സൂറത്തുല്‍ ഫുര്‍ഖാന്‍ : 35-52
വിഭാഗം – 4
25:35
- وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَا مَعَهُۥٓ أَخَاهُ هَـٰرُونَ وَزِيرًا ﴾٣٥﴿
- മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ കൂടെ തന്റെ സഹോദരന്‍ ഹാറൂനെ നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു.
- وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, തീര്‍ച്ചയായും നൽകി مُوسَى നല്‍കി മൂസാ (നബി)ക്ക് الْكِتَابَ വേദഗ്രന്ഥം وَجَعَلْنَا നാം ആക്കുകയും ചെയ്തു, നിശ്ചയിക്കയും ചെയ്തു مَعَهُ അദ്ദേഹത്തിന്റെകൂടെ أَخَاهُ هَارُونَ തന്റെ സഹോദരന്‍ ഹാറൂനെ وَزِيرًا സഹായി, സഹായകനായി
25:36
- فَقُلْنَا ٱذْهَبَآ إِلَى ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا فَدَمَّرْنَـٰهُمْ تَدْمِيرًا ﴾٣٦﴿
- എന്നിട്ട് നാം (അവരോട്) പറഞ്ഞു: ‘നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ആ ജനതയുടെ അടുക്കലേക്കു നിങ്ങള്‍ (രണ്ടുപേരും) പോയിക്കൊള്ളുക.’ (ജനത അവരെ വ്യാജമാക്കി.) അപ്പോള്‍, അവരെ നാം പാടെ തകര്‍ത്തുനശിപ്പിച്ചു.
- فَقُلْنَا എന്നിട്ട് നാം പറഞ്ഞു اذْهَبَا രണ്ടുപേരും പോകുക إِلَى الْقَوْمِ ജനതയുടെ അടുക്കലേക്കു الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَدَمَّرْنَاهُمْ എന്നിട്ടു അവരെ നാം തകര്‍ത്തു تَدْمِيرًا ഒരു തകര്‍ക്കല്‍
‘നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ജനത’ എന്ന് പറഞ്ഞത് ഫിര്‍ഔനെയും അവന്റെ ജനങ്ങളെയും ഉദ്ദേശിച്ചാണ്. അവരുടെ സംഭവം പ്രസിദ്ധമാണ്. സൂ: ത്വാഹായില്‍ അത് നാം സവിസ്തരം വായിച്ചുവല്ലോ.
25:37
- وَقَوْمَ نُوحٍ لَّمَّا كَذَّبُوا۟ ٱلرُّسُلَ أَغْرَقْنَـٰهُمْ وَجَعَلْنَـٰهُمْ لِلنَّاسِ ءَايَةً ۖ وَأَعْتَدْنَا لِلظَّـٰلِمِينَ عَذَابًا أَلِيمًا ﴾٣٧﴿
- നൂഹിന്റെ ജനങ്ങളെയും തന്നെ, അവര്‍ റസൂലുകളെ വ്യാജമാക്കിയപ്പോള്‍ നാം മുക്കി നശിപ്പിച്ചു. അവരെ മനുഷ്യര്‍ക്ക് നാം ഒരു ദൃഷ്ടാന്തമാക്കിത്തീര്‍ക്കുകയും ചെയ്തു. അക്രമകാരികള്‍ക്ക് വേദനയേറിയ ശിക്ഷ നാം തയ്യാറാക്കി വെക്കുകയും ചെയ്തിരിക്കുന്നു.
- وَقَوْمَ نُوحٍ നൂഹിന്റെ ജനതയെയും തന്നെ لَّمَّا كَذَّبُوا അവര്‍ വ്യാജമാക്കിയപ്പോള്‍ الرُّسُلَ റസൂലുകളെ, ദൈവദൂതന്‍മാരെ أَغْرَقْنَاهُمْ നാം അവരെ മുക്കി (നശിപ്പിച്ചു) وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്തു لِلنَّاسِ ജനങ്ങള്‍ക്ക്, മനുഷ്യര്‍ക്കു آيَةً ഒരു ദൃഷ്ടാന്തം, ലക്‌ഷ്യം وَأَعْتَدْنَا നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلظَّالِمِينَ അക്രമകാരികള്‍ക്ക് عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ
25:38
- وَعَادًا وَثَمُودَا۟ وَأَصْحَـٰبَ ٱلرَّسِّ وَقُرُونًۢا بَيْنَ ذَٰلِكَ كَثِيرًا ﴾٣٨﴿
- ‘ആദി’നെയും, ‘ഥമൂദി’നെയും, ‘റസ്സ്’കാരെയും, അതിനിടയിലായി അനേകം തലമുറകളെയും (നാം നശിപ്പിച്ചിട്ടുണ്ട്).
- وَعَادًا ആദിനെയും وَثَمُودَ ഥമൂദിനെയും وَأَصْحَابَ الرَّسِّ റസ്സുകാരെയും وَقُرُونًا തലമുറകളെയും, കാലക്കാരെയും بَيْنَ ذَٰلِكَ അതിന്നിടയില്‍ كَثِيرًا വളരെ, അനേകം
25:39
- وَكُلًّا ضَرَبْنَا لَهُ ٱلْأَمْثَـٰلَ ۖ وَكُلًّا تَبَّرْنَا تَتْبِيرًا ﴾٣٩﴿
- എല്ലാവര്‍ക്കുംതന്നെ, നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. (അവരത് നിരസിച്ചു കളഞ്ഞു;) എല്ലാവരെയും നാം പാടെ നശിപ്പിച്ചു കളയുകയും ചെയ്തു.
- وَكُلًّا എല്ലാവര്‍ക്കും ضَرَبْنَا لَهُ അവര്‍ക്കു നാം വിവരിച്ചു കൊടുത്തു, ഏര്‍പ്പെടുത്തിക്കൊടുത്തു الْأَمْثَالَ ഉദാഹരണങ്ങള്‍, ഉപമകള്‍ وَكُلًّا എല്ലാവരെയും تَبَّرْنَا നാം നശിപ്പിച്ചു, താറുമാറാക്കി تَتْبِيرًا ഒരു നശിപ്പിക്കല്‍, താറുമാറാക്കല്‍
ഹൂദ് (عليه الصلاة والسلام) നബിയുടെ സമുദായമാണ് ‘ആദ്’ ജനത. സ്വാലിഹ് (عليه الصلاة والسلام) നബിയുടെ സമുദായമാണ് ‘ഥമൂദ്’ ജനത. ‘റസ്സ്’കാര്‍ (أَصْحَابَ الرَّسِ) എന്നു പറഞ്ഞത് ഏത് ജനതയെ ഉദ്ദേശിച്ചാണെന്ന് ഖണ്ഡിതമായി നമുക്ക് പറയുവാന്‍ വയ്യ. ‘റസ്സ്’ എന്ന വാക്കിന് മതില്‍ കെട്ടപ്പെടാത്ത കിണര്‍ എന്നര്‍ത്ഥമുണ്ട്: ഒരു കിണറ്റിനരികെ (വെള്ളത്താവളത്തില്‍) വസിച്ചിരുന്നതുകൊണ്ടാണ് അവര്‍ക്ക് ഈ പേരു വന്നതെന്നു ചിലര്‍ പറയുന്നു. യമാമഃയിലോ മറ്റോ ഉള്‍പ്പെട്ട ഒരു രാജ്യമാണ് ‘റസ്സ്’ എന്നും, ആ രാജ്യക്കാരാണ് ഇവരെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. الله أعلم . ഏതായാലും, നൂഹ് (عليه الصلاة والسلام) നബിയുടെ കാലം തുടങ്ങി മുഹമ്മദ് (صلّى الله عليه وسلّم) നബിയുടെ കാലത്തിനിടയ്ക്കു മേല്‍ പറഞ്ഞവരും, അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന വളരെ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. പല ജനതയും അവരുടെ നബിമാരെ നിഷേധിക്കുകയും, അക്കാരണത്താല്‍ അല്ലാഹുവിന്റെ കോപത്തിനും ഭയങ്കര ശിക്ഷകള്‍ക്കും പാത്രമാകുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ഈ വസ്തുത ഈ മുശ്രിക്കുകളും ഓര്‍ത്തുകൊള്ളട്ടെ എന്നു ഓര്‍മ്മിപ്പിക്കുകയുമാണ് ഈ ആയത്തുകളുടെ താല്‍പര്യം.
