍ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുണ്ട് എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, അതിന്‍റെ മൂലസിദ്ധാന്തങ്ങളും, പ്രധാന തത്വങ്ങളും മുന്‍കഴിഞ്ഞ വേദഗ്രന്ഥങ്ങളിലും ഉണ്ടെന്നും, ആകയാല്‍ ഖുര്‍ആന്‍ പുത്തനായ ഒരു സിദ്ധാന്തം കൊണ്ടുവന്നിരിക്കുകയല്ലെന്നുമാകുന്നു. ഖുര്‍ആനെക്കുറിച്ചും, അതിന്‍റെ മഹത്വത്തെക്കുറിച്ചും ആ ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും ഇവിടെ ഉദ്ദേശ്യമായിരിക്കാവുന്നതാണ്. ഈ രണ്ടു വിധത്തിലും ഈ വചനം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. രണ്ടും വാസ്തവമാണുതാനും. പൂര്‍വ്വഗ്രന്ഥങ്ങള്‍ അവയുടെ സാക്ഷാല്‍ രൂപത്തില്‍ ഇന്ന് നിലവിലില്ല. യാതൊരു തരത്തിലുള്ള മാറ്റത്തിനോ, കൈകടത്തലിനോ വിധേയമാകാത്ത ഭാഗമേതെങ്കിലും അവയില്‍ ശേഷിപ്പുണ്ടോ എന്നുപോലും തീര്‍ത്തുപറയുവാന്‍ സാധ്യമല്ല. നബി (صلى الله عليه وسلم‏) യെയും, ഖുര്‍ആനെയും സംബന്ധിക്കുന്ന വശങ്ങളില്‍ പ്രത്യേകിച്ചും കൈകടത്തപ്പെട്ടിരിക്കുകയാണെന്നതും സ്മരണീയമാണ്. എന്നിട്ടുപോലും മേല്‍പറഞ്ഞ രണ്ട് സംഗതികള്‍ക്കും – ഖുര്‍ആന്‍റെ പ്രധാന സിദ്ധാന്തങ്ങളും, തത്വങ്ങളും അവയില്‍ അടങ്ങിയിട്ടുണ്ടെന്നും, ഖുര്‍ആനെയും ഖുര്‍ആന്‍റെ മഹത്വത്തെയും സംബന്ധിച്ച് അതില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതിനും – ആ ഗ്രന്ഥങ്ങളില്‍ അങ്ങിങ്ങായി പല തെളിവുകളും ഇന്നും അവശേഷിക്കുന്നുണ്ടുതാനും.

