സൂറത്തുല്‍ ഫുര്‍ഖാന്‍ : 53-67
വിഭാഗം – 4
25:53
- وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا ﴾٥٣﴿
- രണ്ട് സമുദ്രങ്ങളെ അയച്ചുവിട്ടവനും അവനത്രെ; ഇത് (ഒന്ന്) നല്ല സ്വച്ഛജലവും, അത് (മറ്റേത്) കയ്പായ ഉപ്പുജലവുമാകുന്നു. അവ രണ്ടിന്നുമിടയില്‍ ഒരു മറയും, ഭദ്രമായ ഒരു തടസ്സവും അവന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
- وَهُوَ الَّذِي അവന്‍ തന്നെയാണ്, യാതൊരുവന്‍ مَرَجَ അവന്‍ അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ هَـٰذَا ഇത് (ഒന്ന്) عَذْبٌ ശുദ്ധജലമാണ് فُرَاتٌ നല്ല ശുദ്ധമായ وَهَـٰذَا ഇത്, ഇതാകട്ടെ (മറ്റേത്) مِلْحٌ ഉപ്പാണ് أُجَاجٌ കഠിന ഉപ്പായ (കയ്പായ) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു بَيْنَهُمَا ആ രണ്ടിനുമിടയില്‍ بَرْزَخًا ഒരു മറ وَحِجْرًا തടസ്സവും, മുടക്കവും مَّحْجُورًا തടസ്സപ്പെട്ട (ഭദ്രമായ)
‘രണ്ടു സമുദ്രങ്ങള്‍’ കൊണ്ട് വിവക്ഷിക്കപ്പെടുന്നത് രണ്ടുതരം ജലസമൂഹമാകുന്നു. ഒന്ന് ശുദ്ധജലം കുടിക്കുവാനും ദാഹം തീര്‍ക്കുവാനും പറ്റിയ ആസ്വാദ്യജലം. മറ്റേത് കഠിനമായ ഉപ്പുരസം നിമിത്തം കയ്പുള്ളതും കുടിക്കുവാന്‍ കൊള്ളാത്തതുമായ ജലം. പ്രകൃത്യാ തന്നെ ഈ വിരുദ്ധസ്വഭാവങ്ങളുള്ള രണ്ട് ജലങ്ങളും ഭൂമിയില്‍ ധാരാളം കാണാം. ബാഹ്യമായ ഒരു നിയന്ത്രണവും കൂടാതെ, അവ അന്യോന്യം തൊട്ടും കൂടിച്ചേര്‍ന്നും കൊണ്ടിരിക്കുന്നു. അങ്ങിനെ എത്രയോ കാലഘട്ടങ്ങള്‍ കഴിഞ്ഞുപോയിട്ടും, ഒരു വിഭാഗം മറ്റേതിനെ കടന്നാക്രമിച്ച് പരാജയപ്പെടുത്തുകയോ, തന്നില്‍ ലയിപ്പിക്കുകയോ ചെയ്യുന്നില്ല. അഥവാ, ഉപ്പുജലം ഇല്ലാതായി പകരം ശുദ്ധജലം അതിന്റെ സ്ഥാനം കൈക്കലാക്കുകയോ, മറിച്ച് ഉപ്പുജലം അതിരുകടന്ന് ശുദ്ധജലം ഇല്ലാതാക്കുകയും ചെയ്യുന്നില്ല, ഏതോ ഒരു അദൃശ്യമഹാശക്തി അതിന് തടസ്സമായി നിലകൊള്ളുന്നു. അല്ലാഹുവിന്റെ അപാരമായ കഴിവ് (القدرة) ഒന്നുമാത്രമാണത്.
സത്യവിശ്വാസത്തിന്റെയും, അവിശ്വാസത്തിന്റെയും (الإيمان والكفر) ഇടക്കുള്ള അവസ്ഥയും ഇതുതന്നെ. ഒന്ന് മറ്റേതില്‍ ലയിക്കുന്നതല്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരമനസ്ഥിതിയാകുന്ന മറ സത്യവിശ്വാസികളില്‍ നിലനില്‍ക്കുന്ന കാലത്തോളം, സത്യവിശ്വാസമാകുന്ന ശുദ്ധജലസമുദ്രവും, അവിശ്വാസമാകുന്ന ഉപ്പുജലസമുദ്രവും തമ്മില്‍ സംയോജനം സാധ്യമല്ല. അഞ്ചാമത്തെ ദൃഷ്ടാന്തം ഇതാകുന്നു:-
25:54
- وَهُوَ ٱلَّذِى خَلَقَ مِنَ ٱلْمَآءِ بَشَرًا فَجَعَلَهُۥ نَسَبًا وَصِهْرًا ۗ وَكَانَ رَبُّكَ قَدِيرًا ﴾٥٤﴿
- അവന്‍തന്നെയാണ്, മനുഷ്യനെ ജലത്തില്‍ നിന്നു സൃഷ്ടിച്ച് അവനെ വംശബന്ധവും, വൈവാഹികബന്ധവും (ഉള്ളവന്‍) ആക്കിയിരിക്കുന്നവനും, നിന്റെ രക്ഷിതാവ് (എല്ലാ കാര്യത്തിനും) കഴിവുള്ളവനാകുന്നു.
- وَهُوَ الَّذِي അവന്‍തന്നെയാണ്, യാതൊരുവന്‍ خَلَقَ അവന്‍ സൃഷ്ടിച്ചു مِنَ الْمَاءِ ജലത്തില്‍നിന്നു, ജലത്താല്‍ بَشَرًا മനുഷ്യനെ فَجَعَلَهُ എന്നിട്ട് അവനെ ആക്കി نَسَبًا വംശബന്ധം, കുലബന്ധം وَصِهْرًا വൈവാഹിക ബന്ധവും وَكَانَ ആകുന്നു رَبُّكَ നിന്റെ രക്ഷിതാവ് قَدِيرًا കഴിവുള്ളവന്‍ (സര്‍വ്വശക്തന്‍)
ജലവംശത്തില്‍പ്പെട്ട ഒരു പ്രത്യേക ഇനമാകുന്ന മനുഷ്യബീജത്തെയാണ് ഇവിടെ ‘ജലം’ (الْمَاء) കൊണ്ട് ഉദ്ദേശിക്കുന്നത്. തീ, വെള്ളം, മണ്ണ്, വായു, ജീവന്‍ എന്നീ പഞ്ചഭൂതങ്ങളില്‍ ഒന്നായ വെള്ളമാണ് ഉദ്ദേശ്യമെന്നും വരാവുന്നതാണ്.
മനുഷ്യര്‍ തമ്മില്‍ സ്ഥിരബന്ധം ഉണ്ടായിത്തീരുന്നത് രണ്ട് വിധത്തിലാണ്. ഒന്ന് കുലത്തിന്റെയും, വംശത്തിന്റെയും അടിസ്ഥാനത്തില്‍. ഒരാളുടെ പിതൃപരമ്പരയും, ഗോത്രപ്പേരും കണക്കാക്കുന്നത് ഈ ബന്ധത്തെ ആസ്പദമാക്കിയാണ്. മറ്റൊന്ന് വിവാഹത്താല്‍ ഉളവാകുന്ന ബന്ധുത്വത്തിന്റെ അടിസ്ഥാനത്തില്‍. വേറൊരു തരത്തില്‍ പറഞ്ഞാല്‍, പുരുഷന്‍ വഴിക്കും സ്ത്രീ വഴിക്കുമാണ് മനുഷ്യര്‍ തമ്മില്‍ ബന്ധുക്കളാവുന്നത്. ഒരേ ബീജത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഇങ്ങിനെ രണ്ട് വിഭാഗമായതും, ഓരോ വിഭാഗത്തിലെ വ്യക്തികള്‍ പരസ്പരം വ്യത്യസ്തമായ ആകൃതിയിലും പ്രകൃതിയിലുമായതും അല്ലാഹുവിന്റെ മഹാശക്തിയുടെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെ. ഒരേ പിതാവില്‍നിന്നും, ഒരേ മാതാവില്‍നിന്നുമായി ഉത്ഭവിച്ചു തുടങ്ങിയ മനുഷ്യവംശം ക്രമേണ പെറ്റു പെരുകിപ്പെരുകി കോടാനുകോടികളായിത്തീര്‍ന്നതും അതിന്റെ ദൃഷ്ടാന്തം തന്നെ.