എല്ലാവര്‍ക്കും ഉദാഹരണങ്ങള്‍ (الْأَمْثَال) വിവരിച്ചു കൊടുത്തുവെന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, ഉപമകളും ലക്ഷ്യങ്ങളും സഹിതം ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിയെന്നാകുന്നു. അത് നിഷേധിക്കുകയും, ധിക്കരിക്കുകയും ചെയ്തതു മൂലമാണ് എല്ലാവരും ശിക്ഷക്ക് വിധേയരായതും. എന്നാല്‍, എല്ലാ സമുദായങ്ങളിലെയും അംഗങ്ങള്‍ മുഴുവനും ശിക്ഷമൂലം നശിക്കുകയുണ്ടായെന്ന് ധരിച്ചുകൂടാ. മിക്ക സമുദായത്തിലും അതത് നബിമാരില്‍ വിശ്വസിച്ച ഭാഗ്യവാന്‍മാര്‍ ഏറെക്കുറെ ഉണ്ടായിട്ടുണ്ട്. അവരെല്ലാം പൊതുശിക്ഷകളില്‍നിന്ന് രക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ വസ്തുത ഖുര്‍ആനില്‍ പലേടത്തും പ്രസ്താവിച്ച് കാണാവുന്നതാണ്. നൂഹിന്റെ ജനത ‘റസൂലുകളെ’ വ്യാജമാക്കി എന്ന് (ബഹുവചന രൂപത്തില്‍) പറഞ്ഞത് ഒരു പ്രത്യേക റസൂലിനെ വ്യാജമാക്കുന്നതും, എല്ലാ റസൂലുകളെയും വ്യാജമാക്കുന്നതും ഒരുപോലെയായതുകൊണ്ടാകുന്നു. കാരണം, എല്ലാ പ്രവാചകന്‍മാരുടെയും പ്രബോധനതത്വം ഒന്നാണല്ലോ. ആ അടിസ്ഥാനത്തില്‍ തന്നെയാണ്, എല്ലാ റസൂലുകളിലും വിശ്വസിക്കല്‍ നമുക്ക് നിര്‍ബ്ബന്ധമാക്കപ്പെട്ടിരിക്കുന്നതും.
മേലെ പേരെടുത്ത് ചൂണ്ടിക്കാട്ടിയ സമുദായങ്ങളുടെ സംഭവങ്ങള്‍ ഹിജാസിലെ അറബികളെ സംബന്ധിച്ചിടത്തോളം വളരെ പരിചയം ഇല്ലാത്തവയായിരിക്കാം. എന്നാല്‍, ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ സമുദായത്തിന്റെ സംഭവം അങ്ങനെയല്ല. അതിന്റെ അറികുറികളും, ദൃഷ്ടാന്തങ്ങളും ഇന്നും വ്യക്തമാംവണ്ണം അവശേഷിക്കുന്നുണ്ട്. അറബികള്‍ അവരുടെ ഉഷ്ണകാലത്തെ (ശാമിലേക്കുള്ള) യാത്രകളില്‍ അത് കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്. ആകയാല്‍, ആ സംഭവത്തെ ഇവിടെ പ്രത്യേകം ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു:-
25:40
- وَلَقَدْ أَتَوْا۟ عَلَى ٱلْقَرْيَةِ ٱلَّتِىٓ أُمْطِرَتْ مَطَرَ ٱلسَّوْءِ ۚ أَفَلَمْ يَكُونُوا۟ يَرَوْنَهَا ۚ بَلْ كَانُوا۟ لَا يَرْجُونَ نُشُورًا ﴾٤٠﴿
- നിശ്ചയമായും, (ആ) ചീത്ത മഴ വര്‍ഷിപ്പിക്കപ്പെട്ട നാട്ടിലൂടെ അവര്‍ [അവിശ്വാസികള്‍] വന്നിട്ടുണ്ടല്ലോ. അപ്പോള്‍, അവരതു കണ്ടിരുന്നില്ലേ?! (കാണായ്കയല്ല-) പക്ഷേ, അവര്‍ പുനരുത്ഥാനത്തെ പ്രതീക്ഷിക്കാതായിരിക്കയാണ്. [അതുകൊണ്ടാണ് പലപ്പോഴും അതു കണ്ടുവന്നിട്ടും അവര്‍ ചിന്തിച്ച് പാഠം പഠിക്കാതിരിക്കുന്നത്.]
- وَلَقَدْ أَتَوْا തീര്‍ച്ചയായും അവര്‍ വന്നിട്ടുണ്ട്, ചെന്നിട്ടുണ്ടല്ലോ عَلَى الْقَرْيَةِ നാട്ടില്‍, രാജ്യത്തൂടെ الَّتِي أُمْطِرَتْ മഴ വര്‍ഷിപ്പിക്കപ്പെട്ടതായ مَطَرَ السَّوْءِ ചീത്തമഴ, ദുഷിച്ചമഴ أَفَلَمْ يَكُونُوا അപ്പോള്‍ അവരായിരുന്നില്ലേ, അവരല്ലേ يَرَوْنَهَا അതിനെ കാണും بَلْ പക്ഷേ, എങ്കിലും كَانُوا അവരാകുന്നു, ആയിരുന്നു لَا يَرْجُونَ പ്രതീക്ഷിക്കാതെ, കരുതാതെ, ഭയപ്പെടാത്ത(വര്‍) نُشُورًا പുനരുത്ഥാനത്തെ, പുനര്‍ജീവിതത്തെ
ലൂത്ത് (عليه الصلاة والسلام) നബിയുടെ ജനത നശിപ്പിക്കപ്പെടുകയും അവരുടെ രാജ്യം അടിമേലായി മറിക്കപ്പെടുകയും ചെയ്തതിനെയാണ് ഇവിടെ സൂചിപ്പിച്ചത്. അവരില്‍ അഗ്നിയാലുള്ള ഒരു ശരവര്‍ഷം ഉണ്ടായതും മറ്റും സൂറത്തുല്‍ അമ്പിയാഇല്‍ നാം വിവരിച്ചിരിക്കുന്നു. ഈ ശരവര്‍ഷത്തെപ്പറ്റിയാണ് ‘ചീത്തമഴ’ (مَطَرَ السَّوْء) എന്ന് പറഞ്ഞത്.
25:41
- وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَـٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولًا ﴾٤١﴿
- (നബിയേ) അവര്‍ നിന്നെ കാണുമ്പോള്‍, നിന്നെ ഒരു പരിഹാസപാത്രമല്ലാതെ അവര്‍ ആക്കുന്നില്ല; ‘ഇവനാണോ, അല്ലാഹു റസൂലായി നിയോഗിച്ചിട്ടുള്ളവന്‍’?!-
- وَإِذَا رَأَوْكَ അവര്‍ നിന്നെ കണ്ടാല്‍, കാണുമ്പോള്‍ إِن يَتَّخِذُونَكَ നിന്നെ അവര്‍ ആക്കുകയില്ല إِلَّا هُزُوًا പരിഹാസം (പരിഹാസപാത്രം) അല്ലാതെ أَهَـٰذَا ഇവനാണോ الَّذِي യതൊരുത്തന്‍ بَعَثَ اللَّـهُ അല്ലാഹു നിയോഗിച്ചിട്ടുള്ള رَسُولًا റസൂലായി, ദൂതനായി
25:42
- إِن كَادَ لَيُضِلُّنَا عَنْ ءَالِهَتِنَا لَوْلَآ أَن صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ ٱلْعَذَابَ مَنْ أَضَلُّ سَبِيلًا ﴾٤٢﴿
- ‘നമ്മുടെ ആരാധ്യവസ്തുക്കളില്‍നിന്ന് – നാം അവയില്‍ സ്ഥിരചിത്തത കൈക്കൊണ്ടില്ലായിരുന്നുവെങ്കില്‍ – ഇവന്‍ നമ്മെ നിശ്ചയമായും വഴിതെറ്റിച്ചുകളയുമായിരുന്നു!’ (എന്നിങ്ങിനെ പറയും). അവര്‍ ശിക്ഷയെ കാണുന്ന സമയത്ത് അവര്‍ക്കറിയാറാകും: ആരാണ് ഏറ്റവും വഴിപിഴച്ചിട്ടുള്ളവരെന്ന്!