ബൈബിളില്‍ ‘പഴയ നിയമം’ എന്ന പേരില്‍ അറിയപ്പെടുന്ന പൂര്‍വ്വവിഭാഗങ്ങളിലാണ് താരതമ്യേന കൂടുതല്‍ തെളിവ് കാണുക. മൂസാ (عليه السلام) നബിയുടെയും, ഈസാ (عليه السلام) നബിക്ക് മുമ്പുള്ള പല നബിമാരുടെയും വേദഗ്രന്ഥങ്ങളെന്ന നിലക്കാണ് ഈ വിഭാഗം പൊതുവില്‍ വേദക്കാര്‍ കരുതിവന്നത്. ‘പുതിയ നിയമം’ എന്ന പേരില്‍ അറിയപ്പെടുന്ന അവസാനത്തെ ഭാഗം ഈസാ (عليه السلام) നബിയുടെശേഷം അദ്ദേഹത്തിന് ദിവ്യത്വം കല്‍പിച്ചുകൊണ്ടുള്ള ഒരടിസ്ഥാനത്തില്‍ വിരചിതമായിട്ടാണ് കാണപ്പെടുന്നത്. ഇന്ന് ‘ഇഞ്ചീലുകള്‍’ (الإنجيل) അഥവാ സുവിശേഷ പുസ്തകങ്ങള്‍ എന്ന് പറയപ്പെടുന്ന ഓരോന്നും തന്നെ, അദ്ദേഹത്തിനുശേഷം ഓരോരുത്തരുടെ കൈക്ക് വിരചിതമായതാണെന്നുള്ളതില്‍ സംശയമില്ല. അതേ സമയത്ത് ‘പുതിയ നിയമത്തിലെ പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ അവ കേവലം ചില ‘ഇഞ്ചീലു’കളും (സുവിശേഷങ്ങളും), ക്രൈസ്തവ സിദ്ധാന്തങ്ങളുമല്ലാതെ, ന്യായപ്രമാണങ്ങളോ, നിയമസംഹിതയോ അല്ലെന്നതും ഒരു വസ്തുതയത്രെ. ‘പഴയനിയമ’ത്തില്‍ എത്രതന്നെ മാറ്റത്തിരുത്തങ്ങള്‍ വന്നുപോയിട്ടുണ്ടെങ്കില്‍കൂടി – അവ പരിശോധിക്കുന്നപക്ഷം – അതില്‍ ന്യായപ്രമാണവും, നിയമസംഹിതയും അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. ഒരു സമുദായത്തിന്‍റെ വിജയത്തിനാവശ്യമായ ധാര്‍മ്മിക നിയമ സമൂഹമായിരുന്നു അത് എന്ന ഒരു പ്രതീതി അതില്‍നിന്ന് അനുഭവപ്പെടും. ഇതെല്ലാം ഇവിടെ വിവരിക്കേണ്ടുന്ന ആവശ്യമില്ല. ചുരുക്കത്തില്‍, മേല്‍ചൂണ്ടിക്കാട്ടിയ കാരണങ്ങളാല്‍, പഴയ നിയമത്തെ അപേക്ഷിച്ച് പുതിയ നിയമത്തില്‍ ഖുര്‍ആനെക്കുറിച്ചോ, നബി (صلى الله عليه وسلم) യെക്കുറിച്ചോ വളരെ കുറഞ്ഞ സ്പര്‍ഷനമേ കണ്ടെത്തുവാന്‍ കഴിയുകയുള്ളുവെന്നത് സ്വാഭാവികമാണ്.

ഇന്നത്തെ ബൈബിളിന്‍റെ സ്ഥിതി എന്തായിരുന്നാലും ശരി, തൗറാത്തിലും, ഇഞ്ചീലിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല. സൂ: അഅ്റാഫില്‍ അല്ലാഹു പറയുന്നു:

الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ الخ – سورة الأعراف : ١٥٧

(…. തങ്ങളുടെ പക്കല്‍ തൗറാത്തിലും, ഇഞ്ചീലിലും എഴുതി രേഖപ്പെടുത്തപ്പെട്ടതായി അവര്‍ കാണുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ റസൂലിനെ പിന്‍പറ്റുന്നവര്‍…….)

നബി (صلى الله عليه وسلم‏)ക്ക് ദിവ്യദൗത്യം (الرسالة) ലഭിക്കുന്നതിനുമുമ്പ് വേദക്കാര്‍ക്ക് പൊതുവിലും, യഹൂദര്‍ക്ക് പ്രത്യേകിച്ചും വരുവാനിരിക്കുന്ന ഒരു പ്രവാചകന്‍റെ ലക്ഷണങ്ങള്‍ സുപരിചിതമായിരുന്നു. അവരുടെ വേദപ്രമാണങ്ങളില്‍നിന്ന് അറിവായ ആ അടയാളങ്ങള്‍ സാക്ഷാല്‍കൃതമായിക്കാണുന്ന ഒരു അന്ത്യപ്രവാചകനെ അവര്‍ അക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവര്‍ക്കറിയാവുന്ന അക്കാര്യം യഥാര്‍ത്ഥത്തില്‍ പുലര്‍ന്നുവന്നപ്പോള്‍ അവര്‍ അത് നിഷേധിക്കുകയാണുണ്ടായത്.