25:55
- وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمْ وَلَا يَضُرُّهُمْ ۗ وَكَانَ ٱلْكَافِرُ عَلَىٰ رَبِّهِۦ ظَهِيرًا ﴾٥٥﴿
- അല്ലാഹുവിനു പുറമെ, തങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതും, ഉപദ്രവം ചെയ്യാത്തതുമായ വസ്തുവെ അവര്‍ ആരാധിക്കുന്നു! അവിശ്വാസി, തന്റെ രക്ഷിതാവിനെതിരായി (ദുര്‍മ്മാര്‍ഗത്തിന്) പിന്‍തുണ നല്‍കുന്നവനായിരിക്കുകയാണ്.
- وَيَعْبُدُونَ അവര്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا لَا يَنفَعُهُمْ അവര്‍ക്കു ഉപകാരം ചെയ്യാത്തതിനെ وَلَا يَضُرُّهُمْ അവര്‍ക്കു ഉപദ്രവവും ചെയ്യാത്ത وَكَانَ الْكَافِرُ അവിശ്വാസിയാകുന്നു, ആയിരിക്കുന്നു عَلَىٰ رَبِّهِ തന്റെ രക്ഷിതാവിന്റെ മേല്‍ (എതിരില്‍) ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍, പിന്‍തുണക്കാരന്‍
25:56
- وَمَآ أَرْسَلْنَـٰكَ إِلَّا مُبَشِّرًا وَنَذِيرًا ﴾٥٦﴿
- (നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (താക്കീത് നല്‍കുന്ന) മുന്നറിയിപ്പുകാരനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
- وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا مُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ وَنَذِيرًا താക്കീതുകാരനും, മുന്നറിയിപ്പു നല്‍കുന്നവനും
25:57
- قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلًا ﴾٥٧﴿
- പറയുക: ‘ഇതിന്റെ [ഈ ദൗത്യനിര്‍വ്വഹണത്തിന്റെ] പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ആരെങ്കിലും തന്റെ രക്ഷിതാവിങ്കലേക്ക് ഒരു മാര്‍ഗ്ഗമുണ്ടാക്കിവെക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ (അതു ചെയ്തുകൊള്ളട്ടെ) എന്നല്ലാതെ.
- قُلْ പറയുക مَا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല عَلَيْهِ അതിന്റെ പേരില്‍, അതിന് مِنْ أَجْرٍ ഒരു പ്രതിഫലവും, (കൂലിയുടെ ഇനത്തില്‍പ്പെട്ട ഒന്നും) إِلَّا ഒഴികെ مَن شَاءَ ആരെങ്കിലും ഉദ്ദേശിച്ചാല്‍ (ചെയ്യട്ടെ) أَن يَتَّخِذَ ഉണ്ടാക്കുവാന്‍, ഏര്‍പ്പെടുത്തുവാന്‍ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا വല്ല മാര്‍ഗ്ഗവും, ഒരു വഴി
ഒരു വസ്തുവെ ആരാധിക്കുന്നപക്ഷം, അതുമൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കില്‍, അതിനെ ആരാധിക്കാത്തതുകൊണ്ട് ഏതെങ്കിലും ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമില്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും, ഈ അവിശ്വാസികള്‍ ചെയ്യുന്നത് അതാണ്. സൃഷ്ടാവും, പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്റെ – മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള – എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ കണ്ടുംകൊണ്ടു തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞ് അല്ലാഹുവിനെതിരില്‍, പിശാചിന്റെയും, അവന്റെ കക്ഷിക്കാരുടെയും പക്ഷത്തുചേര്‍ന്ന് അവരുടെ മാര്‍ഗ്ഗത്തില്‍ സമരം നടത്തിക്കൊണ്ട് അവര്‍ക്ക് പിന്‍തുണ നല്‍കുകയാണ് അവിശ്വാസികളുടെ ജോലി.
ബലം പ്രയോഗിച്ച് നിര്‍ബ്ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാന്‍ നബി (صلّى الله عليه وسلّم) നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും, നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്‌വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കവിഞ്ഞ് നബി (صلّى الله عليه وسلّم) ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്റെ സാമീപ്യം സമ്പാദിക്കുവാനും ആര്‍ക്കെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ അവരത് ചെയ്തുകൊള്ളുവാന്‍ നബി (صلّى الله عليه وسلّم) തിരുമേനി ആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാര്‍ത്ഥം ദാനധര്‍മ്മങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്. അതാണവിടുന്ന്‍ ചെയ്യേണ്ടതും, ഇതല്ലാതെ – എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട് അവിടുന്ന് നിര്‍വ്വഹിച്ചു വരുന്ന പ്രബോധനത്തിന്റെ പേരില്‍ – എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാര്‍ത്ഥമോ തിരുമേനി (صلّى الله عليه وسلّم) ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു. ഈ വസ്തുത അവരെ ഓര്‍മ്മപ്പെടുത്തുവാനാണ് 57-ാം വചനം നബി (صلّى الله عليه وسلّم) യെ ഉപദേശിക്കുന്നത്. തുടര്‍ന്നുള്ള വചനം തിരുമേനി (صلّى الله عليه وسلّم)ക്ക് കൂടുതല്‍ മനശ്ശാന്തിയും ധൈര്യവും നല്‍കുന്നു –
25:58
- وَتَوَكَّلْ عَلَى ٱلْحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحْ بِحَمْدِهِۦ ۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا ﴾٥٨﴿
- (നബിയേ) മരണം ബാധിക്കാത്ത സജീവനായുള്ളവനില്‍ (കാര്യങ്ങളെ) ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. അവന് സ്തോത്രം ചെയ്യുന്നതോടെ കീര്‍ത്തനവും ചെയ്യുക. തന്റെ അടിയാന്‍മാരുടെ പാപങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞനായി അവന്‍ തന്നെ മതി!
- وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക عَلَى الْحَيِّ സജീവനായുള്ളവനില്‍, ജീവിചിരിക്കുന്നവന്റെ മേല്‍ الَّذِي لَا يَمُوتُ മരണപ്പെടാത്തവനായ وَسَبِّحْ നീ കീര്‍ത്തനവും ചെയ്യുക, തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِهِ അവനു സ്തോത്രം ചെയ്യുന്നതോടെ, സ്തുതിച്ചുകൊണ്ടും وَكَفَىٰ بِهِ അവന്‍ മതി بِذُنُوبِ പാപങ്ങളെപ്പറ്റി, കുറ്റങ്ങളെക്കുറിച്ചു عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു
25:59
- ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ ٱلرَّحْمَـٰنُ فَسْـَٔلْ بِهِۦ خَبِيرًا ﴾٥٩﴿
- ആകാശങ്ങളും, ഭൂമിയും, അവയ്ക്കിടയിലുള്ളതും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചിട്ടുള്ളവനത്രെ (അവന്‍). പിന്നീട്, അവന്‍ ‘അര്‍ശി’ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. (അവന്‍) പരമകാരുണികന്‍! ആകയാല്‍, അതിനെക്കുറിച്ച് സൂക്ഷ്മജ്ഞാനിയായ ഒരുവനോട് ചോദിച്ചുകൊള്ളുക.