- إِن كَادَ നിശ്ചയമായും ആയേക്കുമായിരുന്നു لَيُضِلُّنَا അവന്‍ നമ്മെ വഴി തെറ്റിക്കുക عَنْ آلِهَتِنَا നമ്മുടെ ആരാധ്യന്‍മാരില്‍ (ദൈവങ്ങളില്‍) നിന്നു لَوْلَا أَن صَبَرْنَا നാം ക്ഷമ (സ്ഥിരചിത്തത) കൈകൊണ്ടിട്ടില്ലായിരുന്നെങ്കില്‍ عَلَيْهَا അവയില്‍ وَسَوْفَ يَعْلَمُونَ അവര്‍ക്ക് അറിയാറാകും, വഴിയെ അറിയും حِينَ يَرَوْنَ അവര്‍ കാണുന്ന സമയത്തു الْعَذَابَ ശിക്ഷയെ مَنْ أَضَلُّ ആരാണ് ഏറ്റം പിഴച്ചവര്‍ سَبِيلًا മാര്‍ഗ്ഗം, വഴി
അവിശ്വാസികള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്ന പല അപവാദങ്ങളുടെയും, ആക്ഷേപങ്ങളുടെയും മാതൃകകള്‍ ഇതിനുമുമ്പ് അല്ലാഹു വിവരിച്ചു. അവകൊണ്ടൊന്നും അവര്‍ മതിയാക്കുന്നില്ല. നബി (صلى الله عليه وسلّم) തിരുമേനിയെ പരിഹസിക്കുകയും, തെറി പറയുകയും അവരുടെ സ്വഭാവമാണ്. ആ ഇനത്തില്‍പെട്ട ഒരു ഉദാഹരണമത്രെ ഈ വചനങ്ങളില്‍ കാണുന്നത്. എത്രത്തോളം പുച്ഛത്തിലും, അവഹേളന രൂപത്തിലുമാണ് അവര്‍ തിരുമേനി (صلّى الله عليه وسلّم)യോട് പെരുമാറിയതെന്ന് ഈ ഒരേ ഉദാഹരണത്തില്‍നിന്നും, അവര്‍ പ്രയോഗിച്ച വാക്കുകളില്‍നിന്നും അനുമാനിക്കാവുന്നതാണ്. അതേ സമയത്തു തന്നെ, മറ്റൊരു യാഥാര്‍ത്ഥ്യവും അതില്‍ നിഴലിച്ചുകൊണ്ടിരിക്കുന്നു. നബി (صلّى الله عليه وسلّم) തിരുമേനിയുടെ തൗഹീദിലേക്കുള്ള ക്ഷണം വളരെയധികം ഊര്‍ജ്ജിതമായിരുന്നുവെന്നും, അവരില്‍ അത് ധാരാളം അമ്പരപ്പും, കോളിളക്കവും ഉളവാക്കിയിരുന്നുവെന്നും അതില്‍നിന്ന് ധ്വനിക്കുന്നു. എന്തുതന്നെ വന്നാലും, തങ്ങളുടെ ദൈവങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്ന ഒരേ വാശിയും, സത്യം സ്വീകരിക്കുകയില്ലെന്ന മര്‍ക്കട മുഷ്ടിയുംകൊണ്ട് മാത്രമാണ് അവര്‍ നബി (صلّى الله عليه وسلّم)യില്‍ വിശ്വസിക്കാത്തത് എന്നാണല്ലോ ‘നാം അവയില്‍ സ്ഥിരചിത്തത കൈകൊണ്ടിട്ടില്ലായിരുന്നെങ്കില്‍’ (لَوْلَا أَن صَبَرْنَا عَلَيْهَا) എന്ന വാക്കുകൊണ്ട് മനസ്സിലാക്കുന്നത്. ആശ്ചര്യംതന്നെ! മര്‍ക്കടമുഷ്ടിക്കുണ്ടോ വല്ല ചികില്‍സയും?!
25:43
- أَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا ﴾٤٣﴿
- തന്റെ ഇച്ഛയെ തന്റെ ‘ഇലാഹാ’ക്കി [ആരാധ്യവസ്തുവാക്കി]വെച്ചിട്ടുള്ളവനെ നീ കണ്ടുവോ?! എന്നിരിക്കെ, നീ അവന്റെമേല്‍ ഉത്തരവാദപ്പെട്ടവനാകുമോ?!
- أَرَأَيْتَ നീ കണ്ടുവോ مَنِ اتَّخَذَ ആക്കിയവനെ إِلَـٰهَهُ തന്റെ ഇലാഹു, അവന്റെ ദൈവം, ആരാധ്യവസ്തു هَوَاهُ തന്റെ ഇച്ഛയെ, തന്നിഷ്ടത്തെ أَفَأَنتَ അപ്പോള്‍ (എന്നിരിക്കെ) നീയുണ്ടോ تَكُونُ ആകുന്നു (നീ ആകുമോ) عَلَيْهِ അവന്ന്, അവന്റെ മേല്‍ وَكِيلًا ഉത്തരവാദപ്പെട്ടവന്‍, ഭരമേറ്റവന്‍
25:44
- أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَٱلْأَنْعَـٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا ﴾٤٤﴿
- അതല്ല, അവരില്‍ അധികമാളുകളും കേള്‍ക്കുന്നുണ്ടെന്നോ, മനസ്സിരുത്തുന്നുണ്ടെന്നോ നീ വിചാരിക്കുന്നുവോ?! അവര്‍ കന്നുകാലികളെപ്പോലെയല്ലാതെ (മറ്റൊന്നും) അല്ല; അത്രയുമല്ല, അവര്‍ (അവയെക്കാള്‍) കൂടുതല്‍ വഴിപിഴച്ചവരത്രെ.
- أَمْ അതോ, അതല്ല, അല്ലാത്തപക്ഷം, അഥവാ تَحْسَبُ നീ വിചാരിക്കുന്നോ, ഭാവിക്കുന്നോ أَنَّ أَكْثَرَهُمْ അവരില്‍ അധികമാളും ആണെന്ന് يَسْمَعُونَ അവര്‍ കേള്‍ക്കുന്നു (എന്ന്) أَوْ يَعْقِلُونَ അല്ലെങ്കില്‍ മനസ്സിരുത്തുന്നു, ബുദ്ധികൊടുക്കുന്നു, ഗ്രഹിക്കുന്നു (എന്നു) إِنْ هُمْ അവരല്ല إِلَّا كَالْأَنْعَامِ കന്നുകാലികളെ (ആടുമാടൊട്ടകങ്ങളെ)പ്പോലെയല്ലാതെ بَلْ هُمْ എങ്കിലും (അത്രയുമല്ല) അവര്‍ أَضَلُّ കൂടുതല്‍ പിഴച്ചവരാണ് سَبِيلًا വഴി, മാര്‍ഗ്ഗം
പ്രമാണങ്ങളും, ലക്ഷ്യങ്ങളും വകവെക്കാതെ, ദേഹേച്ഛയും, തന്നിഷ്ടവും ആധാരമാക്കി ജീവിതം നയിക്കുന്നവന്‍ അതിനെ ഒരു തരത്തില്‍ തന്റെ ദൈവമാക്കി വെക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ളവരെ സംസ്കരിക്കുവാനോ, അവരുടെ ചുമതല ഏറ്റെടുത്തു നടത്തുവാനോ സാധ്യമാകുന്നതല്ല. കാരണം – തുടര്‍ന്ന് പറയുന്നതുപോലെ – അവര്‍ക്ക് മനസ്സാക്ഷിയും, മനുഷ്യത്വപരമായ വിവേചനവും നഷ്ടപ്പെട്ട് തനി മൃഗതുല്യരായിരിക്കുകയാണ്.
‘ജാഹിലിയ്യാ’ കാലത്ത് (ഇസ്‌ലാമിനുമുമ്പ് അജ്ഞാനകാലത്ത്) ചില ആളുകള്‍, കുറേകാലം ഒരു കല്ലിനെ ആരാധ്യവസ്തുവായി വെച്ചുകൊണ്ടിരിക്കെ അതിനെക്കാള്‍ നല്ലതായ വേറൊരു കല്ല് കാണുമ്പോള്‍, ആദ്യത്തേതിനെ ഉപേക്ഷിച്ച് ആ പുതിയ കല്ല് തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചു വരുക പതിവുണ്ടായിരുന്നു. ഇത്തരം സമ്പ്രദായത്തെ ഉദ്ദേശിച്ചാണ് ‘ഇച്ഛയെ ഇലാഹാക്കി’ എന്ന് പ്രസ്താവിച്ചിരിക്കുന്നത് എന്നത്രെ ഇബ്നു അബ്ബാസ് (رضي الله عنه) മുതലായവരുടെ അഭിപ്രായം. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്നു ജരീര്‍ (رحمة الله عليه) ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളതും. അപ്പോള്‍, തത്വദീക്ഷയുംവിവേചന ബുദ്ധിയും കൂടാതെ ആരാധ്യവസ്തുക്കളെ – വിഗ്രഹങ്ങളോ, ദേവീദേവന്‍മാരോ, മനുഷ്യരോ, പ്രതിമകളോ, ഭൂതങ്ങളോ, ചിഹ്നങ്ങളോ ഏതായാലും ശരി – സ്വീകരിക്കുന്നവരെല്ലാം ഈ ആക്ഷേപത്തിന് വിധേയരാകുന്നു.