فَلَمَّا جَآءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦ – سورة البقرة ٨٩

പ്രസ്തുത അടയാളങ്ങള്‍ കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ തന്നെ വേദക്കാരായ കുറെ ആളുകള്‍ നബി (صلى الله عليه وسلم‏) യില്‍ വിശ്വസിക്കുകയുണ്ടായിട്ടുള്ളതും ചരിത്രപ്രസിദ്ധമാകുന്നു. അവരില്‍ പണ്ഡിതന്‍മാരായിരുന്ന അബ്ദുല്ലാഹിബ്നുസലാം (رضي الله عنه), സല്‍മാനുല്‍ ഫാരിസീ (رضي الله عنه) എന്നീ പേരുകള്‍ അക്കൂട്ടത്തില്‍ പ്രത്യേകം പ്രസ്താവ്യമാണ്.

വേദക്കാരല്ലാതിരുന്ന അറബികളെ സംബന്ധിച്ച് പറയുകയാണെങ്കില്‍, അവര്‍ക്ക് വേദഗ്രന്ഥങ്ങള്‍ പരിചിതമല്ലെങ്കിലും വേദക്കാര്‍ മുഖേന ലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തില്‍ അവരും അതിനെക്കുറിച്ച് അജ്ഞരായിരുന്നില്ല. അതുകൊണ്ടാണ്, ഇസ്രാഈല്‍ പണ്ഡിതന്‍മാര്‍ക്ക് അറിയുമെന്ന വസ്തുത അവര്‍ക്കൊരു ലക്ഷ്യമല്ലയോ എന്ന് അല്ലാഹു ചോദിച്ചത്. നബി (صلى الله عليه وسلم‏) തിരുമേനി ഇസ്രാഈല്‍ വര്‍ഗ്ഗത്തില്‍പെട്ട ആളല്ലാതിരുന്നതാണ് വേദക്കാര്‍ നബി (صلى الله عليه وسلم‏) യില്‍ വിശ്വസിക്കാതിരിക്കാന്‍ പ്രധാന കാരണം. എന്നാല്‍, ഇസ്മാഈല്‍ വര്‍ഗ്ഗക്കാരായ അറബികള്‍ ഈ ഒരൊറ്റ ലക്ഷ്യത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രം നബി (صلى الله عليه وسلم‏) യില്‍ വിശ്വസിക്കുവാന്‍ അവകാശപ്പെട്ടവരായിരുന്നു. പക്ഷേ, തങ്ങളുടെ വിഗ്രഹാരാധന മുതലായ അനാചാരങ്ങളെ തിരുമേനി (صلى الله عليه وسلم‏) ശരിവെക്കാതിരുന്നുതു നിമിത്തം അവരും നബി (صلى الله عليه وسلم‏) യെ എതിര്‍ത്തുകളഞ്ഞു.

197-ാം വചനത്തിലെ يَعْلَمَهُ എന്ന വാക്കിനാണ് ‘അതറിയും’ എന്ന് നാം അര്‍ത്ഥം കല്‍പിച്ചത്. ‘അത്’ എന്ന സര്‍വ്വനാമംകൊണ്ടുദ്ദേശ്യം ഖുര്‍ആനാണെന്നും, നബി (صلى الله عليه وسلم‏) യാണെന്നും വരാവുന്നതാണ്. നബി (صلى الله عليه وسلم‏) യാണെന്നു വെക്കുമ്പോള്‍ ‘അദ്ദേഹത്തെ അറിയും’ എന്നാണര്‍ത്ഥം കൊടുക്കേണ്ടത്. ഉദ്ദേശ്യം ഈ രണ്ടില്‍ ഏതായാലും സാരത്തില്‍ രണ്ടും ഒന്നുതന്നെ. കാരണം, നബി (صلى الله عليه وسلم‏) യും ഖുര്‍ആനും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നതും, ഒന്നിന്‍റെ നിഷേധവും, സ്വീകരണവും മറ്റേതിനും ബാധകമാകുന്നതുമാണല്ലോ. ഖുര്‍ആന്‍റെ സത്യതക്കുള്ള തെളിവും നബി (صلى الله عليه وسلم‏) യുടെ സത്യതക്കുള്ള തെളിവും ഒന്നുതന്നെ.