- الَّذِي خَلَقَ സൃഷ്‌ടിച്ചവനാണ് السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയ്ക്കുള്ളതും فِي سِتَّةِ أَيَّامٍ ആറുദിവസങ്ങളില്‍ ثُمَّ പിന്നെ اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു, ശരിപ്പെട്ടു عَلَى الْعَرْشِ സിംഹാസനത്തില്‍, രാജപീഠത്തിന്‍മേല്‍ الرَّحْمَـٰنُ പരമകാരുണികനാണ് فَاسْأَلْ ആകയാല്‍ (എന്നാല്‍) ചോദിക്കുക بِهِ അവനെപ്പറ്റി, ഇതിനെക്കുറിച്ചു خَبِيرًا ഒരു സൂക്ഷ്മജ്ഞാനിയോടു
അവിശ്വാസികളുടെ എതിര്‍പ്പുകളിലും, നിഷേധത്തിലും അക്ഷമനാകാതെ,എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച്, സ്ഥിരചിത്തനായിരുന്നുകൊള്ളുവാന്‍ നബി (صلّى الله عليه وسلّم)യെ ഉപദേശിക്കുന്നു. ഭരമേല്‍പിക്കപ്പെടുന്നതിനാസ്പദമായ അവന്റെ ചില ഗുണവൈശിഷ്ട്യങ്ങളും അതോടൊപ്പം എടുത്തു പറഞ്ഞിരിക്കുന്നു: 1) അവന്‍ ഒരിക്കലും മരണം ബാധിക്കാത്തവനും, എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്. 2) അവന്‍ തന്റെ അടിയാന്‍മാരുടെ – അവന്റെ അടിയാന്‍മാരല്ലാതെ ഒരാളും ഇല്ലതാനും – പ്രവര്‍ത്തനങ്ങളെക്കുറിച്ച് സസൂക്ഷ്മം അറിയുന്നവനാണ് അഥവാ, അതിനെപ്പറ്റി വേണ്ടുന്ന നടപടികള്‍ എടുക്കുവാന്‍ മറ്റാരുടെയെങ്കിലും തെളിവോ, സഹായമോ, മാദ്ധ്യസ്ഥമോ, ഇടപെടലോ ഒന്നും തന്നെ അവന് ആവശ്യമില്ല. 3) ആകാശഭൂമികളടക്കമുള്ള സകല വസ്തുവിന്റെയും സൃഷ്ടാവും സിംഹാസനാധിപതിയും അവനാണ്. എന്നിരിക്കെ മറ്റാരിലും ഭരമേല്‍പിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ല.
‘അവന്‍ ‘അര്‍ശി’ല്‍ ആരോഹണം ചെയ്തു (اسْتَوَىٰ عَلَى الْعَرْشِ) എന്ന് പറഞ്ഞതിനെ സംബന്ധിച്ച് സൂ: ത്വാഹാ 5-ന്റെ വിവരണത്തില്‍ നാം പ്രസ്താവിച്ചിട്ടുണ്ട്. ആറ് ദിവസങ്ങളിലാണ് ആകാശഭൂമികളെ സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചിരിക്കുന്നു. ഒരു രാവും പകലും ചേര്‍ന്ന 24 മണിക്കൂര്‍ സമയത്തിനാണ് നാം സാധാരണ ‘ദിവസം’ (يَوْمٌ) എന്ന് പറയുന്നത്. തികച്ചും, ഈ അര്‍ത്ഥത്തിലുള്ള ദിവസങ്ങള്‍, ആകാശഭൂമികളെ സൃഷ്ടിക്കുകയും, നിലവിലുള്ള ഈ വ്യവസ്ഥ നല്‍കിക്കഴിയുകയും ചെയ്യുന്നതിന് മുമ്പ് ഉണ്ടായിരിക്കയില്ലല്ലോ. ‘നിങ്ങള്‍ എണ്ണിവരുന്ന ആയിരം കൊല്ലത്തിന് സമമാണ് നിന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ദിവസം وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ : سورة الحج : ٤٧ എന്ന് സൂ: ഹജ്ജില്‍ പറയുന്നു. (ഇതിന്റെ വിവരണം അവിടെ നോക്കുക). അന്ത്യനാളിനെക്കുറിച്ച് ‘അമ്പതിനായിരം കൊല്ലത്തെ അളവിലുള്ള ഒരു ദിവസം (فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ : سورة المعارج :٤) എന്ന് ഒരിടത്ത് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതേ നാളിനെ ഉദ്ദേശിച്ച് ‘അന്ത്യദിനം (اَلْيَوْمُ الأخِر) എന്നും പറയുന്നു. ‘ആകാശഭൂമികളെ സൃഷ്‌ടിച്ച ദിവസം തന്നെ, അല്ലാഹുവിന്റെ നിശ്ചയത്തില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്’: (إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا …الح : سورة التوبة : ٣٦) എന്നും ഖുര്‍ആന്‍ പറയുന്നു.
അപ്പോള്‍, 24 മണിക്കൂര്‍ സമയം എന്നോ, നമ്മുടെ രാവും പകലും ചേര്‍ന്ന സമയമെന്നോ ഉള്ള അര്‍ത്ഥത്തിലല്ല ഇവിടെ ‘ആറു ദിവസങ്ങള്‍’ (سِتَّةِ أَيَّامٍ) എന്ന് പ്രസ്താവിച്ചതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ആകാശഭൂമികളുടെ ഉല്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന്റെ അഭിപ്രായങ്ങള്‍ നോക്കുമ്പോള്‍, ലക്ഷക്കണക്കിലോ, കോടിക്കണക്കിലോ ഉള്ള കാലംകൊണ്ടാണവ ഇന്നത്തെ നിലയില്‍ വന്നിട്ടുള്ളതെന്ന് കാണുന്നു. ഈ നീണ്ട കാലഘട്ടങ്ങളില്‍, വ്യത്യസ്തങ്ങളായ, ആറു ഉപകാലഘട്ടങ്ങള്‍ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞന്‍മാര്‍ക്കഭിപ്രായമുണ്ട്. ശാസ്ത്രീയാഭിപ്രായങ്ങള്‍ ഒരിക്കലും മാറാത്ത ഉറച്ച അഭിപ്രായങ്ങളല്ല. എങ്കിലും, പ്രസ്തുത അഭിപ്രായങ്ങള്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചു ചെയ്തിട്ടുള്ള ഈ പ്രസ്താവനക്ക് വിരുദ്ധമാകുന്നില്ല എന്നുമാത്രം. അല്ലാഹു അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചിട്ടുള്ളതെന്താണെന്ന് സൂക്ഷ്മമായി പറയുവാന്‍ നമുക്ക് സാധ്യമല്ല.