ഇമാം ഇബ്നുകഥീര്‍ (ابن كثير -رحمة الله عليه) ഇതിനെക്കാള്‍ വിപുലമായ ഒരര്‍ത്ഥത്തിലാണ് ഈ വാക്യം വ്യാഖ്യാനിച്ചിരിക്കുന്നത്. ‘ഏതെങ്കിലും ഒരു കാര്യം ഒരാള്‍ക്ക് നന്നായി തോന്നുകയും, തന്റെ ഇച്ഛയുടെ അടിസ്ഥാനത്തില്‍ അത് നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താല്‍, ആ കാര്യം തന്റെ മതവും, ആദര്‍ശവുമായി കണക്കാക്കുക.’ ഇതാണ് അദ്ദേഹം ‘ഇച്ഛയെ ഇലാഹാക്കുക’ എന്നതിനു കൊടുത്ത വ്യാഖ്യാനം. ഇച്ഛക്കൊത്ത ആശയാദര്‍ശങ്ങളും, തന്നിഷ്ടത്തിനനുകൂലമായ പ്രസ്ഥാനങ്ങളും സിദ്ധാന്തങ്ങളും സ്വീകരിക്കുന്നവരും, സൗഖ്യജീവിതം, ആഡംബരം, സമ്പത്ത്, പ്രേമം, കാമം, വിനോദം, പന്തയം ആദിയായവയില്‍ മനം ലയിച്ചവരും ഈ രണ്ടാമത്തെ വ്യാഖ്യാനപ്രകാരം അതതിനെ ഇലാഹാക്കിയവരാണെന്ന് പറയാം. ഇതേ അടിസ്ഥാനത്തില്‍തന്നെയാണ് നബി (صلّى الله عليه وسلّم) ഇങ്ങിനെ അരുളിച്ചെയ്തതും: تَعِسَ عبدُ الدينارِ ، وعبدُ الدرهمِ ، وعبدُ الخميصةِ ، إن أُعْطِي رَضِيَ ، وإن لم يُعْطَ سَخِطَ …. الح – رواه البخاري : പൊന്‍പണത്തിന്റെ അടിമയും, വെള്ളിപ്പണത്തിന്റെ അടിമയും, പട്ടുപുതപ്പിന്റെ (സുഖപ്രിയനായ) അടിമയും കഷ്ടനഷ്ടത്തില്‍ പെട്ടുപോയി. അവന് (ഉദ്ദേശിച്ചത്) കിട്ടിയാല്‍ തൃപ്തിപ്പെടും, കിട്ടിയില്ലെങ്കില്‍ കുപിതനാകും…. എന്ന് സാരം.
രണ്ടാമത്തെ വചനം, ഇത്തരക്കാര്‍ വാസ്തവത്തില്‍ മനുഷ്യപ്രായരല്ലെന്നും, മൃഗപ്രായരാണെന്നും അത്രയുമല്ല, അതിനെക്കാള്‍ നികൃഷ്ടരാണെന്നുതന്നെ – സമര്‍ത്ഥിക്കുകയാണ്. പ്രത്യക്ഷത്തില്‍ അവര്‍ക്ക് വിശേഷ ബുദ്ധിയുണ്ട്. കേള്‍ക്കുന്ന കാതുകളുമുമുണ്ട്. പക്ഷെ, ഉപദേശങ്ങളും, ദൃഷ്ടാന്തങ്ങളും അവര്‍ ചെവിക്കൊണ്ട് ഗ്രഹിക്കുന്നില്ല. സത്യാസത്യങ്ങളും, ന്യായാന്യായങ്ങളും ചിന്തിച്ച് മനസ്സിലാക്കുന്നുമില്ല. ഈ നിലക്ക് അവര്‍ ആടുമാടുകള്‍ക്ക് സമമാണ്. എന്നാല്‍, അല്പംകൂടി മുന്നോട്ടുപോയി ആലോചിക്കുന്നതയാല്‍, മൃഗങ്ങള്‍ താരതമ്യേന ഇവരിലും ഭേദമാകുന്നു. എന്തുകൊണ്ടെന്നാല്‍, അവക്ക് വിശേഷബുദ്ധിയും, വിവേചനശക്തിയുമില്ല. എന്നിട്ടുപോലും, അവയുടെ നിത്യവൃത്തികള്‍ അവ യഥാവിധി നിര്‍വ്വഹിക്കുന്നു; അവയുടെ പ്രകൃതിക്ക് യോജ്യമാംവണ്ണം ഓരോന്നും, അതതിന്റെ രക്ഷാമാര്‍ഗ്ഗം തേടുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു; അതതിനെ പോറ്റുന്ന യജമാനന്റെ ആജ്ഞയനുസരിച്ച് വര്‍ത്തിക്കുകയും ചെയ്യുന്നു. അവ സത്യവിശ്വാസികളല്ലെങ്കില്‍ സത്യനിഷേധികളുമല്ല. അതേ സമയത്ത് ഈ ഇച്ഛാപൂജകന്‍മാരാകട്ടെ, അവരുടെ സൃഷ്ടാവും, അന്നദാതാവും, നിയന്താവും, രക്ഷിതാവുമായ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല; അവന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ മാനിക്കുന്നുമില്ല; അവനോട് കൂറും ഭക്തിയും കാണിക്കുന്നുമില്ല; വരുവാനിരിക്കുന്ന മഹാവിപത്തുകളെപ്പറ്റി ചിന്തിക്കുന്നുമില്ല. അപ്പോള്‍, നിശ്ചയമായും അവര്‍ കന്നുകാലിമൃഗങ്ങളെക്കാള്‍ വഴിപിഴച്ചവരാണെന്നുള്ളതില്‍ സംശയമില്ല.
തുടര്‍ന്നുള്ള കുറെ ആയത്തുകളില്‍, അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യത്തെയും നിത്യാനുഗ്രഹങ്ങളെയും സ്ഥാപിക്കുന്ന അഞ്ച് പ്രധാന പ്രകൃതിദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു. അവ ഓരോന്നും, അല്‍പമെങ്കിലും ബുദ്ധികൊടുത്ത് ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന പരമാര്‍ത്ഥങ്ങളാകുന്നു. ഒന്നാമത്തേത്:-
വിഭാഗം – 5
25:45
- أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُۥ سَاكِنًا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًا ﴾٤٥﴿
- (മനുഷ്യാ) നിന്റെ രക്ഷിതാവിങ്കലേക്ക് – എങ്ങനെയാണ് അവന്‍ നിഴലിനെ വ്യാപിപ്പിച്ചതെന്ന് – നീ നോക്കുന്നില്ലേ?! അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അതിനെ നിശ്ചലമാക്കുമായിരുന്നു. പിന്നെ, നാം (അല്ലാഹു) സൂര്യനെ അതിന് ലക്ഷ്യമാക്കി (അടയാളമാക്കി)യിരിക്കുന്നു;
- أَلَمْ تَرَ നീ നോക്കുന്നില്ലേ, കാണുന്നില്ലേ إِلَىٰ رَبِّكَ നിന്റെ രക്ഷിതാവിങ്കലേക്കു كَيْفَ എങ്ങനെയാണ് مَدَّ അവന്‍ വ്യാപിപ്പിച്ചിരിക്കുന്നതു, നീട്ടിയിരിക്കുന്നതു (എന്നു) الظِّلَّ നിഴലിനെ, തണലിനെ وَلَوْ شَاءَ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَجَعَلَهُ അതിനെ അവന്‍ ആക്കുമായിരുന്നു سَاكِنًا നിശ്ചലം, അടങ്ങിയതു ثُمَّ പിന്നെ جَعَلْنَا നാം ആക്കി الشَّمْسَ സൂര്യനെ عَلَيْهِ അതിനു, അതിന്‍മേല്‍ دَلِيلًا ലക്‌ഷ്യം, അടയാളം, അറിയിക്കുന്നതു
25:46
- ثُمَّ قَبَضْنَـٰهُ إِلَيْنَا قَبْضًا يَسِيرًا ﴾٤٦﴿
- പിന്നീട്, നമ്മുടെ അടുക്കലേക്ക് നാം അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു (ചുരുക്കി) കൊണ്ടുവരുകയും ചെയ്യുന്നു.