ഖുര്‍ആന്‍റെ വ്യക്തമായ സിദ്ധാന്തങ്ങള്‍ക്കും, പ്രസ്താവനകള്‍ക്കും എതിരായി ബൈബിളില്‍ പലതും കാണാം. അതുമായി യോജിക്കുന്ന (വിഗ്രഹാരാധന തുടങ്ങിയ തുറകളില്‍) ചില വശങ്ങളും അതിലുണ്ട്. അതുകൊണ്ടാണ് ‘വേദക്കാര്‍ പറയുന്നത് നിങ്ങള്‍ സത്യമാക്കുകയും അസത്യമാക്കുകയും ചെയ്യരുത്’ – (لا تُصَدِّقُوا أَهْلَ الْكِتَابِ وَلا تُكَذِّبُوهُمْ كما في البخاري) എന്ന് നബി (صلى الله عليه وسلم‏) പറഞ്ഞത്. തക്കതായ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ സത്യമാണെന്നു കാണുന്നതിനെ സത്യമായി സ്വീകരിക്കുകയും, അതേ അടിസ്ഥാനത്തില്‍ തെറ്റായി കാണുന്നതിനെ തള്ളിക്കളയുകയും ചെയ്യേണ്ടതുണ്ടെന്നും, രണ്ടും തീര്‍ച്ചപ്പെടുത്തുവാന്‍ തെളിവില്ലാത്ത വിഷയങ്ങളെ സംബന്ധിച്ചാണ് നബി (صلى الله عليه وسلم‏) ഇത് പ്രസ്താവിച്ചിട്ടുള്ളതെന്നും നാം മുഖവുരയില്‍ വിവരിച്ചിരിക്കുന്നു. എനി, നിലവിലുള്ള ബൈബിളില്‍ തന്നെ, ഖുര്‍ആന്‍റെയും, നബി (صلى الله عليه وسلم‏)യുടെയും സത്യതക്ക് തെളിവു നല്‍കുന്ന ചില പ്രസ്താവനകള്‍ ഉദാഹരണാ൪ത്ഥം നമുക്കിവിടെ പരിശോധിച്ചുനോക്കാം:-

1). ആവര്‍ത്തനപുസ്തകത്തില്‍ മൂസാ (عليه السلام) നബിയോടായി യഹോവ (ദൈവം) ഇങ്ങിനെ പറയുന്നു: ‘നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് (ഇസ്രാഈല്യര്‍ക്ക്‌‌) അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നും എഴുന്നേല്‍പ്പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്‍മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നത്‌ ഒക്കെയും അവന്‍ അവരോട് പറയും. അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോട് ഞാന്‍ ചോദിക്കും. എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ അവനോട് കല്പിക്കാത്ത വചനം എന്‍റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്‌താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കണം. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തില്‍ പറഞ്ഞാല്‍, ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കുകയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകന്‍ അത് സ്വയംകൃതമായി സംസാരിച്ചതത്രെ; അവനെ പേടിക്കരുത്.’ (ആവര്‍ത്തനം: 18-ല്‍ 18-22).