59-ാം വചനത്തിന്റെ അന്ത്യത്തില്‍ ‘സൂക്ഷ്മജ്ഞാനിയായ ഒരുവനോട് അതിനെപ്പറ്റി ചോദിച്ചുകൊള്ളുക’ (فَاسْأَلْ بِهِ خَبِيرًا) എന്നുള്ള വാക്യം വളരെ ശ്രദ്ധാര്‍ഹവും അര്‍ത്ഥവത്തും ആകുന്നു. കൂടുതല്‍ വിവരമുള്ള വല്ല മനുഷ്യനോടും ചോദിച്ചറിയുവാനുള്ള ഒരാഹ്വാനമല്ല ഇത്. ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ചും, അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യത്തെക്കുറിച്ചും സൂക്ഷ്മമായി അറിയുന്നവന്‍ അവന്‍ ഒരുവന്‍ മാത്രാമാണുള്ളതെന്നും, അതിനെപ്പറ്റി ശരിക്കുശരിയും സസ്സൂക്ഷ്മവുമായ അറിവ് അവനില്‍നിന്നല്ലാതെ അന്വേഷിച്ചിട്ടു ഫലമില്ലെന്നുമാണ് ആ വാക്യത്തിന്റെ താല്‍പര്യം. അപ്പോള്‍, സത്യവിശ്വാസിയായ ഏതൊരുവനും, ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവനക്കെതിരായ ശാസ്ത്രീയസിദ്ധാന്തത്തില്‍ വിശ്വസിക്കുവാന്‍ നിവൃത്തിയില്ല. ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവനയോട് ഒപ്പിച്ചുകൊണ്ട് ആ സിദ്ധാന്തത്തിന് വ്യാഖ്യാനം നല്‍കുകയല്ലാതെ, അതിനൊപ്പിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കുന്നത് ന്യായവും യുക്തവുമല്ല. ഖുര്‍ആന്റെ വാക്യങ്ങള്‍ സ്പഷ്ടമായി കാട്ടിത്തരുന്ന പരിധി തെറ്റാതെ, കൂടുതല്‍ അറിവിനായി പരിശ്രമിക്കുകയും, ‘റബ്ബേ! എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ചു തരേണമേ!’ (رَبِّ زِدْنِي عِلْمًا) എന്ന് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
ആകാശഭൂമികളുടെയും, അവയിലുള്ള സര്‍വ്വവസ്തുക്കളുടെയും സൃഷ്ടാവും, സിംഹാസനാധിപതിയുമാണ് അല്ലാഹു എന്നിരിക്കുമ്പോള്‍, അവന്‍ അവയുടെ സര്‍വ്വാധിപതിയും ഏകാധിപതിയുമായിരിക്കുക സ്വാഭാവികമാണ്. അതേ സമയത്ത് അവന്‍ പരമകാരുണികനും (الرَّحْمَـٰنُ) ആകുന്നുവെന്ന്‍ ഉണര്‍ത്തുന്നു. പാപികളായുള്ളവര്‍ക്ക് പശ്ചാത്തപിച്ച് മടങ്ങുവാനും, പുണ്യവാന്‍മാര്‍ക്ക് കൂടുതല്‍ ആവേശവും, പ്രോത്സാഹനവും വര്‍ദ്ധിക്കുവാനും വേണ്ടിയാണത്. എന്നാല്‍, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതിലും ഒരു ആശയക്കുഴപ്പം! അതാണ് അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.
25:60
- وَإِذَا قِيلَ لَهُمُ ٱسْجُدُوا۟ لِلرَّحْمَـٰنِ قَالُوا۟ وَمَا ٱلرَّحْمَـٰنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا ۩ ﴾٦٠﴿
- നിങ്ങള്‍ ‘റഹ്മാന്നു’ (പരമകാരുണികനായുള്ളവന്നു) ‘സുജൂദ്’ (വണക്കം) ചെയ്യുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: ‘എന്താണ് റഹ്മാന്‍’?! നീ ഞങ്ങളോട് കല്‍പിക്കുന്നതിന് ഞങ്ങള്‍ ‘സുജൂദ്’ ചെയ്യുകയോ?!’ അത് [ആ വാക്ക്] അവര്‍ക്ക് വെറുപ്പ് അധികരിപ്പിക്കുകയും ചെയ്യുന്നതാണ്.
- وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمُ അവരോടു اسْجُدُوا നിങ്ങള്‍ സുജൂദു (വണക്കം, സാഷ്ടാംഗ നമസ്കാരം) ചെയ്യുവിന്‍, തല കുനിക്കുവിന്‍ لِلرَّحْمَـٰنِ റഹ്മാന്നു (പരമകാരുണികന്) قَالُوا അവര്‍ പറയും, പറയുന്നു وَمَا الرَّحْمَـٰنُ എന്താണു റഹ്മാന്‍, ഏതാണു പരമകാരുണികന്‍ أَنَسْجُدُ ഞങ്ങള്‍ സുജൂദു ചെയ്കയോ لِمَا تَأْمُرُنَا നീ ഞങ്ങളോടു കല്‍പിക്കുന്നതിനു وَزَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും نُفُورًا വെറുപ്പ്, അറപ്പ്, മിരട്ട്
ഈ ആയത്ത് ഓതിയാല്‍ ഓത്തിന്റെ സുജൂദ് ചെയ്യേണ്ടതാകുന്നു.
അല്ലാഹുവിന്റെ മഹല്‍ഗുണങ്ങളെ വിശേഷിപ്പിക്കുന്ന പല തിരുനാമങ്ങളില്‍ ഒന്നാണ് ‘റഹ്മാന്‍’ (الرَّحْمَـٰنُ) എന്ന നാമവും, ‘അല്ലാഹു’ (الله) എന്ന നാമത്തെക്കഴിച്ചാല്‍ ഇതിനാണ് ഖുര്‍ആനില്‍ മറ്റേതിനേക്കാളും പ്രാധാന്യം കല്‍പിച്ചു കാണുന്നത്. അവന്റെ അപാരമായ കൃപാകടാക്ഷത്തെയും അതിയായ ദയാശീലത്തെയും അത് ദ്യോതിപ്പിക്കുന്നു. പരമകാരുണികന്‍ എന്നാണല്ലോ അതിന്റെ അര്‍ത്ഥം. എല്ലാവരും അല്ലാഹുവിന്റെ കാരുണ്യത്തില്‍ ആവേശവും മോഹവും ഉള്ളവരായിരിക്കണമെന്നും, ഏതു മഹാപാപിയായിരുന്നാലും അവന്‍ പശ്ചാത്തപിക്കുന്നപക്ഷം, നിരാശപ്പെടേണ്ടതില്ലെന്നും, ഓര്‍മ്മിപ്പിക്കുവാനാണ് ഇതുപോലെയുള്ള പല സന്ദര്‍ഭങ്ങളിലും – സ്വതന്ത്രനാമമായി കൊണ്ടും, അല്ലാഹു എന്ന നാമത്തിന്റെ വിശേഷണമായിക്കൊണ്ടും – ‘റഹ്മാന്‍’ എന്ന് ഉപയോഗിക്കപ്പെടുന്നത്.
അറബികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഈ നാമത്തിന്റെ അര്‍ത്ഥം അറിയാമെങ്കിലും, അല്ലാഹുവിന്റെ നാമമായി അതിനെ ഉപയോഗിക്കുന്നത് അവര്‍ക്ക് സുപരിചിതമല്ലായിരുന്നു. അതുകൊണ്ടാണ് ‘റഹ്മാന്നു സുജൂദ് ചെയ്യുവിന്‍’ എന്ന് അവരോട് പറയപ്പെട്ടപ്പോള്‍ അവര്‍ ‘എന്താണ് റഹ്മാന്‍’ എന്നു ചോദിക്കുവാന്‍ കാരണമെന്നത്രെ പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ഹുദൈബ്ബിയ്യായിലെ സന്ധിപത്രത്തിന്റെ ആരംഭത്തില്‍ ‘ബിസ്മില്ലാഹിറഹ്മാനി റഹീം’ എന്നെഴുതുവാന്‍ നബി (صلّى الله عليه وسلّم) എഴുത്തുകാരനോട് പറഞ്ഞുകൊടുത്തപ്പോള്‍, ഖുറൈശികള്‍ അതിന് വിസമ്മതിക്കുകയുണ്ടായി. അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് റഹ്മാനും റഹീമും പരിചയമില്ല. (പഴയ പതിവനുസരിച്ച്) മുമ്പ് എഴുതാറുള്ളതുപോലെ ‘ബിസ്മികല്ലാഹുമ്മ’ (باسمك اللهم = അല്ലാഹുവേ നിന്റെ നാമത്തില്‍) എന്നെഴുതണം.’ ഇതേ കാരണം – ഈ പേര്‍ അല്ലാഹുവിനും ഉപയോഗിക്കുക പതിവില്ലായ്ക – തന്നെയാണ് ഇവിടെയും അവര്‍ ‘റഹ്മാന്‍’ എന്താണ്’ എന്ന് ചോദിച്ചതെന്ന് ഇബ്നു കഥീറും (رحمة الله عليه) പ്രസ്താവിച്ചിരിക്കുന്നു.
മൂസാ (عليه الصلاة والسلام) നബിയോട് ഫിര്‍ഔന്‍ ‘എന്താണ് ലോകരക്ഷിതാവ്?!’ (قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ:سورة الشعراء:٢٣) എന്ന് ചോദിക്കുകയുണ്ടായതു പോലെ, അഹങ്കാരപൂര്‍വ്വം മുശ്രിക്കുകള്‍ ചോദിച്ചതാണ് ഇതെന്ന് വേറൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. മറ്റുചിലര്‍ പറയുന്നതിങ്ങിനെയാകുന്നു: ‘അല്ലാഹുവിനെ ഒരു ക്രൂരനും കഠിനനുമായിട്ടല്ലാതെ – കാരുണ്യവാനായും ദയാലുവായും പൗരാണികജനങ്ങള്‍ മനസ്സിലാക്കിയിരുന്നില്ല, പരമകാരുണികന്‍ എന്നര്‍ത്ഥമായ ‘റഹ്മാന്‍’ എന്ന പേര്‍ കേട്ടപ്പോള്‍ അവര്‍ക്കത് ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല. അതാണ് ഈ ചോദ്യത്തിന് കാരണം’. പക്ഷേ, താഴെ ഉദ്ധരിക്കുന്ന ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഒന്നാമത്തെ അഭിപ്രായമാണ് ഈ മൂന്നില്‍വെച്ച് സ്വീകാര്യമായതെന്നു കാണാം. സൂ: ബനൂഇസ്രാഈലില്‍ അല്ലാഹു പറയുന്നു:-
قُلِ ادْعُوا اللَّـهَ أَوِ ادْعُوا الرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا : سورة الإسراء(بنو إسرائيل):١١٠
(പറയുക: നിങ്ങള്‍ ‘അല്ലാഹു’ എന്ന് വിളിച്ചേക്കുക, അല്ലെങ്കില്‍ ‘റഹ്മാന്‍’ എന്ന് വിളിച്ചേക്കുക, ഏതു തന്നെ നിങ്ങള്‍ വിളിക്കുന്നതായാലും അവന് അത്യുത്തമമായ നാമങ്ങളുണ്ട്.). പ്രത്യുത നാമങ്ങളില്‍ ഏതും ഉപയോഗിക്കുന്നതിനു വിരോധമില്ലെന്നു സാരം.
വിഭാഗം – 6
25:61
- تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجًا وَجَعَلَ فِيهَا سِرَٰجًا وَقَمَرًا مُّنِيرًا ﴾٦١﴿
- ആകാശത്തില്‍ ഗ്രഹമണ്ഡലങ്ങള്‍ (അഥവാ രാശി മണ്ഡലങ്ങള്‍) ഉണ്ടാക്കിയിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു, അതില്‍ ഒരു ദീപവും, പ്രകാശം നല്‍കുന്ന ഒരു ചന്ദ്രനും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
- تَبَارَكَ നന്‍മയേറിയവനാകുന്നു, മഹത്വമേറിയവനാകുന്നു الَّذِي جَعَلَ ആക്കിയിട്ടുള്ളവന്‍ فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, ഗ്രഹമണ്ഡലങ്ങളെ وَجَعَلَ ആക്കുകയും ചെയ്തു, ഉണ്ടാക്കുകയും ചെയ്തു فِيهَا അതില്‍ سِرَاجًا ഒരു വിളക്ക്, ദീപം وَقَمَرًا ഒരു ചന്ദ്രനെയും مُّنِيرًا പ്രകാശിക്കുന്ന, പ്രകാശമുള്ളതായ
25:62
- وَهُوَ ٱلَّذِى جَعَلَ ٱلَّيْلَ وَٱلنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا ﴾٦٢﴿
- അവന്‍തന്നെയാണ് – ആലോചിച്ചു നോക്കുവാന്‍ ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ നന്ദിചെയ്‌വാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്കുവേണ്ടി – രാവിനെയും, പകലിനെയും മാറിവന്നുകൊണ്ടിരിക്കുന്നതാക്കിയവനും.
- وَهُوَ الَّذِي അവന്‍തന്നെയാണ് യതൊരുവനും جَعَلَ اللَّيْلَ അവന്‍ രാത്രിയെ ആക്കി وَالنَّهَارَ പകലിനെയും خِلْفَةً മാറിവരുന്നതു لِّمَنْ أَرَادَ ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടി أَن يَذَّكَّرَ ഉറ്റാലോചിക്കുവാന്‍ أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന شُكُورًا നന്ദി ചെയ്‌വാന്‍, കൃതജ്ഞത കാണിക്കാന്‍
ദീപം (سِرَاجًا) എന്ന് പറഞ്ഞത് സൂര്യനെ ഉദ്ദേശിച്ചാകുന്നു. സൂര്യന്‍ അതിന്റെ ഉപഗ്രഹമായ ഭൂമിക്കും, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും വെളിച്ചം നല്‍കുന്നതും, സ്വയം പ്രകാശിക്കുന്നതുമാകകൊണ്ട് അതിനെ ‘ദീപം’ എന്ന് വിശേഷിപ്പിച്ചതാവാം. സൂര്യപ്രകാശം എല്‍ക്കാതിരിക്കുന്നപക്ഷം ഭൂമിയും, ചന്ദ്രനും ഇരുളടഞ്ഞതാകുമായിരുന്നു. സൂര്യനില്‍ നിന്ന് ചന്ദ്രനില്‍ പതിക്കുന്ന പ്രകാശം ഭൂമിയിലേക്ക് തിരിച്ചടിക്കുന്നതാണ് നിലാവെളിച്ചം. സ്വയം പ്രകാശിതങ്ങളായ ഗോളങ്ങള്‍ക്കെല്ലാംതന്നെ ‘ശംസു’കള്‍ (الشموس) സൂര്യന്‍മാര്‍ എന്നും, ചന്ദ്രനെപ്പോലുള്ള ഉപഗ്രഹങ്ങള്‍ക്ക് ‘ഖമറുകള്‍’ (الاقمار) എന്നും അറബിയില്‍ പറയാറുണ്ട്. ‘ഗ്രഹമണ്ഡലങ്ങള്‍’ എന്നും ‘രാശിമണ്ഡലങ്ങള്‍’ എന്നും അര്‍ത്ഥം കല്‍പിച്ചത് ‘ബുറൂജ്’ (بُرُوجا) എന്ന വാക്കിനാണ്. ഏകവചനം ‘ബുര്‍ജ്’ (بُرْج) എന്നത്രെ. ഇതിന് ‘കൊത്തളം, ഉന്നതമായ മാളിക’ എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. വലിയ ഗ്രഹമണ്ഡലങ്ങള്‍ക്കും, സപ്തഗ്രഹങ്ങളുടെ സഞ്ചാരമാര്‍ഗ്ഗങ്ങളായ പന്ത്രണ്ട് രാശിമണ്ഡലങ്ങള്‍ക്കും ഈ വാക്ക് ഉപയോഗിക്കാറുണ്ട്.