- ثُمَّ قَبَضْنَاهُ പിന്നെ നാം അതിനെ പിടിച്ചു, പിടിച്ചെടുത്തു إِلَيْنَا നമ്മിലേക്ക് قَبْضًا ഒരു പിടുത്തം يَسِيرًا കുറേശ്ശെ, ലഘുവായി, അല്പമായ
الظِّلّ (ള്വില്ല്) എന്ന പദത്തെയാണ് ‘നിഴല്‍’ എന്ന് വിവര്‍ത്തനം ചെയ്തത്. ‘തണല്‍, ഛായ, പ്രതിച്ഛായ, പ്രതിബിംബം എന്നൊക്കെ അതിന് അര്‍ത്ഥം വരും. പ്രഭാതം മുതല്‍ സൂര്യോദയം വരെ ഭൂമിയില്‍ വ്യാപകമായി തണലുണ്ടായിരിക്കും. ഉദയത്തോടുകൂടി തണല്‍ നീങ്ങി വെയില്‍ പ്രത്യക്ഷമാകുന്നു. അപ്പോഴാണ് അതിനു മുമ്പത്തെ അവസ്ഥാവിശേഷം തികച്ചും വേര്‍തിരിച്ചറിയുവാന്‍ കഴിയുക. ഒന്നിന്റെ എതിരുവശം കാണുമ്പോഴാണല്ലോ മുന്‍സ്ഥിതി കൂടുതല്‍ വ്യക്തമാകുന്നത്. (*). അനന്തരം – ഉദയം കഴിഞ്ഞാല്‍ അസ്തമനം വരെ – സ്ഥൂലവസ്തുക്കള്‍ക്കെല്ലാം നിഴല്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. സൂര്യനില്ലായിരുന്നുവെങ്കില്‍ അതറിയപ്പെടുമായിരുന്നില്ല. ഈ രണ്ടിനും പുറമെ മൂന്നാമതൊരു തരം നിഴലും നാം കണ്ടുകൊണ്ടിരിക്കുന്നു. അതത്രെ, കൂടുതല്‍ വ്യാപകമായത്. ഭൂമിയുടെ പകുതിഭാഗം നിത്യേന സൂര്യന് പ്രതിമുഖമായി നിന്ന്, നിഴല്‍ മൂടിക്കൊണ്ടിരിക്കുന്നു. അഥവാ രാത്രിയായിക്കൊണ്ടിരിക്കുന്നു. സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതോടൊപ്പം രാത്രിയാകുന്ന നിഴലും പകലും തമ്മില്‍ വേര്‍തിരിയുന്നു. ഏതുതരം നിഴലോ തണലോ ആയിരുന്നാലും ശരി, അതിനെ കാഴ്ചയില്‍ വേര്‍തിരിച്ചു കാട്ടിത്തരുന്ന ലക്‌ഷ്യം സൂര്യനത്രെ. സൂര്യനില്ലായിരുന്നെങ്കില്‍, ലോകം സദാ ഒരേ അവസ്ഥയില്‍ത്തന്നെ നിഴല്‍മൂടി അവശേഷിക്കുമായിരുന്നു. മേല്‍പ്പറഞ്ഞതിനെക്കാള്‍ വിപുലമായ ഒരു നിഴലും ഇവിടെ വിഭാവനം ചെയ്യാവുന്നതാണ്. ഭൂമിയെയും, ചന്ദ്രനെയും പോലെ സ്വയം പ്രകാശിതമല്ലാത്ത ഗോളങ്ങള്‍ വാസ്തവത്തില്‍ ഇരുളും, നിഴലും നിറഞ്ഞവയാണ്. നമ്മുടെ സൂര്യനടക്കം നഭോമണ്ഡലത്തിലുള്ള അനേകായിരം സൂര്യഗോളങ്ങള്‍ സ്വയംപ്രകാശിതങ്ങളുമാണ്. നമ്മുടെ സൂര്യനില്‍ നിന്നാണ് നമ്മുടെ ഭൂമിക്കും മറ്റുചില ഗോളങ്ങള്‍ക്കും വെളിച്ചം കിട്ടുന്നത്. സൂര്യനില്ലാത്തപക്ഷം, ഭൂമിയും ചന്ദ്രനുമെല്ലാം നമുക്ക് ഗോചരങ്ങളാകുമായിരുന്നില്ല.
(*). وبِضِدّها تَتَبَيّنُ الأشْياءُ (എതിരുവശം കൊണ്ടാണ് വസ്തുക്കള്‍ പ്രത്യക്ഷത്തില്‍ തിരിച്ചറിയുന്നത്) എന്നൊരു കവി പറഞ്ഞത് വാസ്തവം.
സൂര്യന്‍ ഇല്ലെന്നോ, അതിന് സഞ്ചാരമില്ലെന്നോ, അല്ലെങ്കില്‍ പ്രകാശമില്ലെന്നോ സങ്കല്പിക്കുക, അതുമല്ലെങ്കില്‍ ഭൂമിയും സൂര്യനെപ്പോലെ പ്രകാശമയമാണെന്ന് വെക്കുക: എന്നാല്‍ ഈ ലോകപ്രകൃതിയില്‍ നേരിടാനിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കും?! ആലോചിച്ച് നോക്കുക. മനുഷ്യരാല്‍ അത് നിര്‍ണ്ണയിക്കുക സാദ്ധ്യമല്ല. രാപ്പകല്‍ ഇല്ലാതാകുന്നു. ചൂടും തണുപ്പും വ്യത്യാസപ്പെടുന്നു. സമയനിര്‍ണ്ണയം അസാദ്ധ്യമാകുന്നു. അങ്ങിനെ പലതും. ചുരുക്കത്തില്‍ ലോകവ്യവസ്ഥ പാടെ വ്യത്യാസപ്പെടും. അതുപോലെത്തന്നെ, കറുത്തിരുണ്ട അര്‍ദ്ധരാത്രി മാറി ഒരു നൊടിയിടയില്‍ പെട്ടന്ന് പ്രകാശം തിളങ്ങുന്ന മദ്ധ്യാഹ്നം അനുഭവപ്പെടുകയോ, അല്ലെങ്കില്‍ മറിച്ചോ സംഭവിക്കുന്നുവെന്ന് സങ്കല്‍പിക്കുക! വിവിധ രംഗങ്ങളില്‍ സ്വൈര്യവിഹാരം കൊള്ളുന്ന – അനേകതരം ജോലിത്തിരക്കുകളില്‍ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന – ജനകോടികളുടെ ജീവിതത്തില്‍ അതെന്തുമാത്രം സംഭ്രമജനകമായിരിക്കുമെന്ന് നമുക്ക് ഊഹിക്കുവാന്‍ പോലും പ്രയാസം. ‘അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ അതിനെ (നിഴലിനെ) നിശ്ചലമാക്കുമായിരുന്നു’ എന്നും, പിന്നീട് നമ്മുടെ അടുക്കലേക്ക് അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു കൊണ്ടുവരുകയും ചെയ്യുന്നു എന്നും അല്ലാഹു പറഞ്ഞതിന്റെ രഹസ്യം ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്.
ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉറ്റാലോചിക്കുമ്പോഴാണ്, ഈ സൂറത്തിലെ 2-ാം വചനത്തില്‍ ‘എല്ലാ വസ്തുവെയും അവന്‍ സൃഷ്ടിച്ച് അതിന് ശരിയായ നിര്‍ണ്ണയം ചെയ്തിരിക്കുന്നു’ (وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا) എന്നതു പോലെയുള്ള ഖുര്‍ആന്‍ വചനങ്ങളുടെ അന്തരംഗത്തിന്റെ വിശാലതയും, അര്‍ത്ഥവ്യാപ്തിയും നമുക്ക് ഏറെക്കുറെ ഗ്രഹിക്കുവാന്‍ സാധ്യമാകുക. والله الموفق. അടുത്ത വചനത്തില്‍ രണ്ടാമത്തെ ദൃഷ്ടാന്തത്തെക്കുറിച്ച് പ്രസ്താവിക്കുന്നു:-
25:47
- وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِبَاسًا وَٱلنَّوْمَ سُبَاتًا وَجَعَلَ ٱلنَّهَارَ نُشُورًا ﴾٤٧﴿
- അവനത്രെ, നിങ്ങള്‍ക്ക് രാത്രിയെ ഒരു വസ്ത്രവും, ഉറക്ക് ഒരു വിശ്രമവും (അഥവാ മരണവും) ആക്കിത്തന്നിട്ടുള്ളവന്‍. പകലിനെ അവന്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പും (അഥവാ വ്യാപാരയോഗ്യവും) ആക്കിയിരിക്കുന്നു.