ഈ പ്രവചനം യോശുവാ (يوشع – ع) പ്രവാചകനെ സംബന്ധിച്ചാണെന്ന് വേദക്കാര്‍ ദുര്‍വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍, അതേ, പുസ്തകത്തിന്‍റെ അവസാനഭാഗങ്ങളില്‍ മൂസാ (عليه السلام) നബിയുടെ മരണവാര്‍ത്ത വിവരിച്ചതിനെത്തുടര്‍ന്ന് ഇങ്ങിനെ പറഞ്ഞുംകൊണ്ടാണ് അത് അവസാനിക്കുന്നത്: ‘…. മോശെ പ്രവര്‍ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാല്‍ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല’. ഈ വാക്യങ്ങള്‍ മൂസാ (عليه السلام) ക്കുശേഷം ആരോ എഴുതിച്ചേര്‍ത്തതാണെന്ന് സ്പഷ്ടമാണ്. അദ്ദേഹം മരണമടഞ്ഞ ഉടനെത്തന്നെ ആയിരിക്കാനും തരമില്ല; കുറേകാലം ചെന്നശേഷമായിരിക്കണം അതെഴുതപ്പെട്ടത്‌. എങ്ങിനെ നോക്കിയാലും, കേവലം മൂസാ (عليه السلام) നബിയുടെ വാലിയക്കാരനും, അദ്ദേഹത്തിന്‍റെ കാലശേഷം അദ്ദേഹത്തിന്‍റെ പിന്‍ഗാമിയും, പ്രതിനിധിയുമായിരുന്ന യോശുവാ പ്രവാചകനായിരുന്നു മേല്‍കണ്ട പ്രവചനംകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് സങ്കല്‍പിക്കുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. യോശുവാ പ്രവാചകനാകട്ടെ, ഒരു വേദഗ്രന്ഥമോ, ഒരു പുതിയ നിയമവ്യവസ്ഥയോ കൊണ്ടുവന്നിട്ടുമില്ല. മൂസാ (عليه السلام) നബിയുടെ പിന്‍ഗാമി എന്ന നിലയില്‍, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ (ഇസ്രാഈല്യരെ ഫലസ്തീനില്‍ കുടിയിരുത്തുക മുതലായവ) പൂര്‍ത്തീകരിക്കുക മാത്രമായിരുന്നു നിര്‍വ്വഹിച്ചതും.

ഇസ്രാഈല്യര്‍ക്ക് മൂസാ (عليه السلام) മുഖാന്തരം നല്‍കപ്പെട്ട ഈ പ്രവചനത്തില്‍ ‘അവരുടെ സഹോദരന്‍മാരുടെ’ ഇടയില്‍ നിന്ന് ഒരു പ്രവാചകനെ എഴുന്നേല്‍പിക്കുമെന്നാണല്ലോ പറഞ്ഞത്. അതിന്‍റെ ഉദ്ദേശ്യം ഇസ്രാഈല്‍ വര്‍ഗ്ഗത്തിന്‍റെ സഹോദരവര്‍ഗ്ഗമായ ഇസ്മാഈല്‍ വര്‍ഗ്ഗത്തില്‍നിന്നായിരിക്കും അതെന്ന് വ്യക്തമാണ്. അതായതു: അറബികളില്‍ നിന്നുതന്നെ. യോശുവാ പ്രവാചകനാകട്ടെ, ഇസ്മാഈലീ വര്‍ഗ്ഗക്കാരനോ അറബിയോ അല്ല. ഈ പ്രവചനം ‘നിവൃത്തിയാകുന്നത്’ യേശുക്രിസ്തുവിനെക്കൊണ്ടാണെന്നാണ് മറ്റൊരു വാദം. അദ്ദേഹവും ഇസ്രാഈല്‍ വര്‍ഗ്ഗത്തില്‍ ജനിച്ച ആളാണ്‌ – ഇസ്മാഈലിയല്ല. അതിനും പുറമെ, യോഹന്നാന്‍ എഴുതിയ സുവിശേഷം (ഇഞ്ചീല്‍) ഈ വാദത്തെ നിഷേധിക്കുന്നതായും കാണാം. അതില്‍ പറയുന്നു:-