വമ്പിച്ച നക്ഷത്രഗോളങ്ങളായി ആകാശത്തില്‍ ഏറെക്കുറെ 1000 എണ്ണമാണുള്ളതെന്നത്രെ മുന്‍കാലത്ത് ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇന്നാകട്ടെ, പരിഷ്കരിച്ച ടെലസ്കോപ്പ് (ദൂരദര്‍ശിനി)കളുടെ സഹായത്താല്‍ രണ്ട് കോടിയിലധികം മഹാനക്ഷത്രങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. എനിയും, പുതിയ നിരീക്ഷണങ്ങള്‍ അവയുടെ എണ്ണം വര്‍ദ്ധിപ്പിച്ചു പ്രസ്താവിച്ചുകൊണ്ടിരിക്കും. നിരീക്ഷണമാര്‍ഗ്ഗങ്ങളും, നിരീക്ഷണസാമഗ്രികളും എത്ര പുരോഗമിച്ചാലും, അവയുടെ ഏറ്റവും സൂക്ഷ്മമായ വിവരവും, കൃത്യമായ എണ്ണവണ്ണവും അവയുടെ സൃഷ്ടാവായ സര്‍വ്വജ്ഞനു മാത്രമേ കണക്കാക്കുവാന്‍ കഴിയുകയുള്ളു.
സപ്തഗ്രഹങ്ങള്‍, സൂര്യചന്ദ്രന്മാര്‍, രാപ്പകലുകള്‍ എന്നിവയെ സംബന്ധിച്ച് സൂറത്തുല്‍ അമ്പിയാഉ് 33-ാം വചനത്തിന്റെ വിവരണത്തില്‍ നാം പലതും വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പറയേണ്ടതില്ല. രാശിമണ്ഡലങ്ങള്‍ മാസത്തിന് ഒന്നുവീതം12 രാശികളായി കണക്കാക്കപ്പെട്ടിരിക്കുന്നു. മേടം തുടങ്ങി മീനം വരെയുള്ള 12 മലയാള മാസപ്പേരുകള്‍ അതത് മാസത്തിലെ രാശിനാമങ്ങളും കൂടിയാകുന്നു. (*). ഓരോ രാശിമാര്‍ഗ്ഗത്തിലൂടെയും സൂര്യന്‍ സഞ്ചരിക്കുന്ന കാലത്തിനാണ് സൂര്യമാസങ്ങള്‍ എന്ന് പറയുന്നത്. ഓരോന്നിലും സഞ്ചരിക്കുന്ന കാലയളവില്‍ അല്‍പം ഏറ്റക്കുറവുള്ളതുകൊണ്ടാണ് ചില മാസങ്ങളില്‍ ദിവസങ്ങള്‍ ഏറിയും കുറഞ്ഞും വരുന്നത്.
(*). അറബിയില്‍ പന്ത്രണ്ട് രാശികളുടെ പേരുകള്‍ ക്രമപ്രകാരം ഇവയാകുന്നു:-
الحمل, الثور, الجوزاء, السرطان, الاسد, السنبلة, الميزان, العقرب, القوس, الجدى, الدلو, الحوت
രാവോ, പകലോ സ്ഥിരമായി നില്‍ക്കാതെ ഒന്നിനുശേഷം ഒന്നായി വന്നും പോയും കൊണ്ടിരിക്കുന്നതിനാലാണ് അവയെപ്പറ്റി ‘മാറിമാറി വരുന്നത്’ (خِلْفَةً) എന്ന് പ്രസ്താവിച്ചത്. ഈ മാറ്റങ്ങളും, അതിന് കാരണമാകുന്ന ഗോളചലനങ്ങളുടെ നിയന്ത്രണവും, ചിന്തിക്കുന്നവര്‍ക്ക് ചിന്തിക്കുവാന്‍ ധാരാളം വകനല്‍കുന്നു. അതുവഴി അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും, നിത്യാനുഗ്രഹങ്ങളും, ഓര്‍ക്കുവാനും, അവനോടു നന്ദിയുള്ളവരായിരിക്കുവാനും അവസരം ലഭിക്കുകയും ചെയ്യുന്നു. ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവന്റെയും, നന്ദികെട്ടവന്റെയും കണ്‍മുമ്പില്‍ എന്തുതന്നെ കണ്ടാലും, അവനില്‍ അത് യാതൊരു കോളിളക്കവും ഉണ്ടാക്കുന്നതല്ലല്ലോ. അവന്‍ രാത്രി ഉറങ്ങുവാനും, പകല്‍ ദേഹേച്ഛകള്‍ നിറവേറ്റുവാനും ഉപയോഗപ്പെടുത്തുമെന്നുമാത്രം. വീണ്ടുവിചാരവും, ഉപകാരസ്മരണയുമുള്ള ഭാഗ്യവാന്‍മാരാകട്ടെ, രാപ്പകലുകളില്‍ ഓരോന്നിന്റെയും – അതതിന്റെ സ്വഭാവവിശേഷത കണക്കിലെടുത്തുകൊണ്ട് – ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കും. പകല്‍ ചെയ്തുപോയ തെറ്റിനെപ്പറ്റി രാത്രിയിലും, രാത്രിയില്‍ വന്നുപോയ കുറ്റത്തെപ്പറ്റി പകലിലും അവന് വീണ്ടുവിചാരവും ഖേദവും വരുന്നു. അതത് സമയത്തിനനുയോജ്യമായ സല്‍പ്രവൃത്തികളും അവന്‍ ചെയ്യുന്നു. അങ്ങിനെ രാവും പകലും അവന് ഗുണകരമായി അവന്‍ ഉപയോഗപ്പെടുത്തും. والله الموفق. നബി (صلّى الله عليه وسلّم) അരുളിച്ചെയ്ത ഒരു ഹദീസ് ഇവിടെ ഓര്‍മ്മിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. അവിടുന്ന് പറയുന്നു:-
إِنَّ اللَّهَ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ ، وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ ، حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا : رواه مسلم
സാരം: പകലില്‍ തിന്മചെയ്തവന്‍ ഖേദിച്ചു മടങ്ങുന്നത് സ്വീകരിക്കുവാനായി അല്ലാഹു രാത്രിയില്‍ അവന്റെ കൈ നീട്ടുന്നു; രാത്രിയില്‍ തിന്‍മ ചെയ്തവന്‍ പശ്ചാത്തപിക്കുന്നത് സ്വീകരിക്കുവാനായി അവന്‍ പകലിലും കൈനീട്ടുന്നു. (ലോകാവസാനത്തില്‍വെച്ച്) സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദയം ചെയ്യുന്ന കാലംവരെ ഇതുണ്ടാകും. (മു). അവിശ്വാസികളും, കൃതഘ്നരുമായ ജനങ്ങളുടെ പല സ്ഥിതിഗതികള്‍ വിവരിച്ചകഴിഞ്ഞശേഷം, അല്ലാഹുവില്‍ ശരിക്ക് വിശ്വസിക്കുന്ന സജ്ജനങ്ങളുടെ ചില സവിശേഷഗുണങ്ങളാണ് തുടര്‍ന്നുള്ള വചനങ്ങളില്‍ പ്രസ്താവിക്കുന്നത്.