- وَهُوَ الَّذِي അവനാണു യാതൊരുവന്‍ جَعَلَ അവന്‍ ആക്കി لَكُمُ നിങ്ങള്‍ക്ക് اللَّيْلَ രാത്രിയെ لِبَاسًا വസ്ത്രം, ഉടുപ്പ് وَالنَّوْمَ ഉറക്കിനെ سُبَاتًا വിശ്രമം, ആശ്വാസം, നിശ്ചലാവസ്ഥ وَجَعَلَ അവന്‍ ആക്കുകയും ചെയ്തു النَّهَارَ പകലിനെ نُشُورًا എഴുന്നേല്‍പ്പ്, പുനരെഴുന്നേല്‍പ്പ്, പുറപ്പാട്, ഉയിര്‍ത്തെഴുന്നേല്‍പ്പ്
വസ്ത്രം മനുഷ്യന് നഗ്നത മറയ്ക്കുവാനും, ദേഹരക്ഷക്കും ഉപകരിക്കുന്നു. അതുപോലെത്തന്നെ രാത്രിയും നമുക്ക് മറവും രക്ഷയും നല്‍കുന്നു. വസ്ത്രം അത് ധരിച്ച വ്യക്തിക്കുമാത്രം ഉപകരിക്കുന്നുവെങ്കില്‍, രാത്രിയാകുന്ന വസ്ത്രം പൊതുവില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്നു. ഉറക്കാകട്ടെ, അതൊരു വിശ്രമമാണ്. ഒരു കണക്കില്‍ അത് ഒരുതരം മരണമാണെന്നു പറയാം. കുറെ നേരത്തേക്ക് അത് നമ്മുടെ ചലനങ്ങളും, പ്രവര്‍ത്തനങ്ങളും, ഗ്രഹണേന്ദ്രിയങ്ങളും അടക്കിവെച്ച് നമ്മെ നിശ്ചേഷ്ടരാക്കുന്നു. ഈ അവസരത്തില്‍ നമുക്ക് പദാര്‍ത്ഥലോകവുമായി ബോധപൂര്‍വ്വമായ ഒരു ബന്ധവുമില്ലാതാകുന്നു. വല്ല ബന്ധവും ഉണ്ടെങ്കില്‍ അത് സ്വപ്നം വഴി ആത്മീയലോകത്തോടായിരിക്കും. ഈ നിലക്ക് നിദ്ര ഒരു മരണം തന്നെ. മുമ്പുണ്ടായിരുന്ന ശാരീരികവും മാനസികവുമായ ക്ഷീണവും തളര്‍ച്ചയും മാറ്റി ഒരു പുതിയ ഉന്മേഷവും ചൈതന്യവും വീണ്ടെടുക്കുവാനും, പരിഹാരം കാണാതെ തലയിലേറ്റി നടക്കുന്ന എത്രയോ വിചാരവികാരാദിശല്യങ്ങളെ അല്‍പനേരം ഒരു അത്താണിയില്‍ ഇറക്കിവെച്ച് ആത്മാവിന് സ്വൈര്യവിഹാരം നടത്താനും നിദ്ര സഹായിക്കുന്നു – അല്ല, നിര്‍ബ്ബന്ധിക്കുന്നു. ഈ നിലക്ക് അതൊരു വമ്പിച്ച വിശ്രമവും ആകുന്നു. കുറച്ചു ദിവസമോ, മണിക്കൂറുകളോ ഉറങ്ങുവാന്‍ കഴിയാതെ വന്നാലത്തെ ദുരവസ്ഥ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഉറങ്ങുവാന്‍ പറ്റിയ മറവും, സ്വസ്ഥതയും, അനുകൂലമായ പൊതു പരിതസ്ഥിതികളും രാത്രിയിലാണുള്ളത്. അങ്ങനെ, അല്ലാഹു നമുക്ക് രാത്രിയെ വസ്ത്രവും, നിദ്രയെ വിശ്രമവുമാക്കിത്തന്നിരിക്കുകയാണ്.
മനുഷ്യന്‍ – ഇതരജീവികളെപ്പോലെത്തന്നെ – അവന്റെ ഉപജീവനമാര്‍ഗ്ഗം അന്വേഷിക്കേണ്ടതുണ്ട്. അല്ല, അവന് ആയിരമായിരം തുറകളില്‍ വ്യാപരിക്കുകയും, വിഹരിക്കുകയും വേണം – വിശ്രമിച്ചാല്‍ മാത്രം പോര. അതുകൊണ്ട് സമയമെല്ലാം രാത്രിയായിരുന്നാല്‍ അവന് ജീവിക്കുക സാദ്ധ്യമല്ല. അവന്റെ ആവശ്യങ്ങള്‍ ഭൂമി മുഴുവനും പരന്നുകിടക്കുകയാണ്. അല്ല, അന്തരീക്ഷത്തിലും ഉപരിയാകാശത്തും അവന് സഞ്ചരിക്കേണ്ടിവരും. ഇതിനായി അല്ലാഹു അവന് പകലിനെ പ്രദാനംചെയ്യുകയും, അവന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുമാറ് അതിനെ പാകപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അങ്ങനെ അനുദിനം രാത്രിയില്‍ നിദ്രയാകുന്ന മരണവിശ്രമം ആസ്വദിച്ചശേഷം അതില്‍ നിന്ന് പ്രഭാതവേളയില്‍ അവന്‍ പുനരെഴുന്നേല്‍ക്കുകയും, അടുത്ത രാത്രിവരെ ജീവിതയാത്ര തുടര്‍ന്നു കൊണ്ടിരിക്കുകയുമാണ്. മൂന്നാമത്തെ ദൃഷ്ടാന്തം ഇതാണ്:-
25:48
- وَهُوَ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۚ وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُورًا ﴾٤٨﴿
- തന്റെ (മഴവര്‍ഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പില്‍, സന്തോഷവാര്‍ത്തയെന്ന നിലക്ക് കാറ്റുകളെ അയച്ചിട്ടുള്ളവനും അവന്‍ [അല്ലാഹു] തന്നെ. ആകാശത്തുനിന്നും നാം [അല്ലാഹു] വളരെ ശുദ്ധമായ ജലം ഇറക്കുകയും ചെയ്തിരിക്കുന്നു;
- وَهُوَ അവന്‍തന്നെയാണ് الَّذِي أَرْسَلَ അയച്ചവന്‍, നിയോഗിച്ചവന്‍ الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷ വാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍, മുന്നില്‍ رَحْمَتِهِ അവന്റെ കാരുണ്യത്തിന്റെ (മഴയുടെ) وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്ന് (ഉപരിഭാഗത്ത് നിന്ന്) مَاءً വെള്ളം طَهُورًا അതിശുദ്ധമായ
25:49
- لِّنُحْـِۧىَ بِهِۦ بَلْدَةً مَّيْتًا وَنُسْقِيَهُۥ مِمَّا خَلَقْنَآ أَنْعَـٰمًا وَأَنَاسِىَّ كَثِيرًا ﴾٤٩﴿
- നിര്‍ജ്ജീവമായ രാജ്യത്തെ അതുകൊണ്ട് നാം ജീവിപ്പിക്കുവാനും, നാം സൃഷ്ടിച്ചുണ്ടാക്കിയതില്‍പെട്ട കന്നുകാലികള്‍ക്കും, വളരെ അധികം ജനങ്ങള്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടിയത്രെ (അത്).