‘നീ ആര്‍ എന്ന് യോഹന്നാനോട് ചോദിക്കേണ്ടതിന് യെഹുദന്‍മാര്‍ യെരുശലേമില്‍ നിന്ന് പുരോഹിതന്‍മാരെയും ലേവ്യരെയും അവന്‍റെ അടുക്കല്‍ അയച്ചപ്പോള്‍, അവന്‍റെ സാക്ഷ്യം എന്തെന്നാല്‍: അവന്‍ മറുക്കാതെ പറഞ്ഞു: ഞാന്‍ ക്രിസ്തു അല്ല എന്ന് ഏറ്റു പറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ? എന്ന് അവരോട് ചോദിച്ചതിന് അല്ല എന്ന് പറഞ്ഞു. നീ ആ പ്രവാചകനാണോ? എന്നതിന് അല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു. അവര്‍ അവനോട് : നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കുറിച്ചുതന്നേ എന്തുപറയുന്നു? എന്ന് ചോദിച്ചു. അതിനു അവന്‍: യെശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ കര്‍ത്താവിന്‍റെ വഴി നേരെ ആക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു…..’ (യോഹന്നാന്‍ 1-ല്‍ 19-24).

അവര്‍ അക്കാലത്ത് ഒരു ക്രിസ്തുവിനെയും, ഒരു ഏലിയാവിനെയും, ഒരു പ്രവാചകനെയും പ്രതീക്ഷിച്ചു വരുന്നുണ്ടായിരുന്നുവെന്ന് ഇതില്‍നിന്നു മനസ്സിലായല്ലോ. ആ പ്രവാചകനാകട്ടെ, ക്രിസ്തുവോ, യോഹന്നാനോ (യഹ്-യാനബിയോ) അല്ലാതെ മറ്റൊരാളായിരിക്കണമെന്നും, തീര്‍ച്ചയാണ്. എന്നാല്‍ യെശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ, ‘കര്‍ത്താവിന്‍റെ വഴി നേരെ ആക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍ ആരായിരിക്കും? യെശയ്യാ പ്രവാചകന്‍റെ ഈ പ്രവചനം. യെശയ്യാ പുസ്തകം 60ഉം 61ഉം അദ്ധ്യായങ്ങളില്‍ സുദീര്‍ഘമായി വര്‍ണ്ണിച്ചു കാണാം. അതിന്‍റെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുമ്പോഴും, മോശെ (മൂസാ നബി) യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ചു പറഞ്ഞിട്ടുള്ള ചില വാക്യങ്ങള്‍ നോക്കുമ്പോഴും ആ ‘മരുഭൂമിയില്‍ വിളിച്ചു പറയുന്ന’ പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫാ തിരുമേനി (صلى الله عليه وسلم‏) അല്ലാതെ മറ്റാരുമായിരിക്കയില്ല. ആവര്‍ത്തന പുസ്തകത്തിലെ ആ വാക്യങ്ങള്‍ ഇപ്രകാരമാകുന്നു:-

‘യഹോവ സീനായില്‍ നിന്നുവന്നു അവര്‍ക്ക് സേയീരില്‍ നിന്ന് ഉദിച്ചു, പാറാന്‍ പര്‍വ്വതത്തില്‍ നിന്ന് വിളങ്ങി, ലക്ഷോപിലക്ഷം വിശുദ്ധന്‍മാരുടെ അടുക്കല്‍ നിന്നു വന്നു, …. (ആവര്‍ത്തന പുസ്തകം: 33-ല്‍

2). ഇവിടെ സീനായിലെ (طور سيناء) വരവ് മൂസാ നബിയും, സേയീരിലെ (جبل ساعير) ഉദയം ഈസാ നബി (عليه الصلاة والسلام) യെയും, പാറാനിലെ (جبل فاران) വിളങ്ങല്‍ മുഹമ്മദ് നബി (صلى الله عليه وسلم‏) യെയും കുറിക്കുന്നു. ആവര്‍ത്തന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയ മരുഭൂമി, അറേബ്യന്‍ മരുഭൂമിയെയും സൂചിപ്പിക്കുന്നു. മേല്‍പ്പറഞ്ഞ ഓരോ മലയും സ്ഥിതി ചെയ്യുന്ന സ്ഥാനം കൊണ്ടുതന്നെ ഇതു മനസ്സിലാക്കാം.(*).