25:63
- وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًا ﴾٦٣﴿
- ‘റഹ്മാനായുള്ളവന്റെ’ [പരമകാരുണികന്റെ] അടിയാന്‍മാര്‍, ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരത്രെ. അറിവില്ലാത്തവര്‍ അവരെ അഭിമുഖീകരിക്കുന്നതായാല്‍, അവര്‍ സമാധാനപരമായതു പറയുന്നതാണ്.
- وَعِبَادُ الرَّحْمَـٰنِ റഹ്മാന്റെ അടിയാന്‍മാര്‍ الَّذِينَ യാതൊരു കൂട്ടരാകുന്നു يَمْشُونَ അവര്‍ നടക്കും عَلَى الْأَرْضِ ഭൂമിയില്‍ هَوْنًا വിനയത്തോടെ, എളിയ നിലയില്‍ وَإِذَا خَاطَبَهُمُ അവരെ അഭിമുഖീകരിച്ചാല്‍, അവരോടു നേരിട്ടാല്‍ الْجَاهِلُونَ അജ്ഞന്‍മാര്‍, മൂഢന്‍മാര്‍, അറിവില്ലാത്തവര്‍ قَالُوا അവര്‍ പറയും سَلَامًا സമാധാനമായതു, സമാധാനവാക്കു, സലാം എന്നു
‘റഹ്മാന്റെ അടിയാന്‍മാര്‍’ എന്ന് വിശേഷിപ്പിച്ചതുതന്നെ ഈ ഭാഗ്യവാന്‍മാരുടെ ശ്രേഷ്ഠതക്ക് മകുടം ചാര്‍ത്തുന്നു. ഇവര്‍ പിശാചിന്റെയോ, ദേഹേച്ഛയുടെയോ, ഐഹികസുഖത്തിന്റെയോ, പരദൈവങ്ങളുടെയോ അടിമകളാകാതെ, പരമകാരുണികന്റെ സാമീപ്യത്തിനും അപാരമായ കരുണക്കും പാത്രവാന്‍മാരായിട്ടുള്ളവരാണെന്ന് ആ പേരുതന്നെ സൂചിപ്പിക്കുന്നു. ഇവരുടെ ലക്ഷണങ്ങളായി ഒമ്പത് സല്‍ഗുണങ്ങള്‍ അല്ലാഹു ഇവിടെ എടുത്തുപറയുന്നത് കാണാം:-
1-ാമത് : അവര്‍ ഭൂമിയില്‍കൂടി നടക്കുന്നത് വിനയത്തോടെയായിരിക്കും. അടക്കത്തോടും, ഒതുക്കത്തോടും കൂടി, അനാവശ്യത്തിലും അക്രമത്തിലും പങ്കെടുക്കാതെ, വിനോദങ്ങളില്‍ മുഴുകാതെ, അഹംഭാവമോ, പത്രാസോ കൂടാതെ വളരെ പാകതയുള്ളവരായിട്ടാണ് അവര്‍ ഭൂമുഖത്തു കഴിഞ്ഞുകൂടുക. അഥവാ – ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടതുപോലെ – അറിവും, സഹനവും, ഒതുക്കവും, മാന്യതയും ഉള്ളവരായിരിക്കും. മന്ദംമന്ദം നടന്നുപോകണമെന്നല്ല, ആയത്തിന്റെ താല്പര്യം. നബി (صلّى الله عليه وسلّم) തിരുമേനിയുടെ നടത്തത്തെക്കുറിച്ച് വിവരിക്കുന്ന ഹദീസുകളില്‍ അവിടുന്ന് വേഗംവേഗം കാലടികള്‍ പൊക്കിയെടുത്ത് നടക്കുകയും, ഒരു കുന്നിന്‍ചരുവില്‍ കൂടി ഇറങ്ങിവരുന്ന പ്രകാരം (എളുപ്പത്തില്‍) നടക്കുകയും പതിവായിരുന്നുവെന്ന് കാണാം.
2-ാമത്: അജ്ഞന്‍മാരായ – കാര്യവിവരമില്ലാത്ത – ആളുകള്‍ അവരുമായി അഭിമുഖീകരിക്കുമ്പോള്‍ അവര്‍ സമാധാനപരമായ വാക്കുകള്‍ ഉപയോഗിക്കും. അവര്‍ ഇങ്ങോട്ട് ഉപയോഗിക്കുന്നതരത്തിലുള്ള വിഡ്ഢിത്തങ്ങളോ, മര്യാദകെട്ട വാക്കുകളോ അങ്ങോട്ട് പറയാതെ, വിട്ടുവീഴ്ച്ചയും, നല്ലവാക്കും ഉപയോഗിക്കും എന്നര്‍ത്ഥം. ഈ രണ്ട് ഗുണങ്ങളില്‍നിന്ന് ഇവരുടെ സ്വഭാവഗുണം പൊതുവിലും, ജനങ്ങളുമായുള്ള പെരുമാറ്റക്രമം വിശേഷിച്ചും മനസ്സിലാക്കാമല്ലോ. എന്നാല്‍, അല്ലാഹുവുമായുള്ള കാര്യങ്ങളില്‍ ഇവരുടെ നിലപാട് എന്തായിരിക്കുമെന്ന് നോക്കുക:-
25:64
- وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَـٰمًا ﴾٦٤﴿
- തങ്ങളുടെ രക്ഷിതാവിന് ‘സുജൂദു’ [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരും, നിന്ന് നമസ്കരിക്കുന്നവരുമായിക്കൊണ്ട് രാക്കഴിച്ചുകൂട്ടുന്നവരുമാകുന്നു.
- وَالَّذِينَ يَبِيتُونَ രാക്കഴിക്കുന്നവരുമാണ് لِرَبِّهِمْ തങ്ങളുടെ റബ്ബിനു سُجَّدًا സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായും وَقِيَامًا നില്‍ക്കുന്നവരായും (നിന്നു നമസ്കരിക്കുന്നവരായും)
25:65
- وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴾٦٥﴿
- (ഇപ്രകാരം) പറയാറുള്ളവരുമാണ്: ‘ഞങ്ങളുടെ റബ്ബേ, നരകശിക്ഷ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരേണമേ! നിശ്ചയമായും അതിന്റെ ശിക്ഷ ഒരു തീരാനഷ്ടമാകുന്നു:-
- وَالَّذِينَ يَقُولُونَ പറയുന്നവരുമാകുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اصْرِفْ തിരിച്ചുകളയണേ, അകറ്റേണമേ, ഒഴിവാക്കിത്തരേണമേ عَنَّا ഞങ്ങളില്‍ നിന്നു عَذَابَ جَهَنَّمَ നരകശിക്ഷയെ إِنَّ عَذَابَهَا നിശ്ചയമായും അതിന്റെ ശിക്ഷ كَانَ ആകുന്നു, ആയിരിക്കുന്നു غَرَامًا ഒഴിയാനഷ്ടം, തീരാനഷ്ടം, വേറിടാത്തതു, ഭാരപ്പെട്ടതു
25:66
- إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا ﴾٦٦﴿
- ‘നിശ്ചയമായും അത് [നരകം] വളരെ ചീത്തയായ താവളവും പാര്‍പ്പിടവും തന്നെയാണ്!’