- لِّنُحْيِيَ നാം ജീവിപ്പിക്കുവാന്‍ വേണ്ടി بِهِ അതുകൊണ്ട് بَلْدَةً രാജ്യത്തെ مَّيْتًا നിര്‍ജ്ജീവമായ وَنُسْقِيَهُ അതിനെ കുടിപ്പിക്കുവാനും, കുടിപ്പാന്‍ കൊടുക്കുവാനും مِمَّا خَلَقْنَا നാം സൃഷ്ടിച്ചതില്‍പെട്ട أَنْعَامًا കന്നുകാലികള്‍ക്ക് وَأَنَاسِيَّ മനുഷ്യര്‍ക്കും كَثِيرًا വളരെയധികം
25:50
- وَلَقَدْ صَرَّفْنَـٰهُ بَيْنَهُمْ لِيَذَّكَّرُوا۟ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا ﴾٥٠﴿
- അവര്‍ ആലോചിച്ചു നോക്കേണ്ടതിനായി, നിശ്ചയമായും അവര്‍ക്കിടയില്‍ നാം അതിനെ കൈകാര്യം ചെയ്തിരിക്കുന്നു. എന്നാല്‍, ജനങ്ങളില്‍ അധികഭാഗവും നന്ദികേട് ചെയ്‌വാനല്ലാതെ (മറ്റൊന്നും) കൂട്ടാക്കാതിരിക്കുകയാണ്!
- وَلَقَدْ തീര്‍ച്ചയായും, തിട്ടമായും صَرَّفْنَاهُ അതിനെ നാം വിഹിതം ചെയ്തു, കൈകാര്യം ചെയ്തു بَيْنَهُمْ അവര്‍ക്കിടയില്‍ لِيَذَّكَّرُوا അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി فَأَبَىٰ എന്നാല്‍ വിസമ്മതിച്ചു, കൂട്ടാക്കാതായി أَكْثَرُ النَّاسِ ജനങ്ങളില്‍ അധികവും إِلَّا كُفُورًا നന്ദികേടിനെയല്ലാതെ
അല്ലാഹുവിന്റെ കണക്കറ്റ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ അതിമഹത്തായ ഒരനുഗ്രഹമത്രെ മഴവര്‍ഷം. അതുകൊണ്ടാണ് മഴയെ ഉദ്ദേശിച്ച് ‘അവന്റെ കാരുണ്യം’ (رَحْمَتِه) എന്ന് പറഞ്ഞത്. മഴ വര്‍ഷിക്കുവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയെന്നോണം, മഴക്കുമുമ്പായി കാറ്റുവീശുക പതിവാണല്ലോ. മഴവെള്ളംകൊണ്ട് അനേകം ഗുണങ്ങളുള്ളതില്‍ പ്രധാനമായ മൂന്നു ഗുണങ്ങളെ അല്ലാഹു ഇവിടെ അനുസ്മരിപ്പിക്കുന്നു.
1). അത് വളരെ ശുദ്ധമായത് (طَهُورًا) ആകുന്നു. വൈദ്യശാസ്ത്രത്തിലും, ജീവശാസ്ത്രത്തിലും, ആരോഗ്യരംഗത്തുമെല്ലാം ശുദ്ധജലത്തിനുള്ള സ്ഥാനം വമ്പിച്ചതാകുന്നു. പ്രായോഗിക രംഗത്ത് ഇതരവസ്തുക്കളെ അപേക്ഷിച്ച് ജലത്തിന്റെ ശുദ്ധത കവിഞ്ഞു നില്‍ക്കുന്നു. ആകയാല്‍, ബാഹ്യമായ മാലിന്യങ്ങളില്‍നിന്നും, ആന്തരികമായ മാലിന്യങ്ങളില്‍നിന്നും, ശുദ്ധി വരുത്തുന്ന ഒരു പദാര്‍ത്ഥമത്രെ വെള്ളം. ഭൂവിഭവങ്ങളില്‍ മറ്റൊന്നിനും തന്നെ ഈ ശുദ്ധീകരണശക്തി കാണപ്പെടുന്നില്ല. മുഖവും കൈകാലുകളും ഒന്ന് കഴുകിയാല്‍ അഴുക്കും ചെളിയും നീങ്ങുന്നതുപോലെത്തന്നെ, ക്ഷീണം, കോപം, താപം ആദിയായവയും നീങ്ങി ഉന്മേഷവും, പ്രസന്നതയും, മനസ്സമാധാനവും അനുഭവപ്പെടുന്നു. ‘വുദു’വും, കുളിയും (الوضوء والغسل) ശാരീരിക ശുദ്ധിയോടൊപ്പം ആത്മീയ ശുദ്ധിയും ഉണ്ടാകുമെന്ന് ഹദീസുകളിലും മറ്റും കാണാവുന്നത് സ്മരണീയമാണ്. അനുഭവങ്ങളും അതിനെ സാക്ഷീകരിക്കുന്നു. 2) ജീവചൈതന്യം, അഥവാ ഉല്‍പാദനയോഗ്യതയില്ലാത്ത ഭൂമിയെ അത് ചൈതന്യവും ജീവസ്സുമുള്ളതാക്കുന്നു. 3) മനുഷ്യകോടികള്‍ക്കും, അവരുടെ കൃഷി ഉപകരണവും ഭക്ഷ്യവസ്തുവമായ കാലിസമ്പത്തുകള്‍ക്കും കുടിക്കാനും, കുളിക്കാനും മറ്റു പല ആവശ്യങ്ങള്‍ക്കും അത് അനിവാര്യമാകുന്നു. ഈയൊരനുഗ്രഹത്തിന്റെ മഹത്വത്തെപ്പറ്റി ചിന്തിച്ചറിയുവാന്‍ ഇടവരാത്തവരുണ്ടെങ്കില്‍, ദാഹവേളയില്‍ അല്‍പനേരത്തേക്ക് വെള്ളം കിട്ടാതിരുന്നാല്‍ അവര്‍ക്കത് ബോധ്യപ്പെടുന്നതാണ്.
എല്ലാവര്‍ക്കും പൊതുവില്‍ സുഭിക്ഷം ലഭിക്കത്തക്കവണ്ണം – ഓരോ നാട്ടിന്റെയും സ്വഭാവ വിശേഷതക്കനുസരിച്ച് – അല്ലാഹു മഴ വര്‍ഷത്തെ വിഹിതം ചെയ്ത് കൈകാര്യം നടത്തിവരുന്നു. ചിലേടങ്ങളില്‍ കൊല്ലത്തില്‍ ആറുമാസം, ചിലേടങ്ങളില്‍ രണ്ടുമൂന്ന് മാസം. മറ്റു ചിലേടത്ത് കൊല്ലത്തില്‍ ഒരു പ്രാവശ്യം – ഇങ്ങിനെ വിവിധ തരത്തില്‍ – അവന്‍ മഴ വര്‍ഷിപ്പിക്കുന്നു. ഓരോ പ്രദേശത്തിന്റേയും പക്വതയും, പാകതയും, ആവശ്യവും നോക്കി വിഹിതം ചെയ്തിരിക്കയാണ്. ഭൂലോകത്ത് ഈ അനുഗ്രഹങ്ങള്‍ സര്‍വ്വോപരി ആസ്വദിച്ചും ഉപയോഗപ്പെടുത്തിയും വരുന്ന ഏക ബുദ്ധിജീവിയായ മനുഷ്യന് വളരെയേറെ ചിന്തിക്കുവാനും ഉറ്റാലോചിക്കുവാനും അതില്‍ വകയുണ്ട്. അവന്‍ അതിന് കടമപ്പെട്ടവനുമത്രെ. അതിന്റെ പേരില്‍ മാത്രം അവന്‍ അല്ലാഹുവിനോട് വളരെ നന്ദിയും കൂറും കാണിക്കേണ്ടതുണ്ട്. വല്ലപ്പോഴും മഴയുടെ ആധിക്യമോ, പോരായ്മയോ കാരണം അവന് ദോഷം ഭവിക്കുന്ന പക്ഷം – അതിന് ഏറെക്കുറെ കാരണം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആയിരിക്കുന്നതുമാണ് – ആയവസരത്തില്‍ അവന്‍ അല്ലാഹുവിന്റെ മുമ്പില്‍ പശ്ചാത്തപിച്ച് വിനയപൂര്‍വ്വം കൈമലര്‍ത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്.