(*). പടം 3,5 മുതലായവ നോക്കുക.

26:198
  • وَلَوْ نَزَّلْنَـٰهُ عَلَىٰ بَعْضِ ٱلْأَعْجَمِينَ ﴾١٩٨﴿
  • അനറബികളില്‍ (ഏതെങ്കിലും) ചിലരുടെമേല്‍ നാം അത് [ഖുര്‍ആന്‍] അവതരിപ്പിച്ചിരുന്നുവെങ്കില്‍, –
  • وَلَوْ نَزَّلْنَاهُ നാം അതിനെ ഇറക്കിയിരുന്നെങ്കില്‍ عَلَىٰ بَعْضِ ചിലരുടെമേല്‍ الْأَعْجَمِينَ അനറബികളില്‍ (അറബികളല്ലാത്തവരില്‍)

26:199

  • فَقَرَأَهُۥ عَلَيْهِم مَّا كَانُوا۟ بِهِۦ مُؤْمِنِينَ ﴾١٩٩﴿
  • എന്നിട്ട് അദ്ദേഹം അതവര്‍ക്ക് ഓതിക്കൊടുക്കുകയും ചെയ്‌താല്‍, അവര്‍ അതില്‍ വിശ്വസിക്കുന്നവരായിരിക്കയില്ല.
  • فَقَرَأَهُ എന്നിട്ടതു അദ്ദേഹം ഓതിക്കൊടുത്താല്‍, വായിച്ചാല്‍ عَلَيْهِم അവര്‍ക്കു, അവരില്‍ مَّا كَانُوا അവരായിരിക്കയില്ല بِهِ അതില്‍ مُؤْمِنِينَ വിശ്വസിക്കുന്നവര്‍

മുഹമ്മദ്‌ നബി (صلى الله عليه وسلم) ഒരു അറബിയാണ്, അദ്ദേഹത്തിന്‍റെ ആഗമനത്തെക്കുറിച്ച് വേദക്കാരായ പണ്ഡിതന്‍മാര്‍ക്ക് അറിയുകയും ചെയ്യാം. ആ നിലക്ക് ഇവര്‍ – മുശ്രിക്കുകളായ അറബികള്‍ – അദ്ദേഹത്തില്‍ വിശ്വസിക്കുവാന്‍ കടമപ്പെട്ടവരാകുന്നു. അവരത് ചെയ്യുന്നില്ല. എന്നിരിക്കുമ്പോള്‍, അറബിയല്ലാത്ത ഒരാളുടെ കൈക്കാണ് ഈ ഗ്രന്ഥം – സ്പഷ്ടമായ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ – അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ തീര്‍ച്ചയായും ഇവര്‍ വിശ്വസിക്കുകയില്ലല്ലോ. എനി, ഖുര്‍ആന്‍ അന്യഭാഷയിലും, റസൂല്‍ അറബിയും ആയാലത്തെ സ്ഥിതിയോ? അതും അങ്ങിനെത്തന്നെ. സൂ: ഹാമീം സജദഃയില്‍ അല്ലാഹു പ്രസ്താവിച്ചതുപോലെ, അപ്പോള്‍ അവര്‍ പറഞ്ഞേക്കും: ‘ഞങ്ങള്‍ക്ക് ഇത് വിസ്തരിച്ചു വിവരിച്ചു തരേണ്ടതല്ലേ! വേദഗ്രന്ഥം അന്യഭാഷയിലും പ്രവാചകന്‍ അറബിയും ആയിരിക്കുകയോ? ഇതെന്തു കഥയാണ്!’ എന്നൊക്കെ. (وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا – الخ : حم السجدة :٤٤). ചുരുക്കത്തില്‍ അവര്‍ വിശ്വസിക്കാതിരിക്കുവാനുള്ള കാരണം അതൊന്നുമല്ല. അത് മറ്റൊന്നാണ്. അത് അടുത്ത വചനത്തില്‍നിന്നു മനസ്സിലാക്കാം.

Leave a comment