- إِنَّهَا നിശ്ചയമായും അതു سَاءَتْ വളരെ ചീത്തയാണ്, വളരെ മോശപ്പെട്ടതാണ് مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും, താമസസ്ഥലവും
സുജൂദും, നിറുത്തവും, നമസ്കാരകര്‍മ്മത്തിലെ രണ്ട് പ്രധാന ഭാഗങ്ങളാകുന്നു. സുജൂദ് ഇതര ആരാധനാകര്‍മ്മങ്ങളില്‍വെച്ച് കൂടുതല്‍ ഭക്തി പ്രകടമാക്കുന്നതും, കൂടുതല്‍ പ്രധാനപ്പെട്ടതുമത്രെ. രാത്രിയില്‍ വളരെയേറെ സമയം ഇവര്‍ നമസ്കാരകര്‍മ്മത്തിലായി ചിലവാക്കുമെന്നു സാരം. രാത്രിനമസ്കാരത്തെപ്പറ്റി ഖുര്‍ആനിലും ഹദീസിലും ധാരാളം പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണ്, നബി (صلّى الله عليه وسلّم) ചിലപ്പോള്‍, കാലുകളില്‍ നീരുകെട്ടുമാറ് ദീര്‍ഘസമയം രാത്രിനമസ്കാരത്തില്‍ മുഴുകിയിരുന്നുവെന്നത് പരക്കെ അറിയപ്പെട്ടതാണല്ലോ. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുകയും ചെയ്തിരിക്കുന്നു: ‘നിര്‍ബ്ബന്ധനമസ്കാരങ്ങളെ കഴിച്ചാല്‍ പിന്നെ, നമസ്കാരത്തില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് രാത്രിക്കുള്ളില്‍ ചെയ്യുന്ന നമസ്കാരമാകുന്നു.’ (أفضلُ الصلاةِ ، بعدَ الفريضَةِ ، صلاةُ فِي جَوْفِ الليلِ- رواه أحمد) സ്വര്‍ഗ്ഗസ്ഥരായ സജ്ജനങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്ന മദ്ധ്യെ ഖുര്‍ആനില്‍ ഒരിടത്ത് ഇപ്രകാരം പറയുന്നു: ‘രാത്രിയില്‍ അവര്‍ ഉറങ്ങുന്നത് കുറവായിരുന്നു, നിശാന്ത്യസമയങ്ങളില്‍ (പാതിരക്കും പ്രഭാതത്തിനും ഇടക്കുവെച്ച്) അവര്‍ പാപമോചനം തേടുകയും ചെയ്തിരുന്നു.’
كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿ ١٨﴾ – سورة الذاريات
റഹ്മാന്റെ അടിയാന്‍മാര്‍, ജനങ്ങളുമായി നന്നായി പെരുമാറുന്നവരും, വിനയശീലന്‍മാരും, അല്ലാഹുവിന്റെ ആരാധനയിലും സ്മരണയിലും മുഴുകിയവരും തന്നെ. എങ്കിലും, അതേ സമയത്ത് അവര്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് സദാ ഭയപ്പാടുള്ളവരുമാകുന്നു. അതുകൊണ്ട് അവര്‍ എപ്പോഴും നരകശിക്ഷയില്‍ നിന്നും ഒഴിവാക്കേണമേ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. വെറുതെ ഈ വാക്കുകള്‍ ഉരുവിട്ടു പറയുകയല്ല. നരകശിക്ഷയുടെ കാഠിന്യവും, അത് അനുഭവപ്പെടുന്നപക്ഷം ഉണ്ടാകുന്ന തീരാനഷ്ടവും മനസ്സിലാക്കിക്കൊണ്ടും ഓര്‍ത്തുകൊണ്ടും തന്നെയാണവരുടെ പ്രാര്‍ത്ഥന.
ഇവരുടെ 3-ാമതും, 4-ാമതും ഗുണങ്ങളാണ് ഈ രണ്ടു വചനങ്ങളില്‍ നാം കണ്ടത്. 5-ാമതു ഗുണം ധനപരമായ കാര്യങ്ങളിലുള്ളതാകുന്നു. അല്ലാഹു പറയുന്നു:-
25:67
- وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا ﴾٦٧﴿
- തങ്ങള്‍ ചിലവുചെയ്യുന്നതായാല്‍, അമിതവ്യയം ചെയ്കയാകട്ടെ, പിശുക്ക് കാണിക്കുകയാകട്ടെ ചെയ്യാത്തവരുമാകുന്നു; അതിനിടയില്‍ മിതമായതായിരിക്കുന്നതാണ് (അത്).
- وَالَّذِينَ യാതൊരുകൂട്ടരും إِذَا أَنفَقُوا അവര്‍ ചിലവഴിക്കുന്നതായാല്‍ لَمْ يُسْرِفُوا അവര്‍ അതിരുകവിയുകയില്ല, അമിതവ്യയം ചെയ്കയില്ല وَلَمْ يَقْتُرُوا അവര്‍ ലുബ്‌ധ് (പിശുക്ക്) കാണിക്കുകയുമില്ല, കുടുസ്സ് കാണിക്കയുമില്ല وَكَانَ അതായിരിക്കും بَيْنَ ذَٰلِكَ അതിനിടക്ക് قَوَامًا മിതമായത്, ചൊവ്വായത്
യാതൊന്നും ചിലവഴിക്കാത്ത ആളുകളുണ്ടാകുകയില്ല. ചിലവഴിക്കുന്നതിലുള്ള ഏറ്റക്കുറവ്, ചിലവഴിക്കുന്ന വിഷയത്തിന്റെ ഗുണദോഷം, ചിലവഴിക്കുന്നവന്റെ പരിതസ്ഥിതി എന്നിവ നോക്കിയിട്ടാണ് ഒരാളുടെ ലുബ്ധതയും, അമിതത്വവും കണക്കാക്കുന്നത്. മിക്കജനങ്ങളും ഈ രണ്ടിലൊരു തരത്തില്‍ പെട്ടവരായിരിക്കും. ഇക്കൂട്ടരാകട്ടെ, രണ്ടുതരത്തിലും ഉള്‍പ്പെടുന്നില്ല. അവര്‍ എല്ലാ നിലക്കും മിതത്വം പാലിക്കുന്നവരായിരിക്കും.
മിതമായി ചിലവഴിക്കേണ്ടത് ദാനധര്‍മ്മങ്ങളില്‍ മാത്രമല്ല. സ്വന്താവശ്യങ്ങളിലും, വീട്ടാവശ്യങ്ങളിലും, എന്നു വേണ്ട മറ്റെല്ലാ കാര്യങ്ങളിലും അതാവശ്യമത്രെ. വാസ്തവത്തില്‍ ദാനധര്‍മ്മാദിവിഷയങ്ങളെക്കാള്‍ മിതത്വം ഗൗനിക്കേണ്ടത് അവയിലാണുതാനും. മുജാഹിദ് (رحمه الله) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെടുന്നു: ‘അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ അബൂഖുബൈസ് മല (*) യോളം സ്വര്‍ണ്ണം ചിലവഴിച്ചാലും അത് അമിതവ്യയമല്ല; അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തില്‍ ഒരു സേര്‍ (ധാന്യം) ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു’. 6-ാമത് ഗുണവിശേഷം അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:-
(*). മക്കായിലെ ഒരു മലയാണ് അബൂഖുബൈസ് (ابوقبيس)

Leave a comment