പക്ഷേ, ചിലര്‍ അതെല്ലാം പ്രകൃതിയുടെ കനിവോ, കോപമോ ആയി വ്യാഖ്യാനിക്കുന്നു. ചിലര്‍ ഗ്രഹഫലവും, ഗ്രഹപ്പിഴയുമായി – അല്ലെങ്കില്‍ ഞാറ്റുവേലയുടെ ഗുണദോഷങ്ങളായി – വിശ്വസിക്കുന്നു മറ്റു ചിലര്‍ കണ്ണടച്ചുംകൊണ്ട് എല്ലാം ചില ആകസ്മിക സംഭവങ്ങളായോ, അല്ലെങ്കില്‍ പരിഗണനീയമല്ലാത്ത നിസ്സാര സംഭവങ്ങളായോ ധരിച്ചുപോകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഈ മഹല്‍പ്രവര്‍ത്തങ്ങളുടെ പിന്നില്‍ സ്ഥിതി ചെയ്യുന്ന അപാരമായ – അദൃശ്യമായ – ആ മഹാശക്തിയെപ്പറ്റി മിക്ക മനുഷ്യരും ആലോചിക്കുന്നില്ല. അവനോട് നന്ദിയും ഭക്തിയും കാണിക്കുന്നുമില്ല. (فَأَبَىٰ أَكْثَرُ النَّاسِ إِلَّا كُفُورًا). നമ്മെയെല്ലാം അല്ലാഹു, അവനോട് നന്ദിയും ഭക്തിയുമുള്ള സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
രാത്രിയില്‍ ഒരു മഴ പെയ്തതിനെത്തുടര്‍ന്ന് രാവിലെ സുബ്ഹ് (الصبح) നമസ്കാരാനന്തരം – ഹുദൈബിയ്യയില്‍വെച്ച് – ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് നബി (صلّى الله عليه وسلّم) തിരുമേനി ചോദിക്കുകയുണ്ടായി: ‘നിങ്ങളുടെ റബ്ബ് എന്ത് പറയുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?’ അവര്‍ ഉത്തരം പറഞ്ഞു: ‘അല്ലാഹുവിനും, അവന്റെ റസൂലിനും അറിയാം,’ അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തു:
قَالَ : أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ بِي ، فَأَمَّا مَنْ قَالَ : مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي كَافِرٌ بِالْكَوْكَبِ ، وَأَمَّا مَنْ قَالَ : مُطِرْنَا بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي مُؤْمِنٌ بِالْكَوْكَبِ – متفق عليه
സാരം: അല്ലാഹു പറയുന്നു: നേരം പുലര്‍ന്നപ്പോള്‍ എന്റെ അടിയാന്‍മാരില്‍, എന്നില്‍ വിശ്വസിക്കുന്നവരും എന്നില്‍ അവിശ്വസിക്കുന്നവരും ഉണ്ടായിത്തീര്‍ന്നിരിക്കുന്നു. അതായത്: ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടും, കാരുണ്യംകൊണ്ടും മഴ പെയ്തുകിട്ടി എന്നു പറയുന്നതാരോ അവര്‍ എന്നില്‍ വിശ്വസിക്കുന്നവരും, നക്ഷത്രങ്ങളില്‍ അവിശ്വസിക്കുന്നവരുമാകുന്നു. ഞങ്ങള്‍ക്ക് ഇന്നിന്ന ഞാറ്റുവേല – അഥവാ ഗ്രഹപകര്‍ച്ച – മൂലം മഴ പെയ്തുവെന്ന് പറയുന്നതാരോ അവര്‍ എന്നില്‍ അവിശ്വസിച്ചവരും, നക്ഷത്രങ്ങളില്‍ വിശ്വസിക്കുന്നവരുമത്രെ. (ബു. മു).
‘നാം അതിനെ കൈകാര്യം ചെയ്തു’ (صَرَّفْنَاهُ) എന്ന വാക്കിലെ സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം മഴവെള്ളമാണെന്ന അടിസ്ഥാനത്തിലാണ് നാം ഈ വിവരണം നല്‍കിയിട്ടുള്ളത്. മേല്‍ പ്രസ്താവിക്കപ്പെട്ട കാര്യം – അഥവാ മുകളില്‍ വിവരിച്ച ദൃഷ്ടാന്തങ്ങള്‍ – ആണ് ഇവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. വേറെ ചിലര്‍ ഖുര്‍ആനാണ് ഉദ്ദേശ്യമെന്നും പറയുന്നുണ്ട്. ഈ രണ്ടഭിപ്രായമനുസരിച്ചും ഈ വാക്കിന്റെ അര്‍ത്ഥം ‘നാം ആവര്‍ത്തിച്ച് വിവരിച്ചു’ എന്നായിരിക്കും. ഈ പദത്തിന് അങ്ങിനെയും അര്‍ത്ഥം വരാം. الله أعلم
25:51
- وَلَوْ شِئْنَا لَبَعَثْنَا فِى كُلِّ قَرْيَةٍ نَّذِيرًا ﴾٥١﴿
- നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ രാജ്യത്തിലും ഓരോ മുന്നറിയിപ്പുകാരനെ (പ്രവാചകനെ) നാം നിയോഗിക്കുമായിരുന്നു.
- وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَبَعَثْنَا നാം നിയോഗിക്കുമായിരുന്നു, അയക്കുമായിരുന്നു فِي كُلِّ قَرْيَةٍ എല്ലാ നാട്ടിലും, രാജ്യത്തും نَّذِيرًا ഓരോ താക്കീതുകാരനെ
25:52
- فَلَا تُطِعِ ٱلْكَـٰفِرِينَ وَجَـٰهِدْهُم بِهِۦ جِهَادًا كَبِيرًا ﴾٥٢﴿
- ആകയാല്‍, നീ അവിശ്വാസികളെ അനുസരിക്കരുത്, ഇത് (ഖുര്‍ആന്‍) കൊണ്ട് അവരോട് വലുതായ സമരം നടത്തുകയും ചെയ്തുകൊള്ളുക.
- فَلَا تُطِعِ ആകയാല്‍ നീ അനുസരിക്കരുത് , വഴിപ്പെടരുത് الْكَافِرِينَ അവിശ്വാസികളെ وَجَاهِدْهُم അവരോട് സമരം നടത്തികൊള്ളുക بِهِ ഇതുകൊണ്ട് جِهَادًا സമരം كَبِيرًا വലുതായ
സാരം: നബിയേ, അവിശ്വാസികള്‍ക്ക് നമ്മുടെ ശിക്ഷയെ താക്കീതുചെയ്യുന്ന പ്രവാചകന്‍മാരെ ഓരോ നാട്ടിലേക്കും പ്രത്യേകം പ്രത്യേകം അയക്കുവാന്‍ നാം ഉദ്ദേശിച്ചിട്ടില്ല. ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതൊട്ടും നമുക്കു പ്രയാസകരവുമല്ലായിരുന്നു. പക്ഷേ, എല്ലാ നാട്ടിലും, എല്ലാ ജനവിഭാഗത്തിനും താക്കീതു നല്‍കുവാനായിക്കൊണ്ട് തന്നെത്തന്നെ നിയോഗിക്കുവാനാണ് നാം ഉദ്ദേശിച്ചത്. ആ നിലക്ക് കുറേ വിഷമങ്ങള്‍ താന്‍ സഹിക്കേണ്ടതുണ്ടെങ്കിലും, അതിന് വമ്പിച്ച പ്രതിഫലവും തനിക്ക് നാം തയ്യാറാക്കിവെച്ചിട്ടുണ്ട്. അതുകൊണ്ട് ഈ അവിശ്വാസികളുടെ അഭീഷ്ടങ്ങള്‍ക്കൊന്നും വഴിപ്പെട്ടുകൊടുക്കാതെ, വിശുദ്ധ ഖുര്‍ആനുമായി അവരോട് സധീരം സമരം നടത്തിക്കൊള്ളുക.
മഴവെള്ളമാകുന്ന ഭൗതികാനുഗ്രഹത്തെ ഓര്‍മ്മിപ്പിച്ചതിനെത്തുടര്‍ന്ന് പ്രവാചകത്വമാകുന്ന ആത്മീയാനുഗ്രഹത്തെക്കുറിച്ചു പ്രസ്താവിക്കുന്നതില്‍ ഒരു സൂചന കാണാം: മഴവെള്ളം ഓരോ നാട്ടിലും വര്‍ഷിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, പ്രവാചകത്വത്തെയും എല്ലാ ഇടത്തിലും സദാ വര്‍ഷിപ്പിച്ചുകൊണ്ടിരിക്കുന്നതു ഈ ലോകപ്രകൃതി വ്യവസ്ഥകള്‍ക്ക് യോജിച്ചതല്ല എന്നത്രെ ആ സൂചന. അടുത്ത വചനത്തില്‍ നാലാമത്തെ ദൃഷ്ടാന്തത്തെക്കുറിച്ച് പ്രസ്താവിക്കുന്നു:-

Leave a